‘ഞാനാരാ മോള്, എന്നെത്തോല്‍പിക്കാന്‍ ഇവന്മാരെക്കൊണ്ടൊന്നും പറ്റൂല’: മറയൂരിലെ കരിമ്പുകര്‍ഷക ഇടനിലക്കാരെ തോല്‍പിച്ചതിങ്ങനെ

ഇടനിലക്കാരാണ് വില നിശ്ചയിക്കുന്നത്. നല്ല വിളവ് കിട്ടിയാലും ഒടുവില്‍ പാടുപെട്ടതും കടവും മാത്രം കര്‍ഷകര്‍ക്ക് ബാക്കിയാവും. ഇതായിരുന്നു പതിവ്.

“ഇ ടനിലക്കാര് ഒരു കിലോ ശര്‍ക്കര 45 രൂപയ്ക്കു തരണമെന്നാ പറയുന്നെ… അതുകൊണ്ട് മറയൂര്‍-കാന്തല്ലൂര്‍ പ്രദേശത്തെ ഭൂരിഭാഗം കര്‍ഷകരും ഇപ്പോള്‍ കരിമ്പടിക്കുന്നത് (കരിമ്പ് ചതച്ചു നീരാക്കി ശര്‍ക്കര ഉണ്ടാക്കുന്നത്) നിര്‍ത്തി… എന്നാല്‍ എന്നെ തോല്‍പ്പിക്കാന്‍ ഇവന്‍മാരെക്കൊണ്ടൊന്നും പറ്റൂല, ഞാനാരാ മോള്,” കാന്തല്ലൂര്‍ വെട്ടുകാട് സ്വദേശി ഓമന ബാലസുബ്രഹ്മണ്യം (43) പൊട്ടിച്ചിരിച്ചു.

ഓമന

മറയൂര്‍ ശര്‍ക്കരയുടെ പേരും പെരുമയും ഭൗമസൂചികാ പദവി വരെ നേടിയെടുത്തെങ്കിലും ആ ഹൈറേഞ്ച് ഗ്രാമങ്ങളിലെ കരിമ്പുകര്‍ഷകരുടെ ജീവിതം അത്ര മധുരമുള്ളതൊന്നുമല്ല. ഇടനിലക്കാരാണ് വില നിശ്ചയിക്കുന്നത്. നല്ല വിളവ് കിട്ടിയാലും ഒടുവില്‍ പാടുപെട്ടതും കടവും മാത്രം കര്‍ഷകര്‍ക്ക് ബാക്കിയാവും. ഇതായിരുന്നു പതിവ്.


പുറത്തു നിന്ന് ആളുകളെ എത്തിച്ച് കരിമ്പടിച്ച് ശര്‍ക്കരയാക്കി വിറ്റാല്‍ മിച്ചമുള്ളത് കടം മാത്രം എന്നതായിരുന്നു സ്ഥിതി


“നേരത്തേ പാട്ടവും സ്വന്തവുമായി അഞ്ചേക്കറോളം കരിമ്പിന്‍ തോട്ടമുണ്ടായിരുന്നു ഞങ്ങള്‍ക്ക്,” ഓമന ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു. “പുറത്തു നിന്ന് ആളുകളെ എത്തിച്ച് കരിമ്പടിച്ച് ശര്‍ക്കരയാക്കി വിറ്റാല്‍ മിച്ചമുള്ളത് കടം മാത്രം. ഇടനിലക്കാര്‍ പറയുന്ന വിലയ്ക്കു ശര്‍ക്കര വില്‍ക്കേണ്ട സാഹചര്യമായിരുന്നു. അതവര്‍ പലപ്പോഴും തമിഴ്നാട് ശര്‍ക്കരയുമായി കൂട്ടിക്കലര്‍ത്തി (മറയൂര്‍ ശര്‍ക്കര എന്ന ലേബലില്‍) വില്‍ക്കുന്നതിനാല്‍ ഞങ്ങള്‍ നല്ല സാധനം കൊടുത്താലും വില ലഭിക്കില്ലായിരുന്നു. ഇതായിരുന്നു കാലങ്ങളായി നടന്നുകൊണ്ടിരുന്നത്.”

ഓമന തുടരുന്നു: “കരിമ്പു കൃഷിയാണ് പ്രധാനമെങ്കിലും ആടുവളര്‍ത്തിയും പശുവളര്‍ത്തിയുമായിരുന്നു ഞങ്ങള്‍ അന്നന്നത്തെ ചിലവു നടത്തിയിരുന്നത്.”

ഒടുവില്‍ ഇടനിലക്കാരുടെ ഇടപെടലുകള്‍ മടുത്ത് ആ ചൂഷണത്തില്‍ നിന്നും കുറെ കരിമ്പുകര്‍ഷകര്‍ കുതറിമാറി. അവരില്‍ ഒരാളാണ് ഓമന.

രണ്ടുവര്‍ഷം മുമ്പെടുത്ത തീരുമാനമാണ് ആ കര്‍ഷക കുടുംബത്തിന്‍റെ ജീവിതം തന്നെ മാറ്റിമറിച്ചത്.

പാട്ടത്തിനെടുത്ത ഭൂമിയില്‍ സ്വന്തമായി കരിമ്പടിക്കുന്ന ആലയുണ്ടാക്കി ഓമനയും കുടുംബവും. അവിടെ സ്വന്തമായി ശര്‍ക്കരയുണ്ടാക്കി നേരിട്ട് വില്‍ക്കാന്‍ തുടങ്ങി. മറയൂരിലെ ചന്ദനക്കാടുകളും കാന്തല്ലൂരിലെ തണുപ്പും പഴത്തോട്ടങ്ങളും പുരാതന ശിലാസ്മാരകങ്ങളുമൊക്കെ തേടിയെത്തുന്ന വിനോദസഞ്ചാരികളാണ് പ്രധാനമായും ഇത് വാങ്ങുന്നത്.

മറയൂര്‍- കാന്തല്ലൂര്‍ റൂട്ടില്‍ വെട്ടുകാടിനു സമീപം റോഡരികില്‍ ‘കാന്തല്ലൂര്‍ ജാഗറി’ എന്ന പേരിലുള്ള ബോര്‍ഡാണ് ഞങ്ങളെ കരിമ്പിന്‍ചാറ് മൂക്കുന്ന മണം പരത്തുന്ന ആലയിലേക്ക് എത്തിച്ചത്. അവിടെ ജോലികള്‍ തിരക്കിട്ട് നടക്കുന്നു. വൃത്താകൃതിയിലുള്ള ഒരു ഭീമന്‍ പാത്രത്തില്‍ കരിമ്പിന്‍ചാറ് തിളച്ചുകൊണ്ടിരിക്കുന്നു. നീളമുള്ള ഒരു കയില്‍കൊണ്ട് അത് നിരന്തരം ഇളക്കിക്കൊണ്ടിരിക്കണം. മധുരത്തിന്‍റെ ശരിക്കുള്ള മണം ആസ്വദിക്കണമെങ്കില്‍ ഇവിടെ വരണം.


ഇതുകൂടി വായിക്കാം: മടുപ്പിക്കുന്ന ജോലി വിട്ട് ഈ കൂട്ടുകാര്‍ കൃഷി തുടങ്ങി; പാട്ടഭൂമിയില്‍ പയര്‍ നട്ട് ലക്ഷങ്ങള്‍ നേടുന്ന ചെറുപ്പക്കാര്‍


“സാധാരണയായി കരിമ്പടിച്ചു ശര്‍ക്കരയാക്കുന്നത് തമിഴ് നാട്ടിലെ ഓണാക്കല്ലൂര്‍ എന്ന സ്ഥലത്തു നിന്നുള്ളവരുടെ സഹായത്തോടെയാണ്. എന്നാല്‍ ആ വിദ്യ പഠിച്ചെടുത്തതോടെ ഞങ്ങള്‍ സ്വന്തമായി ശര്‍ക്കര ഉണ്ടാക്കാന്‍ തുടങ്ങി,” ഓമന പറഞ്ഞു.

കരിമ്പിന്‍റെ വിളവെടുപ്പ് സീസണാവുമ്പോള്‍ തമിഴ്‌നാട്ടില്‍ നിന്ന് ഉപകരണങ്ങളും തൊഴിലാളികളുമൊക്കെയായി ശര്‍ക്കര നിര്‍മ്മാണത്തില്‍ വിദഗ്ധരായവര്‍ കൂട്ടമായി ഈ ഗ്രാമങ്ങളിലെത്താറാണ് പതിവ്. ഇപ്പോഴും പലരും അവരെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ഓമനയും കുറെയേറെ കര്‍ഷകരും ഇപ്പോള്‍ കാര്യങ്ങള്‍ സ്വന്തം നിലയ്ക്ക് ചെയ്യാന്‍ തുടങ്ങി.

“ഇപ്പോള്‍ കരിമ്പില്‍ നിന്നു നീരെടുക്കുന്നതും അതുതിളപ്പിക്കുന്നതും ശര്‍ക്കര കുറുക്കുന്നതുമെല്ലാം സഞ്ചാരികള്‍ക്കു നേരിട്ടു കാണാന്‍ ഞങ്ങളുടെ ആലയില്‍ അവസരം നല്‍കുന്നുണ്ട്. കാണാനെത്തുന്നവരെല്ലാം ശര്‍ക്കര വാങ്ങുന്നുമുണ്ട്. യാതൊരു മായങ്ങളുമില്ലാത്ത ശര്‍ക്കര നേരിട്ട് ഉല്‍പ്പാദിപ്പിക്കുന്നത് കാണാനാവുന്നതുകൊണ്ട് അവര്‍ക്ക് വാങ്ങാന്‍ ഒരു മടിയുമില്ല. ഇടനിലക്കാരായ കച്ചവടക്കാര്‍ ശര്‍ക്കര കിലോയ്ക്കു 45 രൂപയാണ് നല്‍കുന്നതെങ്കില്‍ ഞങ്ങള്‍ 70 രൂപയ്ക്കാണ് നേരിട്ടു വില്‍ക്കുന്നത്.”

ദിവസം 100 കിലോയോളം ശര്‍ക്കര ഇങ്ങനെ നേരിട്ടുവില്‍ക്കുന്നുണ്ടെന്ന് ഓമന പറഞ്ഞു. ഉല്‍പ്പാദിപ്പിക്കുന്ന ശര്‍ക്കര മുഴുവന്‍ ഇങ്ങനെ വില്‍ക്കുന്നതുകൊണ്ട് ഇടനിലക്കാരുടെ കനിവിന് കാത്തുനില്‍ക്കേണ്ടി വരുന്നില്ല, അവര്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഇങ്ങനെയായിരുന്നില്ല സ്ഥിതി. ഇടനിലക്കാരുടെ ചൂഷണം ഉല്‍പാദനം മുതല്‍ വിലയിടുന്നതില്‍ വരെ പ്രകടമായിരുന്നു. ഇതു സഹിക്കാനാവാതെ പല കര്‍ഷകരും കരിമ്പുകൃഷി തന്നെ വേണ്ടെന്നുവെച്ച് പച്ചക്കറി കൃഷിയിലേക്കു തിരിഞ്ഞിരുന്നു. പരമ്പരാഗത രീതിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ശര്‍ക്കരയ്ക്ക് ആവശ്യക്കാര്‍ ഏറെയാണെങ്കിലും ഇടനിലക്കാര്‍ വിലയിടിക്കാന്‍ ശ്രമിക്കുന്നതാണ് കര്‍ഷകര്‍ക്കു വിനയാകുന്നത്. ഒടുവില്‍ പൊറുതിമുട്ടിയാണ് ചില കര്‍ഷകര്‍ സ്വന്തമായി ശര്‍ക്കര കുറുക്കലും വില്‍പനയും തുടങ്ങിയത്.

കരിമ്പുകര്‍ഷകര്‍ മാത്രമല്ല, പലതരം ഫലവൃക്ഷങ്ങള്‍ വളര്‍ത്തുന്നവരും അഗ്രി-ടൂറിസത്തിന്‍റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്.. കാന്തല്ലൂരിലെ ഒരു തോട്ടത്തില്‍ നിന്നും.

ഓമനയുടെ ഭര്‍ത്താവ് ബാലസുബ്രഹ്മണ്യം പറയുന്നു: “ഇപ്പോള്‍ സ്വന്തമായുള്ള ഒരേക്കര്‍ സ്ഥലത്തു കൃഷി ചെയ്യുന്നതിനൊപ്പം ഞങ്ങള്‍ അഞ്ചേക്കര്‍ സ്ഥലം പാട്ടത്തിനെടുത്തിട്ടുമുണ്ട്. അതുകൊണ്ടു തന്നെ വര്‍ഷം മുഴുവന്‍ കരിമ്പ് കിട്ടുമെന്ന് ഉറപ്പാക്കാം. വര്‍ഷം മുഴുവന്‍ ഞങ്ങള്‍ ശര്‍ക്കര ഉല്‍പ്പാദിപ്പിച്ചു വില്‍ക്കുന്നുണ്ട്.”


ഏതാണ്ട് പൂര്‍ണമായിത്തന്നെ കൈകൊണ്ട് നിര്‍മ്മിക്കുന്ന മറയൂര്‍ ശ‍ര്‍ക്കരയ്ക്ക് കടുത്ത ബ്രൗണ്‍ നിറവും നല്ല മധുരവുമുണ്ടാവും


കരിമ്പ് ചതച്ചു നീരാക്കുന്നതു മുതല്‍ ശര്‍ക്കരയായി ഉരുട്ടിയെടുക്കുന്നതുവരെയുള്ള പണികള്‍ വളരെ ശ്രദ്ധയോടെ ചെയ്താലേ മറയൂര്‍ ശര്‍ക്കരയ്ക്ക് അതിന്‍റെ പെരുമയുടെ മധുരവും ഗുണവും ലഭിക്കൂ എന്ന് കര്‍ഷകര്‍ പറയുന്നു.

കരിമ്പു ചതച്ചുപിഴിഞ്ഞെടുക്കുന്ന നീര് വലിയ പാത്രത്തില്‍ തിളപ്പിച്ച ശേഷം ചൂടോടെ തന്നെ തടികൊണ്ടുണ്ടാക്കിയ പാത്രത്തിലേക്ക് ഒഴിക്കും. ഇത് ചൂടാറാതെതന്നെ കൈകളുപയോഗിച്ച് ചെറിയ ഉണ്ടകളാക്കിയാണ് മറയൂര്‍ ഉണ്ട ശര്‍ക്കര ഉണ്ടാക്കുന്നത്.

ആപ്പിളും, സ്ട്രോബറിയും, പ്ലംസും ഓറഞ്ചും, മരത്തക്കാളിയും റമ്പുട്ടാനും, പാഷന്‍ ഫ്രൂട്ടും, മാതളവുമെല്ലാം കായ്ച്ചു നില്‍ക്കുന്ന നിരവധി തോട്ടങ്ങള്‍ ഇവിടെയുണ്ട് . കാന്തല്ലൂരിലെ ഒരു തോട്ടത്തില്‍ നിന്നും.

“ഇതില്‍ യാതൊരുവിധ കെമിക്കലുകളും ചേര്‍ക്കുന്നില്ല. വായിച്ചും കേട്ടുമറിഞ്ഞ ശര്‍ക്കര നിര്‍മാണം നേരിട്ടു കാണാനാവുന്നതാണ് സഞ്ചാരികളെ ഞങ്ങളുടെ ആലകളിലേക്ക് ആകര്‍ഷിക്കുന്നത്. ചോദിക്കുന്നവര്‍ക്കെല്ലാം ശര്‍ക്കര നിര്‍മാണത്തിന്‍റെ വിവിധ പ്രക്രിയകള്‍ ഞങ്ങള്‍ കാണിച്ചുകൊടുക്കുകയും ചെയ്യും,” ബാലസുബ്രഹ്മണ്യം പറയുന്നു.

ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ആദ്യമായി മറയൂര്‍ ശര്‍ക്കര ഉണ്ടാക്കുന്നത് നേരിട്ടു കാണാനായതിന്‍റെ സന്തോഷത്തിലാണ് പുനലൂര്‍ സ്വദേശിയും ഗള്‍ഫില്‍ ജോലി ചെയ്യുന്നയാളുമായ സണ്ണി മാത്യു. “നിര്‍മാണ പ്രക്രിയ നേരിട്ടു കാണാനാവുന്നതുകൊണ്ടു തന്നെ ഇതില്‍ മായമൊന്നും ഇല്ലെന്ന് നമുക്ക് ഉറപ്പിക്കാനാവും. കര്‍ഷകരില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിലൂടെ വരുമാനം നേരിട്ട് അവരിലേക്ക് എത്തുന്നുവെന്ന് നമുക്ക് ഉറപ്പിക്കാനുമാവും,” സണ്ണി മാത്യു പറയുന്നു.

കാന്തല്ലൂരിലെ ഒരു തോട്ടത്തില്‍ നിന്നും.

മറയൂര്‍ ശര്‍ക്കരയ്ക്ക് അടുത്തിടെ ഭൗമസൂചികാ പദവി (Geographical Indication Tag) ലഭിച്ചിരുന്നു. രാസകീടനാശിനികള്‍ ഉപയോഗിക്കാതെ വളര്‍ത്തിയെടുക്കുന്ന കരിമ്പ് കൃഷിയിടത്തില്‍ വെച്ചുതന്നെ സംസ്കരിച്ചെടുക്കുന്നുവെന്നതാണിവിടത്തെ രീതി. രാസവസ്തുക്കള്‍ ഉപയോഗിക്കാതെ, ഏതാണ്ട് പൂര്‍ണമായിത്തന്നെ കൈകൊണ്ട് നിര്‍മ്മിക്കുന്ന മറയൂര്‍ ശ‍ര്‍ക്കരയ്ക്ക് കടുത്ത ബ്രൗണ്‍ നിറവും നല്ല മധുരവുമുണ്ടാവും. പ്രാദേശികമായി ചെറുയൂനിറ്റുകളില്‍ കര്‍ഷകര്‍ തന്നെ ഉത്പാദിപ്പിക്കുന്ന ശര്‍ക്കരയുടെ ഈ പ്രത്യേകതകളാണ് കഴിഞ്ഞ മാര്‍ച്ചില്‍ ഭൗമസൂചികാ പദവി ലഭിക്കാന്‍ ഇടയാക്കിയത്.


ഇതുകൂടി വായിക്കാം: 60 രൂപയുടെ കുഞ്ഞന്‍ ഓര്‍ഗാനിക് വാട്ടര്‍ പ്യൂരിഫയര്‍ നിര്‍മ്മിച്ച് ₹4.5 കോടിയുടെ നിക്ഷേപം സമാഹരിച്ച വിദ്യാര്‍ത്ഥികള്‍


മറയൂര്‍ ശര്‍ക്കരയുടെ പേരില്‍ ആരെങ്കിലും ഇനി വ്യാജനുണ്ടാക്കിയാല്‍ കര്‍ഷകര്‍ക്കു നിയമപരമായി നേരിടാം എന്നതുള്‍പ്പടെയുള്ള പ്രയോജനങ്ങളാണ് ഭൗമ സൂചികാ പദവി ലഭിച്ചതിലൂടെ മറയൂര്‍ ശര്‍ക്കരയ്ക്കു കൈവരുന്നത്. യഥാര്‍ഥ മറയൂര്‍ ശര്‍ക്കര ഒരു തവണ ഉപയോഗിക്കുന്നവര്‍ വീണ്ടും വീണ്ടും ചോദിച്ചു വാങ്ങുന്നുണ്ട്. ഇപ്പോള്‍ ലഭിച്ച ഭൗമ സൂചികാ പദവി ശര്‍ക്കരയ്ക്കു കൂടുതല്‍ വിപണി തുറന്നു തരുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ, ഓമന പറയുന്നു. 80 മുതല്‍ 100 രൂപവരെ കിലോയ്ക്കു വില ലഭിച്ചാലേ കര്‍ഷകര്‍ക്കു ലാഭകരമായി ഈ കൃഷിയില്‍ ഉറച്ചുനില്‍ക്കാനാവൂ, അവര്‍ ചൂണ്ടിക്കാട്ടുന്നു.

ടൂറിസവും കൃഷിയും യോജിപ്പിച്ചുള്ള അഗ്രി-ടൂറിസം മറയൂര്‍ മേഖലയിലെ കുറച്ച് കരിമ്പുകര്‍ഷകരെയെങ്കിലും ദുരിതത്തില്‍ നിന്ന് രക്ഷിക്കുകയാണ്.
പ്രദേശത്തെ കരിമ്പു കര്‍ഷകര്‍ മാത്രമല്ല പുതിയ കാര്‍ഷിക-ടൂറിസത്തിന്‍റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നത്. പലതരം പഴങ്ങള്‍ കൃഷി ചെയ്യുന്നവരും ഇപ്പോള്‍ സഞ്ചാരികള്‍ക്ക് നേരിട്ട് ഉല്‍പന്നങ്ങള്‍ വില്‍പന നടത്തി നല്ല വരുമാനം നേടുന്നുണ്ട്.

കാന്തല്ലൂരിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് പഴത്തോട്ടങ്ങള്‍. ആപ്പിളും, സ്ട്രോബറിയും, പ്ലംസും ഓറഞ്ചും, മരത്തക്കാളിയും റമ്പുട്ടാനും, പാഷന്‍ ഫ്രൂട്ടും, മാതളവുമെല്ലാം കായ്ച്ചു നില്‍ക്കുന്ന നിരവധി തോട്ടങ്ങള്‍ ഇവിടെയുണ്ട് മുന്‍പ് ഇടനിലക്കാര്‍ക്കു പഴങ്ങള്‍ വിറ്റിരുന്ന കര്‍ഷകര്‍ ഇപ്പോള്‍ കൂടുതല്‍ വരുമാനം നേടാനുള്ള ഈ പുതിയ വഴി തെരഞ്ഞെടുത്തിരിക്കുന്നു.


ഇതുകൂടി വായിക്കാം: ശമ്പളക്കുടിശ്ശിക ₹18 ലക്ഷം ഒരുമിച്ച് കിട്ടിയാല്‍ നമ്മളെന്തു ചെയ്യും? ശ്രീലതയും രവി പ്രകാശും ചെയ്തത് ഇതാണ്


ഏതാനും വര്‍ഷങ്ങളായി പഴങ്ങള്‍ കൃഷി ചെയ്യുന്ന കാന്തല്ലൂര്‍ പെരുമലയിലെ ബാബു പറയുന്നു: “ആദ്യം ഞങ്ങള്‍ ഇടനിലക്കാര്‍ക്കാണ് പഴങ്ങള്‍ വിറ്റിരുന്നത്. എന്നാല്‍ തോട്ടം കാണാനെത്തുന്ന സഞ്ചാരികള്‍ പഴങ്ങള്‍ പറിച്ചുനല്‍കുമോ എന്ന് ചോദിക്കാന്‍ തുടങ്ങിയതോടെ ഞങ്ങള്‍ അതൊരു പുതിയ സാധ്യതയായെടുത്തു. പഴത്തോട്ടം സന്ദര്‍ശിക്കുന്നതിന് 15 രൂപ വീതം വാങ്ങുന്നുണ്ട്. അതും ഒരു അധികവരുമാനമാണ്. പൂര്‍ണമായും ജൈവ കൃഷിയിലൂടെ ഉല്‍പ്പാദിപ്പിക്കുന്ന പഴത്തോട്ടം നേരിട്ടു കാണാനാവും എന്നതാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.”

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം