ഗണിതത്തില്‍ ബിരുദം നേടിയതിന് ശേഷം കോഴിക്കോട്ടെ ഒരു സോഫ്റ്റ് വെയര്‍ കമ്പനിയില്‍ ഡെവലപര്‍ ആയി ജോലി ചെയ്യുകയായിരുന്നു രേഖ രശ്മിക്. മകന്‍റെ കാര്യങ്ങള്‍ നോക്കിനടത്തുന്നതും ജോലിയും എല്ലാം കൂടി ആകെ തിരക്കായപ്പോള്‍ ജോലി ഉപേക്ഷിച്ചു.
എന്നുവെച്ച് രേഖ വെറുതെ വീട്ടിലിരുന്നില്ല. സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന് ആലോചനയില്‍ പലതും പഠിക്കാന്‍ ശ്രമിച്ചു.
“കൃഷിയോടും ഗാര്‍ഡനിങ്ങിനോടുമൊക്കെ പണ്ടേ താല്‍പര്യം ഉണ്ടായിരുന്നു,” രേഖ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു. “അങ്ങനെ, കൃഷി നോക്കിയാലോ എന്ന തോന്നലില്‍ പല ഫാമുകളും സന്ദര്‍ശിച്ചു. ഒരുപാട് പരമ്പരാഗത കൃഷിക്കാരെയും നേരില്‍ പോയി കണ്ടു, അവരുടെ കൃഷിരീതികള്‍ പഠിച്ചു. ഇടയ്ക്കുവെച്ച് ആട് ഫാം തുടങ്ങിയാലോ എന്ന ചിന്ത വന്നു.”
അധികം വൈകാതെ ഒരു കാര്യം രേഖയ്ക്ക് പകല്‍ പോലെ വ്യക്തമായി–‘അതൊന്നും നമ്മളെക്കൊണ്ട് കൂട്ട്യാ കൂടില്ല!’
“ഞാന്‍ ഒരുപാട് ആട് ഫാമുകള്‍ സന്ദര്‍ശിച്ചു. കൃഷിക്കാരെയും അവരുടെ രീതികളുമൊക്കെ കണ്ടപ്പോള്‍ എനിക്കൊരു കാര്യം മനസ്സിലായി. എന്നെപ്പോലെ ഒരാളെക്കൊണ്ട് മാത്രം അതൊക്കെ മാനേജ് ചെയ്തുകൊണ്ടുപോകാന്‍ കഴിയില്ല.”
കോഴിക്കോട് ഫാറൂഖ് കോളെജിനടുത്ത് ചുള്ളിപ്പറമ്പിലാണ് രേഖയുടെ വീട്.
“മാത്രവുമല്ല, ഞാന്‍ താമസിക്കുന്ന ഭാഗത്ത് വെള്ളത്തിന് ബുദ്ധിമുട്ടുള്ള ഏരിയ ആണ്. വേനല്‍ക്കാലത്ത് ജലക്ഷാമം കടുക്കും. അതുകൊണ്ട് പരമ്പരാഗത രീതിയിലുള്ള കൃഷി വളരെ ബുദ്ധിമുട്ടാണ്.”
പക്ഷേ, രേഖ അന്വേഷണം തുടര്‍ന്നു.
“അങ്ങനെയാണ് ഞാന്‍ അക്വാപോണിക്‌സിനെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കുന്നത്. യൂട്യൂബില്‍ കുറെ വീഡിയോ കണ്ടു. ശരിക്കും പറഞ്ഞാല്‍ യുട്യൂബില്‍ നിന്നാണ് ഞാന്‍ അക്വാപോണിക്‌സ് ചെയ്യാന്‍ പഠിക്കുന്നത്,” രേഖ വെളിപ്പെടുത്തി.
ഇതുകൂടി വായിക്കാം: 18 ഏക്കറില്‍ എലിഫന്‍റ് ആപ്പിളും ബര്‍മ്മീസ് ഗ്രേപ്സുമടക്കം അപൂര്‍വ്വ പഴങ്ങള്‍ വിളയുന്ന തോട്ടം: മലബാറിലെ ഊട്ടിയില്‍ പോകുമ്പോള്‍ ഇനി ഇവിടെയുമൊന്ന് കയറാം
വീടിന് ചേര്‍ന്നുള്ള ഒരു സെന്‍റില്‍ സ്ഥലത്ത് രേഖ അക്വാപോണിക്‌സ് ഫാം തുടങ്ങി. മൂന്ന് സെന്‍റില്‍ പച്ചക്കറിയും. അഞ്ച് വര്‍ഷം.., മീനും വിഷമില്ലാത്ത പച്ചക്കറികളും സമൃദ്ധമായി വിളയിക്കുന്നുണ്ട് ഇപ്പോള്‍. നല്ല വരുമാനവും വിഷമില്ലാത്ത ഭക്ഷണവും. ഇതിന് പുറമെ കുറെ അവാര്‍ഡുകളും രേഖയെത്തേടിയെത്തി.
രേഖയുടെ മത്സ്യക്കുളത്തില്‍ ഗിഫ്റ്റ് തിലാപ്പിയ വളരുന്നു, ഒപ്പം ചേമ്പും ചുരക്കയും പാവക്കയും മഞ്ഞളും ചീരയും ബ്രഹ്മിയും പച്ചമുളകുമൊക്കെയുണ്ട്.
നിങ്ങള്‍ക്കും വീട്ടിനുള്ളില്‍ ഹൈഡ്രോപോണിക്സ് കൃഷി പരീക്ഷിച്ചുനോക്കാം. മിനി ഹൈഡ്രോപോണിക്സ് കിറ്റ് വാങ്ങാം: Karnival.com
2014-ലാണ് രേഖ അന്നപൂര്‍ണ അക്വാപോണിക്‌സ് തുടങ്ങുന്നത്. പല വീഡിയോ ട്യൂട്ടോറിയലുകളില്‍ നിന്നും ആശയങ്ങള്‍ സ്വീകരിച്ചും പരീക്ഷിച്ചും സ്വന്തമായി ഒരു രീതി ഉണ്ടാക്കിയെടുത്തു. ഇപ്പോള്‍ അക്വാപോണിക്‌സില്‍ താല്‍പര്യമുള്ളവര്‍ക്ക് സ്വന്തം അനുഭവത്തില്‍ നിന്ന് പഠിച്ച കാര്യങ്ങള്‍ കൂടി ചേര്‍ത്ത് ക്ലാസ്സെടുക്കുന്നുണ്ട്.
കോഴിക്കോട് ജില്ലയിലെ പല ഭാഗങ്ങളിലും ഇതുപോലെ അക്വാപോണിക്‌സ് ക്ലാസ്സുകള്‍ രേഖ നടത്തിക്കഴിഞ്ഞു.
ഒരു തരത്തിലുള്ള രാസവസ്തുക്കളോ കീടനാശിനികളോ മീന്‍കുളത്തിലോ പച്ചക്കറിയിലോ ഉപയോഗിക്കുന്നില്ല. അതുകൊണ്ട രേഖയുടെ അക്വാപോണിക്‌സ് കുളത്തിലെ മീനിന് ആവശ്യക്കാര്‍ ഏറെയാണ്. ചില കച്ചവടക്കാര്‍ ഒരുമിച്ചും വാങ്ങിക്കൊണ്ടുപോകുന്നുണ്ട്. കിലോയ്ക്ക് ശരാശരി 300 രൂപ നിരക്കിലാണ് മീന്‍വില്‍പന.
നാലായിരം ലീറ്റര്‍ സംഭരണശേഷിയുള്ളതാണ് മീന്‍കുളം. അതില്‍ 4,000 തിലാപിയ മീനുകള്‍ വളരുന്നു.
വെള്ളം സ്ഥിരമായി ശുദ്ധീകരിച്ചുകൊണ്ടിരിക്കും. മീന്‍കുളത്തില്‍ നിന്നുള്ള മാലിന്യങ്ങള്‍ ശുദ്ധീകരിക്കുന്നതിനിടയില്‍ പച്ചക്കറികള്‍ വളരുന്ന തടത്തിലെത്തും. ഒരു ഗ്രാവല്‍ബെഡിലൂടെയാണ് വള്ളം ശുദ്ധീകരിച്ച് തിരികെ കുളത്തിലെത്തുന്നത്.
എന്നാല്‍ ഈ പറഞ്ഞ പോലെ അത്ര എളുപ്പമുള്ളതായിരുന്നില്ല ഇതുവരെയുള്ള യാത്ര. തുടക്കത്തില്‍ നാട്ടുകാര്‍ കളിയാക്കി ചിരിച്ചു. കാരണം, അക്വാപോണിക്‌സ് ധാരാളം വെള്ളം ആവശ്യമുള്ള കൃഷിയാണെന്നായിരുന്നു എല്ലാവരുടെയും ധാരണ. ജലക്ഷാമം നേരിടുന്ന പ്രദേശത്ത് മീന്‍വളര്‍ത്തല്‍ എങ്ങനെ നടക്കും എന്ന് പലരും ചോദിച്ചു.
ഇതിന് പുറമെ, വൈദ്യുതിയും കൂടുതല്‍ ചെലവാകും. കൃഷിക്കായുള്ള വൈദ്യുതി സബ്‌സിഡിക്ക് വേണ്ടി രേഖ കുറെ കഷ്ടപ്പെട്ടു. നാലുസെന്‍റിലെ കൃഷിക്ക് സബ്‌സിഡി കിട്ടുന്നതിന് തടസ്സമുണ്ടെന്ന് ഉദ്യോഗസ്ഥര്‍.
കുറെക്കാലം നടന്നിട്ടും കൊടുത്ത അപേക്ഷകളിലൊന്നും ഒരു തീരുമാനവുമുണ്ടാകാതെ വന്നപ്പോള്‍, രേഖയും ഭര്‍ത്താവ് രശ്മികും വിവരാവകാശപ്രകാരം ഒരു അപേക്ഷ സമര്‍പ്പിച്ചു.
“ഉദ്യോഗസ്ഥര്‍ക്ക് ഒരുപാട് തെറ്റിദ്ധാരണകള്‍ ഉണ്ടായിരുന്നു. ഒടുവില്‍ ഞങ്ങളുദ്ദേശിക്കുന്ന പ്രോജക്ടിന്‍റെ വിശദമായ രൂപരേഖ സമര്‍പ്പിച്ചതിന് ശേഷമാണ് അനുമതി കിട്ടുന്നത്,” രേഖ പറഞ്ഞു.
അങ്ങനെ ഒരുപാട് കഷ്ടപ്പെട്ട് സൗജന്യനിരക്കില്‍ വൈദ്യുതി കിട്ടിത്തുടങ്ങി. അതിന് മുമ്പുതന്നെ സൗരോര്‍ജ്ജ പാനല്‍ വെച്ച് വൈദ്യുതി പ്രശ്‌നം ഒരു പരിധി വരെ പരിഹരിച്ചിരുന്നു.
തുടക്കത്തില്‍ വലിയ നഷ്ടവും കഷ്ടപ്പാടുകളുമൊക്കെ അനുഭവിക്കേണ്ടി വന്നെങ്കിലും രേഖ അതൊക്കെ മറികടന്നു.
“ഒരിക്കല്‍ ഇതൊന്നും നടക്കില്ലെന്ന് വിചാരിച്ചിരുന്ന കാര്യമാണിത്. ഇന്ന് ചുറ്റുമുള്ള ഒരുപാട് പേര്‍ രേഖയുടെ നിര്‍ദ്ദേശങ്ങള്‍ വാങ്ങി അക്വാപോണിക്‌സ് തുടങ്ങിയിട്ടുണ്ട്,” രേഖയുടെ അയല്‍ക്കാരിയായ ഷിജി പറയുന്നു.
കേരളത്തിലുടനീളം അക്വാപോണിക്‌സ് വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങാനുള്ള പ്ലാനിലാണ് രേഖയിപ്പോള്‍.
“നമ്മുടെ നാട്ടിലൊക്കെ ഒരുപാട് കുളങ്ങള്‍ ഉണ്ടല്ലോ. അതില്‍ പലതും ഉപയോഗമില്ലാതെയും നശിച്ചും പോവുകയാണ്. അവിടെയൊക്കെ അക്വാപോണിക്‌സ് വ്യാപിപ്പിച്ചാല്‍ കുളങ്ങളും നന്നാവും ജലക്ഷാമവും ഒരുപരിധി വരെ കുറയ്ക്കാം. ഒപ്പം, സംസ്ഥാനത്തെ മത്സ്യോത്പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യാം,” രേഖ പറയുന്നു.
“അങ്ങനെ, കുളങ്ങള്‍ പുനരുദ്ധരിക്കാനും അക്വാപോണിക്‌സ് വ്യാപിപ്പിക്കാനും ഒരു ആഗ്രഹം ഉണ്ട്,” അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇതുകൂടി വായിക്കാം: ഒരുതിരിയില്‍ 1,000 കുരുമുളക് മണികള്‍! കാഞ്ചിയാര്‍ വനത്തില്‍ നിന്നും തോമസ് കണ്ടെടുത്ത് വികസിപ്പിച്ച തെക്കനെത്തേടി വിദേശികള്‍ എത്തുന്നു
മികച്ച ആധുനിക മത്സ്യകര്‍ഷകയ്ക്കുള്ള ഫിഷറീസ് ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ ജില്ലാതല അവാര്‍ഡ് ഈയിടെ രേഖയെത്തേടിയെത്തി.
***
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9400801966
ഫോട്ടോകള്‍ക്ക് കടപ്പാട്: രേഖ രശ്മിക്, അന്നപൂര്‍ണ അക്വാപോണിക്സ് ഫേസ്ബുക്ക് പേജ്.