ഇന്‍ഡ്യയില്‍ കോവിഡ്-19 വ്യാപനം ശമനമില്ലാതെ തുടരുമ്പോള്‍ ചികിത്സയെക്കുറിച്ച് സാധാരണ ജനങ്ങള്‍ക്കിടയില്‍ ആശങ്കയേറുകയാണ്. കാര്യങ്ങള്‍ കൈവിട്ടുപോയാല്‍ ചികില്‍സാച്ചെലവ് താങ്ങാവുന്നതിലപ്പുറമാകുമെന്നും മെഡിക്കല്‍ രംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഈ പശ്ചാത്തലത്തില്‍, കോവിഡ്-19 ചികിത്സ എല്ലാവര്‍ക്കും ലഭ്യമാക്കുകയും രോഗികളുടെ മേലുള്ള സാമ്പത്തിക ഭാരം കുറയ്ക്കുകയുമാണ് ഫവിപിരവിര്‍-200എംജി (Favipiravir 200mg) മരുന്ന് വിപണിയിലിറക്കാന്‍ സണ്‍ ഫോര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസിനെ പ്രേരിപ്പിച്ചത്.
ഫ്‌ളുഗാര്‍ഡ് എന്ന പേരില്‍ ഇറങ്ങുന്ന ഈ ഓറല്‍ (വായിലൂടെ കഴിക്കാവുന്ന) ആന്‍റി വൈറല്‍ ഗുളിക ഒന്നിന് 35 രൂപ മാത്രമാണ് വില. നേരിയ ലക്ഷണങ്ങളുള്ള കോവിഡ് രോഗികളെയും തീവ്ര ഘട്ടത്തിലേക്ക് നീങ്ങാത്ത കോവിഡ് രോഗികളെയും ചികില്‍സിക്കാന്‍ ഫവിപിരവിര്‍ ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഉപയോഗത്തിന് സര്‍ക്കാര്‍ അനുമതി ലഭിച്ച, വായിലൂടെ കഴിക്കാവുന്ന ഏക ആന്‍റി വൈറല്‍ മരുന്നും ഫവിപിരവിര്‍ തന്നെയാണ്.
ജപ്പാനിലെ ഫുജിഫിലിം ഹോള്‍ഡിങ്‌സ് കോര്‍പ്പാണ് ആദ്യമായി ഫവിപിരവിര്‍ വികസിപ്പിച്ചത്. വിവിധതരം പകര്‍ച്ചപ്പനികള്‍ക്കുള്ള ചികില്‍സയ്ക്കായിരുന്നു അവിഗാന്‍ എന്ന പേരിലാണ് അവര്‍ ഈ മരുന്ന് പുറത്തിറക്കിയത്.
സണ്‍ ഫാര്‍മ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന അനുസരിച്ച് ഫ്‌ളുഗാര്‍ഡ് ഗുളികകള്‍ ഈ ആഴ്ച്ച തന്നെ വിപണിയില്‍ നിന്ന് വാങ്ങാനാകും. “രാജ്യത്തങ്ങോളമിങ്ങോളമുള്ള എല്ലാ രോഗികള്‍ക്കും മരുന്ന് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി ഞങ്ങള്‍ സര്‍ക്കാരുമായും വൈദ്യസമൂഹവുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കും,” സണ്‍ ഫാര്‍മ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
എങ്ങനെയാണ് ഈ മരുന്ന് രോഗികള്‍ക്ക് ഗുണമാകുന്നത്?
“ആന്‍റി വൈറല്‍ മരുന്നുകള്‍ (മറ്റ് കമ്പനികള്‍ വികസിപ്പിച്ച) ഉപയോഗിച്ചാണ് എല്ലാ കോവിഡ് രോഗികളെയും ഇപ്പോള്‍ ആശുപത്രികള്‍ ചികിത്സിക്കുന്നത്,” മദ്രാസ് മെഡിക്കല്‍ കോളെജിലെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു മുതിര്‍ന്ന ഡോക്റ്റര്‍ പറയുന്നു.
“കോവിഡ്-19 ബാധിച്ച രോഗികളെ ചികിത്സിക്കേണ്ട എറ്റവും നല്ല രീതിയല്ല ഇത്. എന്നാല്‍ പല തരം വൈറസ് ബാധയ്ക്കുള്ള ഒരു ചികിത്സയാണിത്. കോവിഡ്-19 രോഗം മൂര്‍ച്ഛിച്ചവര്‍ക്ക് ഈ ചികിത്സ പറ്റില്ല. മറ്റ് രീതികള്‍ അവലംബിക്കണം. എന്നിരുന്നാലും അവരെ അഡ്മിറ്റ് ചെയ്യുന്ന സമയത്ത് ചികിത്സ തുടങ്ങുന്നത് ആന്‍റി വൈറല്‍ മരുന്നുകളുപയോഗിച്ചുതന്നെയാണ്,” അദ്ദേഹം പറയുന്നു.
“ഇതേ ടാബ്‌ലെറ്റ് മറ്റ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളും പുറത്തിറക്കുന്നുണ്ട്. എന്നാല്‍ വില ഇതല്ല. കാര്യമായി വില കുറച്ച് ഈ മരുന്ന് വിപണിയിലെത്തിച്ചാല്‍ രോഗികള്‍ക്കും ആശുപത്രികള്‍ക്കും എന്തിന്, സര്‍ക്കാരിന് പോലും അത് നേട്ടമാകും,” മദ്രാസ് മെഡിക്കല്‍ കോളെജിലെ ഡോക്റ്റര്‍ കൂട്ടിച്ചേര്‍ത്തു.
ഫവിപിരവിറിന്‍റെ നേട്ടങ്ങള്‍ ചൂണ്ടിക്കാണിച്ച് മുംബൈയിലെ ഡോ. എസ് പണ്ഡിറ്റ് പറയുന്നതിങ്ങനെ,” വൈറസ് ശരീരത്തെ കൂടുതല്‍ അക്രമിക്കുന്നത് പ്രതിരോധിക്കാനും രോഗം തീവ്രമാകുന്നത് തടയാനും ഈ മരുന്ന് ഉപകരിക്കും. അത്തരം രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട ആവശ്യകത അതോടെ കുറയുന്നു. നേരിയ ലക്ഷണങ്ങളുള്ള കോവിഡ്-19 രോഗികള്‍ക്ക് സഹായകമാകുന്ന മരുന്നാണിത്.”
അതേസമയം, ഒരു ഡോക്റ്ററുടെ മേല്‍നോട്ടത്തിലല്ലാതെ ഈ മരുന്ന് ഒരിക്കലും ഉപയോഗിക്കരുതെന്നും പണ്ഡിറ്റ് മുന്നറിയിപ്പ് നല്‍കുന്നു. “ഡോക്റ്ററുടെ അനുവാദമില്ലാതെ ഈ മരുന്ന് വാങ്ങാനോ കഴിക്കാനോ പാടില്ല. കാരണം കുറേ പാര്‍ശ്വഫലങ്ങളും ഈ ടാബ്‌ലെറ്റുകള്‍ക്കുണ്ട്. വ്യത്യസ്ത രോഗികളില്‍ വിവിധ തരം പ്രതികരണങ്ങള്‍ ഫവിപിരവിര്‍ ഉണ്ടാക്കിയേക്കും,” അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.
നേരിയ ലക്ഷണങ്ങളുള്ള രോഗികളില്‍ ഉപയോഗിക്കാന്‍ ഫവിപിരവിര്‍ ഉപയോഗിക്കുന്നതുപോലെ ഓക്‌സിജന്‍ പിന്തുണ ആവശ്യമുള്ള രോഗികളുടെ ചികില്‍സയില്‍ ഉപയോഗപ്പെടുത്തുന്ന റെംഡെസിവിറും മികച്ച ഫലങ്ങളാണ് തരുന്നത്. സിപ്ലയും ഹെട്രോ ലാബ്‌സും ചേര്‍ന്ന് സിപ്രെമി കോവിഫോര്‍ എന്നീ ബ്രാന്‍ഡുകളിലാണ് ഈ മരുന്ന് വികസിപ്പിച്ചിരിക്കുന്നത്.
ഇതുകൂടി വായിക്കാം: കോവിഡ്-19: ഈ സമയത്ത് കുഞ്ഞുങ്ങളെ മുലയൂട്ടാമോ? ഡോക്റ്റര്‍ പറയുന്നതിതാണ്