സ്ഥിരം മാലിന്യം അടിഞ്ഞുകൂടുന്ന കണ്ണൂരിലെ ഈ തീരം മനോഹരമാക്കി സൂക്ഷിക്കുന്നത് ഹാരിസും കൂട്ടരുമാണ്; അതിന് കാരണം ഒരു ജര്‍മ്മന്‍കാരനാണ്

ബീച്ചിനോട് ചേര്‍ന്ന് ഒരു പുഴ വന്ന് കടലില്‍ ചേരുന്നുണ്ട്. മഴക്കാലത്ത് പുഴയൊഴുക്കിക്കൊണ്ടുവരുന്നതാണ് മാലിന്യങ്ങളില്‍ അധികവും. മഴ കഴിഞ്ഞുള്ള മാസങ്ങളില്‍ ചിലപ്പോള്‍ ഒന്നിലധികം തവണ ബീച്ച് വൃത്തിയാക്കേണ്ടി വരും.

ണ്ണൂര്‍ ടൗണില്‍ നിന്നും ഏകദേശം ഇരുപത് മിനിറ്റ് ഡ്രൈവ് ചെയ്താല്‍ തോട്ടടയ്ക്കടുത്ത് ആദികടലായി എന്ന മനോഹരമായ കടലോരഗ്രാമത്തിലെത്താം.
ബസിലാണെങ്കില്‍ ആദികടലായി ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങി കടലിരമ്പം കേട്ട് കാറ്റുംകൊണ്ടുനടന്നാല്‍ കടലോരത്തുള്ള ഹാരിസ് സീഷെല്‍ എന്ന ഹോംസ്‌റ്റേയിലെത്തുന്നത് അറിയില്ല.

നല്ല മനോഹരമായ ബീച്ച്. കുപ്പിയും പ്ലാസ്റ്റിക്കും അഴുക്കും അടിഞ്ഞുകിടക്കുന്ന ബീച്ചുകള്‍ കണ്ടുപരിചയിച്ചവര്‍ക്ക് ആദികടലായിലെ ഈ ബീച്ച് പെട്ടെന്നൊരു അല്‍ഭുതമായിരിക്കും.

വൃത്തിയുള്ള ആ ബീച്ചിന് പിന്നില്‍ ഒരു കഥയുണ്ട്.

ഹാരിസ് ഹോംസ്റ്റേ.. ഒരു ആകാശദൃശ്യം.

തുണിക്കടയിലെ ജോലിക്കാരനായി നിന്ന് തയ്യല്‍ക്കാരനായി പിന്നെ വസ്ത്രശാലകളുടെ മുതലാളിയായി വളര്‍ന്ന (ആ കഥ ഇതു കഴിഞ്ഞ് പറയാം) ആദികടലായിക്കാരന്‍ ഇ വി ഹാരിസ് അവിടെ ചെറിയ രീതിയില്‍ ഒരു ഹോംസ്‌റ്റേ തുറന്നു. ഏഴുവര്‍ഷം മുന്‍പാണത്. ആദ്യം തറവാട് വീടിനോട് ചേര്‍ന്നുള്ള രണ്ട് മുറികളായിരുന്നു. പിന്നെ വിപുലപ്പെടുത്തി.

ഒരു ദിവസം ഹാരിസിന്‍റെ ഹോംസ്റ്റേയില്‍ താമസിച്ചിരുന്ന ഒരു ജര്‍മ്മന്‍കാരന്‍ അദ്ദേഹത്തോട് ഒരു ചാക്ക് തരുമോ ചോദിച്ചു. ബാക്കി കഥ ഹാരിസ് തന്നെ പറയുന്നു:

“ഒരിക്കല്‍ ഒരു ഗസ്റ്റ് എന്‍റടുത്തുനിന്ന് ഒരു സഞ്ചിയെടുത്തു താഴെപ്പോയി പ്ലാസ്റ്റിക്കെല്ലാം വാരിയെടുത്തു കൊണ്ടുവന്നപ്പോള്‍ എന്‍റെ മനസ്സില്‍ വല്ലാത്തൊരിത് തോന്നി. രണ്ട് ദിവസം എനിക്ക് ഉറങ്ങാന്‍ പറ്റിയില്ല. ജര്‍മ്മനിയില്‍ നിന്നുള്ള ഒരു വയസ്സായ ഗസ്റ്റായിരുന്നു അത്. അതിന് ശേഷം എല്ലാ മാസത്തിലും ഒരു പ്രാവശ്യം ഞങ്ങളും ഫാമിലിയും സ്റ്റാഫുമെല്ലാം ചേര്‍ന്ന് ബീച്ച് ക്ലീന്‍ ചെയ്യാന്‍ തുടങ്ങി. നമ്മുടെ വീട് വൃത്തിയാക്കുന്നതുപോലെ തന്നെ നമ്മുടെ ബീച്ചും വൃത്തിയാക്കുക.

“കഴിഞ്ഞ അഞ്ചുവര്‍ഷമായി മഴ കഴിഞ്ഞ എല്ലാ മാസങ്ങളിലും ഞങ്ങള്‍ ബീച്ചും പരിസരവും വൃത്തിയാക്കുന്നുണ്ട്,” അദ്ദേഹം പറഞ്ഞു.

ഹാരിസും കൂട്ടരും ബീച്ച് വൃത്തിയാക്കുന്നു.

ബീച്ചിനോട് ചേര്‍ന്ന് ഒരു പുഴ വന്ന് കടലില്‍ ചേരുന്നുണ്ട്. മഴക്കാലത്ത് പുഴയൊഴുക്കിക്കൊണ്ടുവരുന്നതാണ് മാലിന്യങ്ങളില്‍ അധികവും. മഴ കഴിഞ്ഞുള്ള മാസങ്ങളില്‍ ചിലപ്പോള്‍ ഒന്നിലധികം തവണ ബീച്ച് വൃത്തിയാക്കേണ്ടി വരും.

നമ്മുടെ വീട് പോലെ ബീച്ചും വൃത്തിയാക്കാനുള്ള റെസ്‌പോണ്‍സിബിലിറ്റി നമുക്കുണ്ട് എന്ന് കാണിച്ചുതന്നത് ആ വൃദ്ധനായ ജര്‍മ്മന്‍കാരന്‍ ആണെന്ന് ഹാരിസ് പറയുന്നു. ആ ചെറിയ പ്രവൃത്തി ടൂറിസത്തെപ്പറ്റിയുള്ള കാഴ്ചപ്പാടുകള്‍ തന്നെ മാറ്റുന്നതിന് കാരണമായി. ഉത്തരവാദിത്വ ടൂറിസത്തിന്‍റെ ആശയങ്ങള്‍ സ്വന്തം ഹോംസ്‌റ്റേയില്‍ നടപ്പാക്കുന്നതിന് ഹാരിസിനെ പ്രേരിപ്പിച്ചത് ആ സംഭവമാണെന്ന് പറയാം.

തയ്യല്‍ക്കാരനില്‍ നിന്ന് തുണിക്കച്ചവടത്തിലേക്ക്

നല്ല പോലെ അധ്വാനിച്ച് മുന്നോട്ടുവന്ന ഒരു നാട്ടിന്‍പുറത്തുകാരനാണ് ഹാരിസ്. ബന്ധുവിന്‍റെ തുണിക്കടയിലായിരുന്നു ആദ്യം ജോലി.

“35-വര്‍ഷം മുമ്പ് കോഴിക്കോട് തുണിക്കടയിലായിരുന്നു ജോലി ചെയ്തുകൊണ്ടിരുന്നത്. അതെന്‍റെ ഒരു കസിന്‍റെ തന്നെ കടയായിരുന്നു. അവിടെ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അതിന്‍റെ മുന്നിലുള്ള ഒരു കന്യാസ്ത്രീ മഠത്തില്‍ അവര്‍ എംബ്രോയ്ഡറി പഠിപ്പിക്കുമായിരുന്നു. തുണിക്കടയിലെ പണിക്കിടയില്‍ വൈകീട്ട് ഒന്നോ രണ്ടോ മണിക്കൂര്‍ ഞാന്‍ അവിടെപ്പോയി എംബ്രോയ്ഡറി പഠിച്ചെടുത്തു,” ഹാരിസ് തിരിഞ്ഞുനോക്കുന്നു.


“ഒരു മൂന്നുമാസം കൊണ്ട് കുറച്ചൊക്കെ ചെയ്യാമെന്നായി. അപ്പോള്‍ എനിക്കൊരു ടെയ്‌ലറിങ്ങ് ഷോപ്പ് തുടങ്ങിയാലോ എന്നൊരു തോന്നലുണ്ടായി.


കോഴിക്കോട് കസിന്‍റെ വീട്ടില്‍ തന്നെയായിരുന്നു താമസവും. കല്യാണം കഴിച്ചുകഴിഞ്ഞ ഉടനെ പോയതാണ്. ആഴ്ചയിലൊരിക്കലാണ് അന്ന് കണ്ണൂര് ആദികടലായിലെ വീട്ടില്‍ വരിക.

ഹാരിസ് കൃഷിപ്പണിക്കിടയില്‍

“കോഴിക്കോട് കടയ്ക്കടുത്ത് കുറ്റിച്ചിറ എന്ന സ്ഥലത്ത് വയസ്സായ ഒരു ടെയ്‌ലറുടെ ഷോപ്പുണ്ടായിരുന്നു. അത് മൂപ്പര് നടത്താന്‍ എടുത്തോളൂന്ന് പറഞ്ഞു. ഞാന്‍ അവിടെപ്പോയി അദ്ദേഹത്തോടൊപ്പം ടെയ്‌ലറിങ്ങ് തുടങ്ങി. രണ്ട് മെഷീനൊക്കെ വാങ്ങി. എംബ്രോയ്ഡറി ചെയ്യാനായി ഒരു ലേഡിയെയും ആക്കി. അതുവരെ ആ വയസ്സായ മനുഷ്യന്‍ അവിടെയുള്ള സ്ത്രീകളുടെയും മറ്റും പഴയ സ്‌റ്റൈലിലുള്ള ഡ്രെസ്സുകള്‍ മാത്രം തയ്ക്കുന്ന ആളായിരുന്നു.”

ഒരിക്കല്‍ അടുത്തുള്ള ഒരു സ്ത്രീവന്ന് ഹാരിസിനോട് ചുരിദാര്‍ തൈക്കുമോ എന്ന് ചോദിച്ചു. ഹാരിസിന് ആത്മവിശ്വാസം പോരായിരുന്നു. വയസ്സായ ടെയ്‌ലര്‍ പ്രോത്സാഹിപ്പിച്ചു. അങ്ങനെ ആ ഓര്‍ഡര്‍ എടുത്തു. പ്രായമായ ടെയ്‌ലര്‍ പറഞ്ഞു,”എനിക്ക് ചുരിദാറൊക്കെ അറിയാം. പക്ഷേ, എനിക്ക് പ്രായമായതോണ്ട് ആരും ഇവിടെ ഇതിനൊന്നും വരില്ല…”

അങ്ങനെ അദ്ദേഹം പറഞ്ഞും പഠിപ്പിച്ചും കൊടുത്തതനുസരിച്ച് ഹാരിസ് ചുരിദാര്‍ തയ്ച്ചു. അത് അവിടെ വലിയ ഹിറ്റായി. നിറയെ ആവശ്യക്കര്‍ വരാന്‍ തുടങ്ങി. കണ്ണടച്ചുതുറക്കുന്നതിന് മുമ്പേ തന്നെ രണ്ട് മെഷീനില്‍ നിന്ന് ഹാരിസിന് എട്ടുമെഷീന്‍ വരെ ആയി. ഒരു വലിയ മുറി കൂടി എടുത്തു. എംബ്രോയ്ഡറിയും കൂടിയായപ്പോള്‍ സംഗതി കളറായി.

ഹാരിസും ഭാര്യ സാജിതയും

“അന്ന് കണ്ണൂരിലെ വീട്ടില്‍ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രയിലുടനീളം എംബ്രോയ്ഡറിയെപ്പറ്റിയുള്ള ചിന്തകളായിരുന്നു,” എന്ന് ഹാരിസ് പറയുന്നു.
ബസില്‍ നിന്നറങ്ങുമ്പോഴേക്കും മനസ്സില്‍ പുതിയൊരു ഡിസൈന്‍ ആയിട്ടുണ്ടാവും. പിന്നെ അത് കടയില്‍ പോയി തയ്‌ച്ചെടുക്കും.

“വളരെ സന്തോഷം അനുഭവിച്ച നാളുകളായിരുന്നു അത്,” എന്ന് ഹാരിസ് (62) മനസ്സുതുറന്നു.

പിന്നീട് എംബ്രോയ്ഡറി പഠിപ്പിക്കാന്‍ ഒരു കേന്ദ്രം തുടങ്ങി. ഇപ്പോഴും അതുണ്ട്. അങ്ങനെയിരിക്കെ കണ്ണൂരിലെ പ്രശസ്തമായ ന്യൂസ്റ്റോര്‍ എന്ന വസ്ത്രശാലയില്‍ നിന്നും ഹാരിസിന് ഒരു സങ്കീര്‍ണമായ എംബ്രോയഡ്‌റി വര്‍ക്കിന്‍റെ സാംപിള്‍ കൊടുത്ത് അതുപോലെ ചെയ്യാമോ എന്ന് ചോദിച്ചു. ഹാരിസ് അതഴിച്ച് നോക്കി പഠിച്ചു.


രാത്രിയും പകലുമിരുന്ന് പണിത് കൊടുത്തു. കടക്കാര്‍ അന്തംവിട്ടു.പിന്നെ നിറയെ ഓര്‍ഡറുകളായി…കുറെ ജോലിക്കാരായി.


മഴ കഴിഞ്ഞാല്‍ ആദികടലായി കടപ്പും കൂടുതല്‍ മലിനമാവും

ഹാരിസ് പിന്നീട് ഒരു വസ്ത്രശാല തുടങ്ങി. പിന്നെ അത് പലതായി വളര്‍ന്നു.

ഹാരിസിന്‍റെ തുണിക്കട തേടി വന്ന ചില വിദേശികളില്‍ നിന്നാണ് നാട്ടിലും വിദേശികള്‍ക്ക് സൗകര്യമൊരുക്കുന്ന എന്തെങ്കിലും തുടങ്ങണമെന്ന് അദ്ദേഹത്തിന് തോന്നുന്നത്.

“തറവാട്ടിലെ രണ്ട് മുറി മാറ്റിയെടുത്താണ് ഹോംസ്‌റ്റേ പരിപാടി തുടങ്ങുന്നത്,” ഹാരിസ് പറഞ്ഞു. തുടക്കത്തിലൊന്നും ആരും എത്തിയില്ല. പരിസരത്ത് മറ്റൊരു ഹോംസ്‌റ്റേ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.


ഇതുകൂടി വായിക്കാം: 20-ലേറെ ഇനം ആപ്പിള്‍, 7 ഇനം ഓറഞ്ച്, മുന്തിരി… ഇടുക്കിയിലെ 10 ഏക്കര്‍ തരിശില്‍ ‘സ്വര്‍ഗം’ തീര്‍ത്ത ആര്‍കിടെക്റ്റ്


അങ്ങനെയിരിക്കെ നാട്ടിലുളള സമീര്‍ എന്ന ഓട്ടോക്കാരന്‍ പീറ്റര്‍ എന്ന അമേരിക്കക്കാരനെയും കൊണ്ടുവന്നു. അതായിരുന്നു ആദ്യത്തെ വിദേശ അതിഥി. പീറ്റര്‍ പിന്നെ പല തവണ വന്നു. ആദികടലായിലെ ബീച്ചും ശാന്തമായ അന്തരീക്ഷവുമൊക്കെ അദ്ദേഹത്തിന് വളരെ പ്രിയപ്പെട്ടതാണ്.

സീഷെല്‍ ഹോംസ്റ്റേ

“എന്‍റെ ഉപ്പൂപ്പ പറയുമായുന്നു… (ഞാന്‍ എപ്പോഴും ഉപ്പൂപ്പയെപ്പറ്റിയാണ് പറയുക, കാരണം ഉപ്പൂപ്പയാണ് എന്നെ വളര്‍ത്തിയത്. ഉപ്പ ചെറുപ്പത്തിലേ മരിച്ചുപോയിരുന്നു.) കിണറ്റില്‍ വെള്ളം കെട്ടിക്കിടന്നാല്‍ അത് ചീത്തയായിപ്പോവും എന്ന്. അത് കോരിമാറ്റണം. ചെടികള്‍ക്കൊക്കെ ഒഴിച്ചുകൊടുക്കണം. എന്നാലേ കിണറ്റിലെ വെള്ളത്തിന് തെളിച്ചമുണ്ടാകൂ എന്ന്. പണവും അതുപോലെയാണ് എന്ന് ഉപ്പൂപ്പാ പറയുമായിരുന്നു…”

ആ ഉപദേശം അദ്ദേഹം എപ്പോഴും മനസ്സില്‍ വെച്ചു. ഹാരിസിന്‍റെ ഹോംസ്‌റ്റേ അവിടെയുള്ള ജീവനക്കാര്‍ക്കൊപ്പം തന്നെ ചുറ്റുമുള്ള 20 കുടുംബങ്ങള്‍ക്ക് ഉപജീവനമാര്‍ഗ്ഗം കൂടിയാണ്.


ജീവനക്കാരില്‍ ഭിന്നശേഷിക്കാരെയും ഉള്‍പ്പെടുത്താന്‍ അദ്ദേഹം പ്രത്യേകം താല്‍പര്യമെടുത്തു.


ഹാരിസിന്‍റെ സീഷെല്‍ എന്ന ഹോംസ്‌റ്റേയുടെ ചുക്കാന്‍ പിടിക്കുന്നവരില്‍ പ്രധാനി വിമോഷ് എന്ന നാട്ടുകാരനാണ്. സംസാരശേഷിയില്ലാത്ത വിമോഷ് കുറെക്കാലമായി ഹാരിസിന്‍റെ കൂടെക്കൂടിയിട്ട്. ഹോംസ്‌റ്റേയുടെ ഇന്‍റീരിയര്‍ ഡിസൈന്‍ അടക്കമുള്ള കാര്യങ്ങളുടെ നിയന്ത്രണം ഒരു കലാകാരന്‍ കൂടിയായ വിമോഷിനാണ്.

വാഴപ്പിണ്ടി ഇങ്ങനെയാണ് എടുക്കുന്നത്: വാഴ വിശേഷങ്ങളുമായി ഹാരിസ് വിദേശ അതിഥികള്‍ക്കൊപ്പം
ജൈവപച്ചക്കറികള്‍ തോട്ടത്തില്‍ നിന്നുതന്നെ പറിച്ചെടുക്കാം.

“രണ്ടുകാലുകളും ഇല്ലാത്ത റിഷാദാണ് ഞങ്ങളുടെ റിസപ്ഷണിസ്റ്റ്. സഞ്ചാരികളുമായുള്ള ആശയവിനിമയം നടത്തുന്ന റിഷാദ് ഞങ്ങളുടെ ടീമിലെ മറ്റൊരു ക്യാപ്റ്റനാണ്. അതിഥികള്‍ക്ക് നല്‍കുന്ന തുണി സഞ്ചി തയ്ച്ച് നല്‍കി രണ്ട് ഭിന്നശേഷിക്കാര്‍ ഉപജീവനം നടത്തുന്നു. ഇങ്ങിനെ ഓരോരുത്തരുടെയും ശേഷിയനുസരിച്ച് തൊഴില്‍ നല്‍കുന്നു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2007-ല്‍ ചെറുതായി തുടങ്ങിയ ഹോം സ്റ്റേയില്‍ ഇന്ന് വിദേശികളടക്കമുള്ള ധാരാളം അതിഥികള്‍ വരുന്നുണ്ട്. മൂന്നു വര്‍ഷത്തോളമായി സംസ്ഥാന
ടൂറിസം മിഷന്‍റെ ഉത്തരവാദിത്ത ടൂറിസം മിഷനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കയാണ്. ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ കെ. രൂപേഷ് കുമാറിന്‍റെ ക്ലാസ്സുകളും, ഉപദേശങ്ങളും വലിയ പ്രചോദനമായിരുന്നുവെന്ന് ഹാരിസ് പറയുന്നു.

മൂന്ന് വര്‍ഷം മുമ്പ് കാനഡയില്‍ നിന്നും ബര്‍ദാനിയ എന്ന ടൂറിസ്റ്റിന്‍റെ നേതൃത്വത്തില്‍ ഒരു സംഘം തന്നെ ആദികടലായിലെ ഹാരിസിന്‍റെ ഹോംസ്‌റ്റേയിലെത്തി. ഇരുപത് ദിവസത്തേക്കാണ് അവര്‍ എത്തിയത്. ആ ദിവസങ്ങള്‍ മറക്കാനാവാത്ത അനുഭവമാക്കാന്‍ ഹാരിസ് മാത്രമല്ല, നാട്ടുകാരും പരിശ്രമിച്ചു.

സ്പെഷ്യല്‍ സ്കൂളിലെ കുട്ടികള്‍ക്കൊപ്പം

കണ്ണൂര്‍ തോട്ടടയിലെ ആശ്രയ എന്ന സ്‌പെഷ്യല്‍ സ്‌കൂളിലെ കുട്ടികള്‍ക്കൊപ്പം ഒരു ദിവസം ചെലവിട്ടതായിരുന്നു അതില്‍ ഏറ്റവും പ്രധാനം.

“ഒരു ദിവസം അവര്‍ക്കൊപ്പം ചേര്‍ന്നിരുന്നത് ഞങ്ങള്‍ക്കും അതിഥികള്‍ക്കും മറക്കാനാകാത്ത അനുഭവമായിരുന്നു,” ഹാരിസ് ഓര്‍ക്കുന്നു. “ആ ദിവസത്തെ കൂട്ടായ്മക്കായി ഭക്ഷണവും പലഹാരവും ഉണ്ടാക്കിയത് അതിഥികളും ഞങ്ങളുടെ അടുത്തുള്ള ഒരു കോളനിയിലെ ആളുകളും കൂടിയായിരുന്നു.

“അഞ്ച് ദിവസത്തോളം ഇതിനായി ഉള്ള ഒരുക്കങ്ങളായിരുന്നു. അരി ഉരലില്‍ ഇടിച്ച് വറുത്ത് നെയ്യപ്പവും പലഹാരങ്ങളും ഉണ്ടാക്കിയതെല്ലാം അതിഥികള്‍ക്കൊരു പുതിയ അനുഭവമായി. നാട്ടുകാര്‍ക്ക്, പ്രത്യേകിച്ചും സ്ത്രീകള്‍ക്ക്, അത് വരുമാനവുമായി.”

ആ സന്തോഷകരമായ അനുഭവം പിന്നീട് ‘കുക്ക് ആന്‍റ് ഈറ്റ്’ (Cook & Eat) എന്ന ഒരു പാക്കേജിലേക്കാണ് എത്തിയത്. ഇപ്പോള്‍ സീഷെല്‍ ഹോംസ്‌റ്റേയിലെത്തുന്ന വിദേശ സഞ്ചാരികള്‍ക്ക് അയല്‍വക്കത്തുള്ള വീടുകളില്‍ പോയി അവരോടൊപ്പം നാടന്‍ വിഭവങ്ങളുണ്ടാക്കി രുചിക്കുന്നതിനുള്ള അവസരമുണ്ട്. 

“ഗസ്റ്റുകളെ നാട്ടിലെ ചില വീടുകളില്‍ കൊണ്ടുപോകും. അവിടെ അവര്‍ക്ക് കുക്ക് ചെയ്യാന്‍ പറ്റുന്ന നാടന്‍ വിഭവങ്ങള്‍…പരിപ്പുകറി മുതല്‍ നെയ്‌ച്ചോറ് വരെ. വീട്ടുകാര്‍ക്കൊപ്പം നിന്ന് പാകം ചെയ്ത് കഴിക്കാം. പലരും ഈ വിഭവങ്ങള്‍ ഉണ്ടാക്കുന്നതെങ്ങനെയെന്ന് പഠിച്ച് തിരിച്ചുപോയി അത് പരീക്ഷിക്കുകയും അതിന്‍റെ ചിത്രങ്ങള്‍ ഞങ്ങളുമായി പങ്കുവെയ്ക്കാറുമുണ്ട്,” ഹാരിസ് പറയുന്നു.

‘ഞാന്‍ കറന്നാലും പശു പാലുതരും’: ഒരു ടൂറിസ്റ്റ് പാല്‍ കറക്കാന്‍ ശ്രമിക്കുന്നു

ആദികടലായി കടല്‍ത്തീരം കല്ലുമ്മക്കായ്ക്കും പ്രശസ്തമാണ്. ടൂറിസ്റ്റുകള്‍ക്ക് കല്ലുമ്മക്കായ് ശേഖരിക്കുന്നവര്‍ക്കൊപ്പം കൂടി അത് അവിടെ പാറപ്പുറത്ത് വെച്ചുതന്നെ പാകം ചെയ്തു കഴിക്കാനുള്ള അവസരവുമുണ്ട്.

ഒപ്പം, പരമ്പരാഗത രീതിയില്‍ ഉരലില്‍ അരിപ്പൊടി തയ്യാറാക്കുന്നതും അരി അരയ്ക്കുന്നതും അമ്മിക്കല്ലില്‍ ചമ്മന്തി കൂട്ടുന്നതുമൊക്കെ നേരിട്ട് കണ്ട് മനസ്സിലാക്കാനും നാട്ടുമ്പുറത്തെ വീടുകളിലേക്ക് അതിഥികളെ കൊണ്ടുപോകുന്നു.

പശുവിനെ കറക്കല്‍, ഓല മെടയല്‍, ഈര്‍ക്കിലി മാച്ചില്‍ (ചൂല്) ഉണ്ടാക്കുന്നത് എന്നിങ്ങനെ നാടന്‍ കാഴ്ചകള്‍ കാണാനും പരീക്ഷിക്കാനും ടൂറിസ്റ്റുകള്‍ക്ക് അവസരമുണ്ട്. ഇതിലൂടെ നാട്ടിലെ സ്ത്രീകള്‍ക്കും തൊഴിലാളികള്‍ക്കും അധികവരുമാനം കിട്ടുന്നു, ഹാരിസ് വിശദീകരിക്കുന്നു.

മീന്‍ കൂട്ടി ഒരു സദ്യ

പരമാവധി ഹരിതസൗഹൃദമാവാനുള്ള ശ്രമത്തിലാണ് ഈ ഹോംസ്‌റ്റേ. ബീച്ചില്‍ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ റീസൈക്ലിങ്ങിനായി നല്‍കുന്നു. ഹോംസ്‌റ്റേയില്‍ ബയോഗ്യാസ് പ്ലാന്‍റും മഴവെള്ള സംഭരണയും ജൈവപച്ചക്കറിത്തോട്ടവുമുണ്ട്. സൗരോര്‍ജ്ജം പരമാവധി പ്രയോജനപ്പെടുത്തുന്നു.

“ഒരു തുണ്ട് ഭക്ഷണവും ഇവിടെ പാഴാക്കാതെ നോക്കുന്നു. ഭക്ഷണം ബാക്കി വന്നാല്‍ കോഴിക്ക് നല്‍കും. കോഴിവളം പച്ചക്കറിക്കും ഉപയോഗിക്കും,” ഹാരിസ് വിശദമാക്കുന്നു. “ഞങ്ങളുടെ സ്ഥലത്ത് ജൈവപച്ചക്കറി കൃഷി നടത്താന്‍ അടുത്തുള്ള വീട്ടുകാര്‍ക്ക് നല്‍കിയിട്ടുണ്ട്. കൂടാതെ പുഴയുടെ തീരത്തെ ഒഴിഞ്ഞ സ്ഥലങ്ങള്‍ കൂടി കൃഷി ചെയ്യാനുള്ള ഒരു പദ്ധതി ആലോചിക്കുന്നുണ്ട്.

എന്താ ഞങ്ങള്‍ തേങ്ങാ ചെരുകിയാല്… ഒരു വിദേശ സഞ്ചാരി കോക്കനട്ടുമായുള്ള മല്‍പ്പിടുത്തത്തില്‍

“വിവിധ തൊഴില്‍ വാസനയുള്ളവര്‍ക്ക് കൂടി, അവരുടെ ശേഷിയനുസരിച്ച് തൊഴില്‍ നല്‍കുക എന്നീ പദ്ധതികള്‍ക്കായി ഉള്ള ചര്‍ച്ച ജനപ്രതിനിധികളും രാഷ്ടീയക്കാരുമായി സംസാരിച്ച് തുടങ്ങിയിട്ടുണ്ട്. ആദികടലായി കടലോര ഗ്രാമത്തെ ജൈവ സ്വാശ്രയ ഗ്രാമമാക്കുക എന്നതാണ് എന്‍റെ ഇനിയുള്ള ലക്ഷ്യം,” ഹാരിസ് വലിയ ആവേശത്തിലാണ്.

നല്ല പാചകക്കാരി കൂടിയായ ഭാര്യ സാജിതയ്‌ക്കൊപ്പം മകന്‍ രോഷന്‍ ഹാരീസും ഹോംസ്‌റ്റേ നടത്തിപ്പില്‍ സഹായിക്കുന്നു. കെമിക്കല്‍ എന്‍ജിനീയറായ മറ്റൊരു മകന്‍ നിഷിന്‍ ഹാരീസ് യു. കെ യില്‍ ജോലി ചെയ്യുന്നു. ഷിജിന്‍ ഹാരിസ് തുണിക്കട നോക്കി നടത്തുന്നു.

സന്ധ്യ: ഹോംസ്റ്റേയില്‍ നിന്നുള്ള ഒരു ദൃശ്യം

ഹോം സ്റ്റേ അസോസിയേഷനായ ഹാറ്റിന്‍റെ സജീവ പ്രവര്‍ത്തകനായ ഹാരീസിന് നിരവധി അംഗീകാരങ്ങളും പുരസ്‌കാരങ്ങളും കിട്ടിയിട്ടുണ്ട്.

“സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്‍റെ കീഴിലുള്ള ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ ‘നാട്ടുമ്പുറങ്ങളില്‍ ഓണം ഉണ്ണാം’ എന്ന പദ്ധതിയുടെ ഭാഗമായി ഒരവാര്‍ഡ് ഈയിടെ കിട്ടി. അത് വലിയ സന്തോഷമുള്ള ഒന്നായിരുന്നു. ബോട്ടില്‍ ആയിരുന്നു ഓണ സദ്യ. രുചിയോടെ ഭക്ഷണമൊരുക്കിയത്
കുടുംബശ്രീയിലെ സ്ത്രീകളും,” ഹാരിസ് അഭിമാനത്തോടെ പറഞ്ഞു.


ഇതുകൂടി വായിക്കാം: കണ്ണൂരിലെ ഈ ഗ്രാമത്തിലെ കു‍ഞ്ഞുചായക്കടയില്‍ ദക്ഷിണേന്‍ഡ്യയിലെ എണ്ണംപറഞ്ഞ എഴുത്തുകാരെത്തുന്നു: വരാന്തയുടെ കഥ


ഫോട്ടോകള്‍ക്ക് കടപ്പാട്: ഹാരിസ്, സീഷെല്‍ ഹോംസ്റ്റേ.
കൂടുതല്‍ വിവരങ്ങള്‍ക്ക് – സീഷെല്‍ ഹോംസ്റ്റേ വെബ്സൈറ്റ് സന്ദര്‍ശിക്കാം
ഫോണ്‍: 9847 003 687

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം