നിങ്ങളുപയോഗിക്കുന്ന 50 ശതമാനം ഉല്‍പ്പന്നങ്ങളിലും പാം ഓയിലുണ്ട്, എന്നാല്‍ അത് സുസ്ഥിരമാണോ?

പാം ഓയില്‍ എല്ലായിടത്തുമുണ്ട്–ലിപ്സ്റ്റികില്‍ മുതല്‍ ചോക്കലേറ്റില്‍ വരെ. എന്നാല്‍ വനനശീകരണം ഉള്‍പ്പെടാത്ത വിതരണ ശൃംഖല സാധ്യമാണോ? അതിനെ പിന്തുണയ്ക്കാന്‍ നിങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും?


ആര്‍ എസ് പി ഒ-യുമായുള്ള പാങ്കാളിത്തത്തിലാണ് ഈ ലേഖനം പ്രസിദ്ധീകരിക്കുന്നത്.


ലിപ്സ്റ്റിക് മുതല്‍ സോപ്പുകളും ചോക്ലേറ്റുകളും വരെയുള്ള പല ഉല്‍പ്പന്നങ്ങളിലും പാം ഓയില്‍ അടങ്ങിയിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന, വിവിധോദ്ദേശ്യ സാധ്യതകളുള്ള ഭക്ഷ്യ എണ്ണകളിലൊന്നാണിത്.

എന്നാല്‍ ഈ പാം ഓയിലിന്‍റെ ഉല്‍പ്പാദനവും വിളവെടുപ്പും പൊതുവില്‍ അത്ര സുസ്ഥിരമോ പരിസ്ഥിതി സൗഹൃദമോ ആയ വിധമല്ല നടക്കുന്നത്. ഈ ജനകീയ ഭക്ഷ്യ എണ്ണ  ഒറാങ്ങ്ഉട്ടാന്‍, സുമാത്രന്‍ കടുവ, സുമാത്രന്‍ കണ്ടാമൃഗം തുടങ്ങി പല തദ്ദേശീയ ജീവിവര്‍ഗങ്ങളുടെയും തനത് ആവാസവ്യവസ്ഥയെ നശിപ്പിക്കുന്നുണ്ടത്രേ.  മാത്രമല്ല, ഏകദേശം 25 ദശലക്ഷം ഹെക്റ്റര്‍ വരുന്ന വനപ്രദേശങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക്  പാം ഓയില്‍ ഉല്‍പ്പാദനം ഭീഷണിയുയര്‍ത്തുന്നുണ്ട്.

എണ്ണപ്പനയുടെ കുരുവില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ഭക്ഷ്യ എണ്ണയാണ് പാം ഓയില്‍. നേരത്തെ പറഞ്ഞ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഉയര്‍ന്ന വിളവ് നല്‍കുമെന്നതാണ് എണ്ണപ്പനകൃഷിയുടെ പ്രത്യേകത. സസ്യ എണ്ണയ്ക്കായി കൃഷി ചെയ്യുന്ന മറ്റേതൊരു വിളയെ അപേക്ഷിച്ചും നാല് മുതല്‍ 10 മടങ്ങ് വരെ കുറവ് ഭൂമി മാത്രം മതി എണ്ണപ്പന കൃഷിക്ക്. അനേകം ജനങ്ങള്‍ക്ക് ഭക്ഷ്യ സുരക്ഷയും ഉറപ്പുവരുത്തുന്നു പാം ഓയില്‍. മാത്രമല്ല ഇന്‍ഡ്യയിലും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുമുള്ള ദശലക്ഷക്കണക്കിന് ചെറുകിട കര്‍ഷകരുടെ ജീവിതം കരുപ്പിടിപ്പിക്കാനും മെച്ചപ്പെടുത്താനും പാം ഓയിലിന് സാധിക്കുന്നുണ്ട്.

2017-ലെ ഒരു പഠനം അനുസരിച്ച് നമ്മള്‍ ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളില്‍ പകുതിയും പാം ഓയിലിന്‍റെ ഏതെങ്കിലുമൊരു ഘടകം ഉള്‍ച്ചേര്‍ന്നതാണ്.  കൊതിയൂറും വിഭവങ്ങളായ ഐസ്‌ക്രീമുകളിലും ചോക്ലേറ്റുകളിലും മുതല്‍ സൗന്ദര്യ വര്‍ദ്ധക ക്രീമുകളിലും ലിപ്സ്റ്റിക്കുകളിലും സോപ്പുകളിലും തുണി കഴുകാനുപയോഗിക്കുന്ന ഡിറ്റര്‍ജെന്റിലും വരെ പാം ഓയിലിന്‍റെ സാന്നിധ്യമുണ്ട്.

എണ്ണപ്പനയെന്ന വിളയുടെ പ്രശ്നമല്ല, മറിച്ച് അത് ഉല്‍പ്പാദിപ്പിക്കുന്ന രീതിയാണ് കുഴപ്പം, പ്രത്യേകിച്ചും മുന്‍കാലങ്ങളില്‍ അനുവര്‍ത്തിച്ചുവന്നിരുന്ന കൃഷിരീതികളിലാണ് പ്രശ്നം–ഉദാഹരണത്തിന്, വനം വെട്ടി നശിച്ചിപ്പ് തീയിട്ട് നിലമൊരുക്കുന്നതടക്കമുള്ള ഒട്ടും സുസ്ഥിരമോ പരിസ്ഥിതി സൗഹൃദമോ അല്ലാത്ത കൃഷിരീതികളാണ് പ്രശ്നം.

എന്നാല്‍ ഇവിടെ ഉയരുന്ന പ്രധാന ചോദ്യം എണ്ണപ്പന കൃഷിയും പാം ഓയില്‍ ഉപഭോഗവും പൂര്‍ണമായും നിര്‍ത്തണോ അതോ കൂടുതല്‍ സുസ്ഥിരമായ രീതികളില്‍ അതുല്‍പ്പാദിക്കണമോ എന്നതാണ്.

ഉത്തരവാദിത്തപൂര്‍ണ്ണമായ ഉപഭോഗത്തെയും ഉല്‍പ്പാദനത്തെയും കുറിച്ച് ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യ (എസ് ഡി പി-സസ്റ്റെയ്‌നബിള്‍ ഡെവലപ്‌മെന്റ് ഗോള്‍സ്) ങ്ങളില്‍ പറയുന്നത് ഇങ്ങനെയാണ്. “ഉല്‍പ്പന്നത്തിന്‍റെ വിതരണ ശൃംഖലയിലുള്ള സകലരുടെയും  വ്യവസ്ഥാനുസാരിയായ സഹകരണത്തിലൂടെ ഭാവിയില്‍ അതിന്‍റെ സാമ്പത്തിക, പാരിസ്ഥിതിക, സാമൂഹ്യ ആഘാതങ്ങള്‍ കുറയ്ക്കാം. ഒപ്പം സാമ്പത്തിക മല്‍സരക്ഷമത കൂട്ടുകയും ദാരിദ്ര്യം കുറയ്ക്കുകയും ചെയ്യാം. കൃഷി ചെയ്യുന്ന കര്‍ഷകര്‍ (ഉല്‍പ്പാദന ഘട്ടം) മുതല്‍ ഉല്‍പ്പന്നം ഉപയോഗിക്കുന്ന സാധാരണക്കാരായ ഉപഭോക്താക്കള്‍ വരെ ഉള്‍പ്പെടുന്നതാണ് ഈ ശൃംഖല. ഇവരുടെയെല്ലാം സഹകരണമാണ് ആവശ്യം.”

കാര്‍ബണ്‍ പുറന്തള്ളല്‍ വളരെ കുറവുള്ള സാമ്പത്തിക വ്യവസ്ഥയായി വികസ്വര രാജ്യങ്ങളെ മാറ്റാന്‍ അന്താരാഷ്ട്രതലത്തിലുള്ള സഹകരണവും സഹായും വേണമെന്നാണ് ക്ലൈമറ്റ് ആക്ഷന്‍ ഗോള്‍സ് നിര്‍ദേശിക്കുന്നത്. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ ഉള്‍പ്പടെയുള്ള ഈ പരിസ്ഥിതി മുന്നേറ്റങ്ങളെല്ലാം ആഹ്വാനം ചെയ്യുന്നത് കൂടുതല്‍ സുസ്ഥിരതയോടെയുള്ള കൃഷിയും ഉല്‍പ്പാദനവും സാധ്യമാക്കാനാണ്. എല്ലാവരുടെയും സഹകരണം ഉറപ്പുവരുത്തിയുള്ള നീക്കത്തിലൂടെ മാത്രമേ അത് യാഥാര്‍ത്ഥ്യമാകൂ.

നേരത്തെ പറഞ്ഞ മാര്‍ഗങ്ങളില്‍ രണ്ടാമത്തേതാണ് പാം ഓയിലിന്‍റെ കാര്യത്തില്‍ ലോകത്തെ പല സംഘടനകളും സ്വീകരിച്ചിരിക്കുന്നത്. അതായത്, ഉത്തരവാദിത്ത പൂര്‍ണ്ണവും, സുസ്ഥിരവുമായ പാംഓയില്‍ കൃഷി പ്രോല്‍സാഹിപ്പിക്കുക. കര്‍ഷകര്‍, വിതരണക്കാര്‍, വന്‍കിട ബ്രാന്‍ഡുകള്‍, സര്‍ക്കാരുകള്‍ തുടങ്ങി പാം ഓയില്‍ വിതരണ ശൃംഖലയുടെ ഭാഗമായ എല്ലാവരുമായും സഹകരിച്ചാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. എണ്ണപ്പന കൃഷി സുസ്ഥിരമാക്കുകയെന്നതാണ് അവര്‍ അതിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൊരു സംഘടനയാണ് റൗണ്ട് ടേബിള്‍ സസ്‌റ്റെയ്‌നബിള്‍ പാം ഓയില്‍ (ആര്‍എസ് പി ഒ). 2004-ല്‍ സ്ഥാപിതമായ ഈ രാജ്യാന്തര സംഘടനയില്‍ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ളവരുടെ സജീവമായ സാന്നിധ്യമുണ്ട്.

പാം ഓയില്‍ വ്യവസായത്തിന്‍റെ ഭാഗമായ എല്ലാവരെയും ഒന്നിപ്പിക്കുകയാണ് ആര്‍എസ് പി ഒ ചെയ്യുന്നത്. എണ്ണപ്പന കര്‍ഷകര്‍, അത് സംസ്‌കരിക്കുന്നവര്‍, സംഭരിക്കുന്നവര്‍, വ്യാപാരികള്‍, ഉപഭോക്തൃ ഉല്‍പ്പന്ന കമ്പനികള്‍, ചില്ലറ വില്‍പ്പന ബ്രാന്‍ഡുകള്‍, ബാങ്കുകള്‍, നിക്ഷേപകര്‍, പരിസ്ഥിതി സംരക്ഷണ സന്നദ്ധ സംഘടനകള്‍, സാമൂഹ്യ സംഘടനകള്‍ തുടങ്ങിയവരെയെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് സുസ്ഥിരമായ ഉല്‍പ്പാദന രീതികള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപ്പാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ വികസിപ്പിക്കുകയാണ് ആര്‍എസ് പിഒ. ആധികാരികതയുള്ള, എന്നാല്‍ ആഗോള നിലവാരം  പുലര്‍ത്തുന്ന സുസ്ഥിര രീതികളിലൂടെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന ഉല്‍പ്പാദന രീതികളില്‍ നിന്ന് പുറത്തുകടക്കാന്‍ കര്‍ഷകരെ സഹായിക്കുകയെന്ന ദൗത്യവും ഇവര്‍ക്കുണ്ട്.

പാം ഓയില്‍ ഉല്‍പ്പാദന, സംഭരണ പ്രക്രിയകള്‍ കൂടുതല്‍ സുസ്ഥിരമാക്കുന്നതിനായി ആര്‍എസ് പി ഒ-യുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരില്‍ ഡബ്ല്യുഡബ്ല്യുഎഫ് (വേള്‍ഡ് വൈല്‍ഡ്‌ലൈഫ് ഫണ്ട്), ഐയുസിഎന്‍ (ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നാച്ച്വര്‍) പോലുള്ള ആഗോള സംഘടനകളും യൂണിലിവര്‍, പിഎം ഹേസ് പോലുള്ള ബഹുരാഷ്ട്ര കമ്പനികളുമുണ്ട്.

പാം ഓയിലിന്‍റെ യാത്ര

പുതിയ കാലത്തെ കണ്ടെത്തലൊന്നുമല്ല പാം ഓയില്‍. ഓയില്‍ പാം (Elaeis guineensis) എന്ന പനയാണ് എണ്ണയ്ക്കായി ഉപയോഗപ്പെടുത്തുന്നത്. അതിന്‍റെ കുരുവിന്‍റെ പുറംതോടില്‍ നിന്നാണ് നമ്മളുപയോഗിക്കുന്ന പാം ഓയില്‍ ഉണ്ടാക്കുന്നത്. വലിയ ചരിത്രമുണ്ട് ഇതിന്.

എലെയിസ് ഗ്‌നീനിന്‍സിസ് എന്നറിയപ്പെടുന്ന എണ്ണപ്പനയുടെ ആദ്യവരവ് പശ്ചിമ ആഫ്രിക്കയില്‍ നിന്നാണെന്ന് കരുതപ്പെടുന്നു. 3000 ബിസി വരെ പഴക്കം നിര്‍ണ്ണയിക്കപ്പെട്ടിട്ടുള്ള ഈജിപ്തിലെ കല്ലറകളില്‍ പാം ഓയിലിന്‍റെ സാന്നിദ്ധ്യം പുരാവസ്തുഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. വര്‍ഷം കഴിയുന്തോറും ലോകത്തിന്‍റെ മറ്റു ഭാഗങ്ങളില്‍, പ്രത്യേകിച്ച് യൂറോപ്പില്‍ ,ജനകീയമായിത്തീര്‍ന്നു ഈ ഭക്ഷ്യ എണ്ണ. വ്യാവസായിക വിപ്ലവത്തിന്‍റെ കാലത്തേക്ക് കടന്നതോടെ ലോകത്ത് ഏറ്റവും ആവശ്യകതയുള്ള ഉല്‍പ്പന്നങ്ങളില്‍ മുന്‍നിരയിലെത്തി ഇത്.

2018-ലെ കണക്കനുസരിച്ച് 77 ദശലക്ഷം ടണ്ണാണ് പാം ഓയിലിന്‍റെ ആഗോള ഉല്‍പ്പാദനം. 2050 ആകുമ്പോഴേക്കും ഇത് 240 ദശലക്ഷം ടണ്ണിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഉഷ്ണമേഖലാ പ്രദേശങ്ങളിലും മലേഷ്യ, ഇന്‍ഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലുമാണ് എണ്ണപ്പന കൃഷി കൂടുതലും നടക്കുന്നത്. മൊത്തം എണ്ണപ്പന കൃഷിയിടങ്ങളുടെ 13 ദശലക്ഷം ഹെക്റ്ററും മലേഷ്യയിലും ഇന്‍ഡോനേഷ്യയിലുമാണ്. അതായത് ലോകത്തിന്‍റെ മൊത്തം പാം ഓയില്‍ ഉല്‍പ്പാദനത്തിന്‍റെ 85 ശതമാനവും സംഭാവന ചെയ്യുന്നത് ഇവരാണെന്നര്‍ത്ഥം.

മൊത്തം പാം ഓയില്‍ ഉല്‍പ്പാദനത്തിന്‍റെ 12 ശതമാനം വാങ്ങുന്നത് ഇന്‍ഡ്യയാണെന്നും അറിയുക.

2001-ന് ശേഷം നമ്മുടെ പാം ഓയില്‍ ആവശ്യകതയിലുണ്ടായിരിക്കുന്നത് 230 ശതമാനം വര്‍ധനയാണ്. ആവശ്യത്തിന് എണ്ണപ്പന കൃഷി ഇന്‍ഡ്യയിലില്ലാത്തതിനാല്‍ തന്നെ നമ്മള്‍ ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. പ്രതിവര്‍ഷം ഒമ്പത് ദശലക്ഷം ടണ്‍ പാം ഓയിലാണ് ഇന്‍ഡ്യ ഇറക്കുമതി ചെയ്യുന്നത്. ഇതില്‍ ബഹുഭൂരിഭാഗവും വരുന്നത് മലേഷ്യയില്‍ നിന്നും ഇന്‍ഡോനേഷ്യയില്‍ നിന്നുമാണ്.

പലതരത്തിലുള്ള ഭൂമികളിലാണ് എണ്ണപ്പന കൃഷി ചെയ്യുന്നത്. ശോഷിച്ച കാടുകള്‍, വനഭൂമികള്‍, കൃഷിയിടങ്ങള്‍, മുന്‍പ് പ്ലാന്‍റേഷനുകളായിരുന്ന സ്ഥലങ്ങള്‍ എന്നിങ്ങനെ വ്യത്യസ്ത തരത്തിലുള്ള ഭൂമികളില്‍ എണ്ണപ്പന കൃഷി വ്യാപിക്കുന്നത്. ഇതിന് പുറമെ പീറ്റ്ലാന്‍ഡ് എന്ന് അറിയപ്പെടുന്ന സവിശേഷമായ ചതുപ്പുകളിലും എണ്ണപ്പന കൃഷി നടത്തുന്നുണ്ട്.  പീറ്റ്‌ലാന്‍ഡിന് സാധാരണ മണ്ണുള്ള മഴക്കാടുകളേക്കാള്‍ 28 മടങ്ങ് കാര്‍ബണ്‍ സംഭരിക്കാന്‍ ശേഷിയുണ്ട്. ഈ പീറ്റ്‌ലാന്‍ഡുകളെയാണ് പലപ്പോഴും എണ്ണപ്പന കൃഷിക്കായി രൂപമാറ്റം വരുത്തുന്നത്. പ്രകൃതിയോടും മനുഷ്യരാശിയുടെ വരും തലമുറകളോടും ചെയ്യുന്ന വലിയ ദ്രോഹമാണത്.

ഒരു ഹെക്റ്റര്‍ പീറ്റ്‌ലാന്‍ഡ് എണ്ണപ്പന കൃഷിയിടമായി മാറ്റുമ്പോള്‍ തന്നെ 6,000 ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡാണ് അന്തരീക്ഷത്തിലേക്ക് അധികമായി പുറന്തള്ളപ്പെടുന്നത്. സമ്പന്നമായ കാടുകള്‍ നശിപ്പിക്കുന്നതിലൂടെ ആയിരക്കണക്കിന് മൃഗങ്ങളുടെ ആവാസസ്ഥാനങ്ങള്‍ കൂടിയാണ് നമ്മള്‍ കവര്‍ന്നെടുക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന ഒറാങ്ങ്ഉട്ടാനും കണ്ടാമൃഗങ്ങളും കടുവകളുമെല്ലാം ഇതില്‍ പെടും.

പാം ഓയിലിന്‍റെ വ്യാപകമായ ഉപഭോഗവും ഇറക്കുമതിയും ബോധ്യപ്പെടുത്തുന്നത് കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിനും ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും സുസ്ഥിരമായ ശീലങ്ങളിലേക്ക് നമ്മള്‍ തിരിയണമെന്നാണ്. പാം ഓയിലിന്‍റെ ഉല്‍പാദനവും ഉപഭോഗവും പൂര്‍ണമായും അവസാനിപ്പിക്കണമെന്നാണ് പലരും മുന്നോട്ടുവയ്ക്കുന്ന ഒരു നിര്‍ദേശം. എന്നാല്‍ പാം ഓയില്‍ ഉപയോഗം നിര്‍ത്തുകയെന്നത് സുസ്ഥിരവും സാധ്യമാകുന്നതുമായ ഒരു പരിഹാരമാണോ?

അല്ല എന്നുതന്നെയാണ് ഉത്തരം. മാത്രമല്ല, കൂടുതല്‍ ദോഷമാകും അതുകൊണ്ട് സംഭവിക്കുക. പാം ഓയില്‍ ഉല്‍പ്പാദനം നിര്‍ത്തി മറ്റ് വിളകളിലേക്ക് തിരിഞ്ഞാല്‍ കൂടുതല്‍ കാടുകള്‍ നശിപ്പിക്കപ്പെടും, ജൈവവൈവിധ്യം ഇതിനേക്കാള്‍ ഭീകരമായി തകരാറിലാകുകയും ചെയ്യും. അതിന് പകരം നമുക്ക് വേണ്ടത് നിയന്ത്രണങ്ങളാണ്, സുസ്ഥിരമായ ശീലങ്ങളാണ്, പാം ഓയില്‍ കൃഷിയിലൂടെയുണ്ടാകുന്ന കാര്‍ബണ്‍ ബഹിര്‍ഗമനവും പാരിസ്ഥിക ആഘാതവും കുറയ്ക്കാനുള്ള പുതിയ മാനദണ്ഡങ്ങളാണ്.

എന്തുകൊണ്ട് നാം സുസ്ഥിര പാം ഓയില്‍ തന്നെ ആവശ്യപ്പെടണം? 

പാം ഓയില്‍ ബഹിഷ്‌കരിച്ചാല്‍ എന്താണ് സംഭവിക്കുക? പകരം ലഭ്യമാകുന്ന എണ്ണകളിലേക്ക് കമ്പനികള്‍ തിരിയും. അത് കൃഷി ചെയ്യാന്‍ പാം ഓയിലിന് വേണ്ടതിനേക്കാള്‍ പത്ത് മടങ്ങ് ഭൂമിയും വെള്ളവും മറ്റ് പ്രകൃതി വിഭവങ്ങളും അധികമായി വേണ്ടി വരും. ഇത് പരിസ്ഥിതിക്ക് ഏല്‍പ്പിക്കുന്ന ആഘാതം സമാനതകളില്ലാത്തതായിരിക്കും. ഇപ്പോള്‍ സസ്യഎണ്ണയ്ക്കായി കൃഷിചെയ്യുന്ന ആകെ ഭൂമിയില്‍ 10 ശതമാനത്തിന് താഴെ മാത്രം പ്രദേശത്ത് കൃഷി ചെയ്യുന്ന എണ്ണപ്പന ആകെ സസ്യഎണ്ണ ഉല്‍പ്പാദനത്തിലേക്ക് 35 ശതമാനവും സംഭാവന ചെയ്യുന്നുവെന്നാണ് ഐ യു സി എന്‍-ന്‍റെ  ഒരു റിപ്പോര്‍ട്ട് പറയുന്നത്.

സുസ്ഥിര പാം ഓയില്‍ എന്നത് യാഥാര്‍ത്ഥ്യമാക്കാന്‍ ആര്‍എസ് പിഒ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്ന ചില നടപടികള്‍ ഇവയാണ്

  • ചെറുകിടക്കാരെ ഉള്‍പ്പെടുത്തുക: പ്രാദേശിക പങ്കാളികളുമായി സഹകരണം ശക്തമാക്കാന്‍ ആര്‍എസ് പിഒ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ ചെറുകിട കര്‍ഷകരെ എണ്ണപ്പന കൃഷിയിലേക്ക് കൊണ്ടുവരണം. ആര്‍ എസ് പി ഒ-യുടെ ഇന്‍ഡിപ്പെന്‍ഡെന്‍റ് സ്‌മോള്‍ ഹോള്‍ഡര്‍ സ്റ്റാന്‍ഡേര്‍ഡ് ലക്ഷ്യമിടുന്നത് ചെറുകിട എണ്ണപ്പന കര്‍ഷകരെ വിതരണശൃംഖലയിലേക്ക് പരമാവധി ഉള്‍ച്ചേര്‍ക്കാനാണ്. അവര്‍ നേരിടുന്ന വെല്ലുവിളികളും മറ്റ് കാര്യങ്ങളും പരിഗണിച്ചാകും അത്. നിലവിലെ അവസ്ഥകളില്‍ മാറ്റം വരുത്തുന്നതിനുള്ള ആര്‍ എസ് പി ഓ-യുടെ തിയറി ഓഫ് ചെയ്ഞ്ച് (ടിഒസി) തത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയാകും ചെറുകിട കര്‍ഷകരുടെ ശാക്തീകരണം. സമൃദ്ധി, ജനത, ഭൂമി (Prosperity, People, Planet) എന്നീ തത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പ്രവര്‍ത്തനങ്ങള്‍. ഇതിനായി പരിശീലനങ്ങളും വിഭവങ്ങളും ആര്‍ എസ് പി ഒ ലഭ്യമാക്കുന്നു. മാത്രമല്ല, അവരെ സാമ്പത്തികമായി പിന്തുണയ്ക്കുന്നതിനായി സ്‌മോള്‍ഹോള്‍ഡര്‍ സപ്പോര്‍ട്ട് ഫണ്ട് എന്ന സഹായ പദ്ധതിയുമുണ്ട്. ഇതിലൂടെ ചെറുകിട കര്‍ഷകര്‍ക്ക് പ്രയാസങ്ങളൊന്നുമില്ലാതെ സുസ്ഥിര പാം ഓയില്‍ വിതരണ ശൃംഖലയുടെ ഭാഗമാകാന്‍ സാധിക്കും.
  • വനനശീകരണം തടയുക, ജൈവവൈവിധ്യം കാക്കുക: നിയമപരമായും സാമ്പത്തികപരമായും പ്രശ്‌നങ്ങളില്ലാത്ത, കാലാവസ്ഥയ്ക്ക് അനുഗുണമായ, സാമൂഹ്യ നേട്ടങ്ങളുണ്ടാക്കുന്ന രീതിയാണ് സുസ്ഥിര പാം ഓയില്‍ ഉല്‍പ്പാദനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആര്‍ എസ് പി ഒ-യുടെ മനദണ്ഡങ്ങളും തത്വങ്ങളും അഥവാ പ്രിന്‍സിപ്പിള്‍സ് ആന്‍ഡ് ക്രൈറ്റീരിയ (പി&സി) അടിസ്ഥാനപ്പെടുത്തിയാണ് ഇത് സാധ്യമാക്കുന്നത്. ഇതിനായുള്ള സൂചകങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ആര്‍എസ് പിഒ വികസിപ്പിച്ചിട്ടുണ്ട്. സാധാരണ പാം ഓയില്‍ ഉല്‍പ്പാദനം കാരണം ആഗോള താപനത്തിലുണ്ടാകുന്ന വര്‍ധനയെ അപേക്ഷിച്ച് 35 ശതമാനം കുറവാണ് ആര്‍ എസ് പിഒ സര്‍ട്ടിഫൈ ചെയ്ത പാം ഓയില്‍ മൂലമുള്ള ആഘാതം എന്ന് അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. മറ്റ് പാം ഓയിലുകള്‍ ജൈവവൈവിധ്യത്തിനുണ്ടാക്കുന്ന ആഘാതത്തെ അപേക്ഷിച്ച് 20 ശതമാനം കുറവ് ആഘാതം മാത്രമേ ആര്‍എസ്പിഒ സര്‍ട്ടിഫൈ ചെയ്ത പാം ഓയിലുകള്‍ സൃഷ്ടിക്കുന്നുള്ളൂ.
  • സുസ്ഥിരമായ ഒരു പാം ഓയില്‍ വിതരണ ശൃംഖല സാധ്യമാക്കുക: കര്‍ഷകര്‍ മുതല്‍ ഉപഭോക്താക്കള്‍ വരെ പാം ഓയില്‍ ശൃംഖലയില്‍ കണ്ണികളായ എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള ഒരു ചട്ടക്കൂട് വികസിപ്പിച്ചിട്ടുണ്ട് ആര്‍എസ് പിഒ. സപ്ലൈ ചെയിന്‍ സര്‍ട്ടിഫിക്കേഷന്‍ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് സിസ്റ്റംസ് എന്നാണ് ആ സംവിധാനത്തിന്‍റെ പേര്. പാം ഓയിലുമായി ബന്ധപ്പെട്ട ബിസിനസ് വ്യവഹാരങ്ങളില്‍ ലോകത്തുടനീളം ഉത്തരവാദിത്തവും സുതാര്യതയും ഉറപ്പുവരുത്തുകയാണ് ഇതിന്‍റെ ലക്ഷ്യം.

സുസ്ഥിര പാം ഓയില്‍ എന്നത് ജനകീയമാകുന്ന കാലം വരെ, അല്ലെങ്കില്‍ നിര്‍ബന്ധിതമാകുന്നതുവരെ, വിവിധ തരത്തില്‍ പാം ഓയില്‍ ഉല്‍പ്പാദിപ്പിക്കാമെന്നത് സാധാരണക്കാരായ ഉപഭോക്താക്കള്‍ മനസിലാക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ പാം ഓയില്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ ഉല്‍പ്പന്നത്തിന്‍റെ പുറത്തുള്ള അടയാളം ശ്രദ്ധിച്ചാല്‍ അവര്‍ക്കും ഈ പ്രകൃതി സൗഹൃദ മുന്നേറ്റത്തിന്‍റെ ഭാഗമാകാം. സര്‍ട്ടിഫൈഡ് സസ്റ്റെയ്‌നബിള്‍ പാം ഓയില്‍ (സിഎസ് പിഒ), ആര്‍എസ് പിഒ ട്രേഡ് മാര്‍ക്കുകള്‍ എന്നിവ ലേബല്‍ ചെയ്ത ഉല്‍പ്പന്നങ്ങളിലൂടെ “സുസ്ഥിര” പാം ഓയിലിനെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കുന്നതാണ്.

അഭിപ്രായം അറിയിക്കൂ:malayalam@thebetterindia.com, നമുക്ക് സംസാരിക്കാം Facebook ,Twitter 
സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം