ഗംഗാറാം പോളിഹൗസ് ഫാമില്‍

ജൈവവെള്ളരി കൃഷിയില്‍ നിന്നും വര്‍ഷം 30 ലക്ഷം രൂപ നേടുന്ന കര്‍ഷകന്‍ അറിവുകള്‍ പങ്കുവെയ്ക്കുന്നു

ജീവാമൃതം, സമ്പൂര്‍ണ്ണ ജൈവിക് കഥ തുടങ്ങി തീര്‍ത്തും പ്രകൃതി സൗഹൃദ മാര്‍ഗങ്ങളിലൂടെയാണ് ഗംഗാ റാം സാലഡ് വെള്ളരി വിളയിക്കുന്നത്.  

യ്പ്പൂരുകാരനാണ് ഗംഗാ റാം സേപത്. കാര്‍ഷിക കുടുംബത്തിലാണ് ജനനം. അതിനാല്‍ കൃഷി തന്നെയായിരുന്നു ജീവിതമാര്‍ഗ്ഗം. ഗോതമ്പും ബജ്‌റയും വിവിധയിനം ചോളങ്ങളുമൊക്കെയായിരുന്നു കുടുംബസ്വത്തായിക്കിട്ടിയ ആറേക്കറില്‍ അദ്ദേഹം കൃഷി ചെയ്തുവന്നിരുന്നത്.

എന്നാല്‍ 2013-ലാണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയുന്നത്.

പഞ്ചാബിലെ ഗ്രാമങ്ങളില്‍ കാന്‍സര്‍ കേസുകള്‍ കൂടുന്നുവെന്ന് വിശദമാക്കുന്ന ഒരു റിപ്പോര്‍ട്ട് ഗംഗാറാം വായിക്കാനിടവന്നു. കാന്‍സര്‍ ബാധിക്കുന്നവരുടെ എണ്ണം കൂടാന്‍ കാരണമാകട്ടെ രാസവസളങ്ങളുടെയും രാസകീടനാശിനികളുടെയും അമിതമായ ഉപയോഗമാണെന്നും അദ്ദേഹം മനസ്സിലാക്കി.

ഗംഗാറാം തന്‍റെ തോട്ടത്തില്‍

“ഞാന്‍ ചെയ്തുപോന്നിരുന്ന രീതികള്‍ അടിയന്തരമായി മാറ്റണമെന്ന് ബോധ്യപ്പെടുത്തുന്ന സംഭവമായിരുന്നു അത്. മണ്ണിന്‍റെ ഗുണനിലവാരത്തെ അത്തരം കൃഷി രീതികള്‍ ബാധിക്കുന്നു. ഉല്‍പ്പാദനത്തെ ബാധിക്കുന്നു. ആത്യന്തികമായി കര്‍ഷകരുടെ ആരോഗ്യത്തെയും ബാധിക്കുന്നു. രാസകീടനാശിനികളെ പൂര്‍ണമായും ഒഴിവാക്കാന്‍ ഞങ്ങള്‍ തീരുമാനമെടുത്തു,” രാജസ്ഥാനിലെ കലഖ് ഗ്രാമത്തില്‍ നിന്നുള്ള 43-കാരനായ ആ കര്‍ഷകന്‍ തന്‍റെ മനംമാറ്റത്തെ കുറിച്ച് പറയുന്നു.

കൃഷിയില്‍ അതിയായ താല്‍പ്പര്യമുണ്ടായിരുന്നു ഗംഗാ റാമിന്. അതിനാല്‍ തന്നെ പ്രകൃതിയെയും മനുഷ്യനെയും സംരക്ഷിച്ച് എങ്ങനെ കൃഷി ചെയ്യാമെന്നാണ് അദ്ദേഹം ചിന്തിച്ചത്. അതായിരുന്നു ജൈവകൃഷിയിലേക്കുള്ള പരിണാമത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. 2016-ല്‍ അങ്ങനെ പോളിഹൗസ് ഫാമിങ്ങിലേക്ക് തിരിഞ്ഞു.

പോളിഹൗസ് കൃഷി രീതി പഠിക്കാനായി ഗംഗാ റാം ഒരു കോഴ്‌സ് ചെയ്തു. അതിലൂടെ ലഭിച്ച അറിവ് വച്ചായിരുന്നു പിന്നീടങ്ങോട്ടുള്ള അങ്കം. ഇപ്പോള്‍ മൂന്ന് ഏക്കറിലാണ് പോളിഹൗസ് കൃഷി. അതിലൂടെ പ്രതിവര്‍ഷം 30 ലക്ഷം രൂപയുടെ സാലഡ് വെള്ളരി(കക്കിരി)യാണ് അദ്ദേഹം കൃഷി ചെയ്യുന്നത്.

പോളിഹൗസില്‍ വിളയിച്ച ബ്രൊക്കോളിയുമായി ഗംഗാറാം

മൊത്തം കൃഷി ആറ് ഏക്കറിലാണ്. മൂന്നേക്കറില്‍ വെള്ളരിയും ശേഷിക്കുന്ന സ്ഥലത്ത് സ്‌ട്രോബെറി, ബ്രൊക്കോളി, ചോളം, തക്കാളി, മുളക്, ഗോതമ്പ് തുടങ്ങി അനേകം വിളകളും കൃഷി ചെയ്യുന്നു.

വിഷരഹിതമായ പച്ചക്കറികള്‍ നല്‍കുന്ന, വേറിട്ട കൃഷി രീതി എങ്ങനെ ലാഭകരമാകുന്നുവെന്ന് അദ്ദേഹം ദ് ബെറ്റര്‍ ഇന്‍ഡ്യയോട് വിശദീകരിക്കുന്നു.

കൃഷിയാണ് അഭിനിവേശം

ചെറുപ്പം മുതലേ ഗംഗാ റാമിന് കൃഷിയോട് തന്നെയായിരുന്നു താല്‍പ്പര്യം. അതിനാല്‍ തന്നെ സാംഭര്‍ ലേക്കിലെ സര്‍ക്കാര്‍ കോളെജില്‍ ചേര്‍ന്നപ്പോള്‍ ബോട്ടണി, സുവോളജി, കെമിസ്ട്രി വിഷയങ്ങളിലായിരുന്നു ഗംഗാ റാം കൂടുതല്‍ ശ്രദ്ധ നല്‍കിയത്. 1998-ലാണ് ബിരുദ പഠനം കഴിഞ്ഞിറങ്ങിയത്.

1999-ല്‍ സ്വന്തം ഗ്രാമത്തില്‍ സ്‌കൂള്‍ തുറക്കാന്‍ തീരുമാനിച്ചു ഗംഗാ റാം. അതിന്‍റെ ഡയറക്റ്ററുമായി. “തൊഴിലില്ലായ്മ രൂക്ഷമായ കാലമായിരുന്നു അത്. ഗ്രാമത്തിലെ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കണമെന്നും അവര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഭാവിയില്‍ ലഭിക്കണമെന്നും ഞാന്‍ ആഗ്രഹിച്ചു. ആ ചിന്തയില്‍ നിന്നാണ് സ്‌കൂള്‍ തുടങ്ങണമെന്ന മോഹമുണ്ടായത്,” ഗംഗാ റാം ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ ഗംഗാറാമിന്‍റെ സ്‌കൂളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞു വന്നു. കൃഷിയില്‍ കൂടുതലായി മുഴുകാന്‍ തുടങ്ങിയതുകൊണ്ടായിരുന്നു അത്. ആയിടയ്ക്കാണ് അയല്‍ ഗ്രാമത്തിലെ ഒരു സുഹൃത്തിനെ കാണാന്‍ അദ്ദേഹം പോകുന്നതും ഖേമ റാം എന്ന കര്‍ഷകനെക്കുറിച്ച് അറിയുന്നതും. പോളിഹൗസ് കൃഷി രീതി പരീക്ഷിക്കുന്ന കര്‍ഷകനായിരുന്നു ഖേമ റാം. ഇത് ഗംഗാ റാമിന് പുതിയ അറിവായിരുന്നു. അദ്ദേഹത്തിന്‍റെ പോളിഹൗസ് ഫാം സന്ദര്‍ശിക്കുകയും ചെയ്തു.

“കൃഷിക്ക് പേരുകേട്ട കുടുംബമായിരുന്നു ഞങ്ങളുടേത്. ഞങ്ങള്‍ അനുവര്‍ത്തിച്ചിരുന്ന കൃഷിരീതികളും എല്ലാവര്‍ക്കുമറിയാമായിരുന്നു. ആ പ്രദേശത്തെ കാര്‍ഷിക സര്‍വകലാശാലകളും ഞങ്ങളുടെ കൃഷി രീതികളെ അംഗീകരിച്ചിരുന്നു. എന്നാല്‍ ആധുനികമായ കൃഷി രീതികളൊന്നും ഞങ്ങള്‍ പരീക്ഷിക്കുന്നില്ല എന്നായിരുന്നു ഞാന്‍ മനസിലാക്കിയിരുന്നത്. അത് യഥാര്‍ത്ഥത്തില്‍ ഞങ്ങളെ പിന്നോട്ട് നയിക്കുന്ന ഘടകമായിരുന്നു,” ഗംഗാ റാം പറയുന്നു.

പോളിഹൗസ് ഫാമിങ്ങിനെ കുറിച്ച് കൂടുതലറിയാന്‍ ഗംഗാ റാം ജയ്പ്പൂരിലെ ഇന്റര്‍നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഇന്നൊവേഷന്‍ ആന്‍ഡ് ട്രെയ്‌നിങ് സെന്‍ററിലെത്തി. അവിടെ മൂന്ന് ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കി.

പോളിഹൗസ് ഫാമിങ് ഇങ്ങനെ

ഗംഗാറാം പോളിഹൗസ് ഫാമില്‍

പരിസ്ഥിതി സൗഹൃദപരമായ രീതിയില്‍ സൗരോര്‍ജമുപയോഗിച്ച് കീടങ്ങളെയും സസ്യങ്ങള്‍ക്ക് രോഗമുണ്ടാക്കുന്നതരം മണ്ണിലുള്ള രോഗകാരികളായ ഫംഗസുകളെയും നിയന്ത്രിക്കാനുള്ള സൂര്യതാപീകരണം എന്ന രീതിയാണ് പോളിഹൗസ് ഫാമിങ്ങില്‍ അനുവര്‍ത്തിക്കുന്നത്. ഇതാണ് ഈ കൃഷിരീതിയിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകവും.

കൃഷിക്ക് മുമ്പായി മണ്ണിനെ സജ്ജമാക്കുന്നത് സോയില്‍ സോളറൈസേഷന്‍ അഥവാ സൂര്യതാപീകരണം എന്ന പ്രക്രിയയിലൂടെയാണ്. മണ്ണ് കിളച്ച ശേഷം സുതാര്യമായ പോളിത്തീന്‍ ഷീറ്റുപയോഗിച്ച് മണ്ണ് മൂടിയിടുന്ന പ്രക്രിയയാണിത്. മണ്ണിലെ രോഗാണുക്കളെല്ലാം ഇതിലൂടെ നശിക്കുന്നു.

പോളിഹൗസ് ഫാമിങ്ങിലെ വിവധ ഘട്ടങ്ങള്‍ ഇവയാണ്:

  • ചാണകവും മണ്ണിരകമ്പോസ്റ്റും കടല്‍പ്പായല്‍ തരികളും വേപ്പിന്‍ പിണ്ണാക്കുമെല്ലാം ചേര്‍ത്തുള്ള വളം മണ്ണുമായി ലയിപ്പിക്കുക
  • വെള്ളം സ്േ്രപ  ചെയ്യാന്‍ പാകത്തിലുള്ള എന്തെങ്കിലും പാത്രമുപയോഗിച്ച് മണ്ണിലേക്ക് വെള്ളം പകര്‍ന്ന് അത് കുതിര്‍ക്കുക
  • വെള്ളം തുള്ളിതുള്ളിയായി ഇറ്റുന്ന തരത്തിലുള്ള ഡ്രിപ് ഇറിഗേഷന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത് ഉചിതമാകും
  • 25 മൈക്രോണ്‍ കട്ടിയുള്ള പോളി ഷീറ്റുകൊണ്ട് മണ്ണ് മൂടുക
  • നേരത്തെ പറഞ്ഞ പോളി ഷീറ്റുപയോഗിച്ച്  15 ദിവസത്തോളം മണ്ണില്‍ പുതയിടുക
  • പുറത്തുള്ള താപനില ഏകദേശം 40 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കണം. പോളിഷീറ്റിനുള്ളിലെ മണ്ണിന് ചൂട് സ്വാംശീകരിക്കാനാണത്
  • പുറമെയുള്ള ചൂട് 40 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാണെങ്കില്‍ ഈ പ്രക്രിയ കൂടുതല്‍ ദിവസം തുടരേണ്ടതുണ്ട്
  • അതിന് ശേഷം പോളിഷീറ്റ് മാറ്റി മണ്ണ് വീണ്ടും കിളയ്ക്കുക
  • മണ്ണിനടുത്ത് തുള്ളി നനയ്ക്കുള്ള സംവിധാനങ്ങള്‍ സജ്ജീകരിക്കുക
  • ഒരു മള്‍ച്ചിങ് ഷീറ്റ് ഉപയോഗിച്ച് മണ്ണ് മൂടുക. ഷീറ്റിന്‍റെ ഒരു വശം കറുപ്പ് നിറവും മറുവശം സില്‍വര്‍ നിറവുമാകുന്നതാണ്. ചൂട് വളരെയധികം കൂടുതലുള്ള കാലമാണെങ്കില്‍ ഷീറ്റ് ഒഴിവാക്കുന്നതും ആലോചിക്കാം. മണ്ണ് കൂടുതല്‍ ചൂട് പിടിക്കാന്‍ അത് കാരണമാകും എന്നതിലാണത്
  • അതിന് ശേഷം സില്‍വര്‍ കളറുള്ള വശം മുകളിലേക്കെന്ന തരത്തില്‍ മണ്‍തിട്ടകള്‍ വീണ്ടും മൂടുക
  • രണ്ടോ മൂന്നോ ഇഞ്ച് വ്യാസത്തില്‍ ഷീറ്റില്‍ ഓട്ടകള്‍ ഉണ്ടാക്കുക. ഇതിലൂടെ വേണം വിത്തുകള്‍ മണ്ണിലേക്ക് അര ഇഞ്ച് ആഴത്തില്‍ ഇറക്കി നടാന്‍.
  • വെള്ളരിയുടെ വളര്‍ച്ച മനസില്‍കണ്ടുള്ള വലുപ്പത്തില്‍ വേണം ഷീറ്റില്‍ തുളകള്‍ ഇടാന്‍. അതായത് തുളകള്‍ തീരെ ചെറുതാകരുന്നതെന്ന് അര്‍ത്ഥം.
  • ചുരുങ്ങിയത് 2 അടിയെങ്കിലും അകലമിട്ട് വേണം വിത്തുകള്‍ നടാന്‍. എങ്കില്‍ മാത്രമേ അവയ്ക്ക് വളരാന്‍ ആവശ്യത്തിന് സ്ഥലം കിട്ടൂ. വളര്‍ച്ചയ്ക്ക് വേണ്ട വായുവും വെള്ളവും മറ്റ് പോഷകങ്ങളുമെല്ലാം ലഭിക്കാനും അല്‍പ്പം അകലം പാലിച്ച് വിത്ത് നടുന്നത് ഉപകരിക്കും.
  • 35-40 ദിവസങ്ങള്‍ക്കുള്ളില്‍ ആദ്യവിളവെടുപ്പ് നടത്താവുന്നതാണ്.

    സര്‍ക്കാര്‍ സംഘടിപ്പിച്ച കാര്‍ഷിക മേളയില്‍

ഗംഗാ റാം തന്‍റെ പോളിഹൗസില്‍ 7,500-ലധികം വിത്തുകള്‍ നട്ടുകഴിഞ്ഞു. വിളയുടെ ദൈര്‍ഘ്യം കുറവായതിനാല്‍ വീണ്ടും വീണ്ടും കൃഷി ചെയ്യാന്‍ എളുപ്പമാണ്. ആദ്യമായി സജ്ജീകരിച്ച വസ്തുക്കള്‍ മാത്രം മതി വീണ്ടും വിളവിറക്കാന്‍ എന്നതാണ് പ്രത്യേകത. ഓരോ തവണയും അത് വീണ്ടും തയാറാക്കേണ്ടതില്ലെന്ന് സാരം.

ജീവാമൃതം മുഖ്യം

സൂര്യതാപീകരണത്തിന്‍റെ ഏറ്റവും വലിയ ഗുണം അത് വിളകളെ അക്രമിക്കുന്ന കീടങ്ങളെ നിയന്ത്രിക്കുന്നു എന്നതാണെന്ന് ഗംഗാ റാം പറയുന്നു. “കീടങ്ങളായിരുന്നു പോളിഹൗസ് കര്‍ഷകരുടെ ഏറ്റവും വലിയ ആശങ്ക. അവ വേരുകളില്‍ പിടിച്ചാല്‍ പിന്നെ ഒരു കോളനി തന്നെ സ്ഥാപിക്കപ്പെടും. വിളകളുടെ വളര്‍ച്ചയെ അത് ബാധിക്കും. മുരടിച്ച അവസ്ഥയാകും,” ഗംഗാറാം പറയുന്നു.

ഈ വെല്ലുവിളി പരിഹരിക്കാന്‍ ജീവാമൃതം പോലുള്ള വളങ്ങള്‍ ഉപയോഗിക്കുന്നതിനോടൊപ്പം സമ്പൂര്‍ണ ജൈവിക് കഥയെന്ന് അദ്ദേഹം വിളിക്കുന്ന വളവും ഗംഗാ റാം ഉപയോഗപ്പെടുത്തുന്നു. അജ്മീറിലെ നാഷണല്‍ റിസര്‍ച്ച് സെന്‍ററില്‍ നിന്ന് വരുത്തിയതായിരുന്നു ആ വളം.

സമ്പൂര്‍ണ ജൈവിക് കഥയെന്താണെന്ന് ഗംഗാ റാം തന്നെ പറയുന്നു. “ചാണകവും ഗോമൂത്രവും ശര്‍ക്കരയും മണ്ണും എല്ലാം ഉപയോഗിച്ചുണ്ടാക്കുന്ന ജീവാമൃതത്തിനൊപ്പം ഉണങ്ങിയ ഇലകളവും കറ്റാര്‍വാഴയും പുകയിലയും വെളുത്തുള്ളിയും ആരിവേപ്പിന്‍ ഇലയും എല്ലാം ചേര്‍ത്താണ് സമ്പൂര്‍ണ ജൈവിക് കഥ ഉണ്ടാക്കുന്നത്.”

വിളകള്‍ക്ക് മേലുള്ള പലതരത്തിലെ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ ഈ ജൈവിക വളം സഹായിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ഒരേക്കര്‍ ഭൂമിയിലുള്ള കൃഷിക്ക് 15 ലിറ്റര്‍ ജൈവ വളമാണ് ഈ കര്‍ഷകന്‍ ഉപയോഗിക്കുന്നത്. 1:9 അനുപാതത്തില്‍ വെള്ളം ചേര്‍ത്ത് മയപ്പെടുത്തിയ ശേഷം തുള്ളിനന രീതിയിലാണ് ഇവ കൃഷിയിടത്തിലേക്കെത്തിക്കുന്നത്.

ഗംഗാറാമിന്‍റെ കൃഷിരീതികള്‍ മറ്റുള്ളവര്‍ക്കും പ്രചോദനമേകി. ഗ്രാമത്തിലെ കര്‍ഷകര്‍ വ്യത്യസ്ത രീതിയെ കുറിച്ച് അറിയാന്‍ വന്നപ്പോള്‍ അവര്‍ക്ക് സന്തോഷപൂര്‍വം അതെല്ലാം അദ്ദേഹം പകര്‍ന്നു നല്‍കി.

രാസവളമുപയോഗിച്ച് ബജ്‌റയും ഗോതമ്പുമെല്ലാം കൃഷി ചെയ്തിരുന്ന ബാബുലാല്‍ മഹാരിയ എന്ന കര്‍ഷകന്‍ ഗംഗാ റാമില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ജൈവ കൃഷിയിലേക്ക് മാറിയത്. കഴിക്കുന്നവരുടെ ആരോഗ്യത്തിന് ഈ കൃഷിരീതിയാണ് ഗുണം ചെയ്യുകയെന്ന് മനസിലാക്കിയായിരുന്നു മാറ്റമെന്ന് ബാബുലാല്‍. ഇന്ന് അദ്ദേഹം ഒരേക്കറിലാണ് പോളിഹൗസ് ഫാമിങ് ചെയ്യുന്നത്. വിഷരഹിതമായ സാലഡ് വെള്ളരിയാണ് ബാബുലാലിന്‍റെയും പ്രധാന കൃഷി.

“അദ്ദേഹം (ഗംഗാ റാം) എനിക്ക് എല്ലാ കാര്യങ്ങളും പറഞ്ഞു തന്നു. ഞാന്‍ എന്‍റെ നോട്ട് പുസ്തകത്തില്‍ അതെഴുതി വയ്ക്കും. ഞങ്ങള്‍ ഒരുമിച്ചിരുന്ന് കൃഷി ചെയ്യേണ്ട ക്രമം തിട്ടപ്പെടുത്തും. ജീവാമൃതം എങ്ങനെയുണ്ടാക്കമെന്നതും ഞാന്‍ അദ്ദേഹത്തില്‍ നിന്നാണ് പഠിച്ചത്. കൃത്യമായ ഇടവേളകളില്‍ ഞങ്ങള്‍ നേരിട്ട് കണ്ട് ചര്‍ച്ച നടത്തുകയും ചെയ്യും. ഗ്രാമത്തിലെ കര്‍ഷകര്‍ക്കുള്ള ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പും ഞാനുണ്ടാക്കി. അതിലൂടെ മികച്ച കൃഷിരീതികളെ കുറിച്ചുള്ള അറിവുകള്‍ പങ്കുവെക്കുകയാണ് ചെയ്യുന്നത്,” ബാബുലാല്‍ പറയുന്നു.

വെല്ലുവിളികളുണ്ട്, എങ്കിലും മുന്നോട്ട് തന്നെ

ജൈവകൃഷിക്ക് ഒരുപാട് ഗുണങ്ങളുണ്ടെങ്കിലും മുന്നില്‍ കുറേ വെല്ലുവിളികളുമുണ്ടെന്ന് ഗംഗാ റാം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ കുറേ വര്‍ഷത്തെ തന്‍റെ പോളിഹൗസ് ഫാമിങ്ങില്‍ നിന്നും അദ്ദേഹം മനസിലാക്കിയതാണത്.

“ഇത്തരത്തിലുള്ള ആധുനിക കൃഷി രീതികളെ കുറിച്ച് നല്ലൊരു ശതമാനം കര്‍ഷകര്‍ക്കും ധാരണയില്ല. ഇത് പരീക്ഷിക്കാന്‍ പോലും പലരും തയാറാകാത്തതിന് കാരണം അതാണ്. മറ്റൊരു പ്രശ്‌നം വിപണി കണ്ടെത്തുന്നതിലാണ്. വിഷമില്ലാത്ത നല്ല വിഭവങ്ങള്‍ ജൈവകൃഷിയിലൂടെ ഉല്‍പ്പാദിപ്പിച്ചാലും ഞങ്ങള്‍ക്ക് അത് മികച്ച രീതിയില്‍ വില്‍ക്കാനുള്ള പ്ലാറ്റ്‌ഫോമുകള്‍ കുറവാണ്. കെമിക്കലുകള്‍ ഉപയോഗിക്കാതെ കൃഷി ചെയ്തുണ്ടാക്കിയ വിഭവങ്ങളെന്ന മേന്മയുണ്ടായിട്ടും പഴയ രീതിയില്‍ തന്നെ ഇടനിലക്കാരിലൂടെയാണ് ഞങ്ങള്‍ക്കിത് വില്‍ക്കേണ്ടി വരുന്നത്,” ഗംഗാ റാം സങ്കടപ്പെടുന്നു.

വില്‍പ്പന സുഗമമാക്കാനുള്ള നൂതനാത്മകമായ പ്ലാറ്റ്‌ഫോമുകള്‍ ഉയര്‍ന്നുവന്നാല്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ലഭിക്കുമെന്നും അത് ജൈവകൃഷിയിലേക്ക് തിരിയാന്‍ അത് കൂടുതല്‍ പേരെ പ്രേരിപ്പിക്കുമെന്നും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു ആ കര്‍ഷകന്‍.

ഭാവിയില്‍ കൂണ്‍ കൃഷിയും ചെയ്യണമെന്നാണ് ഗംഗാ റാമിന്‍റെ ആഗ്രഹം. കൃഷിയിടത്തില്‍ ഒരു ചെറിയ മീന്‍കുളവുമുണ്ട് അദ്ദേഹത്തിന്. അതില്‍ വളര്‍ത്തുന്നതാകട്ടെ റോഹു, കറ്റ്‌ല തുടങ്ങിയ മല്‍സ്യങ്ങളെയും. ഹൈഡ്രോപോണിക്‌സ് കൃഷി രീതിയെ കുറിച്ച് താന്‍ ഒരുപാട് കേട്ടിട്ടുണ്ടെന്നും അതിലും ഒരു കൈനോക്കണമെന്നാണ് ആഗ്രഹമെന്നും ആത്മവിശ്വസത്തോടെ പറയുന്നു ഈ കര്‍ഷകന്‍.

“കൃഷിയെ ഒരു പ്രൊഫഷനായി പരിഗണിക്കാന്‍ എല്ലാവര്‍ക്കും മടിയാണ്. എന്നാല്‍ മികച്ച കൃഷി രീതികള്‍ അനുവര്‍ത്തിച്ചാല്‍ ഏതൊരു കര്‍ഷകനും വലിയ വരുമാനം നേടാമെന്നത് തെളിയിക്കുകയാണ് എന്‍റെ ലക്ഷ്യം. രാസവളം ഉപയോഗിച്ചുള്ള കൃഷിയില്‍ നിന്ന് എല്ലാ കര്‍ഷകരും പിന്‍തിരിയണമെന്നാണ് എന്‍റെ ആഗ്രഹം. അങ്ങനെയൊരു മാറ്റമുണ്ടായാല്‍ അവര്‍ കൃഷി ചെയ്യുന്ന മണ്ണും അവിടെ വിളയുന്ന വിഭവങ്ങള്‍ കഴിക്കുന്ന മനുഷ്യരും ആരോഗ്യമായിരിക്കും,” ഗംഗാ റാം പറയുന്നു.

പോളിഹൗസ് ഫാമിങ്ങുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ നിങ്ങള്‍ക്ക് ഗംഗാ റാമുമായി ബന്ധപ്പെടാവുന്നതാണ്. മൊബൈല്‍ നമ്പര്‍ +91 98877 82381.


ഇതുകൂടി വായിക്കാം: വായുവില്‍ വിളയുന്ന പച്ചക്കറികള്‍! മണ്ണ് വേണ്ട, വെള്ളം പേരിന് മാത്രം… എയറോപോണിക്സിലൂടെ 15 ഇരട്ടി വിളവ് നേടി എന്‍ജിനീയര്‍


അഭിപ്രായം അറിയിക്കൂ:malayalam@thebetterindia.com, നമുക്ക് സംസാരിക്കാം Facebook ,Twitter 
സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം