തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനടുത്തുള്ള ഒരു ഹോട്ടലിനെക്കുറിച്ചാണ്.
അവിടെ അടുപ്പില്ല, ഫ്രീസറോ ഫ്രിഡ്‌ജോ ഇല്ല. പഞ്ചസാരയും പാലും അടുപ്പിക്കില്ല. മൈദ ഏഴയലത്ത് കേറ്റില്ല (അതുകൊണ്ട് കേരളീയരുടെ ദേശീയ ഭക്ഷണമായ പൊറോട്ട പ്രതീക്ഷിക്കണ്ട). മസാലപ്പൊടിയോ മുളകുപൊടിയോ വാങ്ങാറില്ല.
ഇത്രയും പറയുമ്പോഴേക്കും അവിടെ നിന്ന് ഭക്ഷണം കഴിച്ചിട്ടുള്ളവര്‍ കൈപൊക്കും: ‘പത്തായമല്ലേ, മനസ്സിലായി’
‘പത്തായ’ത്തില്‍ കയറിയിട്ടില്ലാത്തവര്‍ക്കായി ചെറിയൊരു വിവരണം തരാം. ആരോഗ്യകരവും ഓര്‍ഗാനിക്കുമായ ഭക്ഷണം കഴിക്കണമെന്ന് തോന്നുമ്പോള്‍ തിരുവന്തപുരത്തുകാരുടെ മനസ്സില്‍ ആദ്യം വരുന്ന പേരാണ് പത്തായം. 22 വര്‍ഷം മുമ്പ് കോഴിക്കോടാണ് പത്തായം തുടങ്ങുന്നത്. തുടക്കത്തില്‍ ജൈവപച്ചക്കറികളും ജൈവ അരിയുമുപയോഗിച്ചുള്ള സാധാരണ വിഭവങ്ങളായിരുന്നു.
ആറ് വര്‍ഷം മുമ്പ് പത്തായം ശരിക്കും ‘പച്ചയ്ക്ക്’ കഴിക്കാവുന്ന വിഭവങ്ങള്‍ മാത്രമുള്ള മെനുവും കൂടി ചേര്‍ത്തു. അടുപ്പില്ലാത്ത ജൈവഭക്ഷ്യശാല അങ്ങനെയാണ് ഉണ്ടാവുന്നത്.
കുറേക്കാലത്തെ പരീക്ഷണങ്ങളുടെയും അനുഭവങ്ങളുടെയും രുചിക്കൂട്ടുകളുണ്ട് അതിന് പിന്നില്‍.
ഡോ. ഗംഗാധരന്‍-പത്തായത്തിന്‍റെ സാരഥി-പ്രകൃതി ചികിത്സയിലുള്ള പഠനങ്ങളും അറിവുകളും കൂടി പയറ്റുന്ന കലവറയാണിത്. ‘ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഞാന്‍ പത്തായം ആരംഭിക്കുന്നത്. അതിനു മുമ്പ് ജൈവവളം വില്‍ക്കുന്നതായിരുന്നു എന്‍റെ ജോലി. ആ മേഖലയില്‍ ഉള്ള പ്രവൃത്തിപരിചയവും അറിവും ആണ് ഈ സംരംഭം തുടങ്ങാനുള്ള പ്രേരണയായത്,’ അദ്ദേഹം ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.
ആരോഗ്യകരമായ ജൈവ ഭക്ഷ്യവസ്തുക്കള്‍, രാജ്യത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നും ഓര്‍ഗാനിക് തേന്‍… വാങ്ങാന്‍ സന്ദര്‍ശിക്കൂ: karnival.com
“1997-ല്‍ പത്തായം തുടങ്ങുമ്പോള്‍ ചോറ്, സാമ്പാര്‍ പിന്നെ ഏതെങ്കിലും കൂട്ടുകറി എന്ന നിലക്ക് വളരെ ലളിതമായാണ് ആരംഭിച്ചത്. പിന്നീട് അങ്ങോട്ട് കറികളുടെ എണ്ണം കൂട്ടി. അടുക്കളയില്ലാത്ത ഭക്ഷണം പാകം ചെയ്യുക എന്ന ആശയം പ്രവര്‍ത്തികമാക്കിയിട്ട് ആറു വര്‍ഷമാകുന്നു. ഇപ്പോള്‍ നല്ല രീതിക്ക് തന്നെ മുന്നോട്ട് പോകുന്നു. ഇപ്പോഴും ചോറും കറികളും കൂട്ടിയുള്ള ഊണ് ഉണ്ട്. അതിനോടൊപ്പമാണ് പ്രകൃതിയോട് ചേര്‍ന്നുള്ള ആരോഗ്യ ഭക്ഷണവും നല്‍കുന്നത്.”
പത്തായം എന്ന പേര് നല്‍കാനുള്ള കാരണം അന്വേഷിച്ചപ്പോള്‍ ‘പത്തായം എന്ന് വച്ചാല്‍ എന്താ? സൂക്ഷിപ്പുപുര. എങ്കില്‍ നമ്മുടെ വയറും ഒരു പത്തായം അല്ലെ?’ ചിരിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്‍റെ മറുപടി കേട്ടപ്പോള്‍ ‘അതു ശരിയാണല്ലോ’ എന്ന് അറിയാതെ ചിന്തിച്ചുപോയി.
”പത്തായത്തില്‍ പാല്‍, പഞ്ചസാര, മൈദാ, മസാല പൊടി, മുളക്‌പൊടി, ഫ്രീസര്‍, ബേക്കറി വസ്തുക്കള്‍ തുടങ്ങിയവ ഒന്നും ഉപയോഗിക്കുന്നില്ല,” ഡോ. ഗംഗാധരന്‍ തുടരുന്നു. ”ഉപ്പിനു പകരം ഇന്തുപ്പ് ചേര്‍ക്കുന്നു. പഞ്ചസാരയ്ക്ക് പകരം തേന്‍. ഫ്രീസര്‍ ഉപയോഗിക്കാത്തതുകൊണ്ട് അന്നന്ന് ഉണ്ടാക്കുന്ന ഭക്ഷണം മാത്രമേ വിളമ്പുകയുള്ളൂ. പഴകിയ ഭക്ഷണം ഒരു കാരണവശാലും പത്തായത്തില്‍ വില്‍ക്കില്ല. ഉപയോഗിക്കുന്ന പച്ചക്കറികള്‍ എല്ലാം ഓര്‍ഗാനിക് തന്നെ.
ഭക്ഷണം തന്നെയാണ് മരുന്നും എന്നാണ് ഡോ. ഗംഗാധരന്‍ പറയുന്നത്. എല്ലാ അസുഖങ്ങള്‍ക്കും കാരണം ശരിയല്ലാത്ത ഭക്ഷണം ആണെന്നാണ് അദ്ദേഹം ആവര്‍ത്തിച്ചു പറയുന്നത്.
”നമ്മള്‍ വിദ്യാഭ്യാസകാലത്ത് ഒരുപാട് കാര്യങ്ങള്‍ പഠിക്കുന്നുണ്ട്. എന്നാല്‍ ആ പഠിക്കുന്നതില്‍ വളരെ കുറച്ചു കാര്യങ്ങളെ നമുക്ക് ജീവിതത്തിലേക്ക് ആവശ്യമായി വരുന്നുള്ളു. എന്നാല്‍ ജീവിതത്തിന്‍റെ ആരോഗ്യശൈലി നമ്മള്‍ പഠിച്ചെടുക്കുന്നില്ല എന്നുള്ളതാണ് വാസ്തവം. എന്തൊക്കെയോ പഠിക്കുന്നു. എങ്ങനൊക്കെയോ ജീവിക്കുന്നു. …
“ആവശ്യമുള്ളത് കഴിക്കാനും ആവശ്യമില്ലാത്തത് ഉപേക്ഷിക്കാനും തയ്യാറായാല്‍ മാത്രമേ നല്ലൊരു ആരോഗ്യമുള്ള ജനതയെ നമുക്ക് കിട്ടൂ,’ ഡോക്ടര്‍ പറയുന്നു.
“പത്തായം തുടങ്ങുന്നത് തന്നെ നമ്മുടെ ഭക്ഷണരീതിയില്‍ കുറച്ചെങ്കിലും മാറ്റം വരുത്തി അതിന്‍റെ ഗുണങ്ങളെ നേരിട്ട് എല്ലാവരിലേക്കും എത്തിക്കാനായിരുന്നു. വിരുദ്ധാഹാരങ്ങള്‍ കഴിച്ചാണ് ഇന്ന് ശമനമില്ലാതെ വായു രോഗങ്ങള്‍ വരുന്നത്.
അതിനു നമ്മള്‍ മരുന്നുകള്‍ വാരി കഴിച്ചിട്ട് കാര്യമില്ല. ഭക്ഷണത്തെ അറിയുക. വയര്‍ അറിഞ്ഞു കഴിക്കുക.
“എന്തുകൊണ്ടാണ് ചില ഭക്ഷണങ്ങള്‍ വയറിനു പിടിക്കാത്തത് എന്ന് ചിന്തിച്ചാല്‍ നമുക്ക് എല്ലാം പിടി കിട്ടും. ശരിയായ പാചകരീതി പഠിച്ചെടുക്കുക. മസാലപ്പൊടികള്‍ ചേര്‍ത്തു ആഹാരത്തിനു സ്വാദു വരുത്തിയിട്ട് കാര്യമില്ല. അത്തരം മസാലപ്പൊടികള്‍ നാളെ നമ്മുടെ ആരോഗ്യം എവിടെ വരെ എത്തിക്കുമെന്ന് ചിന്തിക്കാന്‍ കൂടി കഴിയില്ല,” എന്നാണ് അദ്ദേഹത്തിന്‍റെ വേവലാതി.
ഇതുകൂടി വായിക്കാം: മൈദയില്ലാതെ കപ്പയും ചക്കയും ചെറുധാന്യങ്ങളും കൊണ്ട് നൂഡില്‍സും പാസ്തയും: സൂപ്പര്‍ ഫൂഡ് ലോകത്തേക്ക് കേരളത്തിന്‍റെ കൈപിടിച്ച് ഈ കൂട്ടുകാര്‍
“ഞാന്‍ രണ്ടാഴ്ചയില്‍ ഒരിക്കല്‍ പത്തായത്തില്‍ വച്ച് തന്നെ പാചക ക്ലാസുകള്‍ നടത്താറുണ്ട്. അത് പഠിക്കാന്‍ ആളുകളും വരാറുണ്ട്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം തൃശൂര്‍ ആണ്,” ഡോക്റ്റര്‍ കുടുംബകാര്യത്തിലേക്ക് കടന്നു. ”അച്ഛന്‍ ലേലപ്പന്‍, അമ്മ ലക്ഷ്മി. ഇപ്പോള്‍ താമസിക്കുന്നത് തിരുവനന്തപുരത്താണ്. ഭാര്യ ശോഭന. എനിക്ക് മൂന്ന് മക്കള്‍ ഉണ്ട്. മൂത്തമകള്‍ വിവാഹം കഴിഞ്ഞു. മൂന്നാമത്തെ മകന്‍ ഡിഎന്‍വൈഎസ് പഠിച്ചു ക്ലിനിക് നടത്തുന്നു. നേച്ചറോപ്പതിയില്‍ ഡിഎന്‍വൈഎസ് (Diploma in Naturopathy and Yogic Sciences-DNYS) ആണ് ഞാന്‍ പഠിച്ചത്. വൈകുന്നേരങ്ങളില്‍ ഞാനും ക്ലിനിക്കിലെ ജോലിയില്‍ ചേരാറുണ്ട്.”
ഒന്ന് നിര്‍ത്തിയ ശേഷം അദ്ദേഹം തുടര്‍ന്നു: ”രണ്ടാമത്തെ മകന്‍ മെര്‍ച്ചന്‍റ് നേവിയില്‍ ഉദ്യോഗസ്ഥനായിരുന്നു. ജോലിക്കിടെ ഫുജൈറയില്‍ വച്ച് അവനെ കാണാതായി. പത്തു വര്‍ഷമായി മകനെ കുറിച്ചു യാതൊരു വിവരവും ഇല്ല.
‘അവന്‍ കല്‍ക്കട്ടയിലെ ഒരു ഇന്‍ഡ്യന്‍ ഷിപ്പിംഗ് കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചിട്ട് വെറും ഏഴു ദിവസം മാത്രമേ ആയിരുന്നുള്ളു. അവന്‍ ഒരിക്കല്‍ വരും എന്ന പ്രതീക്ഷയിലാണ് ഞാനും എന്‍റെ കുടുംബവും മുന്നോട്ട് പോകുന്നത്,’ മകന്‍റെ തിരോധാനം ആ ഹൃദയത്തെ എത്രമാത്രം ബാധിച്ചിരിക്കുന്നെന്ന് അദ്ദേഹത്തിന്‍റെ ഭാവമാറ്റത്തില്‍ വ്യക്തമായിരുന്നു. എന്നാല്‍, പെട്ടെന്നുതന്നെ ആ ഓര്‍മ്മകളെല്ലാം വകഞ്ഞു മാറ്റി അടുത്ത ചോദ്യത്തിനായി സന്നദ്ധനായി.
പാകം ചെയ്യാതെ വിളമ്പുന്ന പച്ചക്കറി ‘കറികളെ’ കുറിച്ച് അന്വേഷിച്ചപ്പോള്‍ അദ്ദേഹം വീണ്ടും വാചാലനായി: “പച്ചക്കറി എന്നാല്‍ പച്ചയില്‍ കറി ആക്കി കഴിക്കേണ്ടത് എന്നാണ് നമ്മള്‍ മനസിലാക്കേണ്ടത്. പച്ചക്കറി പാകം ചെയ്തു മസാലപൊടികള്‍ ചേര്‍ത്ത് കഴിക്കുന്നതോടെ യഥാര്‍ത്ഥത്തില്‍ അതിന്‍റെ ഗുണം പോയി എന്ന് വേണം പറയാന്‍. ചേരേണ്ടത് ചേര്‍ത്ത് പാകം ചെയ്താലേ വയറിനു പിടക്കൂ. നമുക്ക് 25-28 കൂട്ടം ‘പച്ചക്കറികള്‍’ ഉണ്ടാക്കാന്‍ കഴിയും.
“ഈ കഴിഞ്ഞ ഓണത്തിന് അത്തരത്തില്‍ പാകം ചെയ്യാത്ത പച്ചക്കറി കറികള്‍ മാത്രം ഉപയോഗിച്ച് പത്തായത്തില്‍ ഒരു സദ്യ ഒരുക്കിയിരുന്നു. നല്ല പ്രതികരണം ആയിരുന്നു എല്ലാവരില്‍ നിന്നുമുണ്ടായത്.”
സംഭവം ജോറായിട്ടുണ്ടല്ലോ, എങ്കില്‍ ഒന്ന് രണ്ടു വിഭവങ്ങള്‍ ഉണ്ടാക്കി കാണിക്കാമോ എന്ന ചോദിച്ചപ്പോള്‍ ഡോക്ടര്‍ നേരെ കൊണ്ടുപോയത് അടുക്കളയിലേക്കല്ല. പകരം ഹാളില്‍ തന്നെ ഒരുക്കിയ ഒരു കൊച്ചു മേശയുടെ അരികിലേക്കായിരുന്നു. അവിടെ ഭംഗിയായി, വൃത്തിയായി നിരത്തിയിരിക്കുന്ന പച്ചക്കറികള്‍. എല്ലാം നല്ല നിറമുള്ള ‘പച്ചയായ’ പച്ചക്കറികള്‍. പാചകം ഇവിടെയോ എന്ന എന്‍റെ ഭാവം കണ്ടിട്ടാകണം അദ്ദേഹം പറഞ്ഞു- ‘അടുക്കളയില്ലാത്ത പാചകം ആണ് കാണിക്കാന്‍ പോകുന്നത്. തീയില്ല, പുകയില്ല, മസാലക്കൂട്ടുകളൊന്നുമില്ല,’ അദ്ദേഹം ചിരിച്ചു.
‘ആദ്യം നമുക്ക് അരിയില്ലാതെ ചോറുണ്ടാക്കാം,” ഡോക്ടര്‍ പാചകത്തിലേക്ക് കടന്നു. ”അതിനായി നമുക്ക് അവില്‍, തേങ്ങ ചിരകിയത്, കാരറ്റ് ചിരകിയത്, കാബേജ് ചിരകിയത്, കുരുമുളക് പൊടി ആവശ്യത്തിന്, ഇന്ദുപ്പ് ആവശ്യത്തിന് തുടങ്ങിയവ വേണം. എന്നിട്ടിവ എല്ലാം ഒരു പാത്രത്തില്‍ ഇട്ടു തിരുമ്മി കൂട്ടി വെക്കാം. ഇളം വെണ്ടയ്ക്ക ഉണ്ടെങ്കില്‍ അതും മുറിച്ചു ചേര്‍ക്കാം. ചോറ് റെഡി,’ ഡോക്ടര്‍ സിംപിളായി ചോറുണ്ടാക്കി!
‘അടുത്തതായി നമുക്ക് വേവിക്കാത്ത പായസം നോക്കിയാലോ?,’ അദ്ദേഹം ചോദിച്ചു. ഞങ്ങള്‍ എപ്പോഴേ റെഡി. ‘നന്നായി പഴുത്ത റോബസ്റ്റ പഴം വെണ്ണ പോലെ ഉടച്ചെടുക്കുക. മിക്‌സിയിലിട്ട് അടിക്കരുത്. പകരം ഒരു ഗ്ലാസിന്‍റെ പുറകെ വശം വച്ച് നന്നായി ഉടച്ചെടുക്കുക. നന്നായി ഉടയും എന്നതിനാലാണ് റോബസ്റ്റ എടുക്കുന്നത്. ഒരു കിലോ പഴത്തിനു ഒരു ലിറ്റര്‍ തേങ്ങാ പാല്‍ എന്ന കണക്കില്‍ ചേര്‍ക്കുക. അതിലേക്ക് കാല്‍ കിലോ ശര്‍ക്കര, കശുവണ്ടി പരിപ്പ് ചെറുതായി മുറിച്ചത്, ഏലക്കാപ്പൊടി എന്നി ചേര്‍ത്ത് ഇളക്കിയാല്‍ നല്ല ഒന്നാംതരം വേവിക്കാത്ത പായസം തയ്യാറായി.’
‘ഇനി ഒരു വാഴപ്പിണ്ടി പച്ചടി നോക്കാം,” ഡോക്ടര്‍ നിമിഷങ്ങള്‍ കൊണ്ട് വിഭവങ്ങള്‍ ഉണ്ടാക്കുകയാണ്. ”വാഴപ്പിണ്ടി നൂല് കളഞ്ഞ് അരിഞ്ഞു തൈരില്‍ ഇട്ടുവെക്കണം. വാഴപ്പിണ്ടി വെറുതേ വെച്ചാല്‍ കുറച്ചു നേരം കഴിയുമ്പോള്‍ കറുത്തു പോകും. അത് ഒഴിവാക്കാനാണ് തൈരില്‍ ഇട്ട് വെക്കുന്നത്. ശേഷം അതിലേക്ക് തക്കാളി ചെറുതായി മുറിച്ചിടുക. തേങ്ങ, പച്ചമുളക്, കടുക് അല്ലെങ്കില്‍ ജീരകം എന്നിവ ചേര്‍ത്ത് അരച്ച് അത് ഈ കൂട്ടിലേക്ക് ചേര്‍ക്കുക. ഇവയെല്ലാം കൂട്ടി ഇളക്കി കുറച്ചു മല്ലിയില കൂടി ഇട്ടാല്‍ വാഴപ്പിണ്ടി പച്ചടി ആയി.’ പാചകത്തില്‍ അധികമാരും പയറ്റിനോക്കാത്ത നുറുങ്ങു വിദ്യകള്‍ അദ്ദേഹം ദ് ബെറ്റര്‍ ഇന്‍ഡ്യയുമായി പങ്കുവെച്ചു.
“പത്തായത്തില്‍ മോര് ഉണ്ടാക്കുന്നത് മാങ്ങയും തേങ്ങാപ്പാലും ചേര്‍ത്താണ്. ഭക്ഷണത്തിനു ശേഷം ദഹനത്തിനായി ഒരു സ്പൂണ്‍ തേന്‍ കൂടി കൊടുക്കും. ആഴ്ചയില്‍ ഏഴു ദിവസവും പത്തായം പ്രവര്‍ത്തിക്കുന്നു. സ്ഥിരമായി വരുന്ന ആളുകള്‍ ഉള്ളത് കൊണ്ട് തന്നെ മടുപ്പ് ഒഴിവാക്കാനായി ഓരോ ദിവസവും ഓരോ വിഭവങ്ങള്‍ ഒരുക്കാന്‍ ശ്രമിക്കാറുണ്ട്. ഏഴുതരം സൂപ്പുകള്‍ ഉണ്ടിവിടെ. ചീര സൂപ്പ്, മിക്‌സഡ് പച്ചക്കറി സൂപ്പ്, തക്കാളി സൂപ്പ് എന്നിങ്ങനെ വ്യത്യസ്ത രുചികള്‍ കൊണ്ടുവരാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതുകൂടി വായിക്കാം: വലിയൊരു മാറ്റത്തിനു കൂടി ഒരുങ്ങുകയാണ് കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍; അതിന് പിന്നില്‍ ഈ ജൈവകര്‍ഷകനുമുണ്ട്
ജീവിത രീതികളില്‍ വന്ന മാറ്റത്തിനൊത്ത ഭക്ഷണശൈലി രൂപപ്പെടുത്താന്‍ എല്ലാവരും ശ്രമിക്കണമെന്നാണ് അദ്ദേഹത്തിന് പറയാനുള്ളത്.
“നമ്മുടെ എല്ലാ പഞ്ചായത്തുകളിലും ഒരു പ്രകൃതി ഭക്ഷണശാലയെങ്കിലും വേണമെന്ന നിര്‍ദ്ദേശം ആരോഗ്യവകുപ്പ് പുറപ്പെടുവിക്കണമെന്നാണ് എന്‍റെ അപേക്ഷ. പ്രകൃതിയിലേക്കുള്ള തിരിച്ചുവരവ് മാത്രമാണ് കാന്‍സര്‍, പ്രഷര്‍, ഷുഗര്‍ പോലുള്ള മനുഷ്യനെ തിന്നുന്ന രോഗങ്ങള്‍ക്കുള്ള മുക്തി. ഇത്തരം രോഗങ്ങള്‍ക്ക് ഒന്നും തന്നെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല എന്ന് നമ്മള്‍ അറിയണം. മാറിയ ഭക്ഷണരീതികളാണ് വില്ലന്‍. ഏതു രോഗവും ഭക്ഷണരീതിയില്‍ മാറ്റം വരുത്തുന്നതോടെ നിയന്ത്രിക്കാനാകുമെന്നാണ് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നത്.”
***
ഫോട്ടോ കടപ്പാട് . ഡോ. ഗംഗാധരന്‍, പത്തായം
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.