ശ്രീധര്‍ രാധാകൃഷ്ണന്‍റെ വസന്തം എന്ന വീട്

‘റീസൈക്കിൾ’ ചെയ്തെടുത്ത മനോഹരമായ ഇരുനില മൺവീട്

മുളംതൂണുകളും നീളന്‍ വരാന്തകളും മരഗോവണിയുമൊക്കെയായി മനോഹരമായ വീട്…ചുറ്റും മരങ്ങള്‍, ചെടികള്‍, പച്ചക്കറികള്‍

ണ്ണിന്‍റെ നിറമുള്ള വീട്… കാഴ്ചയില്‍ മാത്രമല്ല ഈ വീടിന് മണ്ണിന്‍റെ മണവുമുണ്ട്. മരങ്ങളും പൂച്ചെടികളുമൊക്കെ നിറയുന്ന മുറ്റം പിന്നിട്ട് ഈ മണ്‍വീടിനുള്ളിലേക്ക് എത്തിയാല്‍ നല്ല തണുപ്പായിരിക്കും.

തിരുവനന്തപുരം കരകുളത്തെ ഈ വീട്ടില്‍  കൊടുംചൂടിലും  ഇളം തണുപ്പാണ്. മണ്ണും കുമ്മായവും പഴയവീടുകളുടെ ചുടുകട്ടയും കല്ലും ഓടും മരത്തടികളുമൊക്കെ ശേഖരിച്ച് പണിതെടുത്തതാണിത്.

മുളംതൂണുകളും നീളന്‍ വരാന്തകളും മരഗോവണിയുമൊക്കെയുള്ള ഗംഭീരമായ ഒരു വീട്. സര്‍ക്കാര്‍ കോളെജുകളിലെ എന്‍ജിനീയറിങ്ങ് അധ്യാപനം പാതിവഴിയില്‍ അവസാനിപ്പിച്ച് നെല്ല് സംരക്ഷണവും പരിസ്ഥിതി പ്രവര്‍ത്തനവും എഴുത്തും വായനയുമൊക്കെയായി ജീവിക്കുന്ന തിരുവനന്തപുരംകാരന്‍ ശ്രീധര്‍ രാധാകൃഷ്ണന്‍റെ വീടാണിത്.

ശ്രീധര്‍ രാധാകൃഷ്ണന്‍റെ വസന്തം എന്ന വീട്

നഗരത്തിലെ അപ്പാര്‍ട്ട്മെന്‍റ് വിറ്റ ശേഷമാണ് കരകുളത്ത് 23 സെന്‍റ് ഭൂമി വാങ്ങുന്നതും വീട് പണിയുന്നതും. ആശിച്ചതു പോലെ പ്രകൃതിസൗഹൃദമായ ആ വീടിനോട് ചേര്‍ന്ന് പച്ചക്കറികളും പൂച്ചെടികളും മരങ്ങളുമൊക്കെ നട്ടു പിടിപ്പിച്ചിട്ടുമുണ്ട്.

വസന്തം നിര്‍മ്മിച്ചിട്ട് മൂന്നു വര്‍ഷം കഴിഞ്ഞു. വീട് വയ്ക്കണമെന്നൊന്നും ഉദ്ദേശിച്ചിരുന്നില്ല. പക്ഷേ നിര്‍മ്മിക്കുകയാണെങ്കില്‍ പ്രകൃതിയോട് ഇണങ്ങിയുള്ളതായിരിക്കണമെന്ന നിര്‍ബന്ധമുണ്ടായിരുന്നു.” തിരുവനന്തപുരം ആസ്ഥാനമായ തണല്‍ എന്ന സംഘടനയുടെ പ്രോഗ്രാം ഡയറക്റ്ററായ ശ്രീധര്‍ രാധാകൃഷ്ണന്‍ വീടിന്‍റെ വിശേഷങ്ങള്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

“മുളയും മണ്ണും കുമ്മായവും ഇഷ്ടികയുമൊക്കെ ഉപയോഗിച്ചാണ് ഈ വീട് നിര്‍മ്മിച്ചിരിക്കുന്നത്. ഈ പറമ്പിലെ മണ്ണ് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. കുമ്മായം പുറമേ നിന്നു വാങ്ങി.

“പഴയൊരു വീട് പൊളിച്ചവരില്‍ നിന്നാണ് ഇഷ്ടിക വാങ്ങിയത്. പുതുതായി വാങ്ങിയവയല്ല. ഇഷ്ടികയും സിമന്‍റും ഉപയോഗിച്ച് പണിയുന്ന വീട് പൊളിച്ചാല്‍ പിന്നീട് ഉപയോഗിക്കാന്‍ അതില്‍ നിന്നും ഒന്നും കിട്ടില്ല. പൊളിക്കുമ്പോള്‍ കട്ട പൊട്ടി പോകും.

“എന്നാല്‍ മണ്ണും കുമ്മായവും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന വീടുകള്‍ പൊളിച്ചാലും ആ കല്ലൊക്കെ പ്രയോജനപ്പെടുത്താനാകും. അങ്ങനെയൊരു ഗുണം പഴയ വീടുകള്‍ക്കുണ്ട്. നല്ല കല്ലുകള്‍ മാത്രമല്ല നല്ല മരത്തടികളുടെ ഉരുപ്പടികളും കിട്ടും.

വീടിന്‍റെ അകം

“സിമന്‍റും കമ്പിയും ഉപയോഗിച്ച് വീട് നിര്‍മ്മിക്കാന്‍ തുടങ്ങിയതോടെയാണ് പ്രകൃതിസൗഹാര്‍ദമായ വീടുകള്‍ നഷ്ടപ്പെട്ടത്. മാത്രമല്ല, കാലാവസ്ഥയ്ക്കും മോശമാണ് അതൊക്കെയും.

“ഇരുമ്പ് കമ്പിയും സിമന്‍റുമൊക്കെയിട്ട് പണിയുന്ന വീടുകളില്‍ ചൂട് കൂടുതലായിരിക്കും. ആ ചൂടിനെ പ്രതിരോധിക്കാന്‍ ഫാനും എസിയുമൊക്കെ വേണ്ടി വരും.

“അതുമാത്രമല്ല, സിമന്‍റ് കെട്ടിടങ്ങള്‍ക്കുണ്ടാകുന്ന പ്രശ്നമാണ് ചോര്‍ച്ച. അതോടെ ആ ലീക്ക് പരിഹരിക്കുന്നതിന് വീടുകള്‍ ട്രസ് വര്‍ക്ക് ചെയ്യേണ്ടി വരും. കേരളത്തിലെ 30-40 വര്‍ഷം പഴക്കമുള്ള സിമന്‍റ് കെട്ടിടങ്ങളുടെ ഇന്നത്തെ അവസ്ഥയാണിത്.

“എന്നാല്‍ പണ്ടുകാലങ്ങളിലെ വീടുകള്‍ക്ക് ഈ പ്രശ്നങ്ങള്‍ ഇല്ലായിരുന്നു. മരമോ മണ്ണോ ഉപയോഗിച്ച് പണിയുന്ന വീടുകള്‍ക്ക് ചിതല്‍ പോലുള്ള പ്രശ്നങ്ങളുണ്ടായേക്കാം.

മണ്‍വീടിന്‍റെ ബാല്‍ക്കണി

“ചിതലിനെയൊക്കെ അകറ്റി നിറുത്താനുള്ള നോണ്‍ കെമിക്കല്‍ വസ്തുക്കള്‍ സുലഭമല്ലേ. കശുവണ്ടിക്കറ, വേപ്പെണ്ണ, ദേവതാരു എണ്ണ, ഇഞ്ചിപ്പുല്ല് എണ്ണ ഇതൊക്കെ ഉപയോഗിച്ചാല്‍ മതി. കുമ്മായം ഉപയോഗിക്കുന്നതും ചിതലിനെയൊക്കെ ഒഴിവാക്കാനാണ്.

“വളരെ കുറച്ചു സിമന്‍റ് മാത്രമേ ഈ വീടിന് ഉപയോഗിച്ചിട്ടുള്ളൂ. വാട്ടര്‍ ടാങ്ക് വയ്ക്കുന്ന സ്ഥലത്തിനും ബാത്ത്റൂമിന്‍റെ കുറച്ചു ഭാഗങ്ങള്‍ക്കും മാത്രം. സാധാരണ സിമന്‍റ് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന വീടിന് വേണ്ടി വരുന്ന സിമന്‍റിന്‍റെ 10 ശതമാനം മാത്രമേ വേണ്ടി വന്നുള്ളൂ,” അദ്ദേഹം വിശദമാക്കുന്നു.

2,300 സ്ക്വയര്‍ഫീറ്റ് വിസ്തീര്‍ണമുള്ള രണ്ട് നില വീടാണിത്. ഇത്രയും വലിപ്പമുള്ള വീട് നിര്‍മിക്കുന്നതിന് കുറഞ്ഞത് 2,000 ചാക്ക് സിമന്‍റ് വേണ്ടി വരും. എന്നാല്‍ ഈ വീടിന് 200 ചാക്ക് സിമന്‍റ് മാത്രം വേണ്ടി വന്നുള്ളൂ.

“വീട് നിര്‍മിക്കുന്ന കാലത്ത് ഒരു ബാഗ് സിമന്‍റിന് ഏതാണ്ട് 450 രൂപയെന്തോ ആണ് വില. സിമന്‍റിന്‍റെ കാര്യത്തില്‍ മാത്രം എട്ട് ലക്ഷം രൂപയോളം ലാഭിക്കാന്‍ സാധിച്ചു,” അദ്ദേഹം പറഞ്ഞു.

കരകുളത്ത് 23 സെന്‍റ് ഭൂമിയും പഴയൊരു വീടും കൂടിയാണ് ശ്രീധര്‍ വാങ്ങിച്ചത്. ആ വീട് പൊളിച്ചപ്പോള്‍ കിട്ടിയ വസ്തുക്കളെല്ലാം ഈ വീടുണ്ടാക്കാന്‍ പ്രയോജനപ്പെടുത്തി. പഴയ കല്ലും മരത്തടികളുമൊക്കെ പലയിടങ്ങളില്‍ നിന്ന് ശേഖരിച്ചാണ് വീട്  പൂര്‍ത്തിയാക്കിയത്.

ശാസ്തമംഗലത്ത് ഒരു കൊട്ടാരം പോലൊരു വീട് പൊളിച്ചപ്പോ കിട്ടിയ ഇഷ്ടികയാണ് ഉപയോഗിച്ചിരിക്കുന്നത്. “ആ വീടിന് മുന്നിലൂടെ സഞ്ചരിക്കുമ്പോള്‍, വീട് പൊളിച്ച് ഇഷ്ടികയെല്ലാം കൂട്ടിവച്ചിരിക്കുന്ന കണ്ടു. അങ്ങനെ അവരോട് ചോദിച്ച് വാങ്ങിക്കുകയായിരുന്നു. പകുതി വിലയ്ക്ക് നല്ല ക്വാളിറ്റിയുള്ള കല്ല് കിട്ടി. ബ്രീട്ടിഷ് കാലത്ത് നിര്‍മിച്ച ഈ കെട്ടിടം പഴയൊരു ദിവാന്‍റേതായിരുന്നു.”

ഇതുപോലെ തന്നെയാണ് വീട്ടിലേക്കുള്ള ജനലുകളും വാതിലുമൊക്കെ സ്വന്തമാക്കിയത്. എല്ലാം പഴയ വീടുകളുടേത്.

“പണ്ടൊക്കെ വീടുകളിലെ ജനലുകള്‍ പൂര്‍ണമായും തടിയിലായിരിക്കുമല്ലോ. കുറച്ചു വെട്ടമൊക്കെ വേണമെന്നുള്ളതു കൊണ്ട് ആ ജനലുകളുടെ ഒരു പാളി പൊളിച്ച് ചില്ലിട്ടു.

“മുകള്‍ നിലയിലേക്ക് വേണ്ട ഓടുകളും സെക്കന്‍റ്ഹാന്‍റ് ആണ്. ഓടുകളൊന്നും പെയിന്‍റ് ചെയ്യുകയോ കഴുകി വൃത്തിയാക്കുകയോ ചെയ്തില്ല. അങ്ങനെ ചെയ്താല്‍ പൊട്ടാന്‍ സാധ്യതയുണ്ട്.

“ബോറാക്സും ബോറിക് ആസിഡും ഉപയോഗിച്ച് ട്രീറ്റ് ചെയ്ത മുളകള്‍ കൊണ്ടാണ് താഴത്തെ നിലയുടെ റൂഫ്. വീടിന്‍റെ തൂണുകളും പാരപ്പറ്റുമൊക്കെയും മുള  ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്.”

ട്രീറ്റ് ചെയ്ത കാറ്റാടിക്കഴയും പട്ടികയുമാണ് മേല്‍ക്കൂരയുടെ സ്ട്രക്ച്ചര്‍.  കോസ്റ്റ് ഫോഡിലെആര്‍ക്കിടെക്റ്റ് പി ബി സാജനാണ് വീടിന്‍റെ ‍ഡിസൈന്‍ ചെയ്തിരിക്കുന്നത്. പഴയ സാധനങ്ങള്‍ തേടി നടക്കുന്നതും പലയിടത്തുനിന്നായി ശേഖരിക്കുന്നതും രസകരമായ അനുഭവമായിരുന്നുവെന്ന് ശ്രീധര്‍ പറയുന്നു.

“പുതിയത് വാങ്ങുന്നതിനെക്കുറിച്ച് പറയുമ്പോ സാജന്‍ തന്നെ പറയും, സെക്കന്‍റ്ഹാന്‍റ് കിട്ടും കെട്ടോ എന്ന്,” അദ്ദേഹം ഓര്‍ക്കുന്നു.

“അങ്ങനെ ചോദിച്ചും അന്വേഷിച്ചുമാണ് ജനലും വാതിലും ഗോവണിയുമൊക്കെ കണ്ടെത്തിയത്. പഴയ വീടുകളും കെട്ടിടങ്ങള്‍ പൊളിച്ചതുമൊക്കെയായി ഒരുപാട് നല്ല മര ഉരുപ്പടികള്‍ ലഭ്യമാണ്. ഉഗ്രന്‍ തടി കൊണ്ടുള്ള ഉരുപ്പടികളൊക്കെ പകുതി വിലയ്ക്ക് വാങ്ങിക്കാനാകും.”

അന്വേഷിച്ചാല്‍  കേരളത്തിലെല്ലായിടത്തും ഇങ്ങനെ നല്ല ഗുണമുള്ള മര ഉരുപ്പടികള്‍ താങ്ങാവുന്ന വിലയ്ക്ക് കിട്ടുമെന്ന് അദ്ദേഹം പറയുന്നു. .

“വീട്ടിലെ മരഗോവണിയും ഇങ്ങനെയുള്ള അന്വേഷണത്തിനിടെ കിട്ടിയതാണ്. പഴയതൊക്കെ വില്‍ക്കുന്ന ഒരു കടയുടെ മുന്നിലെ തെങ്ങില്‍ ചാരിവച്ചിരിക്കുകയായിരുന്നു ഗോവണി.

“കണ്ടപ്പോ എനിക്കിഷ്ടപ്പെട്ടു. ആ മരഗോവണി വീട്ടിലെത്തിച്ച ചാര്‍ജ് അടക്കം 8,000 രൂപയോളം വേണ്ടി വന്നു. എന്നാല്‍ പണിക്ക് വന്ന ആശാരി ഇതു കണ്ടപ്പോ പറഞ്ഞത്, ഇങ്ങനെയൊരെണ്ണം ഉണ്ടാക്കാന്‍ 75,000 രൂപയെങ്കിലും വേണ്ടി വരുമെന്നാണ്.”

ശ്രീധര്‍ രാധാകൃഷ്ണന്‍റെ വസന്തം എന്ന വീട്

ഒരുപോലെയുള്ള ജനലുകള്‍ക്കായുള്ള അന്വേഷണവും അങ്ങനെ തന്നെ.

“ഒരു സ്ഥലത്ത് ഒരുപോലുള്ള ജനലുകള്‍ കുറേ അടുക്കി വെച്ചിരിക്കുന്നത് കണ്ടു. വീട്ടിലേക്ക് എത്ര ജനലുകളാ വേണ്ടതെന്നു പോലും നോക്കാതെ കുറേ വാങ്ങിച്ചു. ഇപ്പോ വീട് നിറയെ ജനലുകളാണ്,” അദ്ദേഹം ചിരിക്കുന്നു. “അതുകൊണ്ടെന്താ, നല്ല കാറ്റും കിട്ടി, വീടിന് ഭംഗിയുമായി.”

വിശാലമായ സ്വീകരണ മുറി, അതിനോട് ചേര്‍ന്നുള്ള തുറന്ന അടുക്കളയും വര്‍ക്ക് ഏരിയയും. ഒരു അറ്റാച്ച്ഡ് ബാത്ത്റൂമോടു കൂടിയ രണ്ട് കിടപ്പുമുറികള്‍. കോമണ്‍ ബാത്ത്റൂം വേറെയും. മുകളില്‍ രണ്ട് ഭാഗമായി തിരിച്ചിരിക്കുകയാണ്. ഒരു വലിയ ഓപ്പണ്‍ സ്പേസും മറ്റൊന്നു മുറി പോലെയും. വീടിന് ചുറ്റും വരാന്തയും കെട്ടിയിട്ടുണ്ട്. ഇതെല്ലാം കൂടി 2,300 ചതുരശ്ര അടി വിസ്തീര്‍ണം.


ഇതുകൂടി വായിക്കാം:ഇവിടേക്ക് ആര്‍ക്കും ക്ഷണമില്ല: ഭാരതപ്പുഴയോരത്ത് കൈകൊണ്ടു മെനഞ്ഞ ജീവനുള്ളൊരു വീട്, കിളികള്‍ക്കായി പഴക്കാട്


പത്ത് മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഈ വീടിന് ഒരു സ്ക്വയര്‍ഫീറ്റിന് 1,250 രൂപ മാത്രമേ ചെലവായുള്ളൂ എന്ന് അദ്ദേഹം പറയുന്നു.

“സിമന്‍റിന്‍റെ ഉപയോഗമാണ് ചെലവ് വര്‍ധിപ്പിക്കുന്നത്. ഊര്‍ജ ഉപയോഗത്തിന്‍റെ കാര്യത്തിലും ശ്രദ്ധയുണ്ട്. കുറഞ്ഞ ഊര്‍ജം കൊണ്ടു പ്രവര്‍ത്തിക്കുന്ന എല്‍ഇഡി ലൈറ്റുകളും ബിഎല്‍ഡിസി ഫാനുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരുമാസം 80-90 യൂനിറ്റ് ശരാശരി വൈദ്യുതി വേണ്ടി വരുന്നുള്ളൂ.” ശ്രീധര്‍ വ്യക്തമാക്കി.

മരഗോവണി
പച്ചപ്പിന് നടുവില്‍ ഒരു പ്രകൃതിവീട്

മണ്‍വീട് കാണാനും നിരവധിയാളുകള്‍ വരാറുണ്ട്. വരുന്നവരില്‍ ഏറെപ്പേര്‍ക്കും ഈ വീട് ഇഷ്ടപ്പെടാറുണ്ട്. എന്നാല്‍ ‘ഇതൊക്കെ ശ്രീധറിനെ പോലുള്ളവര്‍ക്ക് സാധിക്കും ഞങ്ങള്‍ക്കൊന്നും പറ്റില്ലെ’ന്നു പറഞ്ഞവരുണ്ടെന്നു അദ്ദേഹം.

“നല്ല പോലെ ശ്രദ്ധിക്കണ്ടേയെന്നാ അവര് പറയുന്നത്. ടൈല്‍സും സിമന്‍റുമാണേല്‍ ശ്രദ്ധയൊന്നും വേണ്ടെന്നാണ് അവരൊക്കെ കരുതിയിരിക്കുന്നത്. അതും ശ്രദ്ധിക്കേണ്ടതാണ്. മാര്‍ബിള്‍ വീടുകളിലും പല്ലിയും പാറ്റയുമൊക്കെ വരാറുണ്ട്. പിന്നെ ചിലര്‍ക്ക് ഇതൊക്കെ കണ്ടാല്‍ മനസിലാകുകയുമില്ല.


വീടിന്‍റെ പാലു കാച്ചലിന് ചിലര്‍ ചോദിച്ചത്, നിര്‍മ്മാണം പൂര്‍ത്തിയായില്ലായിരുന്നോ എന്നാണ്.


“വരാന്തയിലെ മുളംതൂണുകള്‍ കണ്ടപ്പോ അവര്‍ക്ക് സംശയം തോന്നിയതാണ്. പിന്നെ ചിലര്‍ക്ക് ഈ വീട് കുറേക്കാലം നില്‍ക്കുമോ സുരക്ഷിതമാണോ എന്നൊക്കെയാണ് സംശയം. ഒരുപാട് ആളുകള്‍ വന്നു കണ്ടു, ഇതുപോലെ വയ്ക്കണമെന്നു തീരുമാനിച്ചവരുമുണ്ട്,” എന്ന് ശ്രീധര്‍

വീട്ടിലേക്കാവശ്യമായ പച്ചക്കറിയും കൃഷി ചെയ്യുന്നുണ്ട് ശ്രീധറും കുടുംബവും. വെണ്ട, പലതരം ചീരകള്‍, പപ്പായ, വഴുതന, വാഴ, കപ്പ, ചേമ്പ്, ചേന, ഇഞ്ചി, മഞ്ഞള്‍ ഇതൊക്കെ കൃഷി ചെയ്യുന്നുണ്ട്.

പറമ്പ് നിറയെ പലതരം മരങ്ങളും നട്ടു പിടിപ്പിച്ചിട്ടുണ്ട് . ഒരു സപ്പോട്ടയും ഒരു പേരമരവും രണ്ട് തെങ്ങും മാത്രമായിരുന്നു ഇവിടെയുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ പ്ലാവുകള്‍, മാവ്, പവിഴമല്ലി, നന്ത്യാര്‍വട്ടം, ഗന്ധരാജന്‍, മനോരജ്ഞിതം, നാടന്‍ പൂച്ചെടികള്‍, മാതളം, നെല്ലി, കുടംമ്പുളി ഇതൊക്കെ വളര്‍ന്നു പച്ചപിടിച്ചു.

കൃഷിക്കാര്യങ്ങളുടെ മേല്‍നോട്ടം അദ്ദേഹത്തിന്‍റെ ഭാര്യ ശോഭയ്ക്കാണ്. കംപ്യൂട്ടര്‍ എന്‍ജിനീയറിങ് പൂര്‍ത്തിയാക്കിയ ശ്രീധര്‍ കുറച്ചുകാലം എന്‍ജിനീയറിങ് കോളെജില്‍ അധ്യാപകനായിരുന്നു. ആ സമയത്താണ് “പരിസ്ഥിതി കുറച്ച് തലയ്ക്ക് പിടിച്ച”തെന്നു അദ്ദേഹം.

“1997-ല്‍ ജോലി രാജിവച്ചു. പിന്നീട് പരിസ്ഥിതി പ്രവര്‍ത്തനങ്ങളും ഗവേഷണങ്ങളുമൊക്കെയായിരുന്നു.1986-ലാണ് ‘തണല്‍’ ആരംഭിച്ചത്. പഴയ വിത്തിനങ്ങള്‍ സംരക്ഷിക്കുക, പരിസ്ഥിതി സംരക്ഷണം ഇതൊക്കെയാണ് തണല്‍ ചെയ്യുന്നത്.” ( കൂടുതല്‍ അറിയാന്‍ തണലിന്‍റെ വെബസൈറ്റ് സന്ദര്‍ശിക്കാം)

ശ്രീധര്‍ കുടുംബത്തിനൊപ്പം

കേരളത്തിന് പുറമെ തമിഴ്നാട്, പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ്, കാര്‍ണാടക, ചത്തീസ്ഗഢ് തുടങ്ങി രാജ്യത്തിന്‍റെ പലഭാഗങ്ങളിലുമുള്ള കര്‍ഷകരുമായി ചേര്‍ന്ന്    ‘സേവ് അവര്‍ റൈസ്’ എന്നൊരു ക്യാംപെയിന്‍ തണലിന്‍റെ മുന്‍കൈയില്‍ നടത്തുന്നുണ്ട്. നാടന്‍ നെല്ലിനങ്ങള്‍ സംരക്ഷിക്കുകയാണ് പ്രധാന ലക്ഷ്യം. ഈ കാംപെയിനില്‍ സജീവമാണ് ശ്രീധര്‍, ഒപ്പം തണലിന്‍റെ മറ്റ് പ്രവര്‍ത്തനങ്ങളിലും.

ഇതിനൊപ്പം വയനാട്ടിലെ നാടന്‍ നെല്ലുത്പ്പാദ കര്‍ഷക കമ്പനിയായ ടാപ്‍കോയുടെ ഡയറക്റ്ററാണ്. ദേശീയതലത്തില്‍ ആശ കിസാന്‍ സ്വരാജ് എന്ന കര്‍ഷക കൂട്ടായ്മയിലെ സജീവ അംഗവുമാണ്.

“നെല്ല് നഷ്ടമാണെന്ന് പ്രചരിച്ച നാളുകളില്‍ അതിനൊരു മാറ്റം വരുത്താന്‍ തണലിലൂടെ കുറേ പരിശ്രമിച്ചിട്ടുണ്ട്. സേവ് അവര്‍ റൈസ് പരിപാടിയിലൂടെ ഒരുപാട് നെല്ലിനങ്ങളെ വീണ്ടും കൊണ്ടുവരാനായിട്ടുണ്ട്.

മുകള്‍ വരാന്തയില്‍ നിന്നുള്ള കാഴ്ച

“1,500 നാടന്‍ ഇനങ്ങള്‍ തിരികെ കൊണ്ടു വന്നു, അതൊക്കെ കര്‍ഷകര്‍ ഇപ്പോ സംരക്ഷിക്കുന്നുണ്ട്. 300-ലധികം നെല്ലിനങ്ങള്‍ വയനാട്ടില്‍ തണല്‍ സംരക്ഷിക്കുന്നുണ്ട്. നെല്ല് സംരക്ഷിക്കുന്നതിനുള്ള പ്രചരണങ്ങളൊക്കെ ഇപ്പോഴും തണല്‍ സംഘടിപ്പിക്കാറുണ്ട്.

“എല്ലാത്തിനും പിന്തുണയേകി ഭാര്യയും മോനും ഒപ്പമുണ്ട്. എന്‍ജിനീയറിങ്ങ് കഴിഞ്ഞ ശോഭയാണ് ഭാര്യ. തിരുവനന്തപുരത്ത് ടെക്നിക്കല്‍ ഹയര്‍സെക്കന്‍ററി സ്കൂളില്‍ അധ്യാപികയാണ്. മകന്‍ അംബരീഷ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇതുകൂടി വായിക്കാം:ഈ വനത്തിനുള്ളിൽ ആക്രി കൊണ്ട് 3,500 സ്ക്വയർ ഫീറ്റ് മരവീട്! കൊടുംവേനലിലും ഫാൻ വേണ്ട


അഭിപ്രായം അറിയിക്കൂ:malayalam@thebetterindia.com, നമുക്ക് സംസാരിക്കാം Facebook ,Twitter 
സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം