പ്രഭുശങ്കര്‍, അദ്ദേഹത്തിന്‍റെ എയറോപോണിക്സ് തോട്ടവും

വായുവില്‍ വിളയുന്ന പച്ചക്കറികള്‍! മണ്ണ് വേണ്ട, വെള്ളം പേരിന് മാത്രം… എയറോപോണിക്സിലൂടെ 15 ഇരട്ടി വിളവ് നേടി എന്‍ജിനീയര്‍

“വായുവില്‍ ചെടികള്‍ വളര്‍ത്തുന്നു എന്ന് കേട്ടപ്പോള്‍ ഭ്രാന്തന്‍ ആശയം എന്നാണ് ഞാന്‍ മനസ്സില്‍ പറഞ്ഞത്.. എന്നാല്‍ പ്രഭുവിന്‍റെ തോട്ടം കണ്ടപ്പോള്‍ ഞാന്‍ അല്‍ഭുതപ്പെട്ടുപോയി.”

ക്വാപോണിക്‌സ്, മണ്ണില്ലാതെ കൃഷി ചെയ്യുന്ന ഹൈഡ്രോപോണിക്‌സ്, വീട്ടിലെ മുറിക്കുള്ളിലെ കൃഷിരീതികള്‍ അങ്ങനെ പലതും നമ്മള്‍ പരിചയപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.

എന്നാല്‍, ഇതൊന്നുമല്ലാത്ത, നമുക്കധികം പരിചയമില്ലാത്ത ഒരു കൃഷി രീതി കഴിഞ്ഞ പത്തുവര്‍ഷമായി പരീക്ഷിച്ച് വിജയിച്ചിരിക്കുകയാണ് കോയമ്പത്തൂരുകാരനായ പ്രഭു ശങ്കര്‍.

അദ്ദേഹത്തിന്‍റെ ഫാമില്‍ വായുവിലാണ് പച്ചക്കറികള്‍ വളരുന്നത്!

എയറോപോണിക്‌സ് എന്ന ഈ കൃഷി രീതി പക്ഷേ, അത്ര പുതിയതൊന്നുമല്ല, കേട്ടോ. 1940-കളില്‍ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ വികസിപ്പിച്ചെടുത്ത ഒന്നാണിത്. പക്ഷേ, ഇന്‍ഡ്യയില്‍ അത്രയ്ക്ക് പരീക്ഷിക്കപ്പെട്ടിട്ടില്ല എന്നുമാത്രം.


വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം.

ഈ സാങ്കേതിക വിദ്യയാണ് കോയമ്പത്തൂരില്‍ നിന്നുള്ള അഗ്രികള്‍ച്ചര്‍ എന്‍ജിനീയര്‍ കൂടുതല്‍ കൃത്യതയോടെ മെച്ചപ്പെടുത്തിയെടുത്തിരിക്കുന്നത്.

പ്രഭുശങ്കര്‍, അദ്ദേഹത്തിന്‍റെ എയറോപോണിക്സ് തോട്ടവും

കാലാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റങ്ങള്‍ ഈ കൃഷിയെ ബാധിക്കുന്നില്ല. മഴയുണ്ടെങ്കിലും പ്രശ്‌നമില്ല, മഴയില്ലെങ്കിലും കുഴപ്പമില്ല. കീടങ്ങളുടെ ആക്രമണവും പേടിക്കേണ്ട.

പ്രഭുവിന്‍റെ എയറോപോണിക്‌സ് തോട്ടത്തില്‍ 18 തരം പച്ചക്കറികള്‍ വിളയുന്നുണ്ട്. ഈ രീതിയനുസരിച്ച് പരമ്പരാഗത കൃഷി രീതികളേക്കാള്‍ വിളവ് 15 മടങ്ങ് കൂട്ടാമെന്നാണ് അദ്ദേഹം പറയുന്നത്.


സാധാരണ കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്നതിന്‍റെ 10 ശതമാനം വെള്ളം മാത്രമേ ഇതിന് ആവശ്യമുള്ളൂ.


“ചെറുകിട കര്‍ഷകര്‍ കൃഷിപ്പണികളെല്ലാം സ്വയം ചെയ്യും. എന്നാല്‍ വാണിജ്യ കൃഷി ചെയ്യുന്നവരുടെ സ്ഥിതി അതല്ല. ഫാമിന്‍റെ വലുപ്പം ഒരു പ്രശ്‌നമാണ്. വിളകള്‍ തെരഞ്ഞെടുക്കുന്നതും ജലസേചനവും വളം കൊടുക്കലുമെല്ലാം വലിയ തോട്ടങ്ങളില്‍ ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ്. വെള്ളത്തിന്‍റെ ഉപയോഗവും വളരെ കൂടുതലാണ്. ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിലാണെങ്കില്‍ അതൊരു വലിയ തലവേദനയുമായിരിക്കും,” പ്രഭു (47) പറയുന്നു.

എയറോപോണിക്സില്‍ വിളഞ്ഞ ബീറ്റ്റൂട്ടും (ഇടത്ത്) കാരറ്റും

എയറോപോണിക്സിന്‍റെ ഒരു ഗുണം വര്‍ഷത്തില്‍ മുഴുവന്‍ വിളവ് കിട്ടും എന്നതാണ്.

വാണിജ്യകൃഷിക്കാരിലേക്ക് ഈ സാങ്കേതിക വിദ്യ കൂടുതല്‍ എത്തിക്കാനായി പ്രഭു 2019 ജനുവവരിയില്‍ നിയോപോണിക്‌സ് (Neoponics) എന്ന സ്റ്റാര്‍ട്ട് അപ് തുടങ്ങി.

നിയോപോണിക്‌സ് പ്രോജക്റ്റ്‌സ് ഇന്‍ഡ്യ പ്രൈ. ലിമിറ്റഡ് എന്ന അദ്ദേഹത്തിന്‍റെ തന്നെ കമ്പനിയുടെ കീഴിലാണ് സ്റ്റാര്‍ട്ട് അപ് തുടങ്ങിയിരിക്കുന്നത്. ആവശ്യക്കാര്‍ക്ക് ഏയറോപോണിക്‌സ് സംവിധാനം തയ്യാറാക്കി നല്‍കുകയാണ് ഈ സ്റ്റാര്‍ട്ട് അപ് ചെയ്യുന്നത്.

മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ പ്രവര്‍ത്തിക്കുന്ന മഹാത്മാ ഫൂലെ കൃഷി വിദ്യാപീഠ് എന്ന സ്ഥാപനത്തില്‍ നിന്ന് അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങ്ങില്‍ ഡിഗ്രി കഴിഞ്ഞാണ് പ്രഭു ഈ രംഗത്തേക്കെത്തുന്നത്.

1995-ല്‍ ഡിഗ്രി പഠനം കഴിഞ്ഞ് നേരെ ഒരു ജലസേചന ഉപകരണങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ ജോലിക്ക് കയറി. സാങ്കേതി വിദ്യകള്‍ കൂടുതല്‍ മെച്ചപ്പെടുത്തുക, ജലസേചനസംവിധാനങ്ങള്‍ ഫാമുകളില്‍ സ്ഥാപിച്ചുനല്‍കുക, കമ്പനിയിലെ ജോലിക്കാര്‍ക്ക് ഇതില്‍ പരിശീലനം നല്‍കുക എന്നിങ്ങനെ പല തലങ്ങളില്‍ അദ്ദേഹം ജോലി ചെയ്തു.

എയറോപോണിക്സില്‍ വിളഞ്ഞ തക്കാളി

കര്‍ഷകരുടെ ജീവിതം കുറച്ചുകൂടെ മെച്ചപ്പെടുത്താനും എളുപ്പമാക്കാനുമുള്ള ആലോചനകളില്‍ മനസ്സിലുണ്ടായിരുന്നു. അങ്ങനെ 1998-ല്‍ ജോലി രാജിവെച്ചു. ഐ എ സി ആഗ്രോ ഇന്‍പുട്ട്‌സ് എന്ന സ്ഥാപനം തുടങ്ങി. അതില്‍ കാര്‍ഷിക ജലസേചന സംവിധാനങ്ങളില്‍ വിദഗ്ധരായ ആറ് പേര്‍ കൂടെ ഉണ്ടായിരുന്നു.

“ജലസേചനസംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തി കര്‍ഷകര്‍ക്ക് കൂടുതല്‍ മെച്ചമുണ്ടാക്കുക എന്നതായിരുന്നു കമ്പനിയുടെ ഉദ്ദേശം. അന്ന് ‘ഫെര്‍ട്ടിഗേഷന്‍ ഇന്‍ജക്ഷന്‍ ടൂള്‍’ എന്ന സാങ്കേതിക വിദ്യ ഞങ്ങള്‍ പരീക്ഷിച്ചു. ഇതുപയോഗിച്ച് ജലസേചനസംവിധാനത്തിലൂടെ തന്നെ ദ്രവരൂപത്തിലുള്ള വളവും നല്‍കാന്‍ കഴിയും. അന്ന് ഈ സാങ്കേതിക വിദ്യ ഇന്‍ഡ്യയില്‍ പ്രചാരത്തിലുണ്ടായിരുന്നില്ല,” അദ്ദേഹം വിശദമാക്കുന്നു.

അധികം വൈകാതെ കോയമ്പത്തൂരിലെ നൂറിലധികം ഫാമുകള്‍ ഇങ്ങനെ പരിപാലിക്കുന്ന അവസ്ഥയിലേക്ക് കമ്പനി എത്തി.

എന്നാല്‍ ഓരോ ഫാമിലെ പ്രവര്‍ത്തനങ്ങളും നോക്കി നടത്തുന്നതിന് മുഴുവന്‍ ശ്രദ്ധയും കൊടുക്കേണ്ടി വന്നു. അതുകൊണ്ട് ആ കമ്പനിയ്ക്ക് കൂടുതല്‍ വളരാന്‍ സാധ്യത കുറവാണെന്ന് പ്രഭുവിന് മനസ്സിലായി. അങ്ങനെ, 2008-ല്‍ കമ്പനി നിര്‍ത്തി. കൂടുതല്‍ വളര്‍ച്ചാ സാധ്യതയുള്ള സാങ്കേതിക വിദ്യകളിലേക്ക് ശ്രദ്ധ തിരിച്ചു.

നബാര്‍ഡിന്‍റെയും അഗ്രികള്‍ച്ചര്‍ യൂനിവേഴ്സിറ്റിയിലെയും വിദഗ്ധര്‍ പ്രഭുവിന്‍റെ തോട്ടം സന്ദര്‍ശിച്ചപ്പോള്‍

നിയന്ത്രിത കൃഷിരീതികളെക്കുറിച്ചുള്ള താല്‍പര്യം എയറോപോണിക്‌സിലേക്കാണ് പ്രഭുവിനെ എത്തിച്ചത്. അതിനെക്കുറിച്ച് ഒരുപാട് വായിച്ചു മനസ്സിലാക്കി.

പിന്നെ പരീക്ഷണങ്ങളും ഗവേഷണങ്ങളും നടത്തി പത്തുവര്‍ഷത്തിന് ശേഷമാണ് നിയോപോണിക്‌സ് എന്ന സ്റ്റാര്‍ട്ട് അപ്പിലേക്ക് എത്തുന്നത്.

മൂന്ന് കാര്യങ്ങളാണ് ഈ സംവിധാനത്തില്‍ അദ്ദേഹം ലക്ഷ്യമിട്ടത്.
1. കാലാവസ്ഥയെക്കുറിച്ച് വേവലാതിപ്പെടാതെയുള്ള കൃഷി.
2. വിഷരഹിത വിളകള്‍.
3. മാര്‍ക്കെറ്റിലെ ആവശ്യം മുന്‍കൂട്ടിക്കണ്ടുള്ള കൃഷി.

2001-ല്‍ തലവാടിയില്‍ വാങ്ങിയ 26 ഏക്കര്‍ കൃഷിഭൂമി പ്രഭുവിന്‍റെ പരീക്ഷണവേദിയായി. അവിടെ നേരത്തെ തന്നെ കരിമ്പും വാഴയും മുളകും വെള്ളരിയും തക്കാളിയുമൊക്കെ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നുണ്ടായിരുന്നു. അതുകൊണ്ട് ഗവേഷണത്തിനായി ചെലവിട്ട പത്തുവര്‍ഷം ഈ ഭൂമിയില്‍ നിന്നും വരുമാനം കിട്ടിയിരുന്നു.

പ്രഭുവും (വലത്ത്) നിയോപോണിക്സിന്‍റെ ഡയറക്റ്റര്‍ വിജയമോഹനും

വര്‍ഷങ്ങളുടെ ശ്രമം കൊണ്ട് നിയന്ത്രിതമായ അന്തരീക്ഷത്തില്‍ അകത്തെ കാലാവസ്ഥ നിയന്ത്രിച്ചുകൊണ്ടുള്ള കൃഷി സാങ്കേതിക വിദ്യയില്‍ അദ്ദേഹം ഒരു വിദഗ്ധനായി. ഓരോ വിളയ്ക്കും ആവശ്യമായ കീടനാശിനി മുക്തമായ ന്യൂട്രിയന്‍റ് സൊല്യൂഷനുകള്‍ അദ്ദേഹം വികസിപ്പിച്ചെടുത്തു. 20-ലേറെ വിളകള്‍ക്ക് വേണ്ട തികച്ചും ഓര്‍ഗാനിക്കായ ലവണക്കൂട്ടുകള്‍ (mineral composition) തയ്യാറാക്കി.

പരീക്ഷണാടിസ്ഥാനത്തില്‍ 10,000 സ്‌ക്വയര്‍ ഫീറ്റ് എയറോപോണിക്‌സ് ഫാം അദ്ദേഹം തയ്യാറാക്കി. അതില്‍ തക്കാളി, ഉരുളക്കിഴങ്ങ്, വഴുതന, ബീറ്റ്‌റൂട്ട്, കാരറ്റ്, ഉള്ളി തുടങ്ങി 15 ഇനം പച്ചക്കറികള്‍ വിളയിച്ചു.

തുടര്‍ന്ന് എയറോപോണിക്‌സ് ഫാമിന് വേണ്ട ഉപകരണങ്ങളും തയ്യാറാക്കി.

1. തെര്‍മ്മോ ഹൈഡ്രോ പ്ലാന്‍റ്: ഇത് ഗ്രോ റൂമിലെ ഈര്‍പ്പവും താപനിലയും നിയന്ത്രിക്കുന്നു.

2. പ്രോസസ് സൊല്യൂഷന്‍ ടെംപറേച്ചര്‍ കണ്‍ട്രോള്‍ പ്ലാന്‍റ്: ഇത് വെള്ളത്തിന്‍റെ താപനില ക്രമീകരിക്കുന്നു.

3. മിനെറല്‍ ഡോസിങ്ങ് പ്ലാന്‍റ്: ചെടികള്‍ക്ക് വേണ്ട ലവണങ്ങള്‍ ഇന്‍ജെക്റ്റ് ചെയ്യുന്നതിനുള്ള ഇന്‍റെലിജെന്‍റ് സംവിധാനം.

4. മോഡ്യുലാര്‍ ക്രോപ് പ്രൊഡക്ഷന്‍ പ്ലാറ്റ്‌ഫോം: വിളകള്‍ നടുന്നതിനുള്ള പ്ലാറ്റ് ഫോം.

പ്രഭുവിന്‍റെ തോട്ടത്തില്‍ വളര്‍ന്ന ഉള്ളി

ഇത്രയുമാണ് നിയോ ഫാം സംവിധാനത്തില്‍ ഉള്ളത്. മൂന്ന് മാസം എടുക്കും ഈ ഫാം സെറ്റ് ചെയ്യാന്‍. എയറോപോണിക്സ് ഫാം സെറ്റ് ചെയ്യുന്നതിനുള്ള ചെലവുകള്‍ ഏകീകരിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ ഈ സ്റ്റാര്‍ട്ട് അപ്പ്. ഇപ്പോള്‍ ഫാമിന്‍റെ വലുപ്പം, ഓരോ കര്‍ഷകരും ആവശ്യപ്പെടുന്ന പ്രത്യേക ഫീച്ചറുകള്‍ എന്നിവയ്ക്ക് അനുസരിച്ച് ചെലവില്‍ വ്യത്യാസമുണ്ട്.

ഇതിനൊപ്പം സെന്‍സറുകള്‍ ഘടിപ്പിച്ച് ഫാം ഓണ്‍ലൈന്‍ ആയി മോണിറ്റര്‍ ചെയ്യാനുള്ള സംവിധാനത്തിനും വേറെ ചെലവുവരും.

ആദ്യം നിയോപോണിക്‌സ് ടീം കൃഷിയിടം സന്ദര്‍ശിച്ച് മനസ്സിലാക്കിയതിന് ശേഷം ഫാം സെറ്റ് ചെയ്തുതരും. ആദ്യത്തെ മാസം എല്ലാ സംവിധാനങ്ങളും ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് നോക്കുന്ന ഡ്രൈ റണ്‍ പിരീഡ് ആണ്. പൂര്‍ണ്ണമായും വ്യാവസായികാടിസ്ഥാനത്തില്‍ അഞ്ചാം മാസം മുതല്‍ വിളവെടുപ്പ് തുടങ്ങാം. ആദ്യത്തെ രണ്ട് വര്‍ഷങ്ങളില്‍ എല്ലാ പിന്തുണയും നല്‍കി നിയോപോണിക്‌സ് ടീം കൂടെയുണ്ടാകും. ഫാമിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ടീമംഗങ്ങള്‍ ഉണ്ടാകും.

എയറോപോണിക്സ് പ്ലാറ്റ്ഫോമിന്‍റെ പിന്‍ഭാഗം.

ഇപ്പോള്‍ രണ്ട് കോര്‍പറേറ്റ് ക്ലയന്‍റ്സിന് വേണ്ടി എയറോപോണിക്‌സ് ഫാം ചെയ്തിട്ടുണ്ട്. അതിലൊന്ന് പൂനെക്കാരനായ അരിന്ദം പോളിന്‍റെ ഛത്തിസ്ഗഡിലെ റായ്ഗഡിലുള്ള ഫാമുകളാണ്.

അരിന്ദം 2018-ലാണ് കെ വി ബി പ്രോഡക്റ്റ്‌സ് എന്ന വിഷരഹിത ഔഷധസസ്യങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന കമ്പനി തുടങ്ങുന്നത്. ന്യൂട്രാസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് വേണ്ടി മുരിങ്ങയും മഞ്ഞളുമൊക്കെയാണ് അദ്ദേഹത്തിന്‍റെ ഫാമുകളില്‍ അധികവും വളര്‍ത്തുന്നത്.

കോയമ്പത്തൂരിലെ ഒരു പൊതുസൃഹൃത്തുവഴിയാണ് അദ്ദേഹം പ്രഭുവിനെ കണ്ടുമുട്ടുന്നത്, 2013-ല്‍.

“വായുവില്‍ ചെടികള്‍ വളര്‍ത്തുന്നു എന്ന് കേട്ടപ്പോള്‍ ഭ്രാന്തന്‍ ആശയം എന്നാണ് ഞാന്‍ മനസ്സില്‍ പറഞ്ഞത്. എന്നാല്‍ പ്രഭുവിന്‍റെ തോട്ടത്തിലെ വിളകള്‍ കണ്ടപ്പോള്‍, അതിനായി എത്ര കുറച്ച് വിഭവങ്ങള്‍ മാത്രമാണ് ഉപയോഗിക്കുന്നത് എന്ന് മനസ്സിലാക്കിയപ്പോള്‍ ഞാന്‍ അല്‍ഭുതപ്പെട്ടുപോയി,” 48-കാരനായ അരിന്ദം പറയുന്നു.

സ്റ്റാര്‍ട്ട് അപ് തുടങ്ങുന്നതിന് മുന്‍പ് തന്നെ പ്രഭുവിനെക്കൊണ്ട് എയറോപോണിക്‌സ് സംവിധാനം ഒരേക്കറില്‍ സെറ്റ് ചെയ്യിപ്പിച്ചിരുന്നു, അരിന്ദം.

പുതിന

“എന്‍റെ ഫാമിലെ ഉല്‍പന്നങ്ങളില്‍ ഒരു തരി വിഷവസ്തു കലരരുത് എന്നത് എന്‍റെ കസ്റ്റമേഴ്‌സ് ആയ ന്യൂട്രാസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് നിര്‍ബന്ധമാണ്. പിന്നെ, വെള്ളവും വളരെ കുറവ് മതി–സാധാരണ ഫാമില്‍ വേണ്ടതിന്‍റെ ഒരു ശതമാനം മാത്രം. ഉല്‍പാദനം 10 ഇരട്ടി കൂടുതലാണ്, മാത്രവുമല്ല, വര്‍ഷം മുഴുവന്‍ എനിക്ക് വിളവെടുക്കുകയും ചെയ്യാം. കീടബാധയെക്കുറിച്ചൊന്നും വേവലാതിപ്പെടുകയേ വേണ്ട. ഇതില്‍ക്കൂടുതല്‍ എന്ത് വേണം?” അരിന്ദം ചിരിക്കുന്നു.


ഇതുകൂടി വായിക്കാം: പഴയ പത്രക്കടലാസുകള്‍ കൊണ്ട് മണ്ണില്ലാകൃഷി, ഒപ്പം തിരിനനയും


പ്രഭുവിന്‍റെ സ്റ്റാര്‍ട്ട് അപ് കഴിഞ്ഞ വര്‍ഷമാണ് തുടങ്ങിയതെങ്കിലും ഇവിടേക്കെത്താന്‍ കുറെക്കാലത്തെ പരിശ്രമം ഉണ്ടായിരുന്നു. ഒരുപാട് വെല്ലുവിളികളും നേരിടേണ്ടി വന്നു.

“പത്തുവര്‍ഷത്തെ ഗവേഷണം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. പലതവണ പല വിളകളും പരീക്ഷിച്ചു. പലതും പരാജയപ്പെട്ടു…,” പ്രഭു പറയുന്നു. മാത്രമല്ല, ഓരോ കാര്‍ഷിക സംരംഭകനും ആവശ്യപ്പെടുന്ന വിളകള്‍ക്കുവേണ്ടി പ്രത്യേകം പോഷകസംയുക്തങ്ങള്‍ തയ്യാറാക്കണം. ഇതിനായും പ്രത്യേക ഗവേഷണം വേണ്ടി വരും,” പ്രഭു പറഞ്ഞു.

പ്രഭു ശങ്കര്‍

എന്നാല്‍ പത്തുവര്‍ഷത്തിനിപ്പുറം, ഒരു വെല്ലുവിളിയും നേരിടാന്‍ ബുദ്ധിമുട്ടുള്ളതല്ലെന്നും സ്ഥിരോത്സാഹമുണ്ടെങ്കില്‍ എന്തിനെയും നേരിടാമെന്നും ഉള്ള ആത്മവിശ്വാസത്തിലാണ് അദ്ദേഹം.

ഈ എയറോപോണിക്‌സ് സംവിധാനത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റെലിജെന്‍സ് (നിര്‍മ്മിത ബുദ്ധി) കൂടി ഉപയോഗിക്കാനുള്ള പരിശ്രമങ്ങളിലാണ് ഈ സ്റ്റാര്‍ട്ട് അപ്. ഫാം മാനേജ്‌മെന്‍റ് കൂടുതല്‍ എളുപ്പത്തിലാക്കാനാണിത്. മറ്റൊന്ന് ചെറുകിട കര്‍ഷകരെ ഉദ്ദേശിച്ചുകൊണ്ട് നിര്‍മ്മാണച്ചെലവ് കുറഞ്ഞ എയറോപോണിക്‌സ് സംവിധാനങ്ങള്‍ തയ്യാറാക്കുന്നതിനുള്ള പദ്ധതിയാണ്.

“പരിസ്ഥിതിക്ക് മേലുള്ള ആഘാതം കുറച്ചുകൊണ്ട് കൂടുതല്‍ ഭക്ഷണം ഉല്‍പാദിപ്പിക്കാന്‍ ഈ സംവിധാനത്തിലൂടെ കഴിയും. കുറഞ്ഞ സ്ഥലത്ത് കുറച്ചുവിഭവങ്ങളും വെള്ളവും മാത്രം ഉപയോഗപ്പെടുത്തി കീടനാശിനികളൊന്നും ഉപയോഗിക്കാതെ തന്നെ മികച്ച വിളവ് ഉണ്ടാക്കാന്‍ എയറോപോണിക്‌സിലൂടെ സാധിക്കുന്നു. അതോടൊപ്പം കൃഷി വരുംതലമുറ ആവേശത്തോടെ ഇടപെടുന്ന ഒരു സംരംഭം കൂടിയായി മാറ്റാനാണ് ഉദ്ദേശിക്കുന്നത്.”

***
കൂടുതല്‍ വിവരങ്ങള്‍ക്ക്:   neoponics.in   (ഇ-മെയില്‍: md@neoponics.in)


വായിക്കാം:  അക്വാപോണിക്സ് കൃഷിയില്‍ വിജയിച്ചവരുടെ അനുഭവങ്ങള്‍

വെറും രണ്ടര മീറ്റര്‍ സ്ഥലത്ത് 64 പച്ചക്കറികളും മീനും; 71-കാരന്‍റെ വെര്‍ട്ടിക്കല്‍ അക്വാപോണിക്സ് പരീക്ഷണം

ഒരു സെന്‍റ് കുളത്തില്‍ 4,000 മീന്‍, മൂന്നു സെന്‍റില്‍ നിറയെ പച്ചക്കറി: ജലക്ഷാമത്തെ തോല്‍പിച്ച് രേഖയുടെ അക്വാപോണിക്സ് പരീക്ഷണം

പഴയ പത്രക്കടലാസുകള്‍ കൊണ്ട് മണ്ണില്ലാകൃഷി, ഒപ്പം തിരിനനയും: മട്ടുപ്പാവ് കൃഷിയുടെ ഭാരം കുറയ്ക്കാനും വിളവ് കൂട്ടാനും ഷിബുകുമാറിന്‍റെ പരീക്ഷണം


 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം