Placeholder canvas

പെട്ടെന്നാണ് ഊരിലെ എല്ലാവരും വീടൊഴിഞ്ഞുപോയത്, കാരണമറിയാന്‍ മൂന്ന് ദിവസമെടുത്തു: 20 വര്‍ഷം കാട്ടില്‍ താമസിച്ച് പഠിപ്പിച്ച മാഷിന്‍റെ അനുഭവങ്ങള്‍

106 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള കാട്ടുപോത്തും ആനയും പുലിയും കടുവയുമൊക്കെയുള്ള കാട്. ഒരു പകല്‍ നടന്നാല്‍ മാത്രം എത്തുന്ന ഊര്. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്ത, വേറെ ഏതോ ഭാഷ സംസാരിക്കുന്ന മനുഷ്യര്‍. അവര്‍ക്കിടയിലേക്ക് 20 വര്‍ഷം മുമ്പ് കടന്നുചെന്ന ഒരു ചെറുപ്പക്കാരന്‍. ഇടമലക്കുടിയിലെ മുരളി മാഷിന്‍റെ അനുഭവങ്ങളുടെ ആദ്യഭാഗം.

1999 -ല്‍ ഇടുക്കിയിലെ നെന്‍മണല്‍ക്കുടി എന്ന ആദിവാസി ഊരിലേക്ക് പുറപ്പെടുമ്പോള്‍ 29-കാരന്‍ പി കെ മുരളീധരന്‍ പ്രതീക്ഷിച്ചിരിക്കില്ല, അത് പതിറ്റാണ്ടുകള്‍ നീളുന്ന ഒരു നീണ്ട യാത്രയായിരിക്കുമെന്ന്, സ്വന്തം ജീവിതം ആകെ മാറിമറിയുമെന്നും.

ഡി പി ഇ പി എന്ന ചുരുക്കപ്പേരില്‍ സുപരിചിതമായ കേരള ഡിസ്ട്രിക്റ്റ് പ്രൈമറി എജ്യുക്കേഷന്‍ പ്രോജക്ടിന്‍റെ ഭാഗമായി വിദൂരമായ ആദിവാസി ഊരുകളില്‍ ഏകാധ്യാപക വിദ്യാലയങ്ങള്‍ തുടങ്ങാന്‍ പദ്ധതിയിട്ടു. മുരളീധരന്‍ അതില്‍ വൊളന്‍റിയറായി ചേര്‍ന്നു. അങ്ങനെയാണ് നെന്‍മണല്‍ക്കുടിയിലേക്ക് അദ്ദേഹം കാല്‍നടയായി പുറപ്പെടുന്നത്.


ചെറിയ തീരുമാനങ്ങള്‍ വലിയ മാറ്റങ്ങള്‍ക്ക് തുടക്കമായേക്കാം: പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, ആ നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com


വളരെ തുച്ഛമായ മാസശമ്പളത്തിന്, സ്‌കൂളോ, താമസ സൗകര്യമോ, ബോര്‍ഡോ, പെന്‍സിലോ ഒന്നുമില്ലാതെ, ചെന്നെത്തുന്ന ഊരിലെ മനുഷ്യര്‍ സംസാരിക്കുന്ന ഭാഷ പോലുമറിയാതെ ഇരുപത് വര്‍ഷം മുമ്പ് കാടുകയറിച്ചെന്ന മുരളീധരന്‍ ഇന്നും അവിടെത്തന്നെയുണ്ട്, ഇടമലക്കുടിയുടെ മുരളി മാഷായി. കാട്ടില്‍ പലയിടത്തായി കൃഷിചെയ്തും കാട്ടുമൃഗങ്ങളും കൃഷിയും ചതിക്കുമ്പോള്‍ പുതിയ ഇടങ്ങളിലേക്ക് മാറിമാറിത്താമസിച്ചും ജീവിച്ച കുറേ മനുഷ്യരുടെ കൂടെ, അവരിലൊരാളായി, അവരുടെ ചരിത്രകാരനായി ഒരു മാഷ്.

ഇടമലക്കുടിയെക്കുറിച്ച് നമ്മളൊരുപാട് കേട്ടിട്ടുണ്ടാവും, അപ്പോള്‍ ചിലപ്പോഴെങ്കിലും മുരളി മാഷ് കടന്നുവന്നിട്ടുമുണ്ടാവും. ഇത് ആ മനുഷ്യന്‍റെ ജീവിത കഥ മാത്രമല്ല, അധികമാരും അറിയാത്ത ഒരു ജനതയുടെ അതിജീവനത്തിന്‍റെ ചരിത്രം കൂടിയാണ്.

മുരളിമാഷ് ആ നീണ്ട കഥ പറഞ്ഞുതുടങ്ങുന്നു:

ഡി പി ഇ പി-യുടെ കാലത്താണ് 1999 ല്‍ ഞാനവിടെ വരുന്നത്. ആദ്യം വരുന്നൂന്ന് പറയുമ്പോ ഇവിടെയൊരു (ഇടമലക്കുടിയില്‍) ട്രൈബല്‍ എല്‍ പി സ്‌കൂളാണ് അക്കാലത്ത് ഉണ്ടായിരുന്നത്.

106 ചതുരശ്ര കിലോമീറ്റര്‍ വനമാണ് ഇടമലക്കുടി. അതില്‍ അവിടവിടെയായി ചിതറിക്കിടക്കുന്ന 28 ഊരുകള്‍. ഈ മേഖലയിലുള്ള എല്ലാ കുട്ടികള്‍ക്കും ഈ ട്രൈബല്‍ സ്‌കൂളില്‍ പോയി പഠിക്കാനുള്ള സാഹചര്യം അല്ല ഉണ്ടായിരുന്നത്.
ആനയും കടുവയും പുലിയുമൊക്കെ ഇറങ്ങുന്ന കാടാണ്. ചില ഊരുകളില്‍ നിന്ന് ഒന്നും രണ്ടും ദിവസം നടന്നുവേണം സ്‌കൂളിലെത്താന്‍.


മുതുവാന്‍ സമുദായത്തിന്‍റെ ഒരു ഭാഷയാണ് അവര്‍ സംസാരിക്കുന്നത്. ആ ഭാഷ എനിക്ക് അറിയില്ല. ഞാന്‍ പറയുന്ന മലയാളം അവര്‍ക്കും മനസ്സിലാവില്ല.


അത്രയും ദൂരം വന്ന് പഠിക്കാന്‍ സാധിക്കാത്തതുകൊണ്ട് ഓരോ ഊരിലും ഏകാധ്യാപക വിദ്യാലയങ്ങള്‍ സ്ഥാപിക്കാന്‍ ഡി പി ഇ പി തീരുമാനിച്ചു. അങ്ങനെയാണ് ഞാന്‍ ഈ ഇടമലക്കുടിയില്‍ വരുന്നത്.
ഞാന്‍ ആദ്യം വരുന്നത് നെന്മണല്‍ക്കുടി എന്ന ഊരിലാണ്. അവിടെ ഒരു പത്തുമുപ്പതോളം വീടുകളാണ് ഉണ്ടായിരുന്നത്. മുഴുവന്‍ ഈറ്റക്കാടാണ്. ആ കാട്ടിനുള്ളില്‍ ചെറിയ ചെറിയ കൂരകള്‍… അതായിരുന്നു സാഹചര്യം. ഒരു സ്‌കൂളിലും പോയിട്ടില്ലാത്ത അഞ്ചുവയസ്സിനും പതിനഞ്ച് വയസ്സിനും ഇടയിലുള്ള 35 കുട്ടികള്‍ അന്ന് അവിടെ ഊരിലുണ്ടായിരുന്നു.

നമുക്ക് പഠിപ്പിക്കുന്നതിനുള്ള സ്‌കൂളോ കെട്ടിടമോ ഒന്നുമില്ല. അന്നവര് കൃഷി ചെയ്ത് നെല്ലും മറ്റു വിളകളും കൊയ്‌തെടുത്ത് സൂക്ഷിക്കുന്നതിനും മറ്റുമായി ഒരു ഷെഡ്ഡ് അവിടെ ഉണ്ടായിരുന്നു. അതത്ര വലുതൊന്നുമല്ല. 35 കുട്ടികള്‍ക്ക് ഇരിക്കാനുള്ള സൗകര്യമൊന്നുമില്ല. കല്ലുകൊണ്ടുളളതൊന്നുമല്ല. നിലം മെഴുകാത്ത, ഈറ്റകൊണ്ടുമറച്ച ഒരു ചെറിയ ഷെഡ്. നിലത്ത് മൊത്തം പൊടിമണ്ണാണ്. അതിനകത്താണ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടങ്ങുന്ന, പല പ്രായത്തിലുള്ള 35 കുട്ടികള്‍ പഠിക്കാനെത്തിയത്.

ക്ലാസില്‍ വരിക എന്ന് പറയുമ്പോ കുട്ടികള്‍ വീട്ടില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഉടുപ്പിട്ട് വരും. വേറെ ഉടുപ്പൊന്നുമില്ല. അവരുടെ തനതായ വേഷമാണ്. പാവാടയും ബ്ലൗസുമൊന്നുമല്ല… മാറാന ഇട്ട് കെട്ടുക എന്നാണ് അതിനെ പറയുക. കൈലിമുണ്ടാണ്, കൈലിമുണ്ട് മാത്രം. ആണ്‍കുട്ടികളാണെങ്കില്‍ മുടി മുറിക്കുന്ന രീതിയൊന്നുമില്ല. തലയില്‍ എണ്ണതേയ്ക്കാത്തതുകൊണ്ട് മുടിയൊക്കെ ഇങ്ങനെ പാറിപ്പറന്നുകിടക്കും.


പറഞ്ഞുമനസ്സിലാക്കാനും ബുദ്ധിമുട്ട്. പിന്നെ, നമുക്ക് പഠിപ്പിക്കേണ്ടത് മലയാള ഭാഷയും!


മുതുവാന്‍ സമുദായത്തിന്‍റെ ഒരു ഭാഷയാണ് അവര്‍ സംസാരിക്കുന്നത്. ആ ഭാഷ എനിക്ക് അറിയില്ല. ഞാന്‍ പറയുന്ന മലയാളം അവര്‍ക്കും മനസ്സിലാവില്ല. മുതിര്‍ന്ന പുരുഷന്‍മാര്‍ക്ക് എന്‍റെ ഭാഷ കുറച്ചൊക്കെ മനസ്സിലാവും, അതും വളരെ ലളിതമായി പതുക്കെപ്പതുക്കെ പറഞ്ഞാല്‍. സ്ത്രീകള്‍ക്കും ഞാന്‍ പറയുന്നത് പിടികിട്ടില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും തനത് ഭാഷയല്ലാതെ മറ്റൊന്നും അറിയില്ലായിരുന്നു.

ആ ഒരു സാഹചര്യത്തില്‍ ഈ കുട്ടികളെ പഠിപ്പിക്കുക എന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. രണ്ടാമതായി പഠിപ്പിക്കാനുള്ള സാമഗ്രികളൊന്നുമുണ്ടായിരുന്നില്ല. ഒരു ബ്ലാക് ബോര്‍ഡില്ല, എഴുതാന്‍ നോട്ട് ബുക്കോ സ്ലേയ്‌റ്റോ പെന്‍സിലോ ഒന്നും ഇല്ല.

കുട്ടികള്‍ ക്ലാസില്‍ വന്നാല്‍ അടങ്ങിയിരിക്കുന്ന രീതിയല്ല. ആ സമൂഹത്തില്‍ കുഞ്ഞ് ജനിച്ച് രണ്ടോ മൂന്നോ മാസം കഴിഞ്ഞാല്‍ അമ്മയുടെ മുതുകിലിരുന്ന് കാട്ടിലും തോട്ടിലും സഞ്ചരിക്കുന്ന രീതിയാണ്. കുറച്ചുകൂടി വളരുമ്പോള്‍ അമ്മയും അച്ഛനും പണിക്കുപോയാലോ കാട്ടിലേക്കു പോയാലോ കുട്ടികളും അവരുടെ കൂടെ പോകും. അതാണ് അവരുടെ ജീവിതം. അതുകൊണ്ട് കുട്ടികള്‍ക്ക് ക്ലാസ്സില്‍  അടങ്ങിയിരിക്കാനൊക്കെ ബുദ്ധിമുട്ടായിരുന്നു.

ഏത് തരത്തിലാണ് കുട്ടികളെ ക്ലാസ്സില്‍ അടക്കിയിരുത്തുക, എങ്ങനെയാണ് അവരെ പഠിപ്പിക്കുക എന്നൊന്നും എനിക്ക് ഒരു ധാരണയുമുണ്ടായിരുന്നില്ല. പിന്നെ ഭാഷയും വേറെ ആണല്ലോ. പറഞ്ഞുമനസ്സിലാക്കാനും ബുദ്ധിമുട്ട്. പിന്നെ, നമുക്ക് പഠിപ്പിക്കേണ്ടത് മലയാള ഭാഷയും!

അങ്ങനെ ഒരു രണ്ടുമൂന്ന് മാസക്കാലം ശുചീകരണ പ്രവര്‍ത്തനങ്ങളിലേക്കാണ് കടന്നത്. എല്ലാ ദിവസവും കുളിക്കുന്ന രീതിയൊന്നുമില്ലായിരുന്നു–കുട്ടികളും മുതിര്‍ന്നവരും അങ്ങനെ തന്നെയായിരുന്നു. അത്തരം ആരോഗ്യശീലങ്ങള്‍ ഒട്ടുംതന്നെ ഇല്ലാത്ത ഒരു ജീവിതരീതിയായിരുന്നു.

അപ്പോ, അവരേം കൊണ്ട് അടുത്തുള്ള തോട്ടില്‍ പോവും, ഒന്നിച്ച് കുളിക്കും. അവരുടെ വസ്ത്രങ്ങള്‍ അവരെക്കൊണ്ടുതന്നെ കഴുകിക്കും, അവിടെത്തന്നെ ഉണക്കും. കാരണം വേറെയില്ല, മാറിയുടുക്കാന്‍.


ഓരോ വീടും തമ്മില്‍ വലിയ ദൂരമുണ്ട്. അരമണിക്കൂര്‍ നടന്നാലെ ഒരു വീട്ടില്‍നിന്ന് മറ്റേ വീട്ടിലെത്തൂ.


അങ്ങനെയൊക്കെയുള്ള പ്രവര്‍ത്തനങ്ങളാണ് ആദ്യത്തെ മാസങ്ങളില്‍ ചെയ്തത്. പിന്നെ നമ്മെക്കൊണ്ടറിയാവുന്ന കൊച്ചുകൊച്ചുപാട്ടുകള്‍ പാടിക്കൊടുക്കും, അതായത് അവരുമായി കമ്യൂണിക്കേഷന്‍ നടക്കണമല്ലോ, അതിനായി കുറച്ച് മലയാളം വാക്കുകള്‍ പാട്ടുകളിലൂടെ പഠിപ്പിക്കാനായിരുന്നു ശ്രമം. മൂന്നോ നാലോ വരികളുള്ള ചെറിയ പാട്ടുകള്‍. പിന്നെ, അവരുടെ ഭാഷ ഞാന്‍ സ്വയം പഠിക്കാനുള്ള ശ്രമങ്ങളും നടത്തി.

അങ്ങനെ മൂന്നുമാസം കഴിഞ്ഞപ്പോള്‍ കുട്ടികളുടെ എണ്ണം കുറഞ്ഞുകുറഞ്ഞുവരാന്‍ തുടങ്ങി. കുറെ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു വീട്ടിലെ മൂന്ന് കുട്ടികള്‍ മാത്രം. ബാക്കി ഒറ്റ കുട്ടിയും ക്ലാസ്സില്‍ വരുന്നില്ല. എന്താണ് കാര്യമെന്നറിയാന്‍ ഞാന്‍ വീടുകള്‍ കയറിയിറങ്ങാന്‍ തീരുമാനിച്ചു.

മുരളി മാഷ്

സാധാരണ മറ്റ് 27 ഊരുകളിലെ ആളുകള്‍ താമസിക്കുന്ന ഒരു രീതിയല്ല ഈ ഊരിലെ ആളുകളുടേത് എന്ന് മനസ്സിലായി. മറ്റിടങ്ങളില്‍ എല്ലാ വീടുകളും അടുത്തടുത്താണ്. ഒരു കോളനിപോലെ. പക്ഷേ നെന്മണല്‍ക്കുടിയില്‍ അതല്ല, ഓരോ വീടും തമ്മില്‍ വലിയ ദൂരമുണ്ട്. അരമണിക്കൂര്‍ നടന്നാലെ ഒരു വീട്ടില്‍നിന്ന് മറ്റേ വീട്ടിലെത്തൂ.

ക്ലാസില്‍ ബാക്കി വന്ന മൂന്നുകുട്ടികളില്‍ പത്തുപന്ത്രണ്ട് വയസ്സുള്ള ഒരു ആണ്‍കുട്ടിയുണ്ട്. അവനെയും കൂട്ടി ഞാന്‍ ഇവരുടെ വീടുകളിലേക്ക് പോയി. അവിടെച്ചെന്നുനോക്കുമ്പോള്‍ വീടുകളിലൊന്നും ആരുമില്ല. അവരെവിടെപ്പോയി എന്ന് അന്വേഷിക്കുമ്പോഴാണ്–രണ്ടുമൂന്നുദിവസം വേണ്ടി വന്നു ഇതൊന്ന് അന്വേഷിച്ച് മനസ്സിലാക്കാന്‍–അറിയുന്നത് വാഴക്കുപ്പ എന്ന ഒരു കോളനിയിലേക്ക് എല്ലാവരും മാറിപ്പോയിരിക്കുന്നു എന്ന്.

അവിടെ അവര്‍ക്ക് കാട്ടില്‍ ഏലക്കൃഷിയുണ്ട്. ആ കൃഷിയും വിളവെടുപ്പുമൊക്കെ കഴിഞ്ഞേ അവര്‍ ഇനി തിരിച്ചെത്തുകയുള്ളൂ എന്ന് മനസ്സിലായി.
എനിക്ക് ആ കോളനി അറിയില്ല. ഇരുപ്പുകല്ല് എന്നൊരു കോളനിയുണ്ട്. ആ കോളനിയിലെ രാമസ്വാമി എന്ന ഒരാളോട് (അദ്ദേഹം മരിച്ചുപോയി. അന്നുതന്നെ ആള്‍ക്ക് 75 വയസ്സുണ്ട്. ) പറഞ്ഞപ്പോള്‍ എന്നെ ആ കോളനിയിലേക്ക് കൊണ്ടുപോകാം എന്ന് പറഞ്ഞു.

പിറ്റേ ദിവസം തന്നെ അവിടെ ചെന്നു. പകല്‍ സമയത്തൊന്നും ആരും അവിടെയില്ല. വൈകുന്നേരം വരെ ഞങ്ങള്‍ കാത്തിരുന്നു. മൂന്നുമണിയൊക്കെയായപ്പോള്‍ ആളുകള്‍ കാട്ടിലെ പണിയൊക്കെ ഒതുക്കി തിരിച്ചുവന്നു. ഞാന്‍ കുട്ടികളെക്കുറിച്ച് അന്വേഷിച്ചു. ആ കുട്ടികള്‍ അവരുടെ കൂടെ ഉണ്ടായിരുന്നു. പിന്നെ ആ കോളനിയില്‍ നേരത്തെ താമസിച്ചിരുന്നവരുടെ കുട്ടികളും ചേര്‍ന്ന് 55 കുട്ടികള്‍ ഉണ്ടായിരുന്നു.

മാതാപിതാക്കളോടൊക്കെ സംസാരിച്ചപ്പോള്‍ അവര്‍ പറഞ്ഞു, ഇനി ചിലപ്പോള്‍ അവര്‍ പഴയ ഊരിലേക്ക് തിരിച്ചുപോവില്ലെന്ന്. അങ്ങനെ സ്‌കൂള്‍ അവിടെയാക്കാന്‍ തീരുമാനിച്ചു. ഇവിടെ സംസാരിച്ചാല്‍ പോലും അടുത്ത വീട്ടിലേക്ക് കേള്‍ക്കാം…അത്ര തൊട്ടടുത്താണ് വീടുകകള്‍.

പത്തുവയസ്സിന് മുകളിലുള്ള ആണ്‍കുട്ടികളും അവിവാഹിതരായ പുരുഷന്മാരുമൊക്കെ താമസിക്കുന്ന ഒരു പുരയുണ്ട് അവിടെ സത്രം എന്നും ചാവടിയെന്നുമൊക്കെയാണ് അതിനെ അവര്‍ പറയുന്നത്. ഒരു കൊച്ചുവീടാണ്. അവിടെ ക്ലാസെടുക്കാനുള്ള സൗകര്യം ഉണ്ടാക്കി.

വ്യക്തിശുചിത്വത്തിന്‍റെ കാര്യത്തില്‍ ഈ കോളനിയിലുള്ളവരും വ്യത്യസ്തരായിരുന്നില്ല. സത്രം എന്നത് ഒരു ഒറ്റഹാളാണ്. അതിന്‍റെ ഏറ്റവും നടുക്കായി തണുപ്പകറ്റാനായി ആഴിയുണ്ടാക്കാന്‍ ഒരു കുഴിയുണ്ടായിരുന്നു. അതിലെപ്പോഴും ചാരം നിറഞ്ഞിരിക്കും. നിലത്ത് മൊത്തം പൊടിമണ്ണാണ്. മെഴുകിയിട്ടൊന്നുമില്ല. പകലൊക്കെ നായ്ക്കളൊക്കെ വന്നുകിടക്കും. അതുമാത്രമല്ല, നിറയെ ചെള്ളുകളും വണ്ടുകളുമൊക്കെയുണ്ട്. എന്നും തീ കത്തിക്കുന്നതുകൊണ്ട് മൊത്തം കരിപിടിച്ചുകിടക്കുകയാണ്.

ഇടമലക്കുടിയില്‍ തന്നെ ഏറ്റവും തണുപ്പുള്ള ഊരാണ് വാഴക്കുപ്പ. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ശേഷം നല്ല മഞ്ഞാണ്. നല്ല തണുപ്പും, അതുപോലെ തന്നെ നല്ല കാറ്റും. അതുകൊണ്ട് മൂന്ന് മണിക്ക് തീ എരിച്ച് കഴിഞ്ഞാല്‍ പിറ്റേന്ന് രാവിലെ അവര്‍ കാട്ടിലേക്ക് പോകുന്നതുവരെ അതിനുള്ളില്‍ തീയുണ്ടാവും.

മൂന്ന് മണി കഴിഞ്ഞാല്‍ നല്ല തണുപ്പാണ്. വൈകീട്ട് തീകൂട്ടിയാല്‍ രാവിലെ മാത്രമേ അണയ്ക്കൂ. ഫോട്ടോ: ഇടമലക്കുടി ഗ്രാമ പഞ്ചായത്ത് / ഫേസ്ബുക്ക്

ഓരോ ദിവസവും ഈ ചാരവും മറ്റും വാരിക്കളഞ്ഞ് വൃത്തിയാക്കിയതിന് ശേഷം വേണം ക്ലാസ് തുടങ്ങാന്‍. താഴെ വെറും നിലത്തുവേണമല്ലോ ഇരിക്കാന്‍. കുട്ടികള്‍ കൊണ്ടുവരുന്ന ഒരു കീറച്ചാക്കോ അവര്‍ തന്നെ നെയ്ത പനമ്പിന്‍റെ ഒരു തുണ്ടോ മറ്റോ കൊണ്ടുവന്ന് ഇരിക്കും.

നെന്മണല്‍ക്കുടിയില്‍ ചെയ്ത അതേ കാര്യങ്ങള്‍ ഇവിടെയും ചെയ്യേണ്ടിവന്നു. ശുചിത്വം സംബന്ധിച്ച കാര്യങ്ങള്‍ ശരിയാക്കലായിരുന്നു ആദ്യം. മാത്രമല്ല, രക്ഷിതാക്കളുടെ അനുവാദം വാങ്ങി ആണ്‍കുട്ടികളുടെ മുടി മുറിച്ചുമാറ്റി. പിന്നെ, അവര്‍ക്ക് കുളിക്കാനൊക്കെ ഒരു താല്‍പര്യം ഉണ്ടാക്കാന്‍ ഞാന്‍ മൂന്നാറിലൊക്കെ പോയി വരുമ്പോ ഷാമ്പൂവും നല്ല സോപ്പുമൊക്കെ വാങ്ങിക്കൊണ്ടുവന്നുകൊടുത്തു. ഈ കാലംകൊണ്ട് അവരുടെ ഭാഷ അല്‍പസ്വല്‍പം ഒക്കെ സ്വന്തമാക്കാന്‍ സാധിച്ചു. അങ്ങനെ അവരുമായി കൂടുതല്‍ അടുക്കാന്‍ തുടങ്ങി.

ഞാനും കളിക്കാന്‍ അവരുടെ കൂടെ കൂടും. പിന്നെ, കുട്ടികളുമായി ചേര്‍ന്ന് അവിടെ ചെറിയൊരു ഗ്രൗണ്ട് ഉണ്ടാക്കി. അവിടെ ഞങ്ങള്‍ കളിക്കും.

ഈ കുട്ടികള്‍ ഇടയ്ക്കിടെ കാട്ടിലേക്ക് കയറും കായ്കള്‍ പറിക്കാനും ഞണ്ടിനെപ്പിടിക്കാനുമൊക്കെ. പത്തുവയസ്സ് പ്രായമുള്ള കുട്ടികള്‍ വരെ ഇങ്ങനെ പകല്‍ സമയങ്ങളില്‍ കൂട്ടമായി കാടുകയറാറുണ്ട്. പിന്നെ അവരെ ക്ലാസ്സിലേക്ക് കിട്ടില്ല.

കിടക്കാന്‍ ചാവടിയില്‍ ഈറ്റകൊണ്ടുണ്ടാക്കിയ ഇതുപോലുള്ള തട്ടുകളായിരുന്നു. ഫോട്ടോ: ഫോട്ടോ: ഇടമലക്കുടി ഗ്രാമ പഞ്ചായത്ത് / ഫേസ്ബുക്ക്

ഇതിനൊരു തടയിടാന്‍ വേണ്ടി ശനി, ഞായര്‍ ദിവസങ്ങളില്‍ ഞാനും അവരോടൊപ്പം കാട്ടിലേക്ക് പോകും. അങ്ങനെ ബാക്കി ദിവസങ്ങളില്‍ സ്‌കൂളില്‍ ഇരുത്താന്‍ കഴിഞ്ഞു.

ഈയല്‍ പറക്കുന്ന ദിവസങ്ങളില്‍ ഇവര്‍ ഈയലുകളെ വാരിയെടുത്ത് ചൂണ്ടയിടാന്‍ പോകും. അങ്ങനെയുള്ള ദിവസങ്ങളിലും ആരെയും കിട്ടില്ല, ക്ലാസ്സിലിരിക്കാന്‍. അതുമനസ്സിലാക്കിയപ്പോള്‍ ഞാനും അവരോടൊപ്പം കൂടി. അവിടെയിരുന്ന് പാട്ടുപഠിക്കാനും എഴുതാനുമൊക്കെ തുടങ്ങി. അപ്പോ, അതിനിടയ്ക്ക് മൂന്നാറിലേക്ക് പോയി വരുമ്പോള്‍ ചെറിയ പുസ്തകങ്ങളോ പേന, പെന്‍സില്‍ ഇതൊക്കെ കുറേശ്ശേ വാങ്ങിക്കൊണ്ടുകൊടുക്കും.


സാറേ, ഈസലുകള്‍ എന്ന് പറഞ്ഞ് നീലന്‍ വിളിക്കുന്നത് കേട്ടാണ് ഞാന്‍ പുറത്തിറങ്ങി നോക്കിയത്. കുടിക്കാരെല്ലാം ഈയലുകളെ പിടിച്ച് വട്ടിയിലാക്കുന്ന തിരക്കിലാണ്. ഞാനും കൂടി അവരോടൊപ്പം ഈയലുപിടിക്കാന്‍. ഈയല്‍ മൊരിയുന്ന നെയ്മണം അന്തരീക്ഷത്തില്‍ നിറഞ്ഞുതുടങ്ങി. ഞാനും ചേര്‍ന്നു ചന്തനെന്ന യുവാവിനൊപ്പം ഈയല്‍ മൊരിക്കാന്‍. മൊരിഞ്ഞ ഈയലുകളെ വിളമ്പിയപ്പോള്‍ അരിവറുത്തു വെച്ചിരിക്കുന്ന മാതിരിയാണ് തോന്നിയത്. മനസ്സ് വിസമ്മതിക്കുന്നുണ്ടായിരുന്നെങ്കിലും ഞാന്‍ അല്‍പം രുചിച്ചുനോക്കി. നെയ്യില്‍ വറുത്തെടുത്ത ചെമ്മീന്‍ പരിപ്പിന്റെ രുചിയായിരുന്നു…

(പി കെ മുരളീധരന്‍ എഴുതിയ ഇടമക്കുടി ഊരും പൊരുളും എന്ന പുസ്തകത്തില്‍ നിന്ന്.)


അന്ന് നമുക്ക് ഡി പി ഇ പിയില്‍ നിന്ന് ഒന്നും തന്നിരുന്നില്ല. നമ്മളോട് പോയി പഠിപ്പിക്കാന്‍ പറഞ്ഞതല്ലാതെ ഒന്നുമില്ലായിരുന്നു. അപ്പോ ഞാന്‍ മൂന്നാറില്‍ പോയി വരുമ്പോ ഓരോ ചിത്ര കലണ്ടര്‍ ഒക്കെ വാങ്ങിക്കൊണ്ടുവരും. അതിലുള്ളതെന്താണെന്ന് ചോദിക്കും. അതിലുള്ള പലതും ആ കുട്ടികള്‍ കണ്ടിട്ടില്ല. ഉദാഹരണത്തിന് വാഹനങ്ങള്‍.. കാറ്, ബസ്, ജീപ്പ് എന്നൊക്കെ മുതിര്‍ന്ന ആളുകള്‍ പറയുന്നത് കേട്ടിട്ടുണ്ട് എന്നല്ലാതെ കുട്ടികളാരും അതൊന്നും കണ്ടിട്ടില്ല.

അതൊക്കെ കാണിച്ചുകൊടുത്തും വിശദീകരിച്ചും കഴിഞ്ഞ് ചെറിയ ചെറിയ അക്ഷരങ്ങളിലേക്ക് കടന്നു. പല അക്ഷരങ്ങളും അവര്‍ക്ക് ഉച്ഛരിക്കാന്‍ കഴിയുമായിരുന്നില്ല. മാത്രമല്ല, നമ്മള്‍ മലയാളത്തില്‍ പറയുന്ന പല വാക്കുകള്‍ക്കും അവര്‍ക്ക് വേറെ വാക്കുകളുണ്ടായിരുന്നു. ഉദാഹരണത്തിന് തവള. അതിന് അവര്‍ പറയുന്നത് തവുക്കി എന്നായിരുന്നു. ഓന്ത് അവര്‍ക്ക് കുക്രി ആണ്. ഇങ്ങനെ മിക്കവാറും ജീവജാലങ്ങള്‍ക്ക് അവര്‍ പറയുന്ന പേരുകള്‍ വേറെയായിരുന്നു.

മൂന്ന് മണിയാവുമ്പോഴേക്കും മഞ്ഞുമൂടും. നല്ല കാറ്റുമുണ്ടാവും. എല്ലാവരും തീപൂട്ടി അതിനുചുറ്റും ഇരിക്കും. ( Image for representation. photo: Pixabay.com)

ആ എന്ന അക്ഷരം മനസ്സിലുറപ്പിക്കാന്‍ ആമ എന്ന വാക്ക് ഉപയോഗിക്കാമെന്ന് വെച്ചാല്‍ അവര്‍ അതിന് പറയുന്നത് വളകാരി എന്നാ.

ഈ പ്രശ്‌നം പരിഹരിക്കാന്‍ അവര്‍ ഉപയോഗിക്കുന്ന വാക്കുകള്‍ ചേര്‍ത്തുവെച്ച് ഒരു നിഖണ്ഡുവാക്കി മാറ്റി. എന്നിട്ട് അവര്‍ പറയുന്ന വാക്കുകള്‍ മലയാള അക്ഷരങ്ങള്‍ ഉപയോഗിച്ച് എഴുതാന്‍ പഠിപ്പിക്കുകയാണ് ചെയ്തത്. ഉദാഹരണത്തിന്, കേഴമാനിന് അവര്‍ പറയുന്നത് കുന്തക്കാലന്‍ എന്നാ.

അതോടൊപ്പം അവരുടെ ഭാഷയിലുള്ള കഥകളും പാട്ടുകളും–അവയൊന്നും പൂര്‍ണമായി ഗ്രഹിക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ലെങ്കിലും–അവരെക്കൊണ്ട് തന്നെ പറയിച്ചു. അത് ഒരു ഗ്രൂപ്പിന്‍റെ മുമ്പില്‍ നിന്ന് അത് അവതരിപ്പിക്കാനുള്ള ആത്മവിശ്വാസം ഉണ്ടാക്കാനും ശ്രമിച്ചു. അതില്‍ വലിയ രീതിയില്‍ വിജയിച്ചു.


വ്യാപാരികള്‍ വന്ന് ഏലയ്ക്കാ കിലോക്കണക്കിന് വാങ്ങിക്കൊണ്ടുപോകും. അതിന് പുറത്ത് മാര്‍ക്കെറ്റിലെത്രയാണ് വിലയെന്നൊന്നും ഇവിടെയുള്ളവര്‍ക്ക് അറിയില്ലായിരുന്നു


കുറച്ചുകാലം കഴിഞ്ഞപ്പോള്‍, അവരുടെ ഇടയിലെ അത്രയും കാലത്തെ അനുഭവം കൂടി ചേര്‍ത്തുവെച്ചുകൊണ്ട് ഡി പി ഇ പി ഞങ്ങള്‍ക്ക് ഒരു ട്രെയിനിങ്ങൊക്കെ തന്നു. കുറച്ച് മെറ്റീരിയല്‍സും നല്‍കി. സാധാരണ സ്റ്റേറ്റ് സിലബസ് വെച്ച് ഈ കുട്ടികളെ പഠിപ്പിക്കാന്‍ പറ്റില്ല.

അതുകൊണ്ട് കാര്‍ഡുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള ഒരു പഠനസംവിധാനം ഉണ്ട്. ഒരു മള്‍ട്ടി-ഗ്രേഡ് സിസ്റ്റം ആണത്. ഒരു കാര്‍ഡില്‍ ചിത്രങ്ങള്‍ ചേര്‍ത്ത് ആ ചിത്രത്തില്‍ എന്താണ് എന്ന് പഠിപ്പിക്കുന്ന സിസ്റ്റം ആണ്. അങ്ങനെ കുറേ കാര്‍ഡുകള്‍.. അതായത് ഒരു മെയിന്‍ കാര്‍ഡുണ്ടെങ്കില്‍ അതിനോടനുബന്ധിച്ച് നിരവധി കാര്‍ഡുകള്‍. ഇതും കൂടി ഞങ്ങളുടെ അടുത്തേക്ക് വന്നുകഴിഞ്ഞപ്പോള്‍ കുറച്ചുകൂടി എളുപ്പമായി. പക്ഷേ, പലതരത്തിലുള്ള കുട്ടികള്‍ ആണല്ലോ, പല പ്രായത്തിലുള്ളവര്‍, പിന്നെ ഗ്രഹിക്കുന്നതിന്‍റെ കാര്യത്തില്‍ പലരും പല നിലയിലാണല്ലോ.

ഈയൊരു കാര്‍ഡ് സിസ്റ്റം ഒരു സ്വയം പഠനസഹായികൂടിയായി. അതുകൂടി 55 കുട്ടികളെ കൈകാര്യം ചെയ്യല്‍ എളുപ്പമാക്കി. അപ്പോള്‍ കുട്ടികളെ ഗ്രൂപ്പുകളാക്കി മാറ്റി. അവര്‍ പരസ്പരം ചേര്‍ന്ന് പഠിക്കുന്നതോടെ കുറച്ച് അറിയാവുന്ന കുട്ടി മറ്റ് കുട്ടികളിലേക്ക് പറഞ്ഞുകൊടുത്ത് അങ്ങനെ കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പത്തില്‍ പഠിക്കാന്‍ സഹായിച്ചു. പിയര്‍ഗ്രൂപ്പിങ്ങ് ഗുണം ചെയ്തു. അത് ഭാഷയുടെ കാര്യത്തിലും മറ്റ് കാര്യങ്ങളിലും പഠനം എളുപ്പമാക്കി.


പഠിച്ചിട്ടെന്തു ചെയ്യും എന്നായിരുന്നു അവര്‍ ചോദിച്ചിരുന്നത്. കാടുകയറിയാല്‍ പട്ടിണിയില്ലാതെ ജീവിക്കാം എന്നായിരുന്നു അവരുടെ സമീപനം


അങ്ങനെ രണ്ട് മൂന്ന് വര്‍ഷം കൊണ്ട് ആ ജനതയുടെ ഭാഷ ഞാന്‍ ശരിക്കും പഠിച്ചു. അങ്ങനെവന്നപ്പോള്‍ അവിടെയുള്ള സ്ത്രീകളുമായിക്കൂടി സംdസാരിക്കാനും വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യം എന്താണെന്ന് അവരെക്കൂടി ബോധ്യപ്പെടുത്താനും നമുക്ക് കഴിഞ്ഞു.

ചില കാര്യങ്ങളില്‍ അവരെ സഹായിക്കാനും കഴിഞ്ഞു. ഉദാഹരണത്തിന്, ഏലയ്ക്കായുടെ കാര്യത്തില്‍. വ്യാപാരികള്‍ വന്ന് ഏലയ്ക്കാ കിലോക്കണക്കിന് വാങ്ങിക്കൊണ്ടുപോകും. അതിന് പുറത്ത് മാര്‍ക്കെറ്റിലെത്രയാണ് വിലയെന്നൊന്നും ഇവിടെയുള്ളവര്‍ക്ക് അറിയില്ലായിരുന്നു. അതുകൊണ്ട് ചൂഷണവും ഏറെയായിരുന്നു.

ഇതൊക്കെ അറിഞ്ഞാല്‍ വ്യാപാരികള്‍ക്ക് നമ്മളെ പറ്റിക്കാന്‍ കഴിയില്ല എന്നൊക്കെ അറിഞ്ഞപ്പോള്‍ വിദ്യാഭ്യാസത്തിന്‍റെ ആവശ്യം അവര്‍ക്കും മനസ്സിലാകാന്‍ തുടങ്ങി.

തുടക്കത്തില്‍ രക്ഷിതാക്കള്‍ക്ക് കുട്ടികള്‍ പഠിക്കണമെന്നൊന്നും ആഗ്രഹമില്ലായിരുന്നു. പഠിച്ചിട്ടൊന്നും യാതൊരു കാര്യവുമില്ലെന്നാണ് അവര്‍ എന്നോട് പറഞ്ഞിരുന്നത്. നമ്മള് പണിയെടുത്താല്‍ ജീവിക്കാം, അല്ലാതെ പഠിച്ചിട്ടെന്തു ചെയ്യും എന്നായിരുന്നു അവര്‍ ചോദിച്ചിരുന്നത്. കാടുകയറിയാല്‍ പട്ടിണിയില്ലാതെ ജീവിക്കാം എന്നായിരുന്നു അവരുടെ സമീപനം.

പക്ഷേ, ഇത്തരം ചൂഷണങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ വിദ്യാഭ്യാസം കൊണ്ട് കഴിയുമെന്ന് മനസ്സിലായപ്പോള്‍ കുട്ടികളെ പഠിപ്പിക്കണമെന്ന ഒരാഗ്രഹം വന്നു. പതിയെപ്പതിയെ കാട്ടിലേക്ക് പോകുമ്പോള്‍ കുട്ടികളെ കൂടെക്കൂട്ടാതെ സ്‌കൂളില്‍ വിട്ടിട്ട് പോവാന്‍ തുടങ്ങി.

ഫോട്ടോ: ഇടമലക്കുടി ഗ്രാമപഞ്ചായത്ത്/ ഫേസ്ബുക്ക്

അപ്പോഴും മറ്റൊരു പ്രതിസന്ധിയുണ്ടായിരുന്നു. നാലാംതരം വരെ പഠിച്ചുകഴിഞ്ഞാലും തുടര്‍ പഠനത്തിന് ദൂരെ കിലോമീറ്ററുകള്‍ ആനക്കാട്ടിലൂടെ ഒരുദിവസമെങ്കിലും നടന്ന് പിന്നെ ബസില്‍ കയറിപ്പോണം യു പി സ്‌കൂളില്‍ പോകാന്‍. ഒന്നുകില്‍ മൂ്ന്നാര്‍, അല്ലെങ്കില്‍ അടിമാലി അല്ലെങ്കില്‍ തൊടുപുഴ… ഇത്രയും ദൂരമെത്തണം.

മാത്രവുമല്ല, ദൂരെ വിട്ട് കുട്ടികളെ പഠിപ്പിക്കാന്‍ അവര്‍ക്ക് പേടിയായിരുന്നു. പുറത്തുപോയാല്‍ കുട്ടികള്‍ക്കെന്തെങ്കിലും സംഭവിക്കുമെന്ന ആശങ്ക. അതൊക്കെക്കൊണ്ട് നാലാംതരം എത്തി പഠനം മുടങ്ങുന്ന അവസ്ഥ ഉണ്ടായി.

എങ്കിലും ഇതിനിടയ്ക്ക് രണ്ടുമൂന്ന് കുട്ടികളെ പുറത്ത് സ്‌കൂളില്‍ കൊണ്ടു ചെന്ന് ചേര്‍ക്കാന്‍ എനിക്ക് സാധിച്ചു. അച്ഛനമ്മമാരെ പറഞ്ഞുമനസ്സിലാക്കി എന്‍റെ സ്വന്തം റിസ്‌കില്‍ ചെയ്തതായിരുന്നു അത്. കൊണ്ടുപോകുന്നതും കൊണ്ടുവരുന്നതുമൊക്കെ ഞാന്‍ തന്നെയായിരുന്നു. അടിമാലിയിലാണ് പഠിപ്പിച്ചത്. 2003-04ലായിരുന്നു അത്.

വിദ്യാഭ്യാസത്തിന്‍റെ തലം എവിടെ വരെ എന്നൊന്നും അവിടെയുള്ള ആളുകള്‍ക്ക് വലിയ പിടിയില്ലായിരുന്നു. എഴുതാനും കണക്കുകൂട്ടാനും പഠിച്ചാല്‍ മതിയല്ലോ എന്നുമാത്രമേ ഉണ്ടായിരുന്നുള്ളൂ. പേരെഴുതാനും അത്യാവശ്യം ചിലതൊക്കെ എഴുതാനും കണക്കെഴുതിവെക്കാനും കഴിഞ്ഞാല്‍ മതിയെന്നായിരുന്നു ധാരണ. ഒന്നുരണ്ട് കുട്ടികള്‍ പുറത്തുപോയി പഠിച്ചുവന്നപ്പോള്‍ ആ ധാരണ പതുക്കെ മാറാന്‍ തുടങ്ങി.

അപ്പോഴും ആണ്‍കുട്ടികളെ മാത്രമേ വിട്ടുള്ളു. പെണ്‍കുട്ടികളെ വിട്ടില്ല. ഇന്നും കുറെയൊക്കെ അങ്ങനെയാണ്. എന്നാല്‍ കുറെയൊക്കെ മാറ്റം വന്നു. ഇതാണ് ആദ്യകാലത്തെ ജീവിതമൊക്കെ.

അവിടെ തന്നെ കൃഷി ചെയ്തുണ്ടാക്കുന്ന റാഗി, നെല്ല്..ഇതൊക്കെ മാത്രമായിരുന്നു ഭക്ഷണം. അത് അവരുടെതായ രീതിയിലാണ് പാകം ചെയ്തിരുന്നതും. നമ്മുടെ നാടന്‍ വിഭവങ്ങളൊന്നും അവിടെ കിട്ടില്ലായിരുന്നു. ഇപ്പോള്‍ ധാരാളം നാടന്‍ വിഭവങ്ങള്‍ കാടുകയറിച്ചെന്നുകഴിഞ്ഞു.

ഏലം വിറ്റൊക്കെ പണം കിട്ടിയിരുന്നെങ്കിലും ആ പണം അവര്‍ ഉപയോഗിച്ചുകൊണ്ടിരുന്നത് തേയില, പുകയില, പിന്നെ അല്‍പസ്വല്‍പം മദ്യം ഇതൊക്കെ വാങ്ങാനാണ്. പിന്നെ വസ്ത്രങ്ങള്‍ വാങ്ങും. അക്കാലത്തും സ്ത്രീകള്‍ ധാരാളം ഡ്രെസ്സുകള്‍ വാങ്ങും. പക്ഷേ, അതെല്ലാം പെട്ടിക്കകത്ത് സൂക്ഷിക്കത്തേയുള്ളൂ. അതുപയോഗിക്കില്ല. ഒരെണ്ണം എടുത്ത് അത് കീറിത്തീരണം, അടുത്തതെടുക്കണമെങ്കില്‍. അതിന് കുറെയേറെ മാറ്റം വന്നെങ്കിലും കുറെയൊക്കെ അങ്ങനെത്തന്നെ തുടരുന്നുണ്ട്.

അവിടെത്തന്നെ ഞാനും ആ ചാവടിയിലായിരുന്നു താമസം, രാവും പകലും. അതുകൊണ്ട്, ചില മുതിര്‍ന്നവരെയും അക്ഷരങ്ങള്‍ പഠിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അത്യാവശ്യം ഇംഗ്ലീഷും ചിലര്‍ക്ക് പഠിപ്പിച്ചു. ചെറിയ ചിത്രകഥകളും ബാലരമ പോലുള്ളവ കുറേശ്ശേ മുതിര്‍ന്നവരെക്കൊണ്ടും വായിപ്പിക്കുമായിരുന്നു.

ആദ്യം തുടങ്ങിയപ്പോള്‍ ക്ലാസ്സില്‍ 15 വയസ്സുള്ള കുട്ടിയും ഉണ്ടായിരുന്നു. മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ അവന് 18 വയസ്സായി. പിന്നെ അവന്‍ ക്ലാസ്സില്‍ വന്നിട്ടില്ല. അങ്ങനെ ഒരു പാട് കുട്ടികള്‍ കൊഴിഞ്ഞുപോയി. അഞ്ച്-ആറ് വയസ്സില്‍ ക്ലാസ്സിലെത്തിത്തുടങ്ങിയവരില്‍ കുറച്ചുപേരെയാണ് പുറത്തുകൊണ്ടുപോയി പഠിപ്പിക്കാന്‍ കഴിഞ്ഞത്.

ഞാന്‍ ചെല്ലുന്ന സമയത്ത് ആര്‍ക്കും വോട്ടര്‍ ഐഡി കാര്‍ഡ് ഇല്ല. അത് പിന്നീട് താലൂക്ക് ഇലക്ഷന്‍ ഓഫീസറെക്കൊണ്ട് ശരിയാക്കിക്കൊടുത്തു. ഒന്നോ രണ്ടോ പേര്‍ക്ക് മാത്രമേ റേഷന്‍ കാര്‍ഡുള്ളു. ഇപ്പോ എല്ലാവര്‍ക്കുമായി.

ട്രൈബല്‍ ഫണ്ടൊന്നും അവിടേക്കെത്തിയിരുന്നില്ല. കാരണം അവരൊന്നും രേഖകളിലുണ്ടായിരുന്നില്ല. ഒരു കുട്ടി ജനിച്ചാല്‍ പഞ്ചായത്തില്‍ രെജിസ്റ്റര്‍ ചെയ്യുകയോ മരണം നടന്നാല്‍ പഞ്ചായത്തിലറിയിക്കുകയോ അങ്ങനെയൊന്നുമുണ്ടായിരുന്നില്ല.

ഇടമലക്കുടിയിലേക്ക് അവശ്യവസ്തുക്കള്‍ ചുമടായി എത്തിക്കുന്നവരെക്കുറിച്ച് ഒരു പഴയ ദൂരദര്‍ശന്‍ റിപ്പോര്‍ട്ട് കാണാം:

അന്ന് മൂന്നാര്‍ പഞ്ചായത്തിന്‍റെ ഒരു വാര്‍ഡാണ് ഈ നൂറ് ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വരുന്ന ഈ വനപ്രദേശം. ഓരോ കുട്ടിയുടെയും വയസ്സുചോദിച്ചാല്‍ ഇന്ന സ്ഥലത്ത് വെട്ടിത്തെളിച്ച് കൃഷിയിറക്കിയ വര്‍ഷം എന്നൊക്കെയാണ് കണക്ക്. അങ്ങനെ ഒന്നുരണ്ടുമൂന്ന് കൃഷി ചെയ്തസ്ഥലങ്ങള്‍ ഓര്‍ത്തുപറയും. അതിലൊന്ന് വിട്ടുപോയാല്‍ ഒരു വയസ്സു കുറഞ്ഞു. കൃത്യമായ വയസ്സ് കിട്ടുമായിരുന്നില്ല.

2008 ആയപ്പോഴേക്കും വാഴക്കുപ്പയില്‍ വന്യമൃഗങ്ങളുടെ ശല്യം വളരെ കൂടി. അതിനുമുമ്പും ശല്യം ഉണ്ടായിരുന്നെങ്കിലും ആ സമയം ആയപ്പോഴേക്കും വന്യമൃഗങ്ങളുടെ എണ്ണം കൂടി. നെല്ല്, റാഗിയൊക്കെ കൃഷിയിറക്കിയിട്ടും ഒന്നും കിട്ടാത്ത സ്ഥിതി വന്നു, ഒപ്പം വീടുകളും ആക്രമിക്കാന്‍ തുടങ്ങി.

Image for representation. Photo: Pexels

ഇതിന് പുറമെ ഏലവും നശിക്കാന്‍ തുടങ്ങി. ഏലമെന്നാല്‍ കാട്ടിലെ ഏലമാണ്. അവര്‍ കാട് തെളിച്ചുകൊടുക്കുക മാത്രമേ ചെയ്യൂ. ഏലം തനിയെ വീണ് മുളച്ചുവരുന്നതാണ്. ഒരു പ്രായം കഴിയുമ്പോ ഏലം നശിച്ചുപോവും. അങ്ങനെ ഏലവും നശിച്ചതോടെ അവര്‍ക്ക് അവിടെ നിന്നും താമസം മാറാതെ നിവൃത്തിയില്ലാതെ വന്നു.

****

പഴയ കാലത്തെ ചിത്രങ്ങള്‍ എന്തെങ്കിലും ഉണ്ടോ എന്ന് മുരുളിമാഷോട് ഞങ്ങള്‍ ചോദിച്ചു.

മറുപടി ഇങ്ങനെയായിരുന്നു: അയ്യോ…അന്നത്തെ ചിത്രങ്ങളൊന്നുമില്ല.  ക്യാമറയൊന്നും വാങ്ങാനുള്ള ശേഷിയൊന്നും അന്ന് ഇല്ലായിരുന്നു. ആകെ കിട്ടിയിരുന്നത് 750 രൂപയാണ് (എഴുന്നൂറ്റിയമ്പത് രൂപ തന്നെ)…അത് വണ്ടിക്കൂലിക്ക് പോലും തികയില്ലായിരുന്നു.
(ഈയടുത്ത വര്‍ഷങ്ങളില്‍ മൊബൈല്‍ ഫോണില്‍ എടുത്ത ചിത്രങ്ങള്‍ മുരളിമാഷ് അയച്ചുതന്നു. ആ ചിത്രങ്ങളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നവയില്‍ മിക്കതും)

മുരളിമാഷും അദ്ദേഹത്തിന്‍റെ ഏകാധ്യാപക വിദ്യാലയവും പതുക്കെപ്പതുകെ ആ ഊരില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതില്‍ വിജയിച്ചിരിക്കുമ്പാഴാണ്  കാട്ടുമൃഗങ്ങളുടെയും കൃഷിനാശത്തിന്‍റെയും രൂപത്തില്‍ പുതിയ പ്രതിസന്ധി വരുന്നത്.

എന്നാല്‍ അതിനെയും അവര്‍ തരണം ചെയ്യുക തന്നെ ചെയ്തു. ഒരു ജനതയുടെ അതിശയിപ്പിക്കുന്ന അതിജീവന കഥയുടെ രണ്ടാം ഭാഗം വായിക്കാം:

കെട്ടും മറയുമില്ലാത്ത ഈറ്റപ്പുരയില്‍ മുരളി മാഷ് ഒറ്റയ്ക്കിരുന്ന് എഴുതിത്തീര്‍ത്ത ഗോത്രചരിത്രം

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം