ഗവിയിലെ തോട്ടം തൊഴിലാളികള്‍ക്കും കാട്ടിനുള്ളിലെ മനുഷ്യര്‍ക്കും മരുന്നും ഭക്ഷണവുമായി മല കയറുന്ന ഡോക്റ്റര്‍

ആനയും വന്യമൃഗങ്ങളുമുള്ള കാടും മലയും കടന്നുചെന്ന്, ചിലപ്പോള്‍ കിലോമീറ്ററുകള്‍ നടന്നാണ് ഈ ഡോക്റ്റര്‍ ഊരുകളിലെത്തുന്നത്.

സെയിൽ ടാക്സ് ഉദ്യോ​ഗസ്ഥനായ അച്ഛന്‍റെയും അധ്യാപികയായ അമ്മയുടെയും മകൻ‍. ചേച്ചിമാരെല്ലാവരും എൻജിനീയർമാർ‍. ചേച്ചിമാരൊക്കെ ആ​ഗ്രഹിച്ചത് അനിയനെ ഡോക്റ്ററാക്കണമെന്നാണ്. വിന്‍സെന്‍റിന്‍റെ അച്ഛന്‍റെയും അമ്മയുടെയും ഇഷ്ടവും അതുതന്നെയായിരുന്നു.

പക്ഷേ, പ്രീഡി​ഗ്രിക്ക് ശേഷം വിൻസെന്‍റ്  സേവ്യര്‍ ബി എസ്‍സി സൂവോളജിക്ക് ചേർന്നു. എന്നാല്‍ ഡോക്ററ്റാകണമെന്ന മോഹവും മനസില്‍ സൂക്ഷിച്ചിരുന്നു. മൂന്നു വർഷം ജന്തുശാസ്ത്രമൊക്കെ പഠിച്ച ശേഷം  വിൻസെന്‍റ്  തിരുനെല്‍വേലി മെഡിക്കല്‍ കോളെജില്‍ എംബിബിഎസിന് ചേര്‍ന്നു.

ഡോ.വിന്‍സെന്‍റ് സേവ്യര്‍

മെഡിസിന്‍ പഠനത്തിന് ശേഷം ഒരു വർഷക്കാലം തമിഴ് നാട്ടിലെ ഒരു ആശുപത്രിയിൽ പ്രവർത്തിക്കുകയും ചെയ്തു. എന്നാൽ നാഗര്‍കോവിലുകാരനായ ആ ഡോക്റ്ററിപ്പോള്‍ പത്തനംതിട്ടയിലെ ആദിവാസി ഊരുകളിലുള്ളവരുടെ ആശ്വാസമാണ്. മരുന്നും വസ്ത്രവും ഭക്ഷണവുമായി കഴിഞ്ഞ 19 വര്‍ഷമായി കാടും മലകയറി വരുന്ന ഡോ. വിന്‍സെന്‍റ് ഊരുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവനുമാണ്.

പത്തനംതിട്ട സീതത്തോടിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സേവനങ്ങള്‍ക്കൊപ്പമാണ് ഡോക്റ്റര്‍ ആദിവാസി ഊരുകളിലുള്ളവരെയും ഗവിയിലെ തോട്ടം തൊഴിലാളികളെയും ചികിത്സിക്കുന്നത്.

ആദിവാസി ഊരുകളിലെ ചികിത്സയ്ക്കിടയില്‍

“തമിഴ് നാട് ആരോഗ്യവകുപ്പിലും കേരള ആരോഗ്യവകുപ്പിലും ജോലി കിട്ടി, എന്നാല്‍ കേരള സര്‍വീസില്‍ ജോലിക്ക് കയറുകയായിരുന്നു,” ഡോ. വിന്‍സെന്‍റ് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

“2003-ലാണ് കേരളത്തിലേക്ക് വരുന്നത്. അതിനു മുന്‍പ് തമിഴ് നാട്ടില്‍ കുറച്ചുകാലം ജോലി ചെയ്തിരുന്നു. ഒരു മിഷന്‍ ആശുപത്രിയിലായിരുന്നു. പഠിച്ചിറങ്ങിയ ഉടന്‍ തന്നെയാണത്.

“ക്യാന്‍സര്‍ റിസര്‍ച്ച് സെന്‍ററോട് കൂടിയ ആശുപത്രിയായിരുന്നു. അന്നും പാവപ്പെട്ടവരെയൊക്കെ ചികിത്സിക്കാന്‍ പോകുമായിരുന്നു. ആദിവാസി മേഖലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. അങ്ങനെയുള്ളവര്‍ക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാനിഷ്ടമുണ്ടായിരുന്നു.”  നാഗര്‍കോവിലുകാരനായ  അദ്ദേഹത്തെ കേരളവുമായി ബന്ധിപ്പിക്കുന്നത് ഭാര്യ മിനിയാണ്.

തിരുവനന്തപുരംകാരിയായ മിനിയെ വിവാഹം ചെയ്തതിന് ശേഷമാണ് അദ്ദേഹം കേരളത്തിലേക്ക് വരുന്നത്.

“തുടക്കം സീതത്തോട് ആയിരുന്നു. ഏതാണ്ട് ഏഴ് വര്‍ഷത്തിന് ശേഷം തിരുവനന്തപുരം പെരിങ്കടവിള ഡിസ്പെന്‍സറിയിലേക്ക് മാറ്റം കിട്ടി. പെരിങ്കടവിളയില്‍ നിന്ന് വീണ്ടും സീതത്തോട് പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്കെത്തി.

“സീതത്തോട് പഞ്ചായത്തില്‍പ്പെട്ട ചിപ്പന്‍ കോളനി, മൂഴിയാര്‍, സായിപ്പന്‍കുഴി തുടങ്ങിയ ഇടങ്ങളിലെല്ലാം ആദിവാസി കുടികളുണ്ട്.


ഈ ഊരുകളിലുള്ളവരെയും ഗവിയിലെ തൊഴിലാളികളെയുമൊക്കെയാണ് ചികിത്സിക്കാന്‍ കാട് കയറുന്നത്.


“ഈ പ്രദേശങ്ങളിലൊരിക്കല്‍ ക്യംപ് സംഘടിപ്പിച്ചിരുന്നു. അങ്ങനെയാണ് ആദ്യമായി ഈ പ്രദേശത്തേക്കുള്ള വരവ്. പിന്നീട് ആഴ്ചയില്‍ രണ്ട് ദിവസം എന്ന കണക്കിന് മൂഴിയാറും സായിപ്പന്‍കുഴിയിലുമൊക്കെ ചികിത്സിക്കാന്‍ പോകുന്നുണ്ട്.

ഭക്ഷണവിതരണത്തിനിടെ ഡോക്റ്റര്‍

“പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ രാവിലെ പത്തു മുതല്‍ രണ്ട് മണി വരെയുണ്ടാകും. ഇതിനു ശേഷം പാലിയേറ്റീവ് കെയറിന്‍റെ ഭാഗമായി വീടുകളിലും മറ്റും കിടപ്പുരോഗികളെ പോയി നോക്കാറുണ്ട്.

“കോവിഡ് കാലമല്ലേ കിടപ്പിലായവര്‍ ഏറെ ദുരിതങ്ങള്‍ നേരിടുന്നുണ്ട്. ആരോഗ്യകാര്യങ്ങളില്‍ മാത്രമല്ല മാനസികമായും. കൊറോണക്കാലമായതു കൊണ്ടു എന്‍ 95 മാസ്ക് ധരിച്ച് വേണ്ട മുന്‍കരുതലുകളെടുത്തൊക്കെയാണ് കിടപ്പുരോഗികളെ ചികിത്സിക്കാന്‍ പോകുന്നത്.

“അവര്‍ക്ക് വേണ്ട മരുന്നുകള്‍ മാത്രമല്ല ചിലര്‍ക്ക് കൗണ്‍സലിങ്ങും വേണ്ടി വരും. അതൊക്കെ ചെയ്തു കൊടുക്കും. തമിഴ് നാട്ടിലെ മിഷന്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്യുമ്പോഴും പാവപ്പെട്ടവരെ ചികിത്സിക്കാന്‍ ഇഷ്ടമുണ്ടായിരുന്നു.”


ഇതുകൂടി വായിക്കാം:കോവിഡ് 19 രോഗികളെ ഐസൊലേഷനില്‍ പാര്‍പ്പിക്കാന്‍ സ്വന്തം വീട് വിട്ടു നല്‍കി പത്തനംതിട്ടക്കാരന്‍


ആ ഇഷ്ടത്തോടെ തന്നെയാണ് ഇന്നും നിര്‍ധനര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതെന്നു ഡോക്റ്റര്‍ പറയുന്നു.

പി എച്ച് സിയിലെ ഡ്യൂട്ടി കഴിഞ്ഞാണ് ഡോ.വിന്‍സെന്‍റ് കാട് കയറുന്നത്. ഗവിയിലേക്ക് സീതത്തോട് നിന്ന് 70 കിലോമീറ്റര്‍ ദൂരമുണ്ട്. ഗവിയിലൊക്കെ പോയി ഓരോരുത്തരെയും കണ്ട് മരുന്നൊക്കെ കൊടുത്ത് തിരിച്ചു വരുമ്പോ രാത്രി ഏറെ വൈകിയിട്ടുണ്ടാകുമെന്നു ഡോക്റ്റര്‍.

“ഗവിയില്‍ കൂടുതലും തോട്ടം തൊഴിലാളികളാണ്. ആദിവാസി ഊരുകളിലേക്കുള്ള യാത്രകളും ശ്രമകരമാണ്. കാട്ടിലൂടെ പോകുമ്പോഴാകും ചിലപ്പോ ആന വഴിയില്‍ നില്‍ക്കുന്നത്.


കാട്ടാനയെ കണ്ടാല്‍ പിന്നെ വണ്ടി മുന്നോട്ടെടുക്കില്ല, കുറച്ചുനേരം കാത്തുനിന്നാല്‍ മതിയല്ലോ ആന നടന്നു പോയ്ക്കോളൂം.


“പക്ഷേ, കൂട്ടത്തില്‍ ആനയുടെ കുട്ടികളുണ്ടെങ്കില്‍ കുറച്ചൊന്നു ശ്രദ്ധിക്കണം. കാട്ടിലെ മ‍ൃഗങ്ങളൊന്നും നമ്മളെ ഉപദ്രവിക്കില്ല. അവയെ നമ്മള്‍ ഉപദ്രവിക്കരുതെന്നേയുള്ളൂ. മ‍‍ൃഗങ്ങളെല്ലാം പാവങ്ങളാണ്, നമ്മള്‍ മനുഷ്യരാണ് വന്യജീവികളോട് മോശമായി പെരുമാറുന്നത്.

“എന്നാല്‍ ചിലപ്പോ ആന വഴിയോരത്ത് നിന്ന് മാറാതെ നില്‍ക്കും. ഒന്നര മണിക്കൂര്‍ നേരമൊക്കെ വഴിയരോത്ത് കാത്തുനിന്നിട്ടുണ്ട്. തിരിച്ച് വേറെ വഴിയിലൂടെ പോകേണ്ടിയൊക്കെ വന്നിട്ടുണ്ട്.

“അങ്ങനെ ചില സംഭവങ്ങളുണ്ടായിട്ടുണ്ട്. രാത്രീല് കാട്ടിലൂടെ പോകുമ്പോ പേടി തോന്നാറില്ലേ എന്നൊക്കെ പലരും ചോദിക്കാറുണ്ട്. ശരിയാ.. പേടി തോന്നാറുണ്ട്, പേടിയൊക്കെ മനുഷ്യര്‍ക്ക് സ്വാഭാവികമല്ലേ.

“ആ പേടി നമ്മള് ദൈവത്തിന് വിട്ടാ മതി, ദൈവം നമുക്കൊപ്പമുണ്ടാകും. പാവങ്ങളായ ആള്‍ക്കാര്‍ക്ക് മരുന്നു കൊടുക്കാനല്ലേ വരുന്നത്… ആ ആള്‍ക്കാരുടെ പ്രാര്‍ത്ഥന എനിക്കൊപ്പമുണ്ടാകും.

“നല്ലത് ചെയ്യുമ്പോള്‍ ദൈവവും മനുഷ്യരുമൊക്കെ നമുക്ക് കൂടെയുണ്ടാകും. ഇവിടെ നിന്ന് രാത്രി വൈകിയാകും വീട്ടിലെത്തുക. എത്ര നേരം വൈകിയാണെങ്കിലും പിറ്റേ ദിവസം പത്ത് മണിക്ക് തന്നെ ഡ്യൂട്ടിക്കു കയറും,” അദ്ദേഹം പറയുന്നു.

ഭക്ഷണപ്പൊതികളും വസ്ത്രങ്ങളും മരുന്നും മാത്രമല്ല, പലപ്പോഴും പലരേയും പണം കൊടുത്തും സഹായിക്കേണ്ടി വരാറുണ്ടെന്ന് അദ്ദേഹം പറയുന്നു.

“ആദിവാസികള്‍ക്കിടയില്‍ പച്ചക്കറികള്‍ പതിവായി കഴിക്കുന്നവര്‍ കുറവാണ്. അവര്‍ക്ക് പച്ചക്കറി വാങ്ങി കൊടുക്കാറുമുണ്ട്. സമീകൃതഹാരം കഴിക്കാത്തതിനാല്‍ അനീമിയ പോലുള്ളവയാണ് ഇവര്‍ക്കിടയില്‍ അധികവും കണ്ടുവരുന്നത്.

“ആഴ്ചയില്‍ രണ്ട് ദിവസമെന്ന കണക്കിലാണ് ആദിവാസി മേഖലകളിലേക്ക് വരുന്നത്. കുറേ സ്ഥലങ്ങളുണ്ട്, എല്ലായിടത്തും എന്നും പോയി ചികിത്സിക്കുന്നതൊന്നും നടക്കില്ല. ഗവിയില്‍ തന്നെ ആറേഴ് കിലോമീറ്റര്‍ അകലത്തില്‍ ആറു ഇടങ്ങളുണ്ട്. ഇവിടങ്ങളില്ലെല്ലാം പോയി ചികിത്സിക്കാറുണ്ട്,”  ഡോ വിന്‍സെന്‍റ് വിശദമാക്കുന്നു.

പ്രളയനാളില്‍ ദുരിതാശ്വാസ ക്യാംപുകളിലും. ഈ ഡോക്റ്റര്‍ സജീവമായിട്ടുണ്ടായിരുന്നു.

“ദൂരക്കൂടുതലും വാഹനസൗകര്യങ്ങളുടെ കുറവുമൊക്കെയാണ്. പക്ഷേ, എന്‍റെ ഡ്യൂട്ടി അല്ലേ ചെയ്യുന്നത്. മെഡിസിന്‍ പഠിച്ചത് ചികിത്സിക്കാനാണല്ലോ. നല്ല സ്ഥലമാണിവിടം. നല്ല മനസുള്ള മനുഷ്യരും നല്ല ശുദ്ധവായുവുമൊക്കെ ഉണ്ടല്ലോ.

“ജോണ്‍ എന്നാണ് അപ്പയുടെ പേര്. അമ്മ നേസമ്മാളും. അപ്പയും അമ്മയുമൊക്കെ മരിച്ചു പോയി. ഒരു കുട്ടിയുണ്ട്. പ്ലസ് ടുവിന് പഠിക്കുന്ന അഷ്കനയാണ്. ഇതുപോലുള്ള കാര്യങ്ങള്‍ ചെയ്യുന്നതില്‍ മിനിയുടെയും അഷ്കനയുടെയും പിന്തുണയുണ്ട്,” ഡോ. വിന്‍സെന്‍റ്  കൂട്ടിച്ചേര്‍ത്തു.


ഇതുകൂടി വായിക്കാം:കിലോമീറ്ററുകള്‍ നടന്ന് ഉള്‍ക്കാടുകളിലെ മനുഷ്യരെത്തേടിച്ചെല്ലുന്ന ഒരു സര്‍ക്കാര്‍ ഡോക്റ്ററുടെ അനുഭവങ്ങള്‍


അഭിപ്രായം അറിയിക്കൂ:malayalam@thebetterindia.com, നമുക്ക് സംസാരിക്കാം Facebook ,Twitter 
സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം