വിശന്ന വയറോടെ ആരും ഉറങ്ങരുത്! അത്താഴപ്പട്ടിണിയില്ലാത്ത മട്ടാഞ്ചേരിക്കായി രജനീഷും കൂട്ടരും തുറന്ന ഭക്ഷണശാല

മട്ടാഞ്ചേരി പൊലീസ് സ്റ്റേഷന് സമീപം യൂണിയന്‍ ബാങ്കിന് എതിര്‍വശത്താണ് സക്കാത്ത് ഭക്ഷണശാല.

നാഥരും ഉപേക്ഷിക്കപ്പെട്ടവരുമൊക്കെയായി തെരുവുകളില്‍ അന്തിയുറങ്ങുന്നവര്‍ ഒരുപാടുണ്ട്. ഒരു നേരത്തെ അന്നത്തിന് പോലും വകയില്ലാത്തവര്‍.

പക്ഷേ, വഴിയോരങ്ങളില്‍ അലഞ്ഞുനടക്കുന്നവര്‍ മാത്രമല്ല വിശന്ന വയറുമായി ഉറങ്ങാന്‍ പോകുന്നത്. അല്ലല്ലുകള്‍ ആരെയും അറിയിക്കാതെ ജീവിക്കുന്നവര്‍ക്കിടയിലുമുണ്ട് അത്താഴ പട്ടിണിക്കാര്‍.

വഴിയോരങ്ങളിലെ ആരോരുമില്ലാത്ത ജീവിതങ്ങള്‍ക്ക് അന്നം നല്‍കുന്ന ഒരു പാട് നല്ല മനസുകളുണ്ട്. പക്ഷേ വീടകങ്ങളിലെ വിശപ്പും പട്ടിണിയും നമ്മളില്‍ പലരും അറിയാതെ പോകുന്നുണ്ട്.

അല്ലെങ്കില്‍ ആ സങ്കടങ്ങള്‍ ആരെയും അറിയിക്കാതെ ജീവിക്കുന്നവരാണ് ഏറെയും. അവര്‍ക്ക് വേണ്ടിയാണ് മട്ടാഞ്ചേരിക്കാരുടെ ഈ സക്കാത്ത്. ആരും വിശക്കുന്ന വയറോടെ കിടന്നുറങ്ങാന്‍ സാഹചര്യമുണ്ടാകരുതെന്ന ആഗ്രഹത്തോടെ മട്ടാഞ്ചേരിക്കാന്‍ രജനീഷും കൂട്ടരും ചേര്‍ന്ന് ആരംഭിച്ചതാണ് സക്കാത്ത് ഭക്ഷണശാല.

മട്ടാഞ്ചേരി പൊലീസ് സ്റ്റേഷന് സമീപം യൂണിയന്‍ ബാങ്കിന് എതിര്‍വശത്താണ് സക്കാത്ത്. ഇവിടെ നിന്ന് ആര്‍ക്ക് വേണമെങ്കിലും അത്താഴം കഴിക്കാം. ആരും ആ അത്താഴത്തിന് കാശ് കൊടുക്കേണ്ട.

സക്കാത്ത് ഭക്ഷശാലയിലെത്തിയ കെ ജെ മാക്സി എംഎല്‍എ

“കൊറോണക്കാലവും ലോക്ക് ഡൗണ്‍ ദിവസങ്ങളുമാണ് സക്കാത്ത് എന്ന ഭക്ഷണശാലയിലേക്ക് എത്തിച്ചത്,” സക്കാത്തിന്‍റെ അമരക്കാരന്‍ രജനീഷ് ബാബു ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

“ലോക്ക് ഡൗൺ ദിവസങ്ങളില്‍ ഭക്ഷണം കിട്ടാതെ വന്നവര്‍ക്ക് വേണ്ടി ഞങ്ങളൊരു കമ്മ്യൂണിറ്റി കിച്ചന്‍ നടത്തിയിരുന്നു. കൊച്ചി ലൈവ് എന്ന വാട്ട്സ്ആപ്പ് കൂട്ടായ്മയായിരുന്നു അതിന് പിന്നില്‍.

“ഒരുപാട് ആളുകളാണ് നേരിട്ടും അല്ലാതെയും ഈ കിച്ചനൊപ്പം സഹകരിച്ചത്. ആദ്യ ദിവസങ്ങളില്‍ 50 പേര്‍ക്ക് ഭക്ഷണം വിളമ്പി. എന്നാല്‍ ദിവസങ്ങള്‍ പിന്നിടുമ്പോള്‍, ഉച്ചഭക്ഷണവും അത്താഴവുമൊക്കെയായി 1,300-ലേറെ ആള്‍ക്കാര്‍ക്കാണ് ഭക്ഷണം വിളമ്പിയത്.

“75 ദിവസങ്ങളോളം ഇങ്ങനെ ഭക്ഷണം നല്‍കി. കിടപ്പുരോഗികള്‍ക്കും മറ്റും ഭക്ഷണ പൊതികള്‍ വീട്ടിലെത്തിച്ചും നല്‍കി. ഒരുപാട് സുഹൃത്തുക്കളുടെ പിന്തുണയോടെയാണ് കമ്മ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തിച്ചത്.

“ജൂൺ മാസത്തിൽ ലോക്ക് ഡൗണിൽ നിയന്ത്രണങ്ങൾ വന്നതോടെ ആ കമ്മ്യൂണിറ്റി കിച്ചൻ സൗകര്യം അവസാനിപ്പിച്ചു. അതിനു ശേഷവും ആൾക്കാർക്ക് ഭക്ഷണം കിട്ടാത്ത അവസ്ഥയുണ്ടെന്ന തിരിച്ചറിവിലാണ് സ്ഥിരം സംവിധാനം വേണമെന്നു തോന്നുന്നത്. ആ ചിന്തയിലാണ് സക്കാത്ത് ആരംഭിക്കുന്നതും.

“ആരും പട്ടിണി കിടന്ന് ഉറങ്ങാൻ ഇട വരരുതെന്നാണ് സക്കാത്തിന്‍റെ ലക്ഷ്യം. വൈകിട്ട് ഏഴ് മണി മുതല്‍ രാത്രി ഒമ്പത് മണി വരെ സക്കാത്തില്‍ വരുന്നവര്‍ക്ക് സൗജന്യമായി ഭക്ഷണം കഴിക്കാം.

“ആര്‍ക്കു വേണമെങ്കിലും ഇവിടെ വരാം. ഇഷ്ടമുള്ള അത്രയും ഭക്ഷണം കഴിച്ച് മടങ്ങാം. ആരാണ് വരുന്നതെന്നോ എന്തൊക്കെയാണ് കഴിച്ചതെന്നോ മറ്റുള്ളവര്‍ അറിയുകയുമില്ല.

“ബോണി ചേട്ടനാണ് (എഴുത്തുകാരനും ചിത്രകാരനുമായ ബോണി തോമസ്) സക്കാത്ത് എന്നൊരു ആശയത്തെക്കുറിച്ച് ഞങ്ങളോട് പറയുന്നത്,” എന്ന് മധ്യമപ്രവര്‍ത്തകനായ രജനീഷ് ബാബു.

രജനീഷ് ബാബു

1992- മുതല്‍ ഒരു പതിറ്റാണ്ടിലേറെ കാലം ഡല്‍ഹിയില്‍ ഇക്കണോമിക് ടൈംസില്‍ കാര്‍ട്ടൂണിസ്റ്റായിരുന്ന ബോണി തോമസ് പറഞ്ഞു തുടങ്ങുന്നു.

“ഡെല്‍ഹിയിലായിരുന്ന കാലത്ത് (ഓള്‍ഡ് ദില്ലിയിലെ)  ജുമാ മസ്ജിദിന്‍റെയും റെഡ് ഫോര്‍ട്ടിന്‍റെയുമൊക്കെ പരിസരങ്ങളിലൂടെ നടക്കാനിഷ്ടമായിരുന്നു. ഗലികളുടെ സൗന്ദര്യവും രുചിയുള്ള ഭക്ഷണവും കിട്ടുന്ന ഇടമായിരുന്നു ഇവിടം.

“ജുമാ മസ്ജിദിന് പിന്നില്‍ കരീംസ് എന്ന ഹോട്ടലുണ്ട്. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍റെ പാചകക്കാരായിരുന്നവരുടെ ഇപ്പോഴത്തെ തലമുറയില്‍പ്പെട്ടവരുടെ ഹോട്ടലായിരുന്നു കരീംസ്.

“അപൂര്‍വമായിട്ടുള്ള ചില വിഭവങ്ങള്‍ ഇവിടെ കിട്ടും. ഇഷ്ട റസ്റ്ററന്‍റായിരുന്നു കരീംസ്. ഈ പരിസരങ്ങളിലൂടെയൊക്കെ നടക്കുമ്പോള്‍ ചില റസ്റ്ററന്‍റിന് മുന്നില്‍ ആള്‍ക്കൂട്ടം കാണാം.

“ആ കൂട്ടത്തില്‍ മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചവരും  വയ്യായ്കയുള്ളവരുമൊക്കെയുണ്ടാകും. ആ കാഴ്ചയെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് അറിയുന്നത്, ആ കൂട്ടം കൂടി നില്‍ക്കുന്നവരൊക്കെയും സക്കാത്ത് ഭക്ഷണത്തിനായി കാത്തുനില്‍ക്കുന്നവരാണെന്ന്.

സക്കാത്തിലെത്തിയ ഹൈബി ഈഡന്‍ എം പി

“ആ പരിസരത്ത് സക്കാത്ത് ഭക്ഷണം നല്‍കുന്ന ഏഴെട്ട് ഹോട്ടലുകളുണ്ടായിരുന്നു. ഒരാള്‍ക്ക് 5,000 രൂപയുടെ സക്കാത്ത് നല്‍കണമെന്നുണ്ടെങ്കില്‍, അത്രയും രൂപ ഈ റസ്റ്ററന്‍റില്‍ കൊടുക്കും.

“ആ തുകയ്ക്ക് എത്ര പേര്‍ക്കുള്ള ഭക്ഷണം നല്‍കണമെന്നു കടക്കാരനോട് പറഞ്ഞേല്‍പ്പിച്ചാല്‍ മതി. ആ തുകയ്ക്കുള്ള ഭക്ഷണം റസ്റ്ററന്‍റില്‍ നിന്ന് നിര്‍ധനരായ ആള്‍ക്കാര്‍ക്ക് സൗജന്യമായി നല്‍കും. ചിലരൊക്കെ സക്കാത്ത് ദുരുപയോഗപ്പെടുത്തുന്നുമുണ്ട്. പക്ഷേ, ഒരു നേരത്തെ അന്നത്തിന് വകയില്ലാത്ത ഒരുപാട് പേര്‍ക്ക് ഈ സക്കാത്ത് ആശ്രയമാണ്.

“ഈ അനുഭവമാണ് രജനീഷ് ബാബുവിന്‍റെ നേതൃത്വത്തിലുള്ള കൊച്ചി ലൈവ് എന്ന വാട്ട്സ്ആപ്പ് കൂട്ടായ്മയിലുള്ളവരോട് പങ്കുവയ്ക്കുന്നത്. ഒരുപാട് നല്ല കാര്യങ്ങള്‍ ഈ കൂട്ടായ്മയിലൂടെ ചെയ്യുന്നുണ്ട്.

“കമ്മ്യൂണിറ്റി കിച്ചന്‍ നടത്തിയ കാര്യമൊക്കെ അറിയാം. മട്ടാഞ്ചേരിയില്‍ കിടപ്പുരോഗികളും നിര്‍ധനരുമായി ഒരുപാട് ആളുകളുണ്ട്. സക്കാത്ത് പോലൊരു സംരംഭം മട്ടാഞ്ചേരിക്കാര്‍ക്കും പ്രയോജനമാകുമെന്നു രജനീഷിനോട് പറയുകയും ചെയ്തു,” ബോണി തോമസ് പറഞ്ഞു.

ബോണി തോമസ്

നമുക്ക് ഇവിടെ എന്തുകൊണ്ട് ചെയ്തുകൂടാ എന്ന ചോദ്യമാണ് സക്കാത്തിലേക്കെത്തിച്ചതെന്നു രജനീഷ് ബാബു. “ബോണി ചേട്ടന്‍റെ ആശയം സ്വീകരിക്കുകയായിരുന്നു.

“സക്കാത്തിലൂടെ ഓരോ ദിവസവും വ്യത്യസ്ത ഭക്ഷണം ആളുകള്‍ക്ക് നല്‍കുന്നുണ്ട്. തുടക്കനാളില്‍ സക്കാത്ത് ഭക്ഷണശാലയിലേക്ക് ആളുകള്‍ വരുമായിരുന്നു. കോവിഡ് 19 കാലമല്ലേ, അതുകൊണ്ടിപ്പോ ഭക്ഷണം ആവശ്യക്കാരിലേക്ക് നേരിട്ടെത്തിക്കുകയാണ്.

“ചപ്പാത്തി, മുട്ടക്കറി, ബീഫ്, ചിക്കന്‍ ബിരിയാണി, കുഴിമന്തി ഇതൊക്കെ സക്കാത്തില്‍ നിന്നു നല്‍കാറുണ്ട്. ഭക്ഷണ സാധനങ്ങള്‍ സക്കാത്തായി നല്‍കിയവരുമുണ്ട്.

“തോപ്പുംപടിയിലെ സോള്‍ട്ട് എന്ന ഹോട്ടലുകാര്‍ ബിരിയാണിയും കുഴിമന്തിയുമൊക്കെ നല്‍കിയിട്ടുണ്ട്.


ഓരോ ദിവസവും ഓരോ ആളുകളാണ് സക്കാത്തിലേക്കുള്ള ഭക്ഷണം സ്പോണ്‍സര്‍ ചെയ്യുന്നത്.


“ആരും തുണയില്ലാത്തവരും തെരുവില്‍ ജീവിക്കുന്നവരും രാത്രി ഭക്ഷണം വാങ്ങി കഴിക്കാന്‍ സാമ്പത്തിക ശേഷി ഇല്ലാത്തവരെയുമൊക്കെയാണ് സക്കാത്ത് പ്രതീക്ഷിച്ചത്.

“എന്നാല്‍ നിര്‍ധനരായ കുടുംബങ്ങളിലെ ഉമ്മമാര്‍ അവരുടെ ചെറുമക്കളെയും കൂട്ടി സക്കാത്തിലേക്ക് വന്നിട്ടുണ്ട്. അത്രയേറെ പട്ടിണിയുള്ള ഇടങ്ങള്‍ മട്ടാഞ്ചേരിയിലുണ്ട്.

ഗായകന്‍ അഫ്സല്‍ എത്തിയപ്പോള്‍

“സക്കാത്തില്‍ അത്താഴം കഴിക്കാനെത്തിയവരുടെ പേരുവിവരങ്ങളൊക്കെ നമുക്ക് അറിയാം. കൊറോണയെ തുടര്‍ന്ന് ഈ പേരും ഫോണ്‍ നമ്പറുമൊക്കെ നോക്കിയാണ് ഭക്ഷണം ഇവരുടെയൊക്കെ വീടുകളിലെത്തിക്കുന്നത്.

“ദിവസും വൈകുന്നേരം ഏഴു മണിക്ക് ഭക്ഷണം വീടുകളിലെത്തും. ഫോര്‍ട്ട്കൊച്ചി സര്‍ക്കാര്‍ ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ ആരുമില്ലാത്ത കുറച്ചാളുകളുണ്ട്. അവര്‍ക്കും രാത്രി ഭക്ഷണം എത്തിച്ചു നല്‍കുന്നുണ്ട്.

“സിനിമ-രാഷ്ട്രീയ മേഖലകളില്‍ നിന്നുള്ളവരുടെയും പിന്തുണ സക്കാത്തിന് ലഭിക്കുന്നുണ്ട്. പലരും മട്ടാഞ്ചേരിയിലെ സക്കാത്ത് ഭക്ഷണശാലയില്‍ നേരിലെത്തി പിന്തുണച്ചിട്ടുമുണ്ട്.

“മട്ടാഞ്ചേരി കണ്ടെയ്ന്‍മെന്‍റ് സോണ്‍ ആണ്. കൊറോണയുടെ ദുരിതകാലമൊക്കെ കഴിഞ്ഞാലുടന്‍ ആളുകള്‍ക്ക് സക്കാത്തിലേക്ക് ഭക്ഷണം കഴിക്കാന്‍ വരാം,” രജനീഷ് ബാബു ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നു.  രാത്രി ഏഴു മണി മുതല്‍ 9 മണിവരെയാണ് ഭക്ഷണശാല തുറന്നിരിക്കുന്ന സമയം.

രാത്രിയിലേക്കുള്ള ഭക്ഷണം മാത്രമല്ല നല്‍കുന്നത്. അച്ഛനില്ലാത്ത, ഭര്‍ത്താവ് ഉപേക്ഷിച്ച, ജോലിക്ക് പോകാനാകാത്ത സ്ത്രീകളൊക്കെയുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്കായി അഞ്ച് രൂപയ്ക്ക് പാലും രണ്ട് കോഴിമുട്ടയും വിതരണം ചെയ്യുന്നുണ്ട്.

മൂന്നു വയസ് മുതൽ പത്ത് വയസ് വരെയുള്ള കുട്ടികളുള്ള വീട്ടിലാണിത് നൽകുന്നത്. 65 കുടുംബങ്ങള്‍ക്ക് മുട്ടയും പാലും നല്‍കുന്നുണ്ട്. പക്ഷേ, അഞ്ച് രൂപ പോലും തരാനുള്ള സാഹചര്യമില്ലാത്തവര്‍ക്ക്  രജനീഷു സംഘവും സൗജന്യമായി പാലും മുട്ടയും വിതരണം ചെയ്യുന്നുണ്ട്.


ഇതുകൂടി വായിക്കാം:5 വര്‍ഷമായി ഒരു ദിവസവും മുടങ്ങാതെ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യ ഭക്ഷണമെത്തിക്കുന്ന വയനാട്ടിലെ കര്‍ഷകന്‍


മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി പരിസരങ്ങളിലാണിത് നല്‍കുന്നത്. സക്കാത്തിന് മുന്‍പേ ആരംഭിച്ചതാണിത്.

നടന്‍ വിഷ്ണു വിനയ് പിന്തുണയുമായി എത്തിയപ്പോള്‍

“കൊവിഡ് 19 കാലമായതോടെ വീടുകളിലാണല്ലോ ഭക്ഷണമെത്തിക്കുന്നത്. അതുകൊണ്ട് സക്കാത്ത് ഭക്ഷണ ശാലയില്‍ ഓണ്‍ലൈന്‍ ക്ലാസുകളാണ് നടക്കുന്നത്,” രജനീഷ് തുടരുന്നു.


പഠിക്കാൻ മിടുക്കരായ, ട്യൂഷന് ഒന്നും പോകാനുള്ള സാമ്പത്തിക ശേഷിയില്ലാത്ത കുറച്ചു കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിന് വേണ്ടി ആ സ്ഥലം പ്രയോജനപ്പെടുത്തുകയാണ്.


“അതിനൊപ്പം സർക്കാർ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള ഫോമുകൾ പൂരിപ്പിക്കാനും മറ്റുമൊക്കെയായി ആ സ്ഥലം മാറ്റിയിരിക്കുകയാണ് പകലുകളിൽ. എന്നാല്‍ കോവിഡ് കൂടിയതോടെ ഇവിടെ അടച്ചിട്ടിരിക്കുകയാണിപ്പോള്‍.

“ഒരു സമയം സാമൂഹിക അകലം പാലിച്ച് പത്ത് കുട്ടികളാണ് പഠിക്കാനെത്തിയിരുന്നത്. കമ്മ്യൂണിറ്റി കിച്ചന്‍റെ നടത്തിപ്പിനും ഒരുപാട് ആളുകളുടെ പിന്തുണയുണ്ടായിരുന്നു.

“പള്ളുരുത്തിക്കാരന്‍ ബദറുദ്ദീനാണ് ആദ്യ ദിവസം തന്നെ ഒരു ചാക്ക് അരി തന്നത്. ഭക്ഷണം വയ്ക്കാന്‍ ആളില്ലാതെ വന്നപ്പോ സിനിമാറ്റോഗ്രഫറായ അനൂപ് ഉമ്മന്‍ ഇവിടേക്ക് വന്നു, ഭക്ഷണം വച്ചുണ്ടാക്കി.

സക്കാത്തില്‍ ഭക്ഷണം കഴിക്കാനെത്തിയവര്‍

“എറണാകുളത്ത് നിന്ന് ദിവസവും മട്ടാഞ്ചേരിയിലേക്ക് അനൂപ് വരും, ഉച്ചയൂണും അത്താഴത്തിനുള്ളതും തയാറാക്കി രാത്രിയോടെ മടങ്ങും. ആദ്യ ദിവസം സഹായിക്കാന്‍ വന്നയാളാണ് അനൂപ്.

“പക്ഷേ, ആയിരത്തിലേറെ പേര്‍ക്ക് ഭക്ഷണമുണ്ടാക്കേണ്ട സാഹചര്യം വന്നപ്പോഴാണ് ഈ ദൗത്യത്തില്‍ നിന്ന് അനൂപ് പിന്‍മാറുന്നത്. അത്രയും പേര്‍ക്ക് ഭക്ഷണമുണ്ടാക്കുന്നത് എളുപ്പമല്ല. അനൂപ് ഒരു പാചകക്കാരനൊന്നും അല്ലല്ലോ. പിന്നീട് പണം നല്‍കി ഒരാളെ ആ ചുമതല ഏല്‍പ്പിക്കുകയായിരുന്നു.

“ഒരുപാട് ആളുകൾ കേട്ടറിഞ്ഞ് സഹായിക്കുന്നുണ്ട്. ഭക്ഷണശാലയുടെ സക്കാത്ത് എന്ന പേരു പോലെ തന്നെയാണിത്. സക്കാത്തായി പലരും നല്‍കുന്നതാണ് ആളുകള്‍ക്ക് നല്‍കുന്നത്. പണമായും ഭക്ഷണമായും ഭക്ഷണസാധനങ്ങളായുമൊക്കെ പലരും സക്കാത്തിലേക്ക് നല്‍കുന്നുണ്ട്,” അദ്ദേഹം കൂട്ടിച്ചേര്‍ച്ചു.

ബീനയാണ് രജനീഷിന്‍റെ ഭാര്യ. നാലാം ക്ലാസുകാരന്‍ മുഹമ്മദ് ഫര്‍ദീനും ഒന്നാം ക്ലാസുകാരന്‍ മുഹമ്മദ് ഫര്‍ഹാനുമാണ് മക്കള്‍.

സിനിമാ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ (നടുവില്‍) സക്കാത്ത് സന്ദര്‍ശിച്ചപ്പോള്‍

“ഇതേക്കുറിച്ച് അറിഞ്ഞും കേട്ടും ഒരുപാട് പേര് സഹായിക്കാന്‍ വരുന്നുണ്ട്.” ബോണി തോമസ് പറയുന്നു. “അക്കൂട്ടത്തില്‍ എന്‍റെ ഭാര്യയുടെ അമ്മയുമുണ്ട്. ഞാനിക്കാര്യം ഫോണില്‍ സംസാരിക്കുന്നത് കേട്ടാണ് അമ്മ സക്കാത്തിനെക്കുറിച്ച് അറിയുന്നത്.

“അമ്മ തന്നെ രജനീഷിനെ വിളിച്ചു, മാസത്തിലൊരു ദിവസം സക്കാത്തിലേക്കുള്ള പണം നല്‍കാമെന്നും പറയുകയായിരുന്നു. മലപ്പുറം മഞ്ചേരിക്കാരിയാണ് അമ്മ സതി. അധ്യാപികയായിരുന്ന അമ്മ പെന്‍ഷന്‍ തുകയുടെ ഒരു ഭാഗമാണ് സക്കാത്തിലേക്ക് നല്‍കുന്നത്,” ബോണി തോമസ് പറഞ്ഞു.


ഇതുകൂടി വായിക്കാം:‘അതുകൊണ്ട് ഞങ്ങളില്‍ മൂന്നുപേര്‍ കല്യാണം പോലും മറന്നു’: 150 വര്‍ഷം പഴക്കമുള്ള വീട്ടില്‍ അപൂര്‍വമായ ചെടികളെയും പക്ഷികളെയും പോറ്റിവളര്‍ത്തി നാല് സഹോദരന്മാര്‍


അഭിപ്രായം അറിയിക്കൂ:malayalam@thebetterindia.com, നമുക്ക് സംസാരിക്കാം Facebook ,Twitter 
സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം