ഈ ‘വനംമന്ത്രി’യുടെ വീട്ടിലെത്തുന്നത് പാമ്പുകള്‍, മയിലുകള്‍, 30 ഇനം പക്ഷികള്‍: ഔദ്യോഗിക വാഹനം വൃക്ഷത്തൈകളുമായി കറങ്ങുന്ന ഓട്ടോറിക്ഷ

“ചെറിയ കിളികള്‍ക്കാണെങ്കിലോ ഇങ്ങനെയൊരു ശത്രു ഈ മുറ്റത്ത് കൂട് വച്ച് വിലസുന്നുണ്ടെന്നു അറിയില്ല. കുഞ്ഞിക്കിളികളെ അത് പിടിച്ചു കൊണ്ടു പോകാതെ നോക്കുന്നതാണിപ്പോഴത്തെ തലവേദന.”

തു നേരവും ശ്യാംകുമാറിന്‍റെ കൈയിലൊരു വൃക്ഷത്തൈയും ഒരു കുപ്പിയുമുണ്ടാകും. അതുമല്ലെങ്കില്‍ ഏതെങ്കിലും മരച്ചുവട്ടില്‍ പുല്ലും കളയും പറിച്ചു കളയുന്ന തിരക്കിലാകും.. ചിലപ്പോഴൊക്കെ കിളികളോട് കിന്നാരം പറഞ്ഞ് അവയ്ക്ക് വെള്ളവും പഴവും കൊടുക്കുന്നുണ്ടാകും.. ഏതു നേരവും ഇങ്ങനെ മരം, ചെടി, കിളികള്‍ എന്നൊക്കെ പറഞ്ഞ് ജീവിക്കുന്നൊരാള്‍.

ഇതൊക്കെ എന്നും കാണുകയും കേള്‍ക്കുകയും ചെയ്യുന്ന നമ്മുടെ നാട്ടുകാര്‍ പിന്നെ കളിയാക്കാതിരിക്കുമോ..? അവരും പറഞ്ഞു തുടങ്ങി…’ഒരു വനംമന്ത്രി വന്നിരിക്കുന്നു.’ പക്ഷേ ആ ‘ട്രോളുകള്‍‘ ഒന്നും അയാളെ ബാധിയ്ക്കുന്നതേയില്ല.

ശ്യാംകുമാര്‍

ചെറുപ്പത്തിലേ പത്ര ഏജന്‍റായി ശ്യാംകുമാര്‍. ”വൃക്ഷ തൈകള്‍ നട്ടു തുടങ്ങിയിട്ട് ഇപ്പോള്‍ ഇരുപത് വര്‍ഷം കഴിഞ്ഞു. രാവിലെ വീടുകളിലൊക്കെ പത്രം ഇട്ട ശേഷം സൈക്കിളില്‍  ചുറ്റിനടന്ന് വഴിയോരങ്ങളില്‍ ചെടികള്‍ നട്ടു തുടങ്ങി. അതാണ് തുടക്കം. ആദ്യനാളില്‍ നൂറെണ്ണത്തോളം നട്ടു. അതൊക്കെ ഇപ്പോ വലിയ തണല്‍ മരങ്ങളായി മാറി,” ശ്യാംകുമാര്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു. ”പത്ര ഏജന്‍റിന് കിട്ടുന്ന വരുമാനം കൊണ്ടുമാത്രം ജീവിക്കാനാകാത്ത സാഹചര്യമായി.. അങ്ങനെയാണ് പത്ത് വര്‍ഷം മുന്‍പ് ഓട്ടോറിക്ഷ ഓടിക്കാന്‍ തുടങ്ങുന്നത്.”

ജീവിക്കാന്‍ വേണ്ടി ഓട്ടോറിക്ഷ ഓടിച്ചു തുടങ്ങിയിട്ടും ഈ സ്വാഭാവത്തില്‍ ഒരു മാറ്റവും വന്നില്ല. ഓട്ടോയുടെ പിന്നില്‍ ‘Save water- Save Trees’, ‘മരം ഒരു വരം’, ‘മരം വളര്‍ത്തൂ ഭൂമിയെ രക്ഷിക്കൂ’, എന്നൊക്കെ എഴുതി വെച്ചു.


‘ഫലവൃക്ഷങ്ങള്‍ നട്ടുവളര്‍ത്തുക, തണ്ണീര്‍പന്തലുകള്‍ സ്ഥാപിക്കുക’ എന്നാണ് ബുദ്ധന്‍ അദ്ദേഹത്തോട് പറഞ്ഞത്.


ഈ തേങ്കുറിശ്ശിക്കാരന്‍ കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയില്‍ ഇരുപതിനായിരത്തോളം മരങ്ങള്‍ നട്ടു കഴിഞ്ഞു, ദാഹിച്ചു വലയുന്ന ഒരുപാട് കിളികള്‍ക്ക് ആശ്വാസം പകര്‍ന്നു.

”സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഹിസ്റ്ററി ക്ലാസില്‍ വെച്ചാണ് അശോക ചക്രവര്‍ത്തിയെക്കുറിച്ച് കേള്‍ക്കുന്നത്,” ശ്യാംകുമാര്‍ പറഞ്ഞുതുടങ്ങുന്നു. ”കലിംഗ യുദ്ധത്തില്‍ ഒരുപാട് പേരുടെ മരണത്തിന് താന്‍ കാരണമായതില്‍ ചക്രവര്‍ത്തിക്ക് വിഷമം തോന്നി. പ്രായശ്ചിത്തം ചെയ്യാന്‍ അദ്ദേഹം ശ്രീബുദ്ധനെ സമീപിച്ചു. ‘ഫലവൃക്ഷങ്ങള്‍ നട്ടുവളര്‍ത്തുക, തണ്ണീര്‍പന്തലുകള്‍ സ്ഥാപിക്കുക’ എന്നാണ് ബുദ്ധന്‍ അദ്ദേഹത്തോട് പറഞ്ഞത്. ഇത് അശോക ചക്രവര്‍ത്തി പാലിക്കുകയും ചെയ്തു. അന്നു പഠിച്ച ആ ചരിത്രം എന്‍റെ മനസില്‍ കിടപ്പുണ്ടായിരുന്നു.”


ഇതുകൂടി വായിക്കാം: കക്കൂസ് മാലിന്യം നിറഞ്ഞ, മൂക്കുപൊത്താതെ കടക്കാനാവാതിരുന്ന ഏക്കറുകണക്കിന് പാടം ഈ ചെറുപ്പക്കാര്‍ മാറ്റിയെടുത്തതിങ്ങനെ


”(പത്ര ഏജന്‍റായിരുന്നപ്പോള്‍) ദിവസേന മൂന്നോ നാലോ പത്രം വായിക്കാന്‍ കിട്ടും. പിന്നെ പലതരം മാഗസിനുകളും കിട്ടും. അതൊക്കെ വായിക്കും. അങ്ങനെയൊരിക്കല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശാര്‍ങ്ഗധരനെഴുതിയ വൃക്ഷായുര്‍വേദ ഗ്രന്ഥം എന്ന പുരാതന ആയൂര്‍വേദ ഗ്രന്ഥത്തിലെ പ്രശസ്തമായ വരികള്‍ വായിക്കാനിടയായി. ഗ്രന്ഥത്തിലെ ‘പത്ത് കിണറിന് തുല്യം ഒരു കുളം, പത്ത് കുളത്തിന് തുല്യം ഒരു തടാകം, പത്ത് തടാകത്തിന് തുല്യം ഒരു പുത്രന്‍, പത്ത് പുത്രന്‍മാര്‍ക്ക് തുല്യം ഒരു മരം’ എന്ന വരികളെന്നെ സ്വാധീനിച്ചു.. ഇതൊക്കെയാണ് മരങ്ങള്‍ വച്ചുപിടിപ്പിക്കണമെന്ന ഒരു ചിന്ത തന്നെയുണ്ടാക്കിയത്.”

എട്ടു വര്‍ഷം മുമ്പാണ് ശ്യാംകുമാര്‍ സ്വന്തം ഓട്ടോ വാങ്ങുന്നത്. ”സാമ്പത്തിക പ്രശ്‌നങ്ങളൊക്കെയുണ്ട്. രണ്ട് ലക്ഷം രൂപ വണ്ടിയുടെ പേരില്‍ ബാധ്യതയുണ്ട് ഇപ്പോഴും,” അദ്ദേഹം മനസ്സുതുറക്കുന്നു. ബുദ്ധിമുട്ടുകളൊക്കെയുണ്ടെങ്കിലും സ്വയം ഏറ്റെടുത്ത പദ്ധതിയില്‍ നിന്ന് ആ ഓട്ടോ ഡ്രൈവര്‍ പിന്നോട്ടില്ല.

”കൂടുതലും ഉങ്ങ് മരങ്ങളുടെ തൈയാണ് നടുന്നത്. ദിവസവും വണ്ടിയുടെ സീറ്റിനടിയില്‍ ഇരുപത്തഞ്ചോളം തൈകള്‍ ഉണ്ടാവും. ഓട്ടം പോകുമ്പോള്‍ തണല്‍ ഇല്ലാത്ത സ്ഥലങ്ങള്‍ കണ്ടുവെയ്ക്കും. യാത്രക്കാരെ ഇറക്കിയ ശേഷം തിരികെ വരുമ്പോള്‍ വഴിയോരങ്ങളില്‍ ഈ തൈകള്‍ നട്ടുപിടിപ്പിക്കും,” എന്ന് ശ്യാംകുമാര്‍.


ഇതു കൂടി വായിക്കാം: 60 രൂപയുടെ കുഞ്ഞന്‍ ഓര്‍ഗാനിക് വാട്ടര്‍ പ്യൂരിഫയര്‍ നിര്‍മ്മിച്ച് ₹4.5 കോടിയുടെ നിക്ഷേപം സമാഹരിച്ച വിദ്യാര്‍ത്ഥികളുടെ ജലപരീക്ഷണങ്ങള്‍


ചെടികള്‍ നടുന്നതിന് വേണ്ടിയുള്ള എല്ലാ സജ്ജീകരണങ്ങളും ആ ഓട്ടോയിലുണ്ടാവും–കുഴിയെടുക്കാനുള്ള കമ്പിപ്പാരയും നനയ്ക്കാനുള്ള വെള്ളവും, അങ്ങനെയങ്ങനെ. അധികവും മഴക്കാലത്താണ് തൈകള്‍ നടുന്നത്. അതാവുമ്പോ തൈകള്‍ അധികം പാടില്ലാതെ അങ്ങ് പടിച്ചോളും.

”വേനലില്‍ തൈകള്‍ നടില്ല. പുതുതായി വച്ച എല്ലാ ചെടികള്‍ക്കും വെള്ളം നനയ്ക്കലാണ്,” നട്ട തൈകള്‍ തനിയ വളര്‍ന്നുപടരാന്‍ ശേഷി ഉണ്ടാകുന്നതുവരെ അവയെ ശ്രദ്ധിക്കാനും ശ്യാംകുമാര്‍ സമയം ചെലവഴിക്കുന്നു.
ഉപേക്ഷിച്ച വെള്ളക്കുപ്പികള്‍ പലയിടത്തുനിന്നും ശേഖരിച്ച് അതില്‍ വെള്ളം നിറച്ച് ചെടികളോട് ചേര്‍ത്ത് കെട്ടിവെയ്ക്കും. കുപ്പികളുടെ താഴെ സൂചികൊണ്ട് ചെറിയ ദ്വാരം ഇട്ടു കൊടുക്കും. അതിലൂടെ വെള്ളം മെല്ലെ മെല്ലെ തുള്ളി തുള്ളിയായി വീണ് ചെടിയെ നനച്ചു കൊണ്ടിരിക്കും.

”പുതുതായി നട്ട ചെടികളുടെ അടുത്ത് പോയി നിത്യേന വെള്ളം ഒഴിക്കാന്‍ സാധിക്കില്ലല്ലോ. അതുകൊണ്ടാണ് ഇങ്ങനെ വാട്ടര്‍ ബോട്ടില്‍ പരീക്ഷണം നടത്തിയത്. ഏതാണ്ട് പത്ത് ദിവസത്തേക്ക് ഒരു ചെടിക്ക് ഒരു കുപ്പി വെള്ളം മതിയാകും…

“കുപ്പികള്‍ ചെടിയ്‌ക്കൊപ്പം കെട്ടിവയ്ക്കുന്നത് വെള്ളം ഒഴിക്കുന്നതിന് മാത്രമല്ല ഇവിടൊരു ചെടിയുണ്ടെന്നു മറ്റുള്ളവര്‍ കാണുന്നതിനുള്ള അടയാളം കൂടിയാണിത്. മരച്ചില്ലകള്‍ വെട്ടാനും റോഡിലെ പുല്ലുകള്‍ വെട്ടിതെളിക്കാനും മറ്റു പല ജോലികള്‍ക്കുമായി തൊഴിലുറപ്പുകാരൊക്കെ വരുമല്ലോ.. ഈ കുപ്പികള്‍ കണ്ടാല്‍ പിന്നെ ഇവരൊന്നും ആ ചെടികള്‍ വെട്ടിക്കളയില്ല,” ശ്യാം കുമാര്‍ വിശദീകരിക്കു്ന്നു.

”പാലക്കാട്ടെ തേങ്കുറിശ്ശി, കൊടുവായൂര്‍, മഹാളിക്കുടം, പെരുവമ്പ് റോഡ് എന്നിവിടങ്ങളിലൊക്കെ തൈകള്‍ നട്ടിട്ടുണ്ട്. വനം വകുപ്പിനും ചെടികള്‍ കൊടുത്തിട്ടുണ്ട്. ്അവര്‍ക്ക് കൊടുത്ത ആയിരത്തിലേറെ ഉങ്ങു തൈകളാണ് ഇന്ന് പാലക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്ന് ചെര്‍പ്പുളശ്ശേരി പോകുന്ന റോഡ് വരെ തണല്‍ വിരിച്ചു നില്‍ക്കുന്നത്,” ശ്യാംകുമാര്‍ പറഞ്ഞു. ഇത്തരം ചെറിയ ചെറിയ സന്തോഷങ്ങളാണ് ഈ പ്രകൃതിസ്‌നേഹിക്ക് തിരികെക്കിട്ടുന്നത്.

കുറച്ചുകാലമായി കരിമ്പനകള്‍ നടാനും തുടങ്ങിയിട്ടുണ്ട് ഈ ഓട്ടോ ഡ്രൈവര്‍.


ഫലവൃക്ഷങ്ങള്‍ നട്ടാല്‍  ഒരു വര്‍ഷം വരെ സംരക്ഷിച്ചു കൊണ്ടിരിക്കണം. അതിനുള്ള സാമ്പത്തികമൊന്നും എനിക്കില്ല, സമയവുമില്ല.


”മലമ്പുഴ കനാലിന്‍റെ രണ്ട് വശങ്ങളിലുമായി ആയിരത്തിലേറെ കരിമ്പനകളാണ് നട്ടിട്ടുള്ളത്. പനകള്‍ നട്ടുപിടിപ്പിക്കാന്‍ തുടങ്ങിയിട്ടിപ്പോള്‍ അഞ്ച് വര്‍ഷമായതേയുള്ളൂ. ഉങ്ങും കശുമാവും മാവുമൊക്കെയാണ് അധികവും നട്ടിട്ടുണ്ട്.

ഫലവൃക്ഷങ്ങളൊക്കെ നടുന്നത് നല്ലതാണെന്നൊക്കെ പലരും പറയാറുണ്ട്. അതുശരിയുമാണ്. മനുഷ്യര്‍ക്കും പക്ഷിമൃഗാദികള്‍ക്കൊക്കെ പഴങ്ങള്‍ കഴിക്കാന്‍ കിട്ടും. പക്ഷേ അതൊക്കെ ഏതാണ്ട് ഒരു വര്‍ഷം വരെ സംരക്ഷിച്ചു കൊണ്ടിരിക്കണം. അതിനുള്ള സാമ്പത്തികമൊന്നും എനിക്കില്ല, സമയവുമില്ല. മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിന് സര്‍ക്കാരിന്‍റെയോ സംഘടനകളുടെയോ മറ്റുമൊന്നും സഹായമൊന്നും ഇല്ലല്ലോ.. എന്നാല്‍ നാട്ടിലെ ചിലരൊക്കെ സഹായിക്കാറുണ്ട്. സാമ്പത്തികമായി നല്ല നിലയിലുള്ളവരില്ലേ, അവരോട് എന്തെങ്കിലും സഹായമൊക്കെ ചോദിക്കും.. അങ്ങനെ കുറച്ചാളുകള്‍ സഹായിക്കും..

”ആ നല്ല മനസുള്ളവര്‍ നല്‍കുന്ന അഞ്ഞൂറോ ആയിരമോ ഒക്കെ കൂട്ടിച്ചേര്‍ത്തുള്ള തുകയാണ് എന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം. മരച്ചില്ല കോതുന്നതും അതിന്‍റെ ചുവട്ടിലെ കളകള്‍ പറിച്ചു കളയുന്നതുമൊക്കെ ഈ കിട്ടുന്ന പണം ഉപയോഗിച്ചാണ് ചെയ്യുന്നത്. വര്‍ഷത്തിലൊരിക്കല്‍ ആറോ ഏഴോ കിലോമീറ്റര്‍ ദൂരത്തില്‍ എന്ന കണക്കിലാണ് ഇതൊക്കെ ചെയ്യുന്നത.”

വഴിയോരങ്ങളില്‍ മാത്രമല്ല സ്‌കൂളുകള്‍, കോളെജുകള്‍ എന്നിവിടങ്ങളിലും ശ്യാംകുമാര്‍ തൈകള്‍ നടാറുണ്ട്.

”ഓട്ടോ സവാരിക്കിടെ പെരുംപത്തൂരില്‍ കോളെജില്‍ ജോലി ചെയ്യുന്ന ഒരാളെ പരിചയപ്പെട്ടു. ആ കോളെജില്‍ അഡ്മിഷന് വരുന്ന വിദ്യാര്‍ഥികള്‍ ഒരു മരം ക്യാംപസില്‍ വച്ചുപിടിപ്പിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടത്രെ. വനം വകുപ്പ് ട്രീ ഗാര്‍ഡും നല്‍കുന്നുണ്ട്. അങ്ങനെയൊരു സംസ്‌കാരം നമ്മുടെ നാട്ടിലും വരണം,” ശ്യാംകുമാര്‍ അഭിപ്രായപ്പെടുന്നു.

”മണ്ണത്തുകാവാണ് എന്‍റെ ഓട്ടോറിക്ഷ സ്റ്റാന്‍ഡ്. ഓട്ടോ സ്റ്റാന്‍ഡില്‍ പൊതുപൈപ്പ് ഉണ്ട്. കുപ്പികളില്‍ വെള്ളം നിറയ്ക്കുന്നതിന് ഇവിടെ നിന്നാണ് വെള്ളമെടുക്കുന്നത്. ആദ്യമൊക്കെ പലരും പരിഹസിച്ചിരുന്നു. അന്നാളില്‍ ചിലരെന്നെ വിളിച്ചിരുന്ന് വനംമന്ത്രിയെന്നാണ്,” ആ മനുഷ്യന്‍ ചിരിക്കുന്നു.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ശ്യാമിന്‍റെ വീട്ടിലെ പതിവുകാരായി കുറച്ചധികം പക്ഷികളും അണ്ണാന്‍മാരും പാമ്പുകളുമൊക്കെയുണ്ട്. ഏഴു വര്‍ഷമായി ശ്യാമിന്‍റെ വീട്ടില്‍ കിളികള്‍ക്ക് വെള്ളം വച്ചു കൊടുക്കുന്നുണ്ട്. ഈ വേനലിലും അതു തുടരുന്നു.

ആ കൂട്ടുകാരെപ്പറ്റിപ്പറയുമ്പോള്‍ ശ്യാമിന് നൂറുനാവാണ്, ഒരു കുട്ടിയുടെ കൗതുകവും: ”ഒരു ദിവസം ഉച്ചയൂണിന് വീട്ടിലെത്തിയ നേരത്ത്, മുറ്റത്തെ മഹാഗണിയ്ക്ക് വെള്ളം കൊടുക്കാനുള്ള ഒരു ബോട്ടിലുണ്ട്.. ആ കുപ്പിയില്‍ നിന്നു ഇലകളിലേക്ക് ഇറ്റുവീണ വെള്ളം കുടിച്ചുകൊണ്ടിരിക്കുന്ന ഒരു കിളിയെ കണ്ടു. അങ്ങനെയാണ് ഈ പക്ഷികള്‍ക്കും വെള്ളം കൊടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. ആദ്യമൊക്കെ ചിരട്ടയിലാണ് വെള്ളം വച്ചുകൊടുത്തിരുന്നത്. പിന്നീട് കിളികളുടെ എണ്ണം കൂടി വരുന്നതായി തോന്നി.


ഇതുകൂടി വായിക്കാം: തെങ്ങിന്‍ മുകളിലെ നാടന്‍ ഗവേഷകന്‍: ഈ ചെത്തുകാരന്‍റെ തന്ത്രങ്ങള്‍ക്ക് കയ്യടിച്ച് ശാസ്ത്രജ്ഞര്‍


“റോബിന്‍, കരിയിലകിളികള്‍, മൈനകള്‍, ആറ്റക്കറുപ്പന്‍, വണ്ണാത്തിപ്പുള്ള്, പ്രാവുകള്‍, പൂത്താങ്കിരി, കറുപ്പന്‍ തേന്‍കിളി, വേഴാമ്പല്‍, നാട്ടുമരംകൊത്തി, ഇരട്ടത്തലച്ചി, മീന്‍കൊത്തി, പനംകാക്ക, തന്നാരന്‍, കരിങ്കുയില്‍, ചെമ്പോത്ത്, മൈന, നാഗമോഹന്‍, പച്ചിലക്കിളികള്‍, കാവി, ഈച്ചപൊളിപ്പന്‍ തുടങ്ങിയ പക്ഷികള്‍ മാത്രമല്ല മയിലുകളും അണ്ണാനും ഓന്തുകളും എല്ലാം ഇവിടെ വെള്ളം കുടിക്കാനെത്തി തുടങ്ങി. അതോടെ മണ്‍ചട്ടികള്‍ വച്ചു തുടങ്ങി. കിളികള്‍ വെള്ളം കുടിക്കാന്‍ മാത്രമല്ല വെള്ളത്തില്‍ തത്തിക്കളിക്കാനും വേണ്ടി പരന്ന മണ്‍ ചട്ടികളിലാണ് വെള്ളം നിറച്ചു വച്ചത്. 22 പാത്രങ്ങളില്‍ വെള്ളമെടുത്ത് മരച്ചില്ലകളിലും മറ്റും അവിടെവിടെയായി സ്ഥാപിച്ചു. കഴിഞ്ഞ വര്‍ഷം മാത്രം മുപ്പതോളം തരം കിളികള്‍ വന്നു. ഈ വര്‍ഷം ഈ മൂന്നു മാസത്തിനിടയില്‍ പുതിയ തരം എട്ട് കിളികളാണ് വന്നത്.

Image for representation. Photo: Pixabay.com

“പരുന്തിനത്തില്‍പ്പെട്ട പ്രാപ്പിടിയന്‍ ഇവിടെ മരത്തില്‍ കൂട് വച്ചിട്ടുണ്ട്. വെള്ളം കുടിക്കാന്‍ വരുന്ന കുഞ്ഞുകിളികളെ ഈ പരുന്ത് വന്ന് റാഞ്ചി കൊണ്ടു പോകും.. അതിന്‍റെ കുഞ്ഞുങ്ങളൊക്കെ കൂട്ടിലുണ്ട്. കിളികള്‍ ഇവിടെ വരാറുണ്ടെന്നു പരുന്തിന് അറിയാം.. ചെറിയ കിളികള്‍ക്കാണെങ്കിലോ ഇങ്ങനെയൊരു ശത്രു ഈ മുറ്റത്ത് കൂട് വച്ച് വിലസുന്നുണ്ടെന്ന് അറിയില്ല. വെള്ളം കുടിക്കാനും പഴം തിന്നാനുമൊക്കെയായി വരുന്ന കുഞ്ഞിക്കിളികളെ പരുന്ത് പിടിച്ചു കൊണ്ടു പോകാതെ നോക്കുന്നതാണിപ്പോഴത്തെ തലവേദന

”കടയില്‍ നിന്നൊക്കെ ചെറുപഴം വാങ്ങിയാണ് കിളികള്‍ക്ക് നല്‍കുന്നത്. നല്ല പഴുത്ത പഴം വാങ്ങി മരത്തിലും മറ്റുമൊക്കെയായി അവിടെവിടെയായി കെട്ടി തൂക്കിയിടും. അണ്ണാനും കിളികളുമൊക്കെ തിന്നുന്ന പഴത്തിന്‍റെ വേസ്റ്റ് ഉണ്ടാകുമല്ലോ.. ആ വേസ്റ്റ് മണ്ണില്‍ കിടന്ന് അഴുകുമല്ലോ അതാണ് പൂമ്പാറ്റകള്‍ക്കിഷ്ടം.


ആദ്യമൊക്കെ രണ്ട് മൂന്നു കുളങ്ങള്‍ ഞാന്‍ തന്നെയാണ് വൃത്തിയാക്കി കൊടുത്തത്.  സ്വയം ചെയ്യാനാവാതെ വന്നപ്പോള്‍, പകരം മറ്റൊരു വഴി കണ്ടെത്തി


ഇതു തിന്നാന്‍ വേണ്ടി പൂമ്പാറ്റയും വരും. ചെറിയ ഉറുമ്പുകളും മറ്റും വെള്ളം കുടിക്കാനായി ഇവിടെ വരുന്നുണ്ട്. ചേര, പാമ്പുകളൊക്കെ വരും. വെള്ളത്തിന്റെ നനവ് എപ്പോഴും ഉള്ളതിനാലാണ് പാമ്പുകള്‍ വരുന്നത്. ഉടുമ്പും എത്തും. വീട്ടില്‍ കിളികള്‍ക്ക് വെള്ളം വയ്ക്കുന്നതിനെക്കുറിച്ച് കേട്ടറിഞ്ഞവര്‍ പലരും അതുപോലെ ചെയ്യുന്നുണ്ടിപ്പോള്‍. ഓട്ടം പോകുമ്പോള്‍ പലരും ഞങ്ങളും കിളികള്‍ക്ക് വെള്ളം കൊടുക്കുന്നുണ്ടട്ടോ എന്നു പറയാറുണ്ട്.

“അറുപത് സെന്‍റ് സ്ഥലത്താണ് വീടിരിക്കുന്നത്. ഞങ്ങള്‍ ആറു സഹോദരങ്ങളാണ്.. പാര്‍ട്ടീഷനൊന്നും കഴിഞ്ഞിട്ടില്ല. ഈ അറുപത് സെന്‍റിലും മരങ്ങളും ചെടികളുമുണ്ട്. പക്ഷേ വീട്ടുമുറ്റത്ത് നടുന്നതിനെക്കാള്‍ വഴിയോരങ്ങളില്‍ തണല്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കാനാണ് എനിക്കിഷ്ടം.”

ശ്യാം കുമാറിന്‍റെ വീട്ടിലെത്തുന്ന സ്ഥിരം അതിഥികളില്‍ ചിലര്‍

”ചൂടു കൂടുകയല്ലേ പച്ചപ്പും നനവുമൊക്കെ ഭൂമിയില്‍ വേണം. കുളങ്ങളൊക്കെ വരള്‍ച്ചയെ ഇല്ലാതാക്കും. അങ്ങനെയാണ് കുളങ്ങള്‍ നന്നാക്കിയാലോ എന്നു ചിന്തിക്കുന്നത്. പാലക്കാട് കുറേ കുളങ്ങളുണ്ട്. പക്ഷേ പലതും നശിച്ച അവസ്ഥയിലാണ്. 15 കുളങ്ങള്‍ വൃത്തിയാക്കി കൊടുത്തു. ആദ്യമൊക്കെ രണ്ട് മൂന്നു കുളങ്ങള്‍ ഞാന്‍ തന്നെയാണ് വൃത്തിയാക്കി കൊടുത്തത്.  സ്വയം ചെയ്യാനാവാതെ വന്നപ്പോള്‍, പകരം മറ്റൊരു വഴി കണ്ടെത്തി.

“പാലക്കാട് ചിറ്റൂര്‍ ഗവണ്‍മെന്‍റ് കോളെജിലെ എന്‍എസ്എസിന്‍റെ കോ ഓഡിനേറ്ററുമായി ബന്ധപ്പെട്ടു, എന്‍എസ്എസിലെ കുട്ടികളെ കുളം വൃത്തിയാക്കല്‍ ജോലികള്‍ക്ക് അയക്കാമെന്നു അദ്ദേഹം പറഞ്ഞു. കുളം ഏതാണെന്നു ഞാന്‍ അദ്ദേഹത്തെ അറിയിക്കും. ഒരു നൂറു കുട്ടികള്‍ വന്ന് രണ്ട് ദിവസം കൊണ്ട് കുളം വൃത്തിയാക്കും. അങ്ങനെ 15 ഓളം കുളങ്ങളാണ് അവര്‍ വൃത്തിയാക്കിയത്. അതിനുള്ള അംഗീകാരവും അവര്‍ക്ക് കിട്ടി.


ഇതുകൂടി വായിക്കാം: ദിവസവും രാത്രി രണ്ടുമണിക്ക് ഉണര്‍ന്ന് ഈ 59-കാരി പാചകം തുടങ്ങും, 50 രോഗികള്‍ക്ക് പലതരം ആരോഗ്യവിഭവങ്ങള്‍ തയ്യാറാക്കാന്‍


“സംസ്ഥാന സര്‍ക്കാരിന്‍റെ ജൈവ വൈവിധ്യ ബോര്‍ഡിന്‍റെ മികച്ച ഹരിത കോളെജിനുള്ള പുരസ്‌കാരം കഴിഞ്ഞവര്‍ഷം ചിറ്റൂര്‍ കോളെജിനായിരുന്നു. കോളെജിന്‍റെ പുറകില്‍ പുഴയാണ്.. ആ പുഴയോരത്ത് കുറേ മുളം തൈകള്‍ വച്ചുപിടിപ്പിച്ചിട്ടുണ്ട്. മൂന്നൂറോളം തൈകളാണ് അവര്‍ക്ക് നല്‍കിയത്.. അവരത് ഭംഗിയായി നട്ടുപിടിപ്പിക്കുകയും ചെയ്തു.. ഈ പ്രവര്‍ത്തനങ്ങളാണ് പുരസ്‌കാരത്തിന് അവരെ അര്‍ഹരാക്കിയത്. …”

സംസ്ഥാന ബയോ ഡൈവേഴ്സിറ്റി ബോര്‍ഡിന്‍റെ 2010-11 ലെ ഹരിതവ്യക്തി അവാര്‍ഡ്, വനംവകുപ്പിന്‍റെ വനമിത്ര, പ്രകൃതിമിത്ര, ഒയിസ്‌ക ഇന്‍റര്‍നാഷണലിന്‍റെ മികച്ച പരിസ്ഥിതി പ്രവര്‍ത്തകനുള്ള ജില്ല അവാര്‍ഡ് (രണ്ട് തവണ),ആലുവ പരിസ്ഥിതി സംരക്ഷണസംഘത്തിന്‍റെ ഭൂമിമിത്ര അവാര്‍ഡ്, അങ്ങനെ പല പുരസ്കാരങ്ങളും ശ്യാം കുമാറിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമായി കിട്ടിയിട്ടുണ്ട്. അനിരുദ്ധ് ഭാര്‍ഗവ പരിസ്ഥിതി പുരസ്‌കാരമാണ് അവാര്‍ഡുകളില്‍ ഏറ്റവും പുതിയത്.

നാടിന് തണലേകാന്‍ ഓട്ടോയുമെടുത്ത് കറങ്ങുന്ന ശ്യാമിന് തണലായി ഭാര്യ സജിതയും പിന്തുണയുമായി മക്കള്‍ സായൂജും സഞ്ജനയും കൂടെയുണ്ട്.

ശ്യാംകുമാറിന്‍റെ ഫോണ്‍ നമ്പര്‍: 9349994566

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം