കൂട്ടിന് പുലിയും കാട്ടുപോത്തും, കെട്ടും മറയുമില്ലാത്ത ഈറ്റപ്പുരയില്‍ മുരളി മാഷ് ഒറ്റയ്ക്കിരുന്ന് എഴുതിത്തീര്‍ത്ത ഗോത്രചരിത്രം

2010 ല്‍ ഇടമലക്കുടിയില്‍ രണ്ട് കാര്യങ്ങള്‍ സംഭവിച്ചു. അത് കേരളത്തിലെ ആദ്യത്തെ ആദിവാസി ഗ്രാമ പഞ്ചായത്തായി. രണ്ട്: മണിക്കൂറുകള്‍ നടന്നുമാത്രം ചെല്ലാന്‍ കഴിയുന്ന വനത്തിനുള്ളില്‍ ചിന്നത്തമ്പിയുടെ കുഞ്ഞു ചായക്കടയില്‍ ഒരു ലൈബ്രറി തുടങ്ങി. പി കെ മുരളീധരന്‍റെ അനുഭവങ്ങളുടെ രണ്ടാം ഭാഗം.

 ന്യമൃഗങ്ങളുടെ ശല്യം സഹിക്ക വയ്യാതെയാണ് വാഴക്കുപ്പം ഊരില്‍ നിന്ന്  ഊരുവാസികളെല്ലാം പുതിയ ജീവിതം തേടി പുതിയ ഊരിലേക്ക് പോവുന്നത്. ഒപ്പം മുരളിമാഷും. 1999-ല്‍ ഇടമലക്കുടിയിലേക്ക് കാല്‍ നടയായി എത്തിയതിന് ശേഷം ഇത് മൂന്നാമത്തെ ഊരിലേക്കാണ് മാഷ് അവരോടൊപ്പം താമസം മാറ്റുന്നത്.

അവിടെ പുതിയ വെല്ലുവിളികളും പുതിയ സാധ്യതകളുമാണ് കാത്തിരുന്നത്.

വര്‍ഷങ്ങളായി മുരളിമാഷ് നടത്തിവന്ന കഠിനമായ ശ്രമങ്ങള്‍ക്ക് ഫലം കണ്ടുതുടങ്ങിയിരുന്നു.

ആ കഥയുടെ ബാക്കി അദ്ദേഹം തന്നെ പറയുന്നു.

(മുരളി മാഷിന്‍റെ അനുഭവങ്ങളുടെ ആദ്യഭാഗം വായിക്കാം)

മുരളി മാഷ്

വാഴക്കുന്നത്തു നിന്ന് ഓലക്കയം ഊരിലേക്കാണ് അവരോടൊപ്പം വരുന്നത്. അവിടത്തെ കാലാവസ്ഥ എന്നത് നമ്മുടെ നാടന്‍ കാലാവസ്ഥയാണ്. തണുപ്പൊന്നുമില്ല. റബറ്, തെങ്ങ് എന്നീ കൃഷിക്കൊക്കെ പറ്റിയ കാലാവസ്ഥയാണ്. എങ്കിലും അവരുടെ ജീവിതരീതിക്ക് വ്യത്യാസമൊന്നുമുണ്ടായിരുന്നില്ല.

അവിടെ വന്ന് അവിടെയുള്ള കുട്ടികളെയും പഴയ കുട്ടികളേയും ചേര്‍ത്ത് ക്ലാസ് എടുക്കാന്‍ തുടങ്ങി.


ചെറിയ തീരുമാനങ്ങള്‍ വലിയ മാറ്റങ്ങള്‍ക്ക് തുടക്കമായേക്കാം: പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, ആ നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com


കുറെ വര്‍ഷം മുമ്പ് അവിടെ ഒരു അധ്യാപകന്‍ ഉണ്ടായിരുന്നു. അദ്ദേഹം കുറച്ചുനാള്‍ അവിടെ നിന്നതിന് ശേഷം ഇട്ടേച്ചുപോയി. അദ്ദേഹം പഠിപ്പിച്ചിരുന്ന ഒരു ചെറിയ ഷെഡ്ഡുണ്ടായിരുന്നു. കഷ്ടിച്ച് പത്തുപേര്‍ക്ക് ഇരിക്കാവുന്ന ചെറിയൊരു പുര. അത് കാട് കയറിക്കിടക്കുകയായിരുന്നു. അത് വൃത്തിയാക്കിയെടുത്ത് ഈറ്റയൊക്കെ മേഞ്ഞെടുക്കാന്‍ നാട്ടുകാര്‍ സഹായിച്ചു. അതില്‍ തന്നെയായിരുന്നു എന്‍റെയും താമസം. എങ്കിലും മറയും സുരക്ഷിതത്വവുമൊന്നുമില്ല.

രാത്രികളില്‍ പുലിയൊക്കെ ചാടിപ്പോകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. കുടികളില്‍ നിന്നൊക്കെ ഒത്തിരി ദൂരെ ഒരു ഒറ്റപ്പെട്ട പുരയായിരുന്നു. ആനയവിടെ വരില്ലായിരുന്നു. എങ്കിലും പുലിയും കാട്ടുപോത്തുമൊക്കെ വരും, മറയും കെട്ടും സുരക്ഷിതത്വവുമൊന്നുമില്ലല്ലോ.

ചുറ്റും ഈറ്റക്കാടാണ്. മൂന്ന് മണി കഴിഞ്ഞാല്‍ ഇരുട്ടാണ്. ആരുമില്ല. ഒറ്റയ്ക്കാണ്.

ആ സമയത്ത് അവിടെയിരുന്നാണ് ആ ജനതയുടെ ചരിത്രവും ജീവിതവുമൊക്കെ വരുന്ന ‘ഇടമലക്കുടി, ഊരും പൊരുളും’ എന്ന പുസ്തകം എഴുതുന്നത്. ചെറിയൊരു പുസ്തകമായിരുന്നു അത്. അറുപത് പേജ് കാണും. പിന്നീട് അത് കുറച്ചുകൂടി വിപുലീകരിച്ച് മറ്റൊരു പുസ്തകം എഴുതി. ഗോത്രമാനസം. അതും അവരുടെ ജീവിതത്തെക്കുറിച്ചായിരുന്നു.

വൈദ്യുതിയൊന്നുമില്ലായിരുന്നല്ലോ. മണ്ണെണ്ണ പോലുമില്ല. മണ്ണെണ്ണ കിട്ടണമെങ്കില്‍ കിലോമീറ്ററുകള്‍ നടക്കണം. ഈറ്റ കത്തിച്ച് അതിന്‍റെ വെട്ടത്തിലായിരുന്നു ജീവിതം. കിടക്കാനൊന്നും ഒരു സൗകര്യമൊന്നുമില്ല. ഈറ്റകൊണ്ട് ഒരു തട്ട് അതില്‍ അവര്‍ തന്ന ഒരു പായിലാണ് കിടപ്പ്.

ഭക്ഷണം രാവിലെ വെച്ചാല്‍ കഴിക്കും, ഇല്ലെങ്കില്‍ ഇല്ല. അക്കാലത്ത് കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞിയൊന്നും ആയിട്ടില്ല. അതൊക്കെ വരുന്നത് പിന്നെയും കുറെക്കഴിഞ്ഞാണ്. മൂന്നാറില്‍ പോയി മാവേലിയില്‍ നിന്ന് അരി സംഘടിപ്പിച്ചുകൊണ്ടുവന്നിട്ടുവേണമായിരുന്നു ഉച്ചക്കഞ്ഞി ഉണ്ടാക്കാന്‍. മൂന്നാറില്‍ നിന്ന് അരിയവിടെ എത്തിക്കുന്നതിനുള്ള പണമൊന്നും നല്‍കാന്‍ അന്ന് ഏര്‍പ്പാടില്ലായിരുന്നു. (തലച്ചുമടായി വേണമായിരുന്നു കാട്ടിലൂടെ അരിയും മറ്റ് സാധനങ്ങളുമെത്തിക്കാന്‍.)

അവിടെച്ചെന്ന് പലരേയും കുരുമുളക്, കാപ്പിയൊക്കെ കൃഷി ചെയ്യാന്‍ സഹായിച്ചു. നാട്ടില്‍ നിന്ന് കുരുമുളക് തറികളൊക്കെ കൊണ്ടുപോയി കൊടുത്ത് അവരെ കൃഷി തുടങ്ങാന്‍ പ്രേരിപ്പിച്ചു. ഇന്ന് അവരില്‍ പലരും ഇപ്പോള്‍ ഇരുന്നൂറും മുന്നൂറും കിലോ കുരുമുളക് കിട്ടുന്നുണ്ട്.

കാട്ടുവഴികളില്‍… ഫോട്ടോ: ഉണ്ണി പ്രശാന്ത്/ ഫേസ്ബുക്ക്

കാട്ടില്‍ ഒരു ലൈബ്രറി

2010-ല്‍ ഇടമലക്കുടിയില്‍ രണ്ട് പ്രധാനപ്പെട്ട സംഭവങ്ങള്‍ ഉണ്ടായി. അതുവരെ മൂന്നാര്‍ പഞ്ചായത്തിന്‍റെ ഒന്നാം വാര്‍ഡായിരുന്ന ഇടമലക്കുടി എന്ന വിശാലമായ വനപ്രദേശം കേരളത്തിലെ ആദ്യത്തെ ആദിവാസി പഞ്ചായത്തായി പ്രഖ്യാപിക്കപ്പെട്ടു. രണ്ടാമതായി ഇരുപ്പുകല്ല് ഊരിലെ ഒരു കുഞ്ഞു ചായക്കടയില്‍ ഒരു ലൈബ്രറി ഉണ്ടായി.

ഇടമലക്കുടിയുടെ ആസ്ഥാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സൊസൈറ്റിക്കുടിയിലേക്ക് ആദ്യത്തെ ജീപ്പെത്തിയത് പിന്നെയും കുറെ വര്‍ഷം കഴിഞ്ഞാണ് എന്നറിയുമ്പോള്‍ ഈ രണ്ട് സംഭവങ്ങളുടെയു പ്രാധാന്യം മനസ്സിലാക്കാം. മുന്നാറില്‍ നിന്ന് ഇഡലിപ്പാറ കുടി വരെ ജീപ്പെത്തുമായിരുന്നു, അതും ദുര്‍ഘടമായ വഴികളിലൂടെ രണ്ട് മണിക്കൂര്‍ യാത്ര ചെയ്താല്‍ മാത്രം.

ചിന്നത്തമ്പി

മുരളിമാഷും ഇരുപ്പുകല്ലില്‍ ചായക്കട നടത്തുന്ന പി വി ചിന്നത്തമ്പിയുമായിരുന്നു ആ കുഞ്ഞു ലൈബ്രറി തയ്യാറാക്കിയത്. 160 പുസ്തകങ്ങള്‍ ഉണ്ടായിരുന്നു തുടക്കത്തില്‍.

ആ ലൈബ്രറിയുടെ പിറവി മുരളിമാഷ് വിശദീകരിക്കുന്നതിങ്ങനെയാണ്:

എന്‍റെ സുഹൃത്ത് ഉണ്ണി പ്രശാന്ത് എന്ന മാധ്യമപ്രവര്‍ത്തകന്‍ (അദ്ദേഹം ആകാശവാണിയിലും റെഡ് എഫ് എം-ലുമൊക്കെ ജോലി ചെയ്തിരുന്നു) 2009-നും 2010നും ഇടയില്‍  ഇടമലക്കുടിയില്‍ വന്നു. ചിന്നത്തമ്പിയുടെ കുടിയിലാണ് താമസിച്ചത്. അവിടെ വെച്ച് ഞാനും ഉണ്ണിയും ഊരിലെ വിദ്യാഭ്യാസത്തെക്കുറിച്ചൊക്കെ സംസാരിച്ചു. ആളുകള്‍ക്കിടയില്‍ വായനാശീലം ഇല്ലാത്തതിനെപ്പറ്റിയുമൊക്കെ. അപ്പോഴാണ് ഒരു ലൈബ്രറി സ്ഥാപിച്ചാലോ എന്ന ആശയം വന്നത്…

കുറച്ചു മാസം കഴിഞ്ഞപ്പോള്‍ ഉണ്ണിയും കേരളകൗമുദിയിലെ പത്രപ്രവര്‍ത്തകനായ ബി ആര്‍ സുമേഷും വരുന്നു, അവര്‍ ശേഖരിച്ച 160 പുസ്തകങ്ങളുമായി!

“ഞങ്ങള്‍ തന്നെ പുസ്തകങ്ങള്‍ ചുമന്ന് ഇവിടെ കൊണ്ടുവന്നു. വേറെ വഴിയില്ല. കാട്ടിലൂടെ പല ഊരുകള്‍ കടന്ന് ഇവിടെ എത്തിച്ചു.”
ഉണ്ണി പ്രശാന്തും (ഇടത്തുനിന്ന് രണ്ടാമത്) മുരളി മാഷും വനംസംരക്ഷകര്‍ക്കൊപ്പം. ഫോട്ടോയ്ക്ക് കടപ്പാട് : ഉണ്ണി പ്രശാന്ത്/ ഫേസ്ബുക്ക്

ഞങ്ങള്‍ തന്നെ പുസ്തകങ്ങള്‍ ചുമന്ന് ഇവിടെ കൊണ്ടുവന്നു. വേറെ വഴിയില്ല. കാട്ടിലൂടെ പല ഊരുകള്‍ കടന്ന് ഇവിടെ എത്തിച്ചു. ഇരുപ്പുകല്ലില്‍ ലൈബ്രറി സ്ഥാപിക്കാനായിരുന്നു പ്ലാന്‍. പക്ഷേ, ഇവിടെ സ്ഥലമോ കെട്ടിടമോ ഇല്ലല്ലോ. അപ്പോഴാണ് ചിന്നത്തമ്പി മുന്നോട്ടുവന്ന് പറഞ്ഞത്, അദ്ദേഹത്തിന്‍റെ ചെറിയ ചായക്കട ലൈബ്രറിയാക്കാമെന്ന്…

ആളുകള്‍ ചായ കുടിക്കാന്‍ വരുമ്പോ പുസ്തകങ്ങളും വായിച്ചോളും. പുസ്തകങ്ങള്‍ കൊടുക്കാന്‍ ചെറിയ ഫീസും വാങ്ങാം, ഇതായിരുന്നു ചിന്നത്തമ്പിയുടെ ലോജിക്ക്. അങ്ങനെ അവിടെ ലൈബ്രറി തുടങ്ങി. അതിന് അക്ഷര എന്ന് പേരിട്ടു.

മറ്റേതൊരു ലൈബ്രറിയേയും പോലെ അവിടെയും ഒരു ലെഡ്ജര്‍ ഒക്കെ ഉണ്ടായിരുന്നു. മെമ്പര്‍ഷിപ്പ് ഫീസ് 25 ഉം മാസം 2 രൂപ വരിസംഖ്യയും.

ഈ ചെറിയ ലൈബ്രറി ലോകശ്രദ്ധയിലേക്കെത്തിയത് പി സായ് നാഥിന്‍റെ നേതൃത്വത്തില്‍ ഒരു കൂട്ടം പത്രപ്രവര്‍ത്തകര്‍ ഇടമലക്കുടി സന്ദര്‍ശിച്ചപ്പോഴാണ്.

അവരെ സംബന്ധിച്ചിടത്തോളം കാട്ടിലൊരു ലൈബ്രറി കേട്ടുകേള്‍വിയില്ലാത്തതായിരുന്നു. ചിന്നത്തമ്പിയുടെ ലൈബ്രറി വിപുലമാക്കണമെന്ന് അവര്‍ ആഗ്രഹിച്ചു. അക്കൂട്ടത്തിലുണ്ടായിരുന്ന പത്രപ്രവര്‍ത്തകന്‍ കെ എ ഷാജി ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു. പുസ്തകങ്ങള്‍ സംഭാവനായി ആവശ്യപ്പെട്ടുകൊണ്ട്. അതിന് വലിയ പിന്തുണയാണ് കിട്ടിയത്. ആയിരത്തോളം പുസ്തകങ്ങള്‍ സംഭാവനയായി കിട്ടി. മറ്റൊരു പത്രപ്രവര്‍ത്തകന്‍ ഐ വി ബാബുവും സുഹൃത്തുക്കളും ചേര്‍ന്ന് ഒരു അലമാരയും സംഘടിപ്പിച്ചുതന്നു.

അതുവരെ ചിന്നത്തമ്പി പുസ്തകങ്ങള്‍ ചാക്കുകളിലാണ് സൂക്ഷിച്ചുവെച്ചിരുന്നത്.

വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ചിന്നത്തമ്പിയുടെ ആരോഗ്യം ക്ഷയിച്ചു. ആ പുസ്തക ശാല കൊണ്ടുനടക്കാന്‍ ബുദ്ധിമുട്ടായി. അങ്ങനെ 2017 ജൂണില്‍ ഞങ്ങള്‍ പുസ്തകങ്ങള്‍ സ്‌കൂളിലേക്ക് മാറ്റി. മുളകുതറയിലെ സ്‌കൂളിലാണിപ്പോള്‍ ലൈബ്രറിയിരിക്കുന്നത്. അക്ഷര എന്ന പേര് ഇപ്പോഴും തുടരുന്നു.

ഇടമലക്കുടി മാറുന്നു

ഒരു ഊരില് മാത്രമല്ല, ആ പ്രദേശത്തെ പല ഊരുകളിലും പലതരം കൃഷി തുടങ്ങാന്‍ നമുക്ക് സഹായിക്കാന്‍ കഴിഞ്ഞു. ഇപ്പോള്‍ എല്ലാവര്‍ക്കും റേഷന്‍കാര്‍ഡൊക്കെ ഉണ്ട്.

തൊഴിലുറപ്പ് വന്നപ്പോള്‍ അതിനെപ്പറ്റി ഇവിടെയുള്ളവര്‍ക്ക് ഒന്നും അറിയില്ലായിരുന്നു. നമ്മള്‍ മൂന്നാറില്‍ പോയി തൊഴിലുറപ്പ് കോഡിനേറ്ററെ കണ്ട് ഇവിടെ കൊണ്ടുവന്നു. നാട്ടുകാരെയും അതിന്‍റെ പരിധിയില്‍ കൊണ്ടുവന്നു. ആ പദ്ധതി കൂടി കിട്ടിക്കഴിഞ്ഞപ്പോള്‍ കൃഷി സ്വന്തമായി ചെയ്യാനും പറമ്പില്‍ ജോലി ചെയ്യുന്നതിനും കൂലി ലഭിക്കുകയും ചെയ്തു. പിന്നെ കുടുംബശ്രീ സംഘങ്ങളും രൂപീകരിച്ചു. ആ രീതിയില്‍ വന്നപ്പോള്‍ അവരുടെ ജീവിതത്തിലും മാറ്റം വന്നു.

2011 ആയപ്പോള്‍ ജില്ലാ സാക്ഷരതാ മിഷനുമായി ചേര്‍ന്ന് സാക്ഷരതാ ക്ലാസ്സുകളും ആരംഭിച്ചു. അവിടെത്തന്നെയുള്ള എഴുത്തും വായനയുമറിയാവുന്ന കുട്ടികളെക്കൊണ്ടുതന്നെ ക്ലാസ്സുകള്‍ എടുപ്പിച്ചു.

2017 വിദ്യാഭ്യാസ വര്‍ഷം മുതല്‍ നമ്മള്‍ എസ് സി ഇ ആര്‍ ടിയുടെ സഹായത്തോടെ മുളകുതറയിലെ കമ്മ്യൂണിറ്റി ഹാളില്‍ അഞ്ച് ഊരുകളിലെ ഏകാധ്യാപക വിദ്യാലയങ്ങള്‍ ഒരുമിച്ചൊരു ക്ലസ്റ്റര്‍ ആക്കി. ആ കെട്ടിടവും പഴകി ചോര്‍ന്നൊലിക്കുന്ന ഒന്നായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ വൃത്തിയാക്കിയെടുത്ത് ചോര്‍ച്ച തടയാന്‍ പ്ലാസ്റ്റിക് ഷീറ്റ് മുകളില്‍ വലിച്ചുകെട്ടി.

ഇപ്പോള്‍ ഞാനുള്‍പ്പെടെയുള്ള നാല് അധ്യാപകര്‍ അവിടെയുണ്ട്. നിത്യവും വന്നുപോകാന്‍ കഴിയാത്ത കുട്ടികളെ നമ്മള്‍ അവിടെത്തന്നെ താമസിപ്പിക്കുകയാണ്. തിങ്കളാഴ്ച രാവിലെ രക്ഷിതാക്കള്‍ കുട്ടികളെ അവിടെ കൊണ്ടുവിടണം. വെള്ളിയാഴ്ച മൂന്നുമണിക്ക് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകണം. അങ്ങനെയൊരു സംവിധാനമാണ്.

താമസിക്കുന്ന കുട്ടികള്‍ക്ക്  മൂന്ന് നേരം ഭക്ഷണം കൊടുക്കണമല്ലോ. അതിന് ഫണ്ടൊന്നും ഉണ്ടായിരുന്നില്ല. ഉച്ചക്കഞ്ഞിക്ക് കിട്ടുന്ന ഫണ്ടുകൊണ്ട് തികയില്ല. അതിന് ഒരുപാട് സുഹൃത്തുക്കള്‍ സഹായിച്ചു. ഭൂമാത ട്രൈബല്‍ സ്‌കൂളിന്‍റെ വി വി ഷാജി, എസ് സി ഇ ആര്‍ ടി യിലെ നിരവധി ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ പലരും സ്വന്തം നിലയ്ക്ക് സഹായിച്ചു. എന്‍റെ എട്ടുമാസത്തെ ശമ്പളം ഞാന്‍ അതിലേക്ക് കൊടുത്തു. അങ്ങനെ പലരുടെയും സഹായം കൊണ്ട് 2017-18 അധ്യയന വര്‍ഷത്തില്‍ അവിടെ താമസിക്കുന്ന കുട്ടികള്‍ക്ക് മൂന്ന് നേരത്തെ ഭക്ഷണം കൊടുക്കാന്‍ സാധിച്ചു.

2018 ജനുവരി മുതല്‍ ഇടമലക്കുടി ഗ്രാമപഞ്ചായത്ത് ആണ് രാവിലെയും രാത്രിയിലെയും ഭക്ഷണം നല്‍കുന്നത്. കെട്ടിടത്തിന്‍റെ ചോര്‍ച്ചയെല്ലാം തീര്‍ത്ത് പഞ്ചായത്ത് മേല്‍ക്കൂര നന്നാക്കിതന്നു..

ചെറുതാണെങ്കിലും അവിടെ സൗകര്യം ഒരുക്കാനാണ് പദ്ധതി. തറയും നന്നാക്കാനുള്ള ഫണ്ട് പഞ്ചായത്ത് പാസ്സാക്കിയിട്ടുണ്ട്.

ജില്ലാ ലീഗല്‍ സര്‍വ്വീസ് അഥോറിറ്റി ഇടപെട്ടുകൊണ്ട് ഒരു സ്മാര്‍ട്ട് ക്ലാസ് റൂം പോലെ ആക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. മൂന്നരലക്ഷം രൂപ നമ്മുടെ സ്‌കൂളിന് തന്നു. അതുപയോഗിച്ച് കുട്ടികള്‍ക്ക് ഇരിക്കുന്നതിനുള്ള കസേരകള്‍, ടേബിള്‍, വൈറ്റ് ബോര്‍ഡ്, മൈക് സെറ്റ്, കംപ്യൂട്ടര്‍, എല്‍ സി ഡി പ്രൊജക്ടര്‍ എന്നിവ വാങ്ങിച്ചു. അവിടെ വൈദ്യുതിയില്ലാത്തതുകൊണ്ട് ജനറേറ്റര്‍ വാങ്ങി.

കുട്ടികള്‍ക്ക് കിടക്കാനുള്ള വിരിയൊക്കെ ജനമൈത്രി പൊലീസ് നല്‍കി. കിടക്ക, വിരി, തലയിണ, കുട, ബാഗ് നോട്ട് ബുക്ക് എന്ന. ഡി വൈ എസ് പി സുനീഷ് ബാബുവിന്‍റെയും എസ് ഐ ഫക്രുദീന്‍, എ എസ് ഐ മധു എന്നിവരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച് തന്നു. നേരത്തെ സ്കൂളില്‍ ഭക്ഷണത്തിന് ബുദ്ധിമുട്ടുണ്ടായിരുന്ന കാലത്ത് ഡി വൈ എസ് പി കുറെ പണം തന്നു സഹായിച്ചിരുന്നു.

സ്‌പോര്‍ട്‌സ് കിറ്റ് ജനമൈത്രി എക്‌സൈസ് അടിമാലി തന്നു. അങ്ങനെ പല ഭാഗത്തുനിന്നുമുള്ള സഹായങ്ങള്‍ കൊണ്ട് ഇപ്പോ കുറെയൊക്കെ മെച്ചപ്പെട്ടിട്ടുണ്ട്.

മാസത്തിലൊരിക്കലെങ്കിലും എസ് സി ഇ ആര്‍ ടിയുടെ റിസര്‍ച്ച് ഓഫീസര്‍ വന്ന് കാര്യങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്.

പൊലീസിന്‍റെ സഹായം

കുട്ടികള്‍ ഇപ്പോള്‍ വളരെ സന്തോഷത്തിലാണ്, മാഷ് പറഞ്ഞു നിര്‍ത്തുന്നു. അതുപറയുമ്പോള്‍ ആ വാക്കുകളില്‍ മാഷിന്‍റെ ഇരുപത് വര്‍ഷത്തെ കഷ്ടപ്പാടുനിറഞ്ഞ ജീവിതം മുഴുവനും മിന്നിമറയും.


ഇതുകൂടി വായിക്കാം: ഈ വനത്തിനുള്ളില്‍ 1,800 താമസക്കാര്‍, 8 ലൈബ്രറികള്‍! ഇവിടേക്ക് ഒഴുകിയെത്തിയത് ആയിരക്കണക്കിന് പുസ്തകങ്ങള്‍


ഇതുവരെ മാഷിന്‍റെ കുടുംബത്തെപ്പറ്റി ചോദിച്ചില്ല… കഥ കേട്ട് ഇരുന്നുപോയി, ചോദിക്കാന്‍ മനസ്സില്‍ കരുതിയതെല്ലാം മറന്നുപോയി.

“ഞാന്‍ (ഊരില്‍ നിന്ന് ഊരുകളിലേക്ക്) പോവുമ്പോള്‍ എന്‍റെ ഭാര്യയും കുട്ടിയും കൂടെയുണ്ടായിരുന്നു. ഞങ്ങള്‍ മൂന്ന് പേരും കൂടിയാണ് പോയിരുന്നത്.
2006 ല്‍ ഭാര്യ മരിച്ചു. രണ്ട് കുട്ടികളാണ് എനിക്കുള്ളത്. ഒരാണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും. മക്കളെ ഇപ്പോള്‍ എന്‍റെ അമ്മയാണ് നോക്കുന്നത്.

“മാസത്തിലൊരിക്കല്‍ താഴേക്ക് ഇറങ്ങിവരുമ്പോള്‍ വീട്ടില്‍ പോവും. മാങ്കുളത്താണ് വീട്. വീട്ടില്‍ നിന്ന് ഒരു പകല്‍ നടക്കണം, ഞാന്‍ പഠിപ്പിക്കുന്ന ഇടമലക്കുടിയിലെത്താന്‍.

“അടിമാലിയില്‍ നിന്ന് 36 കിലോമീറ്റര്‍ വരും. മുമ്പ് (വീട്ടില്‍) അച്ഛന്‍ ഉണ്ടായിരുന്നു. അപ്പോ ഒരു ധൈര്യമായിരുന്നു. അച്ഛന്‍ ഒരു വര്‍ഷം മുമ്പ് മരിച്ചു. മോനിപ്പോള്‍ ഡിഗ്രി കഴിഞ്ഞു. മോള് എട്ടാംക്ലാസിലേക്കായി. മോനുള്ളതുകൊണ്ട് അവന്‍ കാര്യങ്ങളൊക്കെ നോക്കിക്കോളും. അതൊരു വലിയൊരു ആശ്വാസമാണ്. ഇനിയവന്‍ പീജിക്ക് പോകാന്‍ ഒരുങ്ങുകയാണ്. അവന്‍ പഠിക്കാന്‍ പോയിക്കഴിഞ്ഞാല്‍ (വീട്ടിലെ കാര്യങ്ങള്‍) എന്താവുമെന്ന് അറിയില്ല…,” കാട്ടിലെ മക്കളുടെ സന്തോഷത്തിനിടയില്‍ മാഷ് മക്കളെയോര്‍ത്ത് വേവലാതിപ്പെടുന്നു.

****

ചിത്രങ്ങള്‍ക്ക് കടപ്പാട്:  പി കെ മുരളീധരന്‍, ഉണ്ണി പ്രശാന്ത്, ഇടമലക്കുടി പഞ്ചായത്ത്

 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം