വെറും 100 രൂപയ്ക്ക് സോളാര്‍ കുക്കര്‍: നൂറുകണക്കിന് ഗ്രാമീണ സ്ത്രീകളുടെ നിത്യജീവിതത്തില്‍ മാറ്റം കൊണ്ടുവന്ന ചെറുപ്പക്കാരന്‍റെ പരിശ്രമങ്ങള്‍

ഒരു എന്‍ജിനീയറിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍ ആയിരുന്നു അല്‍സുബൈര്‍. ജോലി ഉപേക്ഷിച്ച് അദ്ദേഹം സോളാര്‍ കുക്കര്‍ പ്രോജക്റ്റിനായി ഇറങ്ങി.

രാവിലെ ഒമ്പത് മണിയാവുമ്പോള്‍ അവള്‍ ഒരു കപ്പ് പരിപ്പ് കഴുകി വൃത്തിയാക്കും. പച്ചക്കറികള്‍ നേരത്തെ തന്നെ മുറിച്ചുവെച്ചിട്ടുണ്ടാവും. പിന്നെ പരിപ്പും പച്ചക്കറികളും നേരെ കുക്കറിലേക്കിടും.

അരിയും അതുപോലെ തന്നെ. കഴുകി പൊടിയൊക്കെ കളഞ്ഞ് മറ്റൊരു കുക്കറിലിട്ടുവെച്ച് അവള്‍ പാടത്ത് പണിക്കുപോകും. പാടത്തെ പണിയൊക്കെ ഒരുവിധം ഒതുക്കി, ഉച്ചയൂണിന് സമയമാവുമ്പോള്‍ തിരിച്ചുവരും. അപ്പോഴേക്കും ചോറും കറിയും കുക്കറില്‍ തയ്യാറായി ഇരിപ്പുണ്ടാവും.

ഇത് മാജിക്കൊന്നുമല്ല. ഒരു കഥയുമല്ല.

ഗുജറാത്തിലെ ഗ്രാമങ്ങളിലെ നൂറുകണക്കിന് സ്ത്രീകളുടെ ജീവിതത്തില്‍ സ്ഥിരം പരിപാടിയാണ്.


റിമോട്ട് കണ്‍ട്രോള്‍ ഉള്ള, വൈദ്യുതി ബില്ല് വളരെയധികം കുറയ്ക്കുന്ന ഫാനുകള്‍ വാങ്ങാം: Karnival.com

അവരതിന് നന്ദി പറയുന്നത് അല്‍സുബൈര്‍ സയീദ് എന്ന ചെറുപ്പക്കാരനോടാണ്. ഗുജറാത്ത് ഗ്രാസ്‌റൂട്ട്‌സ് ഇന്നവേഷന്‍ ഓഗ്മെന്‍റേഷന്‍ നെറ്റ് വര്‍ക്ക് എന്ന സംഘടനയുടെ സീനിയര്‍ മാനേജരാണ്, ഒപ്പം സോളാര്‍ കുക്കര്‍ ഗ്രാമങ്ങളില്‍ വ്യാപകമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചയാളുമാണ്.

അല്‍സുബൈര്‍ സയീദ്

അതുമാത്രമല്ല, സൗരോര്‍ജ്ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന ഈ കുക്കര്‍ മറ്റ് സോളാര്‍ കുക്കറുകളെപ്പോലെ വലിയ വിലയുള്ളതുമല്ല. സയീദിന്‍റെ സോളാര്‍ കുക്കറിന് 50 രൂപയ്ക്കും 100 രൂപയ്ക്കും ഇടയില്‍ ചെലവുവരും. സ്വന്തമായി എളുപ്പത്തില്‍ ഉണ്ടാക്കുകയും ചെയ്യാം!

വളരെ വിലക്കുറവാണ് എന്നതുകൊണ്ട് ഒരുപാട് സ്ത്രീകള്‍ ഈ കുക്കറുകള്‍ സ്വീകരിച്ചു. ഗ്രാമീണമേഖലയിലെ വലിയൊരു പ്രശ്‌നത്തിനുകൂടിയാണ് പരിഹാരമായത്… പരമ്പരാഗത ഇന്ധനങ്ങളുടെ ഉപയോഗം. അത് പലപ്പോഴും പണച്ചെലവേറിയതും ആരോഗ്യ-പരിസ്ഥിതി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവയുമാണല്ലോ.


“ലോകത്ത് പകുതി പേരും ഇപ്പോഴും വിറകോ ഉണക്കച്ചാണകമോ ആണ് പാചകത്തിനുപയോഗിക്കുന്നത്. ഓരോ വര്‍ഷവും 160 ലക്ഷം ഹെക്ടര്‍ വനമാണ് വിറകിന് വേണ്ടി മാത്രമായി മുറിക്കപ്പെടുന്നതെന്നാണ് കണക്ക്,” അല്‍സുബൈര്‍ പറയുന്നു.


“ഇത് പരിസ്ഥിതിയെ മാത്രമല്ല ബാധിക്കുന്നത്. സ്ഥിരമായി അടുപ്പില്‍ നിന്നും നിരന്തരം പുകയേല്‍ക്കേണ്ടി വരുന്നവരില്‍ കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാവുന്നു. മിക്കവാറും സ്ത്രീകളാണ് അതിന്‍റെ ദുരന്തം അനുഭവിക്കുന്നത്.”
ഗുജറാത്തിലെ ഉള്‍ഗ്രാമങ്ങളിലൂടെ ഒരുപാട് സഞ്ചരിക്കുന്ന അല്‍സുബൈര്‍ സ്ഥിരം കാണുന്ന കാഴ്ചയാണ് വിറകിനായി കിലോമീറ്ററുകളോളം നടക്കേണ്ടി വരുന്ന സ്ത്രീകള്‍.

ഗ്രാമീണ സ്ത്രീകളെ സോളാര്‍ കുക്കര്‍ ഉണ്ടാക്കാന്‍ അല്‍ സുബൈറും വിരേന്ദ്രയും പഠിപ്പിച്ചു.

ഒരു എന്‍ജിനീയറിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍ ആയിരുന്നു അല്‍സുബൈര്‍. ഇന്‍ഡ്യന്‍ ഗ്രാമങ്ങളില്‍ അനാരോഗ്യകരമായ പാചകരീതികള്‍ മൂലമുള്ള പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു പരിഹാരം കണ്ടെത്തുകയെന്നതായിരുന്നു അദ്ദേഹത്തിന്‍റെ ലക്ഷ്യങ്ങളിലൊന്ന്.

ഒരുപാട് അന്വേഷണങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിനൊന്നുമനസ്സിലായി–സോളാര്‍ കുക്കറുകളാണ് ഈ പ്രശ്‌നത്തിനുള്ള ഏറ്റവും നല്ല പരിഹാരമെന്ന്.
“സോളാര്‍ കുക്കര്‍ ശരിക്കുമൊരനുഗ്രഹമാണ്. വീണ്ടും ഉപയോഗിക്കാവുന്ന ഊര്‍ജ്ജം, പരിസ്ഥിതി പ്രശ്‌നങ്ങളില്ല, മലിനീകരണമില്ല..,” അദ്ദേഹം പറയുന്നു.

ജോലി ഉപേക്ഷിച്ച് അദ്ദേഹം സോളാര്‍ കുക്കര്‍ പ്രോജക്റ്റിനായി ഇറങ്ങി. പക്ഷേ, ഇന്‍ഡ്യന്‍ ഗ്രാമങ്ങളില്‍ അത് സാര്‍വ്വത്രികമാക്കുന്നതിന് ചില പ്രായോഗികമായ കടമ്പകള്‍ ഉണ്ടായിരുന്നു.

ഇവിടെ പ്രധാനമായും കിട്ടിക്കൊണ്ടിരുന്ന സോളാര്‍ കുക്കറുകള്‍ രണ്ട് തരമായിരുന്നു. ഒന്ന് ബോക്‌സ് ടൈപ്പും മറ്റൊന്ന് പരാബോള ടൈപ്പും. ആദ്യത്തേതിന് 2,000 രൂപ മുതല്‍ 2,500 രൂപവരെയായിരുന്നു വില, അതും സര്‍ക്കാര്‍ സബ്‌സിഡി കഴിച്ച്. രണ്ടാമത്തേതിന് 7,000 രൂപയ്ക്കും 11,000 രൂപയ്ക്കും ഇടയിലാണ് വില.

“ആദിവാസി മേഖലകളിലെ ഒരു കുടുംബം ശരാശരി മാസം 5,000 രൂപമുതല്‍ 6,000 രൂപ വരെ നേടുമെന്ന് വിചാരിച്ചാല്‍ തന്നെ രണ്ടായിരം രൂപ മുടക്കി അവര്‍ സോളാര്‍ കുക്കര്‍ വാങ്ങുന്നതിനുള്ള സാധ്യത വളരെ കുറവാണ്. അതുകൊണ്ട് ഞാന്‍ വളരെ ചെലവുകുറഞ്ഞ സോളാര്‍ കുക്കര്‍ ഉണ്ടാക്കാനുള്ള ശ്രമമാരംഭിച്ചു. പണംകൊടുത്ത് വാങ്ങാന്‍ കഴിയില്ലെങ്കില്‍ പോലും ഓരോരുത്തര്‍ക്കും സ്വന്തമായി ഉണ്ടാക്കാവുന്ന തരത്തില്‍ ലളിതമായ ഒന്നായിരുന്നു എന്‍റെ മനസ്സില്‍,” അല്‍സുബൈര്‍ പറഞ്ഞു.

അങ്ങനെ അദ്ദേഹം ഷാരണ്‍ കോസെന്‍റെ കോപെന്‍ഹാഗെന്‍ സോളാര്‍ കുക്കറിന്‍റെ മോഡല്‍ സ്വീകരിച്ചു. അങ്ങനെയുള്ള ചെലവുകുറഞ്ഞ കുക്കര്‍ ഉണ്ടാക്കുന്നതില്‍ ആദിവാസി സ്ത്രീകളെ സഹായിക്കാന്‍ തുടങ്ങി.

ഗ്രാമീണ ജീവിതത്തില്‍ ഈ കുക്കര്‍ ഉണ്ടാക്കാവുന്ന വലിയ മാറ്റത്തെക്കുറിച്ചോര്‍ത്തപ്പോള്‍ അതിന്‍റെ പ്രചാരണത്തിനായി ഇറങ്ങാന്‍ അല്‍സുബൈറും അദ്ദേഹത്തിന്‍റെ പഴയൊരു ശിഷ്യന്‍ വീരേന്ദ്ര ധഘ്ഡയും തീരുമാനിച്ചു. ഗ്രാമീണ-ഗോത്രമേഖലകളിലെ സ്ത്രീകളെയും പുരുഷന്‍മാരെയും വിദ്യാര്‍ത്ഥികളെയും സ്വന്തമായി സോളാര്‍ കുക്കര്‍ ഉണ്ടാക്കാന്‍ അവര്‍ പരിശീലിപ്പിച്ചു.


ഇതുകൂടി വായിക്കാം: മീന്‍ വില്‍ക്കാന്‍ സോളാര്‍ പന്തല്‍, സൗരോര്‍ജ്ജ ബോട്ട്, ഫൈബര്‍ മാലിന്യങ്ങള്‍ കൊണ്ട് ചെലവുകുറഞ്ഞ ബോട്ട്: വിന്‍സെന്‍റിന്‍റെ കണ്ടുപിടുത്തങ്ങളെല്ലാം കടലിന്‍റെ മക്കള്‍ക്കായി


“2016 ഒക്ടോബര്‍ 18-നാണ് ഞങ്ങള്‍ കാംപെയിന്‍ തുടങ്ങിയത്. കോപന്‍ഹെഗന്‍ സോളാര്‍ കുക്കറിന്‍റെ സഹായം ഉണ്ടായിരുന്നു. ഞാന്‍ ഷാരനുമായി സംസാരിച്ചു. അവര്‍ ഞങ്ങളെ പ്രോത്സാഹിപ്പിച്ചു. ഞാന്‍ അതിനേക്കാള്‍ ലളിതമായ ഒരു മോഡലാണ് പരീക്ഷിച്ചത്. അത് ഉണ്ടാക്കുന്നത് നാട്ടുകാരെ പഠിപ്പിക്കാന്‍ സംസ്ഥാനത്തുടനീളം ശില്‍പശാലകള്‍ സംഘടിപ്പിച്ചു,” അല്‍സുബൈര്‍ പറഞ്ഞു.

വീട്ടില്‍ തന്നെ കിട്ടുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ഇതിലും ചെലവുകുറഞ്ഞ സോളാര്‍ കുക്കറുകള്‍ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് അല്‍സുബൈര്‍

സോളാര്‍ കുക്കര്‍ ഉണ്ടാക്കാന്‍ പഠിപ്പിക്കുക മാത്രമല്ല, സൗരോര്‍ജ്ജം ജീവിതത്തിന്‍റെ മറ്റ് മേഖലകളിലും എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് അവര്‍ ജനങ്ങളെ പറഞ്ഞുമനസ്സിലാക്കാന്‍ ശ്രമിച്ചു. രണ്ടുപേരും ഗുജറാത്തിലെ നൂറിലധികം ഉള്‍നാടന്‍ ഗ്രാമങ്ങള്‍ ഇതിനായി സന്ദര്‍ച്ചു–പഞ്ച്മഹല്‍, നര്‍മ്മദ, ജാംനഗര്‍, ജേത്പൂര്‍… ഈ മേഖലകളിലെല്ലാം വ്യാപകമായി അവര്‍ യാത്ര ചെയ്തു. അവിടെയെല്ലാം നൂറുകണക്കിന് പേരുടെ നിത്യജീവിതത്തില്‍ മാറ്റം കൊണ്ടുവരാന്‍ അവര്‍ക്ക് കഴിഞ്ഞു.”

“നൂറിലധികം ഗ്രാമങ്ങളില്‍ സോളാര്‍ കുക്കര്‍ വര്‍ക്ക്‌ഷോപ്പുകള്‍ ഞങ്ങള്‍ ഇതുവരെ സംഘടിപ്പിച്ചുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലായി ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മഹാരാഷ്ട്രയിലേയും കര്‍ണാടകയിലേയും ചില ഭാഗങ്ങളിലേക്കു കൂടി വ്യാപിപ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു,” അല്‍സുബൈര്‍ വിശദമാക്കുന്നു.

2017 മുതല്‍ അല്‍ സുബൈറും വീരേന്ദ്രയും ചേര്‍ന്ന് കുറച്ചുകൂടി എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതും ചെലവ് തീരെക്കുറഞ്ഞതുമായ സോളാര്‍ കുക്കറുകള്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങളിലായിരുന്നു, പേപ്പറും കാര്‍ഡ്‌ബോര്‍ഡും പാഴാക്കിക്കളയുന്ന ചില വസ്തുക്കളും ഉപയോഗിച്ച്.

അതിനെക്കുറിച്ച് അല്‍സുബൈര്‍ പറയുന്നു: “ഇത് വളരെ ഭാരംകുറഞ്ഞതും മടക്കിവെക്കാവുന്നതും കുറെക്കാലം നില്‍ക്കുന്നതുമായിരിക്കും.

കാര്‍ഡ് ബോര്‍ഡും അലൂമിനിയും ഫോയിലും നാല് ക്ലോത്ത്പിന്നുകളും ഒരു ചരടും മാത്രം മതിയിതിന്.

“പാത്രങ്ങള്‍ സ്റ്റീലോ അലുമിനിയമോ ആയിരിക്കണം. പാത്രത്തിന്‍റെ പുറത്ത് കറുത്ത പെയിന്‍റ് അടിക്കണം. പരമാവധി ചൂട് ആഗിരണം ചെയ്യാനാണിത്. ഇതുണ്ടാക്കാനുള്ള സാധനങ്ങളൊക്കെത്തന്നെ വീട്ടില്‍ കാണും. അതല്ലെങ്കില്‍, കൂടിവന്നാല്‍ നൂ്‌റ് രൂപ ചെലവാകും. ഇതില്‍ എളുപ്പത്തില്‍ പരിപ്പും പച്ചക്കറികളും അരിയും കേക്കുമൊക്കെ ഉണ്ടാക്കാം.” ഇതെല്ലാം തന്നെ കോപെന്‍ഹെഗന്‍ സോളാര്‍ കുക്കറില്‍ നിന്ന് ആശയം ഉള്‍ക്കൊണ്ട് ഉണ്ടാക്കിയതാണ് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ഈ സോളാര്‍ കുക്കര്‍ ഒന്നരവര്‍ഷം വരെ ഉപയോഗിക്കാം. അഞ്ചോ ആറോ പേര്‍ക്കുള്ള ഭക്ഷണം തയ്യാറാക്കാന്‍ രണ്ടുമുതല്‍ മൂന്ന് മണിക്കൂര്‍ വരെ വേണ്ടി വന്നേക്കാം. മാത്രമല്ല, ആര്‍ക്കുവേണമെങ്കിലും, കുട്ടികള്‍ അടക്കം, ഇതില്‍ സുരക്ഷിതമായി പാചകം ചെയ്യാം.


എന്നാല്‍ ഈ മോഡലിന് ചില പരിമിതികള്‍ ഉണ്ട്. അത് മറികടക്കാനുള്ള ശ്രമത്തിലാണ് അല്‍സുബൈറും വിരേന്ദ്രയും.


“സൗരോര്‍ജ്ജം കൊണ്ട് പ്രവര്‍ത്തിക്കുന്നതുകൊണ്ട് പകല്‍ മാത്രമേ പാചകം നടക്കുകയുള്ളൂ. മേഘംനിറഞ്ഞ ദിവസങ്ങളിലും മഞ്ഞുകാലത്തും പാചകത്തിന് കൂടുതല്‍ സമയമെടുക്കും. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളിലാണ് ഞങ്ങള്‍. പരിമിതികളൊക്കെയുണ്ടെങ്കിലും ഗ്രാമീണ ഇന്‍ഡ്യയിലെ സ്ത്രീകള്‍ക്ക് ഇതൊരു വരംതന്നെയാണ്.”


ഇതുകൂടി വായിക്കാം: സോളാര്‍ പവറിലോടുന്ന ഇലക്ട്രിക് സൈക്കിള്‍, ഫാന്‍ കുട: ഒരു വഴിയോരക്കച്ചവടക്കാരന്‍റെ സൗരോര്‍ജ്ജ പരീക്ഷണങ്ങള്‍


ഈ നിരന്തര പരിശ്രമങ്ങളെ മാനിച്ച്  അല്‍സുബൈറിനെ 2018-ല്‍ യു എന്‍ വി-അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. രാജ്യാന്തര സന്നദ്ധപ്രവര്‍ത്തക ദിനത്തിന്‍റെ ഭാഗമായിട്ടായിരുന്നു അവാര്‍ഡ്. അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ രാജ്യാന്തരതലത്തില്‍ അംഗീകരിക്കപ്പെടുകയും ചെയ്തു. ഗാന്ധി ഗ്ലോബര്‍ സോളാര്‍ ജേര്‍ണിയുടെ സോളാര്‍ ഏയ്ഞ്ജല്‍ ആയി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.

***

അല്‍സുബൈറിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ദ് ബെറ്റര്‍ ഇന്‍ഡ്യ എല്ലാവിധ ആശംസകളും പിന്തുണയും പ്രഖ്യാപിക്കുന്നു.

നിങ്ങളും അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഈ നമ്പറില്‍ ബന്ധപ്പെടാം: 9558350506.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം