‘തൊടക്കിന്‍റെ’ കുരുക്കില്‍ നിന്നും കുതറിമാറി കടലാഴങ്ങളിലേക്ക്: മുങ്ങിപ്പോയ കപ്പലും കടലറിവുകളും തേടി മുങ്ങാംകുഴിയിടുന്ന തീരദേശ വനിതയുടെ ജീവിതം

ആന്‍ഡമാനിലെ സ്‌കൂബാ ഡൈവിംഗ് അക്കാദമിയിലെത്തിയപ്പോള്‍ അദ്ഭുതത്തോടെയാണ് അവരെന്നെ നോക്കിയത്. വെറും മുപ്പത്തിയാറു കിലോ തൂക്കമുള്ള മെലിഞ്ഞ് പൊക്കമില്ലാത്ത ഒരു പെണ്‍കുട്ടിയ്ക്കിതു താങ്ങാന്‍ കഴിയുമോയെന്ന് അവര്‍ക്ക് സംശയമുണ്ടായിരുന്നു.

“തൊടക്കില്‍ കുരുങ്ങിയ ജീവിതമായിരുന്നു എന്‍റേതും, പ്ലസ്ടു കഴിയുന്നതുവരെ,” തിരുവനന്തപുരം വലിയതുറ സ്വദേശിനിയും മറൈന്‍ ബയോളജിസ്റ്റുമായ അനീഷാ അനി ബെനഡിക്റ്റ് പറയുന്നു.

തൊടക്ക് എന്നാല്‍ കടലോരഗ്രാമങ്ങളിലെ മുക്കുവ വിഭാഗങ്ങള്‍ക്കിടയില്‍ എന്നോ ഉറച്ചുപോയ വിശ്വാസമാണ്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ വള്ളത്തില്‍ തൊട്ടാല്‍ അന്ന് മീന്‍ കിട്ടില്ലത്രേ.


പരിസ്ഥിതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, ഒപ്പം സാമൂഹ്യമാറ്റത്തില്‍ പങ്കാളികളാകാം: Karnival.com

“പുരുഷന്‍മാരുടെ കുത്തകയാണ് കടല്‍. അതിനപ്പുറം സ്ത്രീകള്‍ക്കു കടക്കാന്‍ കഴിയില്ല. പെണ്ണിന്‍റെ ആഗ്രഹത്തിന് വിലങ്ങുതടിയായുള്ള ആചാരങ്ങള്‍. പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്ക് മീന്‍പിടിക്കാനായി പോകുന്ന വള്ളത്തിലോ വലയിലോ തൊടാനുള്ള അനുവാദമില്ല,” അനീഷ തുടരുന്നു.

അനീഷ ആനി ബെനഡിക്റ്റ്

കടപ്പുറങ്ങളുടെ നിയമങ്ങള്‍ കര്‍ക്കശമാണ്. ആ വിശ്വാസങ്ങള്‍ക്കനുസരിച്ച് പെണ്‍കുട്ടികള്‍ക്ക് കടലുമായി ഇടപെടുന്നതിന് ഒരുപാട് പരിമിതികളും വിലക്കുകളുമുണ്ടായിരുന്നു.


എന്നാല്‍ അനീഷ എന്ന ആ മെലിഞ്ഞ പെണ്‍കുട്ടി തൊടക്കിന്‍റെ കുരുക്കുകള്‍ ഒന്നൊന്നായി മുറിച്ചു. കടലിലിറങ്ങുക മാത്രമല്ല, അധികമാരും കാണാത്ത കടലാഴങ്ങളിലേക്ക് ഊളയിലട്ടു.


തീരമേഖലയില്‍ നിന്നും ഉയര്‍ന്നുവന്ന രാജ്യത്തെ ആദ്യത്തെ വനിതാ സ്‌കൂബാ ഡൈവറാണ് അനീഷ. കടലിലേക്ക് മുങ്ങാംകുഴിയിട്ടിറങ്ങി പ്ലാസ്റ്റിക് മാലിന്യങ്ങളും പ്രേതവലകളും ശേഖരിച്ച് കരക്കുകയറും അവള്‍.

”എന്‍റെ അച്ഛന്‍ അനി ബെനഡിക്ട് പരമ്പരാഗത മല്‍സ്യത്തൊഴിലാളിയാണ്. അമ്മ റീന വീട്ടമ്മയും. പട്ടിണി അറിയിക്കാതെയാണ് അച്ഛന്‍ എന്നേയും സഹോദരിയേയും വളര്‍ത്തിയതെങ്കിലും പോരായ്മകള്‍ എന്‍റെ കുടുംബത്തിലെ ഒരംഗമായിരുന്നു,” അനീഷ ആനി ബെനഡിക്ട് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് ജീവിതകഥ പറഞ്ഞുതുടങ്ങുന്നു.

അനീഷ ആനി ബെനഡിക്റ്റ്

“ഇല്ലായ്മകള്‍ വേട്ടയാടിയപ്പോള്‍ ചെറിയ ക്ലാസ്സിലേ തന്നെ മഠത്തിലെ സ്‌കൂളില്‍ ഞങ്ങളെ ചേര്‍ത്തു. അവിടെ ഹോസ്റ്റലില്‍ നിന്നാണ് ഞാനും സഹോദരിയും പഠിച്ചത്. ഹോസ്റ്റലിലായതിനാല്‍ ഒരുപരിധിവരെ വീട്ടിലെ ബുദ്ധിമുട്ടുകള്‍ ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. അവിടെ നിന്ന് ഞാനെന്‍റെ പ്ലസ്ടു പഠനം വരെ പൂര്‍ത്തിയാക്കി. തുടര്‍ന്ന് തുറയിലേക്ക് തിരികെയെത്തി.”

അങ്ങനെ പ്ലസ്ടു കഴിഞ്ഞ് തുറയിലിരിക്കുമ്പോഴാണ് മല്‍സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന സിസ്റ്റര്‍ റോസ് മെമ്മോറിയല്‍ എഡ്യൂക്കേഷന്‍ റിസോഴ്സ് സെന്‍ററിന്‍റെ വോളന്‍റിയര്‍ ആയി പ്രവര്‍ത്തിക്കാന്‍ അനീഷയ്ക്ക് അവസരം ലഭിച്ചത്. മല്‍സ്യത്തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുകൊണ്ട് അവിടെ മിടുക്കരായ പാവപ്പെട്ട കുട്ടികള്‍ക്ക് സ്‌കൂള്‍ പഠനത്തിനു ശേഷം ആഫ്റ്റര്‍ സ്‌കൂള്‍ (അതായത് സ്‌കൂളിനു ശേഷമുള്ള പഠനം) എന്നൊരു പരിശീലന പരിപാടി റിസോഴ്‌സ് സെന്‍റര്‍ നടത്തിയിരുന്നു.

“പ്ലസ്ടു പഠനം പൂര്‍ത്തിയാക്കി എത്തിയ ഞാന്‍ ആ കുട്ടികളെ പഠിപ്പിക്കുന്നതിനു വേണ്ടി വോളന്‍ററി ബയോളജി ടീച്ചറായി പ്രവര്‍ത്തനം ആരംഭിച്ചു. അധ്യാപനത്തോടുള്ള ഇഷ്ടമാണ് എന്നെ അവിടെ എത്തിച്ചത്. ആ സമയത്തു തന്നെയാണ് സെന്‍ററിന്‍റെതന്നെ ഭാഗമായി മല്‍സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനും സമുദ്ര പാരിസ്ഥിതിക വ്യവസ്ഥിതിയുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായും പ്രവര്‍ത്തിക്കുന്ന ഫ്രണ്ട്സ് ഓഫ് മറൈന്‍ ലൈഫിലേക്കെത്തുന്നത്,” അനീഷ തുടരുന്നു.

അനീഷ ആനി ബെനഡിക്റ്റ്

“അതെന്‍റെ ജീവിതത്തില്‍ വഴിത്തിരിവായി. ജീവിതത്തെക്കുറിച്ച് എനിക്ക് അതുവരെ ഉണ്ടായിരുന്ന കാഴ്ചപ്പാടുകള്‍ പാടേ മാറി.

ഞാനിപ്പോള്‍ ജീവിക്കുന്നത് എന്‍റെ സ്വപ്നത്തിലാണെന്ന് പറയാന്‍ കഴിയില്ല. കാരണം എനിക്കങ്ങനെ സ്വപ്നം കാണാനുള്ള സാഹചര്യമില്ലായിരുന്നു.


മല്‍സ്യത്തൊഴിലാളികള്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യണെന്ന ആഗ്രഹം മനസില്‍ അതിശക്തമായി വളര്‍ന്നു.

“ഫ്രണ്ട്സ് ഓഫ് മറൈന്‍ ലൈഫിന്‍റെ സ്ഥാപക ഡയറക്ടര്‍ കൂടിയായ റോബര്‍ട് പണിപ്പിള്ളയായിരുന്നു അതിന്‍റെ കാരണക്കാരന്‍,” ജീവിതത്തിലും കരിയറിലും തനിക്കുണ്ടായ ഉയര്‍ച്ചയുടെ കാരണങ്ങളെക്കുറിച്ചും അതിനു കാരണക്കാരനായ റോബര്‍ട് പണിപ്പിള്ളയെന്ന മെന്‍ററെക്കുറിച്ചും അനീഷ വാചാലയായി.

തീരദേശത്തിന്‍റെ യുവാക്കളേയും അനുഭവസമ്പന്നരേയും ഒത്തൊരുമിപ്പിച്ച് കടലറിവുകളും നേരിട്ടുള്ള അനുഭവങ്ങളും രേഖപ്പെടുത്തുകയും അതിലൂടെ മല്‍സ്യത്തൊഴിലാളി മേഖലയുടെ സമഗ്രവികസനവും ലക്ഷ്യമിട്ട് ‘നമ്മുടെ കടല്‍, നമ്മുടെ ഭാവി’ എന്ന ലക്ഷ്യത്തോടെ റോബര്‍ട് പണിപ്പിള്ളയാണ് ഫ്രണ്ട്സ് ഓഫ് മറൈന്‍ ലൈഫ് സ്ഥാപിക്കുന്നത്.

ഫ്രന്‍സ് ഓഫ് മറൈന്‍ ലൈഫ് പ്രവര്‍ത്തകര്‍

അനീഷ ബയോളജിയോടുള്ള ഇഷ്ടം കൊണ്ട് തുമ്പ ഓള്‍ സെയിന്‍റ്സ് കോളെജില്‍ ബയോളജിയില്‍ ഉപരിപഠനത്തിനു ചേര്‍ന്നു. ആ സമയത്താണ് റോബര്‍ട്ട് പണിപ്പിള്ളയ്ക്കൊപ്പം കേരളാ ജൈവവൈവിധ്യ ബോര്‍ഡിനു വേണ്ടി ജനകീയ സമുദ്ര ജൈവൈവിധ്യ രജിസ്റ്റര്‍ തയ്യാറാക്കുന്നതിനുള്ള പ്രൊജക്ടിന്‍റെ ഭാഗമാകുന്നത്. മൂന്നു വര്‍ഷത്തേക്കായിരുന്നു പ്രൊജക്ട്.

മല്‍സ്യത്തൊഴിലാളികളുടെ പരമ്പരാഗത അറിവ് രേഖപ്പെടുത്തുന്നതിനൊപ്പം, അവരുടെ ഉപജീവനം, മല്‍സ്യബന്ധനരീതികള്‍, പാരമ്പര്യങ്ങള്‍, സമുദ്ര വൈവിധ്യവുമായി ബന്ധപ്പെട്ട അറിവുകള്‍, സമുദ്ര ജൈവവൈവിധ്യം തുടങ്ങിയവയെക്കുറിച്ചുള്ള വിവരശേഖരണവുമായിരുന്നു പ്രൊജക്ടിന്‍റെ ലക്ഷ്യം. അത് കടലിനെക്കുറിച്ച് ഒരുപാട് അറിവ് നേടാന്‍ അനീഷയെ സഹായിച്ചു. ആ പ്രൊജക്ടാണ് മറൈന്‍ ബയോളജി ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദം നേടാന്‍ തന്നെ സഹായിച്ചതെന്ന് അനീഷ പറയുന്നു.

”തീരദേശ മേഖലയില്‍ നിന്നുള്ളവര്‍ സാധാരണ സമുദ്ര ഗവേഷണ രംഗത്ത് പ്രവര്‍ത്തിക്കുന്നത് വളരെ വിരളമാണ്. അങ്ങനെ എന്‍റെ ലക്ഷ്യത്തിലേക്കുള്ള ആദ്യ കടമ്പ ഞാനവിടെ പൂര്‍ത്തിയാക്കുകയായിരുന്നു. ഇനി എന്ത് എന്ന ചോദ്യത്തിന് ഉത്തരമായിരുന്നു പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ഐലന്‍ഡിലെ സെന്‍ററില്‍ നിന്നും മറൈന്‍ ബയോളജിയില്‍ ബിരുദാനന്തര ബിരുദമെടുക്കുന്നത്. എന്‍റെ നാട്ടിലുള്ള പെണ്‍കുട്ടികള്‍ കഷ്ടിച്ച് പന്ത്രണ്ടാം ക്ലാസ് വരെ പോയെങ്കിലായി. ചിലരതിനു ശേഷം തയ്യല്‍ പഠിക്കും. മിക്കവാറും പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കും.”

സ്കൂബാ ഡൈവിങ്ങിനായി…

സ്‌കൂബാ ഡൈവിംഗിലേക്ക്

”ആന്‍ഡമാനില്‍ പഠിക്കാന്‍ പോയ കാലത്ത് ഒരുപാട് പോരായ്മകളുണ്ടായിരുന്നു. എല്ലാം ഇല്ലായ്മകളില്‍ നിന്നുള്ള പോരാട്ടമായിരുന്നു അത്,” അനീഷ ഓര്‍ക്കുന്നു.

അനീഷയുടെ ഉള്ളില്‍ മറ്റൊരാഗ്രഹം കൂടിയുണ്ടായിരുന്നു: ആന്‍ഡമാനില്‍ പോകും മുമ്പ് സ്‌കൂബാ ഡൈവിംഗ് പഠിക്കണമെന്ന് ഞാനാഗ്രഹിച്ചിരുന്നു. പക്ഷേ, വീട്ടില്‍ ആരോടും പറഞ്ഞില്ല. “കാരണം കടലിനോട് പെണ്‍മക്കളടുക്കുന്നത് തുറയുടെ നിയമങ്ങള്‍ക്കെതിരാണ്. കടലെന്നാല്‍ കുറെ വെള്ളവും മീനും അതിനപ്പുറമുള്ള യാഥാര്‍ത്ഥ്യങ്ങളിലേക്കൊന്നും സ്ത്രീകള്‍ ഇറങ്ങിച്ചെല്ലാറില്ല. പിന്നെ എങ്ങനെ വീട്ടുകാരോട് സ്‌കൂബാ ഡൈവിങ്ങിനെപ്പറ്റി പറയും?

“മാത്രമല്ല അവര്‍ക്ക് അതിനെപ്പറ്റി വലിയ ധാരണയൊന്നുമില്ല… കടലെന്‍റെ കുടുംബത്തിന്‍റെ ഉപജീവന മാര്‍ഗ്ഗമെന്നതിലുപരി ഞാനൊന്നും അറിഞ്ഞിട്ടില്ല. മാത്രമല്ല ഫിസിക്കലി ഞാനൊരു ചെറിയ പെണ്‍കുട്ടിയാണ്. എന്നേക്കൊണ്ട് വളരെ സാഹസികമായ ഒരു പ്രവൃത്തി എത്രമാതം സാധിക്കുമെന്നും കരുതുന്നവരുണ്ടാകാം.”

കടലാഴങ്ങളില്‍

കേരളാ ജൈവവൈവിധ്യ ബോര്‍ഡിന്‍റെ പ്രൊജക്ടില്‍ നിന്ന് ലഭിച്ച സ്‌റ്റൈഫന്‍റും എസ്ആര്‍എംആര്‍സിയില്‍ നിന്നും എഫ് എം എല്ലില്‍ നിന്നും ലഭിച്ച ചെറിയ സഹായവും പോരായ്മകളുടെ ഇടയിലും മകളുടെ ആഗ്രഹത്തിന് സ്നേഹത്തോടെ പിന്തുണ തന്ന മാതാപിതാക്കളുടെ ആശിര്‍വ്വാദവും കൊണ്ടാണ് ഇതൊക്കെ സാധിച്ചതെന്ന് അനീഷ പറയുന്നു. സ്‌കൂബാ ഡൈവിംഗ് പഠിക്കുകയും ഓസ്ട്രേലിയ ആസ്ഥാനമായുള്ള പ്രൊഫഷണല്‍ അസോസിയേഷന്‍ ഓഫ് ഡൈവിംഗ് ഇന്‍സ്ട്രക്ടര്‍മാരുടെ(പാഡി)സര്‍ട്ടിഫൈഡ് അഡ്വാന്‍സഡ് ഓപ്പണ്‍ വാട്ടര്‍ സ്‌കൂബാ ഡൈവിംഗ് ലൈസന്‍സ് നേടുകയും ചെയ്തു.

Promotion

” ആന്‍ഡമാനിലെ സ്‌കൂബാ ഡൈവിംഗ് അക്കാദമിയിലെത്തിയപ്പോള്‍ അദ്ഭുതത്തോടെയാണ് അവരെന്നെ നോക്കിയത്. വെറും മുപ്പത്തിയാറു കിലോ തൂക്കമുള്ള മെലിഞ്ഞ് പൊക്കമില്ലാത്ത ഒരു പെണ്‍കുട്ടിയ്ക്കിതു താങ്ങാന്‍ കഴിയുമോയെന്ന് അവര്‍ക്ക് സംശയമുണ്ടായിരുന്നു. അത്രയധികം ഫിസിക്കലി ഫിറ്റായിട്ടുള്ള ആളുകള്‍ക്ക് മാത്രമാണ് സ്‌കൂബാ ഡൈവിംഗ് സാധിക്കുക. ഞാന്‍ എങ്ങനെ ഇരുപത്തിയഞ്ചു കിലോയോളം തൂക്കമുള്ള സിലിണ്ടര്‍ ചുമക്കുമെന്ന് എന്‍റെ ഇന്‍സ്ട്രക്ടര്‍ ചിന്തിച്ചു. മാത്രമല്ല അദ്ദേഹത്തിന്‍റെ സംശയം കൃത്യമായിരുന്നതിനാല്‍ ഫിസിക്കലി ഫിറ്റാണെന്ന് തെളിയിക്കാന്‍ എനിക്ക് ഡൈവിംഗിനു മുന്‍പായുള്ള നിരവധി പരിശോധനകള്‍ക്ക് വിധേയയാകേണ്ടി വന്നു,” ചിരിച്ചുകൊണ്ടാണ് അനീഷ വിശദീകരിച്ചത്.

എന്താണ് സ്‌കൂബാ ഡൈവിംഗ്?

വെള്ളത്തിനടിയില്‍ ശ്വസിക്കാന്‍ ആവശ്യമായ എല്ലാ ഉപകരണങ്ങളോടും കൂടിയുള്ള മുങ്ങലാണ് സ്‌കൂബാ ഡൈവിംഗ്. ജീവവായു അടങ്ങിയ സിലിണ്ടര്‍ ഉപയോഗിച്ചാണ് സ്‌കൂബാ ഡൈവര്‍മാര്‍ കടലാഴങ്ങളിലേക്ക് ഊളിയിടുന്നത്.  …
ഒരു സ്‌കൂബാ ഡൈവര്‍ക്ക് മിനിമം 18 മീറ്ററും പരമാവധി 43 മീറ്ററും ആഴങ്ങളിലേക്ക് മാത്രമേ താഴേക്ക് പോകാന്‍ കഴിയൂ. മാത്രമല്ല സ്‌കൂബാ ഡൈവിംഗ് ചെയ്യുന്നവര്‍ക്ക് ഒറ്റയ്ക്ക് താഴേക്കു പോകാനുള്ള അനുമതിയുമില്ല. എപ്പോഴും അവര്‍ക്കൊപ്പം ഒരു ബഡ്ഡി നിര്‍ബ്ബന്ധമാണ്, അനീഷ പറഞ്ഞുതന്നു.

”കടല്‍ അന്യമായിരുന്ന എന്നിലേക്ക് ഒരു അതൊരു വിസ്മയമായി ഒഴുകിയെത്തുകയായിരുന്നു. ചെറിയ ക്ലാസിലൊക്കെ പഠിച്ചിരുന്ന കാലത്ത് കടലിന്‍റെ സൗന്ദര്യത്തേക്കുറിച്ച് ജൈവവൈവിധ്യത്തേക്കുറിച്ച് കേട്ടറിഞ്ഞ് അതിന്‍റെ ആഴങ്ങളിലേക്ക് പോകും തോറും ഒരു ഭയമുണ്ടായിരുന്നെങ്കിലും ഒരദ്ഭുതലോകത്തെത്തിയതു പോലെയായിരുന്നു ആദ്യം തോന്നിയത്.

“കരയിലെ വിസ്മയങ്ങളുടെ എത്രയോ ഇരട്ടി കടലിലുണ്ടെന്നറിയാമോ. കര എങ്ങനെയാണോ അതിനു സമാനമായ രീതിയിലാണ് കടലിന്‍റെ അടിത്തട്ടും. കുന്നുപോലെയുള്ള കരയാണെങ്കില്‍ കടലും അങ്ങനെ, ഇനി ശംഖുമുഖത്തേതു പോലെ മണലാണെങ്കില്‍ കടലിന്‍റെ അടിത്തട്ടും അതുപോലെ, ചെറുപാറക്കൂട്ടങ്ങളാകട്ടെ കരയില്‍ കടലിന്‍റെ അടിത്തട്ടും അതുപോലെ തന്നെ. പക്ഷെ വിസ്മയങ്ങള്‍ കരയേക്കാള്‍ എത്രയോ മടങ്ങുവരും,” അനീഷയ്ക്ക് കടലിനടിയില്‍ കാണുന്ന കാഴ്ചകള്‍ വാക്കുകളില്‍ ഒതുക്കാനാവുന്നില്ല.

അപകടം സംഭവിച്ച് താഴ്ന്ന്പോകുന്ന കപ്പലുകളുടെ അവശിഷ്ടങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതില്‍ ആന്‍ഡമാനില്‍ വെച്ച് അനീഷ വൈദഗ്ധ്യം നേടി. അപകടത്തില്‍ പെട്ടു പോയ ബ്രിട്ടീഷ് കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ തിരയാന്‍ 43 മീറ്റര്‍ ആഴക്കടലിലേക്ക് പോയത് ശരിക്കും പേടിപ്പെടുത്തുന്ന ഒന്നായിരുന്നുവെന്ന് അനീഷ പറയുന്നു.

“കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ ഭീമാകാരനായ ഒരു രാക്ഷസനെപ്പോലെ തോന്നിപ്പിച്ചു. പക്ഷെ ആ കപ്പലിന്‍റെ ഉള്ളില്‍ ചിലവഴിച്ച എട്ടുമിനിറ്റുകള്‍ ഏറ്റവും സുന്ദരമായി നിമിഷങ്ങളായിരുന്നു. ആ മനോഹരനിമിഷങ്ങളില്‍ ഞാന്‍ കണ്ട മൂന്നു സ്രാവുകള്‍ എന്നേ ഏറെ ഭയപ്പെടുത്തിയിരുന്നു.”

നാല്പതു മീറ്റര്‍ ആഴത്തില്‍ സ്‌കൂബാ ഡൈവിംഗിന് അന്താരാഷ്ട്ര ലൈസന്‍സ് നേടിയ തീരദേശത്തുനിന്നുള്ള ഒരേയൊരു ഇന്‍ഡ്യന്‍ വനിതയാണ് അനീഷ.

കടല്‍ത്തട്ടില്‍ നിന്നും ശേഖരിച്ച മാലിന്യങ്ങളുമായി ഫ്രന്‍ഡ്സ് ഓഫ് മറൈന്‍ ലൈഫ്

2016-ലാണ് അനീഷയ്ക്ക് സ്‌കൂബാ ഡൈവിംഗില്‍ ലൈസന്‍സ് ലഭിക്കുന്നത്. തുടര്‍ന്ന് പഠനശേഷം നാട്ടില്‍ തിരികെയെത്തി ഫ്രണ്ട്സ് ഓഫ് മറൈന്‍ ലൈഫിന്‍റെ പ്രവര്‍ത്തനങ്ങളില്‍ സജീവമാവുകയും ചെയ്തു. പരമ്പരാഗത മല്‍സ്യത്തൊഴിലാളി സമൂഹത്തിന് സ്‌കൂബാ ഡൈവിംഗില്‍ പരിശീലനം നല്‍കുന്നതിന് ഒരു പദ്ധതി തയ്യാറാക്കുകയും ചെയ്തു. എഫ് എം എല്ലില്‍ തന്നെ സ്‌കൂബാ ഡൈവിംഗില്‍ പരിശീലനം നേടുന്ന ആദ്യത്തെ ആളാണ് അനീഷ. അതിനു ശേഷം കടലിന്‍റെ അടിത്തട്ടിനെക്കുറിച്ച് പഠിക്കാന്‍ എഫ് എം എല്‍ തയ്യാറാക്കിയ പദ്ധതികളിലും അനീഷ സജീവമായി പങ്കാളിയായി.


ഇതുകൂടി വായിക്കാം‘ആ ജര്‍മ്മന്‍കാരന്‍ ചാക്കുമായിപ്പോയി ബീച്ചിലെ പ്ലാസ്റ്റിക്കെല്ലാം പെറുക്കിയെടുത്തു. അത് കണ്ട് ഞങ്ങള്‍ വല്ലാതായി’: ഉത്തരവാദ ടൂറിസത്തിലേക്ക് ഹാരിസ് എത്തിയത് അങ്ങനെയാണ്


കോവളം, തുമ്പ, വിഴിഞ്ഞം, കരിങ്കുളം, അടിമലത്തുറ, മുള്ളൂര്‍ എന്നിവടങ്ങളിലും തമിഴ്നാട്ടിലെ ഇനയം, മുട്ടം, പെരിയവിള തുടങ്ങിയ മേഖലകളിലാണ് അനീഷ അടങ്ങിയ എഫ്എംഎല്‍ ടീം നിരന്തരമായ കടല്‍യാത്രകള്‍ നടത്തുന്നത്. കടലിന്‍റെ അടിത്തട്ടിലെ ജൈവവൈവിധ്യത്തെ കുറിച്ച് പഠിക്കുന്നതിനു മാത്രമല്ല ശുചിയാക്കുന്നതിനു കൂടിയാണ് അനീഷയുടെ സംഘം ഈ യാത്രകള്‍ തയ്യാറാക്കുന്നത്.

Image for representation only: Photos- Pixabay.com

സ്‌കൂബാ ഡൈവിംഗ് ടീം കടലിലേക്കിറങ്ങുന്നതിന് തൊട്ട് മുന്‍പ് അവിടുത്തെ സാഹചര്യങ്ങള്‍ മനസിലാക്കാന്‍ ഒരു പൈലറ്റ് ഡൈവിംഗ് നിര്‍ബ്ബന്ധമാണ്. മാത്രമല്ല 43 മീറ്റര്‍ ആഴത്തിലേക്ക് പോകുന്നതിന് 25 മിനിറ്റുവരെയാണ് ഏകദേശ സമയം എടുക്കുക. പരമാവധി വേഗത കുറച്ച് പലയിടങ്ങളില്‍ നിര്‍ത്തിയാണ് അവര്‍ മുന്നോട്ടുപോകുക.

അടിത്തട്ട് ശുചിയാക്കാന്‍

കടലിന്‍റെ അടിത്തട്ടില്‍ പ്രേതവലകളും പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനാണ് പ്രധാനമായും എഫ്എംഎല്ലിന്‍റെ സ്‌കൂബാ ഡൈവര്‍മാര്‍ ഊളിയിട്ടത്. ഓരോ ദിവസവും ഇവര്‍ നടത്തുന്ന കടല്‍ ശുചീകരണ യാത്രകളില്‍ ചെറുതും വലുതുമായ നിരവധി വലകളാണ് ഇവര്‍ നീക്കം ചെയ്യുന്നത്.

നൈലോണ്‍ വലകള്‍ കടലില്‍ അകപ്പെട്ടാല്‍ 450 വര്‍ഷം വരെ നശിക്കാതെ കടല്‍ജീവികള്‍ക്കു ഭീഷണിയായി നിലനില്‍ക്കും എന്നാണ് യു എന്നിന്‍റെ കണ്ടെത്തല്‍, അനീഷ പറയുന്നു. ഒഴിവു ദിവസങ്ങളിലെല്ലാം ഇത്തരം പ്രവര്‍ത്തനങ്ങളില്‍ എഫ് എം എലിനൊപ്പം അനീഷ ചേരുന്നു.


കടലു നമ്മുടെ അന്നമല്ലേ. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്ളില്‍ നിറച്ചതങ്ങനെ നശിക്കുന്നതുകണ്ടു നില്‍ക്കാനാകുമോ.


Image for representation only: Photos- Pixabay.com

”തീരദേശവാസികളായ സ്ത്രീകള്‍ സ്‌കൂബാ ഡൈവിംഗ് പഠിക്കാത്തതില്‍ എനിക്കേറെ വിഷമമുണ്ട്. പക്ഷെ പറഞ്ഞിട്ട് കാര്യമില്ല അവരുടെ ചുറ്റുപാടുകള്‍ അങ്ങനെയാണ്. പക്ഷെ സാഹചര്യങ്ങള്‍ മാറുമ്പോള്‍ അതിലേക്ക് നമ്മളും എത്തിപ്പെടണം എന്നൊരു ചിന്താഗതി വേണം. തുറയില്‍ കാര്യങ്ങള്‍ പഴയതിലും വ്യത്യാസമാണ്. സ്ത്രീകളൊക്കെ കുറച്ചുകൂടി പഠനത്തില്‍ താല്‍പര്യം കാണിച്ചും മികവു പ്രകടിപ്പിച്ചും തുടങ്ങിയിട്ടുണ്ട്. മാത്രമല്ല കടലിലേക്കിറങ്ങാനൊക്കെ അവര്‍ ധൈര്യം കാട്ടി തുടങ്ങിയിരിക്കുന്നു. സ്‌കൂബാ ഡൈവിംഗിലേക്ക് കൂടുതല്‍ സ്ത്രീകള്‍ എത്തുമെന്നു തന്നെയാണ് എന്‍റെ പ്രതീക്ഷ. ഞാന്‍ ഇതിലെത്തിയതോടെ എന്‍റെ സമുഹത്തിലുള്ള സ്ത്രീകളുടെ കടലിനോടുള്ള പേടിയൊക്കെ കുറെയെങ്കിലും മാറിയിട്ടുണ്ട്,” അനീഷ അഭിമാനത്തോടെ പറയുന്നു.

“കടലില്‍ ഇറങ്ങാന്‍ സാഹചര്യമുണ്ടായിട്ടും അതില്‍ നിന്നും പിന്നോട്ടു പോകുന്നത് ഒരു വലിയ നഷ്ടം തന്നെയാണവര്‍ക്ക്. ഉപ്പുവെള്ളത്തില്‍ മുടിയൊക്കെ പോകും ചര്‍മ്മം വരളും എന്നൊക്കെ ചെറിയ ന്യായീകരണങ്ങള്‍ നിരത്തിക്കൊണ്ട്. പക്ഷെ സ്ഥിതിഗതികള്‍ കുറെയൊക്കെ മാറിയിരിക്കുന്നു.”

ഫ്രന്‍റ്സ് ഓഫ് മറൈന്‍ ലൈഫ് പ്രവര്‍ത്തകര്‍ കടലില്‍ നിന്നും പ്ലാസ്റ്റിക്കും പ്രേതവലകളും നീക്കം ചെയ്യുന്നത് തുടരുന്നു.: ഫോട്ടോയ്ക്ക് കടപ്പാട്: Friends of Marine Life/Facebook

സ്ത്രീകള്‍ വള്ളത്തില്‍ തൊടരുത്, വലയില്‍ തൊടരുത് തുടങ്ങിയ അന്ധവിശ്വാസങ്ങളൊക്കൊക്കെ ഒരു പരിധിവരെ കുറവു വരുത്താന്‍ അനീഷയുടെ ഈ നേട്ടങ്ങള്‍ക്കൊക്കെ ആയിട്ടുണ്ട്.

”സ്ത്രീകള്‍ക്ക് എപ്പോഴും തെരഞ്ഞെടുപ്പുകളില്‍ അവരുടേതായ പരിമിതികളുണ്ട്. ചുറ്റുമുള്ള സമുഹത്തിന്‍റെ കാഴ്ചപ്പാടും വ്യക്തിയുടെ തെരഞ്ഞെടുപ്പും വ്യത്യസ്തമായിരിക്കും.പക്ഷെ ഞാന്‍ തെരഞ്ഞെടുത്ത എന്‍റെ വഴിയും ഞാനടങ്ങുന്ന എന്‍റെ സമൂഹത്തിന്‍റെ കാഴ്ചപ്പാടും വളരെ വ്യത്യസ്തമായിരുന്നു. എങ്കിലും എന്‍റെ പരിമിതികള്‍ക്കപ്പുറത്തേക്ക് ഞാനെത്തപ്പെട്ടിരിക്കുന്നു. ഒരു വലിയ റിസ്‌ക്കായിരുന്നു ഞാനേറ്റെടുത്തത്. ഒരു പരിധിവരെ അതില്‍ വിജയിക്കാനായി എന്നതില്‍ ഏറെ സന്തോഷമുണ്ട്.” അനീഷ നേട്ടങ്ങളെക്കുറിച്ച് ആത്മവിശ്വാസത്തോടെയാണ് വിശദീകരിച്ചത്.

ഫ്രന്‍റ്സ് ഓഫ് മറൈന്‍ ലൈഫ് പ്രവര്‍ത്തകര്‍ കടലില്‍ നിന്നും പ്ലാസ്റ്റിക്കും പ്രേതവലകളും നീക്കം ചെയ്യുന്നത് തുടരുന്നു.: ഫോട്ടോയ്ക്ക് കടപ്പാട്: Friends of Marine Life/Facebook

”മാത്രമല്ല ഇപ്പോഴെന്‍റെ സമൂഹം എന്നെ അംഗീകരിക്കുന്നുണ്ട്. അതൊരു വലിയ സാമൂഹ്യമാറ്റമല്ലേ. ഇപ്പോള്‍ പെണ്‍കുട്ടികളെ വള്ളത്തിലും വലയിലുമൊക്കെ തൊടാന്‍ അനുവദിക്കുന്നു. മാത്രമല്ല മക്കളുടെ ഭാവി സുരക്ഷിതമാക്കാന്‍ എന്നേത്തേടി അമ്മമാരെത്തുന്നു. എന്തൊരു വലിയ ചേഞ്ച് ആണത്. മാത്രമല്ല ഞാനുള്‍പ്പടെയുള്ള സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വള്ളത്തിലും വലയിലുമൊക്കെ തൊടാനാകുന്നു.”

2016-ല്‍ ബ്രിട്ടീഷ് സര്‍ക്കാരിന്‍റെ ഡാര്‍വിന്‍ സ്‌കോളര്‍ഷിപ്പ് നേടിയ അനീഷ രാജ്യാന്തര തലത്തില്‍ വിവിധ ജേര്‍ണലുകളില്‍ പ്രബന്ധങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കൂടാതെ തീരദേശ മേഖലയെ പ്രതിനിധീകരിച്ച് നിരവധി രാജ്യാന്തര, ദേശീയ സമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.എന്നാല്‍ സ്ഥിരമായ ഒരു ജോലി എന്നതിലുപരി മറൈന്‍ റിസേര്‍ച്ചില്‍ തുടരാനാണ് അനീഷയുടെ താല്‍പര്യം. മാത്രമല്ല,മല്‍സ്യത്തൊഴിലാളികളേക്കുറിച്ചുള്ള പരമ്പരാഗത അറിവും ശാസ്ത്രീയ ഗവേഷണവും സമന്വയിപ്പിച്ച് അതില്‍ പിഎച്ച്ഡി ചെയ്യാനാണ് അനീഷയുടെ തീരുമാനം.

ഭര്‍ത്താവിനൊപ്പം

ഇപ്പോള്‍ കേരളാ ജൈവവൈവിധ്യ ബോര്‍ഡില്‍ ഡാറ്റാ അനലിസ്റ്റായി ജോലി ചെയ്യുന്ന അനീഷ ഈയടുത്ത് വിവാഹിതയായി. മുന്നോട്ടുള്ള യാത്രകള്‍ക്ക് കൂട്ടായി ഇപ്പോള്‍ ഭര്‍ത്താവ് ഷൈന്‍ ബെന്നിയും ഒപ്പമുണ്ട്. തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ ഡൊമസ്റ്റിക് കാര്‍ഗോയില്‍ ജീവനക്കാരനാണ് അദ്ദേഹം.


ഇതുകൂടി വായിക്കാം: കടലില്‍ നിന്നും 13.5 ടണ്‍ പ്ലാസ്റ്റിക്, തീരത്തുനിന്നും 10 ലോഡ് മദ്യക്കുപ്പി; ട്രോളുകളില്‍ പതറാതെ ഒരു മത്സ്യത്തൊഴിലാളിയുടെ ഹരിതദൗത്യം


ഫോട്ടോകള്‍ക്ക് കടപ്പാട്: അനീഷ ആനി ബെനഡിക്ട്, ഫ്രന്‍റ്സ് ഓഫ് മറൈന്‍ ലൈഫ്.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

Promotion
ഗീതു ചന്ദ്രകാന്ത്

Written by ഗീതു ചന്ദ്രകാന്ത്

പന്ത്രണ്ടു വർഷമായി മാധ്യമരംഗത്ത് സജീവം. മനോരമാ ന്യൂസിൽ ട്രയിനി റിപ്പോർട്ടറായി തുടക്കം. ഡി സി ബുക്സ് ദുബായി മീഡിയാ കോർഡിനേറ്ററായി പ്രവർത്തിച്ചു. വിവർത്തകയും ലൈഫ് കോച്ചും സാമൂഹ്യ പ്രവർത്തകയുമാണ്.

One Comment

Leave a Reply
  1. Very interesting article about our sister Mrs. Aneesha Ani Benedict, our pride. My sincere congrats to her because she is the daughter of the sea. Thank you for such a nice article illustrated with super photographs.

Leave a Reply

Your email address will not be published. Required fields are marked *

‘ഞാനൊരു വേള്‍ഡ് കപ്പ് താരമാണെന്നൊക്കെ മക്കള്‍ പോലും വൈകിയാണ് അറിഞ്ഞത്’: ഇന്‍ഡ്യയ്ക്കുവേണ്ടി ലോകകപ്പില്‍ ബൂട്ടണിഞ്ഞ ആദ്യമലയാളി വനിതയുടെ കായികജീവിതം

മലയാളം മീഡിയത്തില്‍ പഠിച്ച് പാരീസില്‍ സ്കോളര്‍ഷിപ്പോടെ ശാസ്ത്രഗവേഷണം: മാതൃഭാഷയെയും പൊതുവിദ്യാലയങ്ങളെയും കുറിച്ച് തേജസ്വിനി