അറയ്ക്കപ്പൊടി കൊണ്ട് ബെഡൊരുക്കി ടെറസില്‍ കൂണ്‍കൃഷി; ഷീജയ്ക്ക് ദിവസം ₹4,000 വരെ വരുമാനം!

റബര്‍ മരത്തിന്‍റെ അറയ്ക്കപ്പൊടികൊണ്ട് എങ്ങനെ കൂണ്‍ ബെഡ് ഒരുക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഷീജ പറഞ്ഞുതരുന്നു.

ടെറസില്‍ പച്ചക്കറി കൃഷി ചെയ്തു വിജയിച്ചവരേറെയുണ്ട്. പച്ചക്കറി മാത്രമല്ല മാവും പ്ലാവും വാഴയുമൊക്കെ ഗ്രോബാഗിലാക്കി മട്ടുപ്പാവില്‍ വളര്‍ത്തുന്നവരുമുണ്ട്.

എന്നാല്‍ തിരുവനന്തപുരം മടവൂര്‍ പള്ളിക്കല്‍ വാറുവില വീട്ടില്‍ ഷീജ അബ്ദുള്‍റബ്ബ് മട്ടുപ്പാവില്‍ വളര്‍ത്തുന്നത് കൂണാണ്. ടെറസില്‍ ഷീറ്റ് റൂഫിങ്ങ് ചെയ്ത് നാലു വശവും ഗാര്‍ഡന്‍ നെറ്റ് കൊണ്ട് മറച്ചാണ്  ഷീജയുടെ കൂണ്‍ കൃഷി.

മാത്രമല്ല, റബര്‍ മരത്തിന്‍റെ അറയ്ക്കപ്പൊടിയിലാണ് കൂണ്‍ വളര്‍ത്തുന്നത് എന്നതും പുതുമയാണ്. കൂണ്‍ കൃഷിയില്‍ നിന്നും ഷീജ സ്വന്തമാക്കുന്ന വരുമാനം കേട്ടാല്‍ ആരും അല്‍ഭുതപ്പെടും-ദിവസം 4,000 രൂപ!

കൃഷിക്കൊപ്പം കൂണ്‍കൃഷി ക്ലാസ്സും ഷീജ നല്‍കുന്നു. മാത്രമല്ല കൂണ്‍ വിത്തും കൂണ്‍ ബെഡ്ഡും അറയ്ക്കപ്പൊടിയുമൊക്കെ വാങ്ങണമെന്നുണ്ടെങ്കില്‍ ഷീജയുടെ വീട്ടിലെ ക്രൗണ്‍ മഷ്റൂംസിലേക്ക് ചെന്നാല്‍ മതി.

എന്നാല്‍ ദിവസവും നല്ലൊരു വരുമാനം കിട്ടുമെന്ന് കേട്ട് ആരും പെട്ടെന്ന് കൂണ്‍ കൃഷിയിലേക്ക് ആരും എടുത്ത് ചാടരുതെന്നാണ് ഷീജ മുന്നറിയിപ്പ് നല്‍കുന്നു: “പെട്ടെന്നൊരു ദിവസം കൊണ്ടല്ല ഇത്രയും വരുമാനം നേടാനായത്. വര്‍ഷങ്ങള്‍ നീണ്ട പരിശ്രമങ്ങളുടെ ഫലമാണിത്. കുറേ പരാജയങ്ങളൊക്കെ പിന്നിട്ടാണ് ഇവിടെയെത്തി നില്‍ക്കുന്നത്,” കര്‍ഷകനായിരുന്ന പി കെ അബ്ദുറബ്ബിന്‍റെയും റജിയയുടെയും മകളായ ഷീജ പറയുന്നു.

പ്രവാസിയായ യഹിയയാണ് ഷീജയുടെ ഭര്‍ത്താവ്. വിവാഹം കഴിഞ്ഞ് മക്കളൊക്കെയായി കുടുംബജീവിതത്തിന്‍റെ തിരക്കകള്‍ക്കിടയിലും ഷീജയുടെ മനസില്‍ കൃഷിയും ബിസിനസുമൊക്കെയായിരുന്നു.എന്തെങ്കിലും സംരംഭത്തിന് തുടക്കമിടണം, വിജയിപ്പിക്കണം എന്നൊക്കെയായിരുന്നു ആഗ്രഹിച്ചിരുന്നത് എന്ന് ഷീജ.

മക്കള്‍ രണ്ടാളും വിവാഹം കഴിച്ചതോടെ ഷീജ കൃഷിയിലേക്ക് കടന്നു. എന്നാല്‍ കൂണ്‍ കൃഷിയിലേക്കെത്തും മുന്‍പേ കൊച്ചുകൊച്ചു ബിസിനസ് സംരംഭങ്ങളിലും സാന്നിധ്യമറിയിച്ചിരുന്നു.

“സോപ്പുപ്പൊടി, ഹാന്‍ഡ് വാഷ് ഇതൊക്കെ നിര്‍മ്മിച്ചു വില്‍ക്കുന്നൊരു കടയുണ്ട്. വിങ്കോ ഹോം പ്രൊഡക്റ്റ്സ് എന്ന പേരില്‍. വീടിന് അടുത്തുതന്നെയാണിത്. കൊറോണയും ലോക്ക് ഡൗണുമൊക്കെയാണെങ്കിലും വിങ്കോ ഇപ്പോഴും സജീവമാണ്,’ ഷീജ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

ഷീജ കൂണ്‍ കൃഷിയ്ക്കൊപ്പം

“വാപ്പച്ചിയുടെ കൃഷി കണ്ട് എനിക്ക് ഇഷ്ടം തോന്നുകയായിരുന്നു,” കൃഷിയിലേക്ക് എത്തിയതിനെക്കുറിച്ച് അവര്‍ തുടരുന്നു. “ഏതാണ്ട് 15 വര്‍ഷം മുന്‍പേ കൂണ്‍ കൃഷിയോട് കമ്പം തോന്നിത്തുടങ്ങിയതാണ്. അന്നൊന്നും പക്ഷേ കൂണ്‍ കൃഷി രീതികളൊന്നും അറിയില്ലായിരുന്നു. കൂണ്‍ കൃഷി എന്നതൊരു സ്വപ്നം തന്നെയായിരുന്നു.”

യൂട്യൂബ് വീഡിയോകളിലൂടെയും ഇന്‍റെര്‍നെറ്റില്‍ നിന്നും കൂണ്‍കൃഷി പഠിക്കാന്‍ ശ്രമിച്ചു. കുറേയേറെ സ്ഥലങ്ങളില്‍ പരിശീലനക്ലാസ്സുകളില്‍ പോയി. വീട്ടില്‍ പരിശീലകരെ വിളിച്ചുവരുത്തി പഠിക്കാന്‍ നോക്കി.

“പക്ഷേ അതൊന്നും തൃപ്തി നല്‍കിയില്ല,” എന്ന് ഷീജ.  “പലരും കൂണ്‍ കൃഷിയെക്കുറിച്ച് പഠിപ്പിച്ചുവെങ്കിലും ഷെഡ് നിര്‍മ്മിക്കുന്നതിനെക്കുറിച്ചൊന്നും അറിയില്ലായിരുന്നു. പഠിച്ച സ്ഥലങ്ങളിലൊന്നും ഷെഡ്ഡുകളൊന്നും നമുക്ക് കാണിച്ചു തരില്ല…

“പരിശീലിപ്പിക്കുന്നവര്‍ വിത്തൊക്കെ കൊടുത്തുവിടും, ചെയ്തുനോക്കാന്‍ പറയും. പക്ഷേ ഒന്നും പിടിച്ചില്ല. വെറുതേ കാശ് പോയത് മിച്ചം. ചെറിയ അറിവ് കൊണ്ടു മാത്രം കൂണ്‍ കൃഷിയ്ക്ക് ഇറങ്ങരുത്. നഷ്ടം മാത്രമേ തിരിച്ചു കിട്ടൂ. ആദ്യമായി ചെയ്യുമ്പോ നഷ്ടങ്ങളും തിരിച്ചടിയുമൊക്കെ കിട്ടും,” അവര്‍ അനുഭവത്തില്‍ നിന്നും പറയുന്നു.

പട്ടാമ്പിക്കാരന്‍ സുധീഷ് കുമാറാണ് റബര്‍ അറയ്ക്കപ്പൊടിയില്‍ ബെഡ് ഉണ്ടാക്കുന്ന രീതി ഷീജയ്ക്ക് പഠിപ്പിച്ചുകൊടുത്തത്.

” അദ്ദേഹം വിത്തുകളുമായി വീട്ടില്‍ വന്നു ക്ലാസെടുക്കുകയായിരുന്നു. ഷെഡ് കെട്ടാനും അറക്കപ്പൊടി എങ്ങനെ ട്രീറ്റ് ചെയ്യണമെന്നുമൊക്കെ കൃത്യമായി അവന്‍ പറഞ്ഞു തന്നു. പക്ഷേ, സുധീഷ് പഠിപ്പിച്ചതില്‍ നിന്നു വ്യത്യസ്തമായി എന്‍റെയൊരു ശൈലിയിലാണ് ഞാനിപ്പോ ചെയ്യുന്നത്.” ആ രീതിയില്‍ അദ്ദേഹം ഇപ്പോഴും കൃഷി ചെയ്യുന്നുമുണ്ടെന്നു ഷീജ പറഞ്ഞു.

റബര്‍ അറയ്ക്കപ്പൊടികൊണ്ട് ബെഡ് ഉണ്ടാക്കുന്ന വിധം

താന്‍ പിന്തുടരുന്ന രീതി ഷീജ വിശദമാക്കുന്നു:

 • റബര്‍ അറയ്ക്കപ്പൊടി വിടര്‍ത്തിയിട്ട് ചൂട് കളയുക.
 • ശേഷം മണല്‍ അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കും.
 • ചുണ്ണാമ്പ് വെള്ളത്തില്‍ കലക്കിയെടുത്ത് അറയ്ക്കപ്പൊടിയില്‍ നനയ്ക്കണം.
 • അതിനു ശേഷം ഈ അറയ്ക്കപ്പൊടിയില്‍ ആവി കയറ്റി പുഴുങ്ങിയെടുക്കണം.
 • പിന്നീട് ഇത് ഉണക്കേണ്ടതില്ല. ചൂടാറിയതിന് ശേഷം കവറുകളില്‍ നിറച്ചു വയ്ക്കാം.
 • നനവ് കൃത്യമായാല്‍ പൊടി കെട്ടിയെടുത്ത് ബെഡ് ഉണ്ടാക്കാം. ഇതില്‍ വേറെ അണുക്കള്‍ കയറാനുള്ള സാധ്യതകളുമില്ല.

“പ്രാണികളെ ഒഴിവാക്കാന്‍ വേപ്പെണ്ണ – വെളുത്തുള്ളി മിശ്രിതമാണ് തളിച്ചു കൊടുക്കുന്നത്. ചിപ്പി കൂണും പാല്‍ക്കൂണും കൃഷി ചെയ്യുന്നുണ്ട്. ബെഡ്ഡിന്‍റെ വശങ്ങളിലൂടെയാണ് ചിപ്പിക്കൂണ്‍ വിത്തിടുന്നത്.


ഇതുകൂടി വായിക്കാം:വീട്ടില്‍ തുടങ്ങി ഒരു നാടിനെയൊന്നാകെ ജൈവകൃഷി തുടങ്ങാന്‍ പ്രേരിപ്പിച്ച സീനത്തിന്‍റെയും പെണ്‍മിത്രയുടെയും വിജയകഥ


“പാല്‍ക്കൂണ്‍ ബെഡിനു മുകളിലും. തറയിലും ചുറ്റുമുള്ള നെറ്റിലുമൊക്കെ തണുപ്പ് നിലനിറുത്താന്‍ വെള്ളം നനച്ചു കൊടുക്കാറുണ്ട്. നല്ല ക്ഷമയും താത്പര്യവുമുണ്ടെങ്കില്‍ കൂണ്‍ കൃഷി വിജയിപ്പിക്കാം,” എന്ന് ഷീജ.
അതുമാത്രം പോരാ, ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങളും ഷീജ പറഞ്ഞുതരുന്നു.

ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങള്‍: 

 • നല്ല വിത്തുകള്‍ വേണം തെരഞ്ഞെടുക്കാന്‍. അക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. ഒരൊറ്റ വിത്ത് കേടായാല്‍ ബാക്കിയുള്ളതിനെയും രോഗം ബാധിക്കും. വിത്തിന്‍റെ ഗുണമനുസരിച്ച് നല്ല വിളവ് കിട്ടും. ( ഷീജ തന്‍റെ ഫാമില്‍ തന്നെയാണ് വിത്തുല്‍പാദിപ്പിക്കുന്നത്.)
 • കൂണ്‍ കൃഷിയ്ക്ക് തെരഞ്ഞെടുക്കുന്ന മുറി നല്ല വായു സഞ്ചാരവും തണുപ്പുമുള്ളതായിരിക്കണം. എന്നാല്‍ മാത്രമേ നന്നായി വിരിഞ്ഞു വരൂ. ഡാര്‍ക്ക് റൂമിലിരിക്കുമ്പോള്‍ വായു സഞ്ചാരമുള്ള ഇടം വേണമെന്നില്ല.
 • എന്നാല്‍ വിളവെടുപ്പ് മുറിയിലേക്ക് മാറ്റുമ്പോള്‍ നല്ല കാറ്റ് കിട്ടുന്ന ഇടമായിരിക്കണം. നന്നായി ഓക്സിജന്‍ കയറിയിറങ്ങണം.

ഷീജയുടെ വീടിന്‍റെ ടെറസിലും നിലത്തുമായി 1,500 ബെ‍ഡ് സ്ഥാപിക്കാനുള്ള സൗകര്യമുണ്ട്.  എങ്കിലും 1,200 എണ്ണം മാത്രമേ ഉപയോഗിക്കുന്നുള്ളൂ. “ഒരുപാട് കൂണ്‍ വിളവെടുത്താല്‍ വില്‍ക്കാനായെന്നു വരില്ലല്ലോ,”  എന്ന് ഷീജ.

“വെള്ളം സ്പ്രേ ചെയ്തു കൊടുക്കും. ആഴ്ചയിലൊരിക്കല്‍ അണുനശീകരണവും നടത്തും. എന്നാല്‍ ദിവസവും 20 മുതല്‍ 30 വരെ ബെഡുകളാണ് വയ്ക്കുന്നത്. ഒരു ബെഡില്‍ നിന്ന് അഞ്ചു മാസത്തോളം വിളവെടുപ്പ് നടത്താം. അതിനു ശേഷം ബെഡ് മാറ്റും.

“ദിവസവും പുതിയ ബെഡുകള്‍ തയ്യാറാക്കുക്കുന്നതിനാല്‍ ഉത്പ്പാദനത്തില്‍ വലിയ വ്യത്യാസമൊന്നുമില്ല. നിത്യേന അഞ്ച് മുതല്‍ പത്ത് കിലോ വരെ കൂണ്‍ വിളെവടുത്ത് വില്‍ക്കുന്നുണ്ട്.

“വിളവെടുപ്പിന് അറയ്ക്കപ്പൊടിയിലും വൈക്കോലിലും ചെയ്യുന്നതില്‍ തമ്മില്‍ വ്യത്യാസമുണ്ട്. വൈക്കോലില്‍ ആണെങ്കില്‍ 15 ദിവസം കഴിയുമ്പോള്‍ വിളവെടുപ്പ് മുറിയിലേക്ക് മാറ്റിവെയ്ക്കും.

“അറയ്ക്കപ്പൊടിയാണെങ്കില്‍ 20 ദിവസം വേണ്ടി വരും. ഇതിന് ശേഷം അഞ്ചാറ് ദിവസം കഴിയുമ്പോഴേക്കും മൊട്ട് വന്നിരിക്കും. മൊട്ട് വന്നതിന്‍റെ മൂന്നാം ദിവസം മുതല്‍ കൂണ്‍ വിളവെടുക്കാം.

“അപ്പോഴേക്കും ഏതാണ്ട് എല്ലാം കൂടി ഒരു മാസം ആയിക്കാണും. നല്ല തണുപ്പാണെങ്കില്‍ 15 ദിവസമൊക്കെയാകുമ്പേഴേക്കും അടുത്ത വിളവ് വന്നിരിക്കും.

“അഞ്ച് മാസത്തോളം വരുന്ന വിളവെടുപ്പ് കാലത്ത് ഒരു ബെഡില്‍ നിന്ന് 1 മുതല്‍ 1.5 കിലോ വരെ കൂണ്‍ കിട്ടും. അറയ്ക്കപ്പൊടി ബെഡ് ആറോ ഏഴോ തവണ ഉയോഗിക്കാം.

“ഒരു കിലോ കൂണിന് 400 -450 രൂപ വിലയുണ്ട്. ഒന്നിലേറെ ബെഡില്‍ നിന്നായി ഒരു ദിവസം അഞ്ച് മുതല്‍ 10 കിലോ വരെ കൂണ്‍ വിളവെടുക്കുന്നുണ്ട്. കൂണ്‍ വില്‍പ്പനയും വിത്തും ബെഡും കൊടുക്കലുമൊക്കെയായി ഒരു ദിവസം 4,000 രൂപ കിട്ടുന്നുണ്ട്,” ഷീജ പറഞ്ഞു. പരിശീലന ക്ലാസുകളില്‍ നിന്നുള്ള വരുമാനത്തിന് പുറമെയാണിത്. കൊറോണക്കാലമായതിനാല്‍ ഷീജ ഇപ്പോള്‍ ക്ലാസ്സുകള്‍ നടത്തുന്നില്ല.

വില്‍പ്പനയ്ക്ക് തയാറാക്കി വെച്ചിരിക്കുന്ന കൂണ്‍ ബെഡുകള്‍

കൂണ്‍ കൊണ്ട്  സമൂസയും കട്‍ലെറ്റും മൂല്യവര്‍ധിത ഉത്പന്നങ്ങളും ഉണ്ടാക്കി വില്‍പന നടത്തിയിരുന്നു അവര്‍. എന്നാല്‍ ഇപ്പോള്‍ കൃഷിയില്‍ മുഴുവന്‍ സമയവും ചെലവഴിക്കേണ്ടി വരുന്നതിനാല്‍ അതൊക്കെ അവസാനിപ്പിച്ചു.

കൂണ്‍ വിത്തും ബെഡും വില്‍ക്കുന്നുണ്ട്. 125 രൂപയാണ് കൂണ്‍ ബെഡിന്‍റെ വില. നല്ല വലിപ്പമുള്ള ബെഡ് ആണിത്. നിറയെ വിത്തുകളുമുണ്ടാകും. ഒരു ബെഡില്‍ നിന്നു മാത്രം ഒന്നര കിലോ കൂണ്‍ ലഭിക്കു,”മെന്ന് ഷീജ ഉറപ്പുനല്‍കുന്നു. ഇതുമാത്രമല്ല, അറയ്ക്കപ്പൊടിയടക്കം കൂണ്‍ കൃഷിയ്ക്കുള്ള എല്ലാ സാധനങ്ങളും ഷീജയുടെ സ്ഥാപനത്തില്‍ നിന്നു കിട്ടും.

ഒപ്പം, കൂണ്‍കര്‍ഷകരെ സഹായിക്കാനും ഷീജ എപ്പോഴും തയ്യാറാണ്. ഫോണിലൂടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കും. “വാട്ട്സ്ആപ്പിലൂടെ സംശയങ്ങള്‍ ചോദിച്ചാല്‍ മതി ആരായാലും മറുപടി കൊടുക്കും,” എന്ന് ഷീജ.

വിത്ത് വാങ്ങിപ്പോകുന്നവര്‍ക്ക് എല്ലാ കാര്യങ്ങളും പറഞ്ഞു കൊടുക്കും. പക്ഷേ നന്നായി പഠിച്ച ശേഷം ഘട്ടംഘട്ടമായി മാത്രമേ കൂണ്‍ കൃഷിയില്‍ സജീവമാകാവൂ എന്ന് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സജീവമായ കൃഷിയനുഭവങ്ങളുടെ വെളിച്ചത്തില്‍ ഷീജ ആവര്‍ത്തിച്ചു പറയുന്നു.

“നല്ല ക്ഷമയും താത്പ്പര്യവുമുള്ളവര്‍ക്ക് ശ്രമിച്ചാല്‍ കൂണ്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാം. കുറേക്കാലമായി ആഗ്രച്ചിരുന്നതാണെങ്കിലും മക്കളുടെ വിവാഹശേഷമാണ് കൂണ്‍ കൃഷിയില്‍ സജീമാകുന്നത്.

“എന്‍റെ ജീവിതം തന്നെ ഇതാണിപ്പോള്‍. രാവിലെ ഉറക്കമുണര്‍ന്നാല്‍ ആ കൂണ്‍ കൃഷി ചെയ്യുന്ന മുറിയിലേക്ക് പോകും. കൂണിനെ കാണുക, പരിചരിക്കുക ഇതൊക്കെയാണ് സന്തോഷം,” ഷീജ ചിരിക്കുന്നു.

“നല്ല വരുമാനവും ഇതില്‍ നിന്നു കിട്ടുന്നുണ്ടല്ലോ. കുറച്ചു സമയം പോലും വെറുതേ ഇരിക്കാറില്ല. ഏതു നേരവും കൂണ്‍ കൃഷിയ്ക്കൊപ്പം തന്നെയാണ്. ടെറസില്‍ മാത്രമല്ല താഴെയും കൃഷിയുണ്ട്.

“എനിക്കൊപ്പം ഉമ്മയും വാപ്പച്ചിയും മക്കളും സഹായിക്കും. വാപ്പച്ചിക്ക് വലിയ ഇഷ്ടമാണ്. ആള് പഴയ കര്‍ഷകനായിരുന്നല്ലോ. വാപ്പച്ചി എപ്പോഴും പറയും.
എനിക്കാരോഗ്യമുണ്ടായിരുന്നേല്‍ ഞാനും കൂടുമായിരുന്നുവെന്ന്.

“എന്നാലും വാപ്പച്ചിക്ക് സാധിക്കുന്ന പോലെ ഓരോന്ന് ചെയ്തു തരും. ഉറിയുണ്ടാക്കാനുള്ള കയറൊക്കെ കൃത്യമായ അളവില്‍ മുറിച്ചു തരുകയും മറ്റും ചെയ്യും. മോനും ഞാനും കൂടിയാണ് വിളവെടുപ്പ്. അഞ്ചാറ് കിലോ എന്തായാലുമുണ്ടാകും.  കടകളിലൊക്കെ കൊടുക്കുന്നുണ്ട്, അതൊക്കെ പത്ത് മണിയോടെ എല്ലാം തീരും. കാപ്പി കുടിയൊക്കെ കഴിഞ്ഞ ശേഷം ഞാന്‍ വീണ്ടും കൂണ്‍ കൃഷിയിലേക്ക് വരും.

“വൃത്തിയ്ക്കലും ബ്ലീച്ച് കഴുകലുമൊക്കെയായി അവിടെ തന്നെയുണ്ടാകും. മോന്‍ ഫായിസും മരുമകള്‍ സഹാനയും എന്‍ജിനീയര്‍മാരാണ്. പക്ഷേ കൊറോണയൊക്കെ കാരണം രണ്ടാളും വീട്ടിലുണ്ട്. അവരും കൂണിന്‍റെ എല്ലാ പണികള്‍ക്കും ഒപ്പമുണ്ട്.” എല്ലാത്തിനും പിന്തുണയുമായി ഭര്‍ത്താവ് യഹിയയുമുണ്ടെന്ന് ഷീജ കൂട്ടിച്ചേര്‍ക്കുന്നു.

ഷീജയുടെ മകള്‍ ഫസ്നയും അവളുടെ ഭര്‍ത്താവ് മുഹമ്മദ് സമീമും കുഞ്ഞും അബുദാബിയിലാണ്.


ഇതുകൂടി വായിക്കാം: പാവങ്ങള്‍ക്ക് അന്നം, 6 പേര്‍ക്ക് ജോലി! ഭിക്ഷക്കാരിയിൽ നിന്ന് സംരംഭകയിലേക്കൊരു സ്നേഹയാത്ര


അഭിപ്രായം അറിയിക്കൂ:malayalam@thebetterindia.com, നമുക്ക് സംസാരിക്കാം Facebook ,Twitter 
സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
 • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
 • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
 • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം