പഴയിടത്ത് റഷീദ്.

തൊടിയില്‍ നൂറിലധികം പഴങ്ങൾ, എല്ലാം നാട്ടുകാർക്ക്: അൽഭുതത്തോട്ടമൊരുക്കി മലപ്പുറംകാരൻ റഷീദ്

ഇതുവരെക്കാണാത്ത പഴങ്ങളുടെ വിത്തും ചെടിയും തേടി മലേഷ്യയും സിംഗപ്പൂരും തായ് ലാന്‍റും ചൈനയും ഇസ്രയേലും ഫലസ്തീനുമൊക്കെ റഷീദ് സന്ദർശിച്ചു.

ത് മിറക്കിൾ ഫ്രൂട്ട്. പേരുപോലെത്തന്നെ ഒരു അൽഭുതം. പ്രത്യേകിച്ചൊരു രുചിയും തോന്നിപ്പിക്കാത്ത ഇൗ പഴം കഴിച്ചാൽ പിന്നീട് പുളിയുള്ളതെന്ത് കഴിച്ചാലും അതിമധുരം. രണ്ടുമണിക്കൂറിലധികം തേൻമധുരത്തിന്‍റെ ലഹരിയാണ് പിന്നെ. ചുവന്നു തുടുത്ത ചെറിയ പഴങ്ങൾ പരിചയപ്പെടുത്തിക്കൊണ്ട് പഴയിടത്ത് റഷീദ് പറഞ്ഞു.

എന്നാൽ റഷീദിന്‍റെ അൽഭുതം ഇതല്ല. തൊടി നിറയെ കായ്ച്ചുനിൽക്കുന്ന നൂറുകണക്കിന് ഫലവൃക്ഷങ്ങൾ!

അധികമാരും കേട്ടിട്ടു പോലുമില്ലാത്ത വിദേശ പഴങ്ങളടക്കം നൂറ്റിയമ്പതിലധികം പഴവര്‍ഗങ്ങളാണ് റഷീദിന്‍റെ സമ്പാദ്യം.

പഴയിടത്ത് റഷീദ്.

തൊടിയില്‍ വിളയുന്ന പഴങ്ങളെല്ലാം നാട്ടുകാർക്കുള്ളതാണ്; എല്ലാർക്കും ഇൗ പഴക്കൂടയിൽ നിന്നും ആവശ്യത്തിന് എടുക്കാം, സൗജന്യമായി. 

മലപ്പുറം കോഡൂർ സ്വദേശിയായ റഷീദിന്‍റെ 40 സെന്‍റ് ഭൂമിയിലും പുരയിടത്തിലുമായി റംബൂട്ടാനും മാംഗോസ്റ്റിനും പുലാസാനും ജബോട്ടിക്കാബായും ഡ്രാഗൺ ഫ്രൂട്ടുമൊക്കെയുണ്ട്. ബ്ലാക്ക് ബെറിയും ബ്ലൂ ബെറിയും സ്ട്രോബെറിയുമൊന്നും ഇൗ കൊച്ചു ഗ്രാമക്കാർക്ക് ഇന്ന് അന്യമല്ല–റഷീദിന്‍റെ തോട്ടത്തിൽ എല്ലാമുണ്ട്.



അമ്പഴങ്ങയുടേയും മാങ്ങയുടേയും രുചിയുള്ള മപ്രാങ്ങും ചിക്കു മോഡൽ അബിയുവും ഒറിജിനൽ മിന്റും ജ്യൂസിനായുള്ള ജമൈക്കൻ മിൽക്ക് ഫ്രൂട്ടും ഇസ്രായീൽ ഒാറഞ്ചും ബറാബയും നോനിയും… ആ പട്ടിക തീരുന്നില്ല.

ചെമ്പടുക്ക ചക്കയും റെഡ്ലേഡി പപ്പായയുടെയുമൊക്കെ രുചി കോഡൂരിലെ കൊച്ചുകുട്ടികൾക്കുപോലും സ്വന്തം.

റഷീദിന്‍റെ പഴത്തോട്ടത്തില്‍ നിന്നും

പാൽ, ഇളനീർ, ബട്ടർ എന്നിവയുടെയെല്ലാം രുചി ഒരുമിച്ചുനുണയാം മിൽക്ക് ഫ്രൂട്ടിലൂടെ. രണ്ട് പടലയിലായി 12 കിലോ വിളയുന്ന ആഫ്രിക്കൻ ബനാന (ആനക്കൊമ്പൻ) ഇദ്ദേഹത്തിന്‍റെ തോട്ടത്തിലെ കൗതുകക്കാഴ്ച്ചയാണ്. “നമ്മുടെ നാട്ടിൽ വിൽക്കുന്ന ലിച്ചി പഴം യഥാർത്ഥത്തിൽ ലാൻസാറ്റാണ്,” തോട്ടത്തിലേയ്ക്കു ചൂണ്ടിത്തന്നെ റഷീദ് പറഞ്ഞു. “ലിച്ചിപ്പഴത്തിന് യഥാർഥത്തിൽ പനിനീരിന്‍റെ രുചിയാണുള്ളത്.”


പരമ്പരാഗതമായി പഴക്കച്ചവടക്കാരനാണ് റഷീദിന്‍റെ കുടുംബം. പഴങ്ങളോടുള്ള അടുപ്പം അങ്ങനെ വന്നതുമാവാം. “എട്ടുവർഷത്തോളമായി ഞാൻ പഴങ്ങളുടെ കൃഷി തുടങ്ങിയിട്ട്,” റഷീദ് ദ ബെറ്റർ ഇൻഡ്യയോട് പറഞ്ഞു. “ഒരുപാട് വെറൈറി പഴങ്ങളിവിടെ ഉണ്ട്. ഇനിയും ഒരുപാട് വരാനുണ്ട്,” അദ്ദേഹം പറഞ്ഞു. 



തായ് ലാന്‍റ്, സിംഗപുർ, വിയറ്റ്നാം, കംപോഡിയ, ഇന്തോനേഷ്യ, ബ്രസീൽ, മലേഷ്യ എന്നിവിടങ്ങളിൽനിന്നാണ് പല തൈകളും റഷീദ് തോട്ടത്തിലെത്തിച്ചത്. നാവിന്‍റെ രുചിയെ തന്നെ മാറ്റിമറിക്കുന്ന മിറാക്കിൾ ഫ്രൂട്ടാണ് അതിലെ മജീഷ്യൻ. പുളിരസമുളള എന്തും മിറാക്കിൾ കടുംമധുരമാക്കും.

ആമസോൺ കാടുകളിലെ പഴങ്ങളടക്കം റഷീദ് നാടിന് പരിചയപ്പെടുത്തി.

റഷീദിന്‍റെ പഴത്തോട്ടത്തില്‍ നിന്നും

മുള്ളാത്ത കാൻസറിനെ പ്രതിരോധിക്കുമെന്ന വാർത്ത സോഷ്യൽ മീഡിയയിലൂടെ പടർന്നപ്പോൾ ആ പഴം തേടി ദൂരദിക്കുകളിൽ നിന്നുപോലും ആളുകൾ റഷീദിനെത്തേടിയെത്തി.

സമീപകാലത്ത് മലയാളി സ്വന്തം വീട്ടുമുറ്റത്തെ ചക്കയുടെ പ്രധാന്യം തിരിച്ചറിഞ്ഞതോടെ അതിനും ആവശ്യക്കാരേറി. പതിനഞ്ച് ഇനം ചക്കയുണ്ട് റഷീദിന്‍റെ തോട്ടത്തിൽ. ഇതിൽ വർഷത്തിൽ മൂന്ന് തവണ വരെ കായ്ക്കുന്ന പ്ലാവും ഉൾപ്പെടും.


അൽഭുതങ്ങൾ അവസാനിക്കുന്നില്ല; ഗ്യാക്ക് അടക്കം 10 ഇനം പാഷൻ ഫ്രൂട്ട് റഷീദിന്‍റെ പുരയിടത്തിൽ വിളഞ്ഞു നിൽക്കുന്ന കാഴ്ച്ച അതിമനോഹരമാണ്. ഇത് കണ്ട് നാട്ടിൽ ഡെങ്കിപ്പനി പടർന്നു പിടിച്ചപ്പോൾ രക്തത്തിലെ ഹീമോഗ്ലോബിൻ കൗണ്ട് കൂട്ടാനായി റഷീദിനെ സമീപിക്കാൻ പറഞ്ഞ ഡോക്ടർമാർ വരെയുണ്ട്.

Watch video: മിറക്കിള്‍ ഫ്രൂട്ട്

പ്രമേഹരോഗികൾക്ക് ഫലപ്രദമെന്ന് പറയപ്പെടുന്ന സ്റ്റീവിയക്ക് (മധുരതുളസി) പഞ്ചസാരയുടെ പത്തിരട്ടി മധുരമാണെന്ന് റഷീദ് പറയുന്നു. 


പൂർണമായും ജൈവകൃഷിരീതിയാണ് റഷീദ് സ്വീകരിച്ചിരിക്കുന്നത്. എല്ല് പൊടിയും വേപ്പിൻ പിണ്ണാക്കും ചാണകവും ആവശ്യത്തിന് ചേർത്തുകൊടുത്താൽ തോട്ടം പഴങ്ങൾ കൊണ്ടുനിറയുമെന്ന് റഷീദിന്‍റെ സാക്ഷ്യം. ഏതു വിദേശ പഴവും നമ്മുടെ കാലാവസ്ഥയിൽ അനുയോജ്യമായി വിളയിക്കാമെന്നതാണ് റഷീദിന്‍റെ അനുഭവം.

“ഇസ്രയേൽ, ഫലസ്തീൻ പഴങ്ങളാണ് നട്ടുവളർത്താൻ പ്രയാസം,” റഷീദ് പറയുന്നു.

റഷീദിന്‍റെ പഴത്തോട്ടത്തില്‍ നിന്നും

വിത്തും ചെടിയും ശേഖരിക്കാനായി മലേഷ്യയും സിംഗപ്പൂരും തായ് ലാന്‍റും ചൈനയും ഇസ്രയേലും ഫലസ്തീനുമൊക്കെ റഷീദ് സന്ദർശിച്ചിട്ടുണ്ട്. ഫേസ്ബുക്ക് ഗ്രൂപ്പുകള്‍, വിവിധ ഫാമുകൾ എന്നിവിടങ്ങളിൽനിന്നൊക്കെയാണ് പുതിയ ഇനം പഴങ്ങളുടെ വിത്തോ ചെടിയോ ശേഖരണം. 


8,000 രൂപയുടെ എെസ്ക്രീം കോക്കനട്ട് മുതൽ 2,500 രൂപ കൊടുത്ത് വാങ്ങിയ ചെറിപ്പഴത്തിന്‍റെ ചെടി വരെ ഇക്കൂട്ടത്തിലുണ്ട്. തക്കാളിപോലത്തെ അതിമധുരമുള്ള കാക്കിഫ്രൂട്ടും ഫൽസയും റെയിൻബോ ചോളവും റൊളീനിയയുമാണ് റഷീദിന്‍റെ തോട്ടത്തിലെ പുതുമക്കാർ. 


“മുപ്പത് ഇനം ചോളം ഉണ്ട്, ചാമ്പ പത്ത് തരം… ഇനിയും ഒരുപാട് വരാനുണ്ട്,” റഷീദ് പറഞ്ഞു.

പലതരം ചോളം ഉണ്ട് റഷീദിന്‍റെ തോട്ടത്തില്‍

“എല്ലാം (നടീൽ വസ്തുക്കൾ) വലിയ വിലയാണ്,” അദ്ദേഹം തുടർന്നു. ഇൗ പഴക്കൂടയൊരുക്കാൻ ഒരുപാട് പണം ചെലവഴിച്ചിട്ടുണ്ടെങ്കിലും തോട്ടത്തിൽ വിളയുന്നത് വിൽക്കാനൊന്നും റഷീദിന് താൽപര്യമില്ല. എല്ലാം ആവശ്യക്കാർക്ക് സൗജന്യമായി നൽകുകയാണ് പതിവ്. 


പഴങ്ങളോടുള്ള ഇഷ്ടം ഒട്ടും കുറയാതെ പക്ഷിവളർത്തലിലും ഉണ്ട്.  കാറ്റിന്‍റെയും വെളിച്ചത്തിന്‍റെയും സാധ്യതകളെല്ലാം ഉപയോഗപ്പെടുത്തി പ്രക്യതിക്കിണങ്ങും വിധമാണ് റഷീദിന്‍റെ വീട് പോലും. ഭാര്യ നസീബയും മക്കളായ റിസ്മലും റിംഷയുമാണ് കൃഷിയിൽ റഷീദിന്‍റെ സഹായികൾ. ലാഭേച്ഛയില്ലാതെ കൃഷിയുടെ അറിവ് പകർന്നു നൽകാനും ആവശ്യക്കാർക്ക് തൈകൾ നൽകാനും റഷീദ് എപ്പോഴും തയ്യാര്‍. 

റഷീദിനോട് സംസാരിക്കാം- Phone: 8606600060 

 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം അറിയിക്കൂ:malayalam@thebetterindia.com നമുക്ക് നേരിട്ട് സംസാരിക്കാം: Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം