വീടിനോട് ചേര്‍ന്ന് മനോഹരമായ ഒരു പൂളും ഒരുക്കിയിട്ടുണ്ട്

എ സി വേണ്ട, ഉള്ളില്‍ കുഞ്ഞന്‍ കുളമുണ്ട്! 20 ലക്ഷം രൂപയ്ക്ക് സ്വര്‍ഗം പോലൊരു ഇരുനില പ്രകൃതിവീട്!

ഗ്രാമീണത്തനിമയില്‍ ഒരു ‘ഇഷ്ടിക വീട്’, ചുറ്റും ജൈവ ഭക്ഷ്യവനം, എന്നാല്‍ സ്വിമ്മിങ് പൂള്‍ ഉള്‍പ്പടെ സകല ആധുനിക സൗകര്യങ്ങളും കിടിലന്‍ നടുമുറ്റവും നെല്‍പ്പാടവും…വിസ്മയ വീടിന്‍റെ കഥ ഇങ്ങനെ…

 ഗരത്തിലെ തിരക്കുപിടിച്ച, വികസിതമെന്ന് കരുതുന്ന ജീവിതം മതിയാക്കി, സ്വന്തം നാടിന്‍റെ തനിമയിലേക്ക് തിരിച്ചുപോയി, സ്വപ്‌നങ്ങളിലെ ജീവിതം നയിക്കുന്ന കഥയാണ് വിത്തല്‍ ദുപാരെ എന്ന 66-കാരന്‍റേത്.

മുംബൈയില്‍ നിന്നും രണ്ട് മണിക്കൂര്‍ സഞ്ചരിച്ചാല്‍ പച്ചപ്പ് നിറഞ്ഞ വാഡ ഗ്രാമത്തിലെത്താം. പല്‍ഗാര്‍ ജില്ലയിലെ ഈ ഗ്രാമത്തിലാണ് അത്യന്തം വിസ്മയകരമെന്ന് സകലരും വിശേഷിപ്പിക്കുന്ന വിത്തലിന്‍റെ വീട് സ്ഥിതി ചെയ്യുന്നത്.

ഗ്രാമീണത്തനിമയുള്ള, എന്നാല്‍ സുസ്ഥിര വാസ്തുകലയുടെ അപാര സാധ്യതകള്‍ ഉപയോഗപ്പെടുത്തി, പ്രകൃതിയില്‍ വരച്ചിട്ട അതിഗംഭീര ചിത്രം പോലെയാണ് ഈ വീട്. നമുക്ക് ചുറ്റുമുള്ള പ്രകൃതിയുടെ സകല സൗന്ദര്യവും ആവാഹിച്ചെടുത്ത് പണിത വിസ്മയ ഭവനമെന്ന് ഒറ്റ നോട്ടത്തില്‍ പറയാം ഇതിനെ.

വിത്തല്‍ ദുപാരെയും കുടുംബവും

“പരിസ്ഥിതിയോട് ഉത്തരവാദിത്തമുള്ള തരത്തില്‍ വീട് പണിയുന്നതിലാണ് സുസ്ഥിരതയുടെ തുടക്കം. ആ വീടിന്‍റെ ചുറ്റുപാടുകളില്‍ നിന്നുമായി പൂര്‍ണഗുണസമ്പന്നമായ, ആരോഗ്യദായകമായ ഒരു ജീവിതശൈലി സ്വീകരിക്കുമ്പോഴാണ് അത് സാര്‍ത്ഥകമാകുന്നത്,” ദുപാരെ പറയുന്നു.

മാതാപിതാക്കള്‍ക്ക് ഒരു സമ്മാനം

പ്രമുഖ ഡിസൈന്‍ സംരംഭമായ ഐ സ്റ്റുഡിയോയില്‍ നിന്നുള്ള മൂന്ന് ആര്‍ക്കിടെക്റ്റുകളുടെ സംഘമാണ് ഈ വീടിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ബ്രിക് ഹൗസ് എന്നായിരുന്നു പ്രോജക്റ്റിന് അവര്‍ നല്‍കിയ പേര്. 2011-ല്‍ പണി തടങ്ങി, വീട് പൂര്‍ത്തിയായത് 2014-ലാണ്.

വീടിന്‍റെ ഡിസൈന്‍ തയ്യാറാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചത് പ്രശാന്ത് ദുപാരെ എന്ന ആര്‍ക്കിടെക്റ്റായിരുന്നു. നിരവധി ഭവന പദ്ധതികള്‍ പൂര്‍ത്തിയാക്കിയിട്ടുള്ള പ്രശാന്തിനെ സംബന്ധിച്ചിടത്തോളം ഈ വീട് അല്‍പ്പം ‘സ്‌പെഷ’ലായിരുന്നു. കാരണം ഇതുണ്ടാക്കിയത് സ്വന്തം മാതാപിതാക്കള്‍ക്ക് വേണ്ടിയാണെന്നതു തന്നെ. അവര്‍ക്കായുള്ള പ്രശാന്തിന്‍റെ സമര്‍പ്പണമായിരുന്നു ബ്രിക്ക് ഹൗസ്.

“ഈ ഗ്രാമത്തിലാണ് എന്‍റെ അച്ഛനും അമ്മയും അവരുടെ കുട്ടിക്കാലം ചെലവഴിച്ചത്. അതിനാല്‍ തന്നെ എപ്പോഴും അവര്‍ക്കിത് മിസ് ചെയ്യുന്നുണ്ടായിരുന്നു. മുംബൈയിലായിരുന്നു പിന്നീടുള്ള ജീവിതമെങ്കിലും അവര്‍ ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നത് ഗ്രാമത്തിലേക്കുള്ള തിരിച്ചുപോക്കിനെ കുറിച്ചും പ്രകൃതിയില്‍ ലയിച്ച് അവിടെയൊരു ജീവിതം നയിക്കുന്നതിനെ കുറിച്ചുമെല്ലാമായിരുന്നു. അതിനാല്‍തന്നെ ഞാന്‍ ചെയ്ത ഈ പ്രൊജക്റ്റ് അവരുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ടിയുള്ളതായിരുന്നു,” പ്രശാന്ത് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

വീടിനോട് ചേര്‍ന്ന് മനോഹരമായ ഒരു പൂളും ഒരുക്കിയിട്ടുണ്ട്

“പ്രകൃതിയുടെ സ്വാഭാവിക ചുറ്റുപാടുകളുമായി ലയിച്ചുചേരുന്ന ഡിസൈനാണ് വീടിന്റേത്. വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഏറ്റവും ചെറിയ കാര്യത്തില്‍ പോലും അന്തിമതീരുമാനം കൈക്കൊണ്ടത് പ്രകൃതി സൗഹൃദമെന്ന ആശയത്തോട് അത് ചേര്‍ന്ന് നില്‍ക്കുന്നുണ്ടോ എന്ന് പരിശോധിച്ചതിന് ശേഷം മാത്രമായിരുന്നു,” പ്രശാന്ത് കൂട്ടിച്ചേര്‍ക്കുന്നു.

വിഖ്യാത ബ്രിട്ടിഷ്-ഇന്‍ഡ്യന്‍ വാസ്തുശില്‍പ്പിയായിരുന്ന ലാറി ബേക്കറില്‍ നിന്നും ഓര്‍ഗാനിക് ആര്‍ക്കിടെക്ച്ചര്‍ പ്രചാരകനായ നാരി ഗാന്ധിയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടായിരുന്നു തന്‍റെ ഡിസൈനെന്നും പ്രശാന്ത് പറയുന്നു.

പ്രകൃതിയുമായും ചുറ്റുപാടുകളുമായും സ്വാഭാവികമായും ലയിച്ചുചേരുന്ന വീടെന്നതായിരുന്നു ബ്രിക് ഹൗസിന്‍റെ അടിസ്ഥാനപരമായ ആശയം. തീര്‍ത്തും ജൈവികമായി വേണം വീടും പ്രകൃതിയും തമ്മിലുള്ള ആ ലയനമെന്നും പ്രശാന്തിന് നിര്‍ബന്ധമുണ്ടായിരുന്നു. തടസമില്ലാതെ ഒഴുകുന്ന തരത്തിലുള്ള ഡിസൈനായിരുന്നു അതിന് പ്രയോഗിച്ചത്. വളഞ്ഞതും വൃത്താകൃതിയിലുള്ളതുമായ ചുമരുകളും കൂടുതല്‍ ഓപ്പണ്‍ സ്‌പേസും സുഷിരങ്ങള്‍ നിറഞ്ഞ ചുമരുകളുമെല്ലാം ബ്രിക് ഹൗസിന്‍റെ പ്രത്യേകതയാണ്. ഇത് കാരണം കൂടുതല്‍ വായു വീടിനുള്ളിലേക്കെത്തുന്നു, സൂര്യപ്രകാശത്താല്‍ വീട് സമ്പന്നമാകുകയും ചെയ്യുന്നു.

വീട് നിര്‍മ്മാണത്തില്‍ പ്രശാന്തും സംഘവുമെടുത്ത മറ്റൊരു സുപ്രധാന തീരുമാനം അസംസ്‌കൃത വസ്തുക്കളുമായി ബന്ധപ്പെട്ടായിരുന്നു. സുസ്ഥിരതാ സങ്കല്‍പ്പങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നതും പ്രാദേശികമായി ലഭ്യമായതുമായ നിര്‍മ്മാണ സാമഗ്രികള്‍ പരമാവധി ഉപയോഗപ്പെടുത്താനായിരുന്നു അവരുടെ തീരുമാനം.

കൃഷ്ണശിലയും ഇഷ്ടികയും തടിയും മുളയും ഉപയോഗിച്ചാണ് വീടിന്‍റെ നല്ലൊരുശതമാനവും പണിതിരിക്കുന്നത്. ഇതെല്ലാം തന്നെ ഓര്‍ഗാനിക് വസ്തുക്കളാണെന്ന് പ്രശാന്ത് പറയുന്നു. വീടിന്‍റെ ഘടനയ്ക്ക് ബലം ലഭിക്കുന്നതിനായി കുറച്ച് സ്ഥലങ്ങളില്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ചിട്ടുണ്ട്.

പ്രകൃതിക്ക് മേല്‍ നിര്‍മ്മാണരീതികളുടെ സമ്മര്‍ദം കുറയ്ക്കുന്നതിനായി എല്ലാ വസ്തുക്കളും തനതായ രീതിയില്‍ ഉപയോഗിക്കാനാണ് തങ്ങള്‍ ശ്രമിച്ചതെന്ന് പ്രശാന്ത് പറയുന്നു. ഇതിലൂടെ ചെലവ് കുറയ്ക്കാനും സാധിച്ചു. വീടിന് വേറിട്ടൊരു ഫീല്‍ ലഭിക്കുകയും ചെയ്തു.

“സാധാരണ വീടുകളെ പോലെ അടച്ചിട്ട ഒരു കെട്ടിടമല്ല ഇത്. മിക്കവാറും എല്ലാ വശങ്ങളില്‍ നിന്നും തുറന്നിരിക്കുന്ന ശൈലിയിലാണ് വീടുണ്ടാക്കിയിരിക്കുന്നത്. അകത്തുനിന്നും പുറത്തുനിന്നുമുള്ള വീടിന്‍റെ കാഴ്ച്ച വളരെ ജൈവികവും ഗ്രാമീണത്തനിമയുള്ളതുമാണ്. ഏതൊരാള്‍ക്കും അത് ഫീല്‍ ചെയ്യും. ഇഷ്ടികയും മറ്റ് കല്ലുകളുമുപയോഗിച്ചുള്ള ചുമരുകള്‍ക്കൊന്നും യാതൊരു വിധ പ്ലാസ്റ്ററിങ്ങും ഞങ്ങള്‍ നല്‍കിയില്ല. അതിനാല്‍ ആ പ്രകൃതി വസ്തുക്കളുടെ ഭംഗി സ്വാഭാവികമായി തന്നെ കാണുന്നവര്‍ക്ക് ആസ്വദിക്കാനാകും. വീടിന് പ്രകൃതിയോടുള്ള ഇഴയടുപ്പം പ്രതിഫലിപ്പിക്കുന്നു അത്,” പ്രശാന്ത് വിശദമാക്കുന്നു.

വിത്തല്‍ ദുപാരെയുടെ ബ്രിക്ക് ഹൗസ്

നിര്‍മ്മാണ പ്രക്രിയയില്‍ അസംസ്‌കൃത വസ്തുക്കള്‍ അവയുടെ തനതായ സ്വഭാവത്തോടുകൂടി ഉപയോഗപ്പെടുത്തിയത് വീടിന് ഒരു വേറിട്ട വ്യക്തിത്വം തന്നെ നല്‍കിയെന്നും അദ്ദേഹം പറയുന്നു. “ഓര്‍ഗാനിക് ആര്‍ക്കിടെക്ച്ചര്‍ എന്ന വലിയ ലക്ഷ്യത്തോട് ചേര്‍ന്നു നില്‍ക്കുന്നതിന്‍റെ ഭാഗം കൂടിയായിരുന്നു അത്.”

ചുറ്റുവട്ടത്തുനിന്നും കിട്ടിയ വസ്തുക്കളുപയോഗിച്ചതിനാല്‍ വീടിന്‍റെ നിര്‍മ്മാണച്ചെലവ് വലിയ തോതില്‍ കുറഞ്ഞു. വെറും 20 ലക്ഷം രൂപയ്ക്കാണ് ഈ പ്രകൃതി സൗഹൃദ  വീട് നിര്‍മിച്ചതെന്ന് കേട്ടാല്‍ ആരും ഒന്നമ്പരക്കും. സോളാര്‍ പാനലുകള്‍ക്കുള്ള ചെലവ് അടക്കമാണ് 20 ലക്ഷം രൂപയെന്നതും ഓര്‍ക്കുക.

ചെലവ് കുറച്ചതിന് ഉപരിയായി പ്രകൃതി സൗഹൃദ ജീവിതരീതി തുടരുന്നതിന് പ്രശാന്തിന്‍റെ മതാപിതാക്കളെ ബ്രിക്ക് ഹൗസ് പ്രാപ്തമാക്കി എന്നതാണ് ശ്രദ്ധേയം. സൗകര്യങ്ങളില്‍ വിട്ടുവീഴ്ച്ചയൊന്നും ചെയ്യാതെ തന്നെ വൈദ്യുതി പരമാവധി കുറച്ച് ഉപയോഗിച്ച്, എയര്‍ കണ്ടീഷനിങ് ഇല്ലാതെ ശീതളിമയില്‍ സ്വപ്‌നസമാനമായ ജീവിതമാണ് വിത്തലും ഭാര്യയും നയിക്കുന്നത്.

“ഈ പ്രദേശത്തെ കാലാവസ്ഥ മനസില്‍ കണ്ടായിരുന്നു വീടിന്‍റെ ഡിസൈന്‍ പ്ലാന്‍ ചെയ്തത്. വേനല്‍ കാലത്ത് അത്യാവശ്യം നല്ല ചൂടനുഭവപ്പെടുന്ന പ്രദേശമാണിത്. എന്നാല്‍ അതിനെ പ്രതിരോധിക്കാന്‍ പാകത്തിലായിരുന്നു ഞങ്ങള്‍ ഇവിടെ കാര്യങ്ങള്‍ ചെയ്തത്. ഉദാഹരണത്തിന്, സൂര്യന്‍റെ ചൂട് വല്ലാതെ ഏല്‍ക്കുന്നത് വീടിന്‍റെ തെക്കുപടിഞ്ഞാറ് ഭാഗത്താണ്. അതിനാല്‍ ആ ഭാഗം ഏറ്റവും ഉയരത്തില്‍ നില്‍ക്കുന്ന തരത്തിലാണ് വീടിന്‍റെ സ്ട്രകച്ചര്‍ ഡിസൈന്‍ ചെയ്തത്. വീടിന്‍റെ മറ്റ് ഭാഗങ്ങളെ ചൂടില്‍ നിന്നും രക്ഷിക്കാന്‍ ഇതിലൂടെ സാധിക്കുന്നു,” ബ്രിക് ഹൗസിന്‍റെ നിര്‍മ്മാണ രഹസ്യങ്ങള്‍ പ്രശാന്ത് വെളിപ്പെടുത്തുന്നു.

ധാരാളം ജനാലകളും ഓപ്പണ്‍ സ്‌പേസും നല്‍കിയതിന് പുറമെ ഇഷ്ടിക വയ്ക്കുന്ന ശൈലിയില്‍ പ്രശാന്തും സംഘവും അല്‍പ്പം വ്യത്യാസം വരുത്തുകയും ചെയ്തു. റാറ്റ് ട്രാപ് ബോണ്ടെന്ന സങ്കേതമാണ് ഇവര്‍ അതിനുപയോഗിച്ചത്. “സാധാരണയായി ഇഷ്ടിക വീടുകള്‍ പണിയുമ്പോള്‍ ഇഷ്ടികകള്‍ സമാന്തരമായാണ് വയ്ക്കാറുള്ളത്. എന്നാല്‍ ഇവിടെ ഇഷ്ടികകള്‍ കുത്തനെയാണ് പടുത്തിരിക്കുന്നത്. അതിലൂടെ രണ്ട് ഇഷ്ടികകള്‍ക്കിടയില്‍ ചെറിയൊരു ഗ്യാപ്പ് സൃഷ്ടിക്കപ്പെടും. അതായത്, ചെറിയ ദ്വാരങ്ങളുള്ള തരത്തിലാകും ചുമരുകളെന്ന് സാരം. ചൂട് കുറയുന്നതിനും കൂടുതല്‍ വായുസഞ്ചാരം ഉറപ്പാക്കുന്നതിനും ഇത് സഹായിക്കും,” പ്രശാന്ത് ചൂണ്ടിക്കാട്ടുന്നു.

വീടിന്‍റെ മേല്‍ക്കൂര വരെ വളരെ പ്രത്യേകതയോടെയാണ്  ഡിസൈന്‍ ചെയ്തിരിക്കുന്നത്. തദ്ദേശീയമായി ലഭിച്ച മണ്‍പാത്രങ്ങള്‍ തലകീഴായി വച്ചും, കളിമണ്‍ ടൈലുകള്‍ ഉപയോഗപ്പെടുത്തിയുമെല്ലാം റൂഫ് വ്യത്യസ്തമാക്കിയിരിക്കുന്നു. കോണ്‍ക്രീറ്റ് ഉപയോഗം കുറയ്ക്കാനും ഇത് സഹായിച്ചു.

സുസ്ഥിരമായ ജീവിതശൈലി

കൂടുതല്‍ സ്‌പേസും പ്രകാശവും ലഭിക്കുന്ന തരത്തിലാണ് വീടിന്‍റെ ഇന്റീരിയറും ഡിസൈന്‍ ചെയ്തിരിക്കുന്നത്. പാസിവ് ഡിസൈന്‍ ശൈലിയാണ്  സ്വീകരിച്ചിരിക്കുന്നതെന്ന് പ്രശാന്ത് പറയുന്നു. വീടിന്‍റെ ഘടനയുടെ പുറമെയുള്ള പരിസ്ഥിതി സാഹചര്യങ്ങളുടെ മേന്മകള്‍ പരമാവധി വീടിനുള്ളിലും ഉപയോഗപ്പെടുത്തുന്ന രീതിയാണിതെന്ന് ഈ ആര്‍ക്കിടെക്റ്റ് പറയുന്നു. പരമാവധി ഊര്‍ജ്ജക്ഷമത ഉറപ്പാക്കാനും ചെലവ് ചുരുക്കാനും ഈ രീതി സഹായിക്കുമെന്നും പ്രശാന്ത്.

വീടിനു നടുവിലായി ഒരു തുറന്ന നടുമുറ്റമുണ്ട്. നല്ല കിടിലന്‍ നടുമുറ്റമാണിത്, മഹാരാഷ്ട്രയിലെയും ദക്ഷിണേന്‍ഡ്യയിലെയും പരമ്പരാഗത വാസ്തുകലയെ അനുസ്മരിപ്പിക്കുന്ന ഒന്ന്. തുറന്ന ആകാശത്തോട് കൂടിയ, എന്നാല്‍ ഒരു അന്തര്‍മുഖ സ്വഭാവമുള്ള നടുമുറ്റം കുടുംബത്തിലെ എല്ലാവര്‍ക്കും ഒത്തുകൂടാനുള്ള ഒരു പൊതുഇടമായും ഉപയോഗിക്കാം.

നടുമുറ്റത്തിന്‍റെ ഒരു മൂലയില്‍ ചെറുതും മനോഹരവുമായ ജലാശയവും തീര്‍ത്തിട്ടുണ്ട് പ്രശാന്ത്. തണുത്തൊഴുകുന്ന വെള്ളത്തിന്‍റെ കാഴ്ച്ച വീടിന് ഭംഗി കൂട്ടുക മാത്രമല്ല ചെയ്യുന്നത്, അകത്തളം തണുപ്പിക്കുകയും ചെയ്യുന്നു.

ബഹുവര്‍ണ ഓക്‌സൈഡ് ചേര്‍ത്ത് ഇന്‍ഡ്യന്‍ പാറ്റന്റ് സ്റ്റോണ്‍ (ഐപിഎസ്) ആണ് ഫ്‌ളോറിങ്ങിന് ഉപയോഗിച്ചിരിക്കുന്നത്. വീടിന്‍റെ ഇന്റീരിയറിന് ഇത് തനതായ വ്യക്തിത്വം നല്‍കിയിരിക്കുന്നു. “ചുവപ്പും കാപ്പിനിറവും പോലുള്ള സ്ഥിരം ടെക്‌സ്ച്ചറുകളില്‍ നിന്ന് ഒരു പുതുമ നല്‍കാനാണ് പലനിറങ്ങളിലുള്ള ഓക്‌സൈഡ് ഫ്‌ളോറിങ്ങിന് ഉപയോഗിച്ചത്. ഒരു ബെഡ് റൂമില്‍ മഞ്ഞ നിറത്തിലാണ് ഐപിഎസ് ഫ്‌ളോറിങ്. എന്നാല്‍ അടുക്കളയിലേത് പച്ച നിറത്തിലാണ്. മറ്റൊരു ബെഡ്‌റൂമിലേത് നീലയില്‍. ലിവിങ് റൂമിലെ ഫ്‌ളോര്‍ മഞ്ഞയും നീലയും ചേര്‍ന്നതാണ്,” പ്രശാന്ത് പറയുന്നു.

ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി മരത്തിന്‍റെ ഉപയോഗം വീട് പണിയില്‍ കാര്യമായി കുറച്ചിട്ടുണ്ട്. സ്ട്രക്ചറിന് ശക്തി നല്‍കുന്നതിനായി തൂണുകള്‍ക്കും കഴുക്കോലിനും മാത്രമായി തടി പരിമിതപ്പെടുത്തിയിരിക്കുന്നു. പാരിസ്ഥിതിക ഉത്തരവാദിത്തം പുലര്‍ത്തിയുള്ള വീട് നിര്‍മ്മാണമായതിനാല്‍ മരം മുറിച്ച് തടി കൊണ്ടുവരുന്ന പരിപാടിയേ ഉണ്ടായിരുന്നില്ലെന്ന് പ്രശാന്ത്. ആ പ്രദേശത്തു തന്നെ ലഭ്യമായ വളര്‍ച്ച മുരടിച്ച മരങ്ങളാണ് നിര്‍മ്മാണത്തിനുപയോഗപ്പെടുത്തിയത്.

ബെഡ്, ഇരിപ്പിടങ്ങള്‍, കിച്ചന്‍ സ്ലാബ് തുടങ്ങി വീട്ടിലെ എല്ലാ ഫര്‍ണിച്ചറുകളും ഫെറോ സിമന്‍റ് ഉപയോഗിച്ചുള്ളതാണെന്നതും ശ്രദ്ധേയമാണ്.

തീര്‍ന്നില്ല വിശേഷങ്ങള്‍

2,500 ചതുരശ്രയടിയാണ് ഈ രണ്ടുനില വീടിന്‍റെ ബില്‍റ്റ്-അപ് ഏരിയ. ഒന്നാമത്തെ ഫ്‌ളോറില്‍ ഒരു ബെഡ് റൂമാണുള്ളത്. ഗ്രൗണ്ട് ഫ്‌ളോറില്‍ രണ്ട് ബെഡ് റൂമുകളും അടുക്കളയും നടുമുറ്റവും ലിവിങ് റൂമും. എല്ലാ റൂമുകളുടെയും ചുമരുകള്‍ വളവോട് കൂടിയ പ്രത്യേക ആകൃതിയിലാണ്. വീടിനുള്ളില്‍ കൂടുതല്‍ സ്‌പേസ് തോന്നിക്കുമിത്.

രണ്ടേക്കര്‍ ഭൂമിയുണ്ട് മൊത്തം. ഇതിലാണ് വീട് പണിതിരിക്കുന്നത്. നീന്തല്‍ കുളം ഉള്‍പ്പടെയുള്ള ആധുനിക സൗകര്യങ്ങളോടെയുള്ള വീടിനോട് ചേര്‍ന്ന് ഒരു സമ്പൂര്‍ണ ഓര്‍ഗാനിക് ഫാം തന്നെ തീര്‍ത്തിട്ടുണ്ട് വിത്തല്‍  ദുപാരെയെും കുടുംബവും. ഇവിടെ പലതരത്തിലുള്ള പച്ചക്കറികളും പഴങ്ങളും അരിയും ഇവര്‍ കൃഷി ചെയ്യുന്നു. അതായത്, സ്വന്തം ജൈവതോട്ടത്തിലുണ്ടാക്കുന്ന വിഭവങ്ങളുപയോഗിച്ചുള്ള സ്വസ്ഥവും ആരോഗ്യകരവുമായ സ്വപ്ന ജീവിതമാണ് വിത്തലിന്‍റെയും കുടുംബത്തിന്‍റേതുമെന്ന് പറയാം.

“പച്ചക്കറി, പഴത്തോട്ടങ്ങള്‍ക്ക് നടുവില്‍ എന്‍റെ സ്വന്തം നെല്‍കൃഷിയും വിളവെടുക്കുന്നത് കാണുമ്പോള്‍ മനസിന് വല്ലാത്തൊരു കുളിര്‍മയും സന്തോഷവുമാണ്. ഈ ചെറിയ സ്വര്‍ഗത്തില്‍ ജീവിക്കാന്‍ എന്‍റെ മകന്‍ തന്നെ എനിക്ക് അവസരമൊരുക്കിയെന്നതോര്‍ക്കുമ്പോള്‍ വല്ലാത്തൊരു സംതൃപ്തിയും അനുഭവപ്പെടും,” വിത്തല്‍ ദുപാരെ പറയുന്നു.

ഭാഗികമായി സൗരോര്‍ജ്ജത്തിലാണ് ഈ വീട് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് ഇലക്ട്രിസിറ്റി ബോര്‍ഡിന്‍റെ വൈദ്യുതി വളരെ കുറച്ച് മാത്രമേ ഉപയോഗപ്പെടുത്തുന്നുള്ളൂ. മഴവെള്ള സംഭരണിയും സജ്ജീകരിച്ചുവരികയാണ്. വീട്ടില്‍ നിന്നുണ്ടാകുന്ന മാലിന്യം പൂര്‍ണമായും തോട്ടങ്ങളില്‍ വളമായി ഉപയോഗപ്പെടുത്തുന്നതിനാല്‍ ‘വേസ്റ്റ് ഫ്രീ’ വീടെന്നും പറയാം.

സ്വിമ്മിങ് പൂളിലെ വെള്ളം പോലും ക്ലോറിന്‍ മുക്തമാണ്. തോട്ടവുമായി ബന്ധിപ്പിച്ചിരിക്കുന്നു നീന്തല്‍ കുളത്തെ. അതിനാല്‍ പൂള്‍ വൃത്തിയാക്കുമ്പോഴും മറ്റും ഒരു തുള്ളി വെള്ളം പോലും പാഴാക്കാതെ ഓര്‍ഗാനിക് തോട്ടത്തിനായി ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്.

ഒരു സമ്പൂര്‍ണ ഗ്രാമീണ അനുഭവം

തന്‍റെ മാതപിതാക്കളുടെ ജീവിത രീതി പോലെ സുസ്ഥിരമായൊരു ജീവിതശൈലി പ്രചരിപ്പിക്കണമെന്നാണ് പ്രശാന്തിന്‍റെ ആഗ്രഹം. ഇതിനായി അദ്ദേഹം എര്‍ത്ത്ബൗണ്ട് ഗെറ്റ്എവേസ് എന്ന പേരില്‍ ഒരു സംരംഭത്തിനും 2017-ല്‍ തുടക്കമിട്ടു. അതിന് ശേഷം, 2018-ല്‍ ഐസ്റ്റുഡിയോ ആര്‍ക്കിടെക്ച്ചര്‍ എന്ന കമ്പനി പൂട്ടുകയും ചെയ്തു. പ്രകൃതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ വീട് നിര്‍മ്മാണ പദ്ധതികളില്‍ പൂര്‍ണമായും തന്‍റെ ശ്രദ്ധ നല്‍കാനാണ് ഇപ്പോള്‍ അദ്ദേഹം ഉദ്ദേശിക്കുന്നത്. ഇതിലൂടെ സുസ്ഥിര ജീവിതശൈലിയെന്ന ആശയം കൂടുതല്‍ ജനകീയമാക്കാനും ഗ്രാമീണ ടൂറിസം പ്രോല്‍സാഹിപ്പിക്കാനുമാണ് പ്രശാന്ത് ഉന്നമിടുന്നത്.

“ഈ ബ്രിക്ക് ഹൗസ് ഉണ്ടാക്കിയ ശേഷം ഇവിടെ വാരാന്ത്യം ചെലവഴിക്കാന്‍ സാധ്യമാകുമോയെന്ന് ചോദിച്ച് ഒത്തിരി പേര്‍ എന്നെ സമീപിക്കുകയുണ്ടായി. അങ്ങനെയാണ് 2017-ല്‍ ഇത് എയര്‍ബിഎന്‍ബിയില്‍ ലിസ്റ്റ് ചെയ്തത്. എര്‍ത്ത്ബൗണ്ട് ഗെറ്റ്എവേസിന് കീഴില്‍ അഞ്ചേക്കര്‍ സ്ഥലത്ത് മറ്റൊരു ഹോം സ്‌റ്റേ കൂടി നിര്‍മ്മിക്കുകയാണ് ഞാനിപ്പോള്‍. ഞങ്ങളുടെ ഇപ്പോഴത്തെ വീട്ടില്‍ നിന്ന് അഞ്ച് മിനിറ്റ് ദൂരം മാത്രമേ അങ്ങോട്ടുള്ളൂ. 100 ശതമാനവും പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ച് മാത്രമായിരിക്കും ആ വീട് നിര്‍മ്മിക്കുക. ആര്‍ക്കിടെക്ച്ചര്‍ രംഗത്തുള്ള മറ്റുള്ളവര്‍ക്കും ഇതൊരു പ്രചോദനമാകണമെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. പ്രകൃതി സൗഹൃദ, സുസ്ഥിര വീടുകള്‍ പുതിയൊരു കീഴ്‌വഴക്കം തന്നെയായി മാറണം,” പ്രശാന്ത് പറഞ്ഞുനിര്‍ത്തുന്നു.


ഇതുകൂടി വായിക്കാം: ‘റീസൈക്കിൾ’ ചെയ്തെടുത്ത മനോഹരമായ ഇരുനില മൺവീട്


അഭിപ്രായം അറിയിക്കൂ:malayalam@thebetterindia.com, നമുക്ക് സംസാരിക്കാം Facebook ,Twitter 
സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം