എട്ടുവയസ്സില്‍ അമ്മ ഉപേക്ഷിച്ചു, ഇരട്ടി പ്രായമുള്ള ഒരാളുടെ നാലാം ഭാര്യയായി, 26-ാം വയസ്സില്‍ വിധവ: ഇന്ന് ആയിരങ്ങളെ സ്പര്‍ശിക്കുന്ന കാരുണ്യത്തിന്‍റെ കരുത്ത്

അതിശയിപ്പിക്കുന്ന വേഗതയും ഊര്‍ജ്ജവുമുണ്ട് ഉമാ പ്രേമന്‍റെ തീരുമാനങ്ങള്‍ക്ക്. ഏറ്റെടുക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാകുംവരെ വിശ്രമമില്ല. ഒന്നു തീര്‍ന്നാല്‍ മറ്റൊന്ന്. ഒപ്പം സാമൂഹികമായ ഇടപെടലുകള്‍ വേറെ.

എം  ബി ബി എസിന് ചേര്‍ന്ന് മൂന്ന് മാസം തികയുമ്പോഴേക്കും വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ബാലകൃഷ്ണന് അതുപേക്ഷിക്കേണ്ടി വന്നു.

പാലക്കാട്ടെ ഒരു സാധാരണ കര്‍ഷക കുടുംബത്തിലെ അംഗമായിരുന്നു അദ്ദേഹം. “എം ബി ബി എസിന് ചേര്‍ന്ന് മൂന്ന് മാസമായപ്പോഴേക്കും അച്ഛന്‍റെ അമ്മാവന്‍ പോയിട്ട് അതൊന്നും പഠിക്കണ്ട, വീട്ടില്‍ കൃഷി നോക്കാനാളില്ല എന്ന് പറഞ്ഞ് ചെന്നൈയില്‍ നിന്ന് വിളിച്ചുകൊണ്ടുവരികയായിരുന്നു,” ബാലകൃഷ്ണന്‍റെ മകള്‍ ഉമാ പ്രേമന്‍  ഓര്‍ക്കുന്നു.

ജീവിതം മറ്റൊരുവഴിക്ക് തിരിഞ്ഞുപോയെങ്കിലും വൈദ്യശാസ്ത്രത്തോടുള്ള മോഹവും അതിന്‍റെ അടിസ്ഥാനമായ കരുണയും സഹാനുഭൂതിയും ബാലകൃഷ്ണന്‍ കൈവിട്ടിരുന്നില്ല.

ഒരു നൂല്‍ മില്ലില്‍ ജോലികക്ക് കയറി. ജോലി കഴിഞ്ഞെത്തിയാല്‍  ഉപേക്ഷിക്കേണ്ടിവന്ന മെഡിസിന്‍ മോഹം മനസ്സിലിട്ട് അടുത്തുള്ള ദളിത് കോളനികളിലെ ആളുകളെ അദ്ദേഹം ശുശ്രൂഷിച്ചു. നാട്ടുകാര്‍ സ്നേഹത്തോടെ കോമ്പൗണ്ടര്‍ എന്ന് വിളിച്ചു.

മുറിവും പഴുത്ത വ്രണവും പലതരം രോഗങ്ങളുമായി എത്തുന്നവരെ പക്ഷേ, അയാളുടെ ഭാര്യ ഒരുപാട് വെറുത്തു.

ഒടുവില്‍ അവര്‍ ഭര്‍ത്താവിനെയും മകള്‍ ഉമാദേവിയെയും മകനെയും ഉപേക്ഷിച്ച് അവര്‍ക്കിഷ്ടമുള്ള ഒരാള്‍ക്കൊപ്പം ഇറങ്ങിപ്പോയി. അങ്ങനെ അമ്മയില്ലാത്ത വീട്ടില്‍ എട്ടുവയസ്സുകാരി ഉമയ്ക്ക് മൂന്നു വയസുകാരനായ അനുജന്‍റെ സംരക്ഷണവും അച്ഛന്‍റെ തുച്ഛമായ വരുമാനം കൊണ്ട് വീട്ടുചെലവുകള്‍ നടത്തുന്ന ഉത്തരവാദിത്വവും ഏറ്റെടുക്കേണ്ടിവന്നു.

ഉമാ ദേവി (ഉമ പ്രേമന്‍) ഒരു പഴയ ചിത്രം. ഫോട്ടോയ്ക്ക് കടപ്പാട്: Uma Preman/Facebook

അവശരേയും രോഗികളെയും സഹായിക്കുന്ന അച്ഛനെയായിരുന്നു ഉമാദേവിക്ക് ഇഷ്ടം. അങ്ങനെ പതിനേഴാം വയസ്സില്‍ മദര്‍ തെരേസയെ തേടി പുറപ്പെട്ടു.  കൊല്‍ക്കത്തയില്‍ കുറച്ചുകാലം തങ്ങി. സേവനത്തിന് പ്രത്യേകിച്ചൊരു ദേശത്തിന്‍റെ ആവശ്യമില്ലെന്നും നിന്‍റെ നാട്ടില്‍പ്പോയി ആവശ്യക്കാരെ സഹായിക്കാനും മദര്‍ ഉപദേശിച്ചപ്പോള്‍ തിരികെപോന്നു.


തൃശൂരിലെത്തി രോഗികളെ കുളിപ്പിച്ചും ശുശ്രൂഷിച്ചും ആറ് മാസക്കാലം ബിഷപ്പ് ജോസഫ് കുണ്ടുകുളത്തോടൊപ്പം പ്രവര്‍ത്തിച്ചു. ആ ജോലിയില്‍ സന്തുഷ്ടയും സംതൃപ്തയുമായിരുന്നു ഉമ.


അതിനിടെ ഏകാന്തമായ ബാല്യം സമ്മാനിച്ച് അരക്ഷിതയായ കൗമാരക്കാരിയായി വളരാന്‍ വിട്ടിട്ടുപോയ അമ്മ ഉമയെത്തേടി തിരിച്ചെത്തി. മകളെക്കൊണ്ട് സ്വന്തം സാമ്പത്തികബാധ്യതകള്‍ തീര്‍ക്കുക എന്നതായിരുന്നു ആ സ്ത്രീയുടെ ലക്ഷ്യം. ഉമയുടെ ഇഷ്ടാനിഷ്ടങ്ങളൊന്നും ചോദിക്കാതെ അച്ഛനേക്കാള്‍ പ്രായമുള്ള രോഗിയായ ഒരാളുടെ നാലാം ഭാര്യയായി അവര്‍ മകളെ വിട്ടുകൊടുത്തു.

അദ്ദേഹത്തിന്‍റെ ഒരു മകള്‍ക്ക് അന്ന് ഉമയുടെ പ്രായമുണ്ടായിരുന്നു. മറ്റൊരാള്‍ക്ക് ആറ് വയസ്സും. മുഴുക്കുടിയന്‍. നാലാം ഭാര്യയായി തുടങ്ങിയ ആ ദാമ്പത്യം ഉമയ്ക്ക് സമ്മാനിച്ചത് നരകയാതന മാത്രമായിരുന്നു. മകളുടെ ദുര്യോഗമറിഞ്ഞ് മനസ്സുനൊന്ത് അച്ഛനും മരിച്ചു.

ഉമ പ്രേമന്‍

ഇതിനിടെ ഒരു കുഞ്ഞിന്‍റെ അമ്മയുമായി ഉമ. കിട്ടിയ ജീവിതത്തെ കഷ്ടപ്പാടുകള്‍ മറന്ന് സ്നേഹിച്ച് ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ ഭര്‍ത്താവ് പ്രേമന്‍റെ രോഗം ഗുരുതരമായി. ഭര്‍ത്താവിന് ഡ്രഗ് റെസിസ്റ്റന്‍റ് ട്യൂബര്‍കുലോസിസ് ആണെന്ന് ഉമ മനസിലാക്കുന്നത് വര്‍ഷങ്ങള്‍ നീണ്ട ചികിത്സക്ക് ശേഷമായിരുന്നു. രോഗമെന്താണെന്നും എവിടെയാണ് അതിനുള്ള നല്ല ചികിത്സയെന്നും അറിയാതെ പോയ ഒരുവളുടെ നിരാശ ഉള്ളിലുണ്ടായിരുന്നു ഉമയ്ക്ക്.

പക്ഷേ, ഭര്‍ത്താവ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുമ്പോള്‍ പുറത്ത് കാവല്‍ നിന്ന് കരയാന്‍ കൂട്ടാക്കിയില്ല ഉമ. മരുന്നു വാങ്ങാനാളില്ലാതെ ഡോക്റ്ററുടെ കുറിപ്പുമായി വിഷമിച്ചിരുന്നവര്‍ക്ക് ആവശ്യമായ മരുന്നുകള്‍ വാങ്ങി നല്‍കിയും സര്‍ക്കാരില്‍ നിന്നുള്ള സഹായം എന്തൊക്കെയാണെന്ന് മനസിലാക്കി അതിനുള്ള അപേക്ഷ തയ്യാറാക്കി കൊടുത്തും അവര്‍ പാവപ്പെട്ട രോഗികള്‍ക്ക് തുണയായി.

രോഗമെന്താണെന്നും മികച്ച ചികിത്സ ലഭിക്കുന്ന ഇടം എവിടെയാണെന്നും രോഗികളും ബന്ധുക്കളും മനസിലാക്കാത്തതിന്‍റെ അപകടം ഭര്‍ത്താവിന്‍റെ രോഗം കൊണ്ട് ഉമ പഠിച്ചിരുന്നു. പ്രേമന്‍റെ രോഗവും തുടര്‍ച്ചയായുള്ള ആശുപത്രിജീവിതവും ഉമയെ ഒരുപാട് ചിന്തിപ്പിച്ചു. ഇതിനിടെ രോഗം മൂര്‍ച്ഛിച്ച് പ്രേമന്‍ മരിച്ചു.

ജീവിതത്തിന് മുന്നില്‍ ഇനി എന്ത് എന്ന ചോദ്യവുമായി വെറും 26 വയസ് മാത്രമുള്ള ഉമ.

ഉമ പ്രേമന്‍

ഭര്‍ത്താവിന്‍റെ അവസാനനാളുകളിലെ ആശുപത്രിവാസത്തില്‍ നിന്ന് പഠിച്ച പാഠമാണ് പിന്നീട് ഉമയെ നയിച്ചത്. രോഗങ്ങളും അവയ്ക്കുള്ള ചികിത്സാസൗകര്യങ്ങളും ജനങ്ങളെ അറിയിക്കുന്ന ഒരു ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ തുടങ്ങുന്നതിനെക്കുറിച്ചായി ആലോചന. ഉമ എന്ന പേരിനൊപ്പം പ്രേമന്‍ എന്നു കൂടി ചേര്‍ത്തു.

ഉമ പ്രേമന്‍ നേരെ പുറപ്പെട്ടത് ഡല്‍ഹിയിലേക്ക്. അവിടെ നിന്നായിരുന്നു വിവിധ രോഗങ്ങളും അവയുടെ ചികിത്സാകേന്ദ്രങ്ങളും കൃത്യമായി മനസിലാക്കി തിരിച്ചെത്തി. ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്‍ററിന് തുടക്കമായി. 1997 ആഗസ്ത് 24-ന് തൃശ്ശൂരില്‍ പൂങ്കുന്നത്ത് സ്വന്തം ഉത്തരവാദിത്തത്തില്‍ അവര്‍ ശാന്തിയുടെ ഓഫീസ് തുറന്നു. ഇന്‍റെര്‍നെറ്റും മൊബൈല്‍ഫോണുമൊന്നുമില്ലാത്തൊരു കാലമായിരുന്നു അതെന്നോര്‍ക്കണം.

“ഏത് രോഗത്തിന് എവിടെ ചികിത്സ കിട്ടും, ആരെയാണ് കാണേണ്ടത് സര്‍ക്കാരില്‍ നിന്നോ മറ്റ് സന്നദ്ധ സംഘടനകളില്‍ നിന്നോ ധനസഹായം കിട്ടാന്‍ എന്തെല്ലാമാണ് വേണ്ടത് തുടങ്ങിയ കാര്യങ്ങളൊക്കെ ഞാന്‍ പറഞ്ഞു കൊടുക്കാന്‍ തുടങ്ങി. അതോടെ ശാന്തിയെത്തേടി ആളുകളെത്താന്‍ തുടങ്ങി,” ഉമ പറയുന്നു.

ഉമ പ്രേമന്‍

തിരക്ക് കൂടിയപ്പോള്‍ ഒന്നുരണ്ട് പേരെ സഹായത്തിന് കൂട്ടി. അങ്ങനെ ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ വളര്‍ന്നു. ഇതിനിടെ 1999-ല്‍ വൃക്കരോഗിയായ സലില്‍ എന്ന 24-കാരനെ കാണാനിടയായി ഉമ. വൃക്കകള്‍ തകരാറിലായി മരണം മുന്നില്‍ കണ്ട് കഴിഞ്ഞിരുന്ന സലിലിന്‍റെ ജീവന്‍ നിലനിര്‍ത്താന്‍ ഒരു വൃക്ക വേണമായിരുന്നു. രണ്ടാമതൊന്ന് ആലോചിക്കാതെ ആ ചെറുപ്പക്കാരന് തന്‍റെ ഒരു വൃക്ക് നല്‍കാനുള്ള തീരുമാനം ഉമ അറിയിച്ചു.

“നമുക്ക് ജീവിക്കാന്‍ ഒരു വൃക്ക മതിയെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ട് തന്നെ ഒരു വൃക്ക ദാനം ചെയ്യുന്നതില്‍ ഒരു സംശയവുമില്ലായിരുന്നു. പക്ഷേ അന്നെനിക്ക് ഒരു നിര്‍ബന്ധമുണ്ടായിരുന്നു സാരി ഉടുക്കുമ്പോള്‍ ഓപ്പറേഷന്‍ നടന്നതിന്‍റെ പാട് കാണരുതെന്ന്. അതു പറഞ്ഞപ്പോള്‍ എന്നാല്‍ വലത് വൃക്ക എടുക്കേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പക്ഷേ സാധാരണയായി കരള്‍ വലതുഭാഗത്തായതിനാല്‍ ഇടത് വൃക്കയാണ് എടുക്കാറുള്ളതെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.

“പക്ഷേ അതൊന്നും വലിയ കാര്യമായി തോന്നാത്തതിനാല്‍ വലത് വൃക്ക തന്നെ എടുത്താല്‍ മതിയെന്ന് ഞാന്‍ പറഞ്ഞു,” ഉമ ഓര്‍ക്കുന്നു.

ജീവിതത്തിലേക്ക് തിരികെയെത്തിയ സലില്‍ ശാന്തിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വയം സമര്‍പ്പിച്ചു. ഇന്നും ഉമയ്ക്കൊപ്പം നിഴലായുണ്ട് ആ ചെറുപ്പക്കാരന്‍. സലിലിന്‍റെ അവസ്ഥ അടുത്തറിഞ്ഞപ്പോഴാണ് ശാന്തിക്ക് എന്തുകൊണ്ട് ഒരു ഡയാലിസിസ് യൂണിറ്റ് തുടങ്ങിക്കൂടാ എന്ന ആലോചന ഉണ്ടായത്. ഉമയും സലിലും ചേര്‍ന്ന് കാസര്‍കോട് മുതല്‍ പാറശ്ശാല വരെ യാത്ര ചെയ്ത് വൃക്ക ദാന ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.


ഇതുകൂടി വായിക്കാം: രണ്ടുതവണ വൃക്ക മാറ്റിവെച്ചു, രക്താര്‍ബുദത്തോട് പോയി പണിനോക്കാന്‍ പറഞ്ഞു; ഇന്നും ഷട്ടില്‍ കോര്‍ട്ടില്‍ പറക്കുന്ന ഡേവിസേട്ടന് ഇതൊന്നും ‘ഒരാനക്കാര്യമല്ലെന്നേ’


കേരളത്തിനകത്തും പുറത്തുമായി 20 ഡയാലിസിസ് യൂണിറ്റുകളിലായി പ്രതിമാസം 3,500 ഡയാലിസിസുകളാണ് ശാന്തി ഇപ്പോള്‍ നടത്തിവരുന്നത്. രണ്ട് ലക്ഷത്തി മുപ്പതിനായിരം ഡയാലിസിസ്, 20,000-ത്തോളം സൗജന്യ ഹൃദയ ശസ്ത്രക്രിയകള്‍, 680 കിഡ്നി മാറ്റിവയ്ക്കല്‍ അങ്ങനെ ശാന്തി ആശ്രയമായത് ആയിരക്കണക്കിനാളുകള്‍ക്കായിരുന്നു. പകുതി ഡയാലിസിസുകളും സൗജന്യമായി നടത്തി.

മറ്റ് ആശുപത്രികള്‍ 1,500 മുതല്‍ 2,000 രൂപ വരെ വാങ്ങുമ്പോള്‍ ശാന്തി ഡയാലിസിസ് വെറും 4,00 രൂപ മാത്രം വാങ്ങി. 1998-ല്‍ മസ്തിഷ്‌ക മരണം സംഭവിച്ച സുജിത്ത് എന്ന 18 കാരന്‍റെ അവയവങ്ങള്‍ നാല് പേര്‍ക്ക ദാനം ചെയ്തത് ശാന്തിയുടെ ശ്രമഫലമായാണ്. അതൊരു പുതിയ തുടക്കമായിരുന്നു.

പ്രളയമേഖലയില്‍

ഭര്‍ത്താവിന്‍റെ മരണത്തെത്തുടര്‍ന്ന് ബന്ധുക്കള്‍ വീതംവയ്പ് നടത്തി പറഞ്ഞുവിട്ടപ്പോള്‍ ഉമയ്ക്കും മകന്‍ ശരത്തിനും കിട്ടിയ തുക മുഴുവന്‍ ഉപയോഗിച്ചാണ് ഉമ പ്രേമന്‍ ശാന്തി തുടങ്ങുന്നത്. പിന്നീട് ശാന്തിയുടെ പ്രവര്‍ത്തനങ്ങള്‍ കണ്ട് ഒരുപാട് പ്രവാസി മലയാളികള്‍ സഹായിക്കാന്‍ തുടങ്ങി. പ്രവര്‍ത്തനങ്ങളിലെ വിശ്വാസ്യത മനസ്സിലായിപ്പോള്‍ ഏതാവശ്യത്തിനും കൂടെ നില്‍ക്കാന്‍ ഒട്ടേറെപ്പേരുണ്ടായി.

ഒറ്റയ്ക്ക് ഓടിനടന്ന് തുടങ്ങിയ ശാന്തിയില്‍ ഇപ്പോള്‍ 146 പേരുണ്ട്. 100 സ്ത്രീകള്‍ക്ക് ജോലി ഉറപ്പാക്കുന്ന ഒരു ശാക്തീകരണ യൂണിറ്റിന്‍റെ പണിപ്പുരയിലാണ് ഉമ പ്രേമനിപ്പോള്‍. തമിഴിലെ പ്രശസ്ത ചലച്ചിത്ര താരങ്ങളായ ശരത്കുമാറും രാധിക ശരത്കുമാറുമാണ് ശാന്തിയുടെ ഗുഡ്‌വില്‍ അംബാസിഡര്‍മാര്‍.

തമിഴ്നാട് സര്‍ക്കാര്‍ ഒരേക്കര്‍ ഭൂമി ശാന്തിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സൗജന്യമായി നല്‍കിയിയിട്ടുണ്ട്. തമിഴ്നാട്ടില്‍ കോവില്‍പട്ടിയില്‍ പത്ത് ഡയാലിസിസ് മെഷീനുകള്‍ ഉള്ള ഒരു യൂണിറ്റ് ശാന്തി നടത്തുന്നുണ്ട്. ഇതിനിടെ ചികിത്സാസഹായം ലഭിച്ചവര്‍, കിടപ്പാടം കിട്ടിയവര്‍, മൂന്ന് നേരം ഭക്ഷണം കഴിക്കുന്നവര്‍ അങ്ങനെ ഒരു വലിയ വിഭാഗത്തിന്‍റെ ജീവിതം ഉമ പ്രേമന്‍റെ ഇടപെടലിലൂടെ മാറ്റിമറിക്കപ്പെട്ടു.

ആരോഗ്യ പരിരക്ഷയും ആരോഗ്യ സേവനങ്ങളും ഉറപ്പാക്കുന്ന മൊബൈല്‍ ക്ലിനിക് സേവനവും ആരോഗ്യക്യാമ്പുകളുമായി നടപ്പിലാക്കുന്ന ‘കരുതല്‍’ ആണ് ശാന്തിയുടെ മറ്റൊരു പദ്ധതി.

“2008 മുതലാണ് എന്‍റെ കാഴ്ച്ചപ്പാടില്‍ ഒരു മാറ്റം വന്നത്. രോഗം വന്നാല്‍ ആളുകള്‍ അതിന്‍റെ ചികിത്സയ്ക്കായി ഓടി നടക്കുന്നു, ആരെയങ്കിലുമൊക്കെ കണ്ട് പണം വാങ്ങി ചികിത്സ തേടുന്നു, ഒടുവില്‍ പത്ത് ദിവസത്തെ ജീവിതം ഇരുപത് ദിവസത്തേക്ക് നീട്ടിവാങ്ങി മരിക്കുന്നു. അതിനേക്കാള്‍ എത്രയോ നല്ലത് രോഗം വരാതെ നോക്കുകയാണ് എന്നെനിക്ക് തോന്നി. അങ്ങനെയാണ് കരുതല്‍ ഉണ്ടായത്. രോഗികളായവരെ രോഗം മൂര്‍ച്ഛിക്കാതെ ആരോഗ്യം ശ്രദ്ധിക്കാനും രോഗമില്ലാത്തവര്‍ക്ക് അതിനുള്ള സാധ്യതയുണ്ടോ എന്നുമൊക്കെ കരുതല്‍ സംഘം ശ്രദ്ധിക്കുന്നു.”

ആകസ്മികമായാണ് ഉമ പ്രേമന്‍ അട്ടപ്പാടിയിലെത്തുന്നത്, 2014-ല്‍.  അത് പുതിയൊരു തുടക്കമായി. അപരിചതരോട് സംസാരിക്കാന്‍ പോലും കൂട്ടാക്കാതെ കൊടിയ പട്ടിണിയിലും രോഗങ്ങളിലും കഴിയുന്ന സ്ത്രീകളും മദ്യപാനികളായ പുരുഷന്‍മാരും… ആ ദരിദ്രഗ്രാമങ്ങളില്‍ എങ്ങനെ എന്ത് തുടങ്ങണമെന്ന് ഉമയ്ക്ക് പിടിയില്ലായിരുന്നു.

കുടകളും കമ്പിളിപുതപ്പുകളും വിതരണം ചെയ്തും ഊരുകള്‍ വൃത്തിയാക്കിയും ശുചിമുറികള്‍ നിര്‍മിച്ച് നല്‍കിയും അട്ടപ്പാടിയിലെ സേവനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ട്രൈബല്‍ സ്‌കൂളുകളില്‍ മെഡിക്കല്‍ ക്യാംപ്, ചോര്‍ന്നൊലിക്കുന്ന വീടുകള്‍ക്ക് അറ്റകുറ്റപ്പണി, പോഷകാഹാര കുറവ് കണ്ടെത്തി കുട്ടികള്‍ക്കായി ന്യൂട്രീഷന്‍ ബ്രേക്ക് പദ്ധതി, പ്രായമായവര്‍ക്കായി കമ്മ്യൂണിറ്റി അടുക്കള. സ്വന്തം സംസ്‌കാരവും ഭക്ഷണരീതിയും നിലനിര്‍ത്തി ആദിവാസിജനതയെ ആരോഗ്യവും ക്ഷേമവുമുള്ള ജനതയാക്കുക എന്ന ലക്ഷ്യമായിരുന്നു ആ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍.

അട്ടപ്പാടിയിലെ വിഷം വാരി വിതറാത്ത കൃഷിയിടങ്ങളില്‍ നിന്നുള്ള കാര്‍ഷികോത്പന്നങ്ങള്‍ കേരളത്തില്‍ മുഴുവന്‍ വിതരണം ചെയ്യാനുള്ള ശ്രമവും ഉമ പ്രേമന്‍ നടത്തി. പക്ഷേ കാട്ടാനശല്യം കാരണം നാലുവര്‍ഷത്തിന് ശേഷം ആ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നുവെന്ന് അവര്‍ സങ്കടപ്പെടുന്നു.

മാനസികരോഗികളെയും മദ്യത്തിനും കഞ്ചാവിനും അടിമകളായി ഒറ്റപ്പെട്ടുപോയവരെയും ഉപേക്ഷിക്കാതെ അവര്‍ക്ക് അഭയം നല്‍കാനായി ഒരു പുനരധിവാസകേന്ദ്രം അട്ടപ്പാടിയില്‍ ശാന്തിയുടേതായുണ്ട്. ആവശ്യമായ കരുതലും കൗണ്‍സിംലിഗും നല്‍കി ആത്മഹത്യയില്‍ നിന്നും വിഷാദരോഗത്തില്‍ നിന്നും പലരെയും രക്ഷിക്കാനും ഈ കേന്ദ്രം സഹായകമാകുന്നെന്ന് ഉമ പ്രേമന്‍ പറഞ്ഞു.

ഒരേ സമയം 100 പേര്‍ക്ക് ചികിത്സ നല്‍കാവുന്ന ആശുപത്രിയുടെ നിര്‍മാണം അട്ടപ്പാടിയില്‍ പുരോഗമിക്കുകയാണ്. എന്‍ഐസി ഹൗസിംഗിന്‍റെ സഹായത്തോടെ അഞ്ച് കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന കേന്ദ്രം അടുത്ത മാര്‍ച്ചില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

മലകളും പുഴകളുമൊക്കെയായി സമൃദ്ധമായ മേഖലയാണെങ്കിലും വേനല്‍ക്കാലം അട്ടപ്പാടിക്കാര്‍ക്ക് പേടി സ്വപ്നമാണ്. കുടിവെള്ളം പോലും കിട്ടാതെ ഊരുകള്‍ വലയും. ഈ പ്രശ്‌നത്തിന് എന്തെങ്കിലും ചെയ്യണമെന്ന ചിന്തയായി ഉമ പ്രേമന്. അങ്ങനെയാണ് നീരുറവ വാട്ടര്‍ എ ടി എം പദ്ധതി യാഥാര്‍ത്ഥ്യമായത്.

കൊച്ചി ഷിപ്പ്‌യാര്‍ഡിന്‍റെ പിന്തുണയോടെ തുടങ്ങിയ പൈലറ്റ് പദ്ധതി വിജയിച്ചു. സാധാരണ എടിഎം പോലെ തന്നെ പണത്തിന് പകരം വെള്ളം ലഭിക്കുന്ന രീതിയിലാണ് വാട്ടര്‍ എ ടി എം പ്രവര്‍ത്തിക്കുത്.

ഇരുപത് ലിറ്റര് വെള്ളം വീതം രണ്ടായിരം കുടുംബങ്ങള്‍ക്ക് ഉറപ്പാക്കും നീരുറവ പദ്ധതി.

എ പി ജെ അബ്ദുള്‍ കലാം ഇന്‍റര്‍നാഷണല്‍ സ്കൂള്‍
എ പി ജെ അബ്ദുള്‍ കലാം ഇന്‍റര്‍നാഷണല്‍ സ്കൂള്‍

ജലസ്രോതസ്സുകളുടെ സുസ്ഥിര പരിപാലനത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ജല സാക്ഷരതാ പ്രചാരണവും ഉമയുടെ സംഘടന ലക്ഷ്യമിടുന്നു. 2017 ഓഗസ്റ്റ് 15-ന് അഗളിയിലെ ജിടിവിഎച്ച്എസ് സ്‌കൂളില്‍ പിങ്ക് ടോയ്ലറ്റ് പദ്ധതിതുടങ്ങി. കൗമാരക്കാരികളിലെ ആര്‍ത്തവ ശുചിത്വത്തിനും അവബോധത്തിനും സഹായകമായ പദ്ധതിയും ശാന്തി വിവിധ സ്‌കൂളുകളില്‍ നടപ്പാക്കുന്നു.

അട്ടപ്പാടിയില്‍ എ പി ജെ അബ്ദുള്‍ കലാം ട്രൈബല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ സ്ഥാപിച്ചു. എല്‍ കെ ജി മുതലുള്ള സ്‌കൂളില്‍ ഇപ്പോള്‍ രണ്ടാം ക്ലാസ് വരെയായി 90 കുട്ടികള്‍ താമസിച്ച് പഠിക്കുന്നു. ആദിവാസികുട്ടികളുടെ ഭാഷാപ്രശ്നവും വിമുഖതയും കണക്കിലെടുത്ത് അവര്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ ആദിവാസിമേഖലയില്‍ നിന്നുള്ള മൂന്ന് അധ്യാപകരെയും ഇവിടെ നിയമിച്ചിട്ടുണ്ട്.

അടിസ്ഥാനവിദ്യാഭ്യാസം ശരിയായി ലഭിക്കാതെ വളരുന്ന ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതപഠനം ബാലികേറാമലയാണെന്ന് തിരിച്ചറിഞ്ഞാണ് ശാന്തി അവരെ ചെറുപ്രായത്തില്‍ തന്നെ പരിശീലിപ്പിച്ച് ആരോടും മത്സരിക്കാനുള്ള ആത്മവിശ്വാസം നല്‍കുന്നത്. ഗോത്രവര്‍ഗ്ഗ നാടോടി കലകള്‍ക്കും വോക്കല്‍, ഇന്‍സ്ട്രുമെന്‍റല്‍ സംഗീതം, നാടകം തുടങ്ങിയവ പഠിപ്പിക്കാന്‍ ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവരെ തന്നെ ചുമതലപ്പെടുത്തിയാണ് സ്‌കൂളിന്‍റെ പ്രവര്‍ത്തനം. കൂടാതെ അത്ലറ്റിക്സിനും സ്പോര്‍ട്സിനും മുന്‍ഗണന നല്‍കുന്നുണ്ട്. പ്രകൃതിയോടും പരിസ്ഥിതിയോടും മമതയും സ്നേഹവും നിലനിര്‍ത്തിയാണ് കുട്ടികളെ പഠിപ്പിക്കുന്നത്. ജലസാക്ഷരതയ്ക്കും ഈ സ്‌കൂള്‍ മുന്‍ഗണന നല്‍കുന്നു.

ഉമ പ്രേമന്‍റെ ജീവിതം ‘നിലാച്ചോറ്’ എന്ന പേരില്‍ ഷാബു കിളിത്തട്ടില്‍ നോവലാക്കിയിട്ടുണ്ട്. അമ്മ എന്ന നിലയില്‍ മകന്‍ ശരത് സാഗറിന് മുഴുവന്‍ സമയവും നല്‍കാന്‍ കഴിഞ്ഞിട്ടില്ല എന്ന സ്വകാര്യ ദു:ഖമുണ്ട് ശാന്തിയുടെ അമരക്കാരിക്ക്. എങ്കിലും അമ്മയുടെ സേവനപാത മനസിലാക്കി മകന്‍ കൂടെയുണ്ട്. തമിഴ് സിനിമമേഖലയില്‍ അസിസ്റ്റന്‍റ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയാണ് ശരത്തിപ്പോള്‍.

എ പി ജെ അബ്ദുള്‍ കലാം ഇന്‍റര്‍നാഷണല്‍ റെസിഡെന്‍ഷ്യല്‍ ട്രൈബല്‍ സ്കൂള്‍

അതിശയിപ്പിക്കുന്ന വേഗതയും ഊര്‍ജ്ജവുമുണ്ട് ഉമാ പ്രേമന്‍റെ തീരുമാനങ്ങള്‍ക്ക്. ഏറ്റെടുക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാകുംവരെ വിശ്രമമില്ല. ഒന്നു തീര്‍ന്നാല്‍ മറ്റൊന്ന്. ഒപ്പം സാമൂഹികമായ ഇടപെടലുകള്‍ വേറെ.


ഇതുകൂടി വായിക്കാം: രാജ്യം ചുറ്റാനിറങ്ങിയ ‘ഫ്രീക്കത്തി’ അമ്മൂമ്മമാര്‍: ‘നാട്ടുകാര് നല്ലതും വെടക്കും പറയും, അതൊന്നും ഞങ്ങള് നോക്കാറില്ല’


അന്തിയുറങ്ങാന്‍ സുരക്ഷിതമായി ഒരിടമില്ലാതിരുന്ന 112 പേര്‍ക്കാണ് ഉമ പ്രേമന്‍ ഇടപെട്ട് മറ്റുള്ളവരുടെ സഹായത്തോടെ വീട് നിര്‍മിച്ച് നല്‍കിയത്.

പുരസ്‌കാരങ്ങളും അംഗീകാരങ്ങളും മടുത്തുപോയെന്ന് തുറന്നു പറയുന്നു ഉമ പ്രേമന്‍. “അതിനായല്ല ഒന്നും ചെയ്യുന്നത്. ചെയ്തു തീര്‍ത്തതിനേക്കാള്‍ എത്രയോ ചെയ്യാന്‍ ഇനി ബാക്കി കിടക്കുന്നു. അതിനുള്ള നെട്ടോട്ടത്തിലാണ്,” അവര്‍ പറയുന്നു.

***

ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്‍ററുമായി ബന്ധപ്പെടാം: 04872556796
http://www.santhimedicalinfo.org  ഇമെയില്‍: santhimedicalinfo@gmail.com

ഫോട്ടോകള്‍ക്ക് കടപ്പാട്: Uma Preman/Facebook

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം