കൃഷി ചെയ്യാന്‍ വെള്ളമില്ല; കുളം വെട്ടാന്‍ ഒറ്റയ്ക്ക് തൂമ്പയുമായിറങ്ങിയ കുട്ടിക്കര്‍ഷകന്‍റെ വിശേഷങ്ങള്‍

ചീര, വെണ്ട, പാവല്‍, വഴുതന, കപ്പ, ഇതൊക്കെ കൃഷി ചെയ്തുണ്ടാക്കി… പിന്നെ കുട്ട നെയ്തും, മാലയൊക്കെയുണ്ടാക്കിയും നാട്ടുകാര്‍ക്ക് തന്നെ വിറ്റു…വേനല്‍ കടുത്ത് വെള്ളം കുറഞ്ഞപ്പോള്‍ വിളകള്‍ക്ക് ഭീഷണിയായി. ആരോമല്‍ തൂമ്പയുമെടുത്തിറങ്ങി.

 ണ്ണിക്കുട്ടന് ഒരു ആട്ടിന്‍കുട്ടിയെ വേണം… പൈസ കൂട്ടി വയ്ക്കാന്‍ തുടങ്ങിയിട്ട് കുറേയായി.. ദാ ഇപ്പോ ഏതാണ്ട് നാലായിരം രൂപയുണ്ടാകും.

ആട്ടിന്‍കുട്ടിയെ എന്നു വാങ്ങാന്‍ പറ്റുമെന്നൊന്നും ഒരു പിടിയുമില്ല.. ആടിനെ വാങ്ങണമെങ്കില്‍ എത്ര രൂപ വേണ്ടി വരുമെന്നറിയില്ല.

പണ്ടൊരിക്കല്‍ വീട്ടിലുണ്ടായിരുന്ന സുന്ദരി ചത്തു പോയപ്പോള്‍ അച്ഛമ്മ കരഞ്ഞതു കണ്ട് മനസില്‍ തോന്നിയതാണിത്. സുന്ദരി.. ആ ആട്ടിന്‍ കുട്ടിയുടെ പേരാണ്. പതിനഞ്ചുകാരന്‍റെ കുഞ്ഞു സ്വപ്നമാണിത്.


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com


ആട്ടിന്‍കുട്ടിയെ മാത്രമല്ല നെല്ലും പച്ചക്കറിയും പശുവും ആടുമൊക്കെയുള്ള നല്ലൊരു കര്‍ഷകനാകണം.. പിന്നെ മലയാളം പഠിപ്പിക്കുന്ന അധ്യാപകനാകണം.. ഇതാണ് ഉണ്ണിക്കുട്ടന്‍റെ സ്വപ്നവും ലക്ഷ്യവും.

ആരോമല്‍

ഇതൊക്കെ ഈ പ്രായത്തില്‍ എല്ലാ പിള്ളേര്‍ക്കും തോന്നുന്ന സ്വപ്നങ്ങളല്ലേ എന്നു തോന്നിയേക്കാം. പക്ഷേ ആ കൂട്ടത്തിലേക്ക് തുറവൂരുകാരുടെ ഉണ്ണിക്കുട്ടനെന്ന ആരോമലിനെ കൂട്ടണ്ട. പ്രായം കുറവാണെങ്കിലും ആള് അത്ര നിസാരക്കാരനല്ല. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ പാടത്തേക്കിറങ്ങിയ കുഞ്ഞുകര്‍ഷകന്‍ നല്ലൊരു നടനും എഴുത്തുകാരനുമൊക്കെയാണ്.


വേനല്‍ക്കാലത്ത് പരിസരങ്ങളിലൊക്കെ വെള്ളം കുറഞ്ഞു. ആരോമല്‍ ഒരു  കൈക്കോട്ടുമായി ഇറങ്ങി.


“ചീര, വെണ്ട, പാവല്‍, വഴുതന, കപ്പ, ഇതൊക്കെ കൃഷി ചെയ്തുണ്ടാക്കി… പിന്നെ കുട്ട നെയ്തും, മാലയൊക്കെയുണ്ടാക്കിയും നാട്ടുകാര്‍ക്ക് തന്നെ വിറ്റു.. അതില്‍ നിന്നു കിട്ടുന്ന കുഞ്ഞുവരുമാനമില്ലേ.. അതാണ് സൂക്ഷിച്ചുവെച്ചിരിക്കുന്നത്.. ഇനി ആട്ടിന്‍ കുട്ടിയെ വാങ്ങണം..,” കൊച്ചു കൃഷിക്കാരന്‍ സ്വപ്നങ്ങളും വിശേഷങ്ങളും പറഞ്ഞുതുടങ്ങുകയാണ്.

വേനല്‍ക്കാലത്ത് പരിസരങ്ങളിലൊക്കെ വെള്ളം കുറഞ്ഞു. വീട്ടുമുറ്റത്തൊരു കുളമുണ്ട്. അത് ചവറും പ്ലാസ്റ്റിക്കുമൊക്കെ നിറഞ്ഞ് ഉപയോഗിക്കാന്‍ പറ്റാതെ കിടക്കുകയായിരുന്നു. ആരോമല്‍ ഒരു  കൈക്കോട്ടുമായി ഇറങ്ങി.

കുളം വൃത്തിയാക്കുന്നതിന് മുമ്പ്

“കഴിഞ്ഞ സ്‌കൂള്‍ അവധിക്കാലത്ത് കൃഷിപ്പണിക്ക് വെള്ളമില്ലാതെ വന്നു.. പിന്നെ ഒന്നും നോക്കിയല്ല. ചപ്പും ചവറും പ്ലാസ്റ്റിക്കുമൊക്കെ വീണു കിടന്ന കുളത്തിലേക്കിറങ്ങി. അതൊക്കെ പെറുക്കിയെടുത്ത് അടിപൊളിയാക്കിയെടുത്തു. ദാ ഇപ്പോള്‍ നല്ല വെള്ളമുള്ള കുളമാണത്. പത്താം ക്ലാസിലെ പരീക്ഷ കഴിഞ്ഞ വെക്കേഷനിലാണ് കുളമുണ്ടാക്കിയത്,” ആരോമല്‍ പറഞ്ഞു. അപ്പൂപ്പന്‍ കര്‍ഷകനായിരുന്നു. കുട്ടിക്കാലത്തെ കൃഷി ചെയ്യുമായിരുന്നു. വീടിനടുത്ത് കുറേ ചിറയൊക്കെയുണ്ട്. ഇവിടെയാണ് ഓരോന്ന് നടുന്നത്.


ഇതുകൂടി വായിക്കാം: 1,600 കർഷകര്‍, 80 കോഴ്സുകൾ! കൃഷിയിലൂടെ നല്ല വരുമാനമുണ്ടാക്കാനുള്ള തന്ത്രങ്ങള്‍ പഠിപ്പിക്കുന്ന ദമ്പതികള്‍


“പക്ഷേ വീട്ടിലെ മണ്ണിന് ഉപ്പ് അംശം കൂടുതലാണ്. അതുകൊണ്ട് കൃഷി ചെയ്യാന്‍ പറ്റില്ല. വല്ലതും ചെയ്യണമെങ്കില്‍ കരനെല്‍കൃഷിയൊക്കെയേ പറ്റൂ. വീടിന് തൊട്ടടുത്ത് തന്നെയുള്ള ബന്ധുക്കളുടെയും അയല്‍വീട്ടുകാരുടെയും പറമ്പിലാണ് ഓരോന്നു നടുന്നത്. കഴിഞ്ഞ അവധിക്കാലത്ത് കൃഷി ചെയ്യാന്‍ വെള്ളം കുറവായിരുന്നു.. ഒന്നും നടാന്‍ പറ്റില്ലെന്നാ കരുതിയേ.. അങ്ങനെയാണ് വീട്ടുമുറ്റത്തെ കുളം വൃത്തിയാക്കിയെടുക്കാം.. വെള്ളം കിട്ടുമല്ലോ എന്നു കരുതി. ആരും സഹായിക്കാനൊന്നും ഇല്ലായിരുന്നു.. കൃഷിപ്പണിക്ക് വെള്ളം ഇല്ലാതെ പറ്റില്ലല്ലോ.

“കുളം വെട്ടി വൃത്തിയാക്കി. ചപ്പും ചവറും പെറുക്കിമാറ്റി. ആഴം കൂട്ടിയെടുത്തു. മണ്ണ് കോരി അരികൊക്കെ വെട്ടിമിനുക്കി. രണ്ടു ദിവസത്തെ പണി, കുളം റെഡിയായി. കുളത്തില്‍ ഇപ്പോള്‍ നിറയെ വെള്ളമുണ്ട്. കൃഷിക്ക് മാത്രമല്ല തുണി അലക്കാനും ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്,” ആരോമല്‍ പറയുന്നു.

കുട്ടികര്‍ഷകന്‍ കുളമുണ്ടാക്കിയ കഥ പറഞ്ഞു തീര്‍ത്തതോടെ ഇനി വിശേഷങ്ങളൊന്നുമില്ലെന്നു കരുതി. പക്ഷേ ആരോമല്‍ പറഞ്ഞു തുടങ്ങിയതോടെ രസമായി. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ തുടങ്ങിയതാണ് കൃഷിപ്പണി.

“അപ്പൂപ്പനെക്കണ്ടാണ് ഞാനും ഓരോന്നു ചെയ്യുന്നത്. ചീരയാണ് കൂടുതല്‍. പയര്‍, വെണ്ട, തക്കാളി, വഴുതന, കാന്താരി ഇതൊക്കെയുണ്ട്. ആദ്യമൊക്കെ വീട്ടിലെ പൊട്ടിയ ബക്കറ്റുകളിലും കവറുകളിലുമൊക്കെയാണ് ഓരോന്നു നട്ടു തുടങ്ങുന്നത്. മണ്ണിലെ ഉപ്പ് അംശത്തിനെ തോല്‍പ്പിക്കാന്‍ ചാണകപ്പൊടിയാണ് ചേര്‍ത്തു കൊടുക്കുന്നത്. മൂന്നു കൊല്ലം മുന്‍പാണ് അപ്പുറത്തെ വീടുകളുടെ പറമ്പുകളില്‍ കൃഷി ചെയ്തു തുടങ്ങുന്നത്. ചിറയിലും പാടത്തും പറമ്പിലുമൊക്കെ കൃഷി ചെയ്തു തുടങ്ങിയതോടെ വീട്ടില്‍ അധികം ഒന്നും നട്ടിട്ടില്ല.

“അപ്പൂപ്പന്‍ മാത്രമല്ല അച്ഛനും അമ്മയും അച്ഛമ്മയും സഹായിക്കുമായിരുന്നു. അപ്പൂപ്പന്‍ മരിച്ചു പോയി. ഹരിഹരന്‍ എന്നാണ് അപ്പൂപ്പന്‍റെ പേര്. അച്ഛമ്മ ശോഭ. ജനുവരി മുതല്‍ മാര്‍ച്ച് വരെയാണ് കൃഷി കൂടുതലായും ചെയ്യുന്നത്. ദിവസവും ആറു മണിക്ക് എഴുന്നേല്‍ക്കും.. പിന്നെ കൃഷിത്തോട്ടത്തില്‍ പോയി നോക്കും. കീടങ്ങളോ പുഴക്കളോ ഉണ്ടെങ്കില്‍ അതൊക്കെ നുള്ളി കളയും. പിന്നെ സ്‌കൂളിലേക്ക്. വൈകിട്ട് നാലര അഞ്ചു മണിയോടെ തിരികെ വരും. നേരെ കൃഷിയിടത്തിലേക്ക് പോകും. ചെടി നനയും കള പറിയ്ക്കലുമൊക്കെ വൈകിട്ടാണ്. വൈകുന്നേരം മാത്രമേ നനയ്ക്കൂ. … പിന്നെ ഏഴു മണി തൊട്ട് ഒമ്പത് മണി വരെ പഠിക്കും.. പത്താം ക്ലാസിലെത്തിയപ്പോള്‍ രാവിലെയും കുറച്ചു നേരം പഠിക്കാനിരിക്കുമായിരുന്നു,” ആരോമല്‍ തന്‍റെ ഒരു ദിവസം വിവരിക്കുന്നു.

ആരോമല്‍

കൃഷിയെക്കുറിച്ച് പറയാന്‍ കുട്ടിക്കര്‍ഷകന് വലിയ ആവേശമാണ്: “ചീരയാണ് കൂടുതല്‍ വില്‍ക്കുന്നത്. 14 ചുവട് ചീര 50 രൂപയ്ക്കാണ് വില്‍ക്കുന്നത്. പച്ചയും ചുവപ്പും മാത്രമല്ല. താമരച്ചീരയും ഉണ്ട്. ഉയരം കുറഞ്ഞതാണിത്. തണ്ടിന് റോസ് നിറവും ഇലയ്ക്ക് പച്ച നിറമുള്ളതുമാണ് താമരച്ചീര. ഇതു കിട്ടാന്‍ ബുദ്ധിമുട്ടാണ്. അടുത്ത വീട്ടിലെ അപ്പൂപ്പന്‍ താമരച്ചീര തന്നു.. അതു മൂപ്പിച്ചെടുത്ത് അതിന്‍റെ വിത്താണ് പാകിയത്. നല്ല രുചിയാണ് താമരച്ചീരയ്ക്ക്. ആവശ്യക്കാരും കൂടുതലാണതിന്.

“പച്ച നിറമുള്ള നീളന്‍ വഴുതനങ്ങ, വെള്ളരി, തക്കാളി, പയര്‍, വെണ്ട, കപ്പ.. ഇതൊക്കെ വില്‍ക്കാറുണ്ട്. പച്ച വഴുതനങ്ങ കായ്ക്കാന്‍ കുറച്ചു പ്രയാസമാണ്. പക്ഷേ ഉണ്ടായാല്‍ കുറേക്കാലം കായ ഉണ്ടായിക്കൊണ്ടിരിക്കും. കാന്താരി നട്ടിട്ടുണ്ട്. പക്ഷേ അധികം വില്‍ക്കലില്ല. പച്ചമുളക് വീട്ടില്‍ വാങ്ങാറില്ല, പകരം കാന്താരിയാണ് ഉപയോഗിക്കുന്നത്. സീസണ്‍ നോക്കിയാണ് ഓരോന്നു നടുന്നത്.”


പത്താം ക്ലാസിലെത്തിയതോടെ കൃഷി ചെയ്യുന്നതിന് അമ്മയ്ക്കും അച്ഛനും അത്ര താല്‍പര്യമില്ലായിരുന്നു.


വില്‍പനയ്ക്കും ആരോമലിന് സ്വന്തം വഴിയുണ്ട്. എല്ലാ ദിവസവും സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുന്ന വഴിയില്‍ ഓരോ വീട്ടിലും ചോദിക്കും.. പച്ചക്കറി വല്ലതും വേണോന്ന്. “വഴിയില്‍ കാണുന്ന ചില ചേച്ചിമാരൊക്കെ ചോദിച്ചു വാങ്ങാറുണ്ട്. ഞാന്‍ കൃഷി ചെയ്യാറുണ്ടെന്നു എല്ലാവര്‍ക്കും അറിയാം. വേണമെന്നു പറയുന്നവര്‍ക്ക് വീട്ടിലെത്തിയ ശേഷം പച്ചക്കറിയെടുത്ത് കൊണ്ടുപോയി കൊടുക്കും. രാസവളമൊന്നുമില്ലാത്ത പച്ചക്കറികളായ കൊണ്ട് കുറേ പേരു വാങ്ങും,” അതാണ് അവന്‍റെ ധൈര്യവും.

ആരോമല്‍ ആഴം കൂട്ടി വൃത്തിയാക്കിയ കുളം.

പത്താം ക്ലാസിലെത്തിയതോടെ കൃഷി ചെയ്യുന്നതിന് അമ്മയ്ക്കും അച്ഛനും അത്ര താല്‍പര്യമില്ലായിരുന്നു. പഠിത്തത്തിലുള്ള ശ്രദ്ധ കുറഞ്ഞുപോകുമല്ലോ എന്ന പേടി. ചേര്‍ത്തല പട്ടണക്കാട് പാറയില്‍ഭാഗം ലക്ഷ്മീവിലാസത്തില്‍ ജയകുമാറാണ് അച്ഛന്‍. കൂലിപ്പണിക്കാരനാണ്. അമ്മയുടെ പേര് മഞ്ജു.

“(പത്താംക്ലാസ്സിലെത്തിയപ്പോള്‍) കൃഷി കുറച്ചു ചെയ്താ മതിയെന്നൊക്കെ അവര് പറഞ്ഞു. പക്ഷേ ഞാന്‍ പഠിച്ചോളാം എന്നൊക്കെ പറഞ്ഞു. കൂടുതല്‍ നേരം പഠിക്കാനിരുന്നു.. അതോടെ അവര്‍ക്കു കുഴപ്പമില്ലായിരുന്നു. അത്ര മോശമല്ലാത്ത മാര്‍ക്ക് കിട്ടി”

ആരോമലിന് പത്താംക്ലാസ്സില്‍ 80 ശതമാനം മാര്‍ക്ക് കിട്ടി. പട്ടണക്കാട് എസ് സി യു ജി വി എച്ച് എസ് സ്‌കൂളിലായിരുന്നു. പ്ലസ് ടുവിന് അതേ സ്‌കൂളില്‍ തന്നെ ചേരുകയും ചെയ്തു.

“നാട്ടിലെ വയലാര്‍ ബി വി എല്‍പി സ്‌കൂളിലാണ് ഒന്നു മുതല്‍ നാലു വരെ പഠിച്ചത്. പൂര്‍വ വിദ്യാര്‍ഥിയായ എന്നെ കഴിഞ്ഞ പരിസ്ഥിതി ദിനത്തില്‍ സ്‌കൂളില്‍ വിളിച്ച് ആദരിച്ചു. പ്രകൃതിസംരക്ഷണത്തിന് എനിക്കൊരു അവാര്‍ഡ് തന്നു, മരം നടീച്ചു.. അതൊക്കെ വലിയ സന്തോഷമായി,” ആരോമല്‍ പറഞ്ഞു.

കൃഷി മാത്രമല്ല എഴുതാനും അഭിനയിക്കാനുമൊക്കെ ഇഷ്ടം കൂടിയുണ്ട് ആരോമലിന്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ രണ്ടു തവണ മികച്ച നടനായിരുന്നു. കവിതരചനയ്ക്കും സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. “ഒമ്പതിലും പത്താം ക്ലാസിലും പഠിക്കുമ്പോഴാണ് ബെസ്റ്റ് ആക്റ്ററാകുന്നത്. ‘ശൂ’ എന്ന നാടകമാണ് ചെയ്തത്. പൊതുസ്ഥലങ്ങളില്‍ ടോയ്‌ലെറ്റുകളില്ലാത്തതാണ് നാടകത്തിലൂടെ പറഞ്ഞത്. സാറ ജോസഫിന്‍റെ പരമരഹസ്യം എന്ന ചെറുകഥയാണ് ഞങ്ങള്‍ നാടകമാക്കിയത്. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണിത് ചെയ്തത്. സംസ്ഥാന തലത്തില്‍ എ ഗ്രേഡും കിട്ടി ഞങ്ങള്‍ക്ക്.”

“പാട്ടു പാടാനിഷ്ടമാണ്. കുറച്ചുകാലം പാട്ട് പഠിച്ചിട്ടുണ്ട്. നാടന്‍പാട്ട് പാടി സമ്മാനമൊക്കെ വാങ്ങിയിട്ടുണ്ട്. കവിതയെഴുതാനും കഥയെഴുതാനും ഇഷ്ടമാണ്. മത്സരങ്ങളിലൊക്കെ പങ്കെടുത്തിട്ടുമുണ്ട്. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ സംസ്ഥാനതല സ്‌കൂള്‍ കലോത്സവത്തില്‍ കവിതാരചനയ്ക്കും പങ്കെടുത്തിരുന്നു.”

“ഇങ്ങനെയൊക്കെ എഴുതാന്‍ പ്രോത്സാഹിപ്പിക്കുന്നത് എന്‍റെ രണ്ട് ടീച്ചര്‍മാരാണ്. സ്വപ്ന ടീച്ചറും സോണിയ ടീച്ചറും. മലയാളം അധ്യാപികമാരാണ്. ഹൈസ്‌കൂള്‍ ക്ലാസില്‍ ഇവരാണ് മലയാളം പഠിപ്പിച്ചത്. സാഹിത്യവേദിയുടെ പരിപാടികള്‍ക്കും കവിതാരചനയ്ക്കുമെല്ലാം ഈ ടീച്ചര്‍മാര്‍ എന്നെ വിളിക്കും. എന്തു സംശയങ്ങളും എപ്പോ ചോദിച്ചാലും ഇവര് പറഞ്ഞു തരും. കവിതയെഴുതിയാല്‍ ടീച്ചര്‍മാരോട് ചെന്ന് പറയും.. അവരത് കൊണ്ടുവരാനും പറയും.

“ഈ രണ്ട് ടീച്ചര്‍മാരെയും കണ്ടാണ് എനിക്ക് മലയാളം അധ്യാപകനാകണമെന്നു തോന്നിയത് തന്നെ. ഏറ്റവും വലിയ ആഗ്രഹമാണത്. മലയാളം അധ്യാപകനാകണം.. ഒപ്പം കൃഷിയും ചെയ്യണം. ഇതാണ് എന്‍റെ സ്വപ്നം.”

കൃഷിയും പാട്ടും കവിതയും മാത്രമല്ല, ചെറിയ കൈത്തൊഴിലുകളും ആരോമല്‍ ചെയ്യും. അതില്‍ നിന്ന് വരുമാനവും ഉണ്ടാക്കുന്നുണ്ട്. കുട്ടയും പായയുമൊക്കെ നെയ്ത് വില്‍പന നടത്തും.

ഇതൊക്കെ എങ്ങനെ പഠിച്ചു ഞാന്‍ അതിശയം അടക്കാന്‍ പറ്റാതെ ചോദിച്ചു.

“ഞങ്ങളുടെ നാട്ടില്‍ കുട്ടയൊക്കെ നെയ്യുന്ന കുറേപേരുണ്ടല്ലോ.. അവര് ചെയ്യുന്നത് കണ്ടാണ് ഞാന്‍ പഠിച്ചത്. പിന്നെ നെയ്ത പായും കുട്ടയും അഴിച്ചുനോക്കിയും പഠിച്ചെടുത്തു. നെയ്ത പായൊക്കെ അഴിച്ചു നോക്കുമ്പോള്‍ ടെക്‌നിക്ക് നമുക്ക് പിടിക്കിട്ടുമല്ലോ..,” എന്ന് (ഇതൊക്കെ സിംപിളല്ലേ ചേച്ചീ എന്ന മട്ടില്‍) അവന്‍ പറഞ്ഞുപോയി. വീട്ടാവശ്യത്തിനും അയല്‍പ്പക്കത്തെ ആന്‍റിമാര്‍ക്കും പാ നെയ്തു കൊടുത്തിട്ടുണ്ട്.

ചകിരി കൊണ്ട് മാലയുണ്ടാക്കും. അതിന്‍റെ ട്രിക്കും ആരോമല്‍ പറഞ്ഞുതന്നു–ഇതും വളരെ സിംപിളാ ചേച്ചീ എന്ന മട്ടില്‍: “… ചകിരിയുടെ നല്ല നീളമുള്ള നാര് എടുക്കണം. നാരിന്‍റെ വണ്ണമുള്ള ഭാഗം സൂചിയില്‍ കോര്‍ത്തെടുത്ത് ചെറുത് തുന്നിയെടുക്കണം. ഇങ്ങനെ എട്ടു പിടിയുള്ള മാലയാണ് ഉണ്ടാക്കുന്നത്. അത് 20 രൂപയ്ക്കാണ് വില്‍ക്കുന്നത്. നേരത്തെ അവധിക്കാലത്ത് ഇതുണ്ടാക്കി വില്‍ക്കുമായിരുന്നു. ടൂറിസം മേഖലകളില്‍ ഇതിന് ഡിമാന്‍റുണ്ട്!”


ഇതുകൂടി വായിക്കാം: 30 വര്‍ഷത്തിനുള്ളില്‍ പല രാജ്യങ്ങളിലായി ലക്ഷത്തിലധികം പ്രകൃതി സൗഹൃദ വീടുകള്‍ നിര്‍മ്മിച്ച പാവങ്ങളുടെ ആര്‍കിടെക്റ്റ്


ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌കൂളില്‍ നിന്നു മുട്ടക്കോഴിയെ കൊടുത്തു. അതിനെ വളര്‍ത്തി മുട്ടയൊക്കെ ഇടാന്‍ തുടങ്ങി. കൂടുതല്‍ കോഴികളായി. വീട്ടിലെ ആവശ്യത്തില്‍ കൂടുതല്‍ കിട്ടുന്ന മുട്ട വില്‍ക്കും. കോഴിമുട്ടയും ചീരയും കപ്പയുമൊക്കെ വിറ്റും പായയും കുട്ടയുമൊക്കെ നെയ്തും കിട്ടിയ തുക വെറുതെ പാഴാക്കാറില്ല. ആ തുകയാണിപ്പോള്‍ നാലായിരത്തിലെത്തിയത്. ആട്ടിന്‍ കുട്ടിയെ വാങ്ങാനുള്ള കാശാണത്.

“നെയ്ത്ത് വിദ്യയും അത്യാവശ്യം അറിയാം. തെങ്ങിന്‍ തൈയുടെ ഓല വെട്ടിയെടുത്ത് അതിന്‍റെ മടല്‍ കമിഴ്ത്തിയിട്ട് അളി ചെത്തി പൊളിച്ച് എടുക്കും. എന്നിട്ട് അത് നല്ല ഫ്‌ലെക്‌സിബിളാക്കിയെടുക്കണം. അതുപയോഗിച്ചാണ് കുട്ട നെയ്യുന്നത്. പത്ത് മടലുണ്ടെങ്കില്‍ വലിയ കുട്ടയുണ്ടാക്കാം. ഇതൊക്കെ വില്‍ക്കാറുണ്ട്. ഇതൊക്കെ എല്‍ പി ക്ലാസു മുതല്‍ ചെയ്യാറുണ്ട്.

“പക്ഷേ ഇപ്പോ കൃഷിയാണ് കൂടുതലും ചെയ്യുന്നത്. വിത്ത് ചോദിച്ചും എങ്ങനെ നടണമെന്നുമൊക്കെ പലരും ചോദിച്ചു വരാറുണ്ട്. കൃഷി ഭവന്‍, അയല്‍ക്കൂട്ടം വഴിയൊക്കെ വിത്തുകള്‍ കിട്ടാറുണ്ട്. രണ്ട് മൂന്ന് കൃഷിയ്ക്കുള്ള വിത്തുകള്‍ കൈവശമുണ്ട്. നെല്‍കൃഷി ചെയ്യണമെന്നതാണ് എന്‍റെ വലിയൊരു ആഗ്രഹം,” നാട്ടുകാരുടെ ഉണ്ണിക്കുട്ടന്‍ പറഞ്ഞവസാനിപ്പിക്കുന്നു. ഏഴാം ക്ലാസുകാരനായ ശ്രീഹരിയാണ് സഹോദരന്‍.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം