പൊന്നുംവിലയ്ക്ക് ചോദിച്ച വാടാര്‍ മഞ്ഞളും കരിയിഞ്ചിയുമടക്കം 400 ഔഷധങ്ങള്‍, 13 ഇനം നെല്ല്, പഴങ്ങള്‍; ഒപ്പം ഒരു സെന്‍റ് പിരമിഡില്‍ 12 ആട്, 400 കോഴി, 30 മുയല്‍

കരയിലും വയലിലുമൊക്കെയായി ഷിംജിത്ത് ഇതിനോടകം 150 വെറൈറ്റി നെല്ല് കൃഷി ചെയ്തു. 13 വെറൈറ്റി നെല്‍കൃഷിയാണ് ചെയ്തുകൊണ്ടിരിക്കുന്നത്… ആ അല്‍ഭുതത്തോട്ടത്തിലേക്ക്…

ചീ ര മുളച്ചുവരുന്നത് കണ്ടാല്‍ മതി വീട്ടിലെ കോഴിക്കൂട്ടം നുള്ളി തിന്നുതീര്‍ക്കും.. കോഴികളില്‍ നിന്ന് രക്ഷപ്പെട്ട്  ചീര ഇലകളൊക്കെയായി ഒരല്‍പ്പം ഉയരം വച്ചു തുടങ്ങിയാലോ.. പിന്നെ പറയാനുണ്ടോ തള്ളയാടും കുഞ്ഞാടും ഒക്കെ കൂടെ മത്സരമായിരിക്കും.. അത് തിന്നു തീര്‍ക്കാന്‍.

കോഴിക്കും ആടുകള്‍ക്കും തിന്നാനിപ്പോള്‍ ചീരച്ചെടി തന്നെ വേണമെന്നില്ല.. പൂവിടുന്ന ചെടിയാണെന്നോ കായ്ക്കുന്ന പച്ചക്കറി തൈയാണെന്നോ എന്നൊന്നും ഒരു നോട്ടവുമില്ല.

വീട്ടില്‍ കൃഷിക്ക് സ്ഥലമില്ലാത്തവരുടെ പതിവ് പരാതിയാണിത്. ആടുണ്ടെങ്കില്‍ മുറ്റത്തൊരു പുല്ലുപോലും മുളയ്ക്കില്ലെന്ന്. പച്ചക്കറിയുടെ കാര്യം പറയണോ…


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com


ഇനി അതൊക്കെ മറക്കാം. കണ്ണൂര്‍ ഇരിട്ടിയിലൊരു ജൈവകര്‍ഷകനുണ്ട്.. ഷിംജിത്ത് തില്ലങ്കേരി. ഈ ചെറുപ്പക്കാരന്‍റെ വീട് വരെ പോയാല്‍ മതി. ഒരു സെന്‍റില്‍ ആടും കോഴിയും മുയലും ചീരയും പച്ചക്കറിയുമൊക്കെ ഒരുമിച്ച് കൃഷി ചെയ്യുന്നത് കാണാം.

കൃഷിത്തോട്ടത്തിനരികെ ഷിംജിത്ത് തില്ലങ്കേരി ഫോട്ടോ – ഫേസ്ബുക്ക്

ഒരു സെന്‍റില്‍ പിരമിഡ് പോലൊരു കൂട്. ഈ കൂട്ടിനുള്ളില്‍ ആടും കോഴിയും മുയലും പച്ചക്കറി കൃഷിയുമെല്ലാമുണ്ട്. ഷിംജിത്തിന് സ്ഥലപരിമിതയൊന്നുമില്ല. പിന്നെന്തിനാണ് ഒരു സെന്‍റിലെ പിരമിഡ് കൃഷി!? അത് ഷിംജിത്തിന്‍റെ കൃഷി മികവിനുള്ള അംഗീകാരമെന്നു പറയാം. കേരളത്തിലാദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയതാണിവിടെ.

കഴിഞ്ഞ 25 വര്‍ഷമായി 20 ഏക്കറില്‍ കൃഷി ചെയ്യുന്ന കര്‍ഷകനാണ്. ഇതിനോടകം വ്യത്യസ്തമായ 80 കാര്‍ഷിക പുരസ്കാരങ്ങള്‍ നേടിയിട്ടുമുണ്ട് ഷിംജിത്ത്.


കേരളത്തില്‍ ആദ്യമായിട്ടാണിത്. പരീക്ഷണാടിസ്ഥാനത്തിലാണ് ചെയ്തു നോക്കുന്നത്..


“പിരമിഡ് ആകൃതിയില്‍ നിര്‍മിച്ചൊരു കൂടാണിത്.” ഷിംജിത്ത് തന്‍റെ വ്യത്യസ്തമായ കൃഷി രീതിയെക്കുറിച്ച് പറയുന്നു. ” കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തിന്‍റെ പദ്ധതിയായിരുന്നു. വിജ്ഞാന കേന്ദ്രത്തിലെ അസിസ്റ്റൻ് പ്രൊഫസര്‍ വിപിന്‍റെ നേതൃത്വത്തിലാണിവിടെ നടപ്പാക്കിയത്. കേരളത്തില്‍ ആദ്യമായിട്ടാണിത്. പരീക്ഷണാടിസ്ഥാനത്തിലാണ് ചെയ്തു നോക്കുന്നത്.”

ഒരു സെന്‍റിലെ പിരമിഡ് കൃഷി

“ഒരു സെന്‍റ് സ്ഥലത്ത് പിരിമിഡ് ആകൃതിയില്‍ ഒരു കൂട്. ഈ കൂട്ടിനുള്ളില്‍ ഏറ്റവും മുകളിലെ തട്ടില്‍ ആടുകള്‍. രണ്ടാമത്തെ തട്ടില്‍ കോഴികള്‍. വശങ്ങളിലായി മുയലുകള്‍. ഈ കൂടിന് മുകളിലാണ് പച്ചക്കറി തൈകള്‍ നട്ടിരിക്കുന്നത്,” ഷിംജിത്ത് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു.

20 ആടുകളെ വളര്‍ത്താനുള്ള സ്ഥലമുണ്ട് കൂട്ടില്‍. തത്ക്കാലമിപ്പോള്‍ 12 എണ്ണമേയുള്ളൂ. 400 കോഴികളും 30 മുയലുകളുമുണ്ട്. ഈ കൂടിന് ത്രികോണാകൃതിയാണല്ലോ.. അതിന്‍റെ മുകളിലേക്ക് കയറുന്നതിന് പടികളുണ്ട്. ആ പടികളിലാണ് പച്ചക്കറി തൈകള്‍ നട്ടിരിക്കുന്നത്. 250 ഗ്രോ ബാഗുകളിലാണിത്. ചീരയും വെണ്ടയുമൊക്കെയാണ് നട്ടിരിക്കുന്നത്.

“ഒരു സെന്‍റ് കൃഷി സര്‍ക്കാര്‍ പദ്ധതിയാണല്ലോ.. ഈ കൂടൊരുക്കി തന്നതൊക്കെ കൃഷി വിജ്ഞാനകേന്ദ്രം തന്നെയാണ്. പദ്ധതി അനുസരിച്ച് ആടിനും കോഴിക്കുമൊക്കെയുള്ള തീറ്റയും സര്‍ക്കാരാണ് നല്‍കേണ്ടത്. പക്ഷേ ഞാന്‍ തന്നെയാണ് തീറ്റയൊക്കെ വാങ്ങുന്നത്. ഇതിന്‍റെ ബില്‍ ഹാജരാക്കിയാല്‍ തുകയൊക്കെ തിരികെ കിട്ടും,” ഷിംജിത്ത് തുടര്‍ന്നു.

ഒരു സെന്‍റിലെ പിരമിഡ് കൃഷി കാണാനെത്തിയവര്‍

“ഇവിടെ പരീക്ഷണാടിസ്ഥാനത്തില്ലല്ലേ ചെയ്യുന്നത്. തത്ക്കാലം ചെലവൊക്കെ ഞാന്‍ തന്നെ വഹിക്കണം. 25,000 രൂപ ഇതില്‍ നിന്നു മാസവരുമാനം കിട്ടുമെന്നാണ് കാര്‍ഷികവിജ്ഞാന കേന്ദ്രം പറയുന്നത്. പ്രളയമൊക്കെ വന്നതോടെ ഉദ്ഘാടനം നീണ്ടുപോയതാണ്,” എന്ന് ഷിംജിത്ത്.

ഒരു വര്‍ഷം മുന്‍പാണ് ഒരു സെന്‍റ് കൃഷി ചെയ്തു തുടങ്ങുന്നത്. അതിനൊക്കെ മുന്‍പേ ജൈവകര്‍ഷകനെന്നു പേരുകേട്ടയാളാണ് ഷിംജിത്ത് തില്ലങ്കേരി. “കഴിഞ്ഞ 25 വര്‍ഷമായി കൃഷി ചെയ്യുന്നുണ്ട്.” കൃഷിയിലേക്കെത്തിയതിനെക്കുറിച്ച് ഷിംജിത്ത് പറയുന്നു.


ഇതുകൂടി വായിക്കാം: ‘കൃഷിയെടുത്താണ് ഞാന്‍ സി എ ക്കാരനായത്, കൃഷിക്കാരനായല്ലാതെ ജീവിക്കാനാവില്ല’: സമ്മിശ്രകൃഷിയില്‍ അനിയപ്പന്‍റെ വിജയഫോര്‍മുല


” കാര്‍ഷിക കുടുംബമായിരുന്നു. കുട്ടിക്കാലം മുതല്‍ കണ്ടുവളര്‍ന്നതു കൃഷിയാണ്. അച്ഛനും അമ്മയും കര്‍ഷകരായിരുന്നു. അച്ഛന്‍ ബാലന്‍. മരിച്ചിട്ടിപ്പോ മൂന്നു വര്‍ഷമായി. അമ്മയുടെ പേര് സൗമിനി. രണ്ട് അനിയന്‍മാരുണ്ട്. ശ്രീജിത്തും ബിജേഷും.”

ഷിംജിത്തിന്‍റെ നെല്‍പാടം സന്ദര്‍ശിക്കാനെത്തിയവര്‍

ഞങ്ങളൊരു കൂട്ടുകുടുംബമാണ്. അമ്മയും ഭാര്യ സുനിലയും മക്കളായ ആദികിരണും ആദിസൂര്യയും മാത്രമല്ല അനിയന്‍മാരും അവരുടെ ഭാര്യയും മക്കളുമൊക്കെയായി ഒരുമിച്ചാണ് താമസിക്കുന്നത്. ഞങ്ങളെല്ലാവരും കൂടെയാണ് കൃഷിയൊക്കെ നോക്കിനടത്തുന്നത്.

ശ്രീജിത്ത് മാഷാണ്. ബിജേഷിന് കച്ചവടവുമുണ്ട്. ഇതിന്‍റെ ഒഴിവുകളിലാണവര്‍ കൃഷിപ്പറമ്പിലേക്കിറങ്ങുന്നത്. ആദികിരണ്‍ എട്ടാം ക്ലാസിലും ആദിസൂര്യ ആറാം ക്ലാസിലും പഠിക്കുന്നു.


വാഴക്കൃഷിയുമുണ്ട്. 1800 നേന്ത്രവാഴകള്‍, 1200 പൂവന്‍, പിന്നെ കുറേ റോബസ്റ്റും നട്ടിട്ടുണ്ട്


“അച്ഛനില്‍ നിന്നാണ് കൃഷിപാഠങ്ങളൊക്കെ പഠിക്കുന്നത്. പിന്നെ പത്താം ക്ലാസില്‍ ജയിച്ചില്ല. അതോടെ പഠനം അവസാനിപ്പിച്ചു. പൂര്‍ണമായിട്ടും കൃഷിയിലേക്കിറങ്ങി. കൂട്ടുകുടുംബമല്ലേ.. എല്ലാര്‍ക്കും കൂടെ 20 ഏക്കറുണ്ട്.

ഷിംജിത്തിന്‍റെ തോട്ടത്തിലെ പീനട്ട് ബട്ടര്‍

ഇതില്‍ അഞ്ചേക്കറിലാണ് പച്ചക്കറിയും വാഴയുമൊക്കെ നട്ടിരിക്കുന്നത്. ബാക്കി സ്ഥലത്താണ് തെങ്ങും കവുങ്ങും മീന്‍ കുളവുമെല്ലാം. തറാവാടിരിക്കുന്ന ഇടത്താണ് വയലുള്ളത്. അവിടെ മറ്റ് കൃഷിയ്ക്കുള്ള സ്ഥലമില്ല.

ഒട്ടുമിക്ക പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. പയര്‍, വെണ്ട, വെള്ളരി, പച്ചമുളക് വഴുതന, ചീര, പാവല്‍.. ഇങ്ങനെ എല്ലാം ഉണ്ട്. ചാണകവും ആട്ടിന്‍കാട്ടവും പച്ചിലവളവും കോഴിക്കാഷ്ഠവുമൊക്കെയാണ് ഇവയ്ക്ക് വളമായിട്ടിടുന്നത്.

“അഞ്ച് കാസര്‍ഗോഡ് കുള്ളന്‍ പശുവുണ്ട്. അതിന്‍റെ ചാണകം വളമാക്കും. ഗോമൂത്രം വില്‍ക്കുന്നുണ്ട്. എമുവിനെയും വളര്‍ത്തുന്നുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷകാലമായി പൂര്‍ണമായിട്ടും ജൈവകൃഷിയാണ് ചെയ്യുന്നത്.”

ആരോഗ്യപ്പച്ചയുമായി ഷിംജിത്ത്

“വാഴക്കൃഷിയുമുണ്ട്. 1,800 നേന്ത്രവാഴകള്‍, 1,200 പൂവന്‍, പിന്നെ കുറേ റോബസ്റ്റയും നട്ടിട്ടുണ്ട്. കണ്ണൂര്‍, തളിപ്പറമ്പ്, തലശ്ശേരി എന്നിവിടങ്ങളിലെ ജൈവപച്ചക്കറി വിപണന സ്ഥലങ്ങളിലേക്കാണിതൊക്കെയും കൊടുക്കുന്നത്. ഇതിനൊക്കെയൊപ്പം കുറേ ഔഷധസസ്യങ്ങളും വളര്‍ത്തുന്നുണ്ട്.

“നാന്നൂറിലേ ഔഷധസസ്യങ്ങളാണ് കൃഷി ചെയ്യുന്നത്. 36 ഇനം വ്യത്യസ്ത തുളസികള്‍, 15 വെറൈറ്റി കറ്റാര്‍വാഴ, 45 തരം ഇഞ്ചിയും മഞ്ഞളും.. ഒക്കെയുണ്ട്. ഔഷധകൃഷി ആരംഭിച്ചിട്ടിപ്പോള്‍ അഞ്ച് കൊല്ലം കഴിഞ്ഞു. സാധാരണ എല്ലാ ഔഷധത്തോട്ടങ്ങളിലുണ്ടാകുന്ന സസ്യങ്ങളൊക്കെ ഇവിടുണ്ട്.

“രുദ്രാക്ഷം, അണലി വേഗം, കുന്തിരിക്കം, കമണ്ഡലൂ അങ്ങനെ ചിലത്. അഗ്നിപത്രി, ആരോഗ്യപച്ച, ഗരുഡപച്ച പോലുള്ള അപൂര്‍വങ്ങളായ തൈകളുമുണ്ട്.ഇഞ്ചിയും മഞ്ഞളുമൊക്കെ നല്ല വരുമാനമാണ് നല്‍കുന്നത്. മഞ്ഞളിന്‍റെ വെറൈറ്റികളുണ്ടെന്നു പറഞ്ഞില്ലേ.. അതില്‍ തന്നെ ഒരു തൈയ്ക്ക് 35,000 രൂപ കിട്ടുന്ന വാടാര്‍ മഞ്ഞളുണ്ട്.

ഔഷധത്തോട്ടം കാണാനെത്തിയ വിദ്യാര്‍ഥികള്‍

ഷിംജിത്ത് തില്ലങ്കേരി

“ആറു തരം കരിമഞ്ഞളുണ്ട്. (വംശനാശ ഭീഷണി നേരിടുന്ന ഒരു മഞ്ഞള്‍ ഇനമാണിത്) … കസ്തൂരിമഞ്ഞള്‍ വെള്ളയുണ്ട്, മഞ്ഞയുണ്ട്, ചുവപ്പുണ്ട്. മഞ്ഞള്‍ തൈയും പൊടിയും വില്‍ക്കുന്നുണ്ട്. കറിക്ക് ഉപയോഗിക്കുന്ന നാടന്‍ മഞ്ഞളുമുണ്ട്. ഇതിനൊക്കെ പൊടിക്കാതെ 200 രൂപയും പൊടിയാക്കിയ ശേഷം 400 രൂപ വരെയൊക്കെയാണ് വില കിട്ടുന്നത്.

“മഞ്ഞള്‍ മാത്രമല്ല വെറൈറ്റി ഇഞ്ചികളും ഉണ്ട്. ചുവന്ന ഇഞ്ചി, മഞ്ഞ ഇഞ്ചി, കരിയിഞ്ചി, നീല ഇഞ്ചി, മലയിഞ്ചി ഒക്കെയുണ്ട്. ഇക്കൂട്ടത്തില്‍ വില കൂടുതല്‍ കരിയിഞ്ചിയ്ക്കാണ്. കരിയിഞ്ചി നാലായിരം രൂപയ്ക്കാണ് വില്‍ക്കുന്നത്.


ഇതുകൂടി വായിക്കാം: സ്വപ്നങ്ങളുടെ ജീവന്‍: ഒരു പനി വന്നാല്‍ പോലും തളര്‍ന്നുപോകുന്നവര്‍ അറിയാന്‍


“രണ്ട് ചെറിയ കഷ്ണം കരിയിഞ്ചിയിട്ട് ചായ കുടിച്ചാല്‍ നല്ല ഉന്‍മേഷം കിട്ടും. രണ്ടില്‍ കൂടിയാല്‍ അത് തലയ്ക്ക് പിടിക്കുമെന്നു മാത്രം,” ഷിംജിത്ത് മുന്നറിയിപ്പ് നല്‍കുന്നു.

സാധാരണ മഞ്ഞപ്പൂവുള്ള മുക്കൂറ്റിയല്ലേ കൂടുതലും. ഷിംജിത്തിന്‍റെ തോട്ടത്തില്‍ വെള്ള പൂവുള്ള മുക്കൂറ്റിയും കാണാം.

പറമ്പിലെ മത്സ്യകൃഷി വിളവെടുപ്പ്

മത്സ്യകൃഷിയിലും വിജയിച്ചിട്ടുണ്ട്. മത്സ്യകൃഷിയെക്കുറിച്ച് പറയുന്നു ഷിംജിത്ത്. “പറമ്പിലൊരു കരിങ്കല്‍ ക്വാറിയുണ്ട്. അരയേക്കറോളമുണ്ടാകും. ആ പാറക്കെട്ടിലാണ് മത്സ്യങ്ങളെ വളര്‍ത്തുന്നത്. റോഗ്, കട്‍ല, കാര്‍പ്പ് ഇതൊക്കെയാണ് വളര്‍ത്തുന്നത്. അഞ്ച് കിലോ ഭാരമുള്ള മത്സ്യം വരെ പിടിച്ചിട്ടുണ്ട്.”

ഇതിനൊക്കെയൊപ്പം തന്നെയാണ് പഴവര്‍ഗങ്ങളും നട്ടിരിക്കുന്നത്. പീനട്ട് ബട്ടര്‍, പാഷന്‍ ഫ്രൂട്ട് ഇതൊക്കെയാണ് കൃഷി ചെയ്യുന്നത്. നാരകം തന്നെ പല വെറൈറ്റിയിലുള്ളവ ഇവിടുണ്ട്.

“ഒന്നര ഏക്കര്‍ വയലില്‍ നെല്‍കൃഷി ചെയ്യുന്നുണ്ട്.” പറമ്പില്‍ മാത്രമല്ല പാടത്തും കൃഷിയുടെ നൂറുമേനി കൊയ്തിട്ടുണ്ട് ഈ യുവകര്‍ഷകന്‍. നെല്ലിനെക്കാള്‍ ലാഭം നെല്ല് ഉത്പന്നങ്ങളില്‍ നിന്നു കിട്ടുന്നുണ്ടെന്നു പറയുന്നു ഷിംജിത്ത്. ” വയലില്‍ മാത്രമല്ല കരനെല്‍കൃഷിയുമുണ്ട്. കരയിലും വയലിലുമൊക്കെയായി ഇതിനോടകം 150 വെറൈറ്റി നെല്ല് കൃഷി ചെയ്തു. 13 വെറൈറ്റി നെല്‍കൃഷിയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.

കൃഷി കാണാനെത്തിയ സ്കൂള്‍ വിദ്യാര്‍ഥികള്‍

“ഇന്ത്യയില്‍ തന്നെ ഏറ്റവും ചെറിയ നെല്ലാണ് തുളസി ബോഗ്. ഇത്തവണ തുളസിയുമുണ്ട്. കുഞ്ഞന്‍ തുളസി മാത്രമല്ല, മുല്ലപ്പൂവിന്‍റെ മണമുള്ള ബ്ലാക് ജാസ്മിന്‍, കൃഷ്ണകൗമുദി, പിന്നെ സാധാരണ ഞാറിന്‍റെ നിറം പച്ചയല്ലേ ചുവന്ന നിറത്തിലുള്ള നസര്‍ ബാത്തും കൃഷിയിറക്കിയിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.


പിവിസി പൈപ്പിലേക്ക് വെള്ളം വീണുകൊണ്ടിരിക്കും. അതിലൊരു മണി ഘടിപ്പിച്ചിട്ടുണ്ടാകും. വെള്ളം വരുമ്പോഴൊക്കെ മണി അടിച്ചുകൊണ്ടേയിരിക്കും


നെല്‍കൃഷി ലാഭകരമാണ് എന്നാണ് ഷിംജിത്ത് പറയുന്നത്. ലാഭകരമാകുന്നത് നെല്ല് ഉത്പന്നങ്ങള്‍ കൂടി വില്‍ക്കുന്നത് കൊണ്ടാണ്. ഒരു കിലോ നെല്ലിന് 25 രൂപയാണ്. എന്നാല്‍ അതില്‍ നിന്നുള്ള അരിയും തവിടും ഉമിയുമൊക്കെ നല്ല വിലയ്ക്കാണ് വില്‍ക്കുന്നത്.

നെല്ല് വില്‍ക്കുന്നതിനെക്കാള്‍ ലാഭം കിട്ടുന്നതും ഉത്പന്നങ്ങളില്‍ നിന്നാണ്.കരി ബസ്മതിയുടെ നെല്ല് വില്‍ക്കുന്നത് കിലോ ആയിരം രൂപയ്ക്കാണ് എന്ന് ഷിംജിത്ത്.

ചിരട്ടയില്‍ തേനീച്ച കൃഷി

തേനീച്ച വളര്‍ത്തലില്‍ ഷിംജിത്തിന്‍റെ പുതിയ പരീക്ഷണമാണ് ചിരട്ടയില്‍ തേന്‍ കൃഷി. “വലിപ്പമുള്ള ചിരട്ടകള്‍ വൃത്തിയാക്കിയെടുത്ത് പരസ്പരം കോര്‍ത്ത് തൂക്കിയിടുന്ന രീതിയാണിത്. കാര്യമായ ചെലവുമില്ല. താഴെയുള്ള ചിരട്ടകളില്‍ തേനീച്ചയെ നിക്ഷേപിക്കും.


ഇതുകൂടി വായിക്കാം: 91-കാരനായ ‘മരമൗലികവാദി’: ദുബായില്‍ സൂപ്പര്‍ മാര്‍ക്കറ്റ്, വയനാട്ടില്‍ നൂറേക്കറില്‍ ജൈവവനം, വഴിയോരത്ത് മരംനടല്‍…

ഇവ വേഗത്തില്‍ വംശവര്‍ധന നടത്തി തേന്‍ ശേഖരിക്കും. വൈകാതെ മുകളിലെ ചിരട്ടകളിലേക്കും തേന്‍ സംഭരിക്കും. ശുദ്ധമായ തേന്‍ ഇതിലൂടെ കിട്ടും. ഒരു തവണ ഉപയോഗിച്ച ചിരട്ടകള്‍ വീണ്ടും ഉപയോഗിക്കാം.”

കാട്ടുപന്നിയെ തുരത്താനുള്ള ഒരു നാടന്‍ സംവിധാനവും ഷിംജിത്ത് വികസിപ്പിച്ചിട്ടുണ്ട്. “മലമുകളില്‍ നിന്ന് പിവിസി പൈപ്പിലേക്ക് വെള്ളം വീണുകൊണ്ടിരിക്കും. അതിലൊരു മണി ഘടിപ്പിച്ചിട്ടുണ്ടാകും. വെള്ളം വരുമ്പോഴൊക്കെ മണി അടിഞ്ഞുകൊണ്ടേയിരിക്കും. ഇതു കൃഷിത്തോട്ടത്തില്‍ പരീക്ഷിച്ചതാണിത്. ഈ മണിയുടെ ശബ്ദം കേട്ടാല്‍ കാട്ടുപന്നിയൊന്നും ഈ പ്രദേശത്തേക്ക് വരില്ല..” ഷിംജിത്ത് പറയുന്നു.

മക്കളുടെ പിറന്നാള്‍ ദിനങ്ങളില്‍ ഷിംജിത്ത് സ്കൂളിലെ കുട്ടികള്‍ക്ക് സമ്മാനമായി കൊടുത്തയയ്ക്കുന്നത് ചെടികളും തൈകളും വിത്തുകളുമൊക്കെയാണ്. അങ്ങനെ പ്രകൃതിയുടെ സന്ദേശം കുട്ടികളിലേക്കും…

ഈ യുവ കര്‍ഷകന് ബാംഗ്ലൂരിലെ സരോജിനി ദാമോദര്‍ ഫൗണ്ടേഷന്‍ പുരസ്കാരം കിട്ടിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച കര്‍ഷകനുള്ള അവാര്‍ഡ്, ജൈവവൈവിധ്യ ബോര്‍ഡിന്‍റെ വിത്ത് സംരക്ഷകനുള്ള അവാര്‍ഡ്, കണ്ണൂര്‍ ജില്ലയിലെ മികച്ച കര്‍ഷകനുള്ള അക്ഷയശ്രീ.. തുടങ്ങി നിരവധി അവാര്‍ഡുകള്‍ വേറെയും…

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം