വിജയ് ജര്‍ധാരി

കര്‍ഷക ആത്മഹത്യ തടയാന്‍ 12 വിളകള്‍ ഒരുമിച്ച് കൃഷി ചെയ്യുന്ന ബാരാനജ് രീതി; പഠിപ്പിക്കാന്‍ 68-കാരന്‍ തയാര്‍

വരള്‍ച്ചയും വെള്ളപ്പൊക്കവും കര്‍ഷകര്‍ക്ക് എന്നും പേടിസ്വപ്‌നങ്ങളാണ്. എന്നാല്‍ ഇവയെ പ്രതിരോധിച്ച് വര്‍ഷത്തില്‍ 12 വിളകള്‍ കൃഷി ചെയ്യാനാകുമോ? എന്താ സംശയം..? ലക്ഷങ്ങള്‍ ലാഭിക്കുന്ന കൃഷി രീതി പഠിക്കാം…

ബീജ് ബചാവോ ആന്തോളന്‍ (ബിബിഎ) എന്ന മുന്നേറ്റത്തിന്‍റെ സ്ഥാപകനാണ് വിജയ് ജര്‍ധാരി. വിത്തുകളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തിനുവേണ്ടി ഉഴിഞ്ഞുവെച്ചതാണ് അദ്ദേഹത്തിന്‍റെ ജീവിതം. ഒരു വിള മാത്രം കൃഷി ചെയ്യുന്ന രീതിക്കും താല്‍ക്കാലിക ലാഭത്തിനായി ചില വിളകള്‍ കൃഷി ചെയ്യണമെന്ന നിര്‍ബന്ധിത നയത്തിനുമെതിരെ ഉത്തരാഖാണ്ഡിലുടനീളം പ്രചരണം നടത്തിയാണ് വിജയ് ജനശ്രദ്ധ പിടിച്ചുപറ്റിയത്.

ഒറ്റവിളകൃഷിയില്‍ മാത്രം കര്‍ഷകര്‍ ഒതുങ്ങുന്നതിന്‍റെ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ കാലങ്ങള്‍ക്ക് മുമ്പേ പ്രവചിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കാരണം അദ്ദേഹത്തിന്‍റെ കുടുംബം തലമുറകളോളം പലതരം വിളകള്‍ ഒരുമിച്ച് വളര്‍ത്തുന്നവരായിരുന്നു. ഈ രണ്ട് രീതികളുടെയും വ്യത്യാസവും ഗുണവും നന്നായി അറിയാമായിരുന്നു വിജയ് ജര്‍ധാരിക്ക്.

വിജയ് ജര്‍ധാരി തന്‍റെ കൃഷിയിടത്തില്‍

ഒരേ സ്ഥലത്തു തന്നെ ഒന്നിലധികം വിളകള്‍ കൃഷി ചെയ്യുന്നതിന്‍റെ ആരോഗ്യപരവും പാരിസ്ഥികവുമായ നേട്ടങ്ങള്‍ കണ്ടുവളര്‍ന്നതാണ് വിജയ്. പരമ്പരാഗത വിളകള്‍ കൂടാതെ പലതരം തദ്ദേശീയ വിളകള്‍ കൃഷി ചെയ്യുന്നത് മണ്ണിനെ കൂടുതല്‍ സമ്പുഷ്ടമാക്കുകയും ചെയ്തു. എന്നാല്‍ വളരെ കുറഞ്ഞ വിലയ്ക്ക് സോയബീന്‍ വിത്തുകളും രാസവളങ്ങളും സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കാന്‍ തുടങ്ങിയത്  അത്ര നല്ല കാര്യമായി അദ്ദേഹത്തിന് തോന്നിയില്ല. ഇതോടെയാണ് പരമ്പരാഗത വിളകളും വിത്തുകളും സംരക്ഷിക്കുകയെന്ന ലക്ഷ്യവുമായി ബിബിഎ എന്ന മുന്നേറ്റത്തിന് അദ്ദേഹം തുടക്കം കുറിക്കുന്നത്.

സംസ്ഥാനം മുഴുവനും വിജയ് നടത്തിയ ദണ്ഡി മാര്‍ച്ച് ഇന്നും ഏറെ പ്രശസ്തമാണ്. തദ്ദേശീയമായ, പരമ്പരാഗത വിത്തുകള്‍ ശേഖരിക്കുകയായിരുന്നു ആ യാത്രയുടെ ലക്ഷ്യം. ഏകദേശം 350 ഇനം വിത്തുകള്‍ ഇതിലൂടെ സമാഹരിക്കാന്‍ സാധിക്കുകയും ചെയ്തു.

കര്‍ഷകരുടെ വീട്ടുമുറ്റത്തെത്തി വിജയ് അവര്‍ക്കായി പങ്കുവെച്ചത് പരമ്പരാഗത കൃഷി രീതിയുടെ അപൂര്‍വ അറിവുകള്‍ കൂടിയായിരുന്നു. ഇതില്‍ പ്രധാനമായിരുന്നു ‘ബാരാനജ്’ എന്ന കൃഷി രീതി. 12 വിളകള്‍ എന്നാണ് ബാരാനജ് എന്ന വാക്കിന്‍റെ അര്‍ത്ഥം.

“ഇടവിളകള്‍ കൂടുതലായി കൃഷി ചെയ്യുന്ന രീതിയാണിത്. പന്ത്രണ്ടോ അതിലധികമോ വിളകള്‍ മഴയെ ആശ്രയിച്ചു കൃഷി ചെയ്യുന്ന തെഹ്രി-ഗഡ് വാള്‍ മേഖലകളില്‍ പിന്തുടര്‍ന്നുപോന്നിരുന്ന കൃഷിസമ്പ്രദായമാണ് ബാരാനജ്. പയറും പരിപ്പും ധാന്യങ്ങളും അച്ചിങ്ങയും വള്ളിച്ചെടികളുമെല്ലാം ഒരേ നിലത്ത് ഒത്തൊരുമയോടെ അധിവസിക്കുമെന്നതാണ് ഈ കൃഷിരീതിയുടെ പ്രത്യേകത,” 68-കാരനായ വിജയ് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

വിജയ് ജര്‍ധാരി വിത്തുകളുമായി:Source

ചില വിളകളുടെ വള്ളികള്‍ക്ക് മറ്റ് ചിലതിന്‍റെ തണ്ടുകള്‍ പിന്തുണയേകുന്നു. ചിലത് മറിച്ചും. അതാണ് ഈ കൃഷി രീതിയുടെ പ്രത്യേകതയെന്ന് വിജയ് പറയുന്നു. ഒരു കാലത്ത് നമ്മുടെ പൂര്‍വികരുടെ വിജയമന്ത്രമായിരുന്നു ഇതെന്നും എന്നാല്‍ 1980-കളോടെ ഈ രീതി മണ്‍മറഞ്ഞുതുടങ്ങുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. കര്‍ഷകര്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തുന്നതിനോടൊപ്പം മണ്ണിന്‍റെ ഫലഭൂയിഷ്ഠിത കൂട്ടുകയും ചെയ്യുന്നുവെന്നതാണ് ബാരാനജിന്‍റെ പ്രത്യേകതയെന്ന് വിജയ് വാദിക്കുന്നു.

2009-ലെ ഇന്ദിര ഗാന്ധി പര്യാവരണ്‍ പുരസ്‌കാരം ലഭിച്ച വിജയ് ജര്‍ധാരിയുമായി ബാരാനജ് രീതിയെക്കുറിച്ച് കൂടുതലറിയാന്‍ ഞാന്‍ ഏറെ നേരം സംസാരിക്കുകയുണ്ടായി. വിത്തുകളെ സംരക്ഷിക്കുകയെന്ന മുന്നേറ്റത്തിലൂടെ നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തിയാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്.

ബാരാനജിന്‍റെ സമൃദ്ധി

ദാരിദ്ര്യം ഒരിക്കലും അനുഭവിക്കേണ്ടി വരില്ല എന്നതാണ് ഈ കൃഷിരീതിയില്‍ ഏര്‍പ്പെടുന്നതിലൂടെ കര്‍ഷകര്‍ക്കുണ്ടാകുന്ന ഏറ്റവും വലിയ മെച്ചം. വലിയ വായ്പകളെ ഒരിക്കലും ആശ്രയിക്കേണ്ടതില്ലെന്നതും അവര്‍ക്ക് ആശ്വാസമാകുന്നു.

“ഇതില്‍ ചില വിളകള്‍ക്ക് വരള്‍ച്ചയെയും കീടങ്ങളെയും വെള്ളപ്പൊക്കത്തെയുമെല്ലാം പ്രതിരോധിക്കാന്‍ ശേഷിയുണ്ടാകും. അതിനാല്‍ തന്നെ ഒരു പ്രകൃതി ദുരന്തമുണ്ടായാല്‍ പോലും കുറച്ച് വിളകള്‍ നശിക്കുമെന്നേയുള്ളൂ. അതിന് ശേഷവും വില്‍ക്കാനും സ്വന്തം ഉപയോഗത്തിനുമായി ഭക്ഷ്യവിളകള്‍ ബാക്കിയുണ്ടാകും. കാടുകളിലേതിന് സമാനമായാണ് ബാരാനജ് മാതൃകയിലുമുള്ള കൃഷി. രാസവസ്തുക്കളുടെ ഉപയോഗമോ കൂടുതല്‍ ജലസേചനമോ ഒന്നും വേണ്ട. സ്വാഭാവികമായി ലഭിക്കുന്ന മഴയില്‍ അവ വളരും. സസ്യങ്ങളില്‍ വൈവിധ്യവല്‍ക്കരണം കൊണ്ടുവരുന്നത് മണ്ണിനെ കൂടുതല്‍ സമ്പുഷ്ടമാക്കുകയും ചെയ്യുന്നു. ഫാമില്‍  വളര്‍ത്തുന്ന മൃഗങ്ങള്‍ക്ക് ആവശ്യത്തിനുള്ള തീറ്റയും ഈ കൃഷിപ്പാടങ്ങളില്‍ നിന്ന് ലഭിക്കും,”വിജയ് വിശദീകരിക്കുന്നു.

വിജയ് ജര്‍ധാരി

പല തരത്തിലുള്ള ധാന്യങ്ങളും സസ്യങ്ങളും പയറുവര്‍ഗങ്ങളുമെല്ലാമാണ് വിജയ് പ്രചരിപ്പിക്കുന്ന കൃഷിരീതിയിലൂടെ ഒരുമിച്ച് വളര്‍ത്തുന്നത്. അതിന് സ്ഥിരതയാര്‍ന്ന ഒരു ഘടനയൊന്നുമില്ല. എങ്കിലും ചില വിളകള്‍ വിജയ് നിര്‍ദ്ദേശിക്കുന്നുണ്ട്.

  • ധാന്യങ്ങള്‍: റാഗി, ജോവര്‍ (sorghum), രാംദാന (amaranthus) എന്നറിയപ്പെടുന്ന ചീര ഇനത്തില്‍ പെട്ട രാജ് ഗീര, ബക്ക് വീറ്റ് (buckwheat), ചോളം.
  • പയറിനങ്ങള്‍:  രാജ്മ പയര്‍, കറുത്ത സോയാബീന്‍, നൗരങ്കി, ഉഴുന്ന്, ചെറുപയര്‍, വന്‍പയര്‍
  • പച്ചക്കറികള്‍: ചീര, കീര, ആച്ചിങ്ങ
  • സുഗന്ധവിളകള്‍: എള്ള്

സൗഹൃദ വിളകളെ തിരിച്ചറിയുകയെന്നതാണ് ഇവിടെ പ്രധാനമെന്ന് അദ്ദേഹം, കാരണം ഓരോ വിളയുടെയും വളര്‍ച്ച കര്‍ഷകരെ സംബന്ധിച്ച് പരമപ്രധാനമാണ്.

ജോവറിന്‍റെ വേരുകള്‍ മണ്ണില്‍ ആഴ്ന്നിറങ്ങും. അത് വെള്ളപ്പൊക്കസമയങ്ങളില്‍ മണ്ണൊലിച്ചില്‍ തടയുന്നു. അതേസമയം വന്‍പയര്‍ പോലുള്ള പയറിനങ്ങള്‍ മറ്റ് പച്ചക്കറികള്‍ക്ക് നൈട്രജന്‍ നല്‍കുന്നു. കാബേജ് പോലുള്ള വിളകള്‍ക്ക് വലിയ തോതില്‍ പോഷകങ്ങള്‍ വേണ്ടി വരും. അത് നല്‍കാന്‍ അവയ്ക്കാകും.

“മഴവെള്ളം മാത്രം ആശ്രയിച്ചു വളരുന്ന ചോളം പോലുള്ള വിളകള്‍ അധികമായി വരുന്ന വെള്ളമെല്ലാം വലിച്ചെടുത്ത് വെള്ളപ്പൊക്കം പോലുള്ള സാഹചര്യങ്ങളെ പ്രതിരോധിക്കുന്നു. 12 വിളകളുടെയും ഉയരം വ്യത്യസ്തമാണ്. അതിനാല്‍ തന്നെ ചൂടുകൂടുന്ന കാലത്ത് ഉയരം കൂടിയ വിളകള്‍ കുറഞ്ഞവയ്ക്ക് തണല്‍ നല്‍കുന്ന രീതിയിലാണ് കൃഷിയൊരുക്കുന്നത്,”വിജയ് പറയുന്നു.

ഓരോ സീസണിലും വിളകള്‍ മാറ്റി മാറ്റി കൃഷി ചെയ്യുന്ന രീതിയും അദ്ദേഹം പരീക്ഷിക്കുന്നുണ്ട്. കാലാവസ്ഥയിലെ മാറ്റങ്ങളെ പ്രതിരോധിക്കാനും പരസ്പരം ആശ്രയമേകാനും ഈ വിളകള്‍ക്ക് സാധിക്കും. വന്യമൃഗങ്ങളും പക്ഷികളും മറ്റും കൃഷി നശിപ്പിക്കുന്നത് ഒരു പരിധി വരെ കുറയ്ക്കാനും തന്‍റെ കാര്‍ഷിക മാതൃകയിലൂടെ കഴിയുമെന്നാണ് വിജയ് അവകാശപ്പെടുന്നത്. ചോളമെല്ലാം കൃഷി ചെയ്യുമ്പോള്‍ ഒരു ഭാഗം പക്ഷികള്‍ക്ക് കഴിക്കാന്‍ വേണ്ടി മാത്രം നീക്കിവയ്ക്കുന്ന പതിവും ഈ കര്‍ഷകനുണ്ട്. അങ്ങനെ ചെയ്യുന്നതിലൂടെ ജൈവവൈവിധ്യം കാത്ത് സൂക്ഷിക്കാന്‍ കൂടി കഴിയുന്നുണ്ടെന്ന് അഭിമാനത്തോടെ അദ്ദേഹം പറയുന്നു. കൃഷിയിടങ്ങളില്‍ കുറച്ച് പക്ഷികളെല്ലാം വന്നിരിക്കട്ടെയെന്ന മട്ടാണ്.

ചാണകവും ഗോമൂത്രവും ഉപയോഗിച്ചുള്ള വളമാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. കീടങ്ങളുടെ ആക്രമണം തടയാന്‍ ഇത് സഹായിക്കുന്നു. പുറമെനിന്നുള്ള ഒരു രാസവളത്തിന്‍റെയും പിന്തുണയോടെയല്ല തന്‍റെ കൃഷിയെന്നും വിജയ് സാക്ഷ്യപ്പെടുത്തുന്നു.

സീറോ ബജറ്റിലും ചെയ്യാം

വളരെ പരിമിതമായ ചെലവുമാത്രമേ ഈ കൃഷി രീതിക്ക് വേണ്ടിവരുന്നുള്ളൂ. എന്നാല്‍ നല്ല വിളവ് കിട്ടുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ 30 വര്‍ഷത്തിനിടെ ബാരാനജ് കൃഷിരീതിയില്‍ ആകൃഷ്ടരായി ആയിരക്കണക്കിന് പേരാണ് ഈ കര്‍ഷകന്‍റെ പാത തെരഞ്ഞെടുത്തത്. വിജയ് താമസിക്കുന്ന ഗ്രാമത്തിലേയും സമീപ ഗ്രാമങ്ങളിലേയും കര്‍ഷകരാണ് ഇവരിലേറെയും. ഏകദേശം 20-ഓളം ഗ്രാമങ്ങളിലുള്ള കര്‍ഷകരെ ബാരാനജ് ഫാമിങ് സംവിധാനത്തിലേക്ക് മാറാന്‍ വിജയ് പ്രേരിപ്പിച്ചു.

വളരെ വില കൂടിയ രാസവളങ്ങളുടെ കാരുണ്യത്തിലാണ് മിക്ക കര്‍ഷകരും ഇന്ന് കൃഷിയിറക്കുന്നത്. എന്നാല്‍ ബാരാനജ് കാര്‍ഷിക സംവിധാനത്തിലേക്ക് ഗ്രാമീണര്‍ ആകൃഷ്ടരാകാന്‍ പ്രധാന കാരണം കുറഞ്ഞ ചെലവില്‍ മികച്ച വിളവ് കിട്ടുമെന്നതുതന്നെയാണ്.

“ആദ്യ സീസണില്‍ കൃഷിയിറക്കുമ്പോള്‍ മാത്രം നിങ്ങള്‍ക്ക് വിത്തുകള്‍ക്ക് വേണ്ടി വിപണിയെ ആശ്രയിക്കേണ്ടി വന്നേക്കാം. എന്നാല്‍ അതില്‍ നിന്നും കുറച്ച് വിത്തുകള്‍ ഓരോ വര്‍ഷവും വീണ്ടും നടാവുന്ന തരത്തില്‍ ഉപയോഗപ്പെടുത്തണം. ചില വിത്തുകള്‍ വേണ്ടത്ര നേട്ടം തന്നേക്കില്ല. ഇവിടെ ഞങ്ങള്‍ പണ്ടത്തെ ബാര്‍ട്ടര്‍ രീതിയാണ് അവലംബിക്കുന്നത്. മറ്റൊരു കര്‍ഷകന്‍റെ പാടത്ത് ചിലപ്പോള്‍ ആ വിത്ത് മുളച്ചേക്കും. അതായത്, വിത്തുകള്‍ പരസ്പരം കൈമാറ്റം ചെയ്ത് കൃഷി പരീക്ഷണം നടത്താറുണ്ട്. മിക്ക സന്ദര്‍ഭങ്ങളിലും ഇത് വിജയിക്കാറാണ് പതിവ്. ഇതിലൂടെ ചെലവ് കുറയ്ക്കാനും സാധിക്കാറുണ്ട്,” മുതിര്‍ന്ന ചിപ്‌കോ നേതാവും കര്‍ഷകനുമായ ധം സിങ് നെഗി ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു. വിജയുടെ ഗ്രാമത്തില്‍ നിന്നു തന്നെയുള്ള നെഗി കഴിഞ്ഞ 60 വര്‍ഷത്തോളമായി ബാരാനജ് രീതിയില്‍ കൃഷി ചെയ്തുവരികയാണ്.

കൃഷിയിടങ്ങളില്‍ പണിയെടുക്കാന്‍ പുറമെനിന്ന് ആളെ വിളിക്കേണ്ട അവസ്ഥയും ഇവര്‍ക്കില്ല. അവിടെയും പ്രകടമാകുന്നത് കര്‍ഷകരുടെ സാഹോദര്യം തന്നെ. ഗ്രാമത്തിലെ കര്‍ഷകര്‍ തന്നെയാണ് പരസ്പരം സഹായിക്കുന്നത്. “വിത്തെറിയുകയെന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം വലിയ ഉല്‍സവമാണ് ആഘോഷത്തിന്‍റെ ദിനങ്ങള്‍. ബാന്‍ഡും ഡ്രമ്മുമെല്ലാമായി പാടത്തേക്കിറങ്ങി ഡാന്‍സ് ചെയ്താണ് വിത്തുനടുന്നത്. ഞങ്ങളുടെ ഒരുമയുടെ, ഐക്യത്തിന്‍റെ പ്രതിഫലനം കൂടിയാണത്,” വിജയ് കൂട്ടിച്ചേര്‍ക്കുന്നു.

“കീടനാശിനിക്കുള്ള ചെലവ് വേണ്ട, വളം വേണ്ട, തൊഴിലാളികള്‍ വേണ്ട, വിത്തുകളും കര്‍ഷകര്‍ തന്നെ പലപ്പോഴും നല്‍കും…ഇങ്ങനെ നോക്കിയാല്‍ സീറോ ബജറ്റ് ഫാമിങ് മോഡലാണ് ഇതെന്നും പറയാം.”

കര്‍ഷക ആത്മഹത്യകള്‍ തടയാം

കാര്‍ഷിക വായ്പകള്‍ തിരിച്ചടയ്ക്കാന്‍ പറ്റാത്ത സാഹചര്യത്തിനൊപ്പം കാലാവസ്ഥ കൂടി പ്രതികൂലമാകുമ്പോഴാണ് പലപ്പോഴും കര്‍ഷകര്‍ ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നത്. ചെറിയ കൃഷിയിടങ്ങളുള്ളവര്‍ക്ക് ഉയര്‍ന്ന വിളവ് ലഭിക്കാത്ത സാഹചര്യം വരുമ്പോള്‍ കടുത്ത സമ്മര്‍ദമാണ് അനുഭവപ്പെടുക. ഇങ്ങനെ വരുമ്പോഴാണ് പലപ്പോഴും രാസവളങ്ങളെയും മറ്റും ആശ്രയിച്ച് കൃത്രിമമായി വിളവ് കൂട്ടാനും വിളയുടെ ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാനും അതിലൂടെ മണ്ണിന്‍റെ ഫലപുഷ്ടി ഇല്ലാതാക്കാനുമെല്ലാം പല കര്‍ഷകരും മുതിരുന്നത്.

ഈ അവസ്ഥയെ പ്രതിരോധിക്കാനും മണ്ണിലെ പോഷകങ്ങള്‍ നിലനിര്‍ത്താനുമെല്ലാമാണ് വിജയും നെഗിയും ബാരാനജ് കൃഷിരീതിക്കായി വാദിക്കുന്നത്.

“പൂര്‍വികരില്‍ നിന്നും ഞങ്ങള്‍ക്ക് ലഭിച്ച അറിവാണ് സ്വയം പര്യാപ്തതയിലേക്ക്, ആത്മനിര്‍ഭരിലേക്ക് ഞങ്ങളെ എത്തിച്ചത്. പുറമെ നിന്നുള്ള യാതൊരു സംവിധാനങ്ങളെയും ഇപ്പോള്‍ ആശ്രയിക്കേണ്ടതില്ല. ഒറ്റവിള കൃഷിരീതിയില്‍ നിന്ന് മാറാന്‍ ഒരു കര്‍ഷകനെ സംബന്ധിച്ചിടത്തോളം തുടക്കത്തില്‍ വളരെ ബുദ്ധിമുട്ടായിരിക്കാം. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത് ഗുണം ചെയ്യുമെന്നത് അവര്‍ മനസിലാക്കണം. ഈ കൃഷി രീതി പ്രോല്‍സാഹിപ്പിക്കുന്നതിലൂടെ കര്‍ഷക ആത്മഹത്യകള്‍ തടയാന്‍ നമുക്ക് സാധിക്കും. ഇതിന്‍റെ ഏറ്റവും വലിയ മെച്ചമെന്താണെന്നറിയാമോ, കാട്ടുമൃഗങ്ങളോ കാലാവസ്ഥയോ സര്‍ക്കാര്‍ നയങ്ങളോ കര്‍ഷകനെ ബാധിക്കുകയില്ല എന്നതു തന്നെ,” വിജയ് പറഞ്ഞുനിര്‍ത്തുന്നു.


ഇതുകൂടി വായിക്കാം: വെള്ളപ്പൊക്കത്തില്‍പ്പെട്ട ആയിരങ്ങളെ കഴിഞ്ഞ 36 വര്‍ഷമായി രക്ഷിക്കുന്ന യമരാജന്‍


അഭിപ്രായം അറിയിക്കൂ:malayalam@thebetterindia.com, നമുക്ക് സംസാരിക്കാം Facebook ,Twitter 
സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം