കൈകൊണ്ടെഴുതിയ തെരഞ്ഞെടുപ്പ് പോസ്റ്റര്‍. പലവര്‍ണക്കടലാസുകളില്‍ പോസ്റ്റര്‍ കളര്‍ കൊണ്ട് വരഞ്ഞവ. അതൊരു നൊസ്റ്റാള്‍ജിയ ആയിക്കൊണ്ടിരിക്കുകയാണ്, അതിവേഗം. ഹൈടെക്ക് പ്രിന്‍റിങ്ങും ഫ്‌ളെക്‌സും കീഴടക്കിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍.
എങ്കിലും പ്ലാസ്റ്റിക്കും ഫ്ളെക്സും നിരോധിച്ച നിരവധി കാമ്പസുകളുണ്ട് കേരളത്തില്‍. തുണിയില്‍ പ്രിന്‍റ് ചെയ്ത ബാനറുകളും കടലാസ് പോസ്റ്ററുകളും ഇപ്പോഴും ഉപയോഗിക്കുന്ന കാമ്പസുകള്‍.
“ഞങ്ങളുടെ കാമ്പസ് പ്ലാസ്റ്റിക് ഫ്രീ ആണ്,” തൃശ്ശൂര്‍ ഗവണ്‍മെന്‍റ് എന്‍ജിനീയറിങ്ങ് കോളെജിലെ മുന്‍ വിദ്യാര്‍ത്ഥിയായ ശ്യാം പ്രദീപ് പറയുന്നു. “തുണിയില്‍ പ്രിന്‍റിങ്ങ് ബുദ്ധിമുട്ടാണ്, ഫ്‌ളെക്‌സ് പ്രിന്‍റിങ്ങിന്‍റെ ഇക്കാലത്ത്. അതുകൊണ്ട് ഞങ്ങളൊരു പുതിയ വഴി ആലോചിച്ചു…”
തുണി ബാനറുകളും സാധാരണ പോസ്റ്ററുകളും സാങ്കേതിക വിദ്യയുടെ സഹായത്തോടെ എങ്ങനെ ഹൈടെക് ആക്കാം എന്നതായിരുന്നു അവരുടെ ചിന്ത.
ഫ്‌ളെക്‌സിന് പകരം, എന്നാല്‍ അതിനേക്കാള്‍ മെച്ചപ്പെട്ട ഒന്ന്. അങ്ങനെ ശ്യാമും തോംസണും കൂട്ടുകാരും ചേര്‍ന്നു തൃശ്ശൂര്‍ എന്‍ജിനീയറിങ്ങ് കോളെജില്‍ രൂപം കൊടുത്ത സ്റ്റാര്‍ട്ട് അപ് കമ്പനി ഓഗ്മെന്‍റഡ് റിയാലിറ്റി (എ ആര്‍) പ്രയോജനപ്പെടുത്തുന്ന ഒരു മൊബൈല്‍ ആപ്പ് ഉണ്ടാക്കി. തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഓഗ്മെന്‍റഡ് റിയാലിറ്റി എങ്ങനെ ഉപയോഗിക്കാമെന്നതായിരുന്നു ചിന്ത.
അവര്‍ തയ്യാറാക്കിയ ആപ്പ് ഈയിടെ തൃശ്ശൂര്‍ എന്‍ജിനീയറിങ്ങ് കോളെജിലെ തെരഞ്ഞെടുപ്പില്‍ വിജയകരമായി പരീക്ഷിച്ചു.
പോസ്റ്ററുകളിലേക്ക് മൊബൈല്‍ ക്യാമറ തുറന്നാല്‍ പ്രചാരണവിവരങ്ങള്‍, ചിത്രങ്ങള്‍, വീഡിയോ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചുള്ള വിവരങ്ങള്‍, മുദ്രാവാക്യങ്ങള്‍, ത്രീഡി ചിത്രങ്ങള്‍ തുടങ്ങി നിരവധി വിവരങ്ങള്‍ ഫോണില്‍ തെളിയും.
“ആപ്പില്‍ ഓഫ്‌ലൈന്‍ ഡാറ്റയാണ് ഉപയോഗിക്കുന്നത്,” ഇന്‍ഫ്യൂസറി ഡിസൈന്‍സ് എന്ന സ്റ്റാര്‍ട്ടപ്പിന്‍റെ മാനേജിങ്ങ് ഡയറക്ടറും ടെക് ലീഡുമായ ശ്യാം പ്രദീപ് ദ ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു.
“എവിടെ നോക്കിയാലും ഫ്‌ളെക്‌സ് ബോര്‍ഡുകളാണ്. ലോകകപ്പ് ഫുട്‌ബോള്‍ കാലത്ത് കേരളം മുഴുവന്‍ ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ കൊണ്ട് നിറഞ്ഞു. തെരഞ്ഞെടുപ്പായാല്‍ ഫ്‌ളെക്‌സുകളുടെ പ്രളയമാവും. ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്ങ്ങളോര്‍ക്കുമ്പോള്‍ അതെങ്ങനെ കുറക്കാം എന്നുകൂടി ഞങ്ങള്‍ ആലോചിച്ചു. അങ്ങനെയാണ് ഓഗ്മെന്റഡ് റിയാലിറ്റി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എങ്ങനെ ഉപയോഗിക്കാം എന്ന ആലോചനയുണ്ടാവുന്നത്,” ശ്യാം വിശദീകരിക്കുന്നു.
“ഞങ്ങളുടെ ആപ്പ് ഉപയോഗിച്ചാല്‍ വളരെ ഫലപ്രദമായി പ്രചാരണം നടത്താമെന്നുമാത്രല്ല ഫ്‌ളെക്‌സ് ബോര്‍ഡുകളുടെ ഉപയോഗം പരമാവധി കുറക്കുകയും ചെയ്യാം. കൂടാതെ പുതിയ തലമുറയിലേക്ക് പ്രചാരണം കൂടുതല്‍ ഫലപ്രദമായി എത്തിക്കുകയും ചെയ്യാം.”
എന്‍ജിനീയറിങ്ങ് പഠിച്ചിറങ്ങിയവരും വിദ്യാര്‍ത്ഥികളുമായ ആറുപേരാണ് ഇന്‍ഫ്യൂസറിക്ക് പിന്നില്‍. “ഞാനും കോട്ടയംകാരനായ തോംസണ്‍ ടോമും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലെക്ടിക്കല്‍ ആന്‍റ് ഇലെക്ടോണിക് എന്‍ജിനീയേഴ്‌സില്‍ വൊളണ്ടിയേഴ്‌സ് ആയിരുന്നു. അവിടെ വെച്ചാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്,” ആ കൂട്ടിന്‍റെ കഥ ശ്യാം പറയുന്നു. രണ്ടുപേരും എ ആറിലും വെര്‍ച്വല്‍ റിയാലിറ്റിയിലും തല്‍പരര്‍. അതുതന്നെയാണ് പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഒരു സ്റ്റാര്‍ട്ട് അപ്പിലേക്ക് അവരെ എത്തിക്കുന്നതും. ആദില്‍ ഖാനും സി എ ടോണിയും അജയ് അരവിന്ദും കൂട്ടുചേര്‍ന്നു.
കേരളത്തിലെ വിവിധ കേളെജുകളില്‍ ഓഗ്മെന്‍റഡ് റിയാലിറ്റിയെക്കുറിച്ചും വെര്‍ച്വല്‍ റിയാലിറ്റിയെക്കുറിച്ചും ശില്‍പശാലകള്‍ സംഘടിപ്പിച്ചുകൊണ്ടാണ് ഇന്‍ഫ്യൂസറിയുടെ തുടക്കം. പതിനഞ്ച് എന്‍ജിനീയറിങ്ങ് കോളെജുകളില്‍ ഇതിനകം ശില്‍പശാലകള്‍ നടത്തിക്കഴിഞ്ഞുവെന്ന് ശ്യാം പറഞ്ഞു.
മൂന്ന് വര്‍ഷം മുമ്പാണ് (2015) ഇന്‍ഫ്യൂസറിയുടെ തുടക്കം. എ ആറിന്റെയും വെര്‍ച്വല്‍ റിയാലിറ്റിയുടെയും സാധ്യതകള്‍ വിദ്യാഭ്യാസ രംഗത്ത് പരമാവധി പ്രയോജനപ്പെടുത്തുകയെന്നതുകൂടിയാണ് ഇന്‍ഫ്യൂസറിയുടെ ലക്ഷ്യം.
അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എ ആര്‍ പ്രചാരണമാര്‍ഗങ്ങള്‍ വ്യാപകമായി ഉപയോഗിക്കാമെന്നും അതുവഴി ഫ്ലെക്സിന്‍റെ ഉപയോഗം കുറയ്ക്കാമെന്നും ഇന്‍ഫ്യൂസറി കണക്കുകൂട്ടുന്നു. “ഞങ്ങളുടെ ആപ്പിന്‍റെ ഉപയോഗം അടുത്ത തെരഞ്ഞെടുപ്പില്‍ വ്യാപകമാക്കാമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്,” അതിനുള്ള തയ്യാറെടുപ്പിലാണ് ഈ യുവാക്കളുടെ സ്റ്റാര്‍ട്ട് അപ്.