ടെറസ് കൃഷിയിലൂടെ സെറിബ്രല്‍ പാള്‍സിയെ തോല്‍പിച്ച് ബി കോമിന് ഒന്നാം റാങ്ക്, ബാങ്കില്‍ മാനേജര്‍: ‘കൃഷി ചികിത്സ’യുടെ അല്‍ഭുതം പങ്കുവെച്ച് അച്ഛനും മകനും

സെറിബ്രല്‍ പാള്‍സിയല്ലേ ഇനി ഈ കുട്ടിയെ കൊണ്ട് ഒരു കാര്യവും ചെയ്യാന്‍ പറ്റില്ലെന്നൊക്കെ പറയുന്ന ഡോക്റ്റര്‍മാരുമുണ്ട്. എന്നാല്‍ അമിത്തിന്‍റെ അച്ഛനും അമ്മയും അതിലൊന്നും തളര്‍ന്നില്ല. ഹോര്‍ട്ടികള്‍ച്ചര്‍ തെറപ്പിയിലൂടെ മകന് സ്വന്തമായി എല്ലാം ചെയ്യാമെന്ന ആത്മവിശ്വാസം നല്‍കി.

 ത്താം ക്ലാസില്‍ 85 ശതമാനം മാര്‍ക്ക്, പ്ലസ് ടുവിന് ഫുള്‍ എ പ്ലസ്, ഡിഗ്രിക്ക് ഒന്നാം റാങ്ക്. ഇന്നിപ്പോള്‍ എസ്ബി ഐ ഡെപ്യൂട്ടി മാനേജര്‍. പഠിച്ച് റാങ്കും സ്വര്‍ണമെഡലുമൊക്കെ നേടുന്നവര്‍ക്കിടയില്‍ ഈ യുവാവിന്‍റെ വിജയത്തിന് തിളക്കം അല്‍പം കൂടുതലാണ്.

അമിത് എന്ന 27-കാരന്‍ സെറിബ്രല്‍ പാള്‍സിയെ തോല്‍പ്പിച്ചാണ് ഈ വിജയങ്ങളൊക്കെയും നേടിയത്. കൃഷിയിലൂടെയാണ് അമിത് പരിമിതികളെ മറികടന്നത്.


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com

മറ്റൊരു വിധത്തിലാകുമായിരുന്ന ജീവിതത്തെ കൃഷിയിലൂടെ തിരികെപ്പിടിച്ചാണ് അമിത് ഈ വിജയങ്ങളൊക്കെയും സ്വന്തമാക്കിയത്. അഭിമാനത്തോടെയാണ് അമിത്തിന്‍റെ അച്ഛന്‍ ഡോ ബി എസ് വിജയേന്ദ്ര ഭാസ് അതിനെക്കുറിച്ച് പറഞ്ഞു തുടങ്ങുന്നത്.

കുടുംബത്തോടെ ടെറസ് കൃഷിയിലാണ് വിജയേന്ദ്ര

തിരുവനന്തപുരം ശ്രീകാര്യം സ്വദേശികളാണ് വിജയേന്ദ്ര ഭാസും അമിത് ഭാസും. സെറിബ്രല്‍ പാള്‍സിയുണ്ടായിരുന്ന മകനെ നടക്കാന്‍ പഠിപ്പിച്ചതും വര്‍ത്തമാനം പറയാന്‍ പഠിപ്പിച്ചതും അച്ഛനാണ്.

അദ്ദേഹത്തിന്‍റെ കൃഷിത്തോട്ടത്തിലെ ചീരയുടെയും പയറിന്‍റെയും കോവലിന്‍റെയുമൊക്കെ തലോടലിലൂടെയാണ് അമിത്തിനെ അവന്‍റെ അച്ഛനും അമ്മയും ജീവിതത്തിലേക്ക് കൊണ്ടുവരുന്നത്.

“അമിത്തിന്‍റെ ജനനസമയത്ത് ചില പ്രശ്നങ്ങളുണ്ടായിരുന്നു.” വിജയേന്ദ്ര ഭാസ് പറയുന്നു. “നോര്‍മല്‍ ഡെലിവറിയാണ് ഡോക്റ്റര്‍ നിര്‍ദേശിച്ചിരുന്നത്. പക്ഷേ നാലു കിലോയിലേറെ ഭാരമുണ്ടായിരുന്നതിനാല്‍ സാധാരണപ്രസവത്തിലൂടെ കുഞ്ഞിന് പുറത്തേക്ക് വരാന്‍ ബുദ്ധിമുട്ടായിരുന്നു. ഒടുവില്‍ വാക്വം പമ്പ് ഉപയോഗിച്ചാണ് കുഞ്ഞിനെ പുറത്തെടുക്കുന്നത്,” ഡോ. ഭാസ് ദ് ബെറ്റര്‍ ഇന്‍ഡ്യ (ടി ബി ഐ)യോട് ആ സംഭവത്തെക്കുറിച്ച് വിശദമായി പറഞ്ഞു.

അച്ഛനൊപ്പം അമിത് (പഴയകാല ചിത്രം)

“അപ്പോഴേക്കും കുഞ്ഞിന്‍റെ തലച്ചോറിലേക്കുള്ള രക്തയോട്ടം നിലച്ചിരുന്നു. അതിനാല്‍ കുഞ്ഞ് അനങ്ങിയില്ല, കരഞ്ഞുമില്ല. ഫില്ലറുകളിലാണ് കുഞ്ഞിന് വിശപ്പിന് പാലു പോലും നല്‍കിയിരുന്നത്.

“പിന്നീട് കുറേ ആശുപത്രികള്‍ കയറിയിറങ്ങി.


പല വഴികളിലൂടെ കുഞ്ഞിന്‍റെ ചലനശേഷി കിട്ടാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു.”


ആയിടയ്ക്കാണ് അവര്‍ ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പി പരീക്ഷിക്കുന്നത്.

“സ്പീച്ച് തെറാപ്പിയും ഫിസിയോ തെറാപ്പിയും മാത്രമാണ് ചികിത്സ എന്നു പറയാനുള്ളത്. പക്ഷേ ഫിസിയോതെറാപ്പി അവന് ബുദ്ധിമുട്ടായിരുന്നു. അവനിഷ്ടപ്പെട്ടതാണ് കൃഷി. അങ്ങനെയാണ് കൃഷിയിലൂടെ തെറാപ്പി ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചത്,” അദ്ദേഹം പറയുന്നു.

അച്ഛനും അമ്മയ്ക്കുമൊപ്പം അമിത്

കാര്‍ഷിക കുടുംബമായിരുന്നു അവരുടേത്. പക്ഷേ ശ്രീകാര്യത്തേക്ക് താമസം മാറിയതോടെ കൃഷി ചെയ്യാനുള്ള സ്ഥലം ഇല്ലായിരുന്നു.  നഗരത്തിലേക്ക് വന്നപ്പോള്‍ ഈ അടുക്കള മാലിന്യം എങ്ങനെ പരഹരിക്കുമെന്നത് വലിയ ചോദ്യമായി മുന്നില്‍ നിന്നു. അതുകൂടി പരിഹരിക്കാനാണ് ടെറസിലും ഇത്തിരിമുറ്റത്തും കൃഷി തുടങ്ങിയത്.

“ഒരു ചാക്കില്‍ മാലിന്യങ്ങളിട്ട് ഇട്ട് നിറഞ്ഞു. ഇനി അതൊക്കെ കളയണ്ടേ.. ഒരു മാര്‍ഗവുമില്ല. എന്ത് ചെയ്യുമെന്നറിയാതെ അതിങ്ങനെ ചാക്കില്‍ തന്നെ വെച്ചിരുന്നു.


ഇതുകൂടി വായിക്കാം: സ്വപ്നങ്ങളുടെ ജീവന്‍: ഒരു പനി വന്നാല്‍ പോലും തളര്‍ന്നുപോകുന്നവര്‍ അറിയാന്‍


“ആയിടയ്ക്കാണ് വീട്ടില്‍ വരുത്തുന്ന ഒരു പത്രത്തിനൊപ്പം കുറച്ച് വിത്തുകള്‍ സൗജന്യമായി കിട്ടുന്നത്. അതെങ്ങനെയോ ഈ മാലിന്യംകൂട്ടി വെച്ചിരിക്കുന്ന ചാക്കില്‍ വീണു. അതില്‍ കിടന്ന് മുളച്ചു. അതു കണ്ടപ്പോള്‍ ഒരു ഐഡിയ തോന്നിയാണ് ഗ്രോ ബാഗില്‍ പച്ചക്കറി കൃഷി ആരംഭിക്കുന്നത്. മാലിന്യപ്രശ്നം പരിഹരിക്കാനൊരു നല്ല മാര്‍ഗമാണ് ഗ്രോ ബാഗ് ക‍ൃഷിയെന്നും തോന്നി,” ഡോ. ഭാസ് തുടരുന്നു.

അമിത് ഭാസ്

“സ്ഥലം കുറവായതു കൊണ്ട് കുറച്ചു കൃഷിയാണ് ചെയ്തിരുന്നത്. ചാക്കുകളിലായി ചീരയും പയറുമൊക്കെ നട്ടിട്ടുണ്ടായിരുന്നു. കുഞ്ഞിനെയും എടുത്ത് കൊണ്ട് ഈ കൃഷികള്‍ക്കിടയിലൂടെ നടക്കും.. ഇവിടെ മാത്രമല്ല നാട്ടിലെ പറമ്പിലും പാടത്തും റോഡിലൂടെയുമെല്ലാം കുഞ്ഞിനെ ഒക്കത്തിരുത്തി ചുറ്റിക്കറങ്ങുമായിരുന്നു.

“വീട്ടിലെ കൃഷിത്തോട്ടത്തിലെ ചെടികളെ തൊടാനും തലോടാനുമൊക്കെ അമിത് ശ്രമിക്കുന്നത് കണ്ടു. കുഞ്ഞിന് കൃഷി ഇഷ്ടമാണെന്നു കണ്ടതോടെ കൃഷിയുടെ എണ്ണം കൂട്ടി. വീട്ടില്‍ സ്ഥലമുള്ള ഇടങ്ങളിലൊക്കെ ഓരോന്ന് നട്ടുപിടിപ്പിച്ചു. അവന് അതൊക്കെയും കാണുന്നതു ഇഷ്ടമായിരുന്നു.”

അങ്ങനെയാണവര്‍ കുഞ്ഞിന് താല്‍പര്യമുള്ള ഒരു രീതിയിലൂടെ അവനെ ചികിത്സിച്ചുനോക്കിയാലോ എന്ന് ആലോചിക്കുന്നത്.

“അവന്‍റെ ഇഷ്ടം പ്രയോജനപ്പെടുത്തി കുഞ്ഞിനെ ചികിത്സിച്ചാലോയെന്നു തോന്നി. വേറൊന്നും കൊണ്ടല്ല, ഫിസിയോതെറാപ്പി ചെയ്യുമ്പോള്‍ അവന്‍ കരയും. വേദനിച്ചിട്ടാണ് ഈ കരച്ചില്‍. അങ്ങനെയയാപ്പോള്‍ പല ചികിത്സയും മുന്നോട്ടു കൊണ്ടുപോകാനും സാധിച്ചില്ല. അങ്ങനെ അവന് കൃഷിയോട് താത്പ്പര്യമുണ്ടെന്നു മനസിലാക്കി, ഫിസിയോതെറാപ്പി എന്തുകൊണ്ട് കൃഷിയിലൂടെ കൊടുത്തു കൂടാ എന്നു തോന്നി,” ഡോ. ഭാസ് പറഞ്ഞു.

വ്യായാമവും ഫിസിയോതെറാപ്പിയുമില്ലാതെ അമിത്തിനെ  ചികിത്സിക്കാനും പറ്റില്ലായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടെറസ് കൃഷി ആരംഭിച്ചതും അമിത്തിന് വേണ്ടി തന്നെയായിരുന്നു.

ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പിയെക്കുറിച്ച് കാര്‍ഷിക സര്‍വകലാശാലയിലെ വൈശാഖ് സാറിനോടും മാധവന്‍ സാര്‍, മെഡിക്കല്‍ കോളെജിലെ പീഡിയാട്രീക് പ്രൊഫസറായിരുന്ന ഗോപിനാഥന്‍ നായര്‍, അഗ്രികള്‍ച്ചര്‍ യൂനിവേഴ്സിറ്റിയിലെ ശ്രീകണ്ഠന്‍ നായര്‍, മാധവമേനോന്‍, സൈക്കോളജിസ്റ്റ് ഇന്ദിര, ഡോ. മീനാകുമാരി ഇവരൊടൊക്കെ വിശദമായി ചര്‍ച്ച ചെയ്തുവെന്ന് ഡോ. ഭാസ് പറഞ്ഞു. കൃഷിയിലൂടെ മകന് എങ്ങനെ ഫിസിയോതെറാപ്പി കൊടുക്കാമെന്നതിനെക്കുറിച്ച് അവരുടെ അഭിപ്രായങ്ങള്‍ തേടി.

“ഇവരുടെയൊക്കെ നിര്‍ദേശം അനുസരിച്ചാണ് പിന്നെ ഓരോന്ന് ചെയ്തത്.


അമിത്തിന് വേണ്ടി മാത്രമായി 300-ലേറെ ഫിസിയോതെറാപ്പി രീതികളാണ് കണ്ടെത്തിയത്. അതിലൊന്ന്, ചെടികള്‍ നനയ്ക്കുന്നതായിരുന്നു.


സാധാരണ തോട്ടം നനയ്ക്കുന്നത് പോലെയല്ല. കുഞ്ഞു ബക്കറ്റില്‍ വെള്ളം എടുത്ത്, അതില്‍ നിന്ന് കപ്പില്‍ വെള്ളം എടുക്കും. അതിലേക്ക് ഒരു സ്ട്രോയിട്ട് വെള്ളം വായിലേക്കെടുക്കും. എന്നിട്ട് ചെടിയുടെ ചുവട്ടിലേക്ക് വെള്ളം തുപ്പും. അങ്ങനെ കുഞ്ഞിന് കൗതുകമുണര്‍ത്തുന്ന രീതിയില്‍ ചെയ്യിപ്പിക്കുകയായിരുന്നു.

വിജയേന്ദ്രയുടെ ടെറസ് കൃഷി

“ഞാനും ഇങ്ങനെ ചെയ്യും. മുതിര്‍ന്നവര്‍ ചെയ്യുന്നതൊക്കെ അനുകരിക്കാനുള്ള ഒരു സ്വാഭാവം കുട്ടികള്‍ക്കുണ്ടല്ലോ. അതാണ് പ്രയോജനപ്പെടുത്തിയത്. അവനും അത് അനുകരിക്കാന്‍ തുടങ്ങി.

“അവന്‍ നിത്യേന ഇതു ചെയ്യുന്നതിന് വേണ്ടി ഞാനും അതുപോലെ ചെയ്യുമായിരുന്നു. ഇങ്ങനെ പലതരം വ്യായാമ മുറകള്‍ പരിശീലിച്ച് കുട്ടിയുടെ ഐക്യൂ ലെവലില്‍ മാറ്റം വന്നു. ഐക്യൂ ലെവല്‍ നോര്‍മല്‍ ലെവിനെക്കാളും മുന്നിലായി.” അങ്ങനെ ആ പരീക്ഷണം വിജയിക്കുന്നുണ്ടെന്ന് ഡോ. ഭാസിന് ഉറപ്പായി.

സാധാരണ സ്കൂളിലാണ് അമിത്തിനെ ചേര്‍ത്തത്. ഇതുപോലെയുള്ള കുട്ടികളില്‍ 80 ശതമാനം പേരെയും സാധാരണ സ്കൂളുകളില്‍ വിട്ടാല്‍ മതി എന്നാണ് ഡോ. ഭാസിന്‍റെ അഭിപ്രായം. “പക്ഷേ രക്ഷിതാക്കളാണ് ചെറിയൊരു പ്രശ്നം വലിയൊരു അസുഖമാക്കുന്നത്. ചില ഡോക്റ്റര്‍മാര്‍ക്കും ഇതില്‍ പങ്കുണ്ട്,”  അദ്ദേഹം സ്വന്തം അനുഭവത്തില്‍ നിന്നാണ് അത് പറയുന്നത്.

“സെറിബ്രല്‍ പാള്‍സിയല്ലേ ഇനി ഈ കുട്ടിയെ കൊണ്ട് ഒരു കാര്യവും ചെയ്യാന്‍ പറ്റില്ലെന്നൊക്കെ പറയുന്ന ഡോക്റ്റര്‍മാരുമുണ്ട്. ഗോപിനാഥന്‍ ഡോക്റ്ററാണ് ജനിച്ച കാലം തൊട്ട് കുഞ്ഞിനെ നോക്കുന്നത്. അദ്ദേഹം പ്രോത്സാഹിപ്പിച്ചു കൊണ്ടേയിരുന്നു.. അസുഖം മാറും, കുട്ടി നടക്കുമെന്നൊക്കെ പറഞ്ഞു കൊണ്ട്.

“ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പിയിലൂടെ ഇവന്‍റെ അസുഖം മാറ്റാനുള്ള എന്‍റെ ശ്രമങ്ങളെയും ഗോപിനാഥന്‍ ഡോക്റ്റര്‍ പിന്തുണച്ചിരുന്നു. ഈഗോയൊന്നുമില്ലാതെ ഗുണം കിട്ടുമെന്നു പറയുന്നിടത്തൊക്കെ അദ്ദേഹം നമ്മളെ അയച്ചു. ഹോമിയോ, ആയുര്‍വേദമൊക്കെ നോക്കി. പക്ഷേ ഇതുകൊണ്ടൊന്നും ഗുണമുണ്ടായില്ല.


ഇതുകൂടി വായിക്കാം: തൊട്ടാല്‍ നുറുങ്ങുന്ന ചില്ലുപാത്രം പോലെ നൂറുകണക്കിന് കുട്ടികള്‍, അവരെ താങ്ങിയെടുക്കാന്‍ ഒരമ്മ


“ഇവിടെയൊക്കെ ഫിസിയോ തെറാപ്പിയും വ്യായാമങ്ങളും ചെയ്യാനാണ് നിര്‍ദേശിച്ചത്. പക്ഷേ അതൊക്കെ ചെയ്യുമ്പോള്‍ മോന്‍ കിടന്നു കരയുമായിരുന്നു.” അതുകൊണ്ടാണ് കൃഷിയിലൂടെ ഫിസിയോ തെറാപ്പി ചെയ്യാന്‍ തീരുമാനിച്ചത്. ഗോപിനാഥന്‍ ഡോക്റ്ററും ഇന്ദിര ഡോക്റ്ററുമൊക്കെ പിന്തുണച്ചിരുന്നു.” അമിത്തിന്‍റെ അച്ഛന്‍ പറയുന്നു.

അഞ്ചാം ക്ലാസില്‍ പഠിക്കുന്നത് വരെ കുട്ടിയെ സ്കൂളിലേക്ക് എടുത്തുകൊണ്ടുപോകുകയായിരുന്നുവെന്നു ഡോ.വിജയേന്ദ്ര ഭാസ് പറഞ്ഞു


ഏഴാമത്തെ വയസിലാണ് അമിത് നടന്നു തുടങ്ങുന്നത്. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് അവന്‍ സ്വയം ഷര്‍ട്ടിന്‍റെ ബട്ടണ്‍ ഇടാന്‍ പോലും പഠിക്കുന്നത്.


അതിനിടയ്ക്ക് ഡോ. ഭാസ് യമനിലെ ഹാദ്രാമൗണ്ട് യൂനിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍റ് ടെക്നോളജിയില്‍ പ്രൊഫസറായി ജോലിക്ക് കയറി.

“അമിത് ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ യെമനിലേക്ക് പോകുന്നത്… അവിടെ ഒരു സെമസ്റ്റര്‍ കഴിഞ്ഞാല്‍ രണ്ട് മാസം അവധി കിട്ടും. ആ അവധിയ്ക്കൊക്കെ നാട്ടില്‍ വരുമായിരുന്നു. അന്നും വീട്ടില്‍ കൃഷിയുണ്ടായിരുന്നു,”

അമിത്തും അവന്‍റെ അമ്മ സ്വര്‍ണവിയും കൂടിയാണ് അക്കാലത്ത് കൃഷിയൊക്കെ നോക്കിയിരുന്നത്.

പഠിക്കാന്‍ അമിത് മിടുക്കനായിരുന്നു. പത്തില്‍ 85 ശതമാനം മാര്‍ക്കുനേടി.  ഉണ്ടായിരുന്നുള്ളൂ.

“ഇതില്‍ കൂടുതല്‍ കിട്ടേണ്ടിയിരുന്നു,” എന്നാണ് ഡോ. ഭാസിന് ഇപ്പോഴും തോന്നുന്നത്.  എഴുതുമ്പോള്‍ അവന്‍റെ കൈ വിറയ്ക്കും… അങ്ങനെ എഴുതിയതു കൊണ്ടു അക്ഷരം വായിച്ചുമനസിലാക്കാന്‍ ബുദ്ധിമുട്ടായിരിക്കും. സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ളത് കൊണ്ട് മറ്റൊരാളോട് പറഞ്ഞ് എഴുതിക്കാനും ബുദ്ധിമുട്ടായിരുന്നു. പിന്നെ ടൈപ്പ് ചെയ്യാനറിയാമായിരുന്നു. അങ്ങനെയാണ് കോളെജില്‍ വച്ച് കംപ്യൂട്ടറില്‍ പരീക്ഷയെഴുതുന്നത്,”അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

“കോളെജില്‍ പഠിക്കുമ്പോള്‍, ലക്ച്ചര്‍ നോട്ട് എഴുതാനൊന്നും പറ്റില്ല.” പഠനകാലത്തെക്കുറിച്ച് അമിത് പറയുന്നു. “ക്ലാസില്‍ അധ്യാപകര്‍ പഠിപ്പിക്കുന്നത് കേട്ടിരിക്കും. വീട്ടില്‍ വന്ന ശേഷം പാഠപുസ്തകം വായിച്ചാണ് പഠിക്കുന്നത്.


 പക്ഷേ കേരള യൂനിവേഴ്സിറ്റിയില്‍ ഒന്നാം റാങ്ക് നേടിയാണ് ബികോം വിജയിക്കുന്നത്. കംപ്യൂട്ടറില്‍ പരീക്ഷയെഴുതുന്നതിന് വേണ്ടി അച്ഛന്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രിയായ എം.എ. ബേബിക്ക് കത്തെഴുതി.


“എന്നെക്കുറിച്ചും സാഹചര്യങ്ങളുമൊക്കെ തിരിച്ചറിഞ്ഞിട്ടാകും അനുമതി കിട്ടുകയും ചെയ്തു. കോളെജില്‍ അങ്ങനെയാണ് പരീക്ഷയെഴുതിയത്. ബാങ്ക് പരീക്ഷകളിലും പി എസ് സിയിലും ഉപാധികളോടെ കംപ്യൂട്ടര്‍ ഉപയോഗിക്കാമെന്നും അന്നു തീരുമാനമായി,” അമിത് ടി ബി ഐയോട് പറഞ്ഞു.

“ബികോമിന് ശേഷം സിഎയ്ക്ക് പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. സുഹൃത്തുക്കളിലൊരാള്‍ ബാങ്ക് കോച്ചിങ്ങിന് പോയിരുന്നു. അങ്ങനെയാണ് ‍‍ഞാനും ട്രൈ ചെയ്യുന്നത്.

“എങ്ങനെ ട്രൈ ചെയ്യണമെന്നൊക്കെ അവന്‍ പറഞ്ഞു തന്നിരുന്നു. പിന്നെ ബാങ്ക് ടെസ്റ്റ് ഭയങ്കര ടഫായിരിക്കുമെന്നും കേട്ടു. അങ്ങനെയാണ് ഇത് എങ്ങനെയെങ്കിലും എഴുതിയെടുക്കണമെന്നു തോന്നുന്നത്.

“ബാങ്ക് ടെസ്റ്റ് എഴുതി ആദ്യം കിട്ടിയത് ക്ലറിക്കല്‍ ആണ്. അതിനു ശേഷമാണ് പ്രോബേഷണറി ഓഫിസറാകുന്നത്. തിരുവനന്തപുരത്ത് വെട്ടുക്കാട് ബ്രാഞ്ചിലായിരുന്നു ആദ്യ പോസ്റ്റിങ്. ഇപ്പോ തിരുവനന്തപുരത്ത് ടെക്നോപാര്‍ക്ക് ബ്രാഞ്ചില്‍ എസ്ബിഐ ഡെപ്യൂട്ടി മാനേജറാണ്,” അമിത് അഭിമാനത്തോടെ പറയുന്നു.

കുറച്ചുകാലത്തെ ഗള്‍ഫ് ജീവിതത്തിന് ശേഷം ഡോ. വിജയേന്ദ്രഭാസും നാട്ടില്‍ തിരിച്ചെത്തി. കൃഷിയില്‍ സജീവമായി. ജീവിത ശൈലീ രോഗങ്ങളാണ് ആ പ്രവാസ ജീവിതം നല്‍കിയതെന്ന് അദ്ദേഹം സങ്കടപ്പെടുന്നു.

“പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍.. ഇതൊക്കെ വന്നു. അതോടെ മരുന്നും കഴിച്ചു തുടങ്ങി. മൂവായിരം രൂപയുടെ മരുന്നാണ് കഴിച്ചിരുന്നത്. നടക്കാന്‍ പോലും സാധിക്കില്ലായിരുന്നു. പിന്നെ വീണ്ടും കൃഷിയിലേക്ക്. കൃഷി ചെയ്തു തുടങ്ങിയതോടെ ഓരോ ദിവസം ചെല്ലുന്തോറും മാറ്റം വരികയായിരുന്നു. അസുഖമൊക്കെ ജീവിതചര്യയിലൂടെ മാറ്റിയെടുത്തു,” അദ്ദേഹം പറയുന്നു.

“അ‌ഞ്ച് സെന്‍റിലാണ് വീട്. വീടിന്‍റെ ടെറസിലും ഒഴിഞ്ഞ സ്ഥലങ്ങളിലുമെല്ലാം പച്ചക്കറി കൃഷിയുണ്ട്. ചീര, പയര്‍, കോവല്‍, വെണ്ട ഇതൊക്കെയാണ് ടെറസില്‍ കൃഷി ചെയ്തിരിക്കുന്നത്. ഗ്രോ ബാഗ് അല്ല ഫാക്റ്റംഫോസ് വില്‍ക്കുന്ന ചാക്കിലാണ് കൃഷി ചെയ്തിരിക്കുന്നത്. തീരെ ചെലവ് കുറഞ്ഞ രീതിയാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്,”

മ‌ണ്ണും ചാണകവും കോഴിവളവും ചെറിയ തോതില്‍ മണലും ചേര്‍ത്താണ് ചാക്കുകള്‍ തയാറാക്കുന്നത്. ടെറസിലെ കൃഷി കണ്ടാല്‍ ചീരയാണ് കൂടുതല്‍  എന്നു തോന്നിയേക്കാം. പക്ഷേ പല ചാക്കിലും വെണ്ടയോ പയറോ ആണ് നട്ടിരിക്കുന്നത്. ടെറസില്‍ മാത്രമല്ല വീടിനടുത്ത് ഒരു രണ്ട് സെന്‍റ് വാങ്ങി കൃഷി ചെയ്യുന്നുണ്ട്.

എലികളെയും കീടങ്ങളെയുമൊക്കെ തുരത്താന്‍ ഡോ. ഭാസിന് സ്വന്തമായൊരു ശൈലിയുണ്ട്. ടച്ച് തെറാപ്പിയിലൂടെയാണ് കീടങ്ങളെ അകറ്റുന്നത്. ദിവസവും വിളകളെ തലോടുന്നതിലൂടെ വിളകളില്‍ ഏതെങ്കിലും കീടബാധയുടെ ആക്രമണം തുടങ്ങുകയാണെങ്കില്‍ ഈ തലോടലിലൂടെ ആ കീടം പെറ്റുപെരുകുന്നത് നിയന്ത്രിക്കാം. ഇതു കുറേക്കാലം നിരീക്ഷിച്ചാണ് കണ്ടെത്തിയത് എന്ന്  അദ്ദേഹം പറഞ്ഞു.

“പച്ചക്കറി തോട്ടത്തിലൂടെ നടക്കുമ്പോള്‍, അവയെ കാണുമ്പോള്‍ നമുക്കൊരു പോസിറ്റീവ് എനര്‍ജി കിട്ടില്ലേ.. അതുപോലെയാണ് മനുഷ്യര്‍ അടുത്ത് ചെല്ലുമ്പോള്‍ സസ്യങ്ങള്‍ക്കും. ടെറസ് എപ്പോഴും വൃത്തിയായിരിക്കണം. കൊഴിഞ്ഞു വീഴുന്ന ഇലകളൊക്കെയും പെറുക്കിക്കളഞ്ഞ് വൃത്തിയായി സൂക്ഷിക്കണം,” കര്‍ഷകന്‍ കൂടിയായ ഈ അധ്യാപകന്‍ പറയുന്നു.

അമ്മ സ്വര്‍ണവിയ്ക്കൊപ്പം അമിത്

ചാക്കിലാക്കി ഈ മാലിന്യങ്ങള്‍ സൂക്ഷിക്കും. തൈകള്‍ നട്ടിരിക്കുന്ന ചാക്കിന് കേട് പറ്റുമ്പോള്‍ അതിലെ മണ്ണും തൈയുമൊക്കെയെടുത്ത് ഈ മാലിന്യം നിറയ്ക്കുന്ന ചാക്കിലേക്ക് മാറ്റും. ഇതാണ് പതിവ്. പൂര്‍ണമായും ജൈവവളമാണിവിടെ ഉപയോഗിക്കുന്നത്.

“50 ശതമാനം ചാണകം, 40 ശതമാനം മണ്ണ്, പത്ത് ശതമാനം ഓടയില്‍ നിന്നെടുക്കുന്ന ജൈവാശം കൂടിയ മണ്ണ്.. ഇതാണ് ഈ ചാക്കില്‍ നിറയ്ക്കുന്നത്. നട്ട ശേഷം ഇടയ്ക്കിടെ വളമിടാറില്ല,” അദ്ദേഹം കൃഷിരീതി പറ‍ഞ്ഞുതരുന്നു

ഹോര്‍ട്ടി കള്‍ച്ചര്‍ തെറാപ്പിയിലൂടെ പെട്ടെന്നാണ് അമിത്തിന് മാറ്റങ്ങളുണ്ടായത്. അവന്‍ നടന്നു തുടങ്ങിയതോടെയാണ് കൃഷി ടെറസിലേക്ക് മാറ്റിയത്. അവന്‍ കൃഷി കാണാന്‍ ടെറസിലേക്ക് പോകുമല്ലോയെന്നാണ് ചിന്തിച്ചത്.

മെല്ലെ അവന്‍ ടെറസ് കയറാനും നല്ല പോലെ നടക്കാനുമൊക്കെ പഠിച്ചു.

ചീരയും പയറും വെണ്ടയും കുറ്റിക്കുരുമുളകും ക്വാളിഫ്ലവറും കോവലും പുതിനയുമൊക്കെ ഇപ്പോഴും കൃഷി ചെയ്യുന്നുണ്ട്. ടെറസിലായതുകൊണ്ടാണ് കീടം ഇല്ല. മണ്ണില്‍ ചെയ്യുമ്പോള്‍ കീടം വരുമെന്നു പലരും പറഞ്ഞു. അങ്ങനെയാണ് രണ്ട് സെൻ്റ് ഭൂമി വാങ്ങി കൃഷി ചെയ്യാന്‍ തുടങ്ങിയതെന്നു വിജയേന്ദ്ര പറയുന്നു.

“ഈ പറമ്പില്‍ പലതരം പച്ചക്കറികളുണ്ട്. മയില്‍പ്പീലി ചീര, ബീറ്റ്റൂട്ട് ചീര തുടങ്ങി വ്യത്യസ്ത ചീരകളും വഴുതന, കപ്ലങ്ങ, എന്നിവയുമുണ്ട് ഈ പറമ്പില്‍. ചേന, ചേമ്പ്, കാച്ചില്‍, കപ്പ, തെങ്ങ്…അത്യാവശ്യത്തിന് എല്ലാമുണ്ട്.

“എലി ശല്യമുണ്ടായിരുന്നു. എന്നാലിപ്പോള്‍ അതിനും ഒരു മാര്‍ഗം കണ്ടെത്തിയിട്ടുണ്ട്. പറമ്പ് വൃത്തിയാക്കിയിട്ടാല്‍ എലികള്‍ വരില്ലെന്ന തിരിച്ചറിവില്‍ വൃത്തിയാക്കി. മതില്‍ക്കെട്ടിന് അരികിലൂടെയാണ് എലികള്‍ വീടിന് അകത്തേക്ക് വരുക. അങ്ങനെയാണ് വീടിന്‍റെ മതിലിന് അപ്പുറമാകെ വൃത്തിയാക്കിയത്.

“മതില്‍ക്കെട്ടിനുള്ളിലേക്ക് എലി വന്നാലും അധികനേരം നില്‍ക്കില്ല. ഇവിടമാകെ വൃത്തിയുള്ളതല്ലേ. തൈകള്‍ക്ക് അരികിലൂടെ നടക്കാനുള്ള ഇടമുണ്ട്. ഇതിലൂടെ എന്നും നടക്കും. വൃത്തിയായി കിടക്കുന്ന, മനുഷ്യന്‍റെ പെരുമാറ്റമുള്ള സ്ഥലങ്ങളില്‍ എലി വരില്ല.” അതാണ് അദ്ദേഹം അനുഭവത്തില്‍ നിന്ന് പഠിച്ചത്.


ഇതുകൂടി വായിക്കാം: കുറുന്തോട്ടി മുതല്‍ കദളിവാഴ വരെ കൃഷി ചെയ്യുന്ന കര്‍ഷക സംഘം, ലക്ഷ്യമിടുന്നത് ശതകോടികളുടെ ബിസിനസ്


“മൂന്നു വര്‍ഷമായി പരീക്ഷിച്ച് കണ്ടെത്തിയ ഈ എലി തുരത്തല്‍ മാര്‍ഗത്തിന് റാറ്റ് ബെല്‍റ്റ് എന്നാണ് ഞാനിട്ടിരിക്കുന്ന പേര്. പരിസരം വൃത്തിയായി നോക്കിയാല്‍ മാത്രം മതി എലി പറമ്പിലേക്ക് പോലും വരില്ല.

“തോട്ടത്തിലെ വിളകള്‍ വില്‍ക്കാറുമുണ്ട്. അയല്‍ക്കാരാണ് ആവശ്യക്കാര്‍. വലിയൊരു വിപണനമൊന്നുമുണ്ടാക്കിയെടുക്കാന്‍ മാത്രം കൃഷിയില്ലല്ലോ. രാവിലെ ഏഴുമണിക്കാണ് വില്‍പ്പന. ഭാര്യയ്ക്കൊപ്പമാണ് ഇതൊക്കെ ചെയ്യുന്നത്. എല്ലാ ഐറ്റംസും 20 രൂപയുടെ കെട്ടാക്കിയാണ് വില്‍ക്കുന്നത്. രാസവളമില്ലാത്ത ഉത്പന്നങ്ങളാണിതൊക്കെയും. ആവശ്യക്കാരുമേറെയുണ്ട്,” അദ്ദേഹം പറയുന്നു.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം