വെള്ളപ്പൊക്കത്തില്‍പ്പെട്ട ആയിരങ്ങളെ കഴിഞ്ഞ 36 വര്‍ഷമായി രക്ഷിക്കുന്ന യമരാജന്‍

49-കാരനായ ദിവാനി റാം കര്‍ഷകനാണ്. എന്നാല്‍ എല്ലാ വര്‍ഷവും രണ്ട് മാസം വെള്ളപ്പൊക്കപ്രദേശങ്ങളില്‍ ഇദ്ദേഹം ‘രക്ഷക’നാണ്

ണ്ട് വര്‍ഷം മുമ്പാണ് സംഭവം. ഉത്തരാഖണ്ഡിലെ പിത്തര്‍ഗഢ് ജില്ലയിലുള്ള ബന്‍ഗപാനി മേഖലയില്‍ ഒരു സംഘം യാത്രികര്‍ കുടുങ്ങികിടക്കുകയാണ്. പുഴയ്ക്ക് കുറുകെയുള്ള പാലം മൊത്തമായി പെരുമഴയെടുത്തുകൊണ്ടുപോയി.

ഒരു ഗ്രാമവാസി അവരോട് പറഞ്ഞു: “ഇനി ഒരാള്‍ക്ക് മാത്രമേ നിങ്ങളെ സഹായിക്കാനാകൂ… യമരാജിന്!”

അവരാകെ അമ്പരന്നു. കാലനെയല്ലേ യമരാജ് എന്ന് വിളിക്കുന്നത്! യാത്രികരുടെ സംഘം പകച്ചുനിന്നു.

എങ്കിലും ഗ്രാമവാസിയുടെ വാക്ക് കേട്ട് യമരാജനെത്തന്നെ കാണാന്‍ ആ യാത്രികര്‍ ഇറങ്ങിത്തിരിച്ചു . രാത്രി ഏറെ വൈകിയിരുന്നു. അതിനാല്‍ അന്ന് നീരൊഴുക്ക് മുറിച്ചുകടക്കുക പ്രയാസമാണെന്നും താന്‍ അതിരാവിലെ മുതലാണ് ജോലി തുടങ്ങുകയെന്നും യമരാജ് അവരോട് പറഞ്ഞു. അവര്‍ക്ക് ആ രാത്രി തങ്ങാന്‍ വേറെയിടമൊന്നും ലഭിക്കാത്തതിനാല്‍ അടുത്തുള്ള സര്‍ക്കാര്‍ സ്‌കൂളില്‍ അതിനുള്ള സംവിധാനങ്ങള്‍ ഒരുക്കി നല്‍കുകയും ചെയ്തു യമരാജന്‍. ആവശ്യത്തിന് പുതപ്പുകളും കഴിക്കാന്‍ ഭക്ഷണവും നല്‍കി.

അടുത്ത ദിവസം രാവിലെയായി. പറഞ്ഞ പോലെ ഓരോരുത്തരേയും ചുമലിലേറ്റി ആഴവും ഒഴുക്കും പ്രശ്‌നമാക്കാതെ അപ്പുറത്തുള്ള റോഡിലേക്കെത്തിച്ചു നമ്മുടെ യമരാജന്‍. ഈ സഹായം ചെയ്തതിന് സന്തോഷമായി സഞ്ചാരികള്‍ യമരാജന് 8,000 രൂപയും നല്‍കി.

തീര്‍ത്തും അപരിചിതരോട് പോലും ഇതുപോലെ, ദയാനുകമ്പയോടെ പെരുമാറുന്ന ഒരാളുടെ കഥ കേട്ടപ്പോള്‍ എനിക്ക് അദ്ദേഹത്തിന്‍റെ ധീരതയിലും മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്ഥിതിയിലും ആശ്ചര്യമാണ് തോന്നിയത്.

പുഴകളും അരുവികളും രൗദ്രഭാവം കൈവരിക്കുമ്പോള്‍, കനാലുകള്‍ നിറഞ്ഞൊഴുകുമ്പോള്‍, വെള്ളം കുത്തിയൊലിക്കുമ്പോള്‍ ഈ യമരാജന്‍ രക്ഷകവേഷമണിയുന്നു…നാല് പതിറ്റാണ്ടോളമായി തുടരുന്ന സാഹസികതയാണിത്…മാനവസേവയെന്നും പറയാം. യമരാജ് എന്നറിയപ്പെടുന്ന ദിവാനി റാമിന്‍റെ ജീവിതം അങ്ങനെയൊക്കെയാണ്‌. സ്വന്തം ജീവന്‍ വകവെക്കാതെ മറ്റുള്ളവരെ സഹായിക്കയെന്നത് അദ്ദേഹത്തിനൊരു അഭിനിവേശമാണ്.

“ഞങ്ങളെ പോലുള്ളൊരു കുടുംബത്തിന് 8,000 രൂപയെന്ന് പറയുന്നത് വലിയ കാര്യമാണ്. എന്നാല്‍ അതിനേക്കാള്‍ എല്ലാം എനിക്ക് കിട്ടുന്ന വലിയ പ്രതിഫലമായി ഞാന്‍ കാണുന്നത് അവരുടെ (സഹായിക്കുന്നവരുടെ) മുഖങ്ങളിലെ സന്തോഷമാണ്. ഞങ്ങളുടെ നാട്ടിലെ വ്യത്യസ്തങ്ങളായ ക്ഷേത്രങ്ങള്‍ കാണാനാണ് അവര്‍ മറ്റൊരു സംസ്ഥാനത്ത് നിന്നും എത്തിയത്. അപ്പോ, ഉത്തരാഖാണ്ഡിന്‍റെ ആതിഥ്യമര്യാദ ഞാന്‍ കാണിക്കേണ്ടേ…എന്നാലാവുന്നത് ഞാന്‍ ചെയ്തു. അത്രയേയുള്ളൂ,” ദിവാനി റാം ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

അപ്പോള്‍ മരണദേവനായ യമരാജനെന്ന പേര് എങ്ങനെയാണ് ദിവാനിക്ക് ലഭിച്ചതെന്നല്ലേ? പണ്ട്, കുട്ടിയായിരിക്കുമ്പോള്‍ പോത്തിന് മുകളിലേറി സ്‌കൂളില്‍ പോകുന്ന ശീലമുണ്ടായിരുന്നു ദിവാനിക്ക്. യമന്‍റെ വാഹനമാണല്ലോ പോത്ത്. അങ്ങനെയാണ് യമരാജ് എന്ന ചെല്ലപ്പേര് വീണത്.

നല്ലൊരു പാലമില്ലാത്തതിനാല്‍ ഉത്തരാഖാണ്ഡിലെ മുന്‍സിയാരി, ബന്‍ഗപാനി, ദര്‍ചൗള തുടങ്ങിയടങ്ങളിലെല്ലാം മഴ കനത്താല്‍ വലിയ വെള്ളപ്പൊക്കമാണ്. പ്രദേശങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന താല്‍ക്കാലിക പാലങ്ങളെല്ലാം മഴയില്‍ തുടച്ചുനീക്കപ്പെടും. ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് മാര്‍ക്കറ്റില്‍ പോകാനും സര്‍ക്കാര്‍ ഓഫീസുകളില്‍ പോകാനുമെല്ലാം നിവൃത്തിയില്ലാതാകും. ഇവിടെയാണ്  ഉത്തരാഖാണ്ഡിന്‍റെ യമരാജന്‍ അവതരിക്കുന്നത്.

മൂന്നര പതിറ്റാണ്ട്, ഇപ്പോഴും തുടരുന്നു

“മൂന്നര പതിറ്റാണ്ടോളമായി ഞങ്ങള്‍ വെള്ളപ്പൊക്കമേഖലകളിലെ ഗ്രാമവാസികളെയും സഞ്ചാരികളെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയുമെല്ലാം സഹായിച്ചുകൊണ്ടേയിരിക്കുകയാണ്. ആഴമേറിയ ഒഴുക്കിലൂടെ എങ്ങനെ നടക്കണമെന്ന് അച്ഛനാണ് എനിക്ക് പഠിപ്പിച്ച് തന്നത്. 14-ാം വയസിലായിരുന്നു ഞാന്‍ ആ വിദ്യ പഠിച്ചെടുത്തത്. അതിന് ശേഷം ഓരോ മണ്‍സൂണ്‍ കാലത്തും ഞാന്‍ ഈ ദൗത്യത്തിന് ഇറങ്ങിത്തിരിക്കും. ഇപ്പോള്‍ എന്‍റെ മകനും കൂടെയുണ്ട്,” തെല്ലൊരഭിമാനത്തോടെ തന്നെ ദിവാനി റാം പറയുന്നു.

വെള്ളം പൊങ്ങിയ ഇടങ്ങളിലൂടെ പോകുകയെന്നത് ഏതൊരാളെ സംബന്ധിച്ചും അല്‍പ്പം ശ്രമകരമായ കാര്യമാണ്. എന്നാല്‍ അതുപോലുള്ള വെള്ളത്തിലൂടെ ബാലന്‍സ് ചെയ്ത്, മറ്റൊരാളെക്കൂടി തോളിലേറ്റി, അവരുടെ ജീവന്‍റെ ഉത്തരവാദിത്തം കൂടി ഏറ്റെടുത്ത് നടക്കുകയെന്നത് ഏറെക്കാലത്തെ അനുഭവത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രം സിദ്ധിക്കുന്ന നൈപുണ്യമാണ്.

“ചിലപ്പോള്‍ കാറ്റും വെള്ളത്തിന്‍റെ ഒഴുക്കും അതിശക്തമായിരിക്കും. നമ്മുടെ ബാലന്‍സ് ആകെ തെറ്റിക്കുമത്. മരങ്ങള്‍ പോലും കടപുഴകി വീഴും. ഒരിക്കല്‍ ഞാനൊരു സ്ത്രീയെ ഇതുപോലെ നദി മുറിച്ചുകടക്കാന്‍ സഹായിക്കുകയായിരുന്നു. പെട്ടെന്ന് എനിക്ക് ബാലന്‍സ് പോയി. ഞങ്ങള്‍ രണ്ട് പേരും വെള്ളത്തില്‍ വീണു. അവരുടെ പക്കലുള്ള പല സാധനങ്ങളും ഒഴുകിപ്പോയി. എന്നാല്‍ നദിയിലെ ഒഴുക്കിനെ കുറിച്ച് എനിക്ക് ബോധ്യമുള്ളതിനാലും പെട്ടെന്ന് തന്നെ പ്രതികരിക്കാനായതിനാലും അവരുടെ ജീവന്‍ രക്ഷിക്കാന്‍ എനിക്ക് സാധിച്ചു,” ദിവാനി റാം തന്‍റെ അനുഭവങ്ങള്‍ വിവരിക്കുന്നു.

ദിവാനിയുടെ അസാധാരണമായ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമെന്നോണം അദ്ദേഹത്തെ ഗ്രാമത്തലവനായി അവിടുത്തെ ജനങ്ങള്‍ തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. 2015 മുതല്‍ 2019 വരെ സിലിങ് വില്ലേജിന്‍റെ തലവനായിരുന്നു ദിവാനി റാം. ഗ്രാമ പ്രധാന്‍ എന്ന പദവിയിലിരുന്നപ്പോഴും വെള്ളപ്പൊക്കസമയത്ത് ജനങ്ങളെ സഹായിക്കുന്നത് തുടര്‍ന്നു അദ്ദേഹം.

ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍ ആയിരക്കണക്കിന് പേരെ താന്‍ ചുമലിലേറ്റി നദികള്‍ കടത്തിയിട്ടുണ്ടെന്ന് ദിവാനി പറയുന്നു. “സൗജന്യമായാണ് ഞാന്‍ അവരെയെല്ലാം സഹായിക്കുന്നത്. ഒരിക്കല്‍ പോലും പൈസ ആവശ്യപ്പെടാറില്ല. എന്നാല്‍ മിക്കസന്ദര്‍ഭങ്ങളിലും എനിക്ക് കാശ് തന്നാണ് ജനങ്ങള്‍ മടങ്ങാറുള്ളത്,” ദിവാനി പറയുന്നു.

“പ്രതിഫലമൊന്നും ആഗ്രഹിക്കാതെ ജനങ്ങള്‍ക്ക് സഹായം ചെയ്യുന്നതാണ് ഏറ്റവും വലിയ രാഷ്ട്രസേവനമെന്നാണ് അച്ഛന്‍ എന്നെ പഠിപ്പിച്ചത്. അദ്ദേഹം ആ ആശയത്തില്‍ വിശ്വസിച്ച് ജീവിച്ച വ്യക്തിയായിരുന്നു. അച്ഛന്‍റെ ആ വാക്കുകള്‍ ഇന്നും എന്‍റെയുള്ളിലുണ്ട്. മക്കളിലേക്കും ഞാനത് പകര്‍ന്നു നല്‍കുകയാണ്,” ദിവാനി റാം കൂട്ടിച്ചേര്‍ക്കുന്നു.

സഹായിക്കുന്നവര്‍ പണം നല്‍കുമ്പോള്‍ അത് വാങ്ങാന്‍ ഇദ്ദേഹം മടികാണിക്കാറില്ല. എന്നാല്‍ ചിലപ്പോഴെല്ലാം അതും വേണ്ടെന്ന് വയ്ക്കാറുണ്ട്. “ഈ മേഖലയിലെ വിവിധയിടങ്ങളില്‍ സര്‍ക്കാര്‍ കുറച്ച് പട്ടാളക്കാരെ പോസ്റ്റ് ചെയ്തിട്ടുണ്ട്. അവര്‍ക്ക് ഗ്രാമം വിട്ട് സഞ്ചരിക്കണമെങ്കില്‍ മന്‍സൂണ്‍കാലത്ത് എന്‍റെ സഹായം വേണ്ടി വരും. സസന്തോഷം ഞാനത് ചെയ്യും. അവരില്‍ നിന്നും പണം സ്വീകരിക്കുന്നത് വലിയ തെറ്റാണ്. ഞാന്‍ പൈസ വാങ്ങാതായപ്പോള്‍, മധരും തന്നാണ് അവര്‍ തങ്ങളുടെ സന്തോഷമറിയിക്കുക,” ദിവാനിയുടെ വാക്കുകള്‍.

താന്‍ ചെയ്യുന്ന ജോലി വളരെയധികം ആസ്വദിക്കുന്ന, അതില്‍ സന്തോഷം കണ്ടെത്തുന്നയാളാണ് ദിവാനി. ഒരുപക്ഷേ അദ്ദേഹത്തിന് ഇനി അത് അധികകാലം തുടരേണ്ടി വരില്ല. ജൗലിഗഢ് നദിക്ക് കുറുകെ സാമാന്യം നല്ലൊരു പാലം നിര്‍മ്മിച്ചുകൊണ്ടിരിക്കയാണ് സര്‍ക്കാര്‍. അത് ഉപയോഗയോഗ്യമായാല്‍ ദിവാനിയുടെ ദൗത്യം അവസാനിച്ചേക്കും.

“ഈ മേഖലയിലെ ചെറിയ പാലങ്ങളുടെയെല്ലാം ജോലി ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. രണ്ട് വലിയ പാലങ്ങളുടെ നിര്‍മ്മാണം ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വെള്ളപ്പൊക്കമെന്ന പ്രശ്‌നം അധികം വൈകാതെ പരിഹരിക്കപ്പെടും,” ദര്‍ചൗള മേഖലയിലെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റായ അനില്‍ കുമാര്‍ ശുക്ല ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

എന്തായാലും, അതുവരെ ദിവാനിയുടെ മഹത്തായ സേവനം ജനങ്ങള്‍ക്ക് ലഭിക്കും.


ഇതുകൂടി വായിക്കാം: ‘എവിടുന്നോ ഒരു ധൈര്യം കിട്ടി’: കത്തുന്ന ബസില്‍ നിന്ന് വൃദ്ധരും കുട്ടികളുമടക്കം 20 പേരെ രക്ഷിച്ച 16-കാരന്‍


അഭിപ്രായം അറിയിക്കൂ:malayalam@thebetterindia.com, നമുക്ക് സംസാരിക്കാം Facebook ,Twitter 
സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം