​ഗ്രീൻപീസ് വിട്ട് വയനാട്ടിലേക്ക്; 193 ഏക്കറില്‍ ജൈവനെല്‍കൃഷി വ്യാപിപ്പിച്ച യുവാവ്

നാടന്‍ നെല്ലിനങ്ങളാണ് രാജേഷും കൂട്ടരും കൃഷിയിറക്കുന്നത്. ജൈവനെല്ല് സംസ്കരിക്കുന്നതിനുള്ള കേരളത്തിലെ ആദ്യത്തെ മില്ലും അവര്‍ സ്ഥാപിച്ചു.

മ്മളിൽ പലരുടെയും ജീവിതത്തിൽ സഫലമാകാത്ത എത്രയോ സ്വപ്നങ്ങളുണ്ട്. പഠനവും ജോലിയും കുടുംബവുമൊക്കെയായി തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ ആ സ്വപ്നങ്ങൾ മറവിയിലേക്ക് മായും. അങ്ങനെയൊരു സ്വപ്നമുണ്ടായിരുന്നു തിരുവല്ലക്കാരൻ ഉണ്ണിക്കൃഷ്ണനും.

ജന്മനാട് തിരുവല്ലയാണെങ്കിലും ഉണ്ണികൃഷ്ണന്‍റെ ജീവിതം തലസ്ഥാന ന​ഗരിയിലായിരുന്നു. സെക്രട്ടറിയേറ്റിലായിരുന്നു ജോലി. പക്ഷേ ആ തിരക്കുകൾക്കിടയിലും ഉണ്ണികൃഷ്ണൻ സ്വപ്നങ്ങളെ കൈവിട്ടില്ല.

ഒരിക്കൽ സാക്ഷാത്ക്കരിക്കാനാകുമെന്ന പ്രതീക്ഷയോടെ ആ കൊച്ചു മോഹത്തെക്കുറിച്ച് മക്കളോടും പറഞ്ഞുകൊണ്ടേയിരുന്നു. ഉണ്ണികൃഷ്ണന്‍റെ സ്വപ്നങ്ങളുടെ അരികിൽ ആ മോഹങ്ങളെ താലോലിച്ച് മക്കളും ഭാര്യയും ഒപ്പം കൂടിയിരുന്നു.

പക്ഷേ ആ മോഹങ്ങള്‍ സാക്ഷാത്ക്കരിക്കാനാകാതെ അദ്ദേഹം യാത്രയായി. എന്നാൽ വർഷങ്ങൾക്കിപ്പുറം അച്ഛൻ കണ്ട സ്വപ്നങ്ങൾക്ക് പിന്നാലെ സഞ്ചരിക്കുകയാണ് അദ്ദേഹത്തിന്‍റെ മകന്‍ രാജേഷ് കൃഷ്ണന്‍.

ബയോടെക്നോളജിയിൽ ബിരുദം, ഇക്കോളജിയിൽ ബിരുദാനന്തരബിരുദം, പിന്നെ ജെഎൻയു യൂനിവേഴ്സിറ്റിയിൽ നിന്ന് പാതിവഴിയിൽ അവസാനിപ്പിക്കേണ്ടി വന്ന പി എച്ച് ഡി.

പഠനത്തിലും മിടുക്കനായ രാജേഷിന് ബെം​ഗളൂരുവിൽ രാജ്യാന്തര പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനമായ ​ഗ്രീൻപീസില്‍ നല്ല ശമ്പളമൊക്കെയുള്ള ജോലിയുമുണ്ടായിരുന്നു.

പക്ഷേ, അച്ഛൻ കണ്ട സ്വപ്നങ്ങൾ തന്നെയാണ് ആ മകനും കൊതിച്ചത്. വയലും പാടവരമ്പും മണ്ണും ചെളിയുമൊക്കെ നിറഞ്ഞ ആ സ്വപ്നങ്ങൾ ആസ്വദിച്ച് ജീവിക്കുകയാണിപ്പോൾ ഈ ചെറുപ്പക്കാരന്‍.

“അച്ഛന്‍റെ മാത്രമല്ല ഒരുപാട് പേരുടെ സ്വപ്നമാണ് ഈ വയനാടൻ മണ്ണിലെ ജീവിതത്തിലൂടെ ഞാൻ നേടിയത്.. ഒട്ടുമിക്ക പ്രവാസികളുടെയും കൊച്ചു സ്വപ്നമാണ്.

മഴ കണ്ടും പുഴയിൽ കുളിച്ചും കൃഷി ചെയ്തുമൊക്കെ ജീവിക്കുകയെന്നത്  പലരുടെയും ആ സ്വപ്നമാണ് ഞാനിപ്പോൾ ജീവിതത്തിലൂടെ ആസ്വദിക്കുന്നത്,”  രാജേഷ് പറയുന്നു.

നാട്ടില്‍ പരമ്പരാഗത നെല്ലിനങ്ങള്‍ കൃഷിചെയ്യുന്നവരെ പിന്തുണയ്ക്കുന്നതിന് രാജേഷും കൂട്ടരും കൂടി ഒരു അഗ്രി. പ്രൊഡ്യൂസര്‍ കമ്പനിയും ആരംഭിച്ചിട്ടുണ്ട്.

പരമ്പരാ​ഗത നെല്ലിനങ്ങൾ ജൈവരീതിയിലാണ് കൃഷി ചെയ്യുന്നത്. പാരമ്പര്യ വിത്തിനങ്ങളെ സംരക്ഷിക്കുകയും ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നുമുണ്ട് രാജേഷ്.

“അച്ഛന്‍ തിരുവല്ലക്കാരനും അമ്മ സരസ്വതി ഭായി വര്‍ക്കലക്കാരിയുമാണ്. പക്ഷേ ഞങ്ങളുടെ ജീവിതം തിരുവനന്തപുരത്തായിരുന്നു. ഞാന്‍ ജനിച്ചതും വളര്‍ന്നതുമൊക്കെ അവിടെയാണ്,” രാജേഷ് കൃഷ്ണന്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

“അച്ഛന്‍ സെക്രട്ടറിയേറ്റില്‍ അഡീഷണല്‍ സെക്രട്ടറിയും അമ്മ അധ്യാപികയുമായിരുന്നു. അവരുടെ കുട്ടിക്കാലത്തെ ഓര്‍മ്മകളൊക്കെ പറഞ്ഞു തരുമായിരുന്നു.

“നാട്ടിന്‍പുറവും വയലവും പുഴയുമൊക്കെയായി അവര്‍ കണ്ടതും കേട്ടതും അറിഞ്ഞതുമൊക്കെയാണ് ഞങ്ങള്‍ മക്കള്‍ക്കും പറഞ്ഞു തന്നത്.


അച്ഛന്‍റെയും അമ്മയുടെയും ഓര്‍മ്മകള്‍ കേട്ടാണ് കൃഷിയോട് ഇഷ്ടം തോന്നുന്നത്.


“അച്ഛന്‍ എപ്പോഴും പറയുമായിരുന്നു. റിട്ടയര്‍മെന്‍റിന് ശേഷം കുറച്ച് ഭൂമി വാങ്ങി കൃഷി ചെയ്യണമെന്ന്. പക്ഷേ, അച്ഛന് അതിനു സാധിച്ചില്ല. 2004-ല്‍ അസുഖബാധിതനായി അച്ഛന്‍ പോയി.

വെള്ളായണി കാര്‍ഷിക കോളെജിന് സമീപത്തെ ഞങ്ങളുടെ വീടിന്‍റെ പേര് തന്നെ വയലോരം എന്നായിരുന്നു. അച്ഛന് അസുഖമാണെന്നറിഞ്ഞ് ജെഎന്‍യുവില്‍ നിന്ന് പി എച്ച് ഡി പാതിവഴിയില്‍ അവസാനിപ്പിച്ചാണ് നാട്ടിലേക്ക് വരുന്നത്,”  രാജേഷ് പറഞ്ഞു.

കേരള യൂനിവേഴ്സിറ്റിയില്‍ നിന്നാണ് ബയോ ടെക്നോളജിയില്‍ ഡിഗ്രിയെടുത്തതിന് ശേഷം പോണ്ടിച്ചേരി യൂനിവേഴ്സിറ്റിയിലാണ് രാജേഷ് പിജി പഠിച്ചത്. അച്ഛന്‍റെ മരണ ശേഷമാണ് ബെംഗളൂരുവിലേക്ക് പോകുന്നത്. ഗ്രീന്‍പീസില്‍ പത്ത് വര്‍ഷം ജോലി ചെയ്തു.

രാജേഷും  കര്‍ഷകരും

“അന്നും മനസില്‍ കൃഷിയുണ്ട്. എനിക്ക് മാത്രമല്ല ചേട്ടന്‍ രഞ്ജിത്തിനും കൃഷി ഇഷ്ടമാണ്. ഞങ്ങളൊരുമിച്ചാണ് വയനാട് സ്ഥലം വാങ്ങുന്നത്. പക്ഷേ, ചേട്ടന്‍ കര്‍ഷകനായില്ല, കോഴിക്കോട് വി കെ സി ഫൂട്ട് വെയര്‍ കമ്പനിയുടെ റീജിയണല്‍ മാനെജറാണ്.

“അഞ്ചര ഏക്കര്‍ നെല്‍പ്പാടമാണ് വാങ്ങിച്ചത്. കൃഷി ചെയ്യുകയാണെങ്കില്‍ നെല്‍കൃഷി ചെയ്യണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. മാത്രമല്ല ജൈവരീതിയിലാകണം, പരമ്പരാഗതവിത്തുകള്‍ കൃഷി ചെയ്യണം എന്നു കൂടി ഉറപ്പിച്ചിരുന്നു.

“നെല്‍പ്പാടം അന്വേഷിച്ച് കുറേ വര്‍ഷം പോയി. ഗ്രീന്‍പീസില്‍ ശനിയും ഞായറും അവധിയാണ്. ആ ദിവസങ്ങളില്‍ വയനാട്ടിലേക്ക് വരും. ഏതാണ്ട് നാലു വര്‍ഷക്കാലം ഭൂമി അന്വേഷിച്ച് ഇങ്ങനെ വരുമായിരുന്നു,”  രാജേഷ് ഓര്‍ക്കുന്നു.

ഒടുവില്‍ മനസ്സിനിഷ്ടപ്പെട്ട ഭൂമി വാങ്ങിയെങ്കിലും ജോലിത്തിരക്ക് കാരണം കൃഷി ചെയ്യാൻ സാധിച്ചില്ല.  2010-ല്‍ തമിഴ് നാട്ടുകാരിയായ ഉമയുമായുള്ള വിവാഹം.

“ബെംഗളൂരുവില്‍ നിന്നു കിട്ടിയ സൗഹൃദമാണ് ഉമ. ഐടി മേഖലയിലായിരുന്നു ഉമയ്ക്ക് ജോലി. പക്ഷേ, പരിസ്ഥിതിവാദിയും സാമൂഹ്യപ്രവര്‍ത്തകയുമൊക്കെയാണ്. മകള്‍ വാണി ജനിച്ചതോടെയാണ് വയനാട്ടിലേക്ക് വരുന്നത്,”  രാജേഷ് തുടരുന്നു.

“2014-ലാണ് ഗ്രീന്‍പീസിലെ ജോലി രാജിവച്ച് വയനാട്ടിലേക്ക് വരുന്നത്. ജോലി കളഞ്ഞ് മുഴുവന്‍ സമയ കര്‍ഷകനാകാനുള്ള പ്രേരക ശക്തി ഉമ തന്നെയാണ്. കൃഷിയും മണ്ണിനെ അറിഞ്ഞുള്ള ജീവിതവുമൊക്കെ ഉമയുടെയും ഇഷ്ടമാണ്,” എന്ന് രാജേഷ്.

കര്‍ഷകസ്ത്രീകള്‍ക്കുള്ള പരിശീലനക്ലാസില്‍ നിന്ന്

നാലര ഏക്കറിലാണ് രാജേഷിന്‍റെ കൃഷി. മൂന്നര ഏക്കറിലും നെല്‍കൃഷിയാണ്. ബാക്കി സ്ഥലത്താണ് മറ്റു വിളകള്‍. എന്നാല്‍ സ്വന്തം കൃഷിയ്ക്കൊപ്പം ഒരു മറ്റു നെല്‍ കര്‍ഷകരെയും പിന്തുണയ്ക്കുന്നുണ്ട് രാജേഷ്.

നെല്‍കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികളിലൊന്നാണ് വിപണി. വിപണനത്തിന് വഴി കണ്ടെത്തുന്നതിനാണ് രാജേഷും കൂട്ടരും ചേര്‍ന്ന് തിരുനെല്ലി അഗ്രിക്കള്‍ച്ചറല്‍ പ്രൊഡ്യൂസര്‍ കമ്പനി (ടാപ്കോ) രൂപീകരിച്ചത്.

കര്‍ഷകരില്‍ നിന്ന് നേരിട്ട് നെല്ല് ശേഖരിച്ചാണ് തിരുനെല്ലി അഗ്രിക്കള്‍ച്ചറല്‍ പ്രൊഡ്യൂസര്‍ കമ്പനി വില്‍ക്കുന്നത്. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ഓര്‍ഗാനിക് റീട്ടെയ്ല്‍ ഷോപ്പുകളിലൂടെയാണ് വില്‍പ്പന.

“ടാപ്കോ രൂപീകരിക്കുന്നതിന് മുന്‍പ് ഇവിടുത്തെ കര്‍ഷകര്‍ക്കിടയില്‍ സൗഹൃദ ഗ്രാമശ്രീ എന്ന കര്‍ഷക കൂട്ടായ്മ പ്രവര്‍ത്തിച്ചിരുന്നു.” പ്രൊഡ്യൂസര്‍ കമ്പനി ആരംഭിച്ചതിനെക്കുറിച്ച് രാജേഷ് വ്യക്തമാക്കുകയാണ്.

“സൗഹൃദ ഗ്രാമശ്രീ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവാണ്. എന്‍റെ വരമ്പിന്‍റെ തൊട്ടപ്പുറത്തുള്ളത് ജോണ്‍സണ്‍ മാഷിന്‍റെ പാടമാണ്. ഞങ്ങളുടെ വയലുകള്‍ക്ക് ചുറ്റും ഒമ്പത് കര്‍ഷകര്‍ താമസിക്കുന്നുണ്ട്.

“കൂട്ടത്തില്‍ എല്ലാവരും മുഴുവന്‍ സമയ കര്‍ഷകരൊന്നും അല്ല.


വയല്‍ കൃഷി ഒരു ഹരമായിട്ടുള്ളവരാണ്. ഈ കൂട്ടര് നേരത്തെ തന്നെ ആരംഭിച്ചിരുന്നതാണ് സൗഹൃദഗ്രാമശ്രീ.


‍”ഞാനെത്തിയപ്പോ എന്നെയും അക്കൂട്ടത്തില്‍ ചേര്‍ത്തു. ആഴ്ചയിലൊരു ദിവസം എല്ലാവരും കൂടി കൂടും. പല കാര്യങ്ങളും ചര്‍ച്ച ചെയ്യും. അങ്ങനെയുള്ള ഒരുദിവസം ജൈവരീതിയില്‍ പാരമ്പര്യവിത്തിനങ്ങള്‍ ഉപയോഗിച്ച് നെല്‍കൃഷി ചെയ്യാമെന്നൊരു ആശയം മുന്നോട്ട് വച്ചു.

“കൂട്ടത്തില്‍ ചിലര്‍ക്കൊക്കെ സംശയമുണ്ടായിരുന്നു. ജൈവകൃഷി ശരിയാകുമോ കീടബാധയുണ്ടാകോ വിളവ് വിപണിയിലേക്കെത്തിക്കാനാകുമോ എന്നൊക്കെയായിരുന്നു സംശയങ്ങള്‍. അവരോട് പറഞ്ഞു, നിങ്ങളെല്ലാവരും എന്നെക്കാള്‍ നല്ല കര്‍ഷകരാണ്. കൃഷിയുടെ കാര്യങ്ങള്‍ നിങ്ങളേറ്റാല്‍ വിപണിയുടെ കാര്യങ്ങള്‍ നോക്കികൊള്ളാമെന്ന്.

“ഇതിനു ശേഷം ആദ്യവര്‍ഷത്തെ കൃഷിയിറക്കി. മോശമല്ലാത്ത വിളവ് ലഭിച്ചു. തൊണ്ടി, പാല്‍ത്തൊണ്ടി, ഗന്ധകശാല ഇതൊക്കെയാണ് കൃഷി ചെയ്തത്. വിളവ് പൂര്‍ണമായും വില്‍ക്കാനും സാധിച്ചു.

“നാടന്‍ നെല്ല് പൊതുവേ വിളവ് കുറവാണ് അല്ലെങ്കില്‍ ചെലവ് കൂടുതലാണ്, വില്‍ക്കാന്‍ സാധിക്കില്ല എന്നൊക്കെയുള്ള സംശയങ്ങള്‍ അതോടെ മാറി. കൂടുതല്‍ ആളുകള്‍ നമുക്കൊപ്പം ചേരാനും വന്നു.

“അതോടെ വിപണി വലിയൊരു വെല്ലുവിളിയായി. അങ്ങനെയാണ് ഞങ്ങളൊരു കമ്പനി ആരംഭിക്കുന്നത്. അങ്ങനെ ടാപ്കോ രൂപീകരിച്ചു. തനിച്ചല്ല നബാര്‍ഡിന്‍റെ പിന്തുണയുണ്ട്. തിരുവനന്തപുരത്തുള്ള തണല്‍ എന്ന എന്‍ജിഒയുടെ സാഹയങ്ങളുമുണ്ട്. 

“2016-ലാണ് കൂട്ടുകൃഷി ആരംഭിച്ചത്. തൊട്ടടുത്ത വര്‍ഷം കമ്പനി രജിസ്റ്റര്‍ ചെയ്തു. പിന്നീടുള്ള ഓരോ വര്‍ഷവും ഞങ്ങള്‍ക്കൊപ്പം സഹകരിക്കുന്ന കര്‍ഷകരുടെ എണ്ണം കൂടിക്കൊണ്ടേയിരുന്നു. ഒപ്പം വിപണനവും വര്‍ധിച്ചു.


ഇതുകൂടി വായിക്കാം:വയനാട്ടില്‍ ഇപ്പോഴുമുണ്ട് 40 വര്‍ഷം മുന്‍പ് ഒറ്റമുറി ക്ലിനിക്കിലേക്ക് സൗജന്യ സേവനവുമായെത്തിയ ആ മഹാരാഷ്ട്രക്കാരന്‍ ഡോക്റ്റര്‍


“തിരുനെല്ലി പഞ്ചായത്തിലുള്ള കര്‍ഷകരാണ് കൂട്ടത്തില്‍ ഏറെയും. എല്ലാവരും പാരമ്പര്യരീതിയില്‍ കൃഷി ചെയ്യുന്നവരാണ്. നിലവില്‍ 86 കര്‍ഷകരാണ് ടാപ്കോയിലുള്ളത്.

“ഞങ്ങളെല്ലാവരും കൂടി ഈ വര്‍ഷം 193 ഏക്കറിലാണ് നെല്‍കൃഷി ചെയ്യുന്നത്. കഴിഞ്ഞവര്‍ഷം 127 ടണ്‍ നെല്ല് വിളവെടുത്തിരുന്നു. അതൊക്കെ അരിയാക്കി വിപണിയിലെത്തിക്കാനും ടാപ്കോയ്ക്ക് സാധിച്ചു.

“80 ടൺ അരിയാണ് വിപണിയിലെത്തിക്കാൻ സാധിച്ചത്.” ഒരു ഏക്കര്‍ വയലില്‍ 60 തൊഴില്‍ ദിനങ്ങള്‍ നല്‍കാനായിട്ടുണ്ടെന്നും ടാപ്കോ സിഇഒ കൂടിയായ രാജേഷ് പറയുന്നു.

ജനുവരിയില്‍ ആരംഭിച്ച ജൈവമില്‍

കർഷകരുടെ പാടശേഖരങ്ങളിൽ നിന്ന് ടാപ്കോ നേരിട്ടാണ് നെല്ല് ശേഖരിക്കുന്നത്. കഴിഞ്ഞ വർഷം 40 ലക്ഷം രൂപയുടെ നെല്ലാണ് ശേഖരിച്ചത്. നെല്ല് ശേഖരിക്കുന്ന ദിവസം തന്നെ അതിന്‍റെ തുകയും കൈമാറും.

സാമ്പത്തിക പ്രശ്നങ്ങളുള്ള നേരങ്ങളിൽ പോലും അവർക്ക് കൃത്യമായി പണം നൽകിയിട്ടുണ്ടെന്നു ടാപ്കോ പ്രതിനിധികള്‍ വ്യക്തമാക്കുന്നു. സുഹൃത്തുക്കളുടെ പിന്തുണയോടെയും ക്രൗഡ് സോഴ്സിങ്ങ് നടത്തിയും തുക കണ്ടെത്തിയിട്ടുണ്ട് എന്ന് രാജേഷ് തുടരുന്നു.

“അഞ്ച് തരം നെല്ല് സംഭരിക്കുന്നുണ്ട്. കൂട്ടത്തില്‍ ഏറ്റവും കുറഞ്ഞ വിലയ്ക്ക് സംഭരിക്കുന്ന നെല്ല് തൊണ്ടിയാണ്. അതിനാണ് വിളവ് കൂടുതല്‍. വയനാടിന്‍റെ കാലാവസ്ഥയ്ക്ക് യോജിച്ചതാണിത്.

“കര്‍ഷകര്‍ കൂടുതല്‍ ചെയ്യുന്നതും തൊണ്ടിയാണ്. തൊണ്ടിക്ക് കിലോയ്ക്ക് 29 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നിശ്ചയിച്ച വില 26 ആണ്. അതിലും മൂന്നു രൂപ കൂടുതല്‍ ടാപ്കോ നല്‍കുന്നുണ്ട്.

“അതുകൊണ്ട് ഒരു ഏക്കറില്‍ നിന്ന് 6,000 രൂപയോളം കര്‍ഷകന് അധികവരുമാനം കിട്ടുന്നുണ്ട്. പക്ഷേ തൊണ്ടിയുടെ ഇവിടുത്തെ വിപണി വില 18 രൂപയാണ്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ ആ വിപണി വിലയെക്കാള്‍ അമ്പതം ശതമാനം കൂടുതലാണ് കമ്പനി കൊടുക്കുന്നത്.

“കഴിഞ്ഞവര്‍ഷം ഗന്ധകശാല, മുള്ളന്‍കൈമ, ജീരകശാല പോലുള്ളവ 50 രൂപയ്ക്കാണ് കര്‍ഷകരില്‍ നിന്നു ശേഖരിച്ചത്. വലിയ ചൊന്നെല്ല്, പാല്‍ത്തൊണ്ടി ഇവ 30 രൂപയ്ക്കാണ് ശേഖരിക്കുന്നത്.

“വയനാടിന്‍റെ സ്വന്തമായ മുള്ളന്‍കൈമ വിപണിയിലെത്തിക്കുന്ന ഇന്ത്യയിലെ തന്നെ ഏക സ്ഥാപനം ടാപ്കോയാകും. വലിയ ചൊന്നെല്ല് വയനാടിന്‍റെ ഔഷധ നെല്ലാണ്.

“വിപണിയില്‍ നിന്ന് മൂല്യം നേടിയെടുക്കുകയെന്നതല്ല പരമ്പരാഗത അരികളെക്കുറിച്ചുള്ള അറിവ് ആളുകളിലെത്തിക്കുകയെന്നതാണ് ലക്ഷ്യം. പലരും മുപ്പതിന്‍റെ അരിയുണ്ടോ 40-ന്‍റെ അരിയുണ്ടോ എന്നൊക്കെയല്ലേ ചോദിക്കുന്നത്. അരിയ്ക്കൊരു പേരുണ്ട്, അതിനൊരു ഗുണമുണ്ട് എന്നൊക്കെയുള്ള അറിവ് ആളുകളിലെത്തിക്കുകയാണ് വേണ്ടത്.

ജൈവമില്ലിന്‍റെ ഉദ്ഘാടനം കൃഷമന്ത്രി വി എസ് സുനില്‍ കുമാര്‍ നിര്‍വഹിക്കുന്നു

“ടാപ്കോയിലെ 86 കര്‍ഷകരോടൊപ്പവും അവരുടെ എല്ലാ പ്രശ്നങ്ങളിലും പരിഹാരവുമായി ഒപ്പമുണ്ടാകും കമ്പനി. ഒരു മണിക്കൂറില്‍ ഒരു ടണ്‍ നെല്ല് പ്രൊസസ് ചെയ്യാന്‍ സാധിക്കുന്ന മില്‍ കമ്പനിക്കുണ്ട്.

“കേരളത്തിലെ ആദ്യ ജൈവ മില്‍ ആണിത്. ജൈവ നെല്ല് മാത്രമേ ഇവിടെ കുത്താറുള്ളൂ. കര്‍ഷകരില്‍ നിന്ന് നെല്ല് ശേഖരിച്ച് ഈ മില്ലില്‍ കുത്തിയാണ് അരി വിപണിയിലെത്തിക്കുന്നത്.

“25 ലക്ഷം രൂപ ചെലവിലാണ് മിൽ നിർമ്മിച്ചത്. 11 ലക്ഷം രൂപ കൃഷിവകുപ്പാണ് നൽകിയത്.


ടാപ്കോയിലെ കർഷകരുടെ നെൽകൃഷി മാത്രം 200 ഏക്കറിലുണ്ട്. ഈ കർഷകരുടെ മറ്റു വിളകളുടെ കൃഷിയും കൂടി കണക്കാക്കിയാൽ 400 ഏക്കറിലധികം വരും.


“നിലവിൽ ടാപ്കോ നെല്ല് മാത്രമേ ശേഖരിക്കുന്നുള്ളൂ. മറ്റു വിളകൾ കൂടി ശേഖരിക്കാനുള്ള സാമ്പത്തിക ശേഷി കമ്പനിക്ക് ഇല്ല. എന്നാൽ വയലിൽ നിന്നുള്ള എല്ലാ വിളകൾക്കും വിപണി ഒരുക്കണമെന്നുണ്ട്.

“നെല്ല് കൊയ്തതിന് ശേഷം പയർ, എള്ള് പോലുള്ള കൃഷി ചെയ്യും. വർഷം മുഴുവനും വയലിൽ നിന്ന് കർഷകര്‍ക്ക് വരുമാനം കിട്ടണമെന്നാണ് ആ​ഗ്രഹം,” രാജേഷ് പ്രതീക്ഷയോടെ പറയുന്നു.

“ടാപ്കോയുടെ ആരംഭത്തിന് രാജേഷാണ് ചുക്കാൻ പിടിച്ചത്.” ടാപ്കോയുടെ ചെയര്‍മാനും കര്‍ഷകനുമായ ജോണ്‍സണ്‍ ഒ വി പറയുന്നു. “ഒരുപാട് കർഷകർക്ക് ടാപ്കോ പ്രയോജനപ്പെടുന്നുണ്ട്. കൊയ്ത്ത് കഴിഞ്ഞ കണ്ടത്തിൽ വച്ചു തന്നെ കമ്പനി നെല്ല് വാങ്ങിക്കും. കണ്ടത്തില്‍ പോയി നേരിട്ടാണ് നെല്ല് ശേഖരിക്കുന്നത്. നല്ല വിലയും കർഷകർക്ക് നൽകുന്നുണ്ട്.

രാജേഷ് കൃഷ്ണന്‍

“കൃഷി ആഘോഷിക്കുകയാണ് ഞങ്ങൾ. കഴിഞ്ഞ മൂന്നു വർഷവും വിത്തുത്സവം നടത്തിയിരുന്നു. ഉത്സവത്തിൽ അപൂർവ വിത്തിനങ്ങൾ പ്രദർശിപ്പിക്കുകയും പരിചയപ്പെടുത്തുകയും ചെയ്യും. കുറഞ്ഞ വിലയ്ക്ക് വിത്തിനങ്ങൾ നൽകുകയും ചെയ്തിരുന്നു.

“സൗഹൃദ ഗ്രാമശ്രീയുടെ നേതൃത്വത്തിലാണ് കാർഷിക ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. കമ്പളനാട്ടി പോലുള്ള പാരമ്പര്യ ആചാരങ്ങളും ആഘോഷിക്കാറുണ്ട്.” അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 13 വര്‍ഷമായി വയനാട്ടില്‍ കൃഷി ചെയ്യുന്നുണ്ട് അധ്യാപകനായിരുന്ന ജോണ്‍സണ്‍. തിരുനെല്ലി വിത്തുത്സവത്തിന് തണല്‍ ആണ് തുടക്കമിട്ടതെന്ന് രാജേഷ്.

“പച്ചക്കറിയും വീട്ടിൽ കൃഷി ചെയ്യുന്നുണ്ട്. കൊയ്ത്ത് കഴിഞ്ഞാൽ പാടത്ത് പയർ, വന്‍പയര്‍, ഉഴുന്ന് ഇതൊക്കെ ചെയ്യും. ഫലവൃക്ഷങ്ങളും വീട്ടുമുറ്റത്തുണ്ട്. അഞ്ച് വർഷം മുൻപാണിവിടെ വീട് നിര്‍മിച്ചത്, മണ്‍വീടാണിത്.

“കാട്ടുകല്ലും മണ്ണും ഉപയോഗിച്ചാണ് വീട് പണിതത്. ടൗണിലൊരു വീട് പൊളിച്ചപ്പോ കിട്ടിയ മരങ്ങള്‍ ഉപയോഗിച്ചാണ് വാതിലും ജനലും നിര്‍മിച്ചത്. ഓടും അങ്ങനെ വാങ്ങിയതാണ്. ആർക്കിടെക്ച്ചറിനോട് താത്പ്പര്യമുള്ളത് കൊണ്ട് ഉമയാണ് വീടിന്‍റെ ഡിസൈൻ ചെയ്തത്. മകൾ വാണി അഞ്ചാം ക്ലാസിൽ പഠിക്കുന്നു,” രാജേഷ് പറഞ്ഞു.

ഫോട്ടോ : ഉമ സന്നാസി


ഇതുകൂടി വായിക്കാം:‘പശുക്കിടാങ്ങളേയും പട്ടികളേയും രാത്രി കടുവ കൊണ്ടുപോകും. പരാതിയില്ല, അവര്‍ക്കും അവകാശപ്പെട്ടതല്ലേ’: കാടിറമ്പില്‍, പ്രകൃതിയിലലിഞ്ഞ് ഒരു കര്‍ഷകന്‍


അഭിപ്രായം അറിയിക്കൂ:malayalam@thebetterindia.com, നമുക്ക് സംസാരിക്കാം Facebook ,Twitter 

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം