‘എന്‍റെ മക്കള്‍ മിടുക്കരാണ്, അവരെ പാതിവഴിയില്‍ ഉപേക്ഷിച്ചു പോകാന്‍ എനിക്കാകുമായിരുന്നില്ല’: ഊരിലെ കുട്ടികള്‍ക്കായി സ്വന്തം ചെലവില്‍ സ്ഥലം വാങ്ങി സ്‌കൂള്‍ നിര്‍മ്മിച്ച ബദല്‍ സ്കൂള്‍ അധ്യാപിക

ടീച്ചര്‍ക്ക് അതൊന്നും അത്ര വലിയ കാര്യമായി തോന്നുന്നില്ല. കാരണം രണ്ടാണ്. ഒന്ന് അതൊക്കെ സ്വന്തം മക്കള്‍ക്കായി ചെയ്യുന്നതാണ്. രണ്ട്: നന്നായി പഠിക്കുമായിരുന്നിട്ടും വീട്ടിലെ സാഹചര്യങ്ങള്‍ മൂലം ഇടയ്ക്കുവെച്ച് പഠനം പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നതിന്‍റെ വിഷമം ഉള്ളില്‍ ഇപ്പോഴുമുണ്ട്.

ന്നര പതിറ്റാണ്ടിലേറെയായി കോതമംഗലം കുട്ടമ്പുഴയിലെ ആനന്ദംകുടിയെന്ന ആദിവാസി ഊരില്‍ അജിതവല്ലി ടീച്ചര്‍ ഉണ്ട്.

മഴയൊഴിഞ്ഞാല്‍ കുടുംബത്തോടെ കാടുകളിലേക്ക് കയറിപ്പോകുന്ന ആദിവാസി ഗ്രാമത്തിലെ കുട്ടികളെ സ്‌കൂള്‍ എന്ന ഒറ്റമുറി ഷെഡ്ഡിലേക്ക് കൊണ്ടുവരികയായിരുന്നു ആദ്യത്തെ കടമ്പ.

ഏറെക്കാലത്തെ പരിശ്രമത്തിനൊടുവില്‍ കുട്ടികള്‍ ആവേശത്തോടെ ക്ലാസിലെത്തിത്തുടങ്ങി. ആ കുടുസ്സുമുറിയില്‍ തറയിലിരുന്നവര്‍ പഠിച്ചു. അവര്‍ക്കൊപ്പം പഠിപ്പിച്ചും അവര്‍ക്ക് ഭക്ഷണം വെച്ചുകൊടുത്തും ടീച്ചര്‍ സന്തോഷത്തോടെ മുന്നോട്ടുപോയി.


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിനൊപ്പം ഗ്രാമീണ സ്ത്രീകളുടെ അതിജീവനത്തില്‍ കൈത്താങ്ങാകാം: karnival.com


പക്ഷേ, അപ്പോഴാണ് പുതിയ പ്രശ്നം. ആ ബദല്‍ വിദ്യാലയം ഇരിക്കുന്ന ഭൂമിയില്‍ നിന്ന് ഇറങ്ങേണ്ട സാഹചര്യം വന്നു.

ബദല്‍ സ്കൂളിന് മുന്നില്‍ കുട്ടികളും ടീച്ചറും

ടീച്ചര്‍ പിന്മാറിയില്ല. ടീച്ചര്‍ക്ക് കിട്ടുന്നത് തുച്ഛമായ ഓണറേറിയമാണ്. പക്ഷേ, കിട്ടുന്നതില്‍ നിന്ന് മിച്ചം വെച്ചതും പലരില്‍ നിന്നും കടംവാങ്ങിയതുമെല്ലാം ചേര്‍ത്ത് അവര്‍ ആ സ്ഥലം സ്‌കൂളിനായി വാങ്ങി. പിന്നെയും കുറെക്കാലം കഴിഞ്ഞപ്പോള്‍ ചോര്‍ന്നൊലിക്കുന്ന ആ ഷെഡ് അടച്ചുറപ്പുള്ള ഒരു കെട്ടിടമാക്കി. അതിനും പണം കൈയ്യില്‍ നിന്നെടുത്ത് ചെലവാക്കി.

ടീച്ചര്‍ക്ക് അതൊന്നും അത്ര വലിയ കാര്യമായി തോന്നുന്നില്ല. കാരണം രണ്ടാണ്. ഒന്ന് അതൊക്കെ സ്വന്തം മക്കള്‍ക്കായി ചെയ്യുന്നതാണ്. രണ്ട്: നന്നായി പഠിക്കുമായിരുന്നിട്ടും വീട്ടിലെ സാഹചര്യങ്ങള്‍ മൂലം ഇടയ്ക്കുവെച്ച് പഠനം പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നതിന്‍റെ വിഷമം ഉള്ളില്‍ ഇപ്പോഴുമുണ്ട്.

“ഞാന്‍ ജനിച്ചത് തൊടുപുഴയിലെ മുള്ളരിങ്ങാട് എന്ന ഗ്രാമത്തിലാണ്,” അജിതവല്ലി ടീച്ചര്‍ ആ കഥ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

“അവിടുത്തെ ആളുകളുടെ പ്രധാന ജോലി കൃഷിപ്പണി ആണ്. എന്‍റെ അച്ഛനും ഒരു കര്‍ഷകനായിരുന്നു. നെല്ലും കുരുമുളകും റബ്ബറും ഒക്കെ ആയിരുന്നു പ്രധാന കൃഷി. കുടുംബത്തിലെ മൂത്തയാളാണ് ഞാന്‍. എനിക്ക് ഒരു അനിയനും അനിയത്തിയും ആണ് ഉള്ളത്. അമ്മ അച്ഛനെ കൃഷിപ്പണിയിലൊക്കെ സഹായിക്കുമായിരുന്നു.

ക്ലാസ്സ്മുറിയിൽ

“അച്ഛന് ഞങ്ങളെ പഠിപ്പിച്ചു വലിയ ഉദ്യോഗസ്ഥരാക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷേങ്കില് വീട്ടില്‍ നിന്നും ഒരുപാട് അകലെ ആയിരുന്നു സ്‌കൂളുകള്‍. അങ്ങനെ അച്ഛന്‍ എന്നെ മൂലമറ്റത്തെ ഒരു സ്‌കൂളില്‍ പഠിക്കാനയച്ചു. ഹോസ്റ്റലില്‍ നിന്ന് ആയിരുന്നു പഠിത്തം.

“പത്താംതരം കഴിഞ്ഞപ്പോള്‍ അച്ഛന്‍ ആനന്ദംകുടിയില്‍ സ്ഥലം വാങ്ങി. ഞങ്ങള്‍ ഇങ്ങോട്ടേക്കു താമസം മാറ്റി. പറിച്ചു നട്ടു എന്ന് വേണമെങ്കില്‍ പറയാം,” കര്‍ഷക കുടുംബം ആയതുകൊണ്ടാകാം ടീച്ചറുടെ സംസാരത്തില്‍ പോലും മണ്ണിന്‍റെയും കൃഷിയുടെയും പ്രയോഗങ്ങള്‍.


പിന്നീട് പ്രീഡിഗ്രി മുവാറ്റുപുഴ നിര്‍മല കോളേജിലായിരുന്നു. അവിടെയും ഹോസ്റ്റല്‍ ആയിരുന്നു ആശ്രയം. പ്രീഡിഗ്രി കഴിഞ്ഞപ്പോഴേക്കും അച്ഛന് എന്നെ ദൂരെ വിട്ടു പഠിപ്പിക്കാനുള്ള കെല്പില്ലാതെയായി.


“ഒരുപാട് ദൂരെ പോയി ഹോസ്റ്റലില്‍ നിന്നുള്ള പഠനത്തിന് നല്ല തുകയാകുമായിരുന്നു. അങ്ങനെ പഠനം നിര്‍ത്തേണ്ടി വന്നു. പക്ഷെ വീട്ടില്‍ വെറുതെ ഇരിക്കാന്‍ എനിക്കാകുമായിരുന്നില്ല. ഞാന്‍ അടുത്തുള്ള കുട്ടികള്‍ക്കൊക്കെ ട്യൂഷന്‍ എടുക്കാന്‍ തുടങ്ങി,” അധ്യാപനത്തിലേക്കുള്ള ആദ്യ ചുവടുകളെ കുറിച്ച് ടീച്ചര്‍ പറയുന്നു.

ഒരുമയോടെ!

”കുറച്ചുനാള്‍ കഴിഞ്ഞു ഞാന്‍ വിവാഹിതയായി. ഭര്‍ത്താവും ഒരു കര്‍ഷകനായിരുന്നു. പിന്നീട് അങ്ങോട്ടുള്ള നാളുകളില്‍ ഞാന്‍ ഒരു കുടുംബിനിയായി. ഭര്‍ത്താവിന്‍റെ കാര്യങ്ങള്‍ നോക്കി, കൃഷിപ്പണികളില്‍ സഹായിച്ചു മുമ്പോട്ട് പോയി. വിവാഹം കഴിഞ്ഞു ഏഴു വര്‍ഷത്തിന് ശേഷം ആണ് അദ്ദേഹത്തിന് കെഎസ്ഇബിയില്‍ ജോലി കിട്ടുന്നത്. (ഞങ്ങള്‍ക്ക് രണ്ടു ആണ്‍കുട്ടികളാണ്. മൂത്ത മോന്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ കഴിഞ്ഞു, രണ്ടാമത്തെ ആള്‍ പ്ലസ് ടു കഴിഞ്ഞു.)

“മൂത്ത മകനെ സ്‌കൂളില്‍ ചേര്‍ത്തതിന് ശേഷമാണ്… സര്‍വ്വ ശിക്ഷ അഭിയാനിന്‍റെ നേതൃത്വത്തില്‍ സാക്ഷരതാ പരിപാടികള്‍ പഞ്ചായത്തുകള്‍ രൂപീകരിച്ചതിന്‍റെ ഭാഗമായി ഇന്‍റെര്‍വ്യൂ നടത്തുകയുണ്ടായി. അതില്‍ ഞാന്‍ പങ്കെടുത്തു. അങ്ങനെ ആനന്ദംകുടി ഊരിലെ കുട്ടികളെ പഠിപ്പിക്കാനായി ഇന്‍സ്ട്രക്ടര്‍ എന്നെ നിയമിച്ചു,” അജിതവല്ലിയില്‍ നിന്നും ആനന്ദംകുടിക്കാരുടെ അജിതടീച്ചറിലേക്കുള്ള യാത്ര അവര്‍ വിവരിച്ചു തന്നു.

2003-ലാണ് അജിതവല്ലിയ്ക്ക് ജോലി കിട്ടുന്നത്. ഊരുകളിലെ കുട്ടികള്‍ പഠനം പാതിവഴിയില്‍ നിര്‍ത്തി പോകുന്നതിനെ പറ്റി അന്വേഷിച്ചു കുട്ടികളെ പഠിക്കാനായി സ്‌കൂളില്‍ എത്തിക്കുക എന്നുള്ളത് വലിയൊരു ദൗത്യം തന്നെയായിരുന്നു. അതിനുള്ള പ്രധാനകാരണം അവരുടെ ജീവിതരീതി തന്നെയാണെന്ന് ടീച്ചര്‍ പറയുന്നു.

ആനന്ദംകുടി ബദൽ സ്കൂളിന് മുമ്പിൽ കുട്ടികൾ

“ഞാന്‍ ഊരില്‍ ചെന്ന് കുട്ടികളുടെ രക്ഷിതാക്കളോട് കാര്യങ്ങള്‍ സംസാരിച്ചു. പക്ഷെ അന്നത്തെ കാലത്ത് കുട്ടികളെ സ്‌കൂളില്‍ വിടാനോ പഠിപ്പിക്കാനോ ആര്‍ക്കും താല്പര്യം ഉണ്ടായിരുന്നില്ല. അവര്‍ പതിമൂന്നു വയസൊക്കെ ആകുമ്പോഴക്കും കുട്ടികളെ കല്യാണം കഴിപ്പിച്ചു വിടും. ആ കാലത്താണ്‌ട്ടോ, ഇന്ന് ഒരുപാട് മാറി. അത് മാത്രമല്ല അവരുടെ ജീവിതരീതിയും വ്യത്യസ്തമായിരുന്നു.

“മഴക്കാലം കഴിഞ്ഞാല്‍ ഊരുവാസികള്‍ കുടുംബത്തോടെ കാട്ടിലേക്ക് ചേക്കേറും. കാട്ടില്‍ ചെന്ന് പാറപ്പുറത്തോ മരങ്ങളുടെ മുകളിലോ ഒക്കെയായി അവര്‍ കൂര കെട്ടി പാര്‍ക്കും. രണ്ടു മൂന്നു മാസങ്ങള്‍ അവര്‍ അവിടെ താമസിച്ചു പലയിനം ഭക്ഷ്യവസ്തുക്കള്‍ ശേഖരിക്കും. മുളയരിയും തേനും ഒക്കെ ശേഖരിച്ചുകൊണ്ട് വന്നു ഊരിലെ സൊസൈറ്റികളില്‍ വില്‍ക്കും.

“അങ്ങനെ ഒക്കെ ആയിരുന്നു അവര്‍ ജീവിക്കാനുള്ളത് കണ്ടെത്തിയിരുന്നത്. ഇങ്ങനെ ഇടക്കുള്ള വനവാസം കുട്ടികളുടെ പഠനത്തെ കാര്യമായി ബാധിച്ചിരുന്നു. കുറച്ചു നാളത്തെ പരിശ്രമത്തിനൊടുവില്‍ കുട്ടികള്‍ സ്‌കൂളില്‍ വരാന്‍ തുടങ്ങി. ആദ്യമൊക്കെ പല ക്ലാസ്സുകളിലായി പതിനഞ്ചു കുട്ടികള്‍ ഉണ്ടായിരുന്നു,” അജിതടീച്ചര്‍ സ്‌കൂളിന്‍റെ ആദ്യനാളുകള്‍ ഓര്‍ത്തെടുത്തു.

എന്റെ മരം നമ്മുടെ മരം.

“കുട്ടികള്‍ പഠിക്കാന്‍ തയാറായി വന്നതോടെ അടുത്ത പടി ഒരു സ്‌കൂള്‍ ഉണ്ടാക്കിയെടുക്കലായിരുന്നു. ഞാനും ഊരിലെ കുറച്ചു ആളുകളും ചേര്‍ന്ന് ഈറ്റകൊണ്ടു ഒരു കൊച്ചു ഷെഡ് ഉണ്ടാക്കി. ഒരു ഒറ്റ മുറി ഷെഡ്. നിലം തേച്ചിട്ടൊന്നുമില്ല. ഞാനും എന്‍റെ കുട്ടികളും ആ ഷെഡില്‍ നിന്നുമാണ് ആരംഭിച്ചത്. പഠിക്കുന്നതും മക്കള്‍ക്കുള്ള ഭക്ഷണം പാകം ചെയുന്നതുമെല്ലാം ആ ഒറ്റ മുറിയില്‍ തന്നെ.

“ആദ്യ നാളുകളില്‍ പഠിപ്പിക്കുന്നതും കുട്ടികള്‍ക്കുള്ള ഉച്ച ഭക്ഷണം പാകം ചെയുന്നതുമെല്ലാം ഞാന്‍ തന്നെയായിരുന്നു. എന്നാലും അത് സംതൃപ്തിയുടെ നാളുകളായിരുന്നു. ഉച്ചഭക്ഷണം ഞാന്‍ മക്കളോടൊപ്പം ഒരുമിച്ചിരുന്ന് കഴിക്കും. കുഞ്ഞുങ്ങള്‍ക്കും അതാണ് സന്തോഷം. അവര്‍ ഊരിലെ വിശേഷങ്ങള്‍ എല്ലാം പറയും ചോറുണ്ണുമ്പോള്‍. ഇപ്പോള്‍ പാചകത്തിനും മറ്റുമായി ഒരു സഹായി കൂടിയുണ്ട്.”

കുട്ടികൾ ആഘോഷത്തിൽ.

മഴക്കാലം ആകുമ്പോള്‍ സ്കൂള്‍ കെട്ടിടം എന്ന ഷെഡ്ഡ് ചോര്‍ന്നൊലിക്കും. അവിടെ കുട്ടികളെ ഇരുത്തി പഠിപ്പിക്കുന്നത് വലിയ ബുദ്ധിമുട്ടായിരുന്നു. “ഒരു സ്വകാര്യ വ്യക്തിയുടെ പേരിലുള്ള സ്ഥലത്തായിരുന്നു സ്‌കൂള്‍. പത്തു വര്‍ഷം കഴിഞ്ഞപ്പോള്‍ ഗവണ്മെന്‍റിന്‍റെ പേരിലുള്ള സ്‌കൂള്‍ ആണല്ലോ അവിടെ പ്രവര്‍ത്തിക്കുന്നത്, അതുകൊണ്ട് അതിരിക്കുന്ന സ്ഥലം നഷ്ടപ്പെടുമോ എന്ന് ഭയന്ന് അവര്‍ സ്ഥലം ഒഴിഞ്ഞു കൊടുക്കാന്‍ ആവശ്യപ്പെട്ടു. അത് കുറച്ചു കുഴപ്പിച്ചു. ഞാന്‍ പലയിടങ്ങളില്‍ ഷെഡ് അന്വേഷിച്ചു, സ്‌കൂള്‍ തുടര്‍ന്ന് കൊണ്ടുപോകാന്‍. പാതിവഴിയില്‍ ഉപേക്ഷിച്ചു പോകാന്‍ എനിക്കാകുമായിരുന്നില്ല. എന്‍റെ അത്ര നാളത്തെ കഷ്ടപ്പാടുകളും ആ കുഞ്ഞുങ്ങളുടെ ഭാവിയും ഓര്‍ത്തു ഞാന്‍ പല വഴികള്‍ തേടി.”

പക്ഷേ, ഒഴിഞ്ഞുകൊടുക്കണമെന്ന് സ്ഥലമുടമ നിര്‍ബന്ധം പിടിച്ചു. അല്ലെങ്കില്‍ ആ സ്ഥലം വിലക്ക് വാങ്ങിക്കൊള്ളാന്‍ പറഞ്ഞു. “അങ്ങനെയാണ് ഞാന്‍ എന്‍റെ ഓണറേറിയവും അയല്‍ക്കൂട്ടവും മറ്റുമായി സ്വരൂപിച്ച കുറച്ചു പണവും പലയിടങ്ങളില്‍ നിന്നുമായി കടം വാങ്ങിയതുമെല്ലാം ചേര്‍ത്ത് ആ സ്ഥലം വാങ്ങിയത്. സെന്‍റിന് ഒമ്പതിനായിരം വച്ച് ആറേകാല്‍ സെന്‍റ് സ്ഥലം വിലക്ക് വാങ്ങി വീണ്ടും സ്‌കൂള്‍ പ്രവര്‍ത്തിപ്പിച്ചു കൊണ്ടുപോയി,” പറയുമ്പോള്‍ ആ മുഖത്തു നിറഞ്ഞ സന്തോഷം.

ടീച്ചര്‍ കുട്ടികളെ ചെണ്ടമേളം പഠിപ്പിക്കുന്നു

കുട്ടികള്‍ക്ക് ഇരുന്നു പഠിക്കാന്‍ പറ്റുന്ന അന്തരീക്ഷം ഉണ്ടാക്കിയെടുക്കാന്‍ ആയിരുന്നു പിന്നീടുള്ള ശ്രമം.
“ചോര്‍ന്നൊലിക്കുന്ന ആ ഒറ്റമുറി ഷെഡില്‍ കുട്ടികളെ ഇരുത്തുന്നതില്‍ എനിക്ക് നല്ല വിഷമം ഉണ്ടായിരുന്നു. അങ്ങനെയാണ് സ്‌കൂള്‍ പുനര്‍നിര്‍മിക്കുന്നതിനെ പറ്റി ഞാന്‍ ചിന്തിച്ചു തുടങ്ങുന്നത്. അങ്ങനെ മേസ്തിരിയേം പണിക്കാരെയും ഒക്കെ വിളിച്ചു സ്‌കൂള്‍ പുതുക്കി പണിതു. മുകളില്‍ ഷീറ്റ് ഇട്ടു. നിലത്തു കട്ട വിരിച്ചു. ഒരു ക്ലാസ് മുറിയും പാചകപ്പുരയും ചേര്‍ന്ന ഒരു കൊച്ചു വിദ്യാലയമായി ഇപ്പോള്‍ ആനന്ദംകുടി ഊരിലെ മക്കള്‍ക്ക്.”

ആനന്ദംകുടി ഊരിലെ ‘അജിത ടീച്ചര്‍’ അദ്ധ്യാപിക മാത്രമല്ല കുട്ടികളുടെ ഉറ്റ ചങ്ങാതി കൂടിയാണ്. അവരുടെ കളിയും ചിരിയും പഠനവുമെല്ലാം ടീച്ചറെ ചുറ്റിപ്പറ്റിയാണ്.

“ഊരിലെ കുട്ടികള്‍ എല്ലാവരും സ്വയംപര്യാപ്തരാണ്,” കുട്ടികളെപ്പറ്റി പറയുമ്പോള്‍ ടീച്ചര്‍ക്ക് നൂറ് നാവാണ്. “ആറു വയസ്സുള്ള കുഞ്ഞിന് പോലും അടുപ്പില്‍ തീ കൂട്ടി അരി വേവിക്കാനും, അരി വെന്താല്‍ അത് അടുപ്പില്‍ നിന്നും വാങ്ങി വെള്ളം ഊറ്റാനും ചമ്മന്തി അരക്കാനും ഒക്കെ അറിയാം. അവര്‍ അതൊക്കെ അവരുടെ വീട്ടില്‍ ചെയ്യാറുണ്ട്. അതൊക്കെ ആ കുട്ടികള്‍ വിവരിക്കുമ്പോള്‍ ഞാന്‍ അത്ഭുതപ്പെടാറുണ്ട്.

കുട്ടിമേളം.

“…ഒന്നാം ക്ലാസ്സില്‍ ആണെങ്കില്‍ പോലും ഭക്ഷണം കഴിച്ച പാത്രം വൃത്തിയായി കഴുകി സ്ഥാനത്ത് കൊണ്ടുപോയി വച്ചിരിക്കും. ഇവിടുത്തെ കുട്ടികള്‍ എല്ലാം വൃത്തിയായി ചെയ്യും. നന്നായി പഠിക്കാനുള്ള കഴിവും ഉണ്ട് ഈ മക്കള്‍ക്ക്. പാഠ്യവിഷയങ്ങളില്‍ മാത്രമല്ല കലാ കായിക വിഷയങ്ങളിലും അവര്‍ക്ക് മികവുണ്ട്,” ഊരിലെ കുട്ടികളെ പറ്റി പറയുമ്പോള്‍ ടീച്ചര്‍ക്ക് വലിയ വാത്സല്യവും അഭിമാനവും.

ബദല്‍ സ്‌കൂള്‍ അഥവാ എം ജി എല്‍ സി (മള്‍ട്ടി ഗ്രേഡ് ലീണിങ് സെന്റര്‍) ആയതു കൊണ്ട് തന്നെ അജിത ടീച്ചര്‍ അക്ഷരത്തോടൊപ്പം കലാപരമായ പരിശീലനത്തിനും പ്രാധാന്യം കൊടുത്തുള്ള പദ്ധതി ആണ് പിന്തുടരുന്നത്.

“2004-ല്‍ കോതമംഗലത്തെ അധ്യാപക കൂട്ടായ്മ സംഘടിപ്പിച്ച ഒരു ഫെസ്റ്റില്‍ കലാകായിക പരിപാടികളില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റ്സ് വാങ്ങിയ പുരസ്‌കാരം ആനന്ദംകുടി സ്‌കൂളിനായിരുന്നു. പാട്ടുപാടാനും ചിത്രരചനക്കും നൃത്തത്തിനുമെല്ലാം ഈ ഊരിലെ കുട്ടികള്‍ മിടുക്കര്‍ തന്നെ.

“ഞാന്‍ ഇവിടുത്തെ അയല്‍ക്കൂട്ടത്തിലെ ഒരു അംഗമാണ്. ഞങ്ങള്‍ അയല്‍ക്കൂട്ടത്തിലെ അംഗങ്ങളെല്ലാം ചേര്‍ന്ന് ചെണ്ടമേളം പഠിച്ചിരുന്നു. ശിങ്കാരിമേളം ആയിരുന്നു ഞങ്ങള്‍ നന്നായി പഠിച്ചെടുത്തത്. അത് ഞാന്‍ സ്‌കൂളിലെ കുട്ടികളെയും പഠിപ്പിക്കാന്‍ തുടങ്ങി. ചെണ്ടമേളം പഠിപ്പിക്കാന്‍ തുടങ്ങിയിട്ട് അഞ്ചു വര്‍ഷമാകുന്നേയുള്ളു.

“കുട്ടികള്‍ക്ക് നല്ല താല്പര്യമാണ്. 2017-ല്‍ ‘ആരണ്യകം’ എന്ന ഫെസ്റ്റില്‍ ചെണ്ടമേളം അവതരിപ്പിച്ചായിരുന്നു അരങ്ങേറ്റം. അതിനു ശേഷം ആ വര്‍ഷം തന്നെ കോതമംഗലത്തെ അധ്യാപക കൂട്ടായ്മയുടെ ‘മികവ്’ പുരസ്‌കാരവും നമ്മുടെ സ്‌കൂളിന് കിട്ടി. ഇപ്പോള്‍ നാട്ടിലെ പൊതുപരിപാടികളിലൊക്കെ ഞാന്‍ എന്‍റെ മക്കളുമായി ചെണ്ടമേളം അവതരിപ്പിക്കാറുണ്ട്,” ടീച്ചര്‍ പറയുന്നു.

“സ്‌കൂളില്‍ പഠിക്കുമ്പോള്‍ നാടോടിനൃത്തത്തിനു ജില്ലാതലത്തില്‍ എനിക്ക് സമ്മാനങ്ങള്‍ കിട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ നൃത്തം എനിക്കൊരുപാട് ഇഷ്ടമാണ്. നൃത്തവും ഞാന്‍ കുട്ടികളെ പരിശീലിപ്പിക്കുന്നുണ്ട്,” അവര്‍ കൂട്ടിച്ചേര്‍ത്തു.

ആനന്ദംകുടി സ്കൂൾ കുട്ടികളുടെ ചെണ്ടമേളം

“സ്‌കൂള്‍ തുടങ്ങിയ നാളുകളില്‍ കുട്ടികളുടെ പോരായ്മകള്‍ മനസിലാക്കി പഠിപ്പിച്ചു തുടങ്ങി. പതിനാലു വയസായിട്ടും എഴുതാനും വായിക്കാനും അറിയാത്ത കുട്ടികള്‍ ഉണ്ടായിരുന്നു. അവര്‍ക്ക് കൂടുതല്‍ ശ്രദ്ധ കൊടുത്തു പഠിപ്പിച്ചെടുത്തു.

“ഇപ്പോള്‍ ആ അവസ്ഥ ഒക്കെ മാറി. നാല് വയസില്‍ എല്‍കെജിയില്‍ കുട്ടികളെ ചേര്‍ക്കും. പിന്നീടങ്ങോട്ട് എല്ലാ സ്‌കൂളുകളിലെയും പോലെ ഉള്ള പാഠ്യപദ്ധതി പിന്തുടര്‍ന്നുള്ള പഠനം തന്നെയാണ്. ഓണപ്പരീക്ഷയും മറ്റുള്ള പരീക്ഷയും എല്ലാം നടത്തുന്നുണ്ട്. സര്‍വ്വ ശിക്ഷ അഭിയാനിന്‍റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് പഠനരീതി. എല്ലാ സ്‌കൂളുകളെയും പോലെ തന്നെയാണ് ഇവിടെയും. അല്പം സൗകര്യക്കുറവ് ഉണ്ട് എന്ന വ്യത്യസം മാത്രമേ ഉള്ളു. സ്‌കൂള്‍ യൂണിഫോം ഒക്കെ ധരിച്ചാണ് കുട്ടികള്‍ വരുന്നത്. ഇപ്പോള്‍ പതിനാല് കുട്ടികള്‍ എല്‍ കെ ജി മുതല്‍ നാലാം ക്ലാസ് വരെ പഠിക്കുന്നുണ്ട്,” -അജിത ടീച്ചര്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു.

എല്ലാ കുട്ടികളെയും ഒരു ക്‌ളാസ്സിലിരുത്തി എങ്ങനെ പഠിപ്പിക്കുമെന്ന ചോദ്യത്തിന് അജിത ടീച്ചര്‍ തന്ന മറുപടി ഇങ്ങനെ: “ഒന്നാം ക്ലാസിലെയും രണ്ടാം ക്ലാസിലെയും വിഷയങ്ങള്‍ ഏകദേശം ഒരു പോലെ തന്നെയാണ്. അവര്‍ക്ക് ഒരുമിച്ച് പറഞ്ഞു കൊടുക്കും. അടുത്ത ക്ലാസ്സുകാര്‍ക്ക് പാഠം പറഞ്ഞു കൊടുത്തിതിന് ശേഷം എന്തെങ്കിലും വര്‍ക്ക് ചെയ്യാന്‍ കൊടുക്കും, അത് ചെയ്തു കഴിയുമ്പോഴേക്കും അടുത്ത ക്ലാസ്സിനെ പഠിപ്പിക്കും. ഒരുമിച്ചിരുന്ന് പഠിക്കുന്നതില്‍ ബുദ്ധിമുട്ട് ഒന്നും ഇല്ല. കാരണം എന്‍റെ മക്കള്‍ മിടുക്കര്‍ ആണ്.”

ഓണാഘോഷത്തിന് അജിതടീച്ചർ കുട്ടികളോടൊപ്പം

കഴിഞ്ഞ വര്‍ഷം ടീച്ചര്‍ കുട്ടികളെയും കൊണ്ടൊരു ചെറിയ വിനോദയാത്ര പോയി. എറണാകുളത്തേക്കായിരുന്നു യാത്ര. ”ലുലു മാള്‍ ഒക്കെ കാണിച്ചു കൊടുക്കലായിരുന്നു ഉദ്ദേശം. ഇവിടുത്തെ കുട്ടികളില്‍, എറണാകുളം എന്നല്ല കോതമംഗലം ടൗണ്‍ പോലും കാണാത്തവര്‍ ഉണ്ട്. കുട്ടികള്‍ക്ക് ഒരു പുതിയ അനുഭവം നല്‍കാനായി ആ യാത്ര വലിയ രീതിയില്‍ ഉപകരിച്ചു.

“ഞങ്ങള്‍ ഇരുപതോളം പേര്‍ ആണ് പോയത്. കുട്ടികളുടെ ചേട്ടന്മാരെയും അനുജത്തിമാരെയും ഒക്കെ കൂടെ കൂട്ടി. അവര്‍ക്കും സന്തോഷമാകുമല്ലോ എന്ന് കരുതി. ഞങ്ങള്‍ ഇങ്ങനെ ഒരു യാത്ര പോകുന്നത് അറിഞ്ഞു ചില കോളേജ് കുട്ടികളും ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്യുന്ന കുട്ടികളും ചേര്‍ന്ന് ഇതിനുള്ള ചെലവ് വഹിക്കുകയും ചെയ്തു. അങ്ങനെ ഞങ്ങളുടെ ഫോട്ടോ കണ്ട് തിരുവനന്തപുരത്തുള്ള ഒരു മാഡം എന്നെ വിളിച്ചു സ്‌കൂളിന് ആവശ്യമായുള്ള ഫാനും മറ്റു കുട്ടികള്‍ക്കുള്ള പാത്രങ്ങളും ബാഗും ഒക്കെ തന്നു. അത് മാത്രമല്ല ഈ വര്‍ഷം കോതമംഗലത്തെ അധ്യാപക കൂട്ടായ്മ കുട്ടികള്‍ക്ക് ആവശ്യമായ ബാഗും എല്ലാം തരികയുണ്ടായി. അങ്ങനെ പല നല്ല മനസ്സുകളും പിന്തുണയുമായുണ്ട്.”

അജിതടീച്ചർ അയൽക്കൂട്ടത്തിലെ അംഗങ്ങളോടൊപ്പം ചെണ്ടമേളത്തിൽ.

ഇത്തവണ ഓണവും അജിത ടീച്ചറിന്‍റെ ആനന്ദംകുടി സ്‌കൂളില്‍ ഗംഭീരമായി ആഘോഷിച്ചു. ”പങ്കുവെക്കലിന്‍റെ ആഘോഷമായി എല്ലാവരെയും പോലെ ഓണാഘോഷവും നടത്തിയിരുന്നു, സെപ്റ്റംബര്‍ രണ്ടാം തിയതി. ഓണസദ്യ ഒക്കെ ഒരുക്കി കുഞ്ഞുങ്ങള്‍ക്ക് വിളമ്പി അവരുടെ കൂടെ കഴിച്ചു. വളരെ സന്തോഷമായിരുന്നു കുട്ടികള്‍ക്കെല്ലാം.

“സ്‌കൂള്‍ കുറച്ചു ചെറുതാണെന്ന കാര്യം ഒഴിച്ചാല്‍ മറ്റെല്ലാ സ്‌കൂളുകളിലെ കുട്ടികള്‍ക്കുള്ള കളികളും ആഘോഷങ്ങളും എന്‍റെ മക്കള്‍ക്കും കൊടുക്കാനായി ഞാന്‍ പരിശ്രമിച്ചുകൊണ്ടേയിരിക്കും. ഓണപ്പൂക്കള മത്സരം നടത്തിയിരുന്നു. വിജയികള്‍ക്ക് സമ്മാനങ്ങളും നല്‍കി.”

ഓണം വന്നേ.!

ഓണം അവധിക്കാലത്താണ് ടീച്ചര്‍ ടി ബി ഐയോട് സംസാരിക്കുന്നത്. കുട്ടികളെ വിട്ടുനില്‍ക്കുന്നതിന്‍റെ വിഷമം ടീച്ചര്‍ മറച്ചുവെച്ചില്ല: “അവധി ദിവസങ്ങളില്‍ എനിക്കാണ് വല്ലാത്ത ശൂന്യത അനുഭവപ്പെടുന്നത്. മക്കളുടെ കൂടെയുള്ള നിമിഷങ്ങള്‍ അത്രക്ക് രസകരമാണ്. ഇനി അവധി കഴിഞ്ഞു വരുമ്പോള്‍ എല്ലാവര്‍ക്കും ഉണ്ടാകും ഓരോ കഥകള്‍ പറയാന്‍.. കേള്‍ക്കാന്‍ ഞാന്‍ എപ്പോഴേ തയ്യാര്‍!,” ടീച്ചറുടെ ശബ്ദത്തില്‍ ഒരമ്മയുടെ കരുതല്‍.


ഇടമലക്കുടിയില്‍ 20 വര്‍ഷത്തിലേറെയായി അക്ഷരവെളിച്ചം പകരുന്ന മുരളി മാഷിന്‍റെ അസാധാരണമായ അനുഭവകഥകള്‍ വായിച്ചിരിക്കുല്ലോ. വായിച്ചിട്ടില്ലെങ്കില്‍ ഇവിടെ വായിക്കാം


“കാടിന്‍റെ മക്കളാണ് ഈ ഊരിലെ കുട്ടികള്‍. അവര്‍ക്ക് വേണ്ടി നമുക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുന്നത് പുണ്യമായാണ് എനിക്ക് തോന്നിട്ടുള്ളത്. നമുക്ക് ചെയ്യാന്‍ കഴിയുന്നത് പരമാവധി ചെയുക. ഒരുപാട് കഴിവുള്ള മക്കള്‍ ഉണ്ട് ഇവിടെ. പാഠ്യവിഷയങ്ങളിലും പഠ്യേതര വിഷയങ്ങളിലും കഴിവുള്ളവര്‍. അവരെ പരിപോഷിപ്പിച്ചു വളരാന്‍ അനുവദിക്കുന്നതാണ് ഇവര്‍ക്ക് വേണ്ടിയുള്ള ഏറ്റവും വലിയ കരുതല്‍…”

***
ഫോട്ടോകള്‍ക്ക് കടപ്പാട്: അജിതവല്ലി ടീച്ചര്‍.
ടീച്ചറുടെ ഫോണ്‍ നമ്പര്‍ : 9947138236

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം