സുനാമികയെപ്പോലെ ചേക്കുട്ടിയും: തുണിക്കീറുകളിൽ നിന്ന് അതിജീവനത്തിന്‍റെ ആകാശങ്ങളിലേക്ക്

“പ്രളയത്തില്‍ നദികള്‍ ദിശ മാറി ഒഴുകിയതുപോലെ, എന്‍റെ മനസ്സിലെ കഥയും ദിശ മാറി ഒഴുകിയാണ് ‘പെരുമഴയത്തെ കുഞ്ഞിതളുകളാ’യത്,” എന്ന് പ്രിയ എ എസ് എഴുതുന്നു.

Promotion

തിനാല് വർഷങ്ങൾക്ക് മുമ്പ്. കടലോര പ്രദേശങ്ങളെ തച്ചുതകർത്ത സുനാമി. എല്ലാം നശിപ്പിച്ച രാക്ഷസത്തിര ഒഴിഞ്ഞപ്പോൾ ബാക്കിയായതെല്ലാം കൂട്ടിപ്പിടിച്ച് ജീവിതം വീണ്ടും തുന്നിച്ചേർത്തെടുത്ത ആയിരക്കണക്കിന് മനുഷ്യർ. പുതുച്ചേരിയിലെ നൂറുകണക്കിന് മത്സ്യത്തൊഴിലാളി സ്ത്രീകൾക്ക് താങ്ങായത് സുനാമികയാണ്. പലനിറങ്ങളിലെ തുണിത്തുണ്ടുകൾ ചേർത്തുണ്ടാക്കിയ പാവക്കുഞ്ഞാണ് സുനാമിക. അവൾ പിന്നീട് അതിജീവനത്തിന്‍റെ മറ്റൊരു പേരായി. 

സുനാമികയുടെ കഥ സ്കൂൾ പാഠപുസ്തകളിലെത്തി, പുസ്തകമായി, പല ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി.

സുനാമിക

യുനെസ്കോ അംഗീകാരവും അവളെത്തേടിയെത്തി. 

സർവവും മുക്കിയ പ്രളയത്തിൽ നിന്നും നീന്തിക്കയറിയ കേരളത്തിനുമുണ്ട് തോൽക്കാൻ മനസ്സില്ലെന്ന തീരുമാനത്തിന്‍റെ ചിഹ്നമായി ചേക്കുട്ടി. വെള്ളപ്പൊക്കത്തിൽ മുങ്ങി ഉപയോഗശൂന്യമായ ചേന്ദമംഗലം കൈത്തറിക്കീറുകൾ ചേർത്തുണ്ടാക്കിയ പാവ. ഫാഷന്‍ ഡിസൈനറായ ലക്ഷ്മി എന്‍. മേനോന്‍റെയും ടൂറിസം സംരഭകനായ ഗോപിനാഥ് പാറയിലിന്‍റെയും മനസ്സിലുണ്ടായ ആശയമായിരുന്നു ചേക്കുട്ടിപ്പാവ. അത് കേരളം ഏറ്റെടുത്തു. 

ആ തുണിപ്പാവ സാഹിത്യസൃഷ്ടികൾക്കും പ്രചോദനമാവുകയാണ്. ഒന്നല്ല, പല എഴുത്തുകാരാണ് ചേക്കുട്ടിപ്പാവയെ കഥാപാത്രമാക്കുന്നത്. കവി വീരാൻകുട്ടി എഴുതിയ പറന്ന് പറന്ന് ചേക്കുട്ടിപ്പാവ എന്ന കൃതി ശിശുദിനത്തിന് പ്രകാശനം ചെയ്തു. നോവലിസ്റ്റ് സേതു, കവി എം ആർ രേണുകുമാർ തുടങ്ങി നിരവധി എഴുത്തുകാർ ചേക്കുട്ടിപ്പാവയെ കഥാപാത്രമാക്കുമെന്ന് പ്രസാധകരായ ഡി സി ബുക്സ് അറിയിക്കുന്നു.

എഴുത്തുകാരി പ്രിയ എ എസും ചേക്കുട്ടിയെ കഥാപാത്രമാക്കി; പെരുമഴയത്തെ കുഞ്ഞിതളുകൾ എന്ന കൃതിയിൽ. പൂർണ ബുക്സാണ് പ്രസാധകർ. 

യഥാർത്ഥത്തിൽ പ്രിയ എ എസ് എഴുതാനിരുന്നത് മറ്റൊരു കഥയാണ്.

പ്രളയവും ബാധിക്കപ്പെട്ടവരുടെ ദുരിതങ്ങൾ നേരിട്ടുകണ്ടതും പ്രിയയുടെ തീരുമാനങ്ങളെ മാറ്റിമറിച്ചു.  

ചേക്കുട്ടിപ്പാവ. ഫോട്ടോ: ഫേസ്ബുക്ക്/ ചേക്കുട്ടി


“പ്രളയത്തില്‍ നദികള്‍ ദിശ മാറി ഒഴുകിയതുപോലെ, എന്‍റെ മനസ്സിലെ കഥയും ദിശ മാറി ഒഴുകിയാണ് ‘പെരുമഴയത്തെ കുഞ്ഞിതളുകളാ’യത്,” പ്രിയ തന്‍റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. 

Promotion


പ്രിയ ജോലി ചെയ്യുന്ന കൊച്ചിൻ യൂണിവേഴ്സിറ്റിയും പ്രളയബാധിതരെ പാർപ്പിക്കുന്ന ക്യാമ്പാക്കി മാറ്റിയിരുന്നു. അവിടെക്കണ്ടുമുട്ടിയ “നനഞ്ഞുവിറങ്ങലിച്ച ഓരോ ജീവിത ഏടുകളും” തന്‍റെ പുസ്തകത്തിന് കാരണമായെന്ന് കഥാകാരി എഴുതുന്നു. “പ്രളയശേഷം , വേറെ എന്തെങ്കിലും കഥകളുമായി കുട്ടികളുടെ മുന്നില്‍ വരുന്നതില്‍ യാതൊരര്‍ത്ഥവുമില്ലെന്നു തോന്നി.”അങ്ങനെയാണ് പ്രിയ എ എസ് ചേക്കുട്ടിപ്പാവയിലേക്കെത്തുന്നത്. 


“പ്രളയകാലം നോവിച്ച ഓരോ കുട്ടിയെയും ,ഈ പുസ്തകം ഒരക്ഷരച്ചേക്കുട്ടിയായി കൈ പിടിച്ച് ചേറിനപ്പുറത്തേക്ക് കൊണ്ടുപോകണേ ,ഇനിയൊരു പ്രളയം വരാതിരിക്കാന്‍ തക്ക മുന്‍കരുതലുകളെടുക്കാന്‍ തക്ക വണ്ണം ശാസ്ത്രീയമായ ഉള്‍ക്കാഴ്ചകളിലേക്ക് ഒരു പിടി കുഞ്ഞിതളുകളെയെങ്കിലും പ്രേരിപ്പിക്കണേ…”  പ്രിയ കുറിക്കുന്നു.  വീരാൻകുട്ടിയുടെ കൃതിയിൽ ചേക്കുട്ടിപ്പാവ കുട്ടികളുടെ ചങ്ങാതിയാണ്. മായാവിയെപ്പോലെ കൂട്ടുകാരെയും ചുമലിരുത്തി പറക്കുന്ന ആകാശസഞ്ചാരിയാണ്. സ്കൂളിന്റെ മതിൽക്കെട്ടിനകത്തു നിന്ന് കൂട്ടുകാരെയുംകൊണ്ട് പറക്കുന്ന ചേക്കുട്ടി നാട്ടിലെ കാഴ്ചകളെല്ലാം കാണിച്ചുകൊടുക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെയും പരസ്പരസ്നേഹത്തിന്റെയുമൊക്കെ സന്ദേശങ്ങൾ ഈ ആകാശക്കാഴ്ചകളിലൂടെ കുട്ടികളിലേക്കെത്തുന്നു.

 
“ഇക്കഥ വായിച്ചുകഴിയുമ്പോള്‍  കുഞ്ഞുമനസ്സുകളിലും ചിറകുവച്ച്, ജീവന്‍ വച്ച് ഉയിര്‍ക്കാതിരിക്കില്ല,” വീരാൻകുട്ടി കുറിക്കുന്നു. 


റോണി ദേവസ്യ എന്ന ചിത്രകാരനാണ് ചേക്കുട്ടിപ്പാവക്ക് കുട്ടികൾക്കെല്ലാം ഇഷ്ടപ്പെടുന്ന തരത്തിൽ ചിത്രീകരണം നടത്തിയിരിക്കുന്നത്. 

 

ഈ ആര്‍ട്ടിക്കിള്‍ ഇഷ്ടമായോ? അഭിപ്രായം അറിയിക്കൂ:malayalam@thebetterindia.com നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

Promotion

Leave a Reply

Your email address will not be published. Required fields are marked *

തെരഞ്ഞെടുപ്പില്‍ ഫ്ളെക്സ് വേണ്ട: പ്രചാരണത്തിന് ഓഗ്മെന്‍റഡ് റിയാലിറ്റി മൊബൈല്‍ ആപ്പുമായി യുവ ടെക്കികള്‍