പുതുമയാര്‍ന്ന ഈ പരീക്ഷണത്തിന് ശേഷം പല ഏജന്‍സികളും ഈ വിദ്യാര്‍ത്ഥികളെത്തേടിയെത്തി

9 വിദ്യാര്‍ത്ഥികള്‍ മൂന്ന് മാസം കൊണ്ട് നിര്‍മ്മിച്ച ബാംബൂ കാര്‍; ലീറ്ററിന് 77 കി.മി. മൈലേജ്

60 കിലോ മാത്രമാണ് കാറിന്‍റെ ഭാരം. ഈ മോഡല്‍ കൂടുതല്‍ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് ഈ വിദ്യാര്‍ത്ഥികള്‍. മൈലേജ് ലീറ്ററിന് 200 കി.മീ. എത്തിക്കുവാനുള്ള ശ്രമത്തിലാണവര്‍. 

ഷെല്‍ ഇകോ-മാരത്തോണിന് വെറും രണ്ട് ദിവസം മുന്‍പാണ് തിരുവനന്തപുരത്തുനിന്നുള്ള ആ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങ് വിദ്യാര്‍ത്ഥികള്‍ക്ക് അവരുണ്ടാക്കിയ കാര്‍ മത്സരത്തിന് അയക്കാന്‍ കഴിഞ്ഞത്. അവരുടെ ഹൃദയങ്ങള്‍ പടപടാന്ന് ഇടിക്കുന്നുണ്ടായിരുന്നു അപ്പോള്‍.

ഏകദേശം ഒരാഴ്ചയായി അവര്‍ ശരിക്കും ഭക്ഷണമൊന്നും കഴിച്ചിട്ടില്ലായിരുന്നു. ഉറക്കവുമില്ല. എന്നാല്‍ അവര്‍ക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു.

“മത്സരത്തിന് മൂന്ന് മാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴാണ് ഞങ്ങളുടെ മെന്‍റര്‍ വന്ന് കാറിന്‍റെ ബോഡിക്ക് ഏതെങ്കിലും ബദല്‍ മെറ്റീരിയല്‍ ആലോചിക്കാന്‍ ആവശ്യപ്പെടുന്നത്. ഭാരം കൂടുതല്‍ പാടില്ല. കാര്‍ബണ്‍ ഫൈബറായിരുന്നു ഏറ്റവും എളുപ്പമുള്ള ഓപ്ഷന്‍. പക്ഷേ, അതിന് ചെലവ് വളരെ കൂടും. ഞങ്ങള്‍ക്ക് അതിനുള്ള ബജറ്റില്ല,” തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്‍ ഗവ. എന്‍ജിനീയറിങ് കോളെജിലെ വിദ്യാര്‍ത്ഥി അഭിനവ് പി ശേഖര്‍ (21) പറഞ്ഞു.

തിരുവനന്തപുരം ഗവണ്‍മെന്‍റ് എന്‍ജിനീയറിങ്ങ് കോളെജ്, ബാര്‍ട്ടണ്‍ ഹില്‍, വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ബാംബൂ കാര്‍

“അങ്ങനെയാണ് ഞങ്ങള്‍ മുള പരീക്ഷിച്ചാലോ എന്ന് ചിന്തിക്കുന്നത്. അത് വലിയ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. പ്രത്യേകിച്ചും ഞങ്ങള്‍ക്ക് ആവശ്യത്തിന് സമയം ഇല്ലായിരുന്നു,” ടീം-മെത്തേഡോസ് എന്ന ഒമ്പതംഗ സംഘത്തിന്‍റെ ലീഡര്‍ കൂടിയായ അഭിനവ് കൂട്ടിച്ചേര്‍ത്തു.

മൂന്ന് മാസം കൊണ്ട് കാറിന്‍റെ മാതൃക തയ്യാറാക്കുന്നത് ഒട്ടും എളുപ്പമായിരുന്നില്ല.
“കോളെജിലെ ബാംബൂ റിസേര്‍ച്ച് സെന്‍റര്‍ ഞങ്ങളെ ഏറെ സഹായിച്ചു. ഓരോ മുളംചീളുകളും വൃത്തിയായി നെയ്ത് പരമാവധി സ്മൂത്ത് ആക്കാന്‍ അവര്‍ സഹായിച്ചു. ഞങ്ങള്‍ പത്തുപതിനഞ്ച് സാംപിള്‍ ചെയ്തുനോക്കിക്കാണും. ഒടുവിലാണ് അതിന്‍റെ ശരിക്കുള്ള ഫിനിഷ് കിട്ടിയത്. സമയം വളരരെക്കുറവായിരുന്നല്ലോ. അതുകൊണ്ട് മാരത്തോണിന് അയക്കുന്നതിന് ആറേഴ് ദിവസം മുന്‍പ് മാത്രമാണ് ഞങ്ങള്‍ക്ക് കാര്‍ ടെസ്റ്റ് ചെയ്തുനോക്കാന്‍ കഴിഞ്ഞത്,” അഭിനവ് തുടരുന്നു.

“ഞങ്ങളെല്ലാവരും വര്‍ക്ക്‌ഷോപ്പില്‍ തന്നെ താമസിച്ചു. രാത്രിയും പകലും ഈ മോഡല്‍ പരമാവധി മെച്ചപ്പെടുത്താനായി പാടുപെട്ടു.”

മുളകൊണ്ടുള്ള ഫ്രെയിം തയ്യാറാക്കല്‍ എളുപ്പമായിരുന്നില്ല. പത്തുപതിനഞ്ച് സാംപിളുകള്‍ അവര്‍ തയ്യാറാക്കി നോക്കി.

ആ പുതിയ ഐഡിയക്കും മൂന്നുമാസത്തെ പരിശ്രമത്തിനും ഫലമുണ്ടാവുക തന്നെ ചെയ്തു. ഷെല്‍ ഇകോ-മാരത്തോണ്‍ ഇന്‍ഡ്യ-2018 മത്സരത്തില്‍ അവരുടെ മുളംകാറിന് ടെക്‌നിക്കല്‍ ഇ്ന്നവേഷന്‍ (ജുഗാഡ് അവാര്‍ഡ്) കിട്ടി. ഒപ്പം പ്രോട്ടോടൈപ്പ് ഐ സി എന്‍ജിന്‍ (ഗാസോലിന്‍) കാറ്റഗറിയില്‍ രണ്ടാം റണ്ണറപ്പുമായി.

മെത്തേഡോസ് തയ്യാറാക്കിയ ആ മുളംകാറിന് 2018-ല്‍ ലീറ്ററിന് 77 കിലോമീറ്റര്‍ മൈലേജ് കിട്ടി. ഇപ്പോള്‍ അത് ലീറ്ററിന് 200 കിലോമീറ്റര്‍ എന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്.

മുളകൊണ്ട് ഉണ്ടാക്കിയതുകൊണ്ട് ഭാരം തീരെ കുറവാണ്. ഒപ്പം പ്രകൃതിസൗഹൃദവും ചെലവുകുറഞ്ഞതുമാണ്. കാറിന്‍റെ ആകെ ഭാരം വെറും 60 കിലോ മാത്രം. എന്‍ജിനോട് ചേര്‍ന്ന ഭാഗത്ത് തെര്‍മ്മല്‍ റെസിസ്റ്റന്‍റ് കോട്ടിങ് ഉണ്ട്. പുറത്തെ മുളകൊണ്ടുള്ള ബോഡിക്ക് ശക്തി കൂട്ടാനും ഫയര്‍ റെസിസ്റ്റന്‍റ് ആക്കാനും ഐസോതാലിക് റെസിന്‍ കൊണ്ട് കവര്‍ ചെയ്തു.

മെത്തേഡോസ് സംഘത്തിലെ ഒമ്പത് വിദ്യാര്‍ത്ഥികളാണ് ഈ കാര്‍ നിര്‍മ്മിച്ചത്

“ആദ്യമോഡലിന്‍റെ ബോഡി മുളകൊണ്ട് നെയ്‌തെടുത്തതായതുകൊണ്ട് ചെറിയ ചെറിയ എയര്‍ പോക്കറ്റുകള്‍ ഉണ്ടാകുമായിരുന്നു. ഇത് എയര്‍ ഡ്രാഗ് ഉണ്ടാക്കും. ഇത് പരമാവധി കുറയ്ക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിരുന്നു. പുതിയ വേര്‍ഷനില്‍ ഗ്ലാസ് ഫൈബറും റെസിനും ചേര്‍ത്ത് ശക്തിപ്പെടുത്തിയ ബാംബൂ ഫേബ്രിക് ആണ് ഉപയോഗിക്കുന്നത്. ഇത് കൂടുതല്‍ ഉറപ്പുള്ളതും ഭാരം കുറഞ്ഞതുമാണ്. എയര്‍ ഡ്രാഗ് കുറയുന്നതോടെ മൈലേജും കൂടി. മൈലേജ് ലീറ്ററിന് 150-200 കിലോമീറ്റര്‍ വരെയെത്തിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍,” അഭിനവ് വിശദമാക്കുന്നു.

പുല്‍ത്തകിടി വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന മെഷീനില്‍ ഉപയോഗിക്കുന്ന ഹോണ്ട GX35 എന്‍ജിനാണ് ഈ കാറിലും ഉപയോഗിച്ചിരിക്കുന്നത്.
“സാധാരണ ഈ മെഷീന് റീകോയില്‍ സ്റ്റാര്‍ട്ടര്‍ ആണ് ഉള്ളത്. എന്നാല്‍ ഇക്കോ-മാരത്തോണിന്‍റെ നിയമങ്ങള്‍ പ്രകാരം ഇലക്ട്രിക് പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ടര്‍ ആണ് വേണ്ടിയിരുന്നത്. അതൊരു പ്രശ്‌നമായിരുന്നു. എങ്കിലും ആ എന്‍ജിനില്‍ മാറ്റം വരുത്തി ഞങ്ങള്‍ കാര്യം സാധിച്ചു. കാര്യക്ഷമതയിലും പുതുമയിലും ഈ പുതിയ ഫീച്ചര്‍ വളരെ മെച്ചമായിരുന്നു,” അഭിനവ് കൂട്ടിച്ചേര്‍ത്തു.

പുതുമയാര്‍ന്ന ഈ പരീക്ഷണത്തിന് ശേഷം പല ഏജന്‍സികളും ഈ വിദ്യാര്‍ത്ഥികളെത്തേടിയെത്തി

ആ ഒന്‍പത് വിദ്യാര്‍ത്ഥികളുടെ പരീക്ഷണവും പരിശ്രമവുമിന്ന് കോളെജിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ആവേശമായിരിക്കുകയാണ്.

ഇക്കോ-മാരത്തോണില്‍ വിജയം നേടിയപ്പോള്‍ അവര്‍ക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു.
“ഫലം പുറത്തുവന്നപ്പോള്‍ ഞങ്ങള്‍ ലോകത്തിന്‍റെ നെറുകയിലായിരുന്നു,” അവസാനവര്‍ഷ വിദ്യാര്‍ത്ഥിയായ അഭിനവ് ഓര്‍ക്കുന്നു. “രണ്ട് മാസം ഉറക്കമില്ലാത്ത രാത്രികളും വിശ്രമമില്ലാത്ത പകലുകള്‍ക്കും ഒടുവില്‍ ഞങ്ങള്‍ക്കന്ന് ലോകം കീഴടക്കിയതുപോലെ തോന്നി. അതിന് ശേഷം പല ഏജന്‍സികളും പല പ്രോജക്ടുകളുമായി സമീപിക്കുന്നുണ്ട്. ബാംബൂ കാറുമായി ഞങ്ങളുടെ യാത്ര തുടങ്ങിയിട്ടേയുള്ളു.”


ഇതുകൂടി വായിക്കാം: ഒറ്റച്ചാര്‍ജ്ജില്‍ 200km, കിലോമീറ്ററിന് 40 പൈസ മാത്രം ചെലവ്: മുംബൈ കമ്പനിയുടെ വില കുറഞ്ഞ ഇലക്ട്രിക് കാര്‍


 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം