വലിയൊരു മാറ്റത്തിനു കൂടി ഒരുങ്ങുകയാണ് കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍; അതിന് പിന്നില്‍ ഈ ജൈവകര്‍ഷകനുമുണ്ട്

“അടുത്ത അധ്യയന വര്‍ഷം മുതല്‍ നമ്മുടെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ വലിയൊരു മാറ്റമാണ് വരുന്നത്.” ആ മാറ്റത്തില്‍ തന്‍റേതായ പങ്കുവഹിക്കുന്ന ജൈവകര്‍ഷകനും പ്രകൃതിസ്നേഹിയുമായ കേബീയാര്‍ കണ്ണന്‍ വിശദീകരിക്കുന്നു. ഒപ്പം അദ്ദേഹത്തിന്‍റെ ജൈവജീവിതവും.

പ്പില്ലാതെ കറി വെച്ചാല്‍ എങ്ങനെയുണ്ടാകും..? ഇനി മുതല്‍ മുളകുപൊടിയിട്ട കറി ഇനിയില്ലെന്നു തീരുമാനിച്ചാലോ..? പശുവിന്‍ പാല്‍ ഇല്ലെങ്കിലെന്താ നല്ല നാടന്‍ മോരുണ്ടാക്കാന്‍ വേറെ വഴിയുണ്ട്..

ഇതൊക്കെ കേട്ടാല്‍ ആരും ചോദിച്ചു പോകും.. വട്ടാണല്ലേ എന്ന്.

കേബീയാര്‍ കണ്ണന്‍ ഒരു പഴയ ചിത്രം

എന്നാലിതു വട്ടും കിറുക്കുമൊന്നുമല്ല.. നാല്‍പതോളം വര്‍ഷമായി കൃഷി  ജീവിതം പോലെ കാണുന്ന ഒരു മനുഷ്യന്‍റെ വാക്കുകളാണിത്. അടുക്കളയില്‍ ഇനി ഉപ്പും മുളകുപൊടിയുമൊന്നും വേണ്ടെന്നു വെറുതേ പറയുന്നതല്ല.. കേബീയാര്‍ കണ്ണന്‍ എന്ന 63കാരന്‍റെ അടുക്കളയില്‍ ഇതൊന്നുമില്ലാതെയും നല്ല രുചികരമായ ഭക്ഷണം തയ്യാറാവുന്നു. ഈ ആരോഗ്യപാചക വിധികള്‍ ഇനി ആ അടുക്കളയില്‍ മാത്രം ഒതുങ്ങില്ല. കേരളത്തിലെ നൂറുകണക്കിന് സ്‌കൂളുകളിലെ പാചകപ്പുരകളില്‍ ഈ രീതി പകര്‍ത്താന്‍ പോവുകയാണ്, അടുത്ത അധ്യയന വര്‍ഷം മുതല്‍.


അമ്മയാണ് എന്നെ കൃഷിയെ പരിചയപ്പെടുത്തുന്നത്. കുട്ടിക്കാലത്ത് ദാരിദ്ര്യമായിരുന്നതിനാല്‍ പഠനം മുന്നോട്ട് കൊണ്ടുപോകാനായില്ല.


”ഞങ്ങളുടേത് കര്‍ഷകകുടുംബമായിരുന്നു.. കുട്ടിക്കാലം തൊട്ടേ കൃഷി കണ്ടും കേട്ടും അറിഞ്ഞുമൊക്കെയാണ് വളര്‍ന്നത്,” കേബീയാര്‍ കണ്ണന്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട്. “എന്‍റെ ചെറുപ്പനാളില്‍ തന്നെ അച്ഛന്‍ മരിച്ചു. അമ്മയായിരുന്നു പിന്നെ എല്ലാം. അമ്മയുടെ കൂടെയാണ് ഞാന്‍ കൃഷിയിലേക്ക് ഇറങ്ങുന്നത്.” കൃഷിയിലേക്കും ആരോഗ്യഭക്ഷണ പരീക്ഷണങ്ങളിലേക്കുമുള്ള യാത്രയെക്കുറിച്ച് അദ്ദേഹം വിശദമായി പറയുന്നു.

കേബീയാര്‍ കണ്ണന്‍ ഒരു പഴയ ചിത്രം

“കൃഷി കുട്ടിക്കാലം തൊട്ടേ കൂടെയുണ്ടെങ്കിലും പ്രകൃതി കൃഷിയില്‍ സജീവമാകുന്നത് എണ്‍പതുകളിലാണ്. പ്രകൃതികൃഷിയ്‌ക്കൊപ്പം ജൈവകൃഷിയും ചെയ്യുന്നുണ്ട്. കൃഷിയ്‌ക്കൊപ്പം തന്നെയാണ് പ്രകൃതി പാചകവും കൊണ്ടുപോകുന്നത്.”


അടുത്ത അധ്യയന വര്‍ഷം മുതല്‍ നമ്മുടെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ വലിയൊരു മാറ്റമാണ് വരുന്നത്


സ്വന്തം ജീവിതത്തില്‍ പ്രകൃതിപാചകം പിന്തുടരുന്നതോടൊപ്പം പാചകത്തിലും കൃഷിയിലും ക്ലാസ്സുകളും എടുക്കുന്നുണ്ട്. “ദിവസങ്ങള്‍ക്ക് മുന്‍പാണ് സ്‌കൂളുകളിലെ ഒരു കൂട്ടം പാചകതൊഴിലാളികള്‍ക്ക് ക്ലാസെടുത്തത്. ഉപ്പും മുളകുപൊടിയുമൊന്നുമില്ലാത്ത കറികള്‍ വയ്ക്കുന്നതിനെക്കുറിച്ച് പറയുന്നത് കേട്ട് അവരൊക്കെ ആദ്യം അമ്പരക്കുകയായിരുന്നു.. അവര്‍ക്ക് അത്ഭുതമാണ്.. എങ്ങനെ ഉപ്പില്ലാതെ കറിവയ്ക്കുമെന്ന്.


ഇതുകൂടി വായിക്കാം:‘കാപ്പിശാസ്ത്ര’ത്തിന്‍റെ രഹസ്യങ്ങളറിയാൻ: കോഫീ ടേസ്റ്റർ ആവാൻ ആദ്യ ദലിത് വനിത


“ക്ലാസിനൊപ്പം നല്ല രുചിയുള്ള കൂട്ടുക്കറിയും പുളിശ്ശേരിയും മാങ്ങാച്ചമന്തിയുമൊക്കെ ഉണ്ടാക്കി കാണിച്ചു കൊടുക്കുകയും ചെയ്തു,” ആ 63കാരന്‍ ചിരിക്കുന്നു.

”അടുത്ത അധ്യയന വര്‍ഷം മുതല്‍ നമ്മുടെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ വലിയൊരു മാറ്റമാണ് വരുന്നത്. അതിന്‍റെ ഭാഗമായാണ് സ്‌കൂളുകളിലെ പാചകതൊഴിലാളികള്‍ക്ക് പാചക ക്ലാസെടുക്കാന്‍ പോയത്. കാസര്‍ഗോഡും കണ്ണൂരുമൊക്കെയുള്ള സ്‌കൂളുകളിലെ പാചകതൊഴിലാളികളാണ് ക്ലാസിലുണ്ടായിരുന്നത്. ഇതിനൊപ്പം 88 സ്‌കൂളൂകളിലെ 110 പാചകക്കാര്‍ക്ക് ഓണ്‍ലൈനിലൂടെയും പരിശീലനം നല്‍കി.”

ആരോഗ്യകരമായ ഭക്ഷണം എങ്ങനെ തയാറാക്കാമെന്നാണ് ക്ലാസില്‍ പറയുന്നത്. ഉപ്പില്ലാതെ.. മുളകുപ്പൊടിയില്ലാതെ..പുളി ഇല്ലാതെ എങ്ങനെ വിഭവങ്ങള്‍ തയാറാക്കാം. പശുവിന്‍റെ പാലില്ലാതെ മോരുണ്ടാക്കുന്നതെങ്ങനെയാണ്.. ഇതൊക്കെയാണ് പാചകക്ലാസില്‍ പഠിപ്പിക്കുന്നത്. പോഷകമൂല്യങ്ങള്‍ നഷ്ടപ്പെടാതെ പച്ചക്കറികളും പഴങ്ങളും ഉപയോഗപ്പെടുത്തി പാചകം ചെയ്യുന്ന ആരോഗ്യരീതകളാണ് പരിശീലിപ്പിക്കുന്നത്.

സ്കൂള്‍ പാചകക്കാര്‍ക്കായി നടത്തിയ ആരോഗ്യ പാചകക്കളരിയില്‍ നിന്നും

“ഇതൊക്കെ അടിസ്ഥാനമാക്കിയാകും അടുത്ത അധ്യയന വര്‍ഷം മുതല്‍ സ്‌കൂളുകളിലെ കഞ്ഞിപ്പുരകളില്‍ ഭക്ഷണമുണ്ടാക്കുക. സര്‍ക്കാരിന്‍റെ പദ്ധതിയാണിത്. സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദേശം അനുസരിച്ചാണ് ഞാന്‍ ക്ലാസെടുക്കാന്‍ പോകുന്നതും..


ഇതുകൂടി വായിക്കാം: ദിവസവും രാത്രി രണ്ടുമണിക്ക് ഉണര്‍ന്ന് ഈ 59-കാരി പാചകം തുടങ്ങും, 50 രോഗികള്‍ക്ക് പലതരം ആരോഗ്യവിഭവങ്ങള്‍ തയ്യാറാക്കാന്‍


”ഉപ്പും മുളകും പാല്‍പ്പൊടി ചേര്‍ത്ത പാലില്‍ നിന്നുണ്ടാക്കുന്ന മോരുമൊക്കെ ഉപയോഗിച്ച് നിത്യേന ഭക്ഷണമുണ്ടാക്കുന്നവരാണ് നമ്മളൊക്കെ. എന്നാല്‍ ഇതൊക്കെ മാരകരോഗങ്ങളാണ് തിരിച്ചുനല്‍കുന്നത്. ആരോഗ്യമുള്ള ഒരു തലമുറയെ സൃഷ്ടിക്കുന്നതിനാണ് സ്‌കൂളുകളില്‍ തന്നെ ഇങ്ങനെയൊരു രീതി ആവിഷ്‌ക്കരിക്കുന്നത്,” അദ്ദേഹം പറയുന്നു.

ഉപ്പില്ലാതെ എങ്ങനെ?

“ഒന്നര ഗ്രാം ഉപ്പ് മാത്രമേ ഒരു ദിവസം നമ്മുടെ ശരീരത്തിന് ആവശ്യമുള്ളൂ. എന്നാല്‍ 15 ഗ്രാം ഉപ്പാണ് നമ്മളൊക്കെ കഴിച്ചു കൊണ്ടിരിക്കുന്നത്,” എന്ന് കേബീയാര്‍ കണ്ണന്‍.

കേബീയാര്‍ കണ്ണന്‍

“ഉപ്പില്ലെങ്കില്‍ രുചിയുണ്ടാകില്ല.. എന്നാല്‍ ഉപ്പ് ഉപേക്ഷിക്കുകയല്ല. നമ്മളൊക്കെ ഉപയോഗിക്കുന്ന ഉപ്പിന് പകരം ഇന്ദുപ്പ് ഉപയോഗിക്കും. രുചിയില്‍ വ്യത്യാസമൊന്നുമില്ല. വില അല്‍പം കൂടുതലായിരിക്കുമെന്നു മാത്രം. പക്ഷേ ആരോഗ്യത്തിന് പ്രശ്‌നമൊന്നുമുണ്ടാകില്ല.

മുളകുപ്പൊടിക്ക് പകരം കുരുമുളക്, പച്ചമുളക് പോലുള്ളവ ഉപയോഗിക്കാം. എന്നാല്‍ അവിയലും ഓലനും പച്ചടിയുമൊക്കെ വയ്ക്കാന്‍ മുളകുപ്പൊടിയൊന്നും വേണ്ടല്ലോ.. അങ്ങനെ കുറേ കറികളുണ്ടല്ലോ,” എന്നാണ് അദ്ദേഹം ചോദിക്കുന്നത്.

മുളകുപൊടി ദഹനവ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

Image for representation. Photo: Pexels.com

പശുവിന്‍പാല്‍ ഇല്ലെങ്കിലും നല്ല രുചികരമായ പാലുണ്ടാക്കുന്നതെങ്ങനെയെന്നും കേബീയാര്‍ കണ്ണന്‍ പറഞ്ഞുതന്നു:

വളരെ ചെറിയ സോയാബീന്‍ വിപണിയിലുണ്ട്. വന്‍പയറിന്‍റെ വലിപ്പം മാത്രമേ ഇതിനുണ്ടാകൂ. ഇതു നൂറുഗ്രാം ഒരു പന്ത്രണ്ട് മണിക്കൂര്‍ വെള്ളത്തിലിട്ടു കുതിര്‍ത്തിയെടുക്കുക.


ഒരു ദോഷവുമില്ലാത്ത പൂര്‍ണമായും ആരോഗ്യപ്രദമായ മോരാണിത്.


ശേഷം ഇത്  കഴുകി മിക്‌സിയിലിട്ട് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് ഇടയ്ക്കിടെ വെള്ളമൊഴിച്ച് ഒഴിച്ച് അടിച്ചെടുക്കുക.

ഏതാണ്ട് ഒരു ലിറ്ററോളമാക്കിയെടുക്കുക. നൂറു ഗ്രാം സോയാബീനില്‍ നിന്ന് ഒരു ലിറ്റര്‍ പാലുണ്ടാക്കാം. ഈ പച്ചപ്പാലിലേക്ക് ഉറ ഒഴിച്ച് നല്ല മോര് തയാറാക്കാം. ഒരു ദോഷവുമില്ലാത്ത പൂര്‍ണമായുംആരോഗ്യപ്രദമായ മോരാണിത്. ഇതെടുത്ത് കറിയൊക്കെ ഉണ്ടാക്കാം.

Image for representation. Photo: Pexels.com

“കഴിഞ്ഞ 15 വര്‍ഷമായി ഞാനീ മോര് ഉപയോഗിക്കുന്നു,” അദ്ദേഹം പറഞ്ഞു.

കേബീയാര്‍ കണ്ണന്‍റെ വീട്ടില്‍ പ്രഭാതഭക്ഷണവും ഗംഭീരമാണ്. പലതരം ദോശകളും പുട്ടുമൊക്കെയാണ് ഓരോ ദിവസവും. ”റവ ദോശ, ഗോതമ്പ് ദോശ, വെള്ളരിക്ക ദോശ, കുമ്പളങ്ങ ദോശ, കാരറ്റ് -ബീറ്റ്‌റൂട്ട് പുട്ട്, ഗോതമ്പും ചോളവും മുത്താറിയും കലര്‍ത്തിയ പുട്ട്, ചോളം കൊണ്ടുള്ള ഇലയട, ഗോതമ്പുപ്പൊടി, ചോളപ്പൊടി, മുത്താറിപ്പൊടി, തേങ്ങ ചിരകിയത് എന്നിവ ചേര്‍ത്ത മിക്‌സഡ് പുട്ട് തുടങ്ങി പല ആരോഗ്യവിഭവങ്ങള്‍ വീട്ടില്‍ ഉണ്ടാക്കുന്നുണ്ട്,” അദ്ദേഹം പറഞ്ഞു.


രണ്ട് ഏക്കര്‍ സ്വന്തം ഭൂമിയുണ്ട്. രണ്ട് ഏക്കര്‍ പാട്ടത്തിനെടുത്തും കൃഷി ചെയ്യുന്നു.


“കുമ്പളങ്ങ ദോശ ബ്ലഡ് ഷുഗര്‍ കുറയ്ക്കും, വെള്ളരി ദോശ മൂത്രാശയ രോഗങ്ങള്‍ക്ക് പ്രതിവിധിയാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

38 വര്‍ഷമായി കേബീയാര്‍ കണ്ണന്‍ കൃഷി ആരംഭിച്ചിട്ട്. പ്രകൃതി കൃഷിയും ജൈവകൃഷിയുമാണ് ചെയ്യുന്നത്. രണ്ട് ഏക്കര്‍ സ്വന്തം ഭൂമിയുണ്ട്. രണ്ട് ഏക്കര്‍ പാട്ടത്തിനെടുത്തും കൃഷി ചെയ്യുന്നു.

“വീടിനോട് ചേര്‍ന്ന അമ്പത് സെന്റില്‍ കൃഷിപ്പണികളോ വളപ്രയോഗമോ ഒന്നുമില്ല. ഇവിടെ മരങ്ങളുടെ ഇലയൊക്കെ വീണ് സ്വാഭാവികമായി വളക്കൂറുള്ള മണ്ണ് ഉണ്ടാകുന്നു. നല്ല പോലെ വെള്ളം ഒഴിക്കും. വെള്ളവും ഈ കരിയിലകളും മണ്ണില്‍ കിടന്ന് അലിഞ്ഞ് വളമായി മാറുകയാണ്. ഇതിലൂടെ ജീവസുറ്റ മണ്ണായി മാറും.


പൊന്നാം കണ്ണി ചീര, തഴുതാമ, മുത്തിള്‍ തുടങ്ങി അധികമാരും കൃഷി ചെയ്യാത്ത ഔഷധഗുണമുള്ള നാടന്‍ പച്ചിക്കറികളും കൃഷിത്തോട്ടത്തിലുണ്ട്.


“35 ഇനത്തോളം ഫലസസ്യങ്ങളാണ് ഇവിടെ നട്ടിരിക്കുന്നത്. മാവുകളും മാംഗോസ്റ്റിന്‍, ഫിലോസാന്‍, അഗത്തി, കടപ്ലാവ്, അത്തി, വ്യത്യസ്ത തരം പേര, നാരകം, സ്റ്റാര്‍ഫ്രൂട്ട്, പ്ലാവ്, റംമ്പൂട്ടാന്‍, ലൂബിക്ക, മലേഷ്യന്‍ അപ്പിള്‍, ബിഗ് ഓറഞ്ച് തുടങ്ങിയ ഫലസസ്യങ്ങളാണ് നട്ടിട്ടുള്ളത്. അറുപത് മാവുകളുണ്ട്. ഇതില്‍ 13 തരം മാങ്ങകളുണ്ട്. വീട്ടുമുറ്റത്തുണ്ടാകുന്ന ഈ ഫലങ്ങളൊന്നും വില്‍ക്കുന്നില്ല. മാങ്ങ മാത്രം വില്‍ക്കും. മറ്റു പഴങ്ങളൊക്കെ ഇവിടെ ക്ലാസിനും മറ്റും വരുന്ന കുട്ടികള്‍ക്ക് കഴിക്കാനുള്ളതാണെന്ന്,” കര്‍ഷകന്‍ പറയുന്നു.

”പച്ചക്കറിയും നെല്ലും വര്‍ഷങ്ങളായി കൃഷി ചെയ്യുന്നുണ്ട്. അമ്മയാണ് എന്നെ കൃഷിയെ പരിചയപ്പെടുത്തുന്നത്. കുട്ടിക്കാലത്ത് ദാരിദ്ര്യമായിരുന്നതിനാല്‍ പഠനം മുന്നോട്ട് കൊണ്ടുപോകാനായില്ല. പത്താം ക്ലാസ് വരെ മാത്രമേ പഠിക്കാന്‍ സാധിച്ചുള്ളൂ.


ഇതുകൂടി വായിക്കാം: ബോംബെ മിഠായിയുടെ മണം: രാത്രികളില്‍ വണ്ടികിട്ടാതെ വലയുന്നവര്‍ക്കായി ഉറങ്ങാതിരിക്കുന്ന കല്ലുകെട്ടുകാരന്‍


“കൃഷിയാണ് ഇന്ന് എന്‍റെ എല്ലാം. രാസവളപ്രയോഗമൊന്നും ഇല്ല. ജൈവവളം മാത്രമേ എന്‍റെ കൃഷികള്‍ക്ക് നല്‍കുന്നുള്ളൂ.”

എല്ലാത്തരം പച്ചക്കറികളും അദ്ദേഹത്തിന്‍റെ കൃഷിയിടത്തിലുണ്ട്. വെണ്ട, വഴുതന, മുളക്, മത്തന്‍, കുമ്പളം തുടങ്ങിയവയ്ക്ക് പുറമേ പൊന്നാം കണ്ണി ചീര, തഴുതാമ, മുത്തിള്‍ തുടങ്ങി അധികമാരും കൃഷി ചെയ്യാത്ത ഔഷധഗുണമുള്ള നാടന്‍ പച്ചക്കറികളും കൃഷിത്തോട്ടത്തിലുണ്ട്.

”പുലര്‍ച്ചെ നാലു മണിക്ക് എഴുന്നേല്‍ക്കും. രാത്രി പതിനൊന്നിന് ഉറങ്ങും. ഈ പ്രായത്തിലും എല്ലാ കൃഷി പണികളും ചെയ്യും. പറയത്തക്ക ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. വീട്ടില്‍ കൃഷി ചെയ്യുന്നതൊക്കെ തന്നെയാണ് എന്‍റെ വീടിന്‍റെ അടുക്കളയിലും ഉപയോഗിക്കുന്നത്. ഒന്നും പുറത്ത് നിന്ന് വാങ്ങേണ്ടി വരുന്നില്ല. അത്യാവശ്യത്തിന് വല്ലതും വാങ്ങേണ്ടി വന്നാലേ ഉള്ളൂ,” വിഷമില്ലാത്ത പച്ചക്കറി സമൃദ്ധമായി ഉണ്ടാവുന്നതിന്‍റെ സംതൃപ്തിയുണ്ട് ആ വാക്കുകളില്‍.


രാസവളവും രാസകീടനാശിനികളും ഉപേക്ഷിച്ച് മൂന്നാലുതവണ കൃഷിചെയ്തു കഴിയുമ്പോള്‍ തന്നെ മണ്ണ് താനെ ജൈവകൃഷിയ്ക്ക് പാകപ്പെടും


“പച്ചക്കറി കൃഷി മാത്രമായി ചെയ്താല്‍ ലാഭകരമൊന്നുമല്ല; കാലാവസ്ഥ വ്യതിയാനവും കൂലിച്ചെലവുമൊക്കെ നോക്കുമ്പോള്‍ പ്രത്യേകിച്ചും. സംയോജിത കൃഷിയാണെങ്കില്‍ മെച്ചമാണ്. പശുവിനെ പാലിന് മാത്രം വളര്‍ത്തുന്നത് ലാഭകരമാകില്ല. എന്നാല്‍ അതിനൊപ്പം പച്ചക്കറി കൃഷി കൂടെ ചെയ്യുകയാണെങ്കില്‍ ഗുണമുണ്ട്. പച്ചക്കറിയുടെ അവശിഷ്ടങ്ങള്‍ പശുക്കള്‍ക്ക് നല്‍കാം. ചാണകവും ഗോമൂത്രവുമൊക്കെ കൃഷിയ്ക്ക് വളമായി നല്‍കാം. ഇങ്ങനെ റൗണ്ട് ചെയ്തു വരികയാണെങ്കില്‍ ലാഭകരം തന്നെയാണ് കൃഷി.

Image for representation: pexels.com

“നാല്‍പത് വര്‍ഷമായി പശു വളര്‍ത്തല്‍ വീട്ടിലുണ്ട്. ജൈവകൃഷിയുടെ അടിസ്ഥാനം എന്നു പറയുന്നത് പശു വളര്‍ത്തലാണ്. പശുവില്ലാതെ ജൈവകൃഷി ചെയ്യാന്‍ പറ്റില്ല. ബയോഗ്യാസ് പ്ലാന്റ് ഉണ്ട്. വീട്ടിലെ പാചകത്തിനു ഈ ഗ്യാസാണ് ഉപയോഗിക്കുന്നത്. ബയോഗ്യാസില്‍ നിന്നു കിട്ടുന്ന സ്ലറി നേര്‍പ്പിച്ചാണ് കൃഷിത്തോട്ടത്തിലെ വിളകള്‍ക്ക് നല്‍കുന്നത്. ഇതിനൊപ്പം പച്ചചാണകം, കടലപ്പിണ്ണാക്ക് എന്നിവ 5:1 എന്ന അനുപാതത്തില്‍ കലര്‍ത്തി 10 ദിവസം പുള്ളിപ്പിച്ചത്, ഗോമൂത്രം എട്ടിരട്ടി വെള്ളത്തില്‍ നേര്‍പ്പിച്ചത്, വേപ്പിന്‍ പിണ്ണാക്ക് എന്നിവയൊക്കെയാണ് വളങ്ങളായി നല്‍കുന്നത്. വീട്ടില്‍ തന്നെയുണ്ടാക്കുന്ന ജീവമൃതവും മണ്ണിന് നല്‍കുന്നുണ്ട്.”


ഇതുകൂടി വായിക്കാം: ‘റേഷനരി വരുത്തിയ വിന’ തിരിച്ചറിഞ്ഞപ്പോള്‍ ചിന്നാറിലെ ആദിവാസികള്‍ ചെയ്തത്


രാസവളവും രാസകീടനാശിനികളും ഉപേക്ഷിച്ച് മൂന്നാലുതവണ പ്രകൃതി സൗഹൃദ കൃഷിചെയ്തു കഴിയുമ്പോള്‍ തന്നെ മണ്ണ് താനെ ജൈവകൃഷിയ്ക്ക് പാകപ്പെടുമെന്നാണ് കേബീയാറിന്‍റെ അഭിപ്രായം.

ആരോഗ്യനികേതനില്‍ ഭക്ഷണവിതരണത്തില്‍നിടയില്‍. ഫോട്ടോ. ആരോഗ്യനികേതന്‍/ഫേസ്ബുക്ക്

രാസവളമില്ലാതെ ഉത്പ്പാദിപ്പിക്കുന്ന വസ്തുക്കള്‍ വില്‍ക്കുന്ന ഒരു ഇക്കോ ഷോപ്പുണ്ട് കേബീയാര്‍ കണ്ണന്. ജൈവ ഭക്ഷ്യോത്പന്ന വിപണി ഇക്കോ ഷോപ്പ് എന്ന പേരില്‍ പയ്യന്നൂര്‍ ടൗണില്‍ തന്നെയാണ് കടയുള്ളത്. നൂറിലേറെ സാധനങ്ങള്‍ ഷോപ്പില്‍ വില്‍പ്പനയ്ക്കുണ്ട്. പച്ചക്കറിയും അരിയും അവലും ശര്‍ക്കരയുമൊക്കെയുണ്ട്.

“എന്‍റെ കൃഷിത്തോട്ടത്തിലെ മാത്രം ഉത്പ്പന്നങ്ങളല്ല. പൂര്‍ണമായും ജൈവകൃഷി ചെയ്യുന്നവരെന്നു ഉറപ്പുള്ള കര്‍ഷകരില്‍ നിന്നും പച്ചക്കറിയും മറ്റും ശേഖരിച്ച് ഇക്കോ ഷോപ്പിലൂടെ വില്‍ക്കുന്നുണ്ട്. ദൂരദേശങ്ങളില്‍ നിന്നുള്ളവര്‍ വരെ ഇവിടെ വന്നു സാധനങ്ങളൊക്കെ വാങ്ങുന്നുണ്ട്. സ്വന്തമായി ഇങ്ങനെയൊരു വിപണനശാല ഉള്ളത് കൊണ്ട് എനിക്ക് കൃഷി ലാഭകരം തന്നെയാണ്.


ആരോഗ്യകരമായ ഭക്ഷണരീതിയെക്കുറിച്ചുള്ള ക്ലാസുകള‍് കേട്ട് നിരവധി കുട്ടികള്‍ പൊറോട്ട കഴിക്കുന്നതും ഐസ്‌ക്രീം കഴിക്കുന്നതുമൊക്കെ അവസാനിപ്പിച്ചു


“രാസവളമൊന്നുമില്ലാതെ ഉത്പ്പാദിപ്പിക്കുന്ന ഞങ്ങളുടെ ജൈവവിളകള്‍ക്ക് പൊതുവിപണിയെക്കാള്‍ വില കൂടുതലായിരിക്കും. വിപണിയില്‍ 20 രൂപയ്ക്ക് ലഭിക്കുന്ന വെള്ളരി ചിലപ്പോള്‍ 30 രൂപയ്ക്ക് വില്‍ക്കേണ്ടി വരും. പക്ഷേ കൂടുതല്‍ വാങ്ങുന്ന പത്ത് രൂപ കര്‍ഷകരിലേക്കെത്തും. അങ്ങനെ അവര്‍ക്ക് നല്ല മാര്‍ക്കറ്റ് ലഭിക്കും.”

കുട്ടികളും പഠിക്കണം പാചകം

സ്‌കൂളുകളിലെ പാചകവിദഗ്ധര്‍ക്ക് മാത്രമല്ല കുട്ടികള്‍ക്കും കൃഷി-പാചക ക്ലാസുകള്‍ എടുക്കാറുണ്ട് കേബീയാര്‍. ഏഴായിരത്തിലേറെ കുട്ടികള്‍ക്ക് വീട്ടില്‍ വച്ച് തന്നെ ക്ലാസെടുത്തിട്ടുണ്ട്, പല സമയങ്ങളിലായിട്ടാണ് ക്ലാസെടുക്കുന്നത്. സ്‌കൂളുകളില്‍ പോയും ക്ലാസെടുക്കാറുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യകരമായ ഭക്ഷണരീതികളാണ് കുട്ടികളെ പഠിപ്പിക്കുന്നത്. ആരോഗ്യകരമായ ഭക്ഷണരീതിയെക്കുറിച്ചുള്ള ക്ലാസുകള‍് കേട്ട് നിരവധി കുട്ടികള്‍ പൊറോട്ട കഴിക്കുന്നതും ഐസ്‌ക്രീം കഴിക്കുന്നതുമൊക്കെ അവസാനിപ്പിച്ചു, ആ കര്‍ഷകന്‍ അവകാശപ്പെടുന്നു.

സ്കൂള‍് കുട്ടികളുമായി കൃഷി അറിവുകള്‍ പങ്കുവെയ്ക്കുന്നു. ഫോട്ടോ: ഗവ. യു പി. സ്കൂള്‍ തയ്യേനി.

കണ്ണൂരില്‍ ആരോഗ്യനികേതന്‍ എന്നൊരു പ്രകൃതി ചികിത്സാലയവും നടത്തുന്നുണ്ട്. പയ്യന്നൂര്‍ അന്നൂരിലാണ് ആശുപത്രി. രണ്ടര ഏക്കറിലുള്ള ആരോഗ്യനികേതന്‍ കണ്ണനുള്‍പ്പടെ അഞ്ചുപേര്‍ ചേര്‍ന്നാണ് നടത്തുന്നത്.

കലയുടെ ലോകത്തും സജീവമാണ് ഈ കര്‍ഷകന്‍. ”നാടകവും മാജിക്കുമാണ് എന്‍റെ ഇഷ്ടകലകള്‍. മാജിക് സ്വയം പഠിച്ചെടുത്തതാണ്. ഒന്നര മണിക്കൂര്‍ നേരമൊക്കെ തുടര്‍ച്ചയായി മാജിക് ചെയ്യാറുണ്ട്. കൃഷി ക്ലാസുകളൊക്കെ എടുക്കാന്‍ പോകുമ്പോള്‍ മാജിക്കും കാണിക്കാറുണ്ട്,” അദ്ദേഹം പറഞ്ഞു.

അന്നൂര്‍ ആരോഗ്യനികേതന്‍. ഫോട്ടോ. ഫേസ്ബുക്ക്

“അഭിനയം എനിക്കിഷ്ടമാണ്. പത്താമത്തെ വയസിലാണ് ആദ്യമായി നാടകത്തില്‍ അഭിനയിക്കുന്നത്. കഴിഞ്ഞ വര്‍ഷം കൂടി ഒരു നാടകത്തില്‍ അഭിനയിച്ചു… നാടകത്തില്‍ ഹാസ്യവേഷങ്ങളിലാണ് കൂടുതലും അഭിനയിച്ചത്.”
ഓര്‍ഗാനിക് ഫാമിങ് അസോസിയേഷന്‍ ഒഫ് ഇന്ത്യ(ഓഫായ്)യുടെ കേന്ദ്രകമ്മിറ്റി അംഗമായിരുന്നു കേബിയാര്‍ കണ്ണന്‍. ”ജൈവകൃഷി പ്രോത്സാഹിപ്പിക്കാന്‍ ഓഫായ്യുടെ പേരില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ട്. ഗുജറാത്ത്, രാജസ്ഥാന്‍.. ഇങ്ങനെ പല സ്ഥലങ്ങളില്‍ കൃഷിയെക്കുറിച്ച് ക്ലാസെടുക്കാന്‍ പോയിട്ടുണ്ട്.”

കൃഷിയും പ്രകൃതിജീവനക്ലാസുകളുമൊക്കെയായി ജീവിക്കുന്ന കണ്ണന്‍ ദേശീയ പ്ലാന്റ് ജീനോം പുരസ്‌കാര ജേതാവുമാണ്. ഭാര്യ സുജിതയും മക്കളായ ഷിംന, രംന, ഷിറിന്‍ എന്നിവരുമാണ് ഇദ്ദേഹത്തിന്‍റെ കൃഷി ജീവിതത്തിന് തണലേകി ഒപ്പം നില്‍ക്കുന്നത്.

പ്രകൃതിയെ നോവിക്കാതെ കൃഷി ചെയ്യാനും ജീവിക്കാനും ഇഷ്ടപ്പെടുന്ന ഈ കര്‍ഷകനും കാലാവസ്ഥാ മാറ്റത്തിന്‍റെ ചൂട് അറിയുകയാണ്. കാലാവസ്ഥാ വ്യതിയാനം ഈ വര്ഷം‍ കൃഷിയെ വല്ലാതെ ബാധിച്ചു.


ഇതുകൂടി വായിക്കാം: പശുവില്‍ നിന്ന് തേനീച്ചയിലേക്ക്! കടല്‍ കടന്ന ഔഷധത്തേന്‍ പെരുമയുമായി ഒരു ഗ്രാമം


“ഉത്പാദനം കുറവാണ്. 37 ഡിഗ്രിയില്‍ കൂടുതല്‍ ചൂട് വരുമ്പോള്‍ പെണ്‍പൂക്കളുണ്ടാകുന്നത് കുറയുന്നു. കഴിഞ്ഞ വര്‍ഷത്തെക്കാളും മോശം കാലാവസ്ഥയാണിപ്പോള്‍. വെള്ളരിയൊക്കെ ചൂടില്‍ ഉണങ്ങി വീണുപോയി. മത്തന്‍ പോലുള്ളവയില്‍ ആണ്‍പൂക്കള്‍ മാത്രമേ ഉണ്ടാകുന്നുള്ളൂ പെണ്‍പൂക്കളുണ്ടാകുന്നില്ല. പെണ്‍പൂക്കളുണ്ടായാലേ ഉത്പാദനമുണ്ടാകൂ. വെള്ളക്ഷാമവും പ്രശ്‌നമാണ്. എന്‍റെ തോട്ടത്തില്‍ രാവിലെയും വൈകിട്ടുമാണ് നനയ്ക്കുന്നത്. രാവിലെ നനച്ചാല്‍ നാല്‍പത് ശതമാനത്തോളം ബാഷ്പീകരണം സംഭവിച്ചു പോകുകയാണ്..,” കത്തുന്ന വേനലിലേക്ക് നോക്കി കേബീയാര്‍ പറയുമ്പോള്‍ പ്രകൃതിയെക്കൂടി സ്‌നേഹിച്ചുകൊണ്ടൊരു കൃഷിക്കും ജീവിതത്തിനും മാത്രമേ ഇനിയുള്ള കാലം നിലനില്‍ക്കാനാവൂ എന്നു കൂടി പറഞ്ഞുവെയ്ക്കുകയാണ് അദ്ദേഹം.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം