കേംബ്രിഡ്ജില്‍ നിന്ന് ഡോക്ടറേറ്റ് നേടി അര്‍ഷിയ തിരിച്ചുവന്നു, കാപ്പിക്കര്‍ഷകര്‍ക്കും പ്രകൃതിക്കും വേണ്ടി തന്നാലാവുന്നത് ചെയ്യാന്‍

ഗവേഷണത്തിന്‍റെ ഭാഗമായാണ് അര്‍ഷിയ വയനാട്ടിലും കുടഗിലുമൊക്കെയുള്ള കാപ്പിക്കര്‍ഷകരെത്തേടി ആദ്യമെത്തുന്നത്. അവരുടെ ജീവിതാവസ്ഥയും നേരിടുന്ന ചൂഷണവും അവര്‍ നേരിട്ട് മനസ്സിലാക്കി.

വേഷണ വിദ്യാര്‍ത്ഥിയായിരുന്നപ്പോഴാണ് അര്‍ഷിയ ബോസ് എന്ന കൊല്‍ക്കത്തക്കാരി പശ്ചിമഘട്ടത്തിലെ സമൃദ്ധമായ കാപ്പിത്തോട്ടങ്ങളില്‍ ആദ്യമായി സന്ദര്‍ശനം നടത്തുന്നത്.

വയനാട്ടിലും കുടഗിലും ബിലിഗിരി രംഗന ഹില്‍സിലും (ബി ആര്‍ ഹില്‍സിലും) ഉള്ള ചെറുകിട കര്‍ഷകരുമായി പരിചയപ്പെടാനും അവരുടെ ജീവിതം നേരിട്ട് മനസ്സിലാക്കാനും കഴിഞ്ഞത് ആ സമയത്താണ്.

സന്നരംഗെഗൗഡയും അര്‍ഷിയയും. കര്‍ഷരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഗൗഡ ബ്ലാക്ക് ബസയുടെ പ്രധാന പ്രവര്‍ത്തകരില്‍ ഒരാളാണ്. ഫോട്ടോ: വിവേക് മുത്തുരാമലിംഗം

സാധാരണ കര്‍ഷകരുടെ അവസ്ഥ അര്‍ഷിയ അടുത്തുകണ്ടു. വന്‍കിട കമ്പനികള്‍ കാപ്പിയില്‍ നിന്ന് വലിയ ലാഭം കൊയ്യുമ്പോള്‍ ഈ തോട്ടങ്ങള്‍ നിലനിര്‍ത്തുന്ന കര്‍ഷകരുടെ ജീവിതം ഒരുതരത്തിലും അസൂയപ്പെടുത്തുന്നതായിരുന്നില്ല. മാത്രമല്ല, കാപ്പിത്തോട്ടങ്ങളുടെ കാര്യത്തിലും ഇന്‍ഡ്യയില്‍ വലിയ മാറ്റങ്ങള്‍ വരുന്നതും അര്‍ഷിയ നേരിട്ട് മനസ്സിലാക്കി. പാരിസ്ഥിതികമായ വലിയ ദുരന്തങ്ങളിലേക്കാണ് പുതിയ മാറ്റങ്ങള്‍ വഴിവെയ്ക്കുകയെന്ന് ആ പ്രകൃതിസ്നേഹിക്ക് തോന്നി.


കര്‍ഷകര്‍ക്ക് നല്ല വില ലഭിക്കുക, ഉപഭോക്താക്കള്‍ക്ക് നല്ല കാപ്പി നല്‍കുക, ഒപ്പം പ്രകൃതി സംരക്ഷണവും ഉറപ്പാക്കുക…ഇതുമൂന്നും ഒരുമിക്കുന്നു, ബ്ലാക് ബസയില്‍


കാപ്പിയുടെ വിപണി പുതിയ മേഖലകള്‍ കയ്യടക്കുന്നതിനൊപ്പം മരത്തഴപ്പുകള്‍ക്കു കീഴില്‍, കാടിന്‍റെ തണലില്‍ വളര്‍ന്നിരുന്ന കാപ്പിത്തോട്ടങ്ങളുടെ മുഖച്ഛായയും മാറിക്കൊണ്ടിരിക്കുന്നു.

ഈ കര്‍ഷകര്‍ ചെറുകിടക്കാരായതുകൊണ്ട് സുതാര്യമായ വിപണി സാധ്യതകള്‍, മെച്ചപ്പെട്ട വില… ഇതെല്ലാം അവര്‍ക്ക് നിഷേധിക്കപ്പെട്ടിരുന്നു, അര്‍ഷിയ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു. വലിയ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളും സൗജന്യങ്ങളുമൊന്നും ഈ കര്‍ഷകര്‍ക്ക് സ്വപനം കാണാനേ കഴിയില്ല. ഇതിന് പുറമെയാണ് പ്രകൃതി ചൂഷണം, അവര്‍ തുടരുന്നു.

അര്‍ഷിയ

തണലില്‍ കാപ്പി കൃഷി ചെയ്യുന്ന രീതിയാണ് ഇന്‍ഡ്യയിലേത്. എന്നാല്‍ ഇത് പതുക്കെയാണെങ്കിലും മാറുകയാണ്. തുറന്ന പ്രദേശത്ത്, വെയിലില്‍ വന്‍കിട-ഏകവിളത്തോട്ടങ്ങളായി കാപ്പിത്തോട്ടങ്ങള്‍ മാറുന്ന അവസ്ഥയിലാണ്. ഇതിനായി വലയി തോതില്‍ കാടും മരങ്ങളും വെട്ടിമാറ്റേണ്ടി വരുന്നു. നഷ്ടപ്പെടുന്നത് അപൂര്‍വ്വവും പകരം വെയ്ക്കാനില്ലാത്തതുമായ ജൈവസമ്പത്തുമാണ്, വന്യമൃഗങ്ങളും പക്ഷികളും ശലഭങ്ങളും…അങ്ങനെ എണ്ണിയാല്‍ തീരാത്ത ജീവികളും അവരുടെ വാസസ്ഥലങ്ങളുമാണ്, ആര്‍ഷിയ മുന്നറിയിപ്പ് നല്‍കുന്നു.


ഇതുകൂടി വായിക്കാം: വീടുണ്ടാക്കാന്‍ ബിയര്‍ ബോട്ടില്‍, ചിരട്ട, പ്ലാസ്റ്റിക് : ആക്രി കൊണ്ട് അല്‍ഭുതം തീര്‍ക്കുന്ന ആര്‍കിടെക്റ്റ്


കേംബ്രിഡ്ജ് യൂനിവേഴ്സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ ഇക്കോളജിയില്‍ പി എച്ച് ഡി നേടിയ ശേഷം ആ ചെറുപ്പക്കാരി കാപ്പിക്കര്‍ഷകരെത്തേടി പശ്ചിമഘട്ടത്തിലെ വനഗ്രാമങ്ങളിലേക്ക് തിരിച്ചുവന്നു.

“ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങളുടെ വെളിച്ചത്തില്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് എന്തെങ്കിലും ചെയ്യണമെന്ന് ആ കര്‍ഷകര്‍ അഭ്യര്‍ത്ഥിക്കുമായിരുന്നു,” അര്‍ഷിയ പറഞ്ഞു.

ബ്ലാക് ബസ കോഫിയുടെ കൂട്ടായ്മില്‍ ഇപ്പോള്‍ 400 ചെറുകിട കാപ്പി കര്‍ഷകരുണ്ട്.
ഫോട്ടോയ്ക്ക് കടപ്പാട്: അര്‍ഷിയ ബോസ്

ബ്ലാക്ക് ബസ കോഫിയുടെ തുടക്കം അങ്ങനെയാണ്. കര്‍ഷകര്‍ക്കും പരിസ്ഥിതിക്കും ഗുണകരമായ രീതിയിലുള്ള കൃഷിയും കാപ്പികുടിയും പ്രോത്സാഹിപ്പിക്കുക എന്നതാണ് ആ സ്റ്റാര്‍ട്ട് അപ് കമ്പനിയുടെ ലക്ഷ്യം.


എന്നാല്‍ ഇന്‍ഡ്യയിലെ കാപ്പികൃഷി രംഗം പൂര്‍ണമായും നിരാശാജനകമല്ല


പശ്ചിമഘട്ടത്തില്‍ കാണുന്ന കിന്നരിപ്രാപ്പരുന്ത് (ബ്ലാക്ക് ബസ) ആണ് ആ പേരിന് പിന്നില്‍. നാനൂറിലധികം ചെറുകിട കാപ്പികര്‍ഷകര്‍ ഇന്ന് ബ്ലാക്ക് ബസയുടെ ഭാഗമാണ്. പ്രാദേശിക കര്‍ഷകരെ കൂട്ടിയിണക്കിക്കൊണ്ട്, കാപ്പിക്കും പരിസ്ഥിതിക്കും വേണ്ടിയൊരു മുന്നേറ്റമാണ് കിന്നരിപ്രാപ്പരുന്തിന്‍റെ ജാഗ്രതയോടെ ഈ കൂട്ടായ്മ ലക്ഷ്യമിടുന്നത്.

“ഒരു തരത്തില്‍ നോക്കിയാല്‍ ലോകത്തുള്ള എല്ലാ കൃഷിയും നിലനില്‍ക്കുന്നത് ഉല്‍പാദകര്‍ ചൂഷണം ചെയ്യപ്പെടുകയും പരിസ്ഥിതിക്ക് പരമാവധി ദോഷം ചെയ്യുന്നതുമായ ഒരു അധികാര ഘടനയിലാണ്. എന്നാല്‍ ഇന്‍ഡ്യയിലെ കാപ്പികൃഷി രംഗം പൂര്‍ണമായും നിരാശാജനകമല്ല. കാപ്പിത്തോട്ടങ്ങളുടെ കാര്യത്തില്‍ ചെറുകിട കര്‍ഷകരേയും പരിസ്ഥിതിയെക്കുറിച്ച് ബോധവാന്‍മാരും ബോധവതികളുമായ ഉപഭോക്താക്കളേയും യോജിപ്പിച്ചുകൊണ്ടുപോവുന്ന കാര്‍ഷികവനവല്‍ക്കരണ (അഗ്രോ-ഫോറസ്ട്രി) മാതൃക സാധ്യമാണ്,” എന്ന് അര്‍ഷിയ വിശ്വസിക്കുന്നു.

ഫോട്ടോ: വിവേക് മുത്തുരാമലിംഗം

ചെറുകിട കര്‍ഷകരും ഉപഭോക്താക്കളുമായി നേരിട്ട് ബന്ധം ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ബ്ലാക്ക് ബസ ചെയ്യുന്നത്. ഒപ്പം ഓരോ കര്‍ഷകന്‍റെയും കഥകളും അവരുടെ അതിജീവനവും ഉപഭോക്താക്കള്‍ അറിയുന്നു.

പരസ്പരം അറിയുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഒരു കര്‍ഷക-ഉപഭോക്തൃ സമൂഹം വളര്‍ത്തിയെടുത്തതിലൂടെ ഇടനിലക്കാരുടെ ചൂഷണം പൂര്‍ണമായും ഇല്ലാതായി.


ഇതുകൂടി വായിക്കാം: തെങ്ങിന്‍ മുകളിലെ നാടന്‍ ഗവേഷകന്‍: ഈ ചെത്തുകാരന്‍റെ തന്ത്രങ്ങള്‍ക്ക് കയ്യടിച്ച് ശാസ്ത്രജ്ഞര്‍


ബ്ലാക്ക് ബസ വെറുമൊരു കച്ചവട സ്ഥാപനവുമല്ല, കര്‍ഷകര്‍ക്കും അവരുടെ സമൂഹത്തിനും നല്ല വില ഉറപ്പാക്കുന്നതോടൊപ്പം പരിസ്ഥിതി സംരക്ഷണവും പ്രദേശത്തെ വന്യമൃഗങ്ങളുടെ സുരക്ഷയും കമ്പനിയുടെ പ്രധാന ലക്ഷ്യങ്ങളില്‍ പെടുന്നു.

ഞങ്ങളുടെ കാപ്പിയില്‍ അധികവും ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകളില്‍ (FPO) നിന്നാണ് വരുന്നത്,  അര്‍ഷിയ പറയുന്നു. ഇവയെല്ലാം ഫെയര്‍ ട്രേഡ് സര്‍ട്ടിഫിക്കേഷന്‍ ഉള്ളവയാണ്. കര്‍ഷകര്‍ക്ക് മിനിമം വില ഉറപ്പുവരുത്തുന്നു.

ബ്ലാക് ബസ കോഫിയുടെ പ്രവര്‍ത്തനങ്ങള്‍ കര്‍ഷകര്‍ക്ക് എങ്ങനെ പ്രയോജനപ്പെടുന്നുവെന്ന് കൃത്യമായ ഇടവേളകളില്‍ വിലയിരുത്തുന്നുണ്ട്. ഫോട്ടോ. വിവേക് മുത്തുരാമലിംഗം

പക്ഷേ, എങ്ങനെയാണ് പരിസ്ഥിതി സംരക്ഷണവും കാപ്പി ഉല്‍പാദനവും ഒരുമിച്ച് കൊണ്ടുപോവുക?

“തണലില്‍ വളര്‍ത്തുന്ന കാപ്പിത്തോട്ടങ്ങളുടെ കാര്യത്തില്‍ പോലും വലിയ മാറ്റങ്ങളാണ് (പരിസ്ഥിതിക്കും ജൈവവൈവിധ്യത്തിനും ദോഷകരമായ) മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. തണല്‍മരങ്ങളായി സില്‍വര്‍ ഓക്ക് പോലെയുള്ള മരങ്ങള്‍ കൂടുതലായി വളര്‍ത്താന്‍ തുടങ്ങിയിരിക്കുന്നു. ഞങ്ങള്‍ തദ്ദേശീയമായ വന്യമൃഗങ്ങളുടെ നിലനില്‍പിന് കൂടി സഹായകമായ പ്രാദേശിക വൃക്ഷങ്ങളും ചെടികളും ഉപയോഗിക്കാന്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നു. ഇത്തരം മരങ്ങള്‍ ഭൂഗര്‍ഭജലവിതാനം നിലനിര്‍ത്താനും സഹായിക്കുന്നവയാണ്. ജൈവവൈവിധ്യത്തിന് കോട്ടം തട്ടാത്ത വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമേ തോട്ടങ്ങളില്‍ ചെയ്യൂ എന്ന് കര്‍ഷകരും ഉറപ്പുവരുത്തുന്നു.”

ബ്ലാക് ബസ ഉല്‍പന്നങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന പേരുകളിലുമുണ്ട് പശ്ചിമഘട്ടത്തിന്‍റെ ശബ്ദങ്ങളും കാടിന്‍റെ സംഗീതവും. ദ് വിസിലിങ്ങ് ബോയ് (ചൂളക്കാക്ക), ദ ഫികസ് (കല്ലാല്‍) ദ് ഓട്ടര്‍ (നീര്‍നായ), ദ ലൂണ ( ഒരിനം ശലഭം) എന്നിങ്ങനെയാണ് പേരുകള്‍. എല്ലാം പശ്ചിമഘട്ടത്തിലെ പക്ഷികളെയും മൃഗങ്ങളേയും ഓര്‍മ്മിപ്പിക്കുന്നവ.

Watch: ബ്ലാക് ബസയെപ്പറ്റി കൂടുതല്‍ അറിയാം

“അവയ്‌ക്കെല്ലാം ഓരോ കഥ പറയാനുണ്ട്…,” അര്‍ഷിയ വിശദീകരിക്കുന്നു. “എ്ല്ലാം അന്യം നിന്നുപോകുന്ന മരങ്ങള്‍ക്കും പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കുമുള്ള ആദരമാണ്. വിസ്ലിങ്ങ് സ്‌കൂള്‍ ബോയ് എന്നത് ചൂളക്കാക്ക (മലബാര്‍ വിസിലിങ്ങ് ത്രഷ്) യാണ്. കല്ലാല്‍ ഈ മേഖലയില്‍ സ്വാഭാവികമായി വളരുന്ന ഒരിനമാണ്. കാപ്പിത്തോട്ടങ്ങളില്‍ തണല്‍മരമായി വളര്‍ത്തുമ്പോള്‍ അത് കാപ്പിക്ക് മറ്റെങ്ങും കിട്ടാത്ത ഒരു രുചി പകരും.

“കാവേരി നദി ആര്‍ദ്രമാക്കുന്ന ഈ പ്രദേശത്തെ നശിച്ചുകൊണ്ടിരുന്ന ജലസസ്യവൈവിധ്യം കുറച്ചൊക്കെ തിരിച്ചുകൊണ്ടുവരാന്‍ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മൂലം കഴിഞ്ഞു. ഇപ്പോഴവിടെ കുഞ്ഞുങ്ങളോടൊപ്പം കളിക്കുന്ന നീര്‍നായകളെ ധാരാളമായി കാണാം. വലിയ ലൂണാ ശലഭത്തിന്‍റെ പേരിലാണ് മറ്റൊരു കാപ്പി. മനോഹരിയായ ഈ ശലഭത്തിന്‍റെ സാന്നിദ്ധ്യം തോട്ടത്തിന്‍റെ പാരിസ്ഥിതിക മൂല്യം കൂടിയാണ് സൂചിപ്പിക്കുന്നത്. അവിടെ മാരകമായ രാസവസ്തുക്കളില്ലെന്നുകൂടിയാണ്,” അര്‍ഷിയ വിശദീകരിക്കുന്നു.


ഇതുകൂടി വായിക്കാം: ഈ ‘വനംമന്ത്രി’യുടെ വീട്ടിലെത്തുന്നത് പാമ്പുകള്‍, മയിലുകള്‍, 30 ഇനം പക്ഷികള്‍: ഔദ്യോഗിക വാഹനം വൃക്ഷത്തൈകളുമായി കറങ്ങുന്ന ഓട്ടോറിക്ഷ


“ഓരോ കപ്പ് കാപ്പിയുണ്ടാക്കുന്നതിലും പ്രകൃതിയുടെ സാന്നിധ്യമുണ്ട്. അതുകൊണ്ട് പാരിസ്ഥിതിക സന്തുലനം പാലിക്കാന്‍ നമ്മള്‍ ഉപഭോക്താക്കള്‍ കര്‍ഷകരെ സഹായിക്കേണ്ടതുണ്ട്,” അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
ഇന്‍ഡ്യയിലങ്ങോളം മാത്രമല്ല, ലോകവ്യാപകമായി കാപ്പി കര്‍ഷകരെ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് ബ്ലാക്ക് ബസ, ഒപ്പം സാധാരണ കര്‍ഷകര്‍ക്കുകൂടി നേരിട്ട് പങ്കെടുക്കാവുന്ന വിപണിയും.


ബ്ലാക് ബസ കാപ്പി വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ദ് ബെറ്റര്‍ ഇന്‍ഡ്യ ഷോപ്പ് സന്ദര്‍ശിക്കാം. ലിങ്ക് ഇവിടെ


 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം