‘മാപ്ലാ അച്ചന്‍റെ’ വല്ലാത്തൊരു പ്രേമം! കോളെജിന്‍റെ വൈസ് പ്രിന്‍സിപ്പല്‍, കായികാധ്യാപകന്‍…പക്ഷേ, പ്രണയം മരങ്ങളോട്

ആ കഥ ജോയ് അച്ചനില്‍ വലിയ സ്വാധീനം ചെലുത്തി. മാവും പ്ലാവുമായുള്ള ആത്മബന്ധത്തിന് മുളയെടുത്തതും ഈ കഥയില്‍ നിന്നാണ്.

തൃ ശ്ശൂര്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിന്‍റെ വൈസ് പ്രിന്‍സിപ്പലും കായിക അധ്യാപകനുമായ ഫാ. ജോയി പീണിക്കപ്പറമ്പില്‍ അറിയപ്പെടുന്നത് പ്ലാവ് അച്ചനെന്നും, മാവ് അച്ചനെന്നും മാപ്ലാ അച്ചനെന്നുമൊക്കെയാണ്.

മാവും, പ്ലാവും അച്ചന് വലിയ ഇഷ്ടമാണ്. ഈ ഇഷ്ടം പക്ഷേ, അച്ചനില്‍ മുളപൊട്ടാന്‍ കാരണമായതാകട്ടെ 2010-ല്‍ ദക്ഷിണാഫ്രിക്കയില്‍ അരങ്ങേറിയ ഒരു കായിക മാമാങ്കമായിരുന്നു.

നാട്ടുമാവിനോടും, പ്ലാവിനോടും ഇഷ്ടം മൂത്ത് ഒരു ക്യാംപസിനെയാകെ ഹരിതാഭമാക്കിയിരിക്കുകയാണ് ഫാ. ജോയ് പീണിക്കപ്പറമ്പില്‍.

ഫാ. ജോയ് പീണിക്കപ്പറമ്പില്‍

60 ഏക്കറോളം വരുന്ന ക്യാംപസില്‍ അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ നട്ടുപിടിപ്പിച്ചത് 1,500-ഓളം വൃക്ഷത്തൈകളാണ്. ഭൂരിഭാഗവും നാട്ടുമാവിന്‍ തൈകളാണ്. പിന്നെ വിവിധ ഇനത്തില്‍പ്പെട്ട പ്ലാവുകളുമുണ്ട്. അവയില്‍ ചിലതെല്ലാം ഈ ലോക്ക്ഡൗണ്‍ കാലത്ത് കായ്ഫലം നല്‍കുകയും ചെയ്തു. ഈ വര്‍ഷം ഫെബ്രുവരി മുതല്‍ ജോയി അച്ചന്‍ താമസിക്കുന്ന ക്രൈസ്റ്റ് ആശ്രമത്തില്‍ ഒരു നേരമെങ്കിലും ചക്ക കൊണ്ടുള്ള കറിയോ ചക്കപ്പഴമോ ഉണ്ടായിരുന്നു.

2010 ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളാണ് ഫാ. ജോയിയെ പ്ലാവിലേക്കും മാവിലേക്കും അടുപ്പിച്ചത്. അന്ന്, കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ അവരുടെ ഇഷ്ട താരങ്ങള്‍ക്കു വേണ്ടി ഓരോ മുക്കിലും മൂലയിലും ഫ്‌ളെക്‌സുകള്‍ തയാറാക്കി സ്ഥാപിച്ചു. കോടി കണക്കിന് രൂപയാണ് അതിനായി ചെലവഴിച്ചത്. ഫ്‌ളെക്‌സ് പരിസ്ഥിതിക്കു ദോഷം ചെയ്യുമെന്ന കാര്യം പലരും മറന്നു. എന്നാല്‍ ഈയൊരു കാര്യം ജോയി അച്ചന് അത്ര പെട്ടെന്നു മറക്കാന്‍ സാധിച്ചില്ല.

“ആരാധന മൂത്ത് ഫ്‌ളെക്‌സ് അടിക്കുന്നതിനു പകരം കളിക്കാരുടെ പേരില്‍ ഓരോ വൃക്ഷത്തൈകള്‍ നട്ടുപരിപാലിക്കുന്നതല്ലേ ഉചിതമെന്ന് ആരാധകര്‍ എന്തു കൊണ്ട് ആലോചിക്കുന്നില്ല,’ എന്‍റെ ചിന്തകള്‍ ഇത്തരത്തിലായി. ഒടുവില്‍ ഞാന്‍ തന്നെ അതിനു പരിഹാരം കണ്ടെത്തുകയും ചെയ്തു,” ഫാ. ജോയ് പറയുന്നു.

ഫാ. ജോയ്

ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍ ഓരോ ഗോളടിക്കുന്ന കളിക്കാരന്‍റെ പേരില്‍ ഓരോ വൃക്ഷത്തൈ നടാന്‍ അദ്ദേഹം തീരുമാനിച്ചു. ക്രൈസ്റ്റ് കോളെജിലെ എന്‍.എസ്.എസ്, എന്‍.സി.സി യൂണിറ്റുകളും, അധ്യാപകരും, കുട്ടികളുമെല്ലാം അതിനെ പിന്തുണച്ചു. ‘ ഒരു ഗോള്‍ ഒരു മരം ‘ എന്നു മരം നടുന്ന പദ്ധതിക്കു പേരിടുകയും ചെയ്തു.

2010-ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന 19-ാമത് ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍ ആകെ 146 ഗോളുകളാണ് പിറന്നത്. അതുപ്രകാരം 146 വൃക്ഷത്തൈകളാണ് നടേണ്ടിയിരുന്നത്. പക്ഷേ, ക്രൈസ്റ്റ് കോളേജില്‍ 1500-വൃക്ഷത്തൈകളാണു നട്ടത്. അതായത്, ഒരു ഗോളിന് 10 മരം എന്ന കണക്കില്‍ വൃക്ഷത്തൈകള്‍ നട്ടു. 2010-ലോകകപ്പില്‍ ഗോളടിച്ച് തിളങ്ങിയ കളിക്കാരെ ഓര്‍മ്മിപ്പിച്ച് ഇന്ന് ക്രൈസ്റ്റ് കോളെജ് ക്യാംപസില്‍ തണലും കുളിരും ഫലങ്ങളും നല്‍കി അവയിന്ന് പടര്‍ന്നു പന്തലിച്ച് നില്‍ക്കുന്നു.

സെമിനാരി പഠന കാലത്ത് കേട്ട ഒരു കഥയാണ് ജോയ് അച്ചനില്‍ വൃക്ഷങ്ങളോടുള്ള സ്‌നേഹം വളര്‍ത്തിയത്. ജോയ് അച്ചന്‍ മാള കോട്ടയ്ക്കല്‍ കൊവേന്തയില്‍ നൊവീഷ്യറ്റ് ചെയ്യുന്ന കാലം. കോട്ടയ്ക്കല്‍ സെന്റ് തെരേസാസ് കോളെജില്‍ ഫാ. ജോര്‍ജ് ഒരു സെമിനാര്‍ നയിച്ചു. സെമിനാറില്‍ ഫാ. ജോര്‍ജ് ഒരു കഥ പറഞ്ഞു. അത് മൂന്ന് ചെറുപ്പക്കാര്‍ ചേര്‍ന്ന് നടത്തിയ ഒരു യാത്രയുടെ കഥയായിരുന്നു.

മൂന്നു പേരും ചേര്‍ന്ന് ഒരു ദീര്‍ഘയാത്രയ്ക്കു പുറപ്പെട്ടു. യാത്രയ്ക്കിടെ അവര്‍ ഒരു മരുഭൂമിയില്‍ എത്തിച്ചേര്‍ന്നു. ഇതിനിടെ അവര്‍ കരുതിയിരുന്ന ഭക്ഷണങ്ങള്‍ തീര്‍ന്നിരുന്നു. വിശപ്പും ദാഹവും കൊണ്ട് അവര്‍ വലഞ്ഞു മുന്നോട്ടു നീങ്ങവേ ഒരു പച്ചപ്പ് കണ്ടു. അതിന് അടുത്ത് ചെന്നപ്പോള്‍ അവിടെ ഒരു വന്‍ മരം തണല്‍ വിരിച്ചു നില്‍ക്കുന്നു. അതിന് അടുത്തായി ഒരു അരുവി ഒഴുകുന്നതും കണ്ടു. അരുവിയില്‍നിന്നും ദാഹം തീരുവോളം വെള്ളം കുടിച്ച് അവര്‍ വന്‍മരത്തിന്‍റെ തണലില്‍ വിശ്രമിച്ചു. ക്ഷീണം കൊണ്ട് അവര്‍ മയങ്ങി പോവുകയും ചെയ്തു.

മയക്കത്തിനിടെ മൂന്നു പേരും സ്വപ്‌നം കണ്ടു. ഒന്നാമന്‍ കണ്ട സ്വപ്‌നം മരത്തിന്‍റെ ഒരു ശാഖ വെട്ടിയെടുത്ത് ഊന്നുവടി നിര്‍മ്മിക്കണമെന്നായിരുന്നു. പ്രായമാകുമ്പോള്‍ താങ്ങുവടിയായി ഉപയോഗിക്കാമല്ലോ എന്നാണ് അയാളെ അങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. രണ്ടാമന്‍റെ സ്വപ്‌നം മരം വേരോടെ പിഴുതു കൊണ്ടു പോയി മുറിച്ചെടുത്തു കൊട്ടാര സമാനമായ ഭവനം നിര്‍മ്മിക്കണമെന്നായിരുന്നു. മൂന്നാമന്‍ കണ്ട സ്വപ്‌നമാകട്ടെ, ഇതില്‍നിന്നും വ്യത്യസ്തമായിരുന്നു. താന്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നത് മറ്റൊരാള്‍ ചെയ്ത പുണ്യം കൊണ്ടാണ്. ക്ഷീണിതനായി മരുഭൂമിയിലൂടെ അലഞ്ഞപ്പോള്‍ വിശ്രമിക്കാന്‍ സാധിച്ചത് ഈ മരം തണല്‍ വിരിച്ചു നിന്നതു കൊണ്ടാണ്. ഈ മരം നട്ടുവളര്‍ത്തിയത് മറ്റൊരാള്‍ ചെയ്ത പുണ്യപ്രവര്‍ത്തിയാണ്. അതു പോലെ അനേകര്‍ക്കു തണലേകാന്‍ തനിക്കും സാധിക്കണമെന്നും മൂന്നാമന്‍ ചിന്തിച്ചു.

ഈ കഥ ജോയ് അച്ചനില്‍ വലിയ സ്വാധീനം ചെലുത്തി. മാവും പ്ലാവുമായുള്ള ആത്മബന്ധത്തിന് മുളയെടുത്തതും ഈ കഥയുടെ സ്വാധീനത്തിലാണ്.

ജോയ് അച്ചന്‍റെ നേതൃത്വത്തില്‍ ക്രൈസ്റ്റ് കോളെജില്‍ 2010-ല്‍ നടപ്പിലാക്കിയ ഒരു ഗോള്‍ ഒരു മരം പദ്ധതി വന്‍ വിജയമായിരുന്നു. പദ്ധതിക്കു കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഹരിത അവാര്‍ഡ്, സംസ്ഥാന ജൈവ വൈവിധ്യ അവാര്‍ഡ് എന്നിവ ലഭിച്ചു. ഒരു ഗോള്‍ ഒരു മരം പദ്ധതിയുടെ വിജയം ജോയ് അച്ചന് വലിയ പ്രചോദനം തന്നെയായിരുന്നു. പദ്ധതി വിപുലീകരിച്ച് കൂടുതല്‍ മുന്നേറണമെന്ന ചിന്തയും അത് ഉളവാക്കി.

2014-ല്‍ ചാവറയച്ചനെ വിശുദ്ധനായി കത്തോലിക്ക സഭ പ്രഖ്യാപിച്ചതിന്‍റെ ഓര്‍മ്മക്കായി ജോയ് അച്ചന്‍റെ നേതൃത്വത്തില്‍ ഒരു പദ്ധതി നടപ്പിലാക്കി. ‘ ഓരോ വീടിനും ഓരോ പ്രിയോര്‍ മാവിന്‍ തൈ ‘ എന്നതായിരുന്നു ആ പദ്ധതി. പദ്ധതിപ്രകാരം 600 പ്രിയോര്‍ മാവിന്‍ തൈകള്‍ വിതരണം ചെയ്തു. തൃശൂര്‍ സിഎംഐ ദേവമാത പ്രൊവിന്‍സും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജും സംയുക്തമായിട്ടായിരുന്നു പദ്ധതി നടപ്പിലാക്കിയത്. ചാവറയച്ചന്‍ സി.എം.ഐ സഭയിലെ പ്രഥമ പ്രിയോര്‍ (ആശ്രമ ശ്രേഷ്ഠന്‍) ആയിരുന്നു. ചാവറയച്ചന്‍ കൂനമ്മാവില്‍ സേവനമനുഷ്ഠിച്ച കാലത്ത് ഒരു മാമ്പഴത്തിന്‍റെ വിത്ത് പാകി മുളപ്പിച്ച് പിന്നീട് അത് വളര്‍ത്തി വലുതാക്കിയിരുന്നു. ആ മാവാണ് പില്‍ക്കാലത്ത് പ്രിയോര്‍ മാവ് എന്ന് അറിയപ്പെട്ടത്.

കോളെജിലും പള്ളിയിലും അനൗണ്‍സ്‌മെന്‍റ് നടത്തിയാണു ജോയ് അച്ചന്‍ നാട്ടുമാവിന്‍റെ വിത്ത് ശേഖരിച്ചത്. ഇങ്ങനെ ശേഖരിച്ച വിത്തുകള്‍ കോളെജിലെ എന്‍സിസി, എന്‍എസ്എസ് പോലുള്ള യൂണിറ്റുകളിലെ കുട്ടികളുടെ സഹായത്തോടെ അച്ചന്‍ മുളപ്പിച്ചെടുത്തതിനു ശേഷമാണു നട്ടത്. കുറേ തൈകള്‍ വിതരണം ചെയ്യുകയും ചെയ്തു. കുറ്റിയാട്ടൂര്‍ അഥവാ നമ്പ്യാര്‍ മാമ്പഴം, ചന്ദ്രക്കാരന്‍, മൂവാണ്ടന്‍ എന്നിവയാണ് ജോയ് അച്ചന്‍ മുളപ്പിച്ചെടുത്ത നാട്ടുമാവിന്‍ തൈകള്‍.

2010-ലെ ഒരു ഗോള്‍ ഒരു മരം പദ്ധതി പോലെ 2014- ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിനും വൃക്ഷത്തൈ നട്ടുപിടിപ്പിക്കാനായി ഫാ. ജോയ് തീരുമാനിച്ചു. പദ്ധതി വ്യത്യസ്തമായി നടപ്പിലാക്കണമെന്നും അച്ചന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ പലതരം ആലോചനകളുമായിരിക്കുമ്പോഴാണു നാട്ടുമാവുകള്‍ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുകയാണെന്ന യാഥാര്‍ഥ്യം അദ്ദേഹം തിരിച്ചറിഞ്ഞത്. അതോടെ 2014 ലോകകപ്പ് ഫുട്‌ബോള്‍ മത്സരം നാട്ടുമാവുകളുടെ പ്രചാരത്തിനായി ഉപയോഗിപ്പെടുത്താന്‍ അച്ചന്‍ തീരുമാനിച്ചു. ഒരു ഗോള്‍ ഒരു മരം പദ്ധതിയുടെ പേര് പരിഷ്‌കരിച്ച് ഒരു ഗോള്‍ ഒരു നാട്ടുമാവ് എന്ന് പേരിടുകയും ചെയ്തു.

ബ്രസീലില്‍ നടന്ന 2014 ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍ ആകെ 171 ഗോളുകളാണ് പിറന്നത്. ജോയ് അച്ചന്‍റെ ഒരു ഗോള്‍ ഒരു നാട്ടുമാവ് പദ്ധതിയിലൂടെ അന്ന് ഇരിങ്ങാലക്കുടയിലും തൃശൂര്‍ ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലുമായി നാട്ടുമാവിന്‍റെ 480 തൈകളാണു വച്ചുപിടിപ്പിച്ചത്. ഇവയില്‍ 220 മാവിന്‍ തൈകള്‍ക്ക് ഇരുമ്പിന്‍റെ കൂട് കൊണ്ടുള്ള സംരക്ഷണം ഒരുക്കാനും സാധിച്ചു.
കണ്ണൂര്‍ ജില്ലയില്‍ ഏറെ പ്രചാരത്തിലുള്ള കുറ്റിയാട്ടൂര്‍ മാവ് എന്ന നാട്ടുമാവാണ് 2014-ലെ ഒരു ഗോള്‍ ഒരു നാട്ടുമാവ് എന്ന പദ്ധതിയിലൂടെ നട്ടുപിടിപ്പിച്ചത്.

കുറ്റിയാട്ടൂര്‍ മാവ്, നമ്പ്യാര്‍ മാവ് എന്നും അറിയപ്പെടുന്നുണ്ട്. ഈ മാവിന് ഈ പേര് ലഭിച്ചതിനു പിന്നിലും രസകരമായൊരു കഥയുണ്ട്.
പണ്ട് കുറ്റിയാട്ടൂര്‍ ചാത്തോത്ത് നമ്പ്യാര്‍ തറവാട്ട് പറമ്പില്‍നിന്നും പറിച്ചെടുത്ത മാമ്പഴവുമായി ഒരു കച്ചവടക്കാരന്‍ കണ്ണൂരിലെ ഇരിക്കൂര്‍ ചന്തയിലെത്തി. അതു വരെ അനുഭവിക്കാത്ത രുചിയും ഗന്ധവും കണ്ടിട്ടില്ലാത്ത അത്രയും നിറവുമുണ്ടായിരുന്നു മാമ്പഴത്തിന്. എല്ലാവരും മാമ്പഴത്തിന്‍റെ പേര് ചോദിച്ചു. പക്ഷേ, കച്ചവടക്കാരന് കൃത്യമായൊരു മറുപടി പറയാന്‍ സാധിച്ചില്ല. നമ്പ്യാരുടെ പറമ്പില്‍നിന്ന് പറിച്ചെടുത്ത മാമ്പഴമായതിനാല്‍ നമ്പ്യാര്‍ മാങ്ങയെന്ന് പിന്നീടുള്ള ചോദ്യത്തിന് ഉത്തരമായി കച്ചവടക്കാരന്‍ പറഞ്ഞു. അങ്ങനെ നമ്പ്യാര്‍ മാമ്പഴം അറിയപ്പെടാന്‍ തുടങ്ങിയത്രേ.


നാട്ടുമാവ് മാത്രമല്ല, ജോയ് അച്ചന് പ്ലാവിനോടും വലിയ ഇഷ്ടം തന്നെയാണ്.


നാട്ടുമാവിന്‍ തൈകള്‍ പോലെ അച്ചന്‍ നട്ടുപരിപാലിച്ചവയില്‍ പ്ലാവിന്‍ തൈകളുമുണ്ട്. കുറ്റിയാട്ടൂര്‍ മാവ് എന്ന നാട്ടുമാവ് പോലെ ചെമ്പരത്തി ചക്ക ഉണ്ടാകുന്ന അപൂര്‍വയിനം പ്ലാവിന്‍ തൈകളും അച്ചന്‍ മുളപ്പിച്ചെടുത്ത് നട്ടിട്ടുണ്ട്.

ചുവന്ന നിറത്തിലുള്ള ചുളകളുള്ള ചക്കയാണ് ചെമ്പരത്തി ചക്ക. ഇത് കര്‍ണാടകയിലാണു വളരുന്നത്. ക്രൈസ്റ്റ് കോളെജിലെ കായികവിഭാഗം മേധാവിയായ അരവിന്ദനോട് ഒരിക്കല്‍ ജോയ് അച്ചന്‍ ഈ ചക്കയെ കുറിച്ചു സൂചിപ്പിച്ചു. അരവിന്ദന്‍ സാര്‍ കര്‍ണാടക സ്വദേശി കൂടിയായിരുന്നു. അരവിന്ദന്‍ സാര്‍ നാട്ടില്‍ പോയി തിരികെ വന്നപ്പോള്‍ ജോയ് അച്ചന്‍റെ നിര്‍ദേശ പ്രകാരം ചക്കയും വാങ്ങിച്ചു കൊണ്ടാണ് വന്നത്. തുടര്‍ന്നു ഫാ. ജോയിയും അരവിന്ദന്‍ സാറും കോളെജിലെ മറ്റുള്ളവരും ചേര്‍ന്നു ചക്ക വെട്ടി ചുള വേര്‍തിരിച്ചെടുത്തു. ചുള എല്ലാവരും പങ്കിട്ട് കഴിച്ചു. അതിന്‍റെ കുരു ജോയ് അച്ചന്‍ ശേഖരിച്ചു. അവ പിന്നീട് മുളപ്പിച്ചു. പാകിയ എല്ലാ ചക്ക കുരുവും മുളച്ചു. ഈ ചക്കയുടെ തൈകളും ഇന്ന് ഇരിങ്ങാലക്കുടയിലും പരിസരപ്രദേശങ്ങളുമായി വളരുന്നുണ്ട്. ചെമ്പരത്തി ചക്കയ്ക്കു പുറമേ വിയറ്റ്‌നാം ചക്കയും ജോയ് അച്ചന്‍റെ ശേഖരത്തിലുണ്ട്. നട്ട് ഒരു വര്‍ഷം കഴിയുമ്പോള്‍ കായ്ഫലം പുറപ്പെടുവിക്കുന്ന ഇനമാണ് വിയറ്റ്‌നാം ഏര്‍ളി ചക്ക. ഇവയ്ക്കു പൊതുവേ വലുപ്പം കുറവുമായിരിക്കും.

റഷ്യയില്‍ അരങ്ങേറിയ 2018-ലെ ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കത്തിനോടനുബന്ധിച്ചും ‘ ഒരു ഗോളിന് ഒരു നാട്ടുമാവ് ‘ എന്ന പദ്ധതി പ്രകാരം നാട്ടുമാവിന്‍ തൈകള്‍ വിതരണം ചെയ്യുകയും നടുകയും ചെയ്തു. 2018 ലോകകപ്പ് ഫുട്‌ബോളില്‍ 169 ഗോളുകളാണു പിറന്നത്. 1.250-ല്‍ പരം മാവിന്‍ തൈകള്‍  ഇങ്ങനെ വിതരണം ചെയ്തു.

കഴിഞ്ഞ വര്‍ഷം 2019-ല്‍ ജോയ് അച്ചന്‍ മറ്റൊരു പദ്ധതി കൂടി നടപ്പിലാക്കുകയുണ്ടായി. എന്‍റെ മരം, നമ്മുടെ ആഹാരം, ദാരിദ്ര്യത്തിന് ഉത്തരം എന്നായിരുന്നു പദ്ധതിയുടെ പേര്. ഈ പദ്ധതിയിലൂടെ ജോയ് അച്ചന്‍ പ്ലാവിന്‍ തൈകളാണു നട്ടതും വിതരണം ചെയ്തതും.

“വിപണിയില്‍ ലഭിക്കുന്ന വിവിധ ഫലങ്ങളില്‍ വച്ചു ചക്ക മാത്രമാണ് ഇപ്പോള്‍ വിഷമയമില്ലാത്ത ഒരേയൊരു ഫലം. കേരളത്തിന്‍റെ ഔദ്യോഗിക കായ്ഫലം കൂടിയാണ് ചക്ക. മാത്രമല്ല, പ്ലാവ് നട്ടു പരിപാലിച്ചാല്‍ പല ഗുണങ്ങളുമുണ്ട്. ചക്കപ്പഴം ലഭിക്കുമെന്നതിനു പുറമേ, പ്ലാവിന്‍റെ തടി ഉപയോഗിച്ചു ഫര്‍ണിച്ചറുകള്‍ നിര്‍മിക്കാനാകും. ചൂട് കാലത്ത് തണല്‍ നല്‍കാനും പ്ലാവിന് സാധിക്കും ‘  ഇത്തരം ഘടകങ്ങളാണ് ‘ എന്‍റെ മരം, നമ്മുടെ ആഹാരം, ദാരിദ്രത്തിന് ഉത്തരം ‘ എന്ന പദ്ധതിയിലൂടെ പ്ലാവിന്‍ തൈകള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചതെന്നു ഫാ. ജോയ് പറഞ്ഞു.

ചക്കകളോടും മാവുകളോടുമാണ് ഈ അധ്യാപകന് കൂടുതലിഷ്ടം

2010 മുതല്‍ ഇതു വരെയായി വിവിധ പദ്ധതികളിലൂടെ ഫാ. ജോയ് 21,000-ത്തോളം വൃക്ഷത്തൈകള്‍ നട്ടുപരിപാലിക്കുകയും വിതരണം ചെയ്യുകയും ചെയ്തു. അച്ചന്‍റെ ഉദ്യമങ്ങള്‍ക്കുള്ള പ്രതിഫലമായി സംസ്ഥാന സര്‍ക്കാരിന്‍റെ വനം-വന്യജീവി വകുപ്പ് 2015-16 ല്‍ വന മിത്ര പുരസ്‌കാരം നല്‍കി ജോയ് അച്ചനെ ആദരിച്ചു. അതിനു മുന്‍പ് 2014-15 ല്‍ പ്രകൃതി മിത്ര പുരസ്‌കാരവും അച്ചന് ലഭിച്ചിരുന്നു. ഇതിനു പുറമേ മികച്ച കായിക അധ്യാപകനുള്ള കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്‍റെ സ്‌പോര്‍ട്‌സ് അവാര്‍ഡും 2016-ല്‍ അച്ചന് ലഭിച്ചിട്ടുണ്ട്.

കോളെജ് അധ്യാപകനായി 20 വര്‍ഷം

ചാലക്കുടി പരിയാരം സ്വദേശിയായ ഫാ. പി.ടി. ജോയ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജില്‍ 2000-ത്തിലാണ് കായിക അധ്യാപകനായി ജോലിക്കു ചേര്‍ന്നത്. 20 വര്‍ഷമായി കോളെജില്‍ സേവനമനുഷ്ഠിക്കുന്നു. 2017 മുതല്‍ കോളെജിന്‍റെ വൈസ് പ്രിന്‍സിപ്പല്‍ ചുമതല വഹിക്കുകയാണ്. അദ്ദേഹത്തിന്‍റെ പിതാവ് തോമസ് കര്‍ഷകനായിരുന്നു.

“ചെറുപ്രായം മുതല്‍ കൃഷിയുമായി വളരെ അടുപ്പം പുലര്‍ത്തിയിരുന്നു. അങ്ങനെയാണ് കൃഷിയോടും പ്രകൃതിയോടും ആഭിമുഖ്യം ഉണ്ടായത്,” ഫാ. ജോയ് പറയുന്നു. വൃക്ഷത്തൈകള്‍ നട്ടു പരിപാലിക്കുന്ന പദ്ധതി സ്‌കൂള്‍ കുട്ടികളിലൂടെ നടപ്പിലാക്കിയാല്‍ ഇപ്പോള്‍ ഉള്ളതിന്‍റെ നാലിരട്ടി വൃക്ഷങ്ങള്‍ ഇവിടെ വളര്‍ന്നുവരുമെന്ന അഭിപ്രായക്കാരനാണ് അദ്ദേഹം. അതിനായി സര്‍ക്കാര്‍ ഒരു കുട്ടി, ഒരു മരം പദ്ധതി നടപ്പിലാക്കാന്‍ തയാറാകണമെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.


ഇതുകൂടി വായിക്കാം: പശയില്ലാത്ത സോംപാടി വരിക്ക തേടിപ്പോയ കൊല്ലംകാരന് ഇന്ന്  കര്‍ണാടകയില്‍ 7 ഏക്കറില്‍ പ്ലാവ് നഴ്സറി


അഭിപ്രായം അറിയിക്കൂ:malayalam@thebetterindia.com, നമുക്ക് സംസാരിക്കാം Facebook ,Twitter 
സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം