അരവിന്ദ് ഘാണ്ഡ്‌കെ

ബൈക്കിലെ പെട്രോള്‍ ഉപയോഗം 30% കുറയ്ക്കുന്ന കണ്ടുപിടുത്തവുമായി തുണിക്കച്ചവടക്കാരന്‍

ഈ സാങ്കേതികവിദ്യ പെട്രോള്‍ ഉപയോഗം മാത്രമല്ല, പുകയും മലിനീകരണത്തോതും കുറയ്ക്കും

 രവിന്ദ് ഘാണ്ഡ്‌കെ ഒരു തുണിവ്യാപാരിയാണ്. മഹാരാഷ്ട്രയിലെ കോല്‍ഹാപൂരില്‍ കൈത്തറി തുണിത്തരങ്ങള്‍ വില്‍ക്കുന്ന ഒരു ഷോപ്പുണ്ട്.

തുണിവ്യാപാരത്തിന്‍റെ ഭാഗമായി ചുറ്റുമുള്ള പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കുമൊക്കെ അദ്ദേഹം പോയിരുന്നത് മോട്ടോര്‍ സൈക്കിളില്‍ ആണ്. പണ്ട് രാജദൂത് ബൈക്കിലായിരുന്നു യാത്രകള്‍.

കച്ചവടത്തില്‍ നിന്ന് ലഭിക്കുന്ന ചെറിയ വരുമാനത്തില്‍ നിന്ന് നല്ലൊരു ഭാഗം പെട്രോളടിക്കാന്‍ മാത്രമായി പോകും. പെട്രോള്‍ വില കുറയ്ക്കാന്‍ നമ്മള് വിചാരിച്ചാല്‍ കഴിയില്ലല്ലോ. യാത്രകള്‍ കുറയ്ക്കാനും കഴിയില്ല. അപ്പോള്‍, പെട്രോളിന്‍റെ ഉപയോഗം എങ്ങനെ കുറയ്ക്കാമെന്ന ചിന്തയായി.


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം,
നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com


ഒരു നാടന്‍ ഗവേഷകന്‍ കൂടിയാണ് പത്താംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഈ മനുഷ്യന്‍. അതുകൊണ്ട് എന്‍ജിനില്‍ എന്തെങ്കിലും മാറ്റം വരുത്തി പെട്രോള്‍ ചെലവ് കുറയ്ക്കാന്‍ കഴിയുമോ എന്ന് ആലോചിച്ചു.

അ രവിന്ദ് ഘാണ്ഡ്‌കെ, അദ്ദേഹത്തിന്‍റെ ബൈക്കും

“പഴയ പെട്രോള്‍ വണ്ടികള്‍ക്ക് കാര്‍ബറേറ്ററുകള്‍ എന്‍ജിനോടൊപ്പം ഘടിപ്പിച്ചിട്ടുണ്ടായിരുന്നു. ഇതില്‍ ഇന്ധന ഉപയോഗം കുറയ്ക്കുന്നതിന് സഹായിക്കുന്ന ഒരു വാല്‍വ് ഞാന്‍ പരീക്ഷിച്ചു,” ആ 71-കാരന്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു.


എയര്‍ ഫില്‍റ്ററില്‍ എണ്ണമയം കണ്ടപ്പോള്‍ അദ്ദേഹത്തിന് തോന്നി, ആ വഴിക്കും നഷ്ടമുണ്ടാവുന്നുണ്ടെന്ന്


ഇന്ധനവും വായുവും വേണ്ട അനുപാതത്തില്‍ യോജിപ്പിച്ചാലെ എന്‍ജിന്‍ ശരിയായി പ്രവര്‍ത്തിക്കൂ. ശരിയായ അളവില്‍ ഈ മിശ്രണം നടത്തുന്ന ജോലിയാണ് കാര്‍ബറേറ്ററിന്‍റേത്.

ബൈക്കില്‍ ഏത് വഴിക്കൊക്കെയാണ് പെട്രോള്‍ നഷ്ടം ഉണ്ടാകുന്നതെന്ന് കണ്ടെത്താനായിരുന്നു ഘാണ്ഡ്‌കെയുടെ ആദ്യത്തെ ശ്രമം. 1980-ലാണത്. കാര്‍ബറേറ്ററിനെക്കുറിച്ചും എന്‍ജിനെക്കുറിച്ചുമൊക്കെ പഠിച്ചു. വണ്ടിയുടെ എയര്‍ ഫില്‍റ്ററില്‍ എണ്ണമയം കണ്ടപ്പോള്‍ അദ്ദേഹത്തിന് തോന്നി, ആ വഴിക്കും നഷ്ടമുണ്ടാവുന്നുണ്ടെന്ന്. ഈ നഷ്ടം തടയാന്‍ ഒരു വാല്‍വ് സംവിധാനം പരീക്ഷിച്ചു.

അ രവിന്ദ് ഘാണ്ഡ്‌കെയുടെ ബൈക്ക്

1983-ല്‍ സ്റ്റീല്‍ കൊണ്ട് വാല്‍വിന്‍റെ ആദ്യമാതൃക ഉണ്ടാക്കി. പക്ഷേ, അത് വേണ്ടത്ര ശരിയായി പ്രവര്‍ത്തിച്ചില്ല. വാല്‍വിന്‍റെ ഫ്‌ളാപ്പിന് ഭാരം കൂടുതലുണ്ടായിരുന്നു. സ്റ്റീലിന് പകരം വേറെ എന്തെങ്കിലും ഉപയോഗിച്ചുനോക്കാന്‍ തീരുമാനിച്ചു. അങ്ങനെ, നൈലോണും പോളിപ്രോപിലീനും ചേര്‍ത്തുള്ള ഒരു പുതിയ വാല്‍വ് ഡിസൈന്‍ ചെയ്തു. 1HP, 1.25HP എന്‍ജിനുകളില്‍ ഉപയോഗിക്കാവുന്നതായിരുന്നു അത് എന്ന് നാഷണല്‍ ഇന്നവേഷന്‍ ഫൗണ്ടേഷന്‍റെ വെബ്‌സൈറ്റില്‍ പറയുന്നു. ഈ പരിസ്ഥിതിസൗഹൃദ കണ്ടുപിടുത്തത്തിന് ഫൗണ്ടേഷന്‍ 2005-ല്‍ അദ്ദേഹത്തിന് പുരസ്‌കാരം നല്‍കുകയും ചെയ്തു.


ഇതുകൂടി വായിക്കാം: പിടിതരാത്ത ഒരു ജന്മം! അബ്കാരി ബാലന്‍റെ ജീവിതവഴികളില്‍ ലക്ഷക്കണക്കിന് മരങ്ങള്‍, കരിമ്പനകള്‍


1983-ലെ വാല്‍വ് പിന്നീട് പല തവണ പരിഷ്‌കരിച്ചു, ഘാണ്ഡ്‌കെ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു. 2018-ല്‍ അതില്‍ ഒരു വാട്ടര്‍ പ്രെഷര്‍ കിറ്റ് കൂടി ചേര്‍ത്തു. പെട്രോള്‍ ഉപയോഗം മുപ്പത് ശതമാനം വരെ കുറയ്ക്കാന്‍ ഇതുവഴി കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. വെള്ളം കൂടി ഉപയോഗിച്ചുകൊണ്ടുള്ള ഒരു രീതിയാണിത്.
“വെള്ളം ആവിയാക്കി അത് എന്‍ജിന്‍റെ പ്രവര്‍ത്തനക്ഷമത കൂട്ടുന്ന മറ്റൊരു ഊര്‍ജ്ജ സ്രോതസ്സാക്കുക എന്നതായിരുന്നു ഇതിന് പിന്നിലെ ഉദ്ദേശം,” അദ്ദേഹം വിശദീകരിക്കുന്നു.

എന്‍ജിനില്‍ പെട്രോള്‍ കത്തുമ്പോള്‍ പ്രത്യേകം ഘടിപ്പിച്ചിട്ടുള്ള ടാങ്കില്‍ നിന്നുള്ള വെള്ളം ആവിയാകും. ഇത് പ്രയോജനപ്പെടുത്തി ഇന്ധനക്ഷമത വര്‍ദ്ധിപ്പിക്കും ചെയ്യും എന്നാണ് അദ്ദേഹം പറയുന്നത്.

അരവിന്ദ് ഘാണ്ഡ്‌കെ

“ഈ ഹൈബ്രിഡ് സംവിധാനം കൊണ്ട് പെട്രോള്‍ ഉപയോഗിക്കുന്നതിന്‍റെ തോത് കുറയും, കരി അടിഞ്ഞുകൂടുന്നത് കുറയും. അതോടൊപ്പം എന്‍ജിന്‍ ഓയിലും കൂടുതല്‍ കാലം നില്‍ക്കും.”

എന്‍റെ ബൈക്കില്‍ 2,000 കിലോമീറ്റര്‍ ഓടിക്കഴിയുമ്പോഴാണ് എന്‍ജിന്‍ ഓയില്‍ മാറ്റാറുള്ളത്. ഈ സംവിധാനം ഘടിപ്പിച്ചതില്‍ പിന്നെ 5,000 കിലോമീറ്റര്‍ ഓടിക്കഴിഞ്ഞ് എന്‍ജിന്‍ ഓയില്‍ മാറ്റിയാല്‍ മതി, അദ്ദേഹം പറഞ്ഞു. അടുത്തുള്ള ടൗണുകളിലേക്കെല്ലാം പോകാന്‍ ഘാണ്ഡ്‌കെ ഇപ്പോഴും ബൈക്ക് തന്നെയാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് ഇന്ധനച്ചെലവിലുള്ള വ്യത്യാസം ശരിക്കും അദ്ദേഹത്തിന് അറിയാം.


ഈ സംവിധാനം ഘടിപ്പിച്ചതില്‍ പിന്നെ 5,000 കിലോമീറ്റര്‍ ഓടിക്കഴിഞ്ഞ് എന്‍ജിന്‍ ഓയില്‍ മാറ്റിയാല്‍ മതി


നാഷണല്‍ ഇന്നവേഷന്‍ ഫൗണ്ടേഷന്‍ വെബ്‌സൈറ്റ് അദ്ദേഹത്തിന്‍റെ അവകാശവാദങ്ങളെ ശരിവെയ്ക്കുന്ന തരത്തിലുള്ള വിവരങ്ങള്‍ തന്നെയാണ് നല്‍കുന്നത്:  പ്രീമിയര്‍ പത്മിനി കാറില്‍ ഈ വാല്‍വ് പരീക്ഷിച്ചപ്പോള്‍ (1980കളില്‍) ശരാശരി മൈലേജ് 13 കിലോമീറ്റര്‍ ആയി ഉയര്‍ന്നു. ഇത് ഘടിപ്പിക്കാതെ കിട്ടിയ മൈലേജ് പത്ത് കിലോമീറ്ററായിരുന്നു. പെട്രോള്‍ ഉപയോഗം 30 ശതമാനം കുറഞ്ഞു.

പുക പരിശോധനയിലും വലിയ മാറ്റങ്ങള്‍ കണ്ടു. 1999-ല്‍ കോല്‍ഹാപൂര്‍ ഗവ. പോളിടെക്‌നിക്കില്‍ നടത്തിയ കാര്‍ബണ്‍ മോണോക്‌സൈഡ്, ഹൈഡ്രോകാര്‍ബണ്‍ ടെസ്റ്റുകളുടെ ഫലം ഇതായിരുന്നു:
350 സി.സി എന്‍ഫീല്‍ഡിലാണ് ടെസ്റ്റ് നടത്തിയത്. 120 rpm ല്‍ കാര്‍ബണ്‍ മോണോക്‌സൈഡിന്‍റെ അളവില്‍ 8.3 ശതമാനത്തിവും 2000 rpm ല്‍ 19 ശതമാനവും കുറവ് രേഖപ്പെടുത്തി. ഹൈഡ്രോകാര്‍ബണ്‍ പുറന്തള്ളുന്നത് 120 rpm ല്‍ 28 ശതമാനവും 2000 rpm ല്‍ 82 ശതമാനവും കുറഞ്ഞു. സ്പീഡ് കൂടുന്തോറും ഇന്ധനം കത്തുന്നത് കൂടുമല്ലോ. അപ്പോള്‍ വാല്‍വിന്‍റെ പ്രയോജനം കൂടുതലായി ബോധ്യപ്പെടും. ഇന്ധനനഷ്ടവും പുകയും കുറയുകയും ചെയ്യുന്നു.

രണ്ട് കണ്ടുപിടുത്തങ്ങള്‍ക്കും ഘാണ്ഡ്‌കെയ്ക്ക് പേറ്റന്‍റും ലഭിച്ചിട്ടുണ്ട്.
നാട്ടുകാര്‍ക്ക് വളരെയേറെ പ്രയോജനം ചെയ്യുന്ന ഈ ഉപകരണങ്ങള്‍ വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മ്മിച്ചുകൂടെ എന്ന് ഞങ്ങള്‍ അദ്ദേഹത്തോട് ചോദിച്ചു.

ഞാനൊരു സാധാരണ തുണിക്കച്ചവടക്കാരനാണ്, എന്നായിരുന്നു മറുപടി. “എനിക്കിത് വ്യവസായമാക്കാനും കൂടുതലായി നിര്‍മ്മിച്ച് വില്‍ക്കാനുമുള്ള മൂലധനമൊന്നും കയ്യിലില്ല.”

എന്‍ജിനുകളും മോട്ടോര്‍വാഹനങ്ങളില്‍ പരീക്ഷണങ്ങള്‍ നടത്തലും ഘാണ്ഡ്‌കെയ്ക്ക് ഒരു ആവേശമാണ്… പെട്രോള്‍ ഉപയോഗം കുറയ്‌ക്കേണ്ടത് ആവശ്യവുമായിരുന്നു. അങ്ങനെയാണ് ഈ വാല്‍വ് കണ്ടെത്തുന്നത്.


ഇതുകൂടി വായിക്കാം: ‘മഴവെള്ള കുത്തിവെയ്പ്പി’ലൂടെ 30 വര്‍ഷം കൊണ്ട് ആന്‍റോജി സംഭരിച്ചത് 300 കോടി ലിറ്റര്‍ ശുദ്ധജലം


“ആരെങ്കിലും ഈ ഉപകരണം മുന്നോട്ടുകൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവരുമായി സാങ്കേതിക വിദ്യ പങ്കുവെക്കാന്‍ എനിക്ക് സന്തോഷമേയുള്ളൂ,” ആ 71-കാരന്‍ പറഞ്ഞു.

****
ചിത്രങ്ങള്‍ക്ക് കടപ്പാട്: അരവിന്ദ് ഘാണ്ഡ്കെ

അരവിന്ദ് ഘാണ്ഡ്‌കെയെ ഈ ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെടാം: arvinde6@gmail.com

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം