ശിവസേനാപതി മുന്നിട്ടിറങ്ങി, 1,500 അടി താഴ്ത്തിയിട്ടും വെള്ളം കിട്ടാക്കനിയായ ഗ്രാമം ജലസമ്പന്നമായി

സംസ്ഥാനത്ത് ആകെ കിട്ടുന്ന മഴയുടെ പകുതി മാത്രമേ ഇവിടെ കിട്ടാറുള്ളു.

ലക്ഷാമം വളരെ രൂക്ഷമായിരുന്നു, ആ വര്‍ഷവും.

തിരുപ്പൂരിലെ കുട്ടപ്പാളയം എന്ന ഗ്രാമത്തിലെ കാര്‍ത്തികേയ ശിവസേനാപതി എന്ന ജൈവകര്‍ഷകനെയും അത് വല്ലാതെ അലട്ടി. തിരുപ്പൂര്‍ ജില്ലയില്‍ മാത്രമല്ല, ആ മേഖല മുഴുവനായും വരള്‍ച്ചയുടെ പിടിയിലായിരുന്നു. 2016-ലാണത്.

തുടര്‍ച്ചയായി മഴ കിട്ടാതായി. വരള്‍ച്ച മുന്‍വര്‍ഷത്തേക്കാള്‍ കടുത്തു. കൃഷി ചെയ്യാനോ മാടുകള്‍ക്ക് കുടിക്കാനോ വെള്ളമില്ലാതായി. ഗ്രാമത്തിലെ കര്‍ഷകര്‍ വലിയ തുക ചെലവിട്ടാണ് വെള്ളം വാങ്ങിക്കൊണ്ടിരുന്നത്. വെള്ളം വാങ്ങാന്‍ കാശില്ലാത്ത പാവം കര്‍ഷകര്‍ക്ക് മുന്നില്‍ അധികം വഴികള്‍ ഉണ്ടായിരുന്നില്ല–കൃഷി ഉപേക്ഷിക്കുക, തൊഴില്‍ തേടി നാടുവിടുക.

കുട്ടപ്പാളയം ഉള്‍പ്പെടുന്ന കൊങ്കു മേഖല പടിഞ്ഞാറന്‍ തമിഴ് നാട്ടില്‍ പശ്ചിമഘട്ടത്തിന്‍റെ മഴനിഴല്‍ പ്രദേശത്താണ്.


പ്രകൃതിസൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com


സംസ്ഥാനത്ത് ആകെ കിട്ടുന്ന മഴയുടെ പകുതി മാത്രമേ ഇവിടെ കിട്ടാറുള്ളു. 1950 കളില്‍ ഈ മഴനിഴല്‍ പ്രദേശത്ത് വര്‍ഷത്തില്‍ 620 മില്ലിമീറ്റര്‍ മുതല്‍ 650 മി.മി. വരെയായിരുന്നു മഴ കിട്ടിക്കൊണ്ടിരുന്നത്. തമിഴ്‌നാട്ടിലെ മൊത്തം ശരാശരി വര്‍ഷപാതം 1150 എം. എം ആയിരുന്നപ്പോഴാണിത്. അതുകൊണ്ട് പശുവിനേയും ആടിനേയുമൊക്കെ പോറ്റിയാണ് പ്രദേശത്തെ ആളുകള്‍ ജീവിച്ചുകൊണ്ടിരുന്നത്. കൃഷി വളരെക്കുറച്ച് പേര്‍ മാത്രമേ ചെയ്തുകൊണ്ടിരുന്നുള്ളൂ.

വെള്ളമില്ലാതെ എങ്ങനെ കാലികളെ പോറ്റും…? നാട്ടുകാര്‍ കൃഷിയുപേക്ഷിക്കാന്‍ തുടങ്ങി. ഫോട്ടോ: Senaapathy Kangayam Cattle Research Foundation

എന്നാല്‍ അമ്പതുകളില്‍ ലോവര്‍ ഭവാനി കനാല്‍ വന്നതോടെ ഈ പ്രദേശത്ത് വലിയ മാറ്റമാണ് ഉണ്ടായത്. കൃഷിക്കായി ഒരുപാട് വെള്ളം കിട്ടി.

വെള്ളം കിട്ടാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ കൃഷി തുടങ്ങി. തെങ്ങും നെല്ലും കരിമ്പും ആയിരുന്നു പ്രധാനം. വെള്ളം നന്നായി വേണ്ട വിളകളാണല്ലോ നെല്ലും കരിമ്പുമൊക്കെ. ഇതിനോടൊപ്പം കൊങ്കു പ്രദേശത്ത് വ്യവസായവികസനവും കാര്യമായി നടന്നു. വ്യവസായങ്ങള്‍ക്കും വെള്ളം വേണമല്ലോ.

അങ്ങനെ പ്രദേശത്ത് കുഴല്‍ക്കിണറുകള്‍ വ്യാപകമായി. തുടക്കത്തിലൊക്കെ അമ്പതടിയില്‍ താഴ്ത്തിയാല്‍ വെള്ളം കിട്ടുമായിരുന്നു. പിന്നെപ്പിന്നെ അത് 1,500 അടി വരെ പോയാലും വെള്ളം കിട്ടാത്ത സ്ഥിതിയായി.

ഇതിനോടൊപ്പം പശ്ചിമഘട്ടത്തിലെ വനനശീകരണം കൂടി. ഫലം കടുത്ത ജലദാരിദ്ര്യം. കുഴല്‍ക്കിണറുകളും വറ്റി.

കാര്‍ത്തികേയ ശിവസേനാപതി. ഫോട്ടോ: Senaapathy Kangayam Cattle Research Foundation

മൊത്തത്തില്‍ തമിഴ്‌നാടിന്‍റെ സ്ഥിതി ഇതില്‍ നിന്ന് വ്യത്യസ്തമൊന്നുമല്ല.

“നാടന്‍ കന്നുകാലി സംരക്ഷണത്തില്‍ മാത്രം ശ്രദ്ധിച്ചതുകൊണ്ടു കാര്യമില്ലെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി,” തമിഴ് നാട്ടിലെ പ്രമുഖ നാടന്‍ കന്നുകാലി സംരക്ഷണ പ്രവര്‍ത്തകന്‍ കൂടിയായ ശിവസേനാപതി ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു. “വെള്ളമാണ് ആദ്യം വേണ്ടത്.”


ആദ്യ വര്‍ഷം മഴ നവംബറില്‍ എത്തി. ഏപ്രില്‍ ആയപ്പോഴേക്കും കുളം വരണ്ടുപോയി.


സേനാപതി കങ്കയം കാറ്റില്‍ റിസേര്‍ച്ച് ഫൗണ്ടേഷന്‍ (എസ് കെ സി ആര്‍ എഫ്) എന്ന സംഘടനയുടെ സഹസ്ഥാപകന്‍ കൂടിയായ ശിവസേനാപതി തുടരുന്നു. “കങ്കയം ബ്ലോക്കിലെ വല്ലിയാരച്ചല്‍ ഗ്രാമത്തില്‍ 4.3 ഏക്കറില്‍ ഒരു മഴവെള്ള സംഭരണി കുഴിക്കുകയാണ് ഞങ്ങള്‍ ആദ്യം ചെയ്തത്. അതിന് ചുറ്റും തെങ്ങ് നട്ടു.”

2017 ആഗസ്തില്‍ കുളത്തിന്‍റെ പണി തുടങ്ങി. ഒക്ടോബര്‍ അവസാനത്തോടെ 750-800 അടി നീളവും 380-400 അടി ആഴവുമുള്ള കുളം പൂര്‍ത്തിയായി.

മഴവെളള സംഭരണി ഫോട്ടോ: Senaapathy Kangayam Cattle Research Foundation

“ആദ്യ വര്‍ഷം മഴ നവംബറില്‍ എത്തി. ഏപ്രില്‍ ആയപ്പോഴേക്കും കുളം വരണ്ടുപോയി. രണ്ടാം വര്‍ഷം കുളത്തില്‍ ജൂലൈ അവസാനം വരെ ഉണ്ടായിരുന്നു. ഈ വര്‍ഷം ആഗസ്ത്-സെപ്തംബറോടെ മഴയെത്തുന്നതുവരെ കുളത്തില്‍ വെള്ളം ഉണ്ടാവുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. മണ്‍സൂണ്‍ ആണ് ഞങ്ങളുടെ ആശ്രയം,” ശിവസേനാപതി വിശദീകരിക്കുന്നു.

വല്ലിയാരച്ചല്‍ ഗ്രാമത്തിന് രണ്ടായിരം വര്‍ഷത്തിലധികം വര്‍ഷത്തെ ചരിത്രമുണ്ടെന്ന് അദ്ദേഹം തുടരുന്നു. പുരാണകഥകളില്‍ മുരുകന്‍ സ്വാമി ഭാര്യ വല്ലിയെ കണ്ടുമുട്ടിയത് ഇവിടെ വെച്ചാണെന്നാണ് വിശ്വാസം. ഗ്രാമത്തില്‍ മുരുകന്‍റെ പഴയൊരു അമ്പലവുമുണ്ട്. ഇവിടെയുള്ള ശിവക്ഷേത്രം 1,100 വര്‍ഷം മുമ്പ് ചോള രാജാക്കന്‍മാര്‍ നിര്‍മ്മിച്ചതാണെന്നാണ് കരുതപ്പെടുന്നത്. ഈ ക്ഷേത്രത്തിന് എതിര്‍ വശത്താണ് കുളം ഉണ്ടാക്കിയിരിക്കുന്നത്.

കുളം നിര്‍മ്മിക്കാന്‍ ഫൗണ്ടേഷന്‍ 20-25 തൊഴിലാളികളുടെ സഹായം തേടി. ഒപ്പം കുഴിക്കാനും കള്‍വെര്‍ട്ടുകള്‍ ഉണ്ടാക്കാനുമൊക്കെ യന്ത്രങ്ങള്‍ ഉപയോഗിക്കുകയും ചെയ്തു. പത്ത് ട്രാക്ടറുകളും അഞ്ച് ടിപ്പര്‍ ലോറികളും 30 ദിവസം വാടയ്‌ക്കെടുത്തു, മണ്ണ് നീക്കാനും മറ്റുമായി.

മഴവെളള സംഭരണി ഫോട്ടോ: Senaapathy Kangayam Cattle Research Foundation

നീക്കിയ മണ്ണ് അടുത്തുള്ള കൃഷിക്കാര്‍ കൊണ്ടുപോയി. അവരുടെ ഭൂമിയില്‍ നിക്ഷേപിച്ചു. നല്ല വളക്കൂറുള്ള മണ്ണായിരുന്നു. നാട്ടുകാര്‍ കൊണ്ടുപോയിട്ടും മണ്ണ് പിന്നെയും ബാക്കിയുണ്ടായിരുന്നു. അത് ഫൗണ്ടേഷന്‍റെ ഫാമുകളില്‍ ഉപയോഗിച്ചു. പിന്നെ ഫാമിലെ തൊഴിലാളികള്‍ക്ക് താമസിക്കാന്‍ പരിസ്ഥിതി-സൗഹൃദ മണ്‍വീടുകള്‍ ഉണ്ടാക്കാന്‍ പ്രയോജനപ്പെടുത്തി.


ഇതുകൂടി വായിക്കാം: ആക്രിയും മദ്യക്കുപ്പികളും പെറുക്കി ഈ ബി എഡ് വിദ്യാര്‍ത്ഥി നേടുന്നത് മാസം 40,000 രൂപ


കുളം വന്നതോടെ ഗ്രാമവാസികള്‍ ബോര്‍വെല്‍ ഉപയോഗിക്കുന്നത്  വളരെയധികം കുറച്ചു എന്ന് ശിവസേനാപതി പറയുന്നു. കുളത്തിലെ വെള്ളം ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്തുന്നതിന് സഹായിച്ചു. എന്ന് മാത്രമല്ല, ചുറ്റുമുള്ള 100 കിണറുകളിലും  കുഴല്‍ക്കിണറുകളിലും വെള്ളമായി. കുളത്തിന് കിഴക്ക് രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ ഭൂഗര്‍ഭജലവിതാനം വര്‍ദ്ധിച്ചു, അദ്ദേഹം കൂട്ടിചേര്‍ത്തു.

കൃഷി പതിയെ മടങ്ങിവന്നുതുടങ്ങിയെങ്കിലും നാട്ടുകാര്‍ പഴയ അനുഭവങ്ങളില്‍ നിന്ന് പാഠം പഠിച്ചുകഴിഞ്ഞിരുന്നു. “തെങ്ങ്, കരിമ്പ് തുടങ്ങി വെള്ളം അധികം വേണ്ടുന്ന കൃഷികള്‍ ജനങ്ങള്‍ കുറച്ചു. പകരം ഉള്ളിയും നിലക്കടലയും (കപ്പലണ്ടി) പച്ചക്കറികളുമൊക്കെ ശ്രദ്ധിക്കാന്‍ തുടങ്ങി.

“പിന്നെ, കുഴല്‍ക്കിണറുകള്‍ വറ്റിപ്പോവുമെന്ന പേടിയും ഇപ്പോഴില്ല. വലിയ ആത്മവിശ്വാസത്തോടെയാണ് അവര്‍ ഇപ്പോള്‍ കൃഷി ചെയ്യുന്നത്,” ശിവസേനാപതി പറഞ്ഞു.

നാടന്‍ കാള. ഫോട്ടോ: Senaapathy Kangayam Cattle Research Foundation

“കുളം വന്നതില്‍പ്പിന്നെ ഗ്രാമത്തിലെ 100 ഏക്കറില്‍ കൂടി കൃഷിയിറക്കാന്‍ കഴിഞ്ഞു,” നാട്ടിലെ ശെന്തില്‍ എന്ന കര്‍ഷകന്‍ ഒരു തമിഴ് ചാനലിനോട് പറഞ്ഞു. “മഴവെള്ളം പാഴാവത്തതുകൊണ്ട് ഞങ്ങള്‍ക്ക് കുറെക്കാലം ഉപയോഗിക്കാം.”

“നേരത്തെ മഴ പെയ്താല്‍ അത് മൊത്തം ഒലിച്ച് മുത്തൂര്‍ എന്ന ടൗണിലേക്ക് പോകുമായിരുന്നു,” മറ്റൊരു കര്‍ഷകനായ ലോകനാഥന്‍ പറയുന്നു. “ഇപ്പോള്‍ ആ വെള്ളമെല്ലാം ഇവിടെത്തന്നെ ശേഖരിക്കുന്നു. ഇത് മണ്ണിലേക്ക് അരിച്ചിറങ്ങി. വെള്ളം വലിയ മുട്ടില്ലാതെ കിട്ടാന്‍ തുടങ്ങിയതോടെ ഞങ്ങളുടെ ജീവിതത്തില്‍ കുറച്ചൊക്കെ സ്ഥിരത വന്നു.”

“ലോവര്‍ ഭവാനി കനാലില്‍ വെള്ളം വന്നില്ലെങ്കിലും ഞങ്ങള്‍ക്കിപ്പോള്‍ വേവലാതിയില്ല,” പഴനി സ്വാമി എന്ന ഗ്രാമവാസി പറയുന്നു. “മഴ കുറച്ച് വൈകിയാലും കുളത്തിലെ വെള്ളംകൊണ്ട് ഞങ്ങള്‍ക്ക് കഴിഞ്ഞുപോകാം.”

മഴവെളള സംഭരണി ഫോട്ടോ: Senaapathy Kangayam Cattle Research Foundation

18 ലക്ഷം രൂപയോളം ചെലവായി കുളം നിര്‍മ്മിക്കാന്‍. അതില്‍ 20 ശതമാനവും എസ് കെ സി ആര്‍ എഫ് കണ്ടെത്തി. ബാക്കി പണം മുത്തൂരിലെ സിന്‍ഡിക്കേറ്റ് ബാങ്കില്‍ നിന്ന് കടമെടുത്തു. കാര്‍ഷിക കടമായാണ് എടുത്തത്. ഏഴ് വര്‍ഷം കൊണ്ട് അടച്ചുതീര്‍ക്കണം, ശിവസേനാപതി പറഞ്ഞു.


1940-ല്‍ 40 ലക്ഷം ഉണ്ടായിരുന്ന കങ്കയം പശുക്കളുടെ എണ്ണം 2004 ആയപ്പോഴേക്കും വെറും 4 ലക്ഷമായി കുറഞ്ഞു


കടം തിരിച്ചടയ്ക്കാനും കുളം തന്നെ സഹായിക്കുന്നു. ഫൗണ്ടേഷന്‍ കുളത്തില്‍ മീന്‍ വളര്‍ത്തല്‍ തുടങ്ങി. മീന്‍ വാങ്ങാന്‍ പ്രദേശത്ത് കോണ്‍ട്രാക്ടര്‍മാരുണ്ട്. വെള്ളം ഉള്ളതുകൊണ്ട് ഫൗണ്ടേഷന്‍റെ ഫാമിലും കൃഷി നന്നായി നടക്കുന്നുണ്ട്. അതുകൊണ്ട് തിരിച്ചടവിനെക്കുറിച്ച് വേവലാതിയില്ല.

ഗ്രാമത്തിലെ കര്‍ഷകര്‍ക്ക് സഹായമായി എന്ന് മാത്രമല്ല. ഫൗണ്ടേഷന്‍റെ പ്രധാന പ്രവര്‍ത്തന മേഖലയിലും കുളം മാറ്റങ്ങളുണ്ടാക്കി. നാടന്‍ കന്നുകാലി ഇനങ്ങളെ സംരക്ഷിക്കുകയും അവയുടെ വംശം അറ്റുപോകാതെ നിലനിര്‍ത്താന്‍ കര്‍ഷകരുടെ സഹായത്തോടെ പ്രവര്‍ത്തിക്കുകയുമാണ് ഈ സംഘടന.

നാടന്‍ കാള. ഫോട്ടോ: Senaapathy Kangayam Cattle Research Foundation

“ഫൗണ്ടേഷന്‍റെ പ്രവര്‍ത്തകരായ ഞങ്ങളെല്ലാം കങ്കയം കന്നുകാലി ഇനങ്ങളെ ചെറുപ്പം മുതല്‍ കാണുന്നതാണ്. ദൂരെയുള്ള കിണറുകളില്‍ നിന്ന് വെള്ളം കൊണ്ടുവരാനും സാധനങ്ങള്‍ കൊണ്ടുപോകാനുമൊക്കെ ഈ കാലികളാണ് ഉണ്ടായിരുന്നത്. തമിഴ്‌നാട്ടിലെ കാലികളുടെ മാതൃവംശം ആണ് കങ്കയത്തെ നാടന്‍ പശുക്കള്‍. 1940-ല്‍ 40 ലക്ഷം ഉണ്ടായിരുന്ന കങ്കയം പശുക്കളുടെ എണ്ണം 2004 ആയപ്പോഴേക്കും വെറും 4 ലക്ഷമായി കുറഞ്ഞു എന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഞങ്ങളെ വേദനിപ്പിച്ചു. ഈ നാടന്‍ വംശത്തെ നിലനിര്‍ത്താന്‍ എന്തെങ്കിലും ചെയ്യണമെന്ന് ഞങ്ങള്‍ ഉറച്ചു,”  ഫൗണ്ടേഷന്‍ തുടങ്ങിയതിനെപ്പറ്റി ശിവസേനാപതി പറയുന്നു.


ഇതുകൂടി വായിക്കാം: ‘മഴവെള്ള കുത്തിവെയ്പ്പി’ലൂടെ 30 വര്‍ഷം കൊണ്ട് ആന്‍റോജി സംഭരിച്ചത് 300 കോടി ലിറ്റര്‍ ശുദ്ധജലം


“കങ്കയത്തോടൊപ്പം തമിഴ് നാട്ടിലെ മറ്റ് നാടന്‍ ഇനങ്ങളെക്കൂടി സംരക്ഷിക്കാനുള്ള പദ്ധതിയിട്ടു. 2009-ല്‍ ഫൗണ്ടേഷന്‍ തുടങ്ങി. നാടന്‍ ഇനങ്ങളെ സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനൊപ്പം ജൈവകൃഷിയും ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്,” അദ്ദേഹം വിശദമാക്കി.

കുളം വന്നതോടെ ജലം ആവശ്യത്തിനുണ്ട്. കാലികളെയും കൃഷിയും ഉപേക്ഷിച്ചുപോവേണ്ട അവസ്ഥ ഇന്നീ ഗ്രാമത്തിലില്ല.

***

ഫോട്ടോകള്‍ക്ക് കടപ്പാട്: Karthikeya Sivasenapathi/FacebookSenaapathy Kangayam Cattle Research Foundation. 

(The feature image is a mix of two photos digitally edited and merged together.)

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം