നേട്ടങ്ങളുടെ ക്രെഡിറ്റെല്ലാം കണ്ണൂരിലെ ഈ ഗ്രാമത്തിനും കര്‍ഷകര്‍ക്കും: ഉപ്പുവെള്ളത്തിലും നല്ല വിളവ് തരുന്ന 4 നെല്ലിനങ്ങളും ജൈവകൃഷിക്കായി ‘ജൈവ’ യും വികസിപ്പിച്ച കൃഷിശാസ്ത്രജ്ഞ

ആ ക്ലാസ്സിനിടയിലാണ് ചേമഞ്ചേരി ഗോവിന്ദന്‍ നമ്പ്യാര്‍ ആ ചോദ്യവുമായി എഴുന്നേറ്റത്. അത് കൈപ്പാട് നെല്ല് ഗവേഷണത്തിലെ നിര്‍ണായക വഴിത്തിരിവായി.

“വെ റുതെ ഇങ്ങനെ ക്ലാസ്സെടുത്തിട്ടൊന്നും ഒരു കാര്യവുമില്ല. കൈപ്പാടിന് പറ്റിയ പുതിയ നെല്‍വിത്ത് വേണം,” ഒരു കര്‍ഷകന്‍ എഴുന്നേറ്റ് നിന്ന് പറഞ്ഞു. ചേമഞ്ചേരി ഗോവിന്ദന്‍ നമ്പ്യാര്‍ ആയിരുന്നു ആ കര്‍ഷകന്‍.

ഓരോ മണ്ണിനും യോജിച്ച പലതരം നെല്‍വിത്തുകളെക്കുറിച്ച് ക്ലാസ്സെടുത്തുകൊണ്ടിരിക്കുകയായിരുന്ന ശാസ്ത്രജ്ഞ ഒന്ന് അമ്പരന്നു.

കൃഷിശാസ്ത്രത്തില്‍ പി എച്ച് ഡി ഒക്കെ കഴിഞ്ഞ് പന്നിയൂര്‍ കുരുമുളകു ഗവേഷണ കേന്ദ്രത്തില്‍ ജോലി ചെയ്യുമ്പോഴാണ് ഡോ. ടി വനജയെ കണ്ണൂരിലെ ഏഴോം പഞ്ചായത്തില്‍ ക്ലാസ്സെടുക്കാന്‍ വിളിക്കുന്നതും പഴയൊരു ഓര്‍മ്മയുടെ ബലത്തില്‍ അവരവിടെ എത്തുന്നതും. അതിനും പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏഴോം കൃഷി ഭവനില്‍ കുറച്ചുകാലം ജോലി ചെയ്തിട്ടുണ്ടായിരുന്നു ഡോ. വനജ.


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com

“പ്രീഡിഗ്രി കഴിഞ്ഞ് ബിഎഎംഎസിന് ചേര്‍ന്നെങ്കിലും എന്‍റെ വഴിയിതല്ലെന്ന് വൈകാതെ തിരിച്ചറിഞ്ഞു. അടുത്തവര്‍ഷം തന്നെ തൃശ്ശൂര്‍ വെളളാനിക്കര കാര്‍ഷിക കോളെജില്‍ ബിഎസ്സി അഗ്രിക്കള്‍ച്ചര്‍ കോഴ്സിന് ചേര്‍ന്നു,” ആ കഥ ഡോ. വനജ ദ് ബെറ്റര്‍ ഇന്‍ഡ്യയുമായി പങ്കുവെക്കുന്നു.

ഡോ. വനജ

“കോഴ്സ് അവസാനിക്കാറായപ്പോഴായിരുന്നു കല്യാണം. തുടര്‍ന്നും പഠിപ്പിക്കാമെന്ന ഭര്‍ത്താവ് ഉറപ്പുനല്‍കി. ബിരുദപഠനത്തിന് ശേഷം എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി ഏഴോം കൃഷിഭവനില്‍ കൃഷി ഓഫീസറായി നിയമനം കിട്ടിയിരുന്നു.”

അങ്ങനെയാണ് കണ്ടല്‍ക്കാടുകള്‍ അതിരിടുന്ന ഉപ്പുരസം കൂടുതലുള്ള  കൈപ്പാട് പാടശേഖരങ്ങള്‍ നിറഞ്ഞ കണ്ണൂരിലെ ആ ഗ്രാമത്തില്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ ഡോ. വനജ എത്തുന്നത്.

കൈപ്പാട് നിലങ്ങളെപ്പറ്റി അറിയാത്തവര്‍ക്കായി കുറച്ചുപറയാം. വടക്കന്‍ കേരളത്തില്‍ കടലിനോട് ചേര്‍ന്നുളള പുഴയോരങ്ങളിലെ ഉപ്പുലവണമുളള നെല്‍കൃഷി മേഖലയാണ് കൈപ്പാട്. (മധ്യകേരളത്തിലെ പൊക്കാളിപ്പാടങ്ങളോട് വളരെയധികം സാമ്യമുണ്ട് കൈപ്പാട് നിലങ്ങള്‍ക്ക്). ഒന്നാംവിള നെല്‍കൃഷിയും രണ്ടാംവിള മത്സ്യകൃഷിയുമാണ്.

വേലിയേറ്റവും വേലിയിറക്കവുമായി വളരെയേറെ ബന്ധപ്പെട്ടിരിക്കുന്ന നെല്‍കൃഷി കൂടിയാണിത്.

ഏഴോം ഗ്രാമം. Photo: WikimediaCommons

പരമ്പരാഗതമായിത്തന്നെ വളമോ രാസകീടനാശിനികളോ ഉപയോഗിക്കാത്ത, കണ്ടല്‍വനങ്ങളാല്‍ ചുറ്റുപ്പെട്ട ജൈവകൃഷി മേഖലയാണ് കൈപ്പാട്. മൂന്ന് ജില്ലകളിലായി നാലായിരം ഹെക്ടറോളം കൈപ്പാട് നിലങ്ങളുണ്ട് ഇതില്‍ 3,400 ഹെക്ടര്‍ കണ്ണൂരിലും 100 ഹെക്ടര്‍ കാസര്‍കോടും 500 ഹെക്ടര്‍ കോഴിക്കോടുമാണ്. ഇതില്‍ 30 ശതമാനം മാത്രമെ കൃഷി ചെയ്തുവരുന്നുളളൂ.

പയ്യന്നൂര്‍ക്കാരിയായ വനജ ഒരു കാര്‍ഷിക കുടുംബത്തിലാണ് ജനിച്ചത്. പഠനകാലത്ത് കൈപ്പാട് നിലങ്ങളെക്കുറിച്ചൊക്കെ കേട്ടിട്ടുണ്ടായിരിരുന്നുവെങ്കിലും കൂടുതലറിയുന്നത് ഏഴോമില്‍ കൃഷി ഓഫീസറായി ജോലി ചെയ്ത കാലത്താണ്.

ഡോ. വനജയുടെ അച്ഛന്‍ അധ്യാപകനായിരുന്നു, നല്ലൊരു കര്‍ഷകനുമായിരുന്നു. വീട്ടിലെ എല്ലാവരും കൃഷിപ്പണികളില്‍ പങ്കെടുക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു. അതില്‍ കുട്ടികള്‍ക്കും ഇളവൊന്നുമുണ്ടായിരുന്നില്ല.

“മക്കള്‍ മണ്ണിനെ അറിഞ്ഞുവളരണമെന്ന പക്ഷക്കാരനായിരുന്നു അച്ഛന്‍,” ഡോ. വനജ പറയുന്നു. “ഒഴിവ് ദിവസങ്ങളില്‍ വീടിന് സമീപത്തെ പാടത്തും പറമ്പിലുമെല്ലാം പണിക്കാര്‍ക്ക് ഭക്ഷണമെത്തിക്കലായിരുന്നു കുട്ടിക്കാലത്ത് അച്ഛന്‍ എനിക്ക് തന്നിരുന്ന ജോലി. അച്ഛനെ മുഷിപ്പിക്കാതിരിക്കാന്‍ പറയുന്നത് അതേപടി കേള്‍ക്കും.

“വയലില്‍ പണിയ്ക്കായി പോകുമ്പോള്‍ എന്‍റെ കൈയ്യില്‍ പുസ്തകം കാണും. കൃഷിപ്പണിയ്ക്കിടയിലുളള ഇടവേളകളിലായിരുന്നു പഠിത്തം. പിന്നീട് കര്‍ഷകര്‍ക്കൊപ്പമിരുന്ന് ഭക്ഷണവും കഴിച്ചശേഷം വീട്ടിലേക്ക് മടങ്ങുമ്പോള്‍ നേരം സന്ധ്യയാകും… സ്വന്തമായി നെല്‍ക്കൃഷി ഉള്ളോണ്ട് അതൊക്കെ കണ്ടാണ് വളര്‍ന്നതും. വീട്ടിലെ കുട്ടികള്‍ കൃഷിയില്‍ പങ്കാളികളാകണമെന്ന് അച്ഛന് നിര്‍ബന്ധമായിരുന്നു. ഇടയ്ക്ക് ദേഷ്യം തോന്നുമെങ്കിലും പിന്നീടെപ്പോഴോ ഇതെല്ലാം ജീവിതത്തിന്‍റെ ഭാഗമായി,” കാസര്‍ഗോഡ് പീലിക്കോട് ഉത്തരമേഖലാ കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെ പ്രൊഫസറായ ഡോ വനജ തുടരുന്നു.

ബി എ എം എസ് പഠനം ഉപേക്ഷിച്ച് കൃഷി പഠിക്കാന്‍ പോയത് അതുകൊണ്ടാണ്. പഠനം കഴിഞ്ഞ് എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ച് വഴി കൃഷി ഓഫീസറായി എത്തുന്ന സമയത്തുതന്നെ ഏഴോമില്‍ കൈപ്പാട് പാടശേഖരസമിതികള്‍ ഉണ്ട് എന്ന് ഡോ. വനജ ഓര്‍ക്കുന്നു. “പഠനകാലത്ത് കൈപ്പാടിനെപ്പറ്റി കേട്ടിട്ടുണ്ടെങ്കിലും കൂടുതലറിയുന്നതും പഠിക്കുന്നതും അതാദ്യം. മറ്റു മേഖലകളിലുളളതുപോലെ അത്യുത്പാദനശേഷിയുളള വിത്തിനങ്ങളുടെ കുറവ് കര്‍ഷകരുടെ സ്ഥിരം പരാതികളിലൊന്നായിരുന്നു. പിന്നീടുളള മൂന്നുമാസക്കാലം രാമന്തളി കൃഷിഭവനിലായിരുന്നു നിയമനം കിട്ടിയത്.

ഡോ. വനജ

“ഇതിനുശേഷം ഭര്‍ത്താവിനൊപ്പം മുംബൈയിലേക്ക് പോയി. തിരിച്ചെത്തിയ ശേഷമാണ് എം എസ് സി ചെയ്തത്. പഠനശേഷം ഏറെ വൈകാതെ ജോലി കിട്ടി. രണ്ടുവര്‍ഷത്തിനുശേഷമാണ് പി എച്ച് ഡിയെക്കുറിച്ച് ചിന്തിക്കുന്നത്. ബി എസ് സി ചെയ്ത അതേ കോളേജില്‍ ഗവേഷകവിദ്യാര്‍ത്ഥിനിയായി. റൈസ് വെറൈറ്റി ഡെവലപ്മെന്‍റ് ആയിരുന്നു പഠനവിഷയം.”

“പിഎച്ച്ഡി കഴിഞ്ഞ് തിരിച്ച് ജോലിയില്‍ പ്രവേശിച്ചപ്പോള്‍ പന്നിയൂര്‍ കുരുമുളക് ഗവേഷണകേന്ദ്രത്തിലായിരുന്നു നിയമനം. വീണിടം വിഷ്ണുലോകം എന്ന പോലെ കുരുമുളകിനെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തി.


ഇതുകൂടി വായിക്കാം: ലക്ഷങ്ങള്‍ മുടക്കി ക്വാറി വാങ്ങി കാടുണ്ടാക്കി, അതില്‍ 5 കുളങ്ങളും അരുവിയും നിര്‍മ്മിച്ചു, നൂറുകണക്കിന് മരങ്ങളും ചെടികളും പിടിപ്പിച്ചു


“ഈ സമയത്താണ് ഏഴോം പഞ്ചായത്തില്‍ കര്‍ഷകര്‍ക്ക് ക്ലാസ്സെടുക്കാന്‍ വിളിക്കുന്നത്. ഒരു നിയോഗമെന്നപോലെ 11 വര്‍ഷത്തിനുശേഷം വീണ്ടും ഏഴോമിലേക്ക്.”

ആ ക്ലാസ്സിനിടയിലാണ് ചേമഞ്ചേരി ഗോവിന്ദന്‍ നമ്പ്യാര്‍ ആ ചോദ്യവുമായി എഴുന്നേറ്റത്. അത് കൈപ്പാട് നെല്ല് ഗവേഷണത്തിലെ നിര്‍ണായക വഴിത്തിരിവായി.

ഡോ. വനജ, കര്‍ഷകന്‍ ചേമഞ്ചേരി ഗോവിന്ദന്‍ നമ്പ്യാരോടൊപ്പം

“ഇത്തരം ക്ലാസ്സുകൊണ്ടൊന്നും യാതൊരു പ്രയോജനവുമില്ലെന്നും കൈപ്പാടിന് യോജിച്ച സ്വന്തമായ നെല്‍വിത്താണ് തങ്ങള്‍ക്ക് വേണ്ടതെന്നുമായിരുന്നു ആവശ്യം,” ഡോ. വനജ ആ ചോദ്യം ഇന്നും വ്യക്തമായി ഓര്‍ക്കുന്നു. “വിമര്‍ശനം ഉള്‍ക്കൊണ്ട് കൈപ്പാടിന് യോജിച്ച നെല്‍വിത്ത് കണ്ടെത്താമെന്ന വാക്കും നല്‍കി അന്ന് മടങ്ങി. പിന്നീടുളള ചിന്തകള്‍ മുഴുവന്‍ കൊടുത്ത വാക്ക് എങ്ങനെ പാലിക്കാമെന്നതായിരുന്നു. അതിനുളള ശ്രമങ്ങളാവട്ടെ ഏറെ വെല്ലുവിളികള്‍ നിറഞ്ഞതുമായിരുന്നു.”


കൈപ്പാടിന്‍റെ മണ്ണിനും കാലാവസ്ഥയ്ക്കും യോജിച്ച വിത്തിനം കണ്ടെത്താനുളള പരീക്ഷണങ്ങളുടെ തുടക്കം അവിടെയായിരുന്നു. ലാബിലിരുന്നല്ല, കൈപ്പാട് കൃഷിഭൂമിയിലെ ചെളിയിലിറങ്ങിയായിരുന്നു പരീക്ഷണങ്ങള്‍.


“അന്ന് ക്ലാസ്സിനെ വിമര്‍ശിച്ച ചേമഞ്ചേരി ഗോവിന്ദന്‍ നമ്പ്യാരാണ് എല്ലാറ്റിനും നേതൃത്വം നല്‍കാനെത്തിയത്. സംശയങ്ങളും അറിവുകളും പരസ്പരം പങ്കുവച്ച് കര്‍ഷകരെല്ലാം എനിയ്ക്കൊപ്പം നിന്നു. പുസ്തകങ്ങളിലൂടെ വായിച്ചറിഞ്ഞ പാഠങ്ങളെക്കാള്‍ വലിയ അനുഭവങ്ങളും അറിവുകളും കര്‍ഷകര്‍ തന്നു,” ഡോ. വനജ വെളിപ്പെടുത്തി.

“സാധാരണ നെല്ലിനങ്ങള്‍ വികസിപ്പിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി ജൈവപ്രജനന രീതികളാണ് പിന്തുടര്‍ന്നത്. കര്‍ഷക പങ്കാളിത്തവും ഉറപ്പാക്കി. ഏഴോമിലെ പാടങ്ങള്‍ തന്നെ ഗവേഷണശാലയാക്കി. നാടന്‍ ഇനങ്ങളുടെ ജനിതകവൈവിധ്യങ്ങള്‍ പഠിച്ച് പ്രജനനത്തില്‍ പ്രയോഗിച്ചു,” ഡോ. വനജ തുടരുന്നു.

എട്ടുവര്‍ഷങ്ങള്‍ നീണ്ട ഗവേഷണം. ഒടുവില്‍ 2010-ല്‍ അത്യുത്പാദന ശേഷിയുളള രണ്ട് വിത്തിനങ്ങള്‍ വികസിപ്പിച്ചെടുത്തു. “ഏഴോം പഞ്ചായത്ത് ചരിത്രത്തിലെന്നും ഓര്‍മ്മിക്കപ്പെടണമെന്ന ആഗ്രഹത്താല്‍ വിത്തുകള്‍ക്ക് ഏഴോം 1, ഏഴോം രണ്ട് എന്ന് പേരിട്ടു. വികസിപ്പിച്ചെടുത്ത വിത്തുകള്‍ക്ക് പേരിടാനുളള അവകാശം ശാസ്ത്രജ്ഞര്‍ക്കുണ്ട്. എന്നാല്‍ എന്നെ സംബന്ധിച്ചെടുത്തോളം ഗവേഷണത്തിനുളള ആശയം കിട്ടിയത് ഏഴോം പഞ്ചായത്തില്‍ വച്ചാണ്. അതുകൊണ്ട് ആ നാടിന്‍റെ പേരില്‍ത്തന്നെ വിത്തുകള്‍ അറിയപ്പെടണമെന്ന് നിര്‍ബന്ധമായിരുന്നു. അതിനാലാണ് വിത്തുകള്‍ക്ക് പഞ്ചായത്തിന്‍റെ പേര് നല്‍കിയത്,” കര്‍ഷകരുടെ പങ്കാളിത്തത്തോടെയുള്ള ആ നേട്ടത്തിന്‍റെ ക്രെഡിറ്റ് ഡോ. വനജ ആ ഗ്രാമത്തിന് തന്നെനല്‍കി.

ഒരു ഗ്രാമപഞ്ചായത്തിനു കീഴില്‍ കാര്‍ഷികസര്‍വ്വകലാശാല വികസിപ്പിച്ചെടുത്ത ആദ്യ നെല്ലിനവും അതായിരുന്നു. 2013-ല്‍ ഏഴോം മൂന്നും 2015-ല്‍ ഏഴോം നാലും ഡോ. വനജയുടെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്തു. “ഇതോടൊപ്പം ലവണാംശമില്ലാത്ത സാധാരണ മണ്ണിന് യോജിച്ച ‘ജൈവ’ എന്ന വിത്തിനവും 2015-ല്‍ വികസിപ്പിച്ചു. പുതിയൊരിനം നെല്‍വിത്തുകൂടി വികസിപ്പിച്ചെടുക്കാനുളള പരീക്ഷണത്തിലാണിപ്പോള്‍,” ആ ശാസ്ത്രജ്ഞ പറഞ്ഞു.

പുതിയ വെല്ലുവിളികള്‍

കൈപ്പാട് നെല്ലിന് ഭൗമസൂചികാ പദവി കിട്ടിയതിന് പിന്നിലും ഡോ. വനജയുടെ വലിയ പരിശ്രമങ്ങളുണ്ട്.

ഡോ. വനജ കര്‍ഷകരോടൊപ്പം

“കൈപ്പാടിന് യോജിച്ച വിത്തിനങ്ങള്‍ കണ്ടെത്തി കര്‍ഷകരുടെ പരാതികള്‍ പരിഹരിച്ചെങ്കിലും വെല്ലുവിളികള്‍ അവിടെ തീര്‍ന്നില്ല. പറമ്പില്‍ പണിയെടുക്കാന്‍ മതിയായ ആളുകളില്ലാത്തത് വലിയൊരു പ്രശ്നമായി കര്‍ഷകര്‍ ചൂണ്ടിക്കാട്ടി. കൈപ്പാടിന്‍റെ സമഗ്രവികസനത്തിനായി ഭക്ഷ്യസുരക്ഷാസേനയെന്ന ആശയം മുന്നോട്ടുവന്നത് ഈ സമയത്താണ്. ഇതുവഴി ഭൗമസൂചികാപദവി(Geographical Indication) യെന്ന സ്വപ്നം സാക്ഷാത്കരിക്കാനാകുമെന്ന പ്രതീക്ഷയുമുണ്ടായിരുന്നു.”

അങ്ങനെ ഭൗമസൂചികാ പദവിക്കുവേണ്ടിയുള്ള ശ്രമങ്ങള്‍ തുടങ്ങി. “കര്‍ഷകര്‍ പ്രതിനിധാനം ചെയ്യുന്ന സൊസൈറ്റിയ്ക്ക് മാത്രമാണ് ഭൗമസൂചിക നല്‍കാറുളളത്. അതിനാല്‍ ആദ്യപടിയായി കൈപ്പാട് മേഖലകളായ മൂന്ന് ജില്ലകളെയും ഉള്‍പ്പെടുത്തി മലബാര്‍ കൈപ്പാട് ഫാര്‍മേഴ്സ് സൊസൈറ്റി രൂപീകരിച്ചു. തുടര്‍ന്ന് നാല് പഞ്ചായത്തുകളില്‍ നിന്നായി 20 അംഗങ്ങളെ ഉള്‍പ്പെടുത്തി 80 പേരടങ്ങുന്ന ഭക്ഷ്യസുരക്ഷാസേന രൂപീകരിച്ചു. ഇവര്‍ക്ക് 21 ദിവസത്തെ പരിശീലനം നല്‍കി.

“2013-ല്‍ ഭൗമസൂചികയ്ക്കായി ലോഗോ, സൈറ്റ് മാപ്പ്, വിവരശേഖരണം എന്നിവ തയ്യാറാക്കി ചെന്നൈയിലെ ഐപിആര്‍ (ഇന്‍റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്സ് ) പേറ്റന്‍റ് സെല്ലില്‍ സമര്‍പ്പിച്ചു. ഇതിനുശേഷം ഹൈദരാബാദില്‍ വിഷയാവതരണം നടത്തി. അങ്ങനെ 2014-ല്‍ കൈപ്പാട് അരിയ്ക്ക് ഭൗമസൂചികാപദവി കിട്ടി. കേരളത്തില്‍ നിന്ന് കൈപ്പാട് അരിയ്ക്ക് മാത്രമാണ് അന്ന് അംഗീകാരം കിട്ടിയത്,” ഡോ. വനജ പറഞ്ഞു.

കൈപ്പാടില്‍ ഒരു നടീല്‍ക്കാലം

ഭൗമസൂചികാ പദവി കിട്ടിയിട്ട് കര്‍ഷകര്‍ക്കെന്ത് എന്ന ചോദ്യമായിരുന്നു അടുത്തതായി ഉയര്‍ന്നത്. “എന്തെല്ലാം ഉണ്ടെങ്കിലും ഉത്പാദനം നടന്നില്ലെങ്കില്‍ കാര്യമില്ലല്ലോ. ഭൗമസൂചികയെന്ന അന്താരാഷ്ട്രലേബല്‍ പ്രയോജനപ്പെടുത്തി കൈപ്പാട് അരിയുടെ ഉത്പാദനവും വിപണനവും എങ്ങനെ മെച്ചപ്പെടുത്താമെന്നായിരുന്നു പിന്നീടുളള ചിന്ത. ബ്രാന്‍ഡ‍ഡ് ആയെങ്കിലും മാര്‍ക്കറ്റിങ് നന്നായെങ്കിലേ കര്‍ഷകര്‍ക്ക് പ്രയോജനം കിട്ടൂ,” ഡോ. വനജ പറയുന്നു.

ഇപ്പോള്‍ മലബാര്‍ കൈപ്പാട് ഫാര്‍മേഴ്സ് സൊസൈറ്റി സര്‍ക്കാര്‍ ഏറ്റെടുത്ത് കൈപ്പാട് ഏരിയ ഡെവലപ്മെന്‍റ് സൊസൈറ്റിയായി പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്‍റെ പ്രൊജക്ട് ഡയറക്ടറായി ഡോ. വനജയെയാണ് നിയമിച്ചിരിക്കുന്നത്.

“കൈപ്പാട് നേരിടുന്ന പ്രധാന വെല്ലുവിളി വേണ്ടത്ര പണിക്കാരില്ലാത്തതാണ്. ഉത്പാദനം കൂട്ടുന്നതിനായി കൈപ്പാടിനെ യന്ത്രവത്ക്കരിക്കാനും പദ്ധതിയുണ്ട്,” അവര്‍ പറഞ്ഞു.

കൈപ്പാട് നിലങ്ങളിലേക്ക് സാധാരണ പാടങ്ങളില്‍ ഉപയോഗിക്കുന്ന യന്ത്രങ്ങള്‍ പോരാ. അതിന് പ്രത്യേകം ഡിസൈന്‍ ചെയ്തവ ആവശ്യമുണ്ട്.

കൈപ്പാട് പാടത്ത്

നല്ല ആരോഗ്യത്തിന് നല്ല കൃഷിയും പരിസ്ഥിതിയും അന്തരീക്ഷവുമെല്ലാം വേണം എന്നാണ് ഡോ.വനജ പറയുന്നത്. “വീട്ടിലേക്ക് കടന്നുവരുന്ന കാറ്റ് ഔഷധസസ്യങ്ങളില്‍ തട്ടിവേണം വരാന്‍.” അതുകൊണ്ട് ആ ശാസ്ത്രജ്ഞ വീട്ടിന് ചുറ്റും ചെറിയൊരു ഔഷധ ഉദ്യാനവും നക്ഷത്രവനവും വളര്‍ത്തുന്നുണ്ട്. ജോലിയ്ക്കിടയിലെ ഇടവേളകളില്‍ പച്ചക്കറികൃഷി, പശുവളര്‍ത്തല്‍, കരിങ്കോഴി വളര്‍ത്തല്‍ എന്നിവയുമുണ്ട്.

“വീട്ടുപറമ്പില്‍ സ്ഥലം കുറവാണെങ്കില്‍ ഒരു മുളകുതൈ എങ്കിലും നടണം എന്നാണ് ഞാന്‍ കുട്ടികളോട് ഞാന്‍ പറയാറുളളത്. നമ്മുടെ ഡൈനിങ് ടേബിള്‍ ആപ്പിളും മുന്തിരിയും വച്ച് അലങ്കരിക്കുന്നതല്ല സ്റ്റാറ്റസ്, മറിച്ച് പറമ്പിലെ ചക്കയും മാങ്ങയും പപ്പായയും വെക്കുന്നതാണ്. മുറ്റത്തെ പപ്പായ കാക്ക കൊത്തിപ്പോകും. കാക്കയുടെ കണ്ണുതെളിയും, നമ്മുടെ കുട്ടികള്‍ കണ്ണടവച്ചുനടക്കും, ഇതല്ലേ ഇന്നത്തെ അവസ്ഥ,” ഡോ. വനജ ചോദിക്കുന്നു.


ഇതുകൂടി വായിക്കാം: ടെറസ് കൃഷിയിലൂടെ സെറിബ്രല്‍ പാള്‍സിയെ തോല്‍പിച്ച് ബി കോമിന് ഒന്നാം റാങ്ക്, ബാങ്കില്‍ മാനേജര്‍: ‘കൃഷി ചികിത്സ’യുടെ അല്‍ഭുതം പങ്കുവെച്ച് അച്ഛനും മകനും


നാടന്‍ നെല്ലിനങ്ങളുടെ വൈവിധ്യ സംരക്ഷണത്തിനായി പൈതൃക നെല്‍വിത്ത് ഗ്രാമം പദ്ധതി, വിത്തുത്സവങ്ങള്‍ എന്നിവയും വനജയുടെ നേതൃത്വത്തില്‍ നടപ്പാക്കിവരുന്നു. നെല്ലിന് പുറമെ തെങ്ങ്, കുരുമുളക് എന്നിവയെക്കുറിച്ചും ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ട്. കുരുമുളകിന്‍റെ ദ്രുതവാട്ടരോഗവുമായി ബന്ധപ്പെട്ടുളള ഗവേഷണപ്രബന്ധം അന്താരാഷ്ട്ര മാസികയായ യൂഫൈറ്റിക്കയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഏഴോം കൈപ്പാട് പാടം. ഫോട്ടോയ്ക്ക് കടപ്പാട്: നമ്മുടെ ഏഴോം/ ഫേസ്ബുക്ക് പേജ്

കേരളത്തിലെ തെങ്ങുകളുടെ ജനിതകസംരക്ഷണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ നീളുന്ന നാടന്‍തെങ്ങ് ജനിതകസംരക്ഷണ യാത്ര 2016-ല്‍ സംഘടിപ്പിച്ചിരുന്നു. ജില്ലകളിലെല്ലാം കൂട്ടായ്മയുമുണ്ടാക്കി.


ഈ യാത്രയിലൂടെ കണ്ടെത്തിയ 65 തെങ്ങിനങ്ങള്‍ പീലിക്കോട് ഗവേഷണകേന്ദ്രത്തില്‍ സംരക്ഷിക്കുന്നുണ്ട്.


ഇവിടെത്തന്നെ ഒരു ഫാമിങ് കള്‍ച്ചര്‍ സ്റ്റഡിസെന്‍റര്‍ തുടങ്ങാനുളള പദ്ധതിയ്ക്കും ഈയ്യിടെ അനുമതിയായിട്ടുണ്ട്. ഇതിനുളള രൂപരേഖ തയ്യാറാക്കിയത് വനജയാണ്. വിവിധ കാര്‍ഷിക സംസ്‌ക്കാരങ്ങളും ആധുനികവും പുരാതനവുമായ കൃഷിരീതികളും പരിചയപ്പെടുത്തുന്ന മ്യൂസിയം, കുട്ടികളുടെ പാര്‍ക്ക്, ഹോംസ്റ്റേ, ഏറുമാടങ്ങള്‍ എന്നിവ ഇതിന്‍റെ ഭാഗമായുണ്ടാകും.

കാര്‍ഷികമേഖലയിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും നിരവധി പുരസ്‌ക്കാരങ്ങള്‍ ഡോ. വനജ നേടിയിട്ടുണ്ട്. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്‍റെ യുവ ശാസ്ത്രജ്ഞയ്ക്കുളള പുരസ്‌ക്കാരം, മികച്ച കാര്‍ഷിക ശാസ്ത്രജ്ഞയ്ക്കുളള സംസ്ഥാന സര്‍ക്കാരിന്‍റെ കൃഷി വിജ്ഞാന്‍ അവാര്‍ഡ്, പഞ്ചാബ് അന്താരാഷ്ട്ര സമ്മേളനത്തില്‍ പ്രബന്ധത്തിന് പുരസ്‌ക്കാരം, മികച്ച കാര്‍ഷിക ഗവേഷണപവര്‍ത്തനത്തിന് കേരള കാര്‍ഷിക കൗണ്‍സിലിന്‍റെ ആദരവ്, കൈപ്പാട് അധികരിച്ച് നിര്‍മ്മിച്ച ‘കായല്‍ക്കണ്ടം ‘ എന്ന ഡോക്യുമെന്‍ററിയ്ക്ക് ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവല്‍ പുരസ്‌ക്കാരം എന്നിവ അവയില്‍ ചിലതുമാത്രം.

എട്ട് ശാസ്ത്രപുസ്തകങ്ങളും 67 ഗവേഷണപ്രബന്ധങ്ങളും 51 കാര്‍ഷിക ലേഖനങ്ങളും ഡോ. വനജയുടേതായുണ്ട്.

ഡോ. വനജ

പയ്യന്നൂര്‍ വെളളൂരിലെ അധ്യാപകദമ്പതികളായ പി.പി. ഭാസ്‌ക്കരന്‍റെയും ടി. സരോജിനിയുടെയും മകളാണ് ഡോ. ടി.വനജ. ഭര്‍ത്താവ് ബാലകൃഷ്ണന്‍ അമേരിക്കയില്‍ എഞ്ചിനീയറാണ്. അമേരിക്കയില്‍ ഗവേഷണവിദ്യാര്‍ത്ഥിയായ ജിതിന്‍ കൃഷ്ണന്‍, ചെന്നൈ സിഎംഐയിലെ ബിരുദവിദ്യാര്‍ത്ഥി ഹൃഷികേശ് ബാലകൃഷ്ണന്‍ എന്നിവരാണ് മക്കള്‍. മരുമകള്‍ ചാന്ദ്നി നാരായണന്‍.

കര്‍ഷകരുടെ സംരക്ഷണത്തിനായി കൂടുതല്‍ പദ്ധതികള്‍ വരണമെന്നാണ് ഡോ വനജ പറയുന്നത്. “കാര്‍ഷികരംഗത്തും ആധുനിക രീതികളും സജ്ജീകരണങ്ങളുമുണ്ടാകണം. എങ്കിലേ പുതിയ തലമുറയിലെ കുട്ടികള്‍ കൃഷിയിലേക്ക് കടന്നുവരൂ. കര്‍ഷകരെ എന്നും തൊപ്പിപ്പാളയില്‍ത്തന്നെ കാണണമെന്നില്ല. പേരിലും വേഷവിധാനങ്ങളിലുമടക്കം മാറ്റങ്ങള്‍ വരണം. ഈ ലക്ഷ്യത്തിലാണ് ഭക്ഷ്യസുരക്ഷാസേന രൂപീകരിച്ചത്. സമൂഹം ചാര്‍ത്തിക്കൊടുക്കുന്ന സ്റ്റാറ്റസും ഡിഗ്‌നിറ്റിയുമാണ് യുവതലമുറ മേഖലയിലേക്ക് വരാന്‍ മടിക്കുന്നതിന് കാരണം.


ഇതുകൂടി വായിക്കാം: ക്ലാസ് കഴിയും മുന്‍പേ പൂനെയില്‍ ജോലി, 20-ാം ദിവസം രാജിവെച്ച് നാട്ടിലെത്തിയ ഈ എം.ബി.എക്കാരന്‍ ജൈവകൃഷിയിലൂടെ നേടുന്നത് മാസം ഒരു ലക്ഷം രൂപ, അതിലേറെ സന്തോഷവും


“ചിങ്ങം ഒന്നിനുളള ആദരിക്കലല്ല കര്‍ഷകര്‍ക്കാവശ്യം. തുല്യതയും മാന്യമായ അംഗീകാരങ്ങളുമാണ്. കൃഷിയില്‍ നിന്ന് ആദായമുണ്ടാക്കുകയും അത് ഉപജീവനമാക്കുകയും ചെയ്യുന്ന ആളുകള്‍ക്കാവണം ആനുകൂല്യങ്ങള്‍ കൊടുക്കേണ്ടത്..,” അവര്‍ ശക്തമായി വാദിക്കുന്നു.

“എല്ലാവരും ജയ് ജവാന്‍ ജയ് കിസാന്‍ എന്നാണല്ലോ പറയാറ്. എന്നാല്‍ ഞാന്‍ പറയുമ്പോള്‍ ജയ് കിസാന്‍ ജയ് ജവാന്‍ എന്നേ പറയൂ. കാരണം ഭക്ഷണത്തിനുളള വക നല്‍കുന്നത് കര്‍ഷകരല്ലേ.”

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം