Placeholder canvas

ചിലരെ മാത്രം കൊതുകുകള്‍ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് എന്തുകൊണ്ട്? അതിനുള്ള കാരണം ഇതാണ്

കൊതുകകളെ മുഴുവനായും നശിപ്പിച്ചുകളഞ്ഞാല്‍ എന്താണ് കുഴപ്പം?

‘ഇത്ര പേര്‍ ഇവിടെ ഇരിക്കുന്നുണ്ടല്ലോ… ഇതെന്താ എന്നെ മാത്രം കൊതുക് ഇങ്ങനെ കടിയ്ക്കുന്നത്,’  എന്ന് പരാതിപ്പെടുന്ന ഒരു കൂട്ടുകാരനോ കൂട്ടുകാരിയോ നമ്മുടെ കൂട്ടത്തില്‍ എപ്പോഴും കാണാറില്ലേ..?

എന്തുകൊണ്ടാണ് ചില ആളുകളെ കൊതുകുകള്‍ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത്? അതിനുപിന്നിലെ കാരണം ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്.

ജേണൽ ഓഫ് മെഡിക്കൽ എൻ‌ടോമോളജി നടത്തിയ നിയന്ത്രിത പഠനമനുസരിച്ച്, കൊതുകുകൾ ടൈപ്പ് എ രക്തം ഉള്ളവരേക്കാൾ ടൈപ്പ് ഓ രക്തം ഉള്ള ആളുകളെയാണ് ഇഷ്ടപ്പെടുന്നത്. ടൈപ്പ് ഓ-ക്കാരോടുള്ള ഈ താല്‍പര്യം മറ്റുള്ളവരോടുള്ളതിനേക്കാള്‍ ഇരട്ടിയോളം അധികമാണ്.  ഈ ടൈപ്പ് രക്തം  ഉൽ‌പാദിപ്പിക്കുന്ന പ്രത്യേകതരം സ്രവങ്ങളാണ് കൊതുകുകളെ ആകര്‍ഷിക്കുന്നത്.

ഫ്ലോറിഡ യൂണിവേഴ്സിറ്റിയിലെ എൻ‌ടോമോളജി പ്രൊഫസറായ ജോനാഥൻ എഫ് ഡേ (Jonathan F Day)  ഈ പഠനത്തിന്‍റെ നിഗമനങ്ങളോട് യോജിക്കുന്നു. കൂടാതെ ചില ആളുകളിലേക്ക് ഇത്തരം പ്രാണികള്‍  ആകർഷിക്കപ്പെടാനുള്ള മറ്റ് ചില ഘടകങ്ങളും ചൂണ്ടിക്കാണിക്കുന്നു.

“ഒരുപക്ഷേ കാര്‍ബണ്‍ഡയോക്സൈഡ് ( CO2) ആണ് ഏറ്റവും പ്രധാനം. ഉയർന്ന മെറ്റബോളിക് നിരക്ക് ഉള്ള ആളുകളെപ്പോലെ നിങ്ങൾ ഉത്പാദിപ്പിക്കുന്ന CO2 ന്‍റെ അളവ് – ജനിതക ഘടന അടക്കമുള്ള മറ്റ് പ്രത്യേകതകള്‍- നിങ്ങൾ നൽകുന്ന കാർബൺ ഡയോക്സൈഡിന്‍റെ അളവ് വർദ്ധിപ്പിക്കുന്നു. നിങ്ങൾ എത്രത്തോളം കാര്‍ബണ്‍ ഡയോക്സൈഡ് വിട്ടുകൊടുക്കുന്നുവോ അത്രയും അധികം ഈ ജീവികള്‍ നിങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടും, ”അദ്ദേഹം പറഞ്ഞു.

3,500 ഇനം കൊതുകുകളുടെ കടി ലോകത്തെ ബാധിച്ചിട്ടുണ്ട്.  ഈ ജീവികളിൽ ഏറ്റവും ചെറിയവ ചില മാരകങ്ങൾ ഉൾപ്പെടെ നിരവധി രോഗങ്ങൾ പരത്തുകയും ചെയ്യുന്നു.

ഈഡിസ് ഈജിപ്തി (Aedes aegypti)  എന്ന ഒറ്റയിനം കൊതുകാണ് സിക്ക, ഡെങ്കി, ചിക്കുൻ‌ഗുനിയ, മഞ്ഞപ്പനി എന്നീ രോഗങ്ങള്‍ പരത്തുന്നത്. ലോക ജനസംഖ്യയുടെ പകുതിയും ഈ ഇനം കൊതുകുകള്‍ ധാരാളമായുള്ള പ്രദേശങ്ങളിലാണ് താമസിക്കുന്നത് എന്നതാണ് കൂടുതൽ ആശങ്കപ്പെടുത്തുന്നത്. അതേസമയം, അനോഫെലിസ് കൊതുകുകൾ മലേറിയ വാഹകരാണ്.

വര്‍ഷംതോറും ദശലക്ഷക്കണക്കിന് മരണങ്ങൾക്കാണ് ഈ കൊതുകുകള്‍ കാരണമാകുന്നത്. കഴിഞ്ഞ 30 വർഷത്തിനിടെ ലോകമെമ്പാടും ഡെങ്കിപ്പനി 30 മടങ്ങ് വർദ്ധിച്ചു, കൂടുതൽ രാജ്യങ്ങളിലേക്ക് രോഗം പടർന്നുപിടിക്കുന്നതായി ലോകാരോഗ്യ സംഘടന പറയുന്നു. വർഷംതോറും 7,00,000 പേര്‍ കൊതുകുപരത്തുന്ന രോഗങ്ങള്‍ പിടിപെട്ട് മരിക്കുന്നുണ്ട്.


ഇതുകൂടി വായിക്കാം: തുണികൊണ്ട് തന്നെ കൊതുകിനെ അകറ്റാം, വെറും 14 രൂപയ്ക്ക്


ഇന്ത്യയിൽ 400 ഇനം കൊതുകുകള്‍ ഉണ്ട്, അവയെല്ലാം തന്നെ രോഗവാഹകരുമാണ്. കൊതുക് പരത്തുന്ന രോഗങ്ങളുടെ വ്യാപനം നിർണ്ണയിക്കുന്നതിൽ ജനസംഖ്യയും ശുചിത്വവും നിർണായക പങ്ക് വഹിക്കുന്നുണ്ട്. കഴിഞ്ഞ വർഷം രാജ്യത്തുടനീളം 67,000 ആളുകൾക്ക് കൊതുകുപരത്തുന്ന രോഗങ്ങള്‍ ബാധിച്ചതായാണ് കണക്ക്.

ഉയർന്ന സ്ഥിതി വിവരക്കണക്കുകൾ തീർച്ചയായും ഈ ഘടകങ്ങളുമായി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. എങ്കിലും കൊതുകുവര്‍ഗ്ഗങ്ങളില്‍ ഭൂരിഭാഗവും സസ്യങ്ങളില്‍ നിന്നും പഴങ്ങളില്‍ നിന്നും നീരൂറ്റിക്കുടിച്ച് ജീവിക്കുന്നവയാണ്. പെണ്‍കൊതുകുകളില്‍  6 ശതമാനം മാത്രമാണ് മുട്ടയിടുന്നതിന് വേണ്ടി മനുഷ്യരിൽ നിന്നും രക്തം ഊറ്റുന്നത്.

ഒരു ചെറിയ കൂട്ടം കൊതുകുകൾ മാത്രം ദോഷകരമാണെങ്കിൽ, എന്തുകൊണ്ട് നമുക്ക് അവയെ പൂര്‍ണ്ണമായും ഒഴിവാക്കിക്കൂടാ? ഈ ഇനങ്ങളെ മുഴുവന്‍ നശിപ്പിക്കുന്നതിനുള്ള വഴി കണ്ടെത്തിയാല്‍ മതിയല്ലോ!

അങ്ങനെ ചെയ്യുന്നതിലെ ധാർമ്മിക വശം മാറ്റിനിര്‍ത്തിയാല്‍പ്പോലും , കൊതുകുകളെ പൂര്‍ണ്ണമായും നശിപ്പിച്ചുകളയുന്നതിനെതിരെ മറ്റ് പല ന്യായവാദങ്ങളുമുണ്ട്.

തവളകൾ,പല്ലികള്‍, വവ്വാലുകൾ, പക്ഷികൾ തുടങ്ങി ദശലക്ഷക്കണക്കിന് ജീവികൾക്ക് ഈ പ്രാണികള്‍ പ്രധാന ഭക്ഷണമാണ്. അതിനാൽ അവയെ ഉന്മൂലനം ചെയ്യുന്നത് ഭക്ഷ്യശൃംഖലയെ മുറിക്കും. കൂടാതെ, പൂന്തേന്‍ കഴിക്കാനെത്തുന്ന ആണ്‍കൊതുകുകൾ എല്ലാ സസ്യങ്ങളിലും പരാഗണം നടത്തുകയും ചെയ്യുന്നു.

അതുകൊണ്ട്, എല്ലാ കൊതുകുകളെയും നശിപ്പിക്കുന്നത് പാരിസ്ഥിതികമായി ഫലപ്രദമായ ഒരു പരിഹാരമല്ല. മാത്രവുമല്ല, ഈ ലോകത്ത് കൊതുകുകള്‍ക്കും യഥാർത്ഥത്തിൽ ഒരു പങ്കുണ്ട്… കൊതുകുകടി അത്ര സുഖകരമല്ലെങ്കില്‍പ്പോലും.


ഇതുകൂടി വായിക്കാം: ഐ എ എസ് ഇട്ടെറിഞ്ഞ് ഈ മലയാളി തുടങ്ങിയ സംരംഭം ലോകത്തെ മുന്‍നിര കമ്പനിയായതിങ്ങനെ 


അഭിപ്രായം അറിയിക്കൂ:malayalam@thebetterindia.com, നമുക്ക് സംസാരിക്കാം Facebook ,Twitter 
സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം