പുറംഭാഗത്ത് വേദന അസഹ്യമായപ്പോഴാണ് 2011-ല്‍ ദിനേശ് ജോഷി ഒരു ഡോക്റ്ററെ സമീപിച്ചത്. എന്നാല്‍ അന്ന് അദ്ദേഹത്തിന് വേണ്ട ചികില്‍സ ലഭിച്ചില്ല.
എന്നാല്‍ ദിനേശ് വിട്ടുകൊടുത്തില്ല. നീതി കിട്ടാന്‍ വേണ്ടി ഇച്ഛാശക്തിയോടെ അദ്ദേഹം നടത്തിയ പോരാട്ടം മറ്റ് ചില ഫലങ്ങളുണ്ടാക്കി. അതിന് 2019 വരെ കാത്തിരിക്കേണ്ടി വന്നു എന്നുമാത്രം.
ആരോഗ്യരംഗവുമായി ബന്ധപ്പെട്ട് ഉപഭോക്തൃ കോടതിയില്‍ നിന്നും പുറത്തുവരുന്ന മറ്റൊരു വിജയകഥയാണിത്. കൊള്ളലാഭം കൊയ്യാന്‍ ആശുപത്രികള്‍ അന്യായ ബില്‍ ചുമത്തി വിഷമവൃത്തത്തിലാക്കുന്ന പാവപ്പെട്ട രോഗികള്‍ക്കെല്ലാം ഊര്‍ജ്ജം പകരുന്നു ഇത്.
നീതിയുക്തമാല്ലാത്ത വ്യാപാര രീതികള്‍ പിന്തുടര്‍ന്നുവെന്ന് ചൂണ്ടിക്കാട്ടി, 2019 ജനുവരി മാസത്തിലാണ് ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ (എന്‍സിഡിആര്‍സി-നാഷണല്‍ കണ്‍സ്യൂമര്‍ ഡിസ്പ്യൂട്ട്‌സ് റിഡ്രസല്‍ കമ്മീഷന്‍) ജിന്‍ഡാല്‍ ആരോഗ്യയും ദിനേശ് ജോഷിയും തമ്മിലുള്ള കേസില്‍ പരാതിക്കാരനായ ദിനേശിന് 3,00,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്. തീര്‍ത്തും അധാര്‍മികമായ ബിസിനസ് രീതികള്‍ ആശുപത്രി പിന്തുടര്‍ന്നു എന്ന് കാണിച്ചായിരുന്നു കേസ്.
ചികില്‍സയില്‍ ഡോക്റ്റര്‍ അശ്രദ്ധ കാണിച്ചു എന്ന് മാത്രമല്ല എന്‍സിഡിആര്‍സി നിരീക്ഷിച്ചത്, മറിച്ച് ചെയ്യാത്ത ചികില്‍സയുടെ പേരില്‍ ഇല്ലാത്ത ബില്‍ പരാതിക്കാരന് മേല്‍ ചുമത്തി എന്നതുകൂടിയായിരുന്നു. കൊള്ളലാഭം കൊയ്യുന്ന, നീതി തൊട്ടുതീണ്ടാത്ത വ്യാപാരരീതിയായാണ് കമ്മീഷന്‍ ഇതിനെ കണ്ടത്.
കേസിന്‍റെ വിശദാംശങ്ങള്‍
- കഠിനമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 2011 ഒക്‌റ്റോബര്‍ നാലിനാണ് പരാതിക്കാരന്‍ ഡോക്റ്ററെ സന്ദര്‍ശിച്ചത്. പരിശോധനയ്ക്ക് ശേഷം ഡോക്റ്റര്‍ കുറച്ച് മരുന്നുകള്‍ അദ്ദേഹത്തിന് നല്‍കി. മരുന്ന് കഴിച്ചാല്‍ മാറുമെന്നും പറഞ്ഞു.
- രണ്ട് ദിവസത്തിന് ശേഷം ഒക്‌റ്റോബര്‍ ആറിന് പരാതിക്കാരന്‍ വീണ്ടും ഡോക്റ്ററെ ബന്ധപ്പെടാന്‍ ശ്രമിച്ചു. വേദന കൂടിയതായിരുന്നു കാരണം. ചികില്‍സിക്കുന്ന ഡോക്റ്റര്‍ സ്ഥലത്തില്ലാത്തതിനാല്‍ രാത്രി ഏറെ വൈകിയാണ് ഫോണില്‍ സംസാരിക്കാന്‍ സാധിച്ചത്.
- 2011 ഒക്‌റ്റോബര്‍ ഏഴിന് പരാതിക്കാരന്‍ ഡോക്റ്ററെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ഉടനെ അയാളെ അഡ്മിറ്റ് ചെയ്തു. ആശുപത്രിയില്‍ കഴിയുന്ന സമയത്ത് പരാതിക്കാരനെ ചികില്‍സിക്കുന്ന ഡോക്റ്റര്‍ ആകെ ഒരു തവണയോ രണ്ട് തവണയോ മറ്റോ മാത്രമേ അയാളെ സന്ദര്‍ശിച്ചിട്ടുള്ളൂവെന്ന് പരാതിയില്‍ പറയുന്നു.
- ചികില്‍സാ ചെലവ് 6,000-7,000 രൂപയില്‍ കൂടുതലാകില്ലെന്നായിരുന്നു ആശുപത്രി അധികൃതര്‍ നല്‍കിയ ഉറപ്പ്.
- എന്നാല്‍ പരാതിക്കാരന് നല്‍കിയ ബില്‍ 36,450 രൂപയുടേതായിരുന്നു.
- 2011 ഒക്‌റ്റോബര്‍ 12-നാണ് പരാതിക്കാരനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. എച്ച് വി/ടിഎല്‍സി ഡിഎല്‍സി ടെസ്റ്റിന് മാത്രം ചാര്‍ജ് ചെയ്തത് 1,850 രൂപയാണ്. ഇതേ ടെസ്റ്റിന് ഏതൊരു ലാബിലും ആകെ ചാര്‍ജ് ചെയ്യുന്നത് 250 രൂപയാണെന്നിരിക്കെയാണിത്.
- ഡിസ്ചാര്‍ജ് ആയതിന് ശേഷം പരാതിക്കാരന്‍ ഒരു അള്‍ട്രാസൗണ്ട് സെന്ററില്‍ വീണ്ടും പോയി. അവിടെ നടത്തിയ പരിശോധനയില്‍ വേദനിക്കുന്നിടത്ത് പഴുപ്പ് കെട്ടിനില്‍ക്കുന്നതായി കണ്ടെത്തി.
- അതിന് ശേഷം, ഒക്‌റ്റോബര്‍ 13-ന് പരാതിക്കാരനെ പുതിയ ക്ലിനിക്കില്‍ അഡ്മിറ്റ് ചെയ്ത് പഴുപ്പും ചലവുമെല്ലാം നീക്കിക്കളഞ്ഞു. അതിന് ശേഷം പരാതിക്കാരന് വേദനയില്‍ വലിയ ആശ്വാസവും ലഭിച്ചു.
എന്താണ് ട്രൈബ്യൂണല്‍ പറഞ്ഞത്?
സര്‍ജറി ഒന്നും നടത്താതെ തന്നെ സര്‍ജിക്കല്‍ ഉപകരണങ്ങളുടെ ചാര്‍ജ് പരാതിക്കാരന്‍റെ ബില്ലില്‍ ആദ്യ ആശുപത്രി ഉള്‍പ്പെടുത്തിയെന്ന് ട്രൈബ്യൂണല്‍ ഉത്തരവില്‍ പറയുന്നു. രോഗി ഐസിയു (ഇന്‍റെന്‍സീവ് കെയര്‍ യൂണിറ്റ്)വില്‍ കിടന്നതിന് ഒരു തെളിവുമില്ല. എന്നിട്ടും ഐസിയു ചാര്‍ജ് ബില്ലിലുണ്ട്.
സര്‍ജറി നടത്തേണ്ടതായിട്ടുള്ള യാതൊരുവിധ സാഹചര്യവും ഇല്ലായിരുന്നു. അതിനാല്‍ തന്നെ ഐസിയുവില്‍ അഡ്മിറ്റ് ചെയ്യുകയെന്ന വിഷയമേ ഉദിക്കുന്നില്ല. അതിനാല്‍ തന്നെ 12,500 രൂപയെന്ന ഐസിയു ചാര്‍ജ് ബില്ലില്‍ തെറ്റായി ചേര്‍ത്തിരിക്കുന്നു. ഇത്തരത്തിലുള്ള ബില്ലിങ് നീതിയുക്തമായ വ്യാപാര രീതികളുടെ ലംഘനമാണെന്നും ഉത്തരവില്‍ പറയുന്നു.
അങ്ങനെയാണ് ദിനേശിന് നഷ്ടപരിഹാരം ലഭിച്ചത്. ഇത് എല്ലാവര്‍ക്കും ഒരു പാഠമാകുമെന്നാണ് അദ്ദേഹത്തിന്‍റെ പ്രതീക്ഷ. കഠിനമായ വേദനയും ബുദ്ധിമുട്ടുകളും അനുഭവിക്കുമ്പോള്‍ പോലും എന്ത് ചികില്‍സയാണ് ആശുപത്രികള്‍ ചെയ്യുന്നതെന്നും അതിന് ശരിയീയ രീതികളാണോ അനുവര്‍ത്തിക്കുന്നതെന്നും കൊള്ളലാഭം കൊയ്യുന്നുണ്ടോയെന്നും രോഗികള്‍ സസൂക്ഷമം ശ്രദ്ധിക്കേണ്ടത് ആവശ്യമാണെന്നാണ് ദിനേശിന്‍റെ അനുഭവം ഓര്‍മ്മിപ്പിക്കുന്നത്.
ചികില്‍സയിലെ വീഴ്ച്ചകള്‍
“എല്ലാ രോഗികളും തങ്ങളുടെ ചികില്‍സകളെ കുറിച്ചുള്ള പുരോഗതികള്‍ ഹോസ്പിറ്റലില്‍ നിന്നോ ഡോക്റ്ററില്‍ നിന്നോ എഴുതിതന്നെ വാങ്ങിക്കണം,” ചികില്‍സാ പിഴവുകളുമായി ബന്ധപ്പെട്ട അനേകം ഉപഭോക്തൃ കേസുകള്‍ കൈകാര്യം ചെയ്ത അഡ്വ. ജെഹാന്‍ഗിര്‍ ഗയ് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.
ഏതെങ്കിലും തരത്തിലുള്ള ചികില്‍സാ പിഴവുകളോ തെറ്റോ സംഭവിച്ചാല്‍ ആശുപത്രികളും മറ്റും പിന്നെ രേഖകളില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിക്കുമെന്നും അതിനാല്‍ കൃത്യസമയത്ത് നിങ്ങളുടെ ചികില്‍സാ റെക്കോഡുകള്‍ ചോദിച്ച് വാങ്ങണമെന്നും ജെഹാന്‍ഗിര്‍.
“നിങ്ങളുടെ മെഡിക്കല്‍ റെക്കോഡ് സമയാ സമയങ്ങില്‍ ലഭിക്കുകയെന്നത് നിങ്ങളുടെ അവകാശമാണ്. അത് ആര്‍ക്കും നിഷേധിക്കാന്‍ സാധിക്കില്ല. 72 മണിക്കൂറിനുള്ളില്‍ മെഡിക്കല്‍ റെക്കോഡുകള്‍ ലഭ്യമാക്കിയില്ലെങ്കില്‍ ആശുപത്രികളും ഡോക്റ്റര്‍മാരും പെരുമാറ്റച്ചട്ടലംഘനം കൂടിയാകും നടത്തുന്നത്,”ജെഹാന്‍ഗിര്‍ കൂട്ടിച്ചേര്‍ക്കുന്നു.
“ഏതെങ്കിലും തരത്തിലുള്ള സര്‍ജറിക്കോ മറ്റ് വിശദമായ മെഡിക്കല്‍ പരിശോധനകള്‍ക്കോ വിധേയമാകുന്നതിന് മുമ്പ് രോഗികള്‍ മറ്റൊരു വിദഗ്ധന്‍റെ കൂടി അഭിപ്രായം തേടുന്നത് നല്ലതായിരിക്കുമെന്നും അദ്ദേഹം പറയുന്നു. സര്‍ജറികള്‍ക്ക് വിധേയമാകും മുമ്പ് ചികില്‍സയുമായി ബന്ധപ്പെട്ട് ഓപ്പറേഷനല്ലാതെ മറ്റെന്തെല്ലാം ചെയ്യാന്‍ പറ്റുമെന്ന കാര്യവും ഡോക്റ്ററുമായി സംസാരിക്കണം.”
ഒരു അഭിഭാഷകന്‍റെ സഹായത്തോടെയല്ലാതെ ഉപഭോക്തൃ പരാതി സമര്‍പ്പിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. അതിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഉപഭോക്തൃ വിഷയങ്ങളുമായി ബന്ധപ്പെട്ട ചില പ്രധാന ഉത്തരവുകള്‍ ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാവുന്നതാണ്. എന്താണ് ചികില്‍സാ പിഴവുകള്‍ എന്നും എങ്ങനെ നിങ്ങള്‍ക്ക് സ്വയം സംരക്ഷിക്കാം എന്നും മനസിലാക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ഇതുകൂടി വായിക്കാം: വിവരാവകാശത്തിലൂടെയും സമരങ്ങളിലൂടെയും ഭിന്നശേഷിക്കാര്‍ക്കായി നീതി പിടിച്ചു വാങ്ങിയ റഷീദിനൊപ്പം