ഡോ. രാജേന്ദ്ര ഐ എ എസ് അമ്മയോടൊപ്പം

കലക്റ്റർ ആരെന്നുപോലുമറിയാത്ത ആദിവാസി ​ഗ്രാമത്തിലെ കുടിലിൽ വളർന്ന ഡോക്റ്റർ-ഐ എ എസുകാരൻ

കലക്റ്റര്‍ ആയി വീട്ടിലെത്തിയപ്പോള്‍ രാജേന്ദ്രയുടെ അമ്മയ്ക്ക് കാര്യം മനസ്സിലായില്ല. അയല്‍ക്കാര്‍ വിചാരിച്ചു, ബസ് കണ്ടക്റ്റര്‍ ആയാണ് വരവെന്ന്.

“ജീവിതത്തിലെ മോശം സാഹചര്യങ്ങളെ കുറിച്ചോര്‍ത്ത് വിഷമിച്ചിരിക്കരുത്. പ്രശ്‌നങ്ങളെ കുറിച്ച് മാത്രം എപ്പോഴും ചിന്തിക്കാതിരിക്കുക. അവയില്‍ നിന്ന് പുറത്തുകടക്കാനുള്ള വഴികളെക്കുറിച്ച് ആലോചിക്കുക. പ്രതിസന്ധികളെ എങ്ങനെ മറികടക്കാമെന്ന് ചിന്തിക്കുക. അത് നിങ്ങളെ ശക്തരാക്കും. അത് മാത്രമാണ് മുന്നോട്ട് പോകാനുള്ള ഏകമാര്‍ഗം, വിജയിക്കാനും,” മഹാരാഷ്ട്രയിലെ നന്ദൂര്‍ബാര്‍ ജില്ലയിലെ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് ഡോ. രാജേന്ദ്ര ബരുദ് പറയുന്നു.

വെറുതെ മോട്ടിവേഷണല്‍ ട്രെയ്‌നര്‍മാര്‍ പറയുന്നതുപോലുള്ള പറച്ചിലല്ല കേട്ടോ ഇത്. സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്നും വിജയം വെട്ടിപ്പിടിച്ച് വളര്‍ന്നയാളാണ് അദ്ദേഹം.  ഇത് പറയാനുള്ള അനുഭവവും അവകാശവും അദ്ദേഹത്തിനുണ്ട്.

കഷ്ടതകളുടെ ബാല്യം

മഹാരാഷ്ട്രയിലെ സക്രി താലൂക്കിലെ സമോഡെ ഗ്രാമത്തില്‍ 1988 ജനുവരി ഏഴിന് ബന്‍ഡു ബാരുദിന്‍റെയും കമലാഭായിയുടെയും മൂന്ന് മക്കളില്‍ രണ്ടാമനായാണ് രാജേന്ദ്ര ജനിച്ചത്. അച്ഛന്‍ തീരെ ചെറുപ്പത്തിലേ മരിച്ചുപോയി. അച്ഛന്‍റെ രൂപം പോലും രാജേന്ദ്രയുടെ ഓര്‍മ്മയിലില്ല.

ഡോ. രാജേന്ദ്ര ഐ എ എസ് അമ്മയോടൊപ്പം

“ഞങ്ങളുടെ കുടുംബം വളരെ പരിതാപകരമായ അവസ്ഥയിലായിരുന്നു. ശരിക്കും പാവപ്പെട്ടവര്‍. അച്ഛന്‍ മരിക്കുന്നതിന് മുമ്പ് ഒരു ഫോട്ടോ പോലും എടുത്തുവയ്ക്കാനുള്ള മാര്‍ഗ്ഗമുണ്ടായിരുന്നില്ല. ജനനം മുതല്‍ അനുഭവിക്കുന്നതായിരുന്നു ദാരിദ്ര്യം. ആ ഗ്രാമത്തിലെ ഓരാള്‍ക്കും അറിയില്ലായിരുന്നു അവര്‍ എത്രത്തോളം പാവപ്പെട്ടവരും നിരക്ഷരരും ആണെന്നത്. അവര്‍ ചെറിയ കാര്യങ്ങളില്‍ സന്തുഷ്ടരായിരുന്നു. പ്രകൃതിയില്‍ നിന്നും വിഭവങ്ങളെടുത്തുള്ള ജീവിതം,” കുട്ടിക്കാലത്തെ കുറിച്ച് രാജേന്ദ്ര ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

മായ് എന്ന് അദ്ദേഹം സ്‌നേഹത്തോടെ വിളിച്ചിരുന്ന അമ്മ കമലാഭായിയും മുത്തശ്ശിയും ചേര്‍ന്നാണ് വീട് നോക്കി നടത്തിയിതും മൂന്ന് കുട്ടികളെ വളര്‍ത്തിയെടുത്തതും. പ്രാദേശികമായി നിര്‍മ്മിക്കുന്ന വൈന്‍ വിറ്റായിരുന്നു അവര്‍ ജീവിച്ചുപോന്നത്. രണ്ട് സ്ത്രീകളും മൂന്ന് മക്കളും താമസിച്ചിരുന്നതാകട്ടെ, കരിമ്പിന്‍റെ ഇലകള്‍ കൊണ്ടുണ്ടാക്കിയ ഒരു കൊച്ചുകുടിലിലും. ഒരു ഐഎഎസ് ഓഫീസറുടെ വീടായി അത് സങ്കല്‍പ്പിക്കുക ഇന്ന് പലര്‍ക്കും അസാധ്യമായിരിക്കും.

“മഹുവാ പൂക്കള്‍ കൊണ്ടുണ്ടാക്കുന്ന ഒരു തരം വൈനായിരുന്നു അവര്‍ വിറ്റിരുന്നത്. മഹാരാഷ്ട്രയുടെ ഗോത്രമേഖലകളില്‍ സാധാരണയായി കണ്ടുവരുന്നതാണത്. പൂക്കളില്‍ നിന്ന് സത്ത് വേര്‍തിരിച്ചെടുക്കുന്നതും അത് വാറ്റുന്നതും ശുദ്ധീകരിക്കുന്നതുമെല്ലാം അവരുടെ കുടിലില്‍ വച്ച് തന്നെയായിരുന്നു. ആ നാട്ടിലെ സാധാരണ കാര്യമായിരുന്നതിനാല്‍ നിയമവിരുദ്ധമായി ഒന്നും അതിലുണ്ടായിരുന്നില്ല. കരിമ്പുകൊണ്ട് നിര്‍മ്മിച്ച  ഞങ്ങളുടെ കുടിലില്‍ വന്ന് ആളുകള്‍ വൈനും കൊറിക്കാനുള്ള എന്തെങ്കിലും  കഴിക്കുന്നത് പതിവായിരുന്നു. വൈന്‍ കുടിക്കാനെത്തുന്നവരുടെ  സന്തോഷമായിരുന്നു അമ്മയെ സംബന്ധിച്ചിടത്തോളം പ്രാധാന്യമേറിയ കാര്യം. അതായിരുന്നു ആകെയുള്ള വരുമാനമാര്‍ഗം,” രാജേന്ദ്ര ഓര്‍ത്തെടുക്കുന്നു.


ഞാനൊന്നു കരഞ്ഞുതുടങ്ങുമ്പോള്‍ ആ വൈന്‍ ഒരു ടീസ്പൂണ്‍ എനിക്കും തരും. എന്നിട്ട് എന്നെ ഉറക്കും.


ഒരു ദിവസം ആ കുടുംബത്തിന് കിട്ടുന്ന ശരാശരി വരുമാനം 100 രൂപയായിരുന്നു. ദൈനംദിന ചെലവുകള്‍ക്കും വൈന്‍ നിര്‍മ്മാണത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമെല്ലാം ആ തുകയില്‍ നിന്ന് വേണം വകയിരുത്താന്‍. ഗ്രാമത്തിലെ ജില്ലാ പഞ്ചായത്ത് സ്‌കൂളിലാണ് രാജേന്ദ്രയും സഹോദരിയും പഠിച്ചിരുന്നത്. മറ്റൊരു സഹോദരന്‍ അടുത്തുള്ള ട്രൈബല്‍ സ്‌കൂളിലും.

രാജേന്ദ്ര അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ആ വഴിത്തിരിവ്. രാജേന്ദ്ര ഒരു സാധാരണ കുട്ടിയല്ലെന്ന് ടീച്ചര്‍മാര്‍ മനസിലാക്കി. മറ്റു കുട്ടികളില്‍ കാണാത്ത തരത്തിലുള്ള അസാധാരണമായ ബുദ്ധിശക്തി അവനിലുണ്ടെന്നായിരുന്നു അധ്യാപകരുടെ പക്ഷം. അവരത് അമ്മ കമലയെ അറിയിച്ചു. ഈ സ്‌കൂളില്‍ പഠിച്ചാല്‍ രാജേന്ദ്രയുടെ കഴിവുകള്‍ പുറത്തെടുക്കാന്‍ സാധിക്കില്ലെന്നും കൂടുതല്‍ മികച്ചൊരു വിദ്യാലയത്തിലേക്ക് അവനെ മാറ്റണമെന്നുമായിരുന്നു ടീച്ചര്‍മാരുടെ ആവശ്യം.

“അമ്മ വൈന്‍ കച്ചവടം തുടര്‍ന്നു. എന്നാല്‍ എന്നെ ജവഹര്‍ നവോദയ വിദ്യാലയത്തിലേക്ക് മാറ്റി. സിബിഎസ്ഇ സ്‌കൂളായിരുന്നു അത്. ഞങ്ങളുടെ ഗ്രാമത്തില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയും. ഗ്രാമങ്ങളില്‍ നിന്നുള്ള മികച്ച കുട്ടികള്‍ക്ക് ആ സ്‌കൂളില്‍ താമസവും പഠനവും സൗജന്യമായിരുന്നു. വീട് വിട്ടിറങ്ങുമ്പോള്‍ ഞാന്‍ കരഞ്ഞു, അമ്മയും. എന്നാല്‍ അമ്മയ്ക്കറിയാമായിരുന്നു എന്‍റെ ഭാവിക്ക് നല്ലത് ഞാന്‍ വീടുവിട്ട് പോകുന്നതാണെന്ന്. ഞാനത് അനുസരിച്ചു. പക്ഷേ, വെക്കേഷന് വീട്ടില്‍ വരുമ്പോള്‍ ഞാന്‍ അമ്മയെ വൈന്‍ കച്ചവടത്തില്‍ സഹായിക്കും.”

ഡോ. രാജേന്ദ്ര ഐ എ എസ് അമ്മയോടൊപ്പം

“വൈന്‍ നിര്‍മ്മിക്കാന്‍ അമ്മ ഒരിക്കലും എന്നെ അനുവദിക്കില്ല. അതിനാല്‍ ഞാന്‍ വൈന്‍ ആള്‍ക്കാര്‍ക്ക് എടുത്തു നല്‍കും,” രാജേന്ദ്ര പറയുന്നു.

പുതിയ തുടക്കം

നവോദയ സ്‌കൂളിലെ പഠനം രാജേന്ദ്രയുടെ ജീവിതം തന്നെ മാറ്റിമറിച്ചു. കണക്കിനോടും സയന്‍സിനോടും അവിടെവച്ച് കൂടുതല്‍ അടുപ്പം തോന്നി. അടുപ്പം മാത്രമല്ല, കണക്കും ശാസ്ത്രവും അഭിനിവേശമായി മാറി എന്നുപറയുന്നതാകും ശരി. ക്ലാസില്‍ എപ്പോഴും മികച്ച കുട്ടികളുടെ കൂട്ടത്തില്‍ അവനുണ്ടാകും. പത്താം ക്ലാസ് പരീക്ഷയില്‍ കണക്കിലും സയന്‍സിലും ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടി. പന്ത്രണ്ടാം ക്ലാസെത്തിയപ്പോഴേക്കും ക്ലാസ് ടോപ്പറുമായി. പഠനത്തിലെ ഉന്നത നിലവാരം രാജേന്ദ്രയ്ക്ക് മുംബൈയിലെ സേത്ത് ജി എസ് മെഡിക്കല്‍ കോളെജില്‍ മെറിറ്റ് സ്‌കോളര്‍ഷിപ്പോടെ അഡ്മിഷന്‍ നേടിക്കൊടുത്തു.

“കുട്ടിക്കാലം മുതല്‍ക്കേ എനിക്ക് ഡോക്റ്ററാകണമെന്ന് വലിയ ആഗ്രഹമായിരുന്നു. അതിലൂടെ മറ്റുള്ളവരെ സഹായിക്കണമെന്നതായിരുന്നു ആഗ്രഹം. എന്നാല്‍ വളര്‍ന്നുകഴിഞ്ഞപ്പോള്‍ ഞാന്‍ മറ്റൊരു കാര്യം തിരിച്ചറിഞ്ഞു. ജനങ്ങളെ സഹായിക്കണമെങ്കില്‍ ആദ്യം അവര്‍ക്ക് വിദ്യാഭ്യാസം നല്‍കണം. നല്ല ജീവിത സാഹചര്യങ്ങള്‍ നല്‍കണം. അതിനായി ഞാനൊരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനാകണം,” കരിയറിലെ മാറ്റത്തെക്കുറിച്ച് ഡോ. രാജേന്ദ്ര വിശദീകരിക്കുന്നു.

അങ്ങനെയാണ് എംബിബിഎസ് വിദ്യാര്‍ത്ഥി യു പി എസ് ‌സി പരീക്ഷയ്ക്കായി തയാറെടുത്ത് തുടങ്ങിയത്. അത് അത്ര എളുപ്പമായിരുന്നില്ല. ദിനംപ്രതി കാര്യങ്ങള്‍ ചെയ്യാന്‍ ഒരു പുതിയ ജീവിതക്രമം തന്നെ തയാറാക്കി രാജേന്ദ്ര. പ്രോഗ്രാം ചെയ്‌തൊരു കമ്പ്യൂട്ടറിനെ പോലെയായിരുന്നു തന്‍റെ പ്രവര്‍ത്തനമെന്നാണ് രാജേന്ദ്ര പറയുന്നു. ദിവസവും രാവിലെ അഞ്ച് മണിക്ക് എണീക്കും. കുറച്ച് വ്യായാമവും ധ്യാനവും ചെയ്യും. അതിന് ശേഷം പഠനം, പിന്നെ ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്യും. റൂമിലേക്ക് തിരിച്ചുവരും വീണ്ടും പഠിക്കും…ഇതായിരുന്നു രീതിയെന്ന് ഇന്നത്തെ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് ഓര്‍ത്തെടുക്കുന്നു.

“ഒരു സാധാരണ കോളെജ് വിദ്യാര്‍ത്ഥി ചെയ്യുന്ന കാര്യങ്ങളൊന്നുമല്ലായിരുന്നു എന്‍റേത്. ഔട്ടിങ്ങിന് പോകില്ല. പെണ്‍കുട്ടികളോടൊത്ത് കറക്കമില്ല. പാര്‍ട്ടികള്‍ക്ക് പോകലുമില്ല. പുറത്തുപോകാന്‍ സുഹൃത്തുക്കള്‍ സ്ഥിരമായി വിളിക്കുമെങ്കിലും ഞാന്‍ പോകില്ലായിരുന്നു. എന്‍റെ ഭാവിയും മറ്റുള്ളവരുടെ ഭാവിയും മാറ്റുന്ന വലിയൊരു ലക്ഷ്യം എത്തിപ്പിടിക്കുന്നതിലേക്ക് മാത്രമായിരുന്നു എന്‍റെ ശ്രദ്ധ. അതിനാല്‍ തന്നെ അത്തരത്തിലുള്ള ഒരു ‘അടിച്ചുപൊളി’ കോളെജ് ലൈഫിന്‍റെ ഭാഗമാകാതിരുന്നതില്‍ ഇപ്പോഴും എനിക്ക് കുറ്റബോധമൊന്നുമില്ല,” ഡോ. രാജേന്ദ്ര പറയുന്നു.

അവസാന വര്‍ഷ എംബിബിഎസ് പരീക്ഷ എഴുതിയതിനോടൊപ്പം തന്നെയാണ് രാജേന്ദ്ര യുപിഎസ്‌സി പരീക്ഷയും എഴുതിയത്. എന്നാല്‍ ആദ്യ ശ്രമത്തില്‍ തന്നെ സിവില്‍ സര്‍വീസ് നേടിയെടുത്തു അദ്ദേഹം. തിരിച്ച് രാജേന്ദ്ര ഗ്രാമത്തിലെത്തി, എന്നാല്‍ അപ്പോഴും അയാളുടെ അമ്മയ്ക്കറിയില്ലായിരുന്നു സിവില്‍ സര്‍വീസ് ഓഫീസറായാണ് തന്‍റെ മകന്‍ മടങ്ങി വന്നിരിക്കുന്നതെന്ന്.

കലക്റ്ററോ, അതാരാ?

“അമ്മയ്ക്കറിയില്ലായിരുന്നു അത്. ഞാന്‍ ഡോക്റ്ററായി എന്നാണ് അമ്മ ധരിച്ചുവച്ചിരുന്നത്. എന്നാല്‍ ഞാന്‍ കലക്റ്ററാകാന്‍ പോകുകയാണെന്ന് പറഞ്ഞപ്പോള്‍ അമ്മ ആകെ അമ്പരന്നു. എന്‍റെ ഗ്രാമത്തില്‍ ആര്‍ക്കും അറിയില്ലായിരുന്നു എന്താണ് കലക്റ്ററുദ്യോഗം എന്ന്, ആരാണ് കലക്റ്ററെന്ന്. സിവില്‍ സര്‍വീസ് പാസായെന്ന് പറഞ്ഞപ്പോള്‍ കണ്ടക്റ്ററായതിന് അഭിനന്ദനമര്‍പ്പിക്കാനാണ് അയല്‍വീട്ടുകാര്‍ എത്തിയത്. അത്രയ്ക്കും അജ്ഞരായിരുന്നു അവര്‍,” ഒരു ചിരിയോടെ രാജേന്ദ്ര പറയുന്നു.

രാജന്ദ്രയ്ക്ക് സിവില്‍ സര്‍വീസ് കിട്ടിയെങ്കിലും ആദ്യ പോസ്റ്റിങ് ഐ ആര്‍ എസ് (ഇന്ത്യന്‍ റെവന്യൂ സര്‍വീസ്) ഓഫീസറായിട്ടായിരുന്നു, 2012-ല്‍. ഐഎഎസ് വേണമെന്ന് തന്നെ ആഗ്രഹിച്ചു അദ്ദേഹം. അങ്ങനെ രണ്ടാംവട്ടവും യുപിഎസ്‌സി പരീക്ഷയെഴുതി. അതില്‍ ഉയര്‍ന്ന റാങ്ക് നേടുകയും ചെയ്തു. ഐ എ എസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് വര്‍ഷം മുസോറിയിലേക്ക് പരിശീലനത്തിനായി. അതിന് ശേഷം 2015-ല്‍ നന്ദേദ് ജില്ലയില്‍ അസിസ്റ്റന്‍റ് കലക്റ്ററായും പ്രൊജക്റ്റ് ഓഫീസറായും നിയമനം.

ഡോ. രാജേന്ദ്ര ഐ എ എസ്

2017-ല്‍ സൊലാപൂരിന്‍റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറായി നിയമനമെത്തി. ഒരു വര്‍ഷം കഴിഞ്ഞ്, 2018 ജൂലൈ മാസത്തില്‍ നന്ദൂര്‍ബാറിന്‍റെ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റായി സ്ഥാനക്കയറ്റം.

ഒരു മറാത്തി പുസ്തകവും എഴുതിയിട്ടുണ്ട് രാജേന്ദ്ര. ‘മി എക് സ്വപ്‌ന് പഹില്‍’ എന്നാണ് പേര്. 2014-ല്‍ പുറത്തിറങ്ങിയ ഈ പുസ്തകത്തില്‍ തന്‍റെ അമ്മയെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. മൂന്ന് കുട്ടികളെ വളര്‍ത്തിയെടുക്കുന്നതിന് അവര്‍ സഹിച്ച യാതനയും ചെയ്ത ത്യാഗങ്ങളും എല്ലാം അക്കമിട്ട് നിരത്തുന്നു രാജേന്ദ്ര. അമ്മ ഇപ്പോഴും കൂടെയുണ്ട്. ഭാര്യയും കുട്ടികളും അമ്മയും ചേര്‍ന്ന സന്തുഷ്ട കുടുംബമാണ് രാജേന്ദ്രയുടേത്. താമസം സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സിലും.

ഗ്രാമീണ ശാക്തീകരണം

വന്ന വഴി മറന്നില്ല ഡോ. രാജേന്ദ്ര. ഗോത്ര മേഖലകളിലും ഗ്രാമങ്ങളിലുമുള്ളവരുടെയും ശാക്തീകരണത്തിനായി നിരവധി പദ്ധതികള്‍ നടപ്പാക്കി അദ്ദേഹം. 40,000 കുടുംബങ്ങള്‍ക്ക് റേഷന്‍ പദ്ധതി നടപ്പാക്കിയ രാജേന്ദ്ര ഏകദേശം 65,000 ഗ്രാമീണരെയാണ് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ ശാക്തീകരിച്ചത്.

സ്വച്ഛ് ഭാരത് അഭിയാന്‍ മുന്നേറ്റത്തിന്‍റെ ഭാഗമായുള്ള പദ്ധതികളും ജനങ്ങളെ ഉള്‍പ്പെടുത്തി അദ്ദേഹം നടപ്പാക്കുന്നുണ്ട്. തുറന്ന കാനകള്‍ ഇല്ലാതാക്കുന്ന സംവിധാനം സൊലാപൂരിലെ ജില്ലാ പരിഷത് ഓഫീസറായിരിക്കെ രാജേന്ദ്ര നടപ്പാക്കിയിരുന്നു, അത് ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. മണ്ണിലേക്കിറങ്ങും മുമ്പ് തന്നെ മലിന ജനം ശേഖരിച്ച്, സംസ്‌കരിക്കുന്ന രീതിയായിരുന്നു നടപ്പാക്കിയത്. തുറന്ന അഴുക്കുചാലുകളെന്ന പ്രശ്‌നത്തിന് പരിഹാരമുണ്ടായതിനോടൊപ്പം തന്നെ ജലലഭ്യത കൂട്ടാനും ഈ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന് സാധിച്ചു. ഇത് മുന്‍നിര്‍ത്തി മുന്‍കേന്ദ്ര മന്ത്രി ഉമ ഭാരതി രാജേന്ദ്രയ്ക്ക് അവാര്‍ഡ് നല്‍കുകയുമുണ്ടായി.

ഒരു വര്‍ഷത്തിന് ശേഷം, സൊലാപൂര്‍ മോഡലിനെ കുറിച്ചറിയാനും അവതരിപ്പിക്കാനും വേണ്ടി  ഐഐടി-മദ്രാസ് രാജേന്ദ്രയെ കാമ്പസിലേക്ക് ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ ഏറ്റവും വലിയ നേട്ടമായി രാജേന്ദ്ര കരുതുന്നത് ഇതൊന്നുമല്ല.

താന്‍ പഠിച്ച ജവഹര്‍ നവോദയ സ്‌കൂളിന്‍റെ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടതാണ് അദ്ദേഹത്തെ സംബന്ധിച്ച് ഏറ്റവും വലിയ നേട്ടം. തെല്ലൊരു അഭിമാനത്തോടെ തന്നെയാണ് ഡോ. രാജേന്ദ്ര അത് പറയുന്നത്.

ഡോ. രാജേന്ദ്രയെ ആ സ്‌കൂളില്‍ പണ്ട് ചേര്‍ക്കുന്നതില്‍ വലിയ പങ്കുവഹിച്ച അധ്യാപകനാണ് സുരേന്ദ്ര ദേവ്‌റെ. 1988 മുതല്‍ സ്‌കൂളിലെ ശാസ്ത്ര അധ്യാപകനായ സുരേന്ദ്ര പറയുന്നത് കേള്‍ക്കുക. “ഞാന്‍ പഠിപ്പിച്ച വിദ്യാര്‍ത്ഥി തന്നെ ഈ സ്‌കൂളിന്‍റെ, എന്‍റെ ചെയര്‍മാനായി എത്തിയതില്‍ വലിയ അഭിമാനമുണ്ട്, സന്തോഷവും. വളരെ ബുദ്ധിമാനായ, എല്ലാവരോടും സഹാനുഭൂതിയുള്ള കുട്ടിയായിരുന്നു രാജേന്ദ്ര. എല്ലാവരുമായും എല്ലാ കാര്യങ്ങള്‍ക്കും സഹകരിക്കും. സ്‌കൂളില്‍ നടക്കുന്ന എല്ലാ പരിപാടികളിലും പങ്കെടുക്കുകയും ചെയ്യും. സ്‌കൂളിനുള്ളിലും സ്‌കൂളിന് പുറത്തുമെല്ലാം സുഹൃത്തുക്കളുമായി ചേര്‍ന്ന് പഠിക്കുകയും സന്തോഷിക്കുകയും ചെയ്യുന്ന രാജേന്ദ്രയെ പലപ്പോഴും ഞാന്‍ കണ്ടിട്ടുണ്ട്. ഒരു സമയവും പാഴാക്കി കളയാന്‍ അവന്‍ തയാറായിരുന്നില്ല.”

കോവിഡിനെതിരെയുളള പോരാട്ടത്തിലാണ് ഇപ്പോള്‍ ഡോ. രാജേന്ദ്ര. ബ്ലോക് തല ചികില്‍സാ സംവിധാനങ്ങള്‍ സജ്ജീകരിക്കുന്നതിലും കോവിഡിനെ കുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കുന്നതിലുമാണ് ഡോക്റ്റര്‍ കൂടിയായ ഈ ഐഎഎസ് ഓഫീസറുടെ ശ്രദ്ധ മുഴുവനും. സാമൂഹ്യ അകലം പാലിക്കുന്നതിനെ കുറിച്ചും മാസ്‌ക്കുകള്‍ ധരിക്കുന്നതിനെ കുറിച്ചുമെല്ലാം എപ്പോഴും ജനങ്ങളെ പറഞ്ഞ് മനസിലാക്കുന്നു അദ്ദേഹം.

“മെഡിക്കല്‍ പശ്ചാത്തലമുള്ളതിനാല്‍ തന്നെ എനിക്ക് ഈ സാഹചര്യങ്ങള്‍ കൂടുതല്‍ മനസിലാക്കാന്‍ സാധിക്കും. രോഗമുള്ളവരെ നേരത്തെ കണ്ടെത്തുകയും ഐസൊലേറ്റ് ചെയ്യുകയും ചികില്‍സിക്കുകയുമാണ് കോവിഡ്-19 പ്രതിരോധിക്കാനും വൈറസ് വ്യാപനം തടയാനുമുള്ള നിലവിലെ ഏക മാര്‍ഗം. ഡോക്റ്റര്‍മാരുടെയും നഴ്‌സുമാരുടെയും കുറവ് പ്രാഥമിക ഘട്ടത്തില്‍ തന്നെ നികത്താന്‍ സാധിച്ചിട്ടുണ്ട്. അതിനാലാണ് മരണനിരക്ക് മറ്റിടങ്ങളെ അപേക്ഷിച്ച് താരതമ്യേന കുറഞ്ഞിരിക്കുന്നത്.”

ദൃഢനിശ്ചയവും ഇച്ഛാശക്തിയും ഒറ്റ ലക്ഷ്യത്തില്‍ ശ്രദ്ധവെച്ചുള്ള ചിട്ടയായ പ്രവര്‍ത്തനങ്ങളും എത്ര വലിയ കാര്യവും എത്തിപ്പിടിക്കാന്‍ ഏതൊരാളെയും പ്രാപ്തമാക്കുമെന്നതിനുള്ള തിളങ്ങുന്ന ഉദാഹരണമാണ് ഡോ. രാജേന്ദ്രയുടെ ജീവിതയാത്ര.

“അതൊരിക്കലും എളുപ്പമായിരുന്നില്ല. എന്നാല്‍ എന്‍റെ ലക്ഷ്യത്തിനായി കഠിന പ്രയത്‌നം ചെയ്യാനും പലതും ത്യജിക്കാനും ഞാനൊരുക്കമായിരുന്നു. അതാണ് അവസാനം വിജയത്തിലെത്തിച്ചത്,” വലിയ സ്വപ്‌നങ്ങള്‍ കാണുന്നവര്‍ക്കുള്ള രാജേന്ദ്രയുടെ സന്ദേശമാണ് ഈ വാക്കുകള്‍.


ഇതുകൂടി വായിക്കാം: ‘പച്ചരി നനച്ചുതിന്ന് ഞാനും മോളും കഴിഞ്ഞിട്ടുണ്ട്’: കൂലിപ്പണിയെടുത്ത് പാവങ്ങളെ ഊട്ടുന്ന വിജി


അഭിപ്രായം അറിയിക്കൂ:malayalam@thebetterindia.com, നമുക്ക് സംസാരിക്കാം Facebook ,Twitter 
സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം