ഒരു ഞായറാഴ്ച രാവിലെയാണ് റോബര്‍ട്ട് പനിപ്പിള്ളയെക്കാണാന്‍ പുറപ്പെട്ടത്.
നേരത്തേ വിളിച്ച് സമയം ചോദിച്ചപ്പോള്‍ തന്നെ സംസാരിക്കാനായി ഒന്നര മണിക്കൂറെങ്കിലും വേണമെന്ന് പറഞ്ഞിരുന്നു. രാവിലെ എട്ടരയ്ക്കെത്തിയാല്‍ പത്തു മണിവരെ സംസാരിക്കാമെന്ന് അദ്ദേഹം സമ്മതിച്ചു. പറഞ്ഞതനുസരിച്ച് വലിയതുറ മത്സ്യത്തൊഴിലാളി ഗ്രാമത്തിലെത്തി, എട്ടരയ്ക്കു തന്നെ അദ്ദേഹത്തിന്‍റെ വീട്ടിലും.
അദ്ദേഹം സംസാരിച്ചു തുടങ്ങിയ ആ നിമിഷം മുതല്‍ കടലോളം വലിയൊരു പുസ്തകം വായിക്കുന്നതുപോലെയാണ് എനിക്കു തോന്നിയത്. കടലും കടലിനോട് മല്ലിടുന്ന മനുഷ്യരും അവരുടെ അനുഭവങ്ങളും പരമ്പരാഗതമായി അവരാര്‍ജ്ജിച്ച അറിവുകളും റോബര്‍ട്ട് പനിപ്പിള്ളയെന്ന മനുഷ്യനിലുണ്ട്. പറഞ്ഞിട്ടും തീരാത്ത ഒരുപാട് അനുഭവങ്ങള്‍…
കടലില്‍ താഴ്ന്നുപോയ പുരാതനമായ കപ്പലുകള്‍ കണ്ടെത്താന്‍ മുങ്ങാംകുഴിയിട്ടത്, കടല്‍പ്പാരുകളുടെ രഹസ്യം തേടിപ്പോയ കഥകള്‍, ജപ്പാനിലെ ജീവിതം… അങ്ങനെയങ്ങനെ പറഞ്ഞുവന്നപ്പോള്‍ കുറേയുണ്ടായിരുന്നു. എഴുതിവന്നപ്പോള്‍ കുറെ ഒഴിവാക്കി…എന്നിട്ടും കുറച്ചധികം നീണ്ടു.
”ഞാന്‍ ജനിച്ചതും ജീവിച്ചതും കടല്‍പ്പണിക്കാരുടെ കുടുംബത്തിലാണ്. അച്ഛന്‍ പനിപ്പിള്ള കന്യാകുമാരിയില്‍ നിന്ന് ഇവിടെയെത്തിയതാണ്. മത്സ്യബന്ധനത്തെ ആശ്രയിച്ചു കഴിഞ്ഞിരുന്ന കുടുംബം,” അദ്ദേഹം പറഞ്ഞുതുടങ്ങി.
“രണ്ട് കാര്യങ്ങളില്‍ അച്ഛന് ഈ നാട്ടില്‍ വലിയ പരിവേഷം കിട്ടി. കടല്‍പ്പണിയില്‍ അച്ഛനോളം പോന്ന മറ്റൊരാള്‍ അന്ന് തുറയിലില്ല. രണ്ടാമത് മക്കളുടെ കാര്യത്തിലായിരുന്നു. അച്ഛനും അമ്മയ്ക്കും ഞങ്ങള്‍ മക്കള്‍ പതിനാറു പേരാണ്.”
കടല്‍പ്പണികളില്‍ കേമന്‍മാരായ അച്ഛനില്‍ നിന്നും സഹോദരന്മാരില്‍ നിന്നുമാണ് റോബര്‍ട്ടിനും കടലറിവുകളുടെ നിധി കിട്ടുന്നത്.
ഇരുപതാം നൂറ്റാണ്ടിന്‍റെ പകുതിയിലാണ് തൊഴിലിനായും വിവാഹബന്ധങ്ങളിലൂടെയും കന്യാകുമാരിയില്‍ നിന്നാണവര്‍ എത്തിയത് തിരുവനന്തപുരത്തിന്‍റെ തീരപ്രദേശങ്ങളിലെത്തുന്നത്.
“വീട്ടിലെന്നും അച്ഛനും സഹോദരങ്ങളും കടല്‍പ്പണിക്കു പോയി തിരികെ വന്ന് ചേലു പറച്ചിലുകള്‍ (അന്നു കടലില്‍ കണ്ട കാഴ്ചകളും അനുഭവങ്ങളും പങ്കുവെയ്ക്കുന്ന രീതി) പതിവായിരുന്നു. എന്‍റെ കടലറിവുകള്‍ തുടങ്ങുന്നത് അവിടെ നിന്നാണ്. കുഞ്ഞിലെ അന്നത്തെ അധ്യാപകനായിരുന്ന ശ്രീധരന്‍ മാഷ് കടലിനെപ്പറ്റി ആദ്യം പറഞ്ഞുതന്ന പാഠങ്ങളിലും എത്രയോ വലുതായിരുന്നു ഞങ്ങളുടെ കടല്‍.
“ഇന്‍ഡ്യയുടെ കിഴക്ക് ബംഗാള്‍ ഉള്‍ക്കടല്‍, പടിഞ്ഞാറ് അറബിക്കടല്‍, തെക്ക് ഇന്‍ഡ്യന്‍ മഹാസമുദ്രം എന്നാണ് മാഷ് പഠിപ്പിച്ചിരുന്നത്. എന്നാല്‍ അച്ഛന്‍റെ വാമൊഴികളില്‍ നിന്ന് മേലാക്കടല്‍, കീളാക്കടല്‍, നേര് കടല്‍, ഓണക്കടല്‍, കള്ളക്കടല്‍ അങ്ങനെ എത്രയെത്ര കടലുകളാണ് വന്നു പോയതെന്ന് അറിയാമോ. അച്ഛന്‍റെ കടലും മാഷ്ടെ കടലും എന്താണിത്ര വ്യത്യാസം എന്നു ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ പേടിച്ചു ചോദിച്ചില്ല. എങ്കിലും മാഷിന്‍റെ കടലിനേക്കാള്‍ അച്ഛന്‍റെ കടല്‍ ഞാനറിയാതെപ്പോഴോ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു,” അദ്ദേഹം ഓര്‍മ്മകളിലേക്ക് നീന്തിപ്പോകുന്നു.
”പഠനത്തിലത്ര കേമനൊന്നുമായിരുന്നില്ല ഞാന്‍. മാത്രമല്ല എന്‍റെ ചുറ്റുപാടുകളൊന്നും പഠനം വേണ്ടത്ര പ്രോത്സാഹിപ്പിക്കുന്നതായിരുന്നില്ല. എനിക്കു മുന്‍പേ ഒന്‍പതാം ക്ലാസുവരെ പഠിച്ച എന്‍റെ ചേച്ചിയായിരുന്നു വീട്ടിലെ ഏകപഠനസഹായി. ബാക്കിയുള്ളവരെല്ലാം ഒരു പ്രായമായപ്പോഴേക്കും അച്ഛനൊപ്പം കടലിലേക്ക് പോയിരുന്നു.
“സ്‌കൂളില്‍ വെച്ചു മാത്രല്ല വീട്ടില്‍ വെച്ചും വല്ലപ്പോഴും പാഠപുസ്തകങ്ങള്‍ തുറക്കണമെന്ന് ലൂസിച്ചേച്ചി നിര്‍ബ്ബന്ധിച്ചുകൊണ്ടേയിരുന്നു. ചേച്ചിയുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങിയോ എന്തോ ഞാന്‍ പത്താംക്ലാസ് പാസായി. എന്‍റെ വീട്ടില്‍ നിന്ന് പത്താംതരം പാസാകുന്ന ആദ്യത്തെ ആളായി ഞാന്‍,” റോബര്‍ട്ട് പനിപ്പിള്ള പറയുന്നു.
അതൊരു ചെറിയ കാര്യമായിരുന്നില്ല. കടപ്പുറങ്ങളില്‍ അക്കാലത്ത് പത്താംതരം പാസാകുന്ന ആളുകള്‍ വളരെ കുറവായിരുന്നു. പിന്നീടങ്ങോട്ട് എന്തെന്ന് പറഞ്ഞുകൊടുക്കാന്‍ തുറയിലൊന്നും ആരുമില്ലായിരുന്നു.
ആയിടയ്ക്കാണ് അമ്മയുടെ ഒരു പരിചയം വഴി എന്നെ ടയറു നന്നാക്കുന്ന ഷോപ്പില്‍ കൊണ്ടാക്കുന്നത്. എന്നാല്‍ ആ ജോലി എനിക്കത്ര ഇഷ്ടമായിരുന്നില്ല. അതു ഞാന്‍ പാതിവഴിക്കുപേക്ഷിച്ചു.
”ടയറുപണിയുപേക്ഷിച്ച ഞാന്‍ ഇനിയും പഠിക്കണമെന്ന് വീട്ടുകാരോട് ആവശ്യപ്പെട്ടു. അന്നത്തെ അവസ്ഥ അറിയാമല്ലോ. എന്തു പഠിക്കണം. ഏതു പഠിക്കണമെന്നൊന്നും പറഞ്ഞു തരാന്‍ ആരുമുണ്ടായില്ല. ഞാന്‍ പ്രീഡിഗ്രി പഠിക്കാന്‍ ഒരു സ്വകാര്യ കോളേജില്‍ ചേര്‍ന്നു. പക്ഷെ എനിക്ക് പഠനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. അതിനു പിന്നിലൊരു കാരണമുണ്ട്,” അദ്ദേഹം പറയുന്നു.
റോബര്‍ട്ട് പ്രീഡിഗ്രിയ്ക്കു പഠിക്കുന്ന കാലത്താണ് മത്സ്യത്തൊഴിലാളികളുടെ ആദ്യത്തെ ശക്തമായ സമരം കേരളത്തില്‍ നടക്കുന്നത്. കടലിന്‍റെ പരിസ്ഥിതിയെ നശിപ്പിക്കുന്ന അശാസ്ത്രീയമായ മീന്‍പിടുത്ത രീതികള്‍ക്കെതിരെയായിരുന്നു അത്.
1980-കളില്‍ തുടങ്ങിയ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ അവകാശപ്പോരാട്ടങ്ങളുടെ തുടര്‍ച്ചയായ ആ സമരത്തിലും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലും റോബര്‍ട്ടും സജീവമായി. ഫാദര്‍ തോമസ് കോച്ചേരിയും ജോയിച്ചന്‍ ആന്‍റണിയുമൊക്കെയായിരുന്നു സംഘടനയുടെ അമരക്കാര്‍.
“പ്രോഗ്രാം ഫോര്‍ കമ്യൂണിറ്റി ഓര്‍ഗനൈസേഷന്‍ എന്ന സംഘടനയാണ് ഇങ്ങനെയൊരു സമരത്തിനു വേണ്ടി മത്സ്യത്തൊഴിലാളികളെ സംഘടിപ്പിച്ചത്. റ്റി പീറ്ററും മേരി അലക്സാണ്ടറും ഞാനും ഒക്കെ സമരത്തിലുണ്ടായിരുന്നു. അതോടെ എന്‍റെ പഠനം പാതിവഴിക്കു മുടങ്ങി,” ചരിത്രത്തിലിടം നേടിയ ആ സമരകാലം റോബര്‍ട്ട് പനിപ്പിള്ള ഓര്‍ക്കുന്നു.
“ഞങ്ങള്‍ മൂന്നു പേരും കൂടി മത്സ്യത്തൊഴിലാളി ഗ്രാമങ്ങളില്‍ വീടുവീടാന്തരം കയറിയിറങ്ങി കേരളാ സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷന്‍റെ ഗ്രാമ തലയൂണിറ്റുകള്‍ രൂപീകരിച്ചു. ആ പ്രവര്‍ത്തനങ്ങള്‍ വരാനിരിക്കുന്ന നല്ലനാളുകളുടെ തുടക്കം മാത്രമായിരുന്നു അത്. അക്കാലത്താണ് ഞാന്‍ പ്രോഗ്രാം ഫോര്‍ കമ്യൂണിറ്റി ഓര്‍ഗനൈസേഷനില്‍ (പി സി ഒ) കമ്യൂണിറ്റി ഓര്‍ഗനൈസറായി കയറുന്നത്.“സംഘടനാ പ്രവര്‍ത്തനത്തിലൂടെ ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയില്ലെന്ന് മനസിലായതോടെയാണ് ഞാനങ്ങനെ ഒരു തീരുമാനത്തിലെത്തുന്നത്. പക്ഷെ എന്‍റെ ജീവിതത്തിലേ വലിയൊരു വഴിത്തിരിവായിരുന്നു പി സി ഒ. പാരമ്പര്യമായി പകര്‍ന്നു കിട്ടിയ കടലറിവുകളും ശാസ്ത്രീയമായ അറിവുകളും തമ്മിലുള്ള അന്തരത്തെക്കുറിച്ചും മറ്റുമൊക്കെ കൂടുതലാഴത്തിലറിയാന്‍ എന്നെ സഹായിച്ചത് പി സി ഒ ആയിരുന്നു,” അദ്ദേഹം പറഞ്ഞു.
പി സി ഒ സെന്‍റെറില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന 1985 മുതല്‍ 95 വരെയുള്ള പത്തുവര്‍ഷക്കാലം കടലിന്‍റെ ജൈവസമ്പത്തിനെപ്പറ്റിയും കടലെന്ന പ്രതിഭാസത്തെപ്പറ്റിയും അദ്ദേഹം കൂടുതല്‍ അറിവുകള്‍ സമ്പാദിച്ചു. കടലില്‍ കൃത്രിമ പാരുകളുടെ നിര്‍മ്മാണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സജീവമായി. കടല്‍ ശാസ്ത്രസമൂഹവുമായി കൂടുതല്‍ ഇടപെഴുകാനും അദ്ദേഹത്തിന് അവസരം കിട്ടി.
”എന്നാല്‍ പി സി ഒ-യില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് എന്‍റെ മുന്‍തലമുറകളും പിന്‍തലമുറകളും ആര്‍ജ്ജിച്ച കടലിനേ പറ്റിയുള്ള പരമ്പരാഗത വിജ്ഞാനവും പലതിനെക്കുറിച്ചും ശാസ്ത്രസമൂഹം ആര്‍ജ്ജിച്ച അറിവുകളും തമ്മിലുള്ള അന്തരം ബോധ്യപ്പെടുന്നത്. ശാസ്ത്രസമൂഹത്തിലെ പലരും കരയില്‍ നിന്ന് കടലിനേ കുറിച്ചുള്ള അറിവ് സിദ്ധിച്ചവരായിരുന്നു,” പനിപ്പിള്ള പറയുന്നു.
“കടലിലെ ജീവജാലങ്ങളുടെ പ്രചനനകേന്ദ്രങ്ങളെപ്പറ്റിയും ഏറ്റവും പരിസ്ഥിതി ലോലമായ തറപ്പാരുകളിലെ(കടലിലെ ആവാസകേന്ദ്രങ്ങള്‍) വിശേഷജീവജാലങ്ങളെപ്പറ്റിയുമൊക്കെ കടല്‍പ്പണിക്കാര്‍ക്കുള്ള അറിവിന്‍റെ നൂറില്‍ ഒരംശം പോലും ശാസ്ത്രസമൂഹത്തിനില്ലെന്ന തിരിച്ചറിവും എന്നെ അദ്ഭുതപ്പെടുത്തി.
“…ചേലുപറച്ചിലിലൂടെ കടല്‍പ്പണിക്കാര്‍ പകര്‍ന്നു തരുന്ന പല അറിവുകളും രേഖപ്പെടുത്തിയിട്ടുള്ളതായിരുന്നില്ല. അതൊക്കെ അടയാളപ്പെടുത്താന്‍ മാത്രം ജ്ഞാനമുള്ളവരായിരുന്നില്ല അവരില്‍ ഏറെപ്പേരും,” അദ്ദേഹം പറയുന്നു.
ആ അറിവുകള്‍ രേഖപ്പെടുത്താനും അതിനെ അടിസ്ഥാനമാക്കി കൂടുതല്‍ പഠനങ്ങള്‍ നടത്താനും പനിപ്പിള്ള ശ്രമിച്ചു. അതിനിടയില്‍ അദ്ദേഹം കുറച്ചുകാലം ജപ്പാനില്‍ ജോലി ചെയ്തു.
ജപ്പാനിലേക്ക്
”പി സി ഒ-യില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നപ്പോഴാണ് കുറച്ചുനാള്‍ പുറത്തുപോയി ജോലി ചെയ്യണമെന്ന ആഗ്രഹം എനിക്കുണ്ടാകുന്നത്. ശരിക്കും പറഞ്ഞാല്‍ അതുമാത്രമല്ല… കഷ്ടപ്പാടുകള്‍ കൂടിയാണ് എന്നെ ജപ്പാനിലേക്ക് എത്തിച്ചത്. അങ്ങനെ ഒരു സുഹൃത്ത് മുഖാന്തിരം ഞാന്‍ ജപ്പാനിലെത്തി.”
അദ്ദേഹം നാലുവര്‍ഷക്കാലം ജപ്പാനില്‍ ജോലി ചെയ്തു–ലാന്‍ഡ്‌സ്‌കേപ്പിങ്ങായിരുന്നു… രാവും പകലും അധ്വാനിച്ചു. കുറച്ച് പണം സമ്പാദിക്കലായിരുന്നു ലക്ഷ്യം.
“ഞാന്‍ ഉദ്യേശിച്ച നേട്ടം എനിക്ക് സ്വന്തമായപ്പോള്‍ ഞാന്‍ നാട്ടിലേക്ക് തിരികെ പോന്നു. അക്കാലത്തൊക്കെയും എനിക്കു ലഭിച്ച കടലറിവുകള്‍ ഞാന്‍ ഡോക്യുമെന്‍റ് ചെയ്തുകൊണ്ടിരുന്നു,” അദ്ദേഹം പറയുന്നു.
തിരിച്ച് നാട്ടിലെത്തിയിട്ടും നാലുവര്‍ഷത്തോളം ലാന്‍ഡ്‌സ്‌കേപ്പിങ് പണി തുടര്‍ന്നു. പോട്സ് ആന്‍ഡ് പ്ലാന്‍റ്സ് എന്ന പേരില്‍ ഒരു യൂണിറ്റ് തുടങ്ങി. കേരളത്തിലങ്ങോളമിങ്ങോളം അതിനായി യാത്ര ചെയ്തു. കൂടെ 25-ഓളം തൊഴിലാളികളും ഉണ്ടായിരുന്നു.
2005-ല്‍ അദ്ദേഹം വീണ്ടും സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായി. മത്സ്യത്തൊഴിലാളി മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ സഹായിക്കാനായി അദ്ദേഹവും സമാന ചിന്തയുള്ളവരുമായി ചേര്‍ന്ന് സിസ്റ്റര്‍ റോസ് മെമ്മോറിയല്‍ എഡ്യൂക്കേഷന്‍ റിസോഴ്സ് സെന്‍റര്‍ സ്ഥാപിച്ചു. തീരമേഖലയിലെ നിന്നുള്ള പത്താംക്ലാസ്, പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ പഠന സഹായങ്ങള്‍ റിസോഴ്സ് സെന്‍റര്‍ വഴി നല്‍കി. മാത്രമല്ല ഉന്നത വിദ്യാഭ്യാസരംഗത്ത് വിദ്യാര്‍ത്ഥികള്‍ക്ക് സഹായം നല്‍കുന്നതിനായി കോസ്റ്റല്‍ എഡ്യുക്കേഷന്‍ ട്രസ്റ്റ് രൂപീകരിച്ചു.
ഈ രണ്ട് സംഘടനകളും കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസ സംബന്ധമായ ആവശ്യങ്ങള്‍ക്കായി സജീവമായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
ഫ്രണ്ട്സ് ഓഫ് മറൈന്‍ ലൈഫിലേക്ക്
ഫ്രണ്ട്സ് ഓഫ് മറൈന്‍ ലൈഫ് (എഫ് എം എല്‍) എന്ന പേരില്‍ മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതിനും കടലിന്‍റെ അടിത്തട്ട്(സീബെഡ്) ഗവേഷണത്തിനും മറ്റുമായി റോബര്‍ട്ട് പനിപ്പിള്ള ഒരു പ്രസ്ഥാനം ആരംഭിക്കുന്നത് 2010 ജനുവരി ഒന്നിനാണ്.
ദക്ഷിണേന്‍ഡ്യയിലെ സമുദ്ര ജൈവവൈധ്യവും തീരദേശ പരിസ്ഥിതിയും സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു സന്നദ്ധ സംഘടനയാണ് എഫ് എം എല്‍. പരിചയ സമ്പന്നരായ സിറ്റിസണ്‍ സയന്‍റിസ്റ്റുകള്‍, മറൈന്‍ ബയോളജിസ്റ്റുകള്‍, സ്‌കൂബാ ഡൈവേഴ്സ്, തീരദേശ യുവാക്കള്‍ എന്നിവരടങ്ങുന്ന സംഘമാണിത്. പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ പിന്തുണയോടെയാണ് ഇവര്‍ കടലിന്‍റെ അടിത്തട്ടിലെ പരിസ്ഥിതി വ്യൂഹത്തെക്കുറിച്ചുള്ള പഠനങ്ങള്‍ നടത്തുന്നത്.
”തീരദേശ സമൂഹങ്ങളുടെ പ്രത്യേകിച്ച് തെക്കന്‍ തിരുവതാംകൂറിന്‍റെ (അതായത് കിഴക്ക് കന്യാകുമാരി മുതല്‍ കൊല്ലം വരെ) പരമ്പരാഗതവും പ്രാദേശികവുമായ അറിവ് രേഖപ്പെടുത്തുന്നതിലും നിലനിര്‍ത്തുന്നതിലും എഫ് എം എല്‍ പരമാവധി ശ്രമം നടത്തിവരുന്നു. മന്നാര്‍ ഉള്‍ക്കടലിലെയും, തമിഴ്നാട്ടിലെ കന്യാകുമാരി,കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെയും 2,000 ചതുരശ്ര കിലോമീറ്ററോളം കടല്‍ത്തീരത്തും കടലില്‍ 43 മീറ്റര്‍ ആഴത്തിലും ഇതുവരെ എഫ് എം എല്‍ ഗവേഷണം നടത്തികഴിഞ്ഞു,” അദ്ദേഹം വിശദമാക്കി.
”കടല്‍ അടിത്തട്ടിലെ ആവാസവ്യവസ്ഥകളെ കുറിച്ച് ആഴത്തില്‍ അടയാളപ്പെടുത്തുന്നതിനും പിന്നെ സമുദ്രപരിസ്ഥിതിയെ കുറിച്ച് ആഴത്തില്‍ പഠിക്കാനും രേഖപ്പെടുത്താനും സംരക്ഷണത്തിനുമായാണ് ശരിക്കും ഞാന്‍ സ്‌കൂബാ ഡൈവിംഗ് പരിശീലിച്ചത്. ”സ്‌കൂബാ ഡൈവിംഗ് പഠനത്തിനു ശേഷം കടല്‍പ്പണിക്കാരുടെ ഉപജീവന മേഖലകളായ കടലിലെ വ്യത്യസ്ത ആവാസ വ്യവസ്ഥകളേ പറ്റിയുള്ള വിവരങ്ങള്‍ ആഴക്കടലില്‍ പോയി അടയാളപ്പെടുത്തുകയായിരുന്നു ഞാന്‍ ചെയ്തത്. ഇന്‍ഡ്യയില്‍ ആദ്യമായാണ് ഇത്തരത്തിലൊരു അടയാളപ്പെടുത്തല്‍ നടക്കുന്നത്.കടലടിത്തട്ടുകളില്‍ നിന്ന് എനിക്ക് ഒരുപാട് വിവരങ്ങള്‍ അടയാളപ്പെടുത്താനായി…എല്ലാത്തിന്‍റേയും ഫോട്ടോകളും വീഡിയോകളും ചിത്രീകരിക്കുകയും ചെയ്തിരുന്നു.
ഈ അന്വേഷണത്തിനിടയിലാണ് നൂറ്റാണ്ടുകള്‍ മുമ്പ് കടലില്‍ മുങ്ങിപ്പോയ കപ്പലുകള്‍ കണ്ടെത്തിയത്. അഞ്ചുതെങ്ങിലും, പൂന്തുറയിലും, കന്യാകുമാരിയിലെ മുട്ടത്തു നിന്നുമായിരുന്നു മൂന്ന് കപ്പലുകള്‍ കണ്ടെത്തിയത്. അ്ഞ്ചുതെങ്ങിലെയും പൂന്തുറയിലെയും കടലില്‍ കപ്പലുകള്‍ മുങ്ങിക്കിടപ്പുണ്ടെന്നത് പരമ്പരാഗതമായി മത്സ്യത്തൊഴിലാളികള്‍ക്കും പ്രദേശവാസികള്‍ക്കും ഇടയില്‍ വാമൊഴിയായി പ്രചരിച്ചിരുന്ന കാര്യമായിരുന്നു. ഇതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇല്ലായിരുന്നു. കടലില്‍ 40-50 മീറ്റര്‍ താഴേക്ക് മുങ്ങിയാണ് പനിപ്പിള്ളയും സംഘവും ഈ കപ്പലുകളുടെ അവശിഷ്ടങ്ങള്‍ നേരില്‍ക്കണ്ടതും ദൃശ്യങ്ങള്‍ പകര്‍ത്തിയതും.
കടലാഴങ്ങളിലേക്ക് മുങ്ങാംകുഴിയിട്ട എം എഫ് എല്‍ സംഘത്തിന് കാണാനായത് കടല്‍ത്തട്ടില്‍ അടിഞ്ഞുകിടന്ന പ്ലാസ്റ്റിക്ക് മാലിന്യക്കൂമ്പാരങ്ങളും പ്രേതവല (കടലില്‍ത്തള്ളിയ മീന്‍വലകള്‍)കളുമാണ്. ഇവ കടല്‍പ്രകൃതിക്ക് ഏല്‍പിക്കുന്ന ദുരന്തം മനസ്സിലാക്കി കഴിയാവുന്നത്ര നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ പനിപ്പിള്ളയും സംഘവും നടത്തുന്നുണ്ട്.
‘അടുത്തതായി ഞങ്ങള്‍ കണ്ടെത്തിയ മറ്റൊരു പ്രശ്നമായിരുന്നു വിഴിഞ്ഞത്തെ തുറമുഖത്തിനായി ഡ്രെഡ്ജിംഗ് നടത്തിയപ്പോള്‍ നശിപ്പിക്കപ്പെട്ട കടല്‍ പാരുകള്‍(കടല്‍ ആവാസവ്യവസ്ഥകള്‍). ഇവയും എഫ് എം എല്‍ സംഘം ഡോക്യുമെന്‍റ് ചെയ്തു. ഓഖി കൊടുങ്കാറ്റിനു ശേഷം സമുദ്ര ആവാസ വ്യവസ്ഥയില്‍ കരയില്‍ നിന്നുള്ള മണ്ണടിഞ്ഞ് മൂടിപ്പോയിരുന്നു. ഇതും എഫ് എം എല്ലിന്‍റെ കണ്ടെത്തലായിരുന്നു,” അദ്ദേഹം തുടരുന്നു.
രാജ്യത്തേ സമുദ്രഗവേഷണങ്ങളില്‍ ഭൂരിഭാഗവും ലബോറട്ടറി അധിഷ്ടിതമാണ്. മാത്രമല്ല പവിഴങ്ങളുടേയും കടല്‍പ്പായലുകളുടേയും പഠനങ്ങള്‍ പോലും 15 മീറ്റര്‍ കടലാഴത്തില്‍ പരമിതപ്പെടുത്തിയിരിക്കുന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗ്ഗങ്ങള്‍ ശാസ്ത്രജ്ഞര്‍ അപൂര്‍വ്വമായി മാത്രമേ പഠിക്കുന്നുള്ളൂ. അതുപോരാ കടലിനേ പറ്റി അറിയണമെങ്കില്‍ കടലില്‍ ഇറങ്ങി പഠിക്കണം, പനിപ്പിള്ള പറയുന്നു.
‘പവിഴപ്പുറ്റുകളുടേയും കടല്‍ പായലുകളുടേയും അപൂര്‍വ്വ ഇനം കടല്‍ ജീവികളേയും കുറിച്ച് അറിവ് നേടാന്‍ ഞാന്‍ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. സമുദ്രഗവേഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന പല ഓര്‍ഗനൈസേഷനുകളും ചെയ്യുന്നതില്‍ നിന്ന് വിപരീതമായി ആഴങ്ങളില്‍ ഊളിയിട്ട് പഠനം നടത്താനാണ് ഞാന്‍ ശ്രമിച്ചത്. അതിന്റെ ഫലമായി കോവളത്തും ശംഖുമുഖത്തും വിഴിഞ്ഞത്തുമൊക്കെ അപൂര്‍വ്വ ഇനം കടല്‍ ജീവികളേയും പവിഴപ്പുറ്റുകളേയുമൊക്കെ കണ്ടെത്താന്‍ ഞങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട്.”
ഈയടുത്ത കാലത്ത് പനിപ്പിള്ളയും സംഘവും കോവളത്ത് പവിഴപ്പുറ്റുകളുടെ കോളനികള്‍ കണ്ടെത്തിയിരുന്നു. മൂന്ന് വര്‍ഷത്തെ ഗവേഷണം ഇതിന് പിന്നില്‍ ഉണ്ടായിരുന്നു. ‘കോവളം കോടി എന്നറിയപ്പെടുന്നിടത്തു മാത്രം ഏതാണ്ട് പത്ത് ചതുരശ്ര മീറ്ററിനുള്ളില്‍ ഒന്‍പതിനം പവിഴപ്പുറ്റുകള്‍ മുപ്പതിടങ്ങളിലായി കണ്ടെത്തിയത്. പോറിറ്റെസ് ലിച്ചന്‍,ഫാവിറ്റസ്,അക്രോപോറ ഡിജിറ്റിഫെറ,പാവോന വെനോസ എന്നീ ഇനങ്ങളില്‍ പെട്ടവയാണിത്. ഇരുപതു മീറ്റര്‍ ആഴമുള്ള കടലിലാണ് മൂന്നിനം പവിഴപ്പുറ്റുകള്‍ കണ്ടെത്തിയത്,’ അദ്ദേഹം വിശദമാക്കുന്നു.
മുഹമ്മദ് സാദിക്, അനീഷ അനി ബെനഡിക്റ്റ്, അബുസാലി എന്നിവര്‍ക്കൊപ്പം നടത്തിയ മൂന്നുവര്‍ഷത്തെ പഠനമുണ്ട് ഇതിന് പിന്നില്‍.
കേരളതീരത്തോട് ചേര്‍ന്നുള്ള കടല്‍പ്പാരുകളില്‍ പറ്റിപ്പിടിച്ചുവളരുന്ന ഒരു അപൂര്‍വ്വ ജീവിയുടെ സാന്നിധ്യവും ഈ സംഘം കണ്ടെത്തിയിരുന്നു.
”മറ്റെവിടെ നിന്നോ വന്ന് നമ്മുടെ തനത് പാരുകളില്‍ പറ്റിപ്പിടിച്ചു വളരുകയും ഇവിടുത്തെ ജീവികളെ നശിപ്പിക്കുകയും ചെയ്യുന്ന തരം അപൂര്‍വ്വ ജീവജാലമാണിത്. ഈ പ്രത്യേക ജീവി നമ്മുടെ ആവാസവ്യവസ്ഥകളില്‍ അതിവേഗം വളര്‍ന്നുകൊണ്ട് ഇവിടുത്ത ജീവിജാലങ്ങളെ ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മൂന്നാലു വര്‍ഷം കൊണ്ടാണ് എഫ് എം എല്‍ ഇത്തരം കണ്ടെത്തലുകള്‍ നടത്തിയത്,”റോബര്‍ട് പനിപ്പിള്ള വ്യക്തമാക്കി.
2012 -13 ല്‍ കേരള സംസ്ഥാന ജൈവൈവിധ്യ ബോര്‍ഡിനു വേണ്ടിയുള്ള സമുദ്രവൈവിധ്യ രജിസ്റ്റര്‍ തയ്യാറാക്കാനുള്ള അടിസ്ഥാന പദ്ധതിക്ക് നേതൃത്വം നല്‍കിയത് റോബര്‍ട്ട് പനിപ്പിള്ളയാണ്. മാത്രമല്ല 2013-14 ല്‍ ചെന്നൈയിലെ ഇന്‍റെര്‍നാഷണല്‍ കളക്ടീവ് ഇന്‍ സപ്പോര്‍ട് ഓഫ് ഫിഷ് വര്‍ക്കേഴ്സിനു വേണ്ടി ഗള്‍ഫ് ഓഫ് മന്നാറിലെ രണ്ടു ദ്വീപുകളുമായി ബന്ധപ്പെട്ടു നടത്തിയ സമുദ്ര ജൈവവൈവിധ്യ പഠന സംഘത്തിലും റോബര്‍ട്ട് പനിപ്പിള്ള അംഗമായിരുന്നു.
”കടലിലെ പ്ലാസ്റ്റിക് മാലിന്യങ്ങളും കടല്‍ക്കരയിലുള്ള ഹോട്ടലിലെ വേസ്റ്റും കടലിലേക്ക് പിന്‍തള്ളപ്പെടുന്നതും കോവളത്തേ അപൂര്‍വ്വ പവിഴപ്പുറ്റുകള്‍ക്ക് ഭീഷണിയാണ്. എന്നു മാത്രമല്ല കടലിനു തന്നേ കരയിലെ പ്രവര്‍ത്തികള്‍ ഭീഷണിയാകുന്നുണ്ട്. 38,8287 ചതുരശ്രകിലോമീറ്റര്‍ കരഭൂമിയുള്ള കേരളത്തില്‍ പതിനായിരത്തോളം ചതുരശ്ര കിലോമീറ്ററ് ദൂരം പശ്ചിമ ഘട്ടം പരിസ്ഥിതി ലോല മേഖലയാക്കി സംരക്ഷിക്കപ്പെടുന്നുണ്ട്. നമ്മുടെ കടല്‍തീരങ്ങളും ഇത്തരത്തില്‍ സംരക്ഷിക്കപ്പെടേണ്ടതാണ്. എന്നാല്‍ പതിമൂയിരത്തോളം ചതുരശ്ര കിലോമീറ്ററ് കടല്‍പരിധിക്കുള്ളില്‍ വരുന്ന പ്രദേശങ്ങളില്‍ ഏതാണ് സംരക്ഷിക്കപ്പെടേണ്ടതെന്നു പോലും നമുക്കറിയില്ല,”അദ്ദേഹം പവിഴപ്പുറ്റു കണ്ടെത്തിയ സന്തോഷത്തോടൊപ്പം അവ സംരക്ഷിക്കപ്പെടേണ്ടതിന്‍റെ ആവശ്യതകളേക്കുറിച്ചും ഒപ്പം ആശങ്കകളും പങ്കുവെച്ചു.
വാമൊഴി ചരിത്രമുപയോഗിച്ച് കടലിന്‍റെ പരിസ്ഥിതിവ്യൂഹത്തെക്കുറിച്ചുള്ള പഠനം ഇത്ര പ്രസക്തമാകുന്നത് എങ്ങനെയെന്നു ചോദിച്ചാല്‍ പരമ്പരാഗത കടല്‍പ്പണിക്കാര്‍ക്ക് സീബെഡ്(കടല്‍ത്തീരം)പോലുള്ള സമുദ്രപരിസ്ഥിതിയുടെ ചില ഭാഗങ്ങളില്‍ അസാമാന്യ വിജ്ഞാനവും പരിചയവമുണ്ടെന്നാണ് ഞങ്ങളുടെ പല കണ്ടെത്തലുകളും കാണിക്കുന്നത്. ഈ അറിവുകള്‍ രേഖപ്പെടുത്തേണ്ടതുണ്ട്. കേരളത്തിലെ തിരുവനന്തപുരം ജില്ലയോട് ചേര്‍ന്നു കിടക്കുന്ന നൂറിലധികം റോക്കിറീഫുകളുണ്ട്(പാരുകള്‍), അവ മത്സ്യബന്ധന മേഖലകളാണ്. ഇവയെക്കുറിച്ച് പരമ്പരാഗത കടല്‍പ്പണിക്കാര്‍ക്ക് നന്നായറിയാം. ഞങ്ങള്‍ നേരിട്ട് പോയി ഇത്തരം പാരുകളേ കുറിച്ച് ആഴത്തില്‍ പഠിക്കുകയും പരമ്പരാഗത മാര്‍ഗ്ഗങ്ങളുപയോഗിച്ചു ഇവയുടെ സാനിധ്യം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.”റോബര്‍ട് പറയുന്നു.
ഇതുകൂടി വായിക്കാം: പഞ്ഞിയെത്തടയാന്‍ ചെസ്നട്ടും അക്കിയുമടക്കം 70 ഇനങ്ങളിലായി 300 മരങ്ങള്‍ കൊണ്ട് കാമ്പസിന് വൃക്ഷകവചം തീര്‍ത്ത അധ്യാപകന്‍
‘പരമ്പരാഗത കടല്‍പ്പണിക്കാരോട് അവരുടെ തൊഴിലിന് സമയക്രമമില്ല എന്നു പൊതു സമൂഹം പറഞ്ഞാല്‍ അവരത് സമ്മതിച്ചു തരണമെന്നില്ല. കാരണം അവരെ സംബന്ധിച്ച് കട്ടമരത്തില്‍ പായ്ക്കെട്ടി പുറം കടലില്‍ പോകണമെങ്കില്‍ സഹ്യന്‍റെ മലമടക്കുകളില്‍ നിന്നും കരക്കാറ്റ് ചിതറിയെത്തണം.
‘വിടിയവെള്ളി (ശുക്രനക്ഷത്രം)ഉദിച്ചുവരുമ്പോള്‍ കരക്കാറ്റ് വീശിത്തുടങ്ങുമെന്ന് കടല്‍ക്കോടിയിലെ (കടല്‍ഗ്രാമങ്ങളിലെ) ഏതൊരു കുഞ്ഞിനും നന്നായറിയാം. പരിസ്ഥിതിയില്‍ വ്യത്യസ്ത കാറ്റുകളുടെ ഗതിവിഗതികളേക്കുറിച്ചും അവയുടെ സമയക്രമത്തേ സംബന്ധിച്ചും അവയില്‍ ഇപ്പോളുണ്ടായിട്ടുള്ള മാറ്റത്തേക്കുറിച്ചും അറിയണമെങ്കില്‍ അതിനുള്ള എളുപ്പവഴി പായോട്ടക്കാരായ കടല്‍പ്പണിക്കാരേ സമീപിക്കുകയെന്നതാണ്. മാത്രമല്ല പാരുകളില്‍ നിന്ന് ചൂണ്ടയിട്ട് മീന്‍പിടിക്കണമെങ്കില്‍ എപ്പോള്‍ അവിടെ ചെല്ലണമെന്ന് അവര്‍ക്കറിയാം. പാരുകള്‍ കണ്ടുപിടിക്കാന്‍ അവരാശ്രയിക്കുന്ന കരയിലെ കണിച്ചം(ലാന്‍ഡ്മാര്‍ക്കുകള്‍)സാധാരണ ഒരാളേ സംബന്ധിച്ച് തിരിച്ചറിയുക അസാധ്യം.
മാത്രമല്ല ഏത് തരം മീന്‍ എവിടെനിന്ന് എപ്പോള്‍ കിട്ടുമെന്നും ഇവര്‍ക്കു നന്നായറിയാം. അതുകൊണ്ടു തന്നെയാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വാമൊഴികളില്‍ നിന്നും അനുഭവജ്ഞാനത്തില്‍ നിന്നും കടലിനേ അറിയണമെന്ന് പറയുന്നത്. ഭാഗ്യവശാല്‍ ഞാന്‍ ജനിച്ചു ജീവിച്ചത് ഈ ചുറ്റുപാടിലും സമൂഹത്തിലും ആയതുകൊണ്ടാണ് കടലിനെ എനിക്കടുത്ത് അറിയാന്‍ കഴിയുന്നത്.”
” ഞങ്ങളുടെ കണ്ടെത്തലുകളുടെ ശാസ്ത്രത്തിന്‍റെ കണ്ടെത്തലുകളുമായി താരതമ്യം ചെയ്യേണ്ടത് ശാസ്ത്രസമൂഹമാണ്.പക്ഷെ നിര്‍ഭാഗ്യവശാല്‍ ഇത്തരം താരതമ്യ പഠനം നടക്കാറില്ല. എന്നാല്‍ ശാസ്ത്ര സമൂഹം ഞങ്ങളുടെ കണ്ടെത്തലുകള്‍ ഇപ്പോള്‍ അംഗകരിച്ചു തുടങ്ങിയിട്ടുണ്ട്.കാരണം കടലിന്‍റെ അടിത്തട്ടില്‍ പോയി വീഡിയോകളും ഫോട്ടോകളും ചിത്രീകരിച്ച് ഞങ്ങള്‍ അവ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നു. മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗ്ഗങ്ങളെ പിന്തുണയ്ക്കുന്ന പാരുകളെ ആദ്യമായി ചിത്രീകരിച്ചതും എഫ് എം എല്‍ ആണ്.
മാത്രമല്ല പലകാരണങ്ങള്‍ കൊണ്ടും നശിച്ചു പോകുന്ന ഇത്തരം പാരുകളെക്കുറിച്ചുള്ള ആറിവുകള്‍ സമുദ്ര സാക്ഷരതാ പരിപാടികള്‍ വഴി പൊതുസമൂഹത്തിലേക്കെത്തിക്കുകയെന്നതും എഫ് എം എല്ലിന്‍റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണ്.
എഫ് എം എല്‍ തുടങ്ങുന്നതിനു മുന്‍പൊരു കാലം. രണ്ടായിരത്തി ഒന്‍പതില്‍ ഒരിക്കല് തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ വെച്ച് ജ്യോതിശാസ്ത്രജ്ഞരുടേയും പരമ്പരാഗത കടല്‍പ്പണിക്കാരുടേയും ഒരു മീറ്റിംഗ് സംഘടിപ്പിച്ചു. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ മാധ്യമപ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരായിട്ടുള്ള ചിലരും തീരത്തു നിന്നുള്ളവരും എത്തിയിരുന്നു. കടല്‍ യാത്രകളിലും മീന്‍പിടുത്തത്തിലും ആശ്രയിച്ചു വരുന്ന നക്ഷത്രങ്ങളേ കുറിച്ച് കടല്‍പ്പണിക്കാര്‍ വിവരിച്ചു തുടങ്ങി. ഓരോ നക്ഷത്ര ഗണങ്ങള്‍ക്കും കടല്‍പ്പണിക്കാര്‍ നല്‍കിയിരിക്കുന്ന പേരുകള്‍ ശാസ്ത്രജ്ഞരെ കുഴപ്പിച്ചു.
സര്‍വ്വ വിജ്ഞാനകോശം ഡയറക്ടറായിരുന്ന പ്രൊഫ. കെ പാപ്പൂട്ടി സമ്മേളനത്തിന്‍റെ നേതൃത്വം ഏറ്റെടുത്ത് ഗ്രീന്‍ ബോര്‍ഡില്‍ നക്ഷജത്രങ്ങളുടെ സ്ഥാനം വരച്ചുതുടങ്ങി. ഇരുകൂട്ടരും നക്ഷത്രങ്ങളെ തിരിച്ചറിഞ്ഞുകൊണ്ടിരുന്നു. ഇതിനിടയില്‍ കടല്‍പ്പണിക്കാര്‍ പറയുന്ന ചോറ്റുവെള്ളിയും വിടിയവെള്ളിയും ഒന്നാണെന്നും അത് ശുക്രനക്ഷത്രമാമെന്നും തിരിച്ചറിഞ്ഞു. ചര്‍ച്ചകള്‍ മുന്നോട്ടുപോയി. ഒടുവില്‍ ഏഴു നക്ഷത്രങ്ങളടങ്ങിയ സപ്തര്‍ഷി നക്ഷത്രക്കൂട്ടങ്ങളേ തിരിച്ചറിയാനുള്ള ശ്രമമായി.
പ്രൊഫ. പാപ്പൂട്ടി ബോര്‍ഡില്‍ നക്ഷത്രങ്ങളേ വരച്ചു. സപ്തര്‍ഷികള്‍ മത്സ്യത്തൊഴിലാളികളുടെ കപ്പല്‍വെള്ളിയാണെന്ന് ഇരുകൂട്ടരും തിരിച്ചറിഞ്ഞു. പെട്ടന്ന് കൂട്ടത്തിലുണ്ടായിരുന്ന സ്റ്റീഫന്‍ എഴുന്നേറ്റ് പറഞ്ഞു,”സര്‍ ആ ചിത്രത്തില്‍ ഇടതുഭാഗത്തുകാണുന്ന നക്ഷത്രം ഞങള്‍ കപ്പലിന്‍റെ തലഭാഗമായി സങ്കല്പിക്കുന്നതാണ്. അതിന്‍റെ സ്ഥാനം അവിടെയല്ല കുറച്ചുകൂടി മുകളിലാണ്.
അതു കേട്ട് പ്രൊഫ. പാപ്പൂട്ടി ബോര്‍ഡിലേക്ക് ശ്രദ്ധാപൂര്‍വ്വം നോക്കിയിട്ടു പറഞ്ഞു. ക്ഷമിക്കണം, എനിക്കു തെറ്റുപറ്റി നിങ്ങള്‍ പറഞ്ഞതാണ് ശരി; ഹാളിലുണ്ടായിരുന്നവര്‍ ആ മീന്‍പിടുത്തക്കാരന്‍റെ സൂക്ഷ്മനിരീക്ഷണത്തിനു മുന്നില്‍ ശിരസു നമിച്ച നിമിഷമായിരുന്നു അത്,” റോബര്‍ട്ട് കടലറിവുകളും നേരനുഭവങ്ങളും എന്ന പുസ്തകത്തില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ആഴത്തിലുള്ള അറിവിനെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത് ഇങ്ങനെ.
കടലറിവുകളും നേരനുഭവങ്ങളും
കടല്‍പ്പണിക്കാരുടെ മേഖലയില്‍ നിന്നും കടലറിവുകള്‍ വിവരിച്ചിരിക്കുന്ന പുസ്തകമാണ് കടലറിവുകളും നേരനുഭവങ്ങളും. റോബര്‍ട് പനിപ്പിള്ളയ്ക്ക് കുടുംബത്തില്‍ നിന്നു ലഭിച്ച അനുഭവങ്ങളിലൂടെയും അദ്ദേഹത്തിന്‍റെ അച്ഛന്‍ പനിപ്പിള്ളയ്ക്കൊപ്പമുണ്ടായിരുന്ന കടല്‍പ്പണിക്കാരില്‍ നിന്നും കേട്ടറിഞ്ഞ കടലറിവുകളുമാണ് പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ഒന്നര നൂറ്റാണ്ടില്‍ തീരദേശ ജനതയുടെ വേറിട്ട ജീവിത മുന്നേറ്റങ്ങള്‍ അടയാളപ്പെടുത്താനുള്ള ശ്രമമാണ് ‘തിരയോര ചരിത്രത്തിലേ തിരുശേഷിപ്പുകള്‍ ‘എന്ന രണ്ടാമത്തെ പുസ്തകത്തിലൂടെ പനിപ്പിള്ള ശ്രമിച്ചിരിക്കുന്നത്. കടലറിവും ക്യാമറയും എന്ന മൂന്നാമത്തെ പുസ്തകത്തിന്‍റെ പണിപ്പുരയിലാണ് അദ്ദേഹം.
ഇതുകൂടി വായിക്കാം: ‘തൊടക്കിന്‍റെ’ കുരുക്കില്‍ നിന്നും കുതറിമാറി കടലാഴങ്ങളിലേക്ക്: മുങ്ങിപ്പോയ കപ്പലും കടലറിവുകളും തേടി മുങ്ങാംകുഴിയിടുന്ന തീരദേശ വനിതയുടെ ജീവിതം
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.