ചക്ക തേടി പോയൊരാള്‍…
കൊല്ലത്ത് നിന്ന് കര്‍ണാടകയിലേക്ക് ചക്കപ്പൊരുളുകള്‍ തേടി ഈ യുവാവ് പോയത് കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്.
കേട്ടവര്‍ക്ക് അമ്പരപ്പും കൗതുകവും. പ്ലാവും ചക്കയുമൊക്കെ ആവോളമുള്ള നാട്ടില്‍ നിന്ന് എന്തിന് കര്‍ണാടക വരെ പോണം? പക്ഷേ ആ യാത്രയാണ് കൊല്ലം പാരിപ്പിള്ളിക്കാരന്‍ അനിലിന്‍റെ ജീവിതം തന്നെ മാറ്റിയെഴുതുന്നത്.
പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, സാമൂഹ്യമാറ്റത്തില്‍ പങ്കുചേരാം. karnival.com
കറയില്ലാത്ത ചക്ക പിടിക്കുന്ന സോംപാടി വരിക്കയുടെ തൈ അന്വേഷിച്ചുള്ള ആ യാത്ര കര്‍ണാടകയിലെ പുത്തൂരിലെത്തിയാണ് നിന്നത്. ആ യാത്രയ്ക്കൊടുവില്‍ അനില്‍ ഒരു കാര്യം തിരിച്ചറിഞ്ഞു–കേരളത്തില്‍ കണ്ടതൊന്നുമല്ല ചക്കയും ചക്കവിഭവങ്ങളുടെ പലതരങ്ങളും.
“ചക്ക ഇന്നു രാജാവാണ്. പക്ഷേ അന്ന് നമ്മുടെ നാട്ടില്‍ ചക്കയ്ക്കും പ്ലാവിനുമൊന്നും വല്യ ഡിമാന്‍റില്ല. പക്ഷേ പുത്തൂരില്‍ നിന്നു സോംപാടി വരിക്ക തൈകളുമായി തിരികെ വീട്ടിലേക്ക് മടങ്ങുമ്പോള്‍, ഒരു കാര്യം മനസിലായി.
“ആ തിരിച്ചറിവാണ് ഇവിടെ വരെയെത്തിച്ചത്,” ഒരു പക്ഷേ, രാജ്യത്തെ തന്നെ ആദ്യത്തെ പ്ലാവ് നഴ്സറിയുടെ ഉടമയായ ജാക്ക് അനില്‍ പ്ലാവിന്‍ ആ യാത്രയെക്കുറിച്ച് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.
“അറിഞ്ഞും കേട്ടുമാണ് പ്ലാവിന്‍ തൈ അന്വേഷിച്ച് പുത്തൂരിലേക്ക് പോകുന്നത്. കറയില്ലാത്ത ചക്കയുണ്ടാകുന്ന പ്ലാവിന്‍റെ തൈ വാങ്ങണം, വീട്ടിലേക്ക് മടങ്ങണം. ഇതാണ് പ്ലാന്‍.
“പുത്തൂരിലെത്തി, സോംപാടിയുടെ പത്ത് പ്ലാവിന്‍ തൈകളുമായി നാട്ടിലേക്ക് ട്രെയിനും കയറി. ഇനിയാണ് രസം,”
വര്‍ഷങ്ങള്‍ക്കിപ്പുറം അക്കാര്യങ്ങളെക്കുറിച്ച് പറയുമ്പോള്‍ അനില്‍ ചിരിക്കുകയാണ്. “പത്തെണ്ണം വാങ്ങിയതില്‍ ഒരു തൈ മാത്രമേ വീട്ടിലെത്തിക്കാനായുള്ളൂ.
എവിടേം കളഞ്ഞു പോയൊന്നുമില്ല. യാത്രയ്ക്കിടെ ഒമ്പത് തൈകളും വിറ്റു പോയി.
പ്ലാവിന്‍ തൈകള്‍ കണ്ടവരൊക്കെ അതേക്കുറിച്ച് ചോദിച്ചു, വിശദമായി തന്നെ പറഞ്ഞും കൊടുത്തു.
“സംഭവം കേട്ടതോടെ കൂട്ടത്തില്‍ പലര്‍ക്കും തൈ കിട്ടിയാല്‍ കൊള്ളാമെന്നായി. അങ്ങനെ വീട്ടില്‍ എത്തുമ്പോള്‍ സോംപാടി വരിക്കയുടെ ഒരു തൈ മാത്രം കൈയിലുണ്ട്.”
പ്ലാവിന് ആവശ്യക്കാരുണ്ടെന്ന് അനില്‍ മനസ്സിലാക്കുന്നത് അന്നാണ്. അങ്ങനെയാണ് തൈകള്‍ വാങ്ങി നാട്ടില്‍ കൊണ്ടു വന്നു വില്‍പന നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.
പുത്തൂരില്‍ (ദക്ഷിണ കന്നഡ ജില്ലയിലാണിത്) തന്നെ തൈകളുണ്ടാക്കി നാട്ടില്‍ കൊണ്ടു വില്‍ക്കാനായിരുന്നു പ്ലാന്‍. അങ്ങനെ കുറേക്കാലം ചെയ്തു.
“കര്‍ണാടകയില്‍ മരം മുറിക്കുന്നതിന് നിയന്ത്രണങ്ങളൊക്കെയുണ്ട്. അതുകൊണ്ട് പഴയ പ്ലാവിന്‍ ഇനങ്ങളൊക്കെ ഇവിടെ സംരക്ഷിക്കപ്പെട്ടിരുന്നു.” അങ്ങനെയാണ് അവശേഷിച്ച പല നാടന്‍ പ്ലാവിനങ്ങളും പുത്തൂരില്‍ നിന്നു കിട്ടിയതെന്നും അനില്‍ പറഞ്ഞു.
പക്ഷേ, പ്ലാവിനോടുള്ള അനിലിന്‍റെ ഇഷ്ടം അങ്ങനെയൊന്നുമല്ല തുടങ്ങുന്നത്.
“ചാമികണ്ണ് ചെട്ടിയാര്‍ എന്നാണ് അച്ഛന്‍റെ പേര്. എനിക്ക് രണ്ട് വയസുള്ളപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്.
“പിന്നെ അമ്മ ഓല മെടഞ്ഞു കിട്ടുന്ന വരുമാനത്തിലാണ് ഞങ്ങളെ വളര്‍ത്തിയത്. രണ്ട് അണ്ണന്‍മാരും ഒരു ചേച്ചിയുമുണ്ട്. അമ്മയുടെ പേര് സരസ്വതിയമ്മാള്‍. അമ്മ ഓല മെടയാന്‍ പോകുന്ന വീടുകളിലെ ചക്കയാണ് അന്ന് ഞങ്ങളുടെ വിശപ്പടക്കിയത്.
“ചക്കയെയും പ്ലാവിനെയുമൊക്കെ സ്നേഹിക്കാനും ഇഷ്ടപ്പെടാനുമൊക്കെ കാരണവും അമ്മ നല്‍കിയ ചക്ക രുചികളാണ്. അമ്മ പലഹാരങ്ങളുണ്ടാക്കി വില്‍ക്കാറുണ്ടായിരുന്നു.
“അമ്മ ഇപ്പോഴും പലഹാരങ്ങളുണ്ടാക്കി വില്‍ക്കുന്നുണ്ട്. പാരിപ്പള്ളിയില്‍ പുലുക്കുഴി കശുവണ്ടി ഫാക്റ്ററിക്ക് സമീപത്താണ് അമ്മയുടെ കച്ചവടം. വീടും ഇവിടെ അടുത്ത് തന്നെയാണ്.
“ചക്ക ചിപ്സ് ആണ് പ്രധാനം. പക്ഷേ ഒട്ടുമിക്ക എല്ലാ പലഹാരങ്ങളും അമ്മയുണ്ടാക്കി വില്‍ക്കുന്നുണ്ട്. ഇതൊക്കെ അമ്മ തന്നെയാണുണ്ടാക്കുന്നത്. വീട്ടിലും അയല്‍പ്പക്കത്തൊക്കെയുള്ള പ്ലാവിലെ ചക്കയൊക്കെ ഉപയോഗിച്ചാണ് ചക്ക ചിപ്സുണ്ടാക്കുന്നത്,” എന്ന് അനില്‍.
ഇപ്പോള്‍ മക്കളൊക്കെ സാമ്പത്തികമായി ബുദ്ധിമുട്ടൊന്നുമില്ലാത്ത അവസ്ഥയിലെത്തിയിട്ടും സരസ്വതി അമ്മാള്‍ സ്വന്തമായി തൊഴിലെടുത്ത് ജീവിക്കണമെന്നാണ് ആഗ്രഹം.
“വര്‍ഷങ്ങളായി ജോലി ചെയ്തു ജീവിച്ച സ്ത്രീയല്ലേ അവര്‍. ലാഭം പ്രതീക്ഷിച്ചല്ല അമ്മ കച്ചവടം ചെയ്യുന്നത്. അമ്മയുടെ സന്തോഷം അത്രേയുള്ളൂ,” എന്ന് അനില്‍.
പത്താം ക്ലാസ് കഴിഞ്ഞ് ഐടിഐയില്‍ പഠിച്ചു. അത്രയുമാണ് അനിലിന്‍റെ ഔദ്യോഗിക വിദ്യാഭ്യാസം.
“പിന്നെ അധികമാരും തെരഞ്ഞെടുക്കാത്ത എന്തെങ്കിലുമൊക്കെ ചെയ്യണമെന്നു ആഗ്രഹിച്ചിരുന്നു. റബര്‍ ബഡ്ഡിങ്ങൊക്കെ അറിയാമായിരുന്നു. പ്ലാവിനും ചക്കയ്ക്കും അനന്തമായ സാധ്യതയുണ്ടെന്നും തോന്നി,” അങ്ങനെയാണ് പ്ലാവ് വില്‍പനയിലേക്കും നഴ്സറിയിലേക്കുമൊക്കെ അനില്‍ എത്തുന്നത്.
കുറച്ചുകാലം പുത്തൂരില്‍ നിന്നു തൈകള്‍ വാങ്ങി നാട്ടില്‍ കൊണ്ടുവന്നു വിറ്റു. പിന്നീട് പുത്തൂരില്‍ തന്നെ കുറച്ചു സ്ഥലം പാട്ടത്തിനെടുത്ത് പ്ലാവ് നഴ്സറി ആരംഭിച്ചു, നിന്നിക്കല്‍ പ്ലാവ് നഴ്സറി എന്ന പേരില്‍. സോംപാടി വരിക്കയ്ക്കായിരുന്നു പ്രാധാന്യം നല്‍കിയത്.
“പിന്നീട് അന്നാട്ടില്‍ നിന്നുള്ള പലരും അവരുടെ പറമ്പിലെ നല്ല ഇനം പ്ലാവുകളുടെ ശേഖരമുണ്ടാക്കാന്‍ സമീപിച്ചു,” അങ്ങനെയാണ് ബഡ് ചെയ്തും ഗ്രാഫ്റ്റ് ചെയ്തും നല്ല ഇനം പ്ലാവിന്‍ തൈകളുണ്ടാക്കി സംരക്ഷിക്കാന്‍ സാധിച്ചതെന്ന് അനില്‍.
ബഡ്ഡിങ്ങിലൂടെയും ഗ്രാഫ്റ്റിങ്ങിലൂടെയും വിവിധ ഇനം തൈകള്‍ ശേഖരിച്ചും കമ്പ് ഉപയോഗിച്ചും അനില്‍ ഉത്പ്പാദിപ്പിക്കുന്നത് ചെമ്പരത്തി വരിക്ക പോലുള്ള അപൂര്‍വ്വമായ ഇനങ്ങളാണ്.
രദ്രാക്ഷ ചക്ക മുതല്‍ 80 കിലോ ഭാരം വയ്ക്കുന്ന കേരള ഇനമായ വാളി ചക്കയുടെ തൈ വരെ അനിലിന്‍റെ ശേഖരത്തിലുണ്ട്. അരക്കില്ലാത്ത ചക്ക മുതല്‍ അരക്കിലോ ഭാരമുള്ള ചക്ക വരെയുണ്ട് പുത്തൂരിലെ നിന്നിക്കല്‍ നഴ്സറിയില്‍.
ഓഫ് സീസണില്‍ പോലും ചക്കയുണ്ടാകുന്ന പ്ലാവുകളും വര്‍ഷം മുഴുവനും കായ്ക്കുന്ന പ്ലാവുകളും ഈ നഴ്സറിയിലുണ്ട്.
ആസാമിലെ നെഗോണ്‍ മുതല്‍ കന്യാകുമാരി വരെ വിവിധ കാലാവസ്ഥകളിലും മണ്ണിലും വളരുന്ന പ്ലാവിന്‍ തൈകളുമുണ്ട് അനിലിന്‍റെ ശേഖരത്തില്‍. സദാനന്ദ, ശ്രീവിജയ, പ്രശാന്തി, സിംഗപൂര്‍ 1 തുടങ്ങി ഒരുപാട് ഇനങ്ങള്‍.
ഇതുകൂടി വായിക്കാം: ‘വാഴച്ചേട്ട’ന്‍റെ തോട്ടത്തില്‍ നാടനും വിദേശിയുമടക്കം 430 ഇനം! അപൂര്‍വ്വ വാഴകള്‍ തേടി അരുണാചലും മണിപ്പൂരുമൊക്കെ അലഞ്ഞ പാറശ്ശാലക്കാരന്‍റെ കഥ
വര്‍ഷത്തില്‍ രണ്ട് തവണ കായ്ക്കുന്ന ലാല്‍ബാഗ് മധുര, സ്വര്‍ണാഡ്, ബൈരചന്ദ്ര, മംഗളാറെഡ്, കേരളത്തിന്‍റെ ഇനമായ പത്താമുട്ടം, തൂമ്പുഗരെ, മലേഷ്യന്‍ ഇനമായ ചെമ്പടാക്ക്, താമരച്ചക്ക ഇങ്ങനെ പല തരം.
പാട്ടത്തിനെടുത്ത് നഴ്സറി തുടങ്ങിയ അനില്‍ ഇപ്പോള്‍ പുത്തൂരില്‍ മൂന്നര ഏക്കര്‍ സ്ഥലം വാങ്ങി നഴ്സറി വിപുലമാക്കി. ഒപ്പം നാലേക്കര്‍ പാട്ടത്തിനെടുത്ത് അതിലും നഴ്സറിയും ബഡ്ഡിങ്ങുമൊക്കെയായി പുത്തൂരില്‍ തന്നെ കൂടിയിരിക്കുകയാണ് അനില്‍.
“18വര്‍ഷമായി ഇപ്പോള്‍ പുത്തൂരിലാണ് ജീവിതം.
സ്വന്തമായി ഭൂമി വാങ്ങിയതും വീട് വച്ചതുമൊക്കെ ഈ പ്ലാവില്‍ നിന്നു നേടിയ വരുമാനത്തിലൂടെയാണ്.
“അന്നൊന്നും അധികമാരും ഈ ഫീല്‍ഡില്‍ ഇല്ലായിരുന്നുവല്ലോ. എത്ര തൈയുണ്ടാക്കിയാലും വാങ്ങാനാളുണ്ടായിരുന്നു,” അനില്‍ പറയുന്നു.
“പക്ഷേ ആദ്യ നാളില്‍ അങ്ങനെയായിരുന്നില്ലാട്ടോ. പക്ഷേ ഇടക്കാലത്ത് വച്ച് അതിലൊരു മാറ്റം വരികയായിരുന്നു. എത്ര പ്ലാവിന്‍ തൈയുണ്ടാക്കിയാലും തികയില്ല. അത്രയ്ക്ക് ആവശ്യക്കാരാണുണ്ടായത്.
“മാവിനും തെങ്ങിനും ചെടികള്‍ക്കുമൊക്കെ നഴ്സറികളുണ്ട്. പ്ലാവുകള്‍ക്ക് നഴ്സറി പോലുമില്ലായിരുന്നല്ലോ. …
“പിന്നെ ഒരു ധൈര്യമുണ്ടായിരുന്നു, എന്നെങ്കിലും വിജയിക്കാനാകുമെന്നത്. ആ ഉറപ്പ് കിട്ടുന്നത്, കര്‍ണാടകയില്‍ വന്നപ്പോഴാണ്. ഇവിടെ അത്രയേറെ ചക്ക ഉത്പന്നങ്ങള്‍ അന്നേയുണ്ടായിരുന്നു.
“നമ്മുടെ നാട്ടില്‍ പഴുത്ത ചക്കയും ചക്ക പുഴുക്കും ചിപ്സും ഒന്നുമല്ലാതെ മറ്റു ചക്ക ഉത്പന്നങ്ങളൊന്നുമില്ലാതിരുന്ന കാലത്താണിതെന്നു ഓര്‍ക്കണം. ഇന്നാട്ടുകാര്‍ ചക്ക കൊണ്ടുള്ള ഒരുപാട് മൂല്യവര്‍ധിത ഉത്പന്നങ്ങളുണ്ടാക്കിയിരുന്നു. ചക്ക ഉപ്പിലിട്ടതും ചക്ക അലുവയും മിച്ചറുമൊക്കെ അന്നു തന്നെ പുത്തൂരിലുണ്ടാക്കിയിരുന്നു.
“പുത്തൂരില്‍ ഒരുപാട് നാടന്‍ പ്ലാവിനങ്ങളെയും സംരക്ഷിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇതൊന്നും ലാഭം നോക്കിയല്ല ചെയ്യുന്നത്. വരും നാളുകളില്‍ ഇതൊക്കെ എല്ലാവര്‍ക്കും പ്രയോജനപ്പെടുമെന്നു തന്നെയാണ് വിശ്വസിക്കുന്നത്.
“…എന്നാല്‍ സാമ്പത്തിക നേട്ടം മാത്രമല്ല പ്ലാവുകളിലൂടെ കിട്ടിയത്. പേരും പെരുമയും കിട്ടിയതും ഈ പ്ലാവ് സംരക്ഷണത്തിലൂടെയാണ്. എവിടെ പോയാലും എനിക്ക് ഒരു ആദരം കിട്ടുന്നുണ്ട്, ആളുകള്‍ തിരിച്ചറിയുന്നുണ്ട്,” ഇതൊക്കെ വലിയ കാര്യങ്ങള്‍ തന്നെയല്ലേ, അദ്ദേഹം ചോദിക്കുന്നു.
ബെംഗളൂരു കാര്‍ഷിക സര്‍വകലാശാല കേന്ദ്ര ജൈവസാങ്കേതിക വകുപ്പിന്‍റെ ധനസഹായത്തോടെ നടപ്പാക്കിയ പ്ലാവ്-ചക്ക ഗവേഷണ പദ്ധതിയില്‍ അനിലുമുണ്ടായിരുന്നു.
വിവിധ ഇടങ്ങളില്‍ നിന്നു സര്‍വകലാശാല കണ്ടെത്തിയ പ്ലാവിനങ്ങളുടെ തൈകളുണ്ടാക്കുന്നതിനാണ് അനിലിന്‍റെ സഹായം തേടിയത്. കേന്ദ്ര ജൈവ സാങ്കേതിക വകുപ്പിന്‍റെ അംഗീകാരവും ഇതിലൂടെ അദ്ദേഹത്തിനു ലഭിച്ചു. ബാഗല്‍കോട്ട് ഹോര്‍ട്ടിക്കള്‍ച്ചറല്‍ സര്‍വകലാശാലയും ചക്കത്തൈകള്‍ക്ക് ആശ്രയിച്ചിരുന്നത് ഇദ്ദേഹത്തെയാണ്.
പുത്തൂരില്‍ പ്ലാവ് തൈ കൊണ്ടൊരു വിപ്ലവം തന്നെ അനിലുണ്ടാക്കി. പക്ഷേ,
സ്വന്തം നാട്ടില്‍ നിന്നു പരിഹാസങ്ങളും കേള്‍ക്കേണ്ടി വന്നിട്ടുണ്ട് അനിലിന്.
“ബെംഗളൂരു സര്‍വകലാശാലയ്ക്കൊക്കെ വേണ്ടി പ്ലാവിന്‍ തൈകള്‍ ബഡ് ചെയ്തു കൊടുത്തിട്ടുണ്ട്. എന്നാല്‍ കേരളത്തിലെ ഇല്ലാതായി കൊണ്ടിരിക്കുന്ന പ്ലാവുകള്‍ സംരക്ഷിക്കുന്നതിന് ബഡ് ചെയ്യാമെന്നു അറിയിച്ചപ്പോള്‍ കാര്‍ഷിക സര്‍വകലാശാല പരിഹസിക്കുകയായിരുന്നു” എന്ന് അനില്‍ പറയുന്നു.
“തൈകള്‍ ബഡ് ചെയ്തുണ്ടാക്കുന്നതിനോട് സര്‍വകലാശാല അധികൃതര്‍ക്ക് എതിര്‍പ്പായിരുന്നു. … എന്നാല്‍ ബഡ് ചെയ്യുന്നതാണ് ലാഭകരമെന്നൊക്കെ മന്ത്രി സുനില്‍കുമാറിനെ ബോധ്യപ്പെടുത്തിയതോടെ കാര്‍ഷിക സര്‍വകലാശാലയും ബഡ് ചെയ്തു തുടങ്ങിയിട്ടുണ്ട്,” എന്ന് അനില്‍ പറയുന്നു.
ഇപ്പോ ഞാനും സര്‍വകലാശാലയ്ക്ക് വേണ്ടി ബഡ് ചെയ്യുന്നുണ്ട്,” പഠിപ്പിച്ചും കൊടുക്കുന്നുണ്ടെന്നും പ്ലാവ് സംരക്ഷന്‍ പറഞ്ഞു.
പുത്തൂരില്‍ മാത്രമല്ല നാട്ടിലും പ്ലാവ് നഴ്സറിയുണ്ട്. വിജയന്‍ എന്ന ചേട്ടനാണ് അതിന്‍റെ കാര്യങ്ങളൊക്കെ നോക്കുന്നത്. ഇറിഗേഷന്‍ വകുപ്പിലായിരുന്നു ചേട്ടന് ജോലി. റിട്ടയര്‍ ആയപ്പോള്‍ ചേട്ടനും ചേട്ടത്തിയും കൂടി നഴ്സറിയുടെ കാര്യങ്ങള്‍ നോക്കി നടത്തുകയാണ്.
പുത്തൂരുകാരി ലതയെയാണ് അനില്‍ വിവാഹം ചെയ്തത്. മൂന്നാം ക്ലാസില്‍ പഠിക്കുന്ന ചിന്‍മയി ദേവിയും മൂന്നു വയസുകാരന്‍ ആകാശ് ദേവുമാണ് മക്കള്‍.
ഫോട്ടോകള്‍ക്ക് കടപ്പാട്: ജാക്ക് അനില്‍/ ഫേസ്ബുക്ക്
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0944 877 8497
ഇതുകൂടി വായിക്കാം: ജീവിക്കാനായി അറുത്തുമുറിക്കുന്ന മരങ്ങളോട് മാപ്പുയാചിച്ച് ഈ മനുഷ്യന്‍ നട്ടുവളര്‍ത്തുന്നത് ലക്ഷക്കണക്കിന് വൃക്ഷങ്ങള്‍
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.