‘ഞാനൊരു വേള്‍ഡ് കപ്പ് താരമാണെന്നൊക്കെ മക്കള്‍ പോലും വൈകിയാണ് അറിഞ്ഞത്’: ഇന്‍ഡ്യയ്ക്കുവേണ്ടി ലോകകപ്പില്‍ ബൂട്ടണിഞ്ഞ ആദ്യമലയാളി വനിതയുടെ കായികജീവിതം

എന്‍റെ കൂടെ കളിക്കാന്‍ വന്ന കര്‍ണാടകക്കാരി ചോദിച്ചു.. എന്തിനാ കരയുന്നേന്ന്. കരയല്ലേ കരയല്ലേ എന്നവള്‍ പറഞ്ഞുകൊണ്ടിരുന്നു. ഞാന്‍ കരഞ്ഞു കൊണ്ട് പറഞ്ഞു സന്തോഷം കൊണ്ടാണ്.. വേറെ ഒന്നുമല്ലെന്ന്. ശരിക്കും സന്തോഷം കൊണ്ടുതന്നെയാണ് ഞാന്‍ കരഞ്ഞത്.

2014  ഫുട്ബോള്‍ വേള്‍ഡ് കപ്പിന്‍റെ സമയത്ത്, തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത് പെനാല്‍റ്റി ഷൂട്ട് ഔട്ട് സംഘടിപ്പിച്ചിരുന്നു. അതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ തിരുവനന്തപുരംകാരി ലളിതയും പന്തുതട്ടി.

അന്നാണ് പലരും അതാരാണ് എന്ന് അന്വേഷിക്കുന്നത്. “എന്‍റെ മക്കള്‍ പോലും അന്നാണ് ഞാനൊരു ഫുട്ബോള്‍ കളിക്കാരിയായിരുന്നുവെന്നു തിരിച്ചറിയുന്നത്,” ലളിത ചിരിക്കുന്നു.

“അന്നാണ് എന്നെക്കുറിച്ച് കൂടുതല്‍ ആളുകള്‍ അറിഞ്ഞു തുടങ്ങുന്നത്,” ലളിത ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു.  തിരിച്ചറിയാന്‍ വൈകിയതിന്‍റെ സങ്കടമൊന്നും ഒരിക്കലും ലളിതയ്ക്കില്ലായിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് തായ്‍വാന്‍ ഫുട്ബോള്‍ വേള്‍ഡ്ക്കപ്പില്‍ ഇന്‍ഡ്യക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട് ഈ തിരുവനന്തപുരംകാരി. ഇന്‍ഡ്യയ്ക്ക് വേണ്ടി ആദ്യമായി വനിതാ ലോകകപ്പ് മത്സരത്തില്‍ കളിച്ച മലയാളിയാണ് എസ്. ലളിത.

ലളിതയെക്കുറിച്ച് വന്ന പഴയൊരു പത്രവാര്‍ത്ത

വേള്‍ഡ്ക്കപ്പ് ഫുട്ബോള്‍ മാത്രമല്ല ഏഷ്യാക്കപ്പ്, പിന്നെ 1978-ന് മുതല്‍ ഒട്ടുമിക്ക നാഷണല്‍, ഫെഡറേഷന്‍, സോണല്‍ മത്സരങ്ങളിലെ സ്ഥിരസാന്നിധ്യമായിരുന്നു ലളിത.

കുടുംബജീവിതത്തിന്‍റെ തിരക്കുകള്‍ക്കിടെ ലളിത ബൂട്ട് അഴിച്ചു. പിന്നെ വീടും മക്കളും ജോലിയുമൊക്കെയായി.


ജൈവ ഉല്‍പന്നങ്ങള്‍ വാങ്ങാം,  സന്ദര്‍ശിക്കുക: KARNIVAL.COM

പഴയ ആ കാല്‍പ്പന്തുകളിക്കാരി വീണ്ടും ഗോള്‍ വല ചലിപ്പിച്ചു തുടങ്ങിയിരിക്കുന്നു. ഇക്കുറി പക്ഷേ പരിശീലകയുടെ ജഴ്സിയിലാണ് ലളിതയെത്തിയിരിക്കുന്നത്. കോര്‍പറേഷന്‍റെ ഫുട്ബോള്‍ പരിശീലനകേന്ദ്രത്തിലെ കോച്ചാണ് ലളിതയിപ്പോള്‍.

പരിശീനല ക്ലാസിനിടയില്‍ കുട്ടികള്‍ക്കൊപ്പം ലളിത

ഈ കോച്ചിന്‍റെ വേഷത്തിലൂടെ വര്‍ഷങ്ങളായുള്ള സ്വപ്നമാണ് സഫലമായിരിക്കുന്നതെന്നു പറയുന്നു ലളിത. ആവേശമൊട്ടും ചോരാതെ ലളിത വീണ്ടും കാല്‍പ്പന്തുകളിയെക്കുറിച്ച് പറയുന്നു.

“ഫുട്ബോളിനോട് എന്നും എനിക്ക് ആവേശമാണ്. ദാ ഈ നിമിഷത്തിലും പന്ത് തട്ടാനെനിക്ക് ഇഷ്ടമാണ്. ആ ഇഷ്ടം കൊണ്ടാണ് ജോലിയില്‍ നിന്നൊക്കെ വിരമിച്ചപ്പോള്‍ ഫുട്ബോള്‍ കളി പഠിപ്പിക്കാനുമിറങ്ങിയത്.

“ഇങ്ങനെ ആഗ്രഹിക്കാന്‍ കാരണം എന്‍റെ ജീവിതം തന്നെയാണ്. സാമ്പത്തിക പ്രശ്നങ്ങളൊക്കെയുള്ള ഒരു സാധാരണ കുടുംബത്തില്‍ നിന്ന്, പെണ്‍കുട്ടികള്‍ ഫുട്ബോള്‍ കളിക്കാന്‍ പോകുന്നതൊന്നും നല്ലതല്ലെന്നു കരുതിയിരുന്ന കുടുംബത്തില്‍ നിന്ന് വേള്‍ഡ് കപ്പ് വരെ ഞാനെത്തുന്നതു പലരുടെയും പിന്തുണയോടെയാണ്. ആ പിന്തുണ ഞാന്‍ പങ്കുവയ്ക്കാതെ പോകുന്നതെങ്ങനെയാണ്.

“അനിയച്ചന്‍ ചേട്ടന്‍, അണ്ണന്‍, അച്ഛനുമമ്മയും വീടിനടുത്തുള്ള പഴയ ഐഎംഎ ക്ലബ്, തായ്‍വാനിലെ മലയാളി അസോസിയേഷന്‍കാര്‍ ഇങ്ങനെ എത്രയോ പേരുടെ നേരിട്ടും അല്ലാതെയുമുള്ള പിന്തുണയും സ്നേഹവുമൊക്കെയാണ് എന്നെ ഇന്ത്യന്‍ വനിത ഫുട്ബോള്‍ ടീമിലേക്കെത്തിക്കുന്നത്.

ഫുട്ബോള്‍ താരം എസ്.ലളിത

“ഉഷച്ചേച്ചി വലിയതുറ ഗ്രൗണ്ടില്‍ ഫുട്ബോള്‍ കളിക്കാന്‍ പോയിരുന്നില്ലെങ്കില്‍, അനിയച്ചന്‍ ചേട്ടന്‍ അണ്ണനെ കണ്ട് സംസാരിച്ചില്ലെങ്കില്‍… ലളിതയെന്ന ഫുട്ബോള്‍ കളിക്കാരിയുണ്ടാകില്ലായിരുന്നു.

“എഴുപതുകളുടെ പകുതിയിലാണ് ഫുട്ബോള്‍ കളിയിലേക്കെത്തുന്നത്.


വീടിന്‍റെ തൊട്ടപ്പുറത്ത് താമസിക്കുന്ന ഉഷ ചേച്ചി ഫുട്ബോള്‍ കളിക്കുമായിരുന്നു. വലിയതുറ ഗ്രൗണ്ടിലാണ് ചേച്ചിയുടെ പരിശീലനം. എന്നും രാവിലെ കളിക്കാന്‍ പോകുന്ന ചേച്ചിയ്ക്ക് ഒരു കൂട്ട്. അത്രയേ കരുതിയിരുന്നുള്ളൂ.


“പക്ഷേ കണ്ട് കണ്ട് എനിക്കും കളിക്കാന്‍ കൊതി തോന്നി. ഗ്രൗണ്ടിലേക്ക് ഞാനിറങ്ങിയില്ല. എന്നാല്‍ കളിക്കുന്നവര് തട്ടി തട്ടി മാറ്റിയിടുന്ന പന്തില്ലേ. അതെടുത്ത് ഗ്രൗണ്ടിന് വെളിയില്‍ നിന്ന് തട്ടി കളിച്ചു.

“കളി കാണാന്‍ വരുന്നവര് എന്‍റെ പന്ത് തട്ടി കൊണ്ടുള്ള നില്‍പ്പൊക്കെ കാണുമ്പോള്‍ ഓരോ കമന്‍റ്സും പറയാറുണ്ട്. ഈ കൊച്ചിനെന്താ.. ഗ്രൗണ്ടില് ഇറങ്ങി കളിച്ചൂടേ.. ഗ്രൗണ്ടിന് പുറത്ത് കിടന്ന് എന്തൊക്കെയാ കാണിക്കുന്നേ ഇങ്ങനെയൊക്കെ ചിലരു പറയുന്നത് കേട്ടിട്ടുണ്ട്.

“ആരെന്ത് പറഞ്ഞാലും എനിക്ക് പ്രശ്നമില്ലായിരുന്നു. ഇങ്ങനേലും കളിക്കാന്‍ പറ്റുന്നുണ്ടല്ലോ. വീട്ടില്‍ നിന്നു ഫുട്ബോള്‍ കളിക്കാന്‍ സമ്മതം കിട്ടില്ല. അപ്പോ പിന്നെ ഇതു തന്നെ ധാരാളം.

ജി.വി.രാജ പുരസ്കാരം നേടുന്ന ആദ്യ വനിത കൂടിയാണ് ലളിത

“പക്ഷേ ഒരു ദിവസം അനിയച്ചന്‍ ചേട്ടന്‍ വന്നു ചോദിച്ചു, ഗ്രൗണ്ടില്‍ ഇറങ്ങി കളിച്ചൂടേയെന്ന്. അനിയച്ചന്‍ ചേട്ടന്‍ വലിയതുറ ഫുട്ബോള്‍ അസോസിയേഷന്‍റെ സെക്രട്ടറിയാണ്. അനിയച്ചന്‍ എന്നാണ് ഞങ്ങളൊക്കെ വിളിക്കുന്ന പേര്.

“അദ്ദേഹമൊന്നും ഇപ്പോഴില്ല. എത്രം കൊല്ലം മുന്‍പുള്ള കാര്യങ്ങളാ…” ലളിത പഴയകാല ഓര്‍മകള്‍ പൊടിത്തട്ടിയെടുക്കുകയാണ്.

“എന്നെ വീട്ടിന്ന് കളിക്കാന്‍ വിടുകേല.. ഗ്രൗണ്ടിലൊന്നും ഇറങ്ങാന്‍ സമ്മതിക്കില്ല.” ഞങ്ങള് വീട്ടില്‍ പത്താളുണ്ട്. അച്ഛനും അമ്മയും എട്ട് മക്കളും. സ്പോര്‍ട്സ് ഒക്കെ പെണ്‍പിള്ളേര്‍ക്ക് അയിത്തമാണെന്നൊക്കെ കരുതിയിരുന്നവരൊക്കെയാണ്. അപ്പോ പിന്നെ ഫുട്ബോള്‍ കളിക്കാന്‍ പോകണമെന്നു വീട്ടില്‍ പറയാന്‍ പറ്റുമോ,” അതാ അനിയച്ചന്‍ചേട്ടനോട് അങ്ങനെ പറഞ്ഞതെന്നു ലളിത.

“ഞാന്‍ പറയുന്ന കേട്ട്, അനിയച്ചന്‍ ഒന്നും എന്നോട് ചോദിക്കുകേം പറയുകേം ചെയ്തില്ല. വീട് എവിടാന്ന് മാത്രമേ ചോദിച്ചുള്ളൂ. ആരോടൊക്കെയോ ചോദിച്ച് അനിയച്ചന്‍ എന്‍റെ വീടൊക്കെ കണ്ടുപിടിച്ചു.

“വീട്ടില്‍ വന്ന് അണ്ണനോടാണ് സംസാരിച്ചു. ഗ്രൗണ്ടിന് വെളിയില്‍ നിന്ന് പന്തു തട്ടുന്നതൊക്കെ കണ്ടു, അവള്‍ക്ക് ഫുട്ബോളില്‍ നല്ല വാസനയുണ്ടെന്നു തോന്നുന്നു.. കളിക്കാന്‍ വിട്ടൂടേയെന്നാണ് അണ്ണനോട് ചോദിക്കുന്നത്.

ഒളിംപിക്സ് ദിനാഘോഷത്തിനോട് അനുബന്ധിച്ച് നടന്ന റോഡ് ഷോ

“രാജന്‍ എന്നാണ് അണ്ണന്‍റെ പേര്. അനിയച്ചന്‍ ചേട്ടന്‍ വന്നുപോയ ദിവസം രാത്രിയൊക്കെ ആയപ്പോള്‍, അണ്ണന്‍ എന്നോട് ചോദിച്ചു, നീ വലിയതുറ ഗ്രൗണ്ടില്‍ കളിക്കാന്‍ പോകുന്നുണ്ടോയെന്ന്.

“കേട്ടപ്പാടെ, ഏയ് ഞാന്‍ പോകുന്നില്ല, ഉഷ ചേച്ചി കളിക്കാന്‍ പോകുമ്പോള്‍ കൂട്ടിന് പോകുന്നേയുള്ളൂ. അല്ലാതെ ഞാന്‍ ഫുട്ബോള്‍ കളിക്കാറില്ല,” പേടിയോടെ തന്നെയാണ് ഇതൊക്കെ പറഞ്ഞതെന്നു ലളിത പറയുന്നു.


ഇതുകൂടി വായിക്കാം: അഞ്ച് വര്‍ഷം, 16 സംസ്ഥാന-ദേശീയ താരങ്ങള്‍! മലപ്പുറത്തെ ഈ സൗജന്യ ഗ്രാമീണ ഫുട്ബോള്‍ അക്കാദമി വേറെ ലെവലാ


ലളിതയുടെ അയല്‍വാസിയാണ് ഉഷ. അവര്‍ ഫുട്ബോള്‍ രംഗത്തേക്കൊന്നും സജീവമായില്ല. കുറച്ചുകാലമേ കളിച്ചുള്ളൂ. “നിനക്ക് ഇഷ്ടമാണേല്‍ നീ കളിക്കാന്‍ പോയ്ക്കോ.” അണ്ണന്‍ പറഞ്ഞതുകേട്ട്  ലളിത അമ്പരന്നു.

“അനിയച്ചന്‍ സംസാരിച്ചു. നീ കളിക്കണമെന്നും അണ്ണനെന്നെ ചേര്‍ത്തുനിറുത്തിയാണ് പറഞ്ഞത്. ഈ നിമിഷവും ആ സന്തോഷം എന്‍റെ മനസിലുണ്ട്.

“ആ ദിവസം എനിക്ക് ഉറങ്ങാന്‍ പോലും പറ്റിയില്ല. വലിയ സന്തോഷമായിരുന്നു, എങ്ങനെയെങ്കിലും നേരം പുലര്‍ന്നാല്‍ മതിയെന്നായിരുന്നു. പിറ്റേ ദിവസം രാവിലെ തന്നെ ഞാന്‍ ഗ്രൗണ്ടിലെത്തി. എത്തിയയുടന്‍ ഗ്രൗണ്ടിലേക്കിറങ്ങി ഓടാന്‍ തുടങ്ങി.

“സന്തോഷം കൊണ്ട് മതിമറന്ന അവസ്ഥയായിരുന്നു. ഇതുവരെ ഗ്രൗണ്ടിലേക്കിറങ്ങാത്ത ഞാനിങ്ങനെ വന്നപ്പാടെ ഗ്രൗണ്ടില്‍ ഓടുന്നത് കണ്ട് കൂടെയുള്ളവരൊക്കെ അത്ഭുതത്തോടെ നോക്കുകയായിരുന്നു. ഇവള്‍ക്കെന്താ വട്ടായോ, ഈ പെണ്ണ് എന്തിനാ ഇങ്ങനെ ഓടുന്നേ.. ഇങ്ങനെയാ എല്ലാവരും ചോദിച്ചേ.

“എനിക്ക് ആവേശമായിരുന്നു. രാവിലെയുള്ള കളിക്ക് ശേഷം, ഞാന്‍ പിന്നെ സ്കൂളിലേക്ക് പോയി. തിരികെ വൈകിട്ട് വീണ്ടും ഗ്രൗണ്ടിലേക്ക് വന്നു. അവിടെ രാവിലെയും വൈകിട്ടും പ്രാക്റ്റീസ് ഉണ്ട്.

“എല്ലാവര്‍ക്കും ഇടയിലൂടെ ഞാനിങ്ങനെ ഓടിയും ചാടിയുമൊക്കെ നടന്നു. ഞാന്‍ ഈ കാണിക്കുന്ന കോപ്രായങ്ങളൊക്കെ അവര്‍ക്കൊക്കെ ഒരു ശല്യമായി കാണും. പക്ഷേ എന്‍റെ മനസിലാകെ സന്തോഷവും ആവേശവും മാത്രമേയുണ്ടായിരുന്നുള്ളൂ.

“ആ നിമിഷങ്ങള്‍ ഇപ്പോഴും എന്‍റെ മനസിലുണ്ട്. ഒന്നും മറന്നിട്ടില്ല. മഴയാണേലും വെയില്‍ ആണേലും ഞാന്‍ കൃത്യമായി പ്രാക്റ്റീസിന് പോകുമായിരുന്നു. തുടക്കം വലിയ തുറ ഗ്രൗണ്ടിലായിരുന്നുവെങ്കിലും പിന്നീടുള്ള പരിശീലനം വീടിന് അടുത്തുള്ള മുക്കോലയ്ക്കല്‍ ദേവീക്ഷേത്രത്തിന്‍റെ പുറകിലായിരുന്നു.”

അവിടെ ലളിതയുടെ പ്രാക്റ്റീസ് കണ്ടിട്ട് അടുത്തുള്ള വീടുകളിലെ ചില പെണ്‍കുട്ടികളും ഒപ്പം കളിക്കാന്‍ വന്നു.  ഗ്രൗണ്ടിന് സമീപത്ത് ഒരു ക്ലബുണ്ടായിരുന്ന– ഐഎംഎ ക്ലബ്.

“ആണുങ്ങള്‍ മാത്രമുള്ളൊരു ക്ലബ്. ഞങ്ങളുടെ കളിയൊക്കെ കണ്ടിട്ടുള്ള അവിടുള്ളവര് ഞങ്ങള്‍ക്ക് ബൂട്ട് ഒക്കെ വാങ്ങി തന്നിട്ടുണ്ട്. അവര് പൈസ പിരിച്ചാണ് ബൂട്ട് വാങ്ങി തരുന്നത്.”

ജില്ലയിലേക്ക് സെലക്ഷന്‍ കിട്ടി. പക്ഷേ ആ സമയത്താണ് പത്താം ക്ലാസിലെ പരീക്ഷയും. പരീക്ഷയാണ് വലുത്, കളിക്കാന്‍ പോകണ്ടെന്നു ലളിതയുടെ അണ്ണന്‍. അപ്പോഴും അനിയച്ചന്‍ തന്നെ രക്ഷയ്ക്കെത്തി.

“കളിക്കാന്‍ വിടണമെന്നു അണ്ണനോട് അനിയച്ചന്‍ ചേട്ടന്‍ നിര്‍ബന്ധിച്ചു. അങ്ങനെ കളിച്ചു, കളിയില്‍ ഞാന്‍ ഗോള്‍ നേടി, ഞങ്ങള്‍ വിജയിച്ചു. അങ്ങനെ സംസ്ഥാനതലത്തിലേക്ക് ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടു.” അങ്ങനെയാണ് ലളിത  സ്റ്റേറ്റ് ടീമിലേക്കെത്തുന്നത്.

“പക്ഷേ ദേശീയ മത്സരം നടക്കുന്നത് ഗോവയിലാണ്. മത്സരത്തില്‍ പങ്കെടുക്കാന്‍ ഗോവയില്‍ പോയാല്‍ എനിക്ക് അക്കൊല്ലം പത്താം ക്ലാസ് പരീക്ഷയെഴുതാന്‍ പറ്റുകേല. അപ്പോ പിന്നെ അതുവേണ്ടെന്നു വയ്ക്കാന്‍ തീരുമാനിച്ചു.

“പക്ഷേ പരീക്ഷയ്ക്ക് മുന്‍പേ ഗോവയില്‍ നിന്നു വീട്ടിലെത്തിക്കാം.. അതിനുള്ള അവസരമൊരുക്കാമെന്നൊക്കെയാണ് കമ്മിറ്റിക്കാര് പറഞ്ഞത്. അവരുടെ പിന്തുണ കിട്ടിയതോടെ പോകണമെന്ന് എനിക്കും തോന്നി.” ഇതിനൊക്കെ പിന്തുണയുമായി ലളിതയുടെ അണ്ണനുണ്ടായിരുന്നു.

ഗോവയില്‍ നടന്ന മത്സരത്തില്‍ പക്ഷേ, കേരള ടീം വിജയിച്ചില്ല. പക്ഷേ പങ്കെടുക്കാന്‍ സാധിച്ചതു തന്നെ അവര്‍ക്ക് വലിയ കാര്യമായിരുന്നു. “അന്നത്തെ മറ്റു ടീമുകളൊക്കെ ഗംഭീരമായിരുന്നു. ഗോവയുടെയും മണിപ്പൂരിന്‍റെയും ടീമിനെ തോല്‍പ്പിക്കാനൊന്നും പറ്റുകേല.

“അത്രയ്ക്ക് നല്ലകളിക്കാരാണ് അവര്‍ക്കുള്ളത്. ഇപ്പോഴത്തെ വിദേശ കളിക്കാരെ പോലെയായിരുന്നു അവര്‍. എല്ലാവര്‍ക്കും നല്ല സ്റ്റാമിനയുണ്ട്. വര്‍ക്ക് ഔട്ടൊക്കെ ചെയ്യുന്നവരുമാണ്.


അന്നത്തെ മത്സരങ്ങളുടെയൊന്നും ഒരു ഫോട്ടോ പോലും എന്‍റെ കൈയില്‍ ഇല്ല. അങ്ങനെ ഫോട്ടോ എടുക്കണമെന്നോ സൂക്ഷിച്ച് വയ്ക്കണമെന്നോ എന്നൊന്നും അറിയില്ല.


“അതിനു മാത്രം പ്രാധാന്യമുണ്ടെന്നൊന്നും എനിക്ക് അറിയില്ലായിരുന്നുവെന്നതാണ് സത്യം.

“ഞാനൊരു വേള്‍ഡ് കപ്പ് താരമാണെന്നൊക്കെ മക്കള്‍ പോലും വൈകിയാണ് അറിഞ്ഞത്.

ഒളിംപിക്സ് മെഡല്‍ നേടിയ ഏകമലയാളി മാനുവല്‍ ഫെഡ്രിക്കിനൊപ്പം ലളിത

20-മാത്തെ വയസിലാണ് ലളിത തായ്‍വാനില്‍ വേള്‍ഡ് കപ്പില്‍ പങ്കെടുക്കാന്‍ പോകുന്നത്. തിരുവനന്തപുരം വിമന്‍സ് കോളെജില്‍ പഠിക്കുകയാണപ്പോള്‍. തായ്‍വാനിലേക്ക് പോകുന്നതിന് മുന്‍പ് ഇന്ദിരാഗാന്ധിയെ കാണാന്‍ പോയിരുന്നു.

“അവരുടെ വീട്ടില്‍ പോയി അനുഗ്രഹം വാങ്ങിയാണ് ഞങ്ങള്‍ പോകുന്നത്. ഇന്ദിരാഗാന്ധിയെ കാത്തിരിക്കുമ്പോള്‍ അവര് വീട്ടില്‍ നിന്നിറങ്ങി വരുന്ന ആ കാഴ്ച ഇന്നും മനസിലുണ്ട്.

“അവരെ നേരിട്ട് കാണാനും അവരുടെ കൈകളില്‍ സ്പര്‍ശിക്കാനുള്ള അവസരമുണ്ടായതും ഭാഗ്യമെന്നു കരുതുന്നു. പിന്നെ കളിയൊക്കെ കഴിഞ്ഞ് തിരിച്ച് നാട്ടിലേക്ക് വരുമ്പോള്‍ മറ്റൊരു ഭാഗ്യം കൂടി ഞങ്ങള്‍ക്ക് കിട്ടി.


ഇതുകൂടി വായിക്കാം: ഇന്ദിരാഗാന്ധിയുടെ മഷിപ്പേന പണിമുടക്കിയപ്പോള്‍ ചികിത്സിച്ചത് തൃശ്ശൂരിലെ ഈ ആശുപത്രിയിലാണ്


“ഹോങ്കോങ്ങ് എയര്‍പോര്‍ട്ടില്‍ വച്ച് മദര്‍ തെരേസയെ കണ്ടു. അവര്‍ ഞങ്ങള് ഓരോരുത്തരെയും കെട്ടിപ്പിടിച്ചാണ് അനുഗ്രഹിച്ചത്.” ഇതൊക്കെ ഒരിക്കലും മറക്കാന്‍ സാധിക്കാത്ത വലിയ സന്തോഷങ്ങളാണെന്നു ലളിത കൂട്ടിച്ചേര്‍ത്തു.

വേള്‍ഡ് കപ്പ് മത്സരത്തിനിടെ വേറെയും ചില സന്തോഷങ്ങളുണ്ടായെന്നു ലളിത. “ഫിലിപ്പീന്‍സോ ജര്‍മനിയോ.. ഇവരുമായുള്ള കളി കഴിഞ്ഞ് ഇരിക്കുന്ന നേരത്ത്, അവിടത്തെ മലയാളി അസോസിയേഷന്‍കാരില്‍ ചിലര്‍ വന്നു. അവര്‍ എന്നോട് വന്നു ചോദിച്ചു, കേരളത്തില്‍ നിന്ന് വന്ന ലളിത എവിടെയാണെന്ന്.

ഭര്‍ത്താവ് ലോഹിദാസനൊപ്പം ലളിത

“എന്നോട് തന്നെയാണ് ചോദിക്കുന്നത്. അവര്‍ക്ക് എന്നെ അറിയില്ലല്ലോ.  കളി കഴിഞ്ഞതേയുള്ളൂ. ഗ്രൗണ്ടില്‍ കാലൊക്കെ നീട്ടിവച്ച് തളര്‍ന്നിരിക്കുകയാണപ്പോള്‍. ഞാന്‍ തന്നെയാണ് ലളിതയെന്നു പറഞ്ഞു. പരിചയപ്പെട്ടു.

“അന്നേരം പറഞ്ഞു മലയാളി അസോസിയേഷന് ലളിതയ്ക്കൊരു സമ്മാനം നല്‍കാനാണ്. ബൂട്ടിന്‍റെ അളവ് പറയോ എന്നാണവര്‍ പറഞ്ഞത്. ഞാന്‍ അളവ് പറഞ്ഞുകൊടുത്തു.


“അവര് എനിക്കൊരു അഡിഡാസിന്‍റെ ബൂട്ട് ആണ് കൊണ്ടുതന്നത്. ഇങ്ങനെയൊരു ബൂട്ട് എന്നെങ്കിലും സ്വന്തമാക്കാന്‍ പറ്റുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിട്ടുണ്ടായിരുന്നില്ല. ആ സന്തോഷം അത്ര വലുതായിരുന്നു.


“ഫൈബറിന്‍റെ ആ ബൂട്ട് എന്‍റെ കൈയില്‍ കിട്ടുമ്പോള്‍ എന്തോ സ്വര്‍ഗം കിട്ടിയ പോലെയായിരുന്നു. പിന്നെയുള്ള കളികള്‍ക്ക് ആ ഷൂവാണ് ഉപയോഗിച്ചത്.

“കല്യാണമൊക്കെ കഴിഞ്ഞ് കുട്ടികളായ നേരം വരെയും ഈ ബൂട്ട് എന്‍റെ കൈയിലുണ്ടായിരുന്നു. ബൂട്ട് മാത്രമല്ല അര്‍ജന്‍റീനയുടേത് ഉള്‍പ്പടെ പല നാട്ടുകാരുടെയും ജഴ്സികള്‍ എന്‍റെ കൈയിലുണ്ടായിരുന്നു.

“കളി കഴിഞ്ഞ ശേഷം റൂമിലെത്തുമ്പോള്‍ ഞങ്ങളിങ്ങനെ പരസ്പരം ജഴ്സി കൈമാറുമായിരുന്നു. പല നാട്ടിലുള്ളവരുടെ ജഴ്സി കിട്ടുന്നതങ്ങനെയാണ്. കുറേക്കാലം ഇതൊക്കെ സൂക്ഷിച്ചു വച്ചു. പക്ഷേ സഹോദരങ്ങളുടെ ആണ്‍മക്കളൊക്കെ കളിക്കാനൊക്കെ പോയി തുടങ്ങിയപ്പോള്‍ ഇതൊക്കെയാണ് ഉപയോഗിച്ചത്.

കുടുംബത്തിനൊപ്പം

“പിള്ളേരൊക്കെ ചോദിക്കുമ്പോള്‍ കൊടുക്കാതിരിക്കാനും പറ്റില്ല. അങ്ങനെ കൊടുത്ത് കൊടുത്ത് എല്ലാം അവന്‍മാര് കൊണ്ടുപോയി ഉപയോഗിച്ചു. അതൊന്നും കൊടുക്കാതെ സൂക്ഷിച്ച് വയ്ക്കേണ്ടതായിരുന്നുവെന്നു ഇപ്പോ തോന്നാറുണ്ട്.

“പക്ഷേ ഒന്നിലും എനിക്കൊരു നഷ്ടബോധവുമില്ല. ഞാന്‍ എവിടെയെങ്കിലും എത്തിയത് തന്നെ ഈ ഫുട്ബോള്‍ കാരണമാണ്.” എനിക്ക് അഭിമാനവും സന്തോഷവും മാത്രമേയുള്ളൂവെന്നു അവര്‍ പറയുന്നു.

തായ്‍വാനിലേക്ക് പോകുന്നതിന് മുന്‍പേ ഏഷ്യാകപ്പില്‍ പങ്കെടുക്കാന്‍ ഹോങ്കോങ്ങിലേക്കാണ് പോയത്. ആദ്യ വിദേശയാത്രയും ഇതായിരുന്നു. ന്യൂഡല്‍ഹിയില്‍ നിന്നാണ് ഫ്ലൈറ്റ്. ആദ്യ വിമാനയാത്ര. വിമാനത്തിലിരുന്ന് കരയുകയായിരുന്നുവെന്നു ലളിത.


എന്‍റെ കൂടെ കളിക്കാന്‍ വന്ന കര്‍ണാടകക്കാരിയാണ് അടുത്തിരുന്നത്. എന്‍റെ കരച്ചില്‍ കണ്ട് അവള്‍ ചോദിച്ചു.. എന്തിനാ കരയുന്നേന്ന്. കരയല്ലേ കരയല്ലേ എന്നവള്‍ പറഞ്ഞുകൊണ്ടിരുന്നു.


“ഞാന്‍ കരഞ്ഞു കൊണ്ട് അവളോട് പറഞ്ഞു സന്തോഷം കൊണ്ടാണ്.. വേറെ ഒന്നുമല്ലെന്ന്. ശരിക്കും സന്തോഷം കൊണ്ടുതന്നെയാണ് ഞാന്‍ കരഞ്ഞത്.

തായ്‍ലന്‍റും  ചൈനയും പിന്നെയൊരു രാജ്യം കൂടി.. പേര് പെട്ടെന്ന് ഓര്‍മ വരുന്നില്ല. ഇവരായിരുന്നു എതിര്‍ ടീമുകള്‍. ക്വാര്‍ട്ടറില്‍ ഔട്ടായെങ്കിലും മികച്ച കളി കളിക്കാന്‍ പറ്റിയിരുന്നു ഏഷ്യാക്കപ്പില്‍.

“ഫോര്‍വേഡ് റൈറ്റ് ഔട്ട് ആണ് എന്‍റെ പൊസിഷന്‍. പാസ് ചെയ്തു കിട്ടുന്ന ബോള്‍ കോര്‍ണറിന്‍റെ ഭാഗത്ത് നിന്ന് ക്രോസ് ചെയ്യാറുണ്ട്.. അവിടെ നിന്ന് ലെങ്ത്തി ഷോട്ട് അടിക്കാന്‍ എനിക്ക് പറ്റുമായിരുന്നു. അതാണെന്‍റെ സ്പെഷ്യല്‍. ഇതാകും എന്നെ വേള്‍ഡ് കപ്പ് വരെയെത്തിച്ചത്.

ഒളിംപിക്സ് ദിനാഘോഷ ചടങ്ങില്‍ നിന്ന്

“പക്ഷേ പണ്ടൊന്നും ഒരു പിടിയുമില്ലായിരുന്നല്ലോ. ഇങ്ങനെ കളിക്കാന്‍ പറ്റുന്നത് എന്‍റെ പ്രത്യേകതയാണെന്നും അന്നൊന്നും തിരിച്ചറിഞ്ഞിരുന്നേയില്ല. ടഫ് ആയിരുന്നു അന്നത്തെ സെലക്ഷനും മറ്റും. വേറെ ഒന്നും കൊണ്ടല്ല ഒന്നിനൊന്ന് മെച്ചപ്പെട്ട കളിക്കാരാണ് എന്‍റെ കൂടെയുണ്ടായിരുന്നത്.

“ഓരോരുത്തരുടെയും പേര് എനിക്കിപ്പോഴും ഓര്‍മയുണ്ട്. നന്നായി കളിച്ചിരുന്ന അയോണ, പിന്നെ അന്നത്തെ ബെസ്റ്റ് ഗോള്‍ കീപ്പര്‍ ആയിരുന്ന ട്രീസ റൊസാരിയോ. ട്രീസ പക്ഷേ വളരെ വേഗം കളിയൊക്കെ നിറുത്തി.


“വലിയതുറക്കാരിയായ അയോണയുടെ കിക്ക് എന്നു പറഞ്ഞാല്‍ ഒരു ഒന്നൊന്നര കിക്കായിരിക്കും. ഇങ്ങനെ പലരുമുണ്ട്.”


ഗോകുലം എഫ് സി വനിത ഫുട്ബോള്‍ നടത്താനൊരുങ്ങുകയാണ്. പക്ഷേ കളിക്കാരെ അവര്‍ പുറത്ത് നിന്നാണെടുത്തിരിക്കുന്നത്. എന്തുകൊണ്ട് കേരളത്തില്‍ നിന്നവര്‍ക്ക് കളിക്കാരെ കണ്ടെത്തി കൂടായെന്നാണ് ലളിതയുടെ ചോദ്യം.

തിരുവനന്തപുരം ട്രാന്‍സ്പോര്‍ട്ട് ഭവനിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായിരുന്നു. ജോലിയില്‍ നിന്നു വിരമിച്ചതോടെ പൂര്‍ണമായും ഫുട്ബോള്‍ പരിശീലകയുടെ വേഷത്തിലാണിപ്പോള്‍ ലളിത.

തിരുവനന്തപുരം കോര്‍പറേഷന്‍റെ ഫുട്ബോള്‍ കളരിയിലാണ് ലളിത പരിശീലനം നല്‍കുന്നത്. “നേരത്തെ ഫുട്ബോള്‍ അക്കാഡമിക്ക് വേണ്ടി യൂനിവേഴ്സിറ്റി ഗ്രൗണ്ടിലായിരുന്നു പരിശീലനം നല്‍കിയിരുന്നത്. അന്നു എന്നെ പോലൊരു പെണ്‍കുട്ടിയെ ഞാന്‍ കണ്ടു.”

ലളിത തുടരുന്നു. “ഗ്രൗണ്ടില്‍ പരിശീലിപ്പിക്കുന്നതിനിടയില്‍ എന്നും ഞാനൊരു കൊച്ചു പെണ്‍കുട്ടിയെ അവിടെ കാണാറുണ്ട്.  അവളെ കാണുമ്പോള്‍ എനിക്ക് എന്‍റെ പഴയകാലമാണ് ഓര്‍മ വരുന്നത്. ഞാനും ഇങ്ങനെ വലിയതുറ ഗ്രൗണ്ടിലെ ഫുട്ബോള്‍ കളിയൊക്കെ എത്രനേരമാ നോക്കി നിന്നിട്ടുള്ളത്.

“ഒരു ദിവസം ഞാനവളോട് ചോദിച്ചു, എന്തിനാ മോളെ നീ എന്നും ഇവിടെ വന്നു നോക്കി നില്‍ക്കുന്നതെന്ന്.അനിയന്‍ ഇവിടെ കളിക്കാന്‍ വരുന്നുണ്ട്, അവന്‍റെ കളി കാണാനാ വരുന്നതെന്ന് ആ കുട്ടി പറഞ്ഞു.


ഇതുകൂടി വായിക്കാം: സൈക്കിളില്‍ നാടുചുറ്റി പ്രളയബാധിതര്‍ക്കായി 3 ടണ്‍ അരിയും വസ്ത്രങ്ങളും ശേഖരിച്ച കൊച്ചുമിടുക്കി: അമ്മിണിയുടെ ഈ ഓണം നാല്‍പത് സെന്‍റിലെ ദുരിതബാധിതര്‍ക്കൊപ്പമാണ്


“എന്നാ അനുജനെ പോലെ നിനക്കും കളിക്കാന്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങി കൂടെയെന്നു ചോദിച്ചു. അത് വീട്ടില്‍ അമ്മ സമ്മതിക്കില്ല, പിന്നെ ഞങ്ങളുടെ വീടിന് അടുത്തൊന്നും അങ്ങനെ പെണ്‍പിള്ളേര് ഫുട്ബോള്‍ കളിക്കാനൊന്നും പോകാറില്ലെന്ന് ആ കുട്ടി പറയുന്നത് കേട്ട് എന്‍റെ പഴയകാലം ഓര്‍ത്തു പോയി.

“ഞാന്‍ ആ അച്ഛനോട് പറഞ്ഞു, മോള്‍ക്ക് കളിക്കാന്‍ താത്പ്പര്യമുണ്ട്, നിങ്ങള്‍ക്ക് മോളെ ഫുട്ബോള്‍ കളിക്കാന്‍ വിടാന്‍ ഇഷ്ടമുണ്ടോയെന്നു ചോദിച്ചു. പിന്നെ ഞാന്‍ ഈ ആന്‍റിയുടെ കാര്യം മോളോട് പറയാമെന്നു പറഞ്ഞു, എന്‍റെ ചരിത്രം മുഴുവനും ആ കുട്ടികളോടും അച്ഛനോടും പറഞ്ഞു. അവരത് മുഴുവനും കേട്ടു നിന്നു. ഒന്നും പറയാതെ തിരികെ പോകുകയും ചെയ്തു.

“പിറ്റേ ദിവസം അവരെന്നെ വന്നു കണ്ടു, ഇവിടെ പരിശീലനത്തിന് ചേരണമെങ്കില്‍ ഫീസ് അടയ്ക്കണം. രണ്ടു മക്കളെയും ഫീസ് അടച്ച് ഫുട്ബോള്‍ പഠിപ്പിക്കാന്‍ ചേര്‍ക്കാനുള്ള വരുമാനമൊന്നും എനിക്കില്ല. ഞാനൊരു കൂലിപ്പണിക്കാരനാണ്.


ഇവളെ ഇവിടേക്ക് വിടാന്‍ പറ്റോ ഞാന്‍ നോക്കിക്കൊള്ളാം എന്നു പറഞ്ഞു. അങ്ങനെ അവള്‍ക്ക് വേണ്ട ബൂട്ടും ജഴ്സിയുമൊക്കെയായി ഫുട്ബോള്‍ പരിശീലനത്തിന് ചേര്‍ത്തു.


ഇന്‍റര്‍ സ്കൂള്‍ മീറ്റില്‍ രണ്ട് തവണ ബെസ്റ്റ് പ്ലെയര്‍ ഈ പെണ്‍കുട്ടിയായിരുന്നു. അഞ്ജന എന്നാണവളുടെ പേര്. അഞ്ജനയ്ക്ക് പിന്നാലെ അവളുടെ അനുജത്തിയും പരിശീലനത്തിന് വരുന്നുണ്ടെന്നതിനെക്കാള്‍ സന്തോഷം വേറെ എന്തെങ്കിലുമുണ്ടോയെന്നു ലളിത.

26 പെണ്‍കുട്ടികള്‍ക്ക് കോര്‍പറേഷന്‍റെ കീഴിലില്‍ പരിശീലനം നടത്തുന്നുണ്ട്. ഇനിയും കൂടുതല്‍ കുട്ടികള്‍ വരും. “ഇനി ഇതില്‍ നിന്നു ഞാന്‍ പിന്‍മാറില്ല. ഞാന്‍ എന്തെങ്കിലുമൊക്കെ കളിയിലൂടെ നേടിയിട്ടുണ്ടെങ്കില്‍ അതൊക്കെയും മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കണം.

ഒരു കുട്ടിയെങ്കിലും എന്‍റെ ക്ലാസിലൂടെ ഫുട്ബോള്‍ രംഗത്തേക്കെത്തിയാല്‍ അതുമാത്രം  മതിയല്ലോയെന്നാണ് പഴയ ഫുട്ബോള്‍ താരം പറയുന്നത്.

1980-ല്‍ ലക്നൗവില്‍ വച്ചു നടന്ന ജൂനിയര്‍ നാഷണല്‍ മീറ്റില്‍ കേരളം രണ്ടാം സ്ഥാനം നേടിയിരുന്നു. അന്നത്തെ ക്യാപ്റ്റനാണ് ഈ ലളിത. 1984-ല്‍ ദേശീയ വനിത ഫുട്ബോള്‍ചാംപ്യന്‍ഷിപ്പ് നടന്നപ്പോള്‍ യുപി ക്കെതിരേ 13 ഗോളില്‍ ആറു ഗോളും അടിച്ചത് ലളിതയായിരുന്നു. ജോലിയൊക്കെ കിട്ടി വിവാഹമൊക്കെ കഴിഞ്ഞതോടെ കളിയില്‍ ഒരു ഇടവേളയായി.

പിന്നെ 1993-ലാണ് ലളിത വീണ്ടും ബൂട്ട് അണിയുന്നത്. പാലക്കാട് പോയി തിരുവനന്തപുരം ജില്ലയ്ക്ക് വേണ്ടി കളിച്ചു. അന്ന് സെക്കന്‍റ് പൊസിഷനിലുമെത്തി. മണിപ്പൂരില്‍ നടക്കാനിരിക്കുന്ന നാഷണല്‍ ക്യാംപിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

പക്ഷേ രണ്ടാമത്തെ കുഞ്ഞിന് ഒന്നര വയസേ ഉണ്ടായിരുന്നുള്ളൂ. അവളെ നോക്കാന്‍ ഞാന്‍ കൂടെ വേണമല്ലോ. അങ്ങനെ അതുപേക്ഷിച്ചു. പിന്നെ കളിച്ചില്ല. ലോഹിദാസാണ് ഭര്‍ത്താവ്. ലിയ ശരത്തും ശ്രുതി അഭിമന്യുവുമാണ് മക്കള്‍.


ഇതുകൂടി വായിക്കാം: പാമ്പിനെക്കണ്ടാലുള്ള ആ ‘നാട്ടുനടപ്പ്’ മാറ്റി രാജി എന്ന ട്രക്ക് ഡ്രൈവര്‍; 1,400-ലധികം പാമ്പുകളെ രക്ഷിച്ച സ്ത്രീയുടെ അനുഭവങ്ങള്‍


ഇരുവരുടെയും വിവാഹമൊക്കെ കഴിഞ്ഞു. ഭര്‍ത്താവും ജോലിയില്‍ നിന്നു വിരമിച്ചു. അതോടെ വീണ്ടും ഫുട്ബോളിലേക്ക് വരണമെന്നു തോന്നി. ഫുട്ബോള്‍ കോച്ചിങ്ങ് പണ്ടു കാലം തൊട്ടേയുള്ളൊരു എന്‍റെ സ്വപ്നമായിരുന്നു. കൂടുതല്‍ പെണ്‍കുട്ടികളെ ഫുട്ബോള്‍ കളിക്കാരികളാക്കണമെന്നതാണ് ആഗ്രഹമെന്നും ലളിത പറഞ്ഞു.

 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം