മുന്തിരിയും സ്‌ട്രോബെറിയും വീട്ടില്‍ എളുപ്പം വിളയിക്കാം; വിജയസൂത്രം സുജാത പറഞ്ഞുതരും

വീട്ടില്‍ മുന്തിരിയും സ്‌ട്രോബെറിയും വിളയിക്കുന്നത് നിങ്ങള്‍ വിചാരിക്കുന്നതിനേക്കാള്‍ എളുപ്പമാണ്

പ്രകൃതിയുടെ മാധുര്യമാണ് പഴങ്ങളെന്നാണ് ചൊല്ല്. പഴങ്ങളുടെ മധുരവും ചാറുമെല്ലാം ജീവകങ്ങളുടെയും ധാതുക്കളുടെയും വലിയ കലവറയാണ്. എന്നാല്‍ മായം ചേര്‍ക്കാത്ത പഴങ്ങള്‍ കണ്ടെത്തുകയെന്നത് സാധാരണക്കാരെ സംബന്ധിച്ച് പലപ്പോഴും ബുദ്ധിമുട്ടേറിയ കാര്യമാണ്.

മിക്ക പഴങ്ങളും കൃഷിചെയ്യുന്നത് വലിയ തോതില്‍ കീടനാശിനികള്‍ ഉപയോഗിച്ചാണ്. അതിന് പുറമെയാണ് കാല്‍സ്യം കാര്‍ബൈഡ് പോലുള്ള രാസപദാര്‍ത്ഥങ്ങള്‍ പഴങ്ങളില്‍ കുത്തിവെച്ച് വിപണിയിലെത്തിക്കുന്നത്. അതായത്, കഴിക്കാനായി നമ്മുടെ കൈയില്‍ കിട്ടുന്ന പഴങ്ങളില്‍ നല്ലൊരു ശതമാനവും പ്രകൃതിദത്തമല്ലെന്ന് സാരം.

അപ്പോള്‍, എന്താണ് പരിഹാരം?

വീട്ടില്‍ തന്നെ വിവിധയിനം പഴങ്ങള്‍ വിളയിച്ചെടുത്താണ് സുജാത നഫദെ ഈ പ്രശ്നത്തിന് പരിഹാരം കണ്ടത്. 45-കാരിയായ സുജാത പൂനെയിലാണ് താമസം. 2008 മുതല്‍ വീട്ടില്‍ തോട്ടമുണ്ട്അവര്‍ക്ക്, അവിടെ ഇപ്പോള്‍ 70 ഇനം പഴവര്‍ഗങ്ങളുണ്ട്, ഒപ്പം, പച്ചക്കറികളും ഔഷധ സസ്യങ്ങളും.

ഒരു സാധാരണ സ്ത്രീക്ക് ഇതെല്ലാം സാധ്യമാണോ എന്ന ചോദ്യത്തിന് മധുരമായൊരു മറുപടിയാണ് സുജാതയുടെ ജീവിതം. കാര്‍ഷിക കുടുംബത്തില്‍ നിന്നുള്ള സുജാത വളരെ എളുപ്പത്തിലാണ് തന്‍റെ വീട്ടില്‍ തന്നെ തേനൂറും രൂചിയുള്ള മുന്തിരിയും സ്‌ട്രോബെറിയുമെല്ലാം വിളയിച്ചെടുക്കുന്നത്.

സുജാതയുടെ ടെറസിലാണ് പല പഴച്ചെടികളും വളരുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ നിന്നുള്ള ഒരു സുഹൃത്ത് സുജാതയ്ക്ക് മുന്തിരിയുടെ ഒരു തൈ നല്‍കിയതാണ് തുടക്കം. ഇന്ന് വര്‍ഷത്തില്‍ മൂന്ന് തവണയാണ് സുജാതയുടെ വീട്ടില്‍ മുന്തിരി തളിര്‍ക്കുന്നത്. സ്‌ട്രോബെറിയും മുന്തിരിയും എങ്ങനെ വീട്ടില്‍ വിളയിക്കാമെന്ന് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് വിശദീകരിക്കുന്നു സുജാത.

എങ്ങനെ തുടങ്ങാം

മുന്തിരികള്‍ക്കായി നല്ല ആഴമുള്ള ഒരു ഡ്രം. 100 ലിറ്റര്‍ ശേഷിയുള്ളതാണെങ്കില്‍ നല്ലത്. സമകോണാകൃതിയിലുള്ള ഒരു ചട്ടിയോ കലമോ പാത്രമോ ആണ് സ്‌ട്രോബെറികള്‍ക്കായി വേണ്ടത്. ഇതിന് 6-8 ഇഞ്ച് വീതിയും ഒരടി ആഴവും വേണം.

  • നല്ല ഈര്‍പ്പമുള്ള മണ്ണ്
  • വീട്ടിലുണ്ടാക്കിയ വളം (ജൈവ വളം)
  • ചകിരി (നിര്‍ബന്ധമില്ല)
  • ഉണങ്ങിയ ഇലകള്‍

എങ്ങനെ വളര്‍ത്താം

സുജാതയുടെ മുന്തിരിത്തോട്ടത്തില്‍ നിന്ന്… വലത്ത് – വിളവെടുപ്പിന് ശേഷം
  • ഡ്രമ്മിനകത്ത്, ഏറ്റവും അടിത്തട്ടില്‍ ആദ്യം ചകിരിയിടുക. അതിന് മുകളില്‍ ഉണങ്ങിയ ഇലകളും മണ്ണും ചേര്‍ക്കുക. മണ്ണ് സമ്പുഷ്ടമാക്കുന്നതിനായി കുറച്ച് കംപോസ്റ്റ് വളം കൂടി ചേര്‍ക്കണം. സ്‌ട്രോബെറി ചെടി കൃഷി ചെയ്യാനും ഇതേ രീതി തന്നെ പിന്തുടരുക.
  • ഡ്രമ്മിനു മുകളില്‍ വരെ നേരത്തെ പറഞ്ഞ പോലെ ലെയറുകളുണ്ടാക്കുക. അതിന് ശേഷം മുന്തിരിത്തൈ മണ്ണിലേക്ക് ഇറക്കിവെക്കുക. വളം ചേര്‍ത്ത മണ്ണിനുള്ളിലേക്ക് തൈ ഇറങ്ങിയിട്ടുണ്ടെന്ന് ഉറപ്പാക്കണം
  • മണ്ണിന്‍റെ ഏറ്റവും മുകള്‍ഭാഗം ഉണങ്ങിയ ഇലകള്‍ കൊണ്ട് മൂടുക. മള്‍ച്ചിങ് എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്. ഈര്‍പ്പം നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു, അതേസമയം മണ്ണിന്‍റെ സമ്പുഷ്ടീകരണം അതുറപ്പാക്കുകയും ചെയ്യുന്നു.
  • മുന്തിരിയുടെ കാര്യത്തില്‍ വിത്തിനേക്കാളും തൈ നടുന്നതാണ് ഉചിതം. കാരണം മുന്തിരി തളിര്‍ക്കുന്നതിനെടുക്കുന്ന കാലതാമസം കുറയ്ക്കും അത്. വിത്താണ് ഉപയോഗിക്കുന്നതെങ്കില്‍ കായ്ക്കാന്‍ ഏകദേശം ഏഴ് വര്‍ഷം വരെ സമയമെടുക്കും. അതേസമയം തൈ എവിടെനിന്നെങ്കിലും കൊണ്ടുവന്ന് നട്ടാല്‍ പരമാവധി മൂന്ന് വര്‍ഷത്തിനുള്ളില്‍ മുന്തിരിയുടെ രുചി നുണയാം.
  • സ്‌ട്രോബെറിയാണ് നടുന്നതെങ്കില്‍, ഒരു വര്‍ഷമെടുത്താണ് കായ്ക്കുന്നത്. തൈ ആണ് നടേണ്ടത്.
  • മുന്തിരിയുടെയും സ്‌ട്രോബെറിയുടെയും തൈകള്‍ നഴ്‌സറികളില്‍ നിന്നോ ഓണ്‍ലൈന്‍ ഗാര്‍ഡനിങ് കൂട്ടായ്മകളില്‍ നിന്നോ നിങ്ങള്‍ക്ക് വാങ്ങാവുന്നതാണ്. സ്‌ട്രോബെറിയുടെ കാര്യത്തില്‍ മറ്റൊരു സ്‌ട്രോബെറി ചെടിയില്‍ നിന്നുള്ള വള്ളിയാണ് നടേണ്ടത്.

പരിപാലനം

  • മാസത്തിലൊരിക്കല്‍ മുന്തിരി, സ്‌ട്രോബെറി തൈകള്‍ക്ക് നല്ല പോഷകസൃദ്ധമായ വളം നല്‍കണം. ഇതിനായി ജീവാമൃതമാണ് ഉപയോഗിക്കേണ്ടത്. ചാണകം, ഗോമൂത്രം, ശര്‍ക്കര, കടലപ്പൊടി, മണ്ണ് തുടങ്ങിയവ ആവശ്യത്തിന് വെള്ളവുമായി ചേര്‍ത്ത് പുളിപ്പിച്ചാണ് ജീവാമതൃമെന്ന മിശ്രിതം തയാറാക്കുന്നത്.

    പക്ഷികളുമായി പഴങ്ങള്‍ പങ്കവെയ്ക്കാന്‍ ഇഷ്ടമല്ലെങ്കില്‍ വലയിട്ട് മൂടാം

  • 12-15 അടി ഉയരത്തില്‍ മുന്തിരിത്തൈ വളരുന്നതിന് ഏകദേശം ഒന്നര വര്‍ഷമെടുക്കും. അതിന് ശേഷം രണ്ട് എതിര്‍വശങ്ങളിലേക്കായി വള്ളി വീശിത്തുടങ്ങു. മുളവടികള്‍കൊണ്ടോ മറ്റോ ഇവയെ താങ്ങിനിര്‍ത്താവുന്നതാണ്. ആവശ്യത്തിന് സൂര്യപ്രകാശവും വായുവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം
  • സൂര്യപ്രകാശം വേണ്ടത്ര ലഭിക്കുന്നുണ്ടെന്ന് ആവര്‍ത്തിച്ച് ഉറപ്പാക്കണം. ഒപ്പം മണ്ണില്‍ ഈര്‍പ്പം നിലനിര്‍ത്തുകയും വേണം. മള്‍ച്ചിങ്ങിനായി ഉണങ്ങിയ ഇലകള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ടിരിക്കണം. മണ്ണിന്‍റെ ഈര്‍പ്പം പോകാതിരിക്കാനാണത്.
  • ഗോമൂത്രവും വെള്ളം ചേര്‍ത്ത് വീര്യം കുറച്ച മിശ്രിതം മുന്തിരിവള്ളികളില്‍ ഇടയ്ക്ക് സ്പ്രേ ചെയ്യാം. കീടങ്ങളെ അകറ്റി നിര്‍ത്താനാണിത്. അതുപോലെ തന്നെ മോരും വെള്ളവും ചേര്‍ത്തുള്ള മിശ്രിതവും ചെടി വെച്ച മണ്ണിലും ഇലകളിലും തളിക്കാവുന്നതാണ്. ചെടികള്‍ക്ക് ആവശ്യമുള്ള പോഷകങ്ങള്‍ നല്‍കുമെന്നത് മാത്രമല്ല, പല തരത്തിലുള്ള ബാക്റ്റീരിയല്‍, പൂപ്പല്‍ ബാധകളില്‍ നിന്ന് ഇത് വള്ളികളെ കാക്കും.
  • ചെടി പൂവിട്ട് അധികം വൈകാതെ തന്നെ കായ്കളും കാണാന്‍ തുടങ്ങും. അതിന് ശേഷം മൂന്ന് മാസം കഴിഞ്ഞാല്‍ മുന്തിരി വിളവെടുക്കാം
  • വിളവെടുപ്പ് കഴിഞ്ഞാല്‍ പിന്നെ പ്രൂണിങ്ങിന്‍റെ സമയമാണ്. അതായത്, പൂവിടാത്ത വള്ളികളും ഇലകളുമെല്ലാം വെട്ടിക്കളയണം. മുന്തിരിച്ചെടിയെ അടുത്ത വളര്‍ച്ചാഘട്ടത്തിന് പാകപ്പെടുത്താനാണിത്. കുറച്ച് മുന്തിരി വള്ളികള്‍ വേരുപിടിപ്പിച്ച് മറ്റുള്ളവര്‍ക്കും വേണ്ടി മാറ്റിവെക്കുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സ്ട്രോബെറി ചെറിയ ചട്ടികളിലോ അതല്ലെങ്കില്‍ നീളത്തിലുള്ള പഴയ കണ്ടെയ്നറുകളിലോ മറ്റോ നടാം
  • വളര്‍ച്ചാ ഘട്ടത്തില്‍ വേണ്ടത്ര സൂര്യപ്രകാശം ചെടികള്‍ക്കുണ്ടെന്ന് ഉറപ്പാക്കണം.
  • സ്‌ട്രോബെറി, മുന്തിരി കൃഷിക്ക് ഏറ്റവും അനുയോജ്യമായത് മന്‍സൂണ്‍ കാലമാണ്.
  • പക്ഷികളെ ആകര്‍ഷിക്കുന്ന പഴങ്ങളാണ് ഇവ രണ്ടും. അവര്‍ വന്ന് നിങ്ങളുടെ പഴങ്ങള്‍ കൊത്തുന്നതും തിന്നുന്നതും ഇഷ്ടമല്ലെങ്കില്‍ ഒരു നെറ്റ് ഉപയോഗിച്ച് പഴങ്ങള്‍ മൂടിയിടുക.
  • കൃഷിക്കുപയോഗിക്കുന്ന മിശ്രിതത്തിലേക്ക് ഒരു സ്പൂണ്‍ ചാരം കൂടി ചേര്‍ക്കുക. ഇത് മിശ്രിതത്തില്‍ പൊട്ടാസ്യത്തിന്‍റെ ലഭ്യത ഉറപ്പുവരുത്തും.

ഇതുകൂടി വായിക്കാം: വീട്ടില്‍ 80-ലധികം ഇനം പച്ചക്കറികളും പഴങ്ങളും ഔഷധസസ്യങ്ങളും! ആ കൃഷിരഹസ്യം അനു പങ്കുവെയ്ക്കുന്നു


അഭിപ്രായം അറിയിക്കൂ:malayalam@thebetterindia.com, നമുക്ക് സംസാരിക്കാം Facebook ,Twitter 
സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം