ആവി പറക്കുന്ന നല്ലൊരു കാപ്പിയില്‍ ഒരു ദിനം തുടങ്ങുന്ന പോലെ സുഖമുള്ള മറ്റൊരേര്പ്പാടുണ്ടോ എന്ന് വിചാരിക്കുന്ന കാപ്പി ഫാന്‍സ് ഒരുപാടുള്ള നാടാണല്ലോ ഇത്.
നല്ലൊരു ഓര്‍ഗാനിക് കാപ്പി സ്വന്തമായി ഉണ്ടാക്കി കുടിക്കാന്‍ കാപ്പിത്തോട്ടമൊന്നും വാങ്ങേണ്ട, വയനാട്ടിലോ കൂര്ഗ്ഗിലോ പോകേണ്ട കാര്യവുമില്ല.
വീട്ടിലേക്കാവശ്യമുള്ള കാപ്പി നമുക്ക് വീട്ടില്‍ തന്നെ ഉല്പാദിപ്പിക്കാം. പറമ്പില്‍ സ്ഥലമില്ലെങ്കില്‍ വീടിന്റെ ടെറസിലും വളര്‍ത്താം. ബെംഗളൂരുവില്‍ നിന്നുള്ള ഇന്ദിര അശോക് ഷാ തന്റെ ടെറസിൽ കാപ്പി വളര്‍ത്തി നല്ല പോലെ വിളവെടുക്കുന്നുണ്ട്. അതെങ്ങനെയെന്ന് അവര്‍ വിശദമാക്കുന്നു.
ഇന്ദിരയുടെ കാപ്പിച്ചെടിക്ക് ഏകദേശം പത്ത് അടി ഉയരമുണ്ട്, നിറച്ചും കാപ്പിയും വിളഞ്ഞിട്ടുണ്ട്. ആറ് വർഷത്തോളമായി ഈ ചെടി തന്നോടൊപ്പമുണ്ടെന്ന് ഇന്ദിര പറയുന്നു.
“ ഈ ചെടിയില്‍ നിന്നും എനിക്ക് പ്രതിവർഷം ഒരു കിലോഗ്രാം കാപ്പിപ്പൊടി ലഭിക്കുന്നു.”കാപ്പിച്ചെടി വളർത്താൻ
ആവശ്യമുള്ള കാര്യങ്ങൾ
- 20 ലിറ്ററിന്റെ ബക്കറ്റ് (ഇന്ദിര ഒരു സാധാരണ പെയിന്റ് ബക്കറ്റാണ് ഉപയോഗിച്ചത്)
- കമ്പോസ്റ്റ്
- കൊക്കോപീറ്റ്
- മണ്ണ്
- കല്ലുകൾ
- നന്നായി തണലുള്ള സ്ഥലം
ഘട്ടം 1
– നിങ്ങൾ ഉപയോഗിക്കുന്ന ബക്കറ്റിൽ താഴെ മൂന്ന് ദ്വാരങ്ങൾ ഇടണം. ഇത് അധികജലം വാര്ന്നുപോകുന്നതിനാണ്, നിങ്ങൾ ഇത് ചെയ്യുന്നത് വളരെ പ്രധാനമാണ്.
– ദ്വാരങ്ങൾക്ക് മുകളിൽ ഒരു ചെറിയ സ്ലാബ് അല്ലെങ്കിൽ കല്ല് വയ്ക്കുക.
ദ്വാരം പൂർണ്ണമായും മൂടരുത്.
– തുല്യ അളവില്‍ മണ്ണ്, കോക്കോപീറ്റ്, കമ്പോസ്റ്റ് എന്നിവ ഉപയോഗിച്ച് ബക്കറ്റ് നിറയ്ക്കുക.
ഘട്ടം 2
- കാപ്പിച്ചെടി വെയ്ക്കാന്‍ പകുതി തണലുള്ള സ്ഥലം കണ്ടെത്തുക.
- കാപ്പിച്ചെടിക്ക് നേരിട്ട് കഠിനമായ സൂര്യപ്രകാശം ആവശ്യമില്ല, അതിനാൽ ഇത് നന്നായി വളരാൻ നല്ലൊരു സ്ഥലം കണ്ടെത്തുക.
- ദിവസവും കുറച്ച് സൂര്യപ്രകാശം ലഭിക്കുന്നെന്ന് ഉറപ്പാക്കാമെങ്കില്‍ വീടിനകത്തും കാപ്പിച്ചെടി വളര്‍ത്താം.
ഘട്ടം 3
- കാപ്പിച്ചെടി ഈർപ്പം ഇഷ്ടപ്പെടുന്നു, അതിനാൽ മണ്ണ് എല്ലായ്പ്പോഴും അല്പം ഈർപ്പമുള്ളതാണെന്ന് ഉറപ്പാക്കണം.
- മണ്ണില്‍ വേണ്ടത്ര ഈര്‍പ്പമുണ്ടോ എന്ന് പരിശോധിക്കുന്നതിന് ഒരു വടി മണ്ണിലേക്ക് ആഴ്ത്തിനോക്കുക.
- മണ്ണില്‍ ഈര്പ്പമുണ്ടായിരുന്നാല് മാത്രം മതി, വെള്ളം കെട്ടിനില്ക്കാനനുവദിക്കരുത്.
- ഈർപ്പം നിലനിർത്താൻ മണ്ണിൽ കൊക്കോപീറ്റ് ചേർക്കുന്നത് നല്ലതാണ്.
കാപ്പിക്കുരു എങ്ങനെ മുളപ്പിച്ചെടുക്കാം?
കാപ്പിക്കുരു നന്നായി പാകമാകാൻ അനുവദിക്കുക. അത് ഉണങ്ങിക്കഴിഞ്ഞാൽ, കാപ്പിക്കുരു വിതയ്ക്കാം. വിതച്ചുകഴിഞ്ഞാൽ, അത് പരോക്ഷ സൂര്യപ്രകാശത്തിൽ സൂക്ഷിക്കുന്നുവെന്ന് ഉറപ്പാക്കുക. എയര്‍ ലെയറിംഗിലൂടെയും കാപ്പിച്ചെടികളുണ്ടാക്കാം.
എയർ ലേയറിംഗ് രീതിയെക്കുറിച്ചറിയാന്‍ ഈ വീഡിയോ കാണുക.
അറിയേണ്ട മറ്റ് കാര്യങ്ങൾ
- ഓരോ 10 അല്ലെങ്കിൽ 15 ദിവസത്തിലൊരിക്കൽ കൂടുതൽ കമ്പോസ്റ്റ് ചേർക്കുക
- രാസവളമോ കീടനാശിനിയോ അധികം ചേർക്കരുത്
- കീട ആക്രമണം ഉണ്ടെങ്കിൽ, ഏതെങ്കിലും വേപ്പ് അധിഷ്ഠിത സ്പ്രേ ഉപയോഗിക്കുക അല്ലെങ്കിൽ ഇഞ്ചി-വെളുത്തുള്ളി-പച്ചമുളക് (ജി ജി ജി) മിശ്രിതം ഉണ്ടാക്കുക
- ജിജിജി മിശ്രിതം നിർമ്മിക്കുന്നതിന്, മൂന്നും തുല്യ അളവിൽ എടുത്ത് പേസ്റ്റ് ഉണ്ടാക്കുക, അരിച്ചെടുക്കുക, കീടാക്രമണം ഉണ്ടെങ്കില്‍ സസ്യങ്ങളിൽ തളിച്ചുകൊടുക്കാം.
- കാപ്പിക്കുരു തവിട്ടുനിറമാകുമ്പോൾ, വിളവെടുക്കാം.
- കോഫിക്ക് രുചി കൂട്ടുന്നതിന് ഇന്ദിര ചിക്കറി ചേർക്കാറുണ്ട്. 80 ശതമാനം കോഫിയും 20 ശതമാനം ചിക്കറിയുമാണ് താന്‍ ചേര്‍ക്കാറുള്ളതെന്ന് ഇന്ദിര.
- ഇന്ത്യയിലെവിടെയും കാപ്പിച്ചെടിവളർത്താം, വളരാൻ തണലുള്ള പ്രദേശം വേണമെന്നുമാത്രം.
- കാപ്പി വളർത്താൻ ആരംഭിക്കേണ്ട ഒരു പ്രത്യേക സീസണും ഇല്ല.
- നിങ്ങളുടെ അടുത്തുള്ള നഴ്സറിയിൽ കോഫി ബീൻസ് ചിലപ്പോള്‍ കിട്ടും.
- ഗ്രാഫ്റ്റ് ചെയ്ത തൈ ആണെങ്കില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ കായ്ച്ചുതുടങ്ങും.
വിത്ത് വിതച്ചാൽ കായ്ച്ചുതുടങ്ങാന്‍ കുറഞ്ഞത് അഞ്ച് മുതൽ ആറ് വർഷം വരെ വേണ്ടിവരും. - എല്ലാ ദിവസവും ചെടിക്ക് വെള്ളം നല്‍കുക. മണ്ണ് വരണ്ടുപോകുന്നുവെന്ന് തോന്നിയാല്‍ ദിവസം രണ്ട് നേരം നനയ്ക്കുക.
വിളവെടുപ്പു രീതി
- കാപ്പിക്കുരു പാകമാകുന്നതിനും തവിട്ടുനിറമാകുന്നതിനും കാത്തിരിക്കുക.
- പഴുത്ത കായ്കള്‍ പറിച്ചെടുത്ത് വിത്ത് / കാപ്പിക്കുരു നീക്കം ചെയ്യുക.
- എല്ലാ വിത്തുകളും വെള്ളത്തിൽ മുക്കി തൊലിയും പൾപ്പും പൂർണ്ണമായും വേര്‍പെടുന്നതുവരെ ഇരിക്കട്ടെ.
- ശേഷം മുഴുവന്‍ ഈർപ്പവും നീക്കം ചെയ്യുന്നതിനായി വിത്തുകള്‍ നന്നായി ഉണക്കുക
- ഇതിന് ശേഷം കാപ്പിക്കുരു പൊടിച്ചെടുക്കാം.
കൂടുതല്‍ അറിയാന്‍ ഈ വീഡിയോ കണ്ടുനോക്കൂ.
“ഇത് സ്വയം വളർത്തുക, രാസവളങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. അടുക്കള മാലിന്യമെല്ലാം ശേഖരിച്ച് സ്വയം കമ്പോസ്റ്റ് ഉണ്ടാക്കുക,” ഇന്ദിര പറയുന്നു.