Varghese Tharakan promoter of Ayur Jack
Varghese Tharakan

അഞ്ചരയേക്കര്‍ റബര്‍ വെട്ടി പ്ലാവുനട്ട തൃശ്ശൂര്‍ക്കാരന്‍: വൈറലായ ആയുര്‍ ജാക്കിന്‍റെ കഥ

ഇന്ന് വര്‍ഗീസ് തരകന്‍റെ തോട്ടം കാണാന്‍ വിദേശത്തുനിന്നുപോലും ആളുകളെത്തുന്നു.

കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് കുറുമാല്‍ കുന്നിലെ അഞ്ചേക്കര്‍ റബര്‍ തോട്ടം മുഴുവനായും വെട്ടി അവിടെ പ്ലാവ് നടാന്‍ വര്‍ഗീസ് തരകന്‍ തീരുമാനിച്ചപ്പോള്‍ പല തൃശ്ശൂര്‍ക്കാരും ചിരിച്ചു,  “ആ ഗെഡിക്ക് കിളി പോയാ?”

എങ്ങനെ പറയാതിരിക്കും. ആറുമുതല്‍ 12 വര്‍ഷം വരെ പ്രായം ചെന്ന റബര്‍ മരങ്ങളാണ് അടിയോടെ വെട്ടിക്കളഞ്ഞത്.  അതില്‍ പലതും ടാപ്പിങ്ങ് തുടങ്ങിയതായിരുന്നു. വര്‍ഗീസ് തരകന്‍റെ തന്നെ വാക്കുകളില്‍ അവിടെ നിന്ന് മാസം ഒന്നര ലക്ഷം വരെ വരുമാനം കിട്ടുമായിരുന്നു.

വര്‍ഗ്ഗീസ് തരകന്‍. ഫോട്ടോ: ഫേസ്ബുക്ക്

വട്ടല്ലെങ്കില്‍ പിന്നെ എന്ത് എന്നല്ലെ…?  കൃഷിയോടുള്ള പ്രേമം മൂത്ത് വട്ടായതാണ്.

പക്ഷേ, ഇന്ന് വര്‍ഗീസ് തരകന്‍റെ തോട്ടം കാണാന്‍ വിദേശത്തുനിന്നുപോലും ആളെത്തുന്നു. കാരണം ഒരു കുഞ്ഞന്‍ പ്ലാവാണ്. വര്‍ഷം മുഴുവനും ചക്ക തരുന്ന ആയുര്‍ ജാക്ക്.

ഇന്ന് ഈ തൃശ്ശൂര്‍ക്കാരന്‍റെ തോട്ടം നിറയെ പ്ലാവാണ്. വര്‍ഷം മുഴുവന്‍ ഫലം തരുന്ന  പ്ലാവുകളില്‍ നിറയെ ചക്ക. തൃശ്ശൂര്‍ വേലൂര്‍ പഞ്ചായത്തിലെ ഈ തോട്ടം ഇന്ന് ഒരു ചക്ക യൂനിവേഴ്‌സിറ്റിയാണ്.

ചെറിയ വളപ്പുകളിലും വേണമെങ്കില്‍ ടെറസിലും കൃഷി ചെയ്യാവുന്ന ഇനം കുഞ്ഞന്‍ പ്ലാവ്. ആയുര്‍ ജാക്ക് എന്ന ഈ ഇനം ഏറിവന്നാല്‍ എട്ട് അടി ഉയരം വെക്കും. ഒരു കൈനീട്ടിയാല്‍ നല്ല വരിക്കച്ചക്ക പറിച്ചെടുക്കാം. നല്ല പരിചരണം കൊടുത്താല്‍ ഒന്നൊന്നര വര്‍ഷത്തിനുള്ളില്‍ കായ് പിടിച്ചുതുടങ്ങുകയും ചെയ്യും.

ആയുര്‍ ജാക്ക്. ​ഫോട്ടോ: ഫേസ്ബുക്ക്​

വര്‍ഗ്ഗീസ് തരകന്‍ ശരിക്കും ഒരു ചക്ക ഫാന്‍ ആണ്. ചക്കയെക്കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ നൂറു നാവാണ്. ആര്‍ക്കും കഴിക്കാവുന്ന ഉത്തമ ഭക്ഷണം ആണിതെന്ന് അദ്ദേഹം പറയും. പ്രമേഹരോഗികള്‍ക്കും നല്ലത്. ഗ്ലൂട്ടന്‍ അടങ്ങിയിട്ടില്ലാത്തതിനാല്‍ ഗ്ലൂട്ടന്‍ അലര്‍ജിയുള്ളവര്‍ക്കും കഴിക്കാം.

“ഞാനൊരു എട്ടരക്കൊല്ലമായി ചക്കേടെ പിന്നാലെ നടക്കാന്‍ തുടങ്ങിയിട്ട്,” വര്‍ഗ്ഗീസ് തരകന്‍ ദ ബെറ്റര്‍ ഇന്‍ഡ്യയോട്  മനസ്സുതുറന്നു. “എല്ലാം സ്വന്തം നിലക്കങ്ങ് ചെയ്തു തുടങ്ങിയതാണ്. ഇവിടെ യജമാനനും ഭൃത്യനും കാര്യക്കാരനും ഒക്കെ ഞാന്‍ തന്നെ,”  ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.


ഒരാളും എടുക്കാത്ത റിസ്കും ഞാനെടുക്കും, പ്രത്യേകിച്ചും കൃഷിയുടെ കാര്യത്തില്‍


ചെരിഞ്ഞ കുന്നിന്‍ പ്രദേശത്ത് തട്ടുതട്ടായാണ് വര്‍ഗീസ് തരകന്‍റെ ആയുര്‍ ജാക്ക് തോട്ടം. ഓരോ പ്ലാവും മത്സരിച്ചു കായ്ക്കുന്നു. തോട്ടത്തില്‍ വീഴുന്ന ഒരു തുളളി മഴപോലും പാഴായിപ്പോകാതെ നോക്കുന്നതിനുള്ള മഴക്കൊയ്ത്ത് സംവിധാനം ഇവിടെയുണ്ട്. കുന്നിന്‍ ചെരിവില്‍ വിലങ്ങനെ ട്രെഞ്ചുകള്‍ കീറിയാണ് മഴവെള്ള സംഭരണം. കുന്നിലെ മഴവെള്ള റീച്ചാര്‍ജ് പ്രദേശത്തെ ഭൂഗര്‍ഭ ജലവിതാനത്തിലും ഗുണപരമായ മാറ്റങ്ങളുണ്ടാക്കി. അത് ചുറ്റുമുള്ള 35ലധികം വീട്ടുകിണറുകളില്‍ വര്‍ഷം മുഴുവന്‍ ജലലഭ്യത ഉറപ്പുവരുത്തുന്നു.

ആയുര്‍ ജാക്ക്. ​ഫോട്ടോ: ഫേസ്ബുക്ക്​

വര്‍ഷത്തില്‍ 365 ദിവസവും ചക്ക ലഭിക്കുന്ന കേരളത്തിലെ ഒരേയൊരു തോട്ടം ഇതാണ്.

ലോകകപ്പ് ഫുട്‌ബോള്‍ നടക്കുന്ന കാലത്ത് വര്‍ഗീസ് തരകന്‍ ഓരോ ടീമിന്‍റെ പേരിലും പ്ലാവ് നട്ട് ഫുട്‌ബോളിനോടും പ്ലാവിനോടുമുള്ള തന്‍റെ സ്‌നേഹം വ്യക്തമാക്കി. 32 പ്ലാവുകളാണ് അന്ന് നട്ടത്, പങ്കെടുക്കുന്ന 32 ടീമുകളുടെ പേരില്‍.

മിക്കവാറും എല്ലാ മലയാളികളെയും പോലെ വര്‍ഗ്ഗീസ് തരകനും കടുത്ത ചക്കപ്രിയനാണ്. “ഒറ്റ ഇരിപ്പിന് ഒരു ചക്കമുഴുവന്‍ കഴിക്കുന്ന ആളാണ് ഞാന്‍,” എന്ന് പറയുമ്പോള്‍ യാതൊരു കുറ്റബോധവും അദ്ദേഹത്തിനില്ല. കാരണം, ലോകത്ത് ഇന്ന് കിട്ടാവുന്ന ഏറ്റവും നല്ല ഭക്ഷ്യവസ്തുക്കളില്‍ ഒന്നാണ് ചക്കയെന്ന് അദ്ദേഹം അടിയുറച്ചു വിശ്വസിക്കുന്നു. കാന്‍സറിനെപ്പോലും പ്രതിരോധിക്കാന്‍ കഴിയുന്ന അല്‍ഭുതഫലമാണിത്, വര്‍ഗ്ഗീസ് തരകന്‍ പറയുന്നു.

“ഞാന്‍ തൃശ്ശൂര്‍ അമല കാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പരിസര പ്രദേശത്താണ് ജനിച്ചുവളര്‍ന്നത്. ഇന്ന് അമല ട്രസ്റ്റിന്‍റെ ബോര്‍ഡ് മെമ്പറുമാണ്. ചെറുപ്പം മുതലേ നിരവധി കാന്‍സര്‍ രോഗികളെ കണ്ടാണ് വളര്‍ന്നത്, ” അദ്ദേഹം ചക്കയെ കണ്ടെത്തിയ കഥ പറയുന്നു.

​വര്‍ഗ്ഗീസ് തരകന്‍റെ ആയുര്‍ ജാക്ക് നഴ്സറി. ഫോട്ടോ: ഫേസ്ബുക്ക്​

“വര്‍ഷത്തില്‍ 50,000 പുതിയ കാന്‍സര്‍ രോഗികള്‍ കേരളത്തില്‍ ഉണ്ടാവുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്. അതിലൊരാള്‍ക്കെങ്കിലും എന്‍റെ ചക്ക കഴിച്ച് രോഗം ഭേദമാവുന്നുവെങ്കില്‍ അതല്ലെങ്കില്‍ രോഗബാധ കുറച്ചെങ്കിലും  വൈകിപ്പിക്കാന്‍ കഴിയുമെങ്കില്‍ അത് ഒരു പുണ്യപ്രവര്‍ത്തിയായി ഞാന്‍ കണക്കാക്കുന്നു.”  ഇതാണ് വര്‍ഗീസ് തരകനെ ചക്കയുടെ പ്രചാരകനാക്കുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന്.

“എന്‍റെ ഭാര്യവീട്ടില്‍ 35-ലധികം പ്ലാവുണ്ടായിരുന്നു. അതിലൊരെണ്ണം കല്ലിന്‍റെ ഇടയിലാണ് വളര്‍ന്നുവന്നത്. അതിന്‍റെ ചക്ക നല്ല രുചിയായിരുന്നു. അതിന്‍റെ കമ്പ് കോതിക്കൊടുക്കുന്തോറും കൂടുതല്‍ നന്നായി വളരുകയും നിറയെ ചക്ക വീണ്ടും ഉണ്ടാവുകയും ചെയ്യുമായിരുന്നു.

“ആ പ്ലാവ് മതില് കെട്ടാന്‍ വേണ്ടി മുറിക്കേണ്ടി വരുമെന്ന് ഉറപ്പായി. അപ്പോ അതീന്ന് ബഡ് തൈകള്‍ ഉണ്ടാക്കി നട്ടു. സത്യത്തില്‍ എനിക്കുവേണ്ടിയാണ് ആ പ്ലാവ് ബഡ് ചെയ്തെടുത്തത്,” അദ്ദേഹം വിശദീകരിക്കുന്നു.

“അഞ്ചേക്കര്‍…അത് ഫുള്ള് റബറായിരുന്നു. ആറും 12 -ഉം കൊല്ലം വളര്‍ച്ചയുള്ളതായിരുന്നു. വെട്ടി ടാപ്പ് ചെയ്ത് തൊടങ്ങീതാണ്. ഒന്നൊന്നര ലക്ഷം രൂപ മാസ വരുമാനം ശരാശരി ഉണ്ടായിരുന്നു. അതുമുഴുവന്‍ മുറിച്ചു കളഞ്ഞിട്ടാണ് ഈ ഒരു ആയുര്‍ ജാക്ക് തോട്ടം വെക്കുന്നത്,” വേലൂരിലെ കുറുമാല്‍ കുന്നില്‍ നിറഞ്ഞു നില്‍ക്കുന്ന ആയിരത്തിലധികം കുഞ്ഞന്‍ പ്ലാവുകളെക്കുറിച്ച് അദ്ദേഹം പറയുന്നു.


“ഇത് പരസഹായം ഇല്ലാതെ ഇത് പറിച്ചുകൊണ്ടുവരാം. ഒരു ചെറിയ കുട്ടിയോട് പോയി ചക്ക പറിച്ചോണ്ട് വരാന്‍ പറഞ്ഞാല്‍ ഒരു കത്തികൊണ്ടുപോയി മുറിച്ചോണ്ടുവരാം. നല്ല വെയിലുള്ള സ്ഥലത്ത് നല്ല പരിചരണം കൊടുത്തു വളര്‍ത്തിയാല്‍ ഒന്നരവര്‍ഷം കൊണ്ട് കായ്ക്കും.”

ജൈവരീതിയിലാണ് കൃഷി. വളം ആട്ടിന്‍കാട്ടം, ചാണകപ്പൊടി, എല്ലുപൊടി മാത്രമാണ് ഇടുന്നത്.


ഇതുകൂടി വായിക്കാം:  പ്രകാശം പരത്തുന്ന ഒരു മനുഷ്യന്‍


10 കിലോ പച്ചച്ചാണകം, 10 കിലോ കപ്പലണ്ടിപ്പിണ്ണാക്ക്. ഒരു കിലോ ഉണക്കപ്പയര്‍ വേടിച്ച് പൊടിപ്പിച്ച പൊടി, ഒരു കിലോ ശര്‍ക്കര, ഒരുകിലോ ഈ പറമ്പിലെ പൊടിമണ്ണ്. ഇതെല്ലാം കൂടി എടുത്ത് ഇരുപത് കിലോ വെള്ളത്തില്‍ കലക്കിവെച്ച് പതിനഞ്ച് ദിവസം രണ്ടുനേരവും കലക്കും. പതിനഞ്ച് ദിവസം കഴിഞ്ഞാല്‍ ഒരു ലിറ്റര്‍ വെള്ളം അതീന്നെടുത്ത് 100 ലിറ്റര്‍ വെള്ളത്തിലേക്ക് ഒഴിച്ച് മിക്‌സ് ചെയ്ത് ഓരോ ലീറ്റര്‍ വെളളം ഓരോ പ്ലാവിന്റെ കടയ്ക്കലും പതിനഞ്ച് ദിവസം ഇടവിട്ട് ഒഴിക്കുന്നുണ്ട്. അത് മാത്രമാണ് വളം.

ആയുര്‍ ജാക്ക്. ​ഫോട്ടോ: ഫേസ്ബുക്ക്​

“ചെരിവുള്ള പ്രദേശത്താണ് എന്‍റെ തോട്ടം. അമ്പത് വര്‍ഷമായി കുടിക്കാന്‍ വെള്ളമില്ലാത്ത ഒരു പ്രദേശം. അവിടെ കേരള സാമൂഹ്യ ജലക്ഷേമ സമിതി നെതര്‍ലാ‍ന്‍റ്സ്  ഗവണ്‍മെന്‍റിന്‍റെ സഹായത്തോടെ 1995 ല്‍ ഒരു 65 വീട്ടുകാര്‍ക്ക് വെള്ളം സപ്ലൈ ചെയ്തിരുന്നു. ഒരു ബോര്‍വെലില്‍ നിന്നായിരുന്നു വെള്ളം കണ്ടെത്തിയത്. ആ ബോര്‍വെല്‍ 2012ല്‍ വറ്റിപ്പോയി.”

തുടര്‍ന്നാണ് വര്‍ഗ്ഗീസ് തരകന്‍ തന്‍റെ അഞ്ചര ഏക്കര്‍ ഭൂമിയില്‍ തട്ടുകളും ട്രെഞ്ചും ചേര്‍ന്ന മഴവെള്ളക്കൊയ്ത്ത് തുടങ്ങിയത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ചുറ്റുവട്ടത്തുള്ള വീടുകളിലെല്ലാം സമൃദ്ധമായി വെള്ളം ലഭിക്കാന്‍ തുടങ്ങി.

പ്രദേശത്തെ കുടിവെള്ള ക്ഷാമത്തെക്കുറിച്ച് പല പഠനങ്ങളും നടന്നിട്ടുണ്ട്. വര്‍ഗീസ് തരകന്‍റെ പരീക്ഷണം വിജയമായതോടെ ആ്‌സ്‌ത്രേലിയയിലെ അഡിലൈയ്ഡ് സര്‍വ്വകലാശാല മേധാവി ഡോ. ജോര്‍ജ്ജീന ഡ്ര്യൂ, ഹെലന്‍ പാമറുടെ നേതൃത്വത്തിലുള്ള ബി ബി സി സംഘം എന്നിവര്‍ പ്രദേശം സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചു.

 

എ ഡി ജി പി ബി സന്ധ്യ ആയുര്‍ ജാക്ക് നടുന്നു.ഫോട്ടോ: ഫേസ്ബുക്ക്​

പതിനേഴ് വര്‍ഷം മുമ്പാണ് കുറുമാല്‍കുന്നില്‍ സ്ഥലം വാങ്ങുന്നത്. നല്ല ചെരിവുള്ള റബര്‍ തോട്ടം. വേറെ കൃഷി ചെയ്യാന്‍ നോക്കിയപ്പോഴാണ് മനസ്സിലായത് വെള്ളത്തിന്‍റെ കാര്യം കഷ്ടമാണെന്ന്. മഴ പെയ്യുന്ന വെള്ളം അപ്പാടെ ഒലിച്ചുപോവും, മിനിറ്റുകള്‍ക്കുള്ളില്‍.

അങ്ങനെയാണ് വെള്ളം ഒഴുകിപ്പോവാതിരിക്കാന്‍ ട്രെഞ്ചിങ്ങ് സംവിധാനത്തെക്കുറിച്ച് ആലോചിച്ചത്. ഭൂമിക്ക് നടുവിലൂടെ വഴിവെട്ടി. തട്ടുതട്ടായി തിരിച്ച് ഓരോ തട്ടിനും താഴെ അത്രയും നീളത്തില്‍ രണ്ടടി താഴ്ചയില്‍ വെള്ളം തങ്ങിനില്‍ക്ക് ട്രെഞ്ചുകള്‍ കുഴിച്ചു. ഒഴുകിവരുന്ന മഴവെള്ളം ഈ കുഴികളിലേക്ക് തിരിച്ചുവിട്ടു. കുഴികളില്‍ നിന്നുള്ള മണ്ണ് എടുത്ത് തട്ടുകള്‍ ഉയര്‍ത്തി. ഒരു തുളളിവെള്ളം പോലും ഒഴുകിപ്പോവാതെ വര്‍ഗീസ് തരകന്‍ കൊയ്‌തെടുത്തു. കുത്തനെ ചെരിഞ്ഞ കുറുമാല്‍ കുന്നിനെ അങ്ങനെയാണ് ആ കര്‍ഷകന്‍ മെരുക്കിയെടുക്കുന്നത്.

“സെന്‍ട്രല്‍ വാട്ടര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ  കണക്കുകള്‍ പ്രകാരം കേരളത്തില്‍ ഒരു സെന്‍റ് സ്ഥലത്ത് 120,000 ലിറ്റര്‍ മഴവെള്ളം വര്‍ഷത്തില്‍ ലഭിക്കുന്നുണ്ടെ്. എന്നിട്ടും ഇവിടെ ജലക്ഷാമമാണ്. ഇത്തവണ 42 ശതമാനം അധികം മഴ ലഭിച്ചു. അതാണ് പ്രളയമായത്. ഈ പ്രളയത്തിലും എന്‍റെ തോട്ടത്തിന് ഒന്നും സംഭവിച്ചില്ല. മുഴുവന്‍ പ്രളയ ജലവും ഇവിടെ സംഭരിച്ചു. അതെല്ലാം ഭൂഗര്‍ഭജലമായി മാറി. ചുറ്റുമുള്ള 35 വീടുകളിലെ കിണറുകളിലേക്ക് അത് നീരുറവയായി എത്തുന്നു,” വര്‍ഗ്ഗീസ് തരകന്‍ തന്‍റെ മഴവെള്ളക്കൊയ്ത്തിന്‍റെ വിജയത്തില്‍ അഭിമാനം കൊള്ളുന്നു.

WATCH: ആയുര്‍ ജാക്ക് തോട്ടത്തില്‍ നിന്നും

വെള്ളവും ഭക്ഷണവും മാത്രമല്ല, ശുദ്ധവായുവും ആരോഗ്യവും നല്‍കുന്ന ഒരു  വലിയ പാക്കേജാണ് പ്ലാവുകൃഷിയെന്നാണ് ഈ കര്‍ഷകന്‍ പറയുന്നത്.

ഒരു പ്ലാവ് വര്‍ഷത്തില്‍ 13.6 ടണ്‍ ഓക്‌സിജന്‍ പുറത്തേക്ക് വിടുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്‍റെ തോട്ടത്തിലെ ആയിരം പ്ലാവുകള്‍ ചേര്‍ന്നാല്‍ വര്‍ഷം 13,160 ടണ്‍ ഓക്‌സിജന്‍ പുറത്തേക്ക് വിടുന്നു, വര്‍ഗ്ഗീസ്  തരകന്‍ പറയുന്നു.


ഇതുകൂടി വായിക്കാം:പത്രം വിറ്റുകിട്ടുന്ന പണം കൊണ്ട് കൊറ്റില്ലം കാക്കുന്ന 16-കാരന്‍


റബര്‍ വെട്ടി ചക്ക വെക്കാന്‍ പോവുന്നതൊക്കെ റിസ്കല്ലേ എന്ന് ചോദിച്ചപ്പോള്‍ ആ കര്‍ഷകന്‍ ചിരിച്ചു. “ചെറുപ്പം മുതലേ റിസ്ക് എടുക്കാന്‍ വല്യ താല്‍പര്യമാണ്. വലിയ റിസ്കെടുക്കും–ഒരാളും എടുക്കാത്ത റിസ്കും ഞാനെടുക്കും, പ്രത്യേകിച്ചും കൃഷിയുടെ കാര്യത്തില്‍… ”

ഓട്ടോമൊബൈല്‍ എ‍ന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ നേടിയ വര്‍ഗ്ഗീസ് തരകന് പി എസ് സി വഴി ക്ലാര്‍ക്കായി ജോലി കിട്ടിയതാണ്. എന്നാല്‍ ഉള്ളിലെ കൃഷി പ്രേമത്തോളം വരില്ലായിരുന്നു സര്‍ക്കാര്‍ ഉദ്യോഗം. പിന്നെ, ഒരാളും എടുക്കാത്ത റിസ്ക് എടുക്കാനുള്ള ധൈര്യം ഉള്ളിലുള്ളപ്പോള്‍ എന്ത് സര്‍ക്കാര്‍ ഉദ്യോഗം? ജോലിക്കൊന്നും പോയില്ല.

ജസ്ററിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ ആയുര്‍ ജാക്ക് തോട്ടം സന്ദര്‍ശിച്ചപ്പോള്‍. ​ഫോട്ടോ: ഫേസ്ബുക്ക്​

കുറുമാല്‍ കുന്നിലെ അഞ്ചരയേക്കര്‍ കൂടാതെ അഞ്ചുപത്തേക്കര്‍ വെറെയുമുണ്ട് എന്ന് വര്‍ഗ്ഗീസ് തരകന്‍. “അതില്‍ തെങ്ങ്, കവുങ്ങ്, റബര്‍ എല്ലാമുണ്ട്. റബര്‍ ഞാന്‍ കുറേശ്ശെയായി ഒഴിവാക്കുകയാണ്. അതില്‍ ആയുര്‍ ജാക്ക് നട്ടുവരുന്നു.”

ചക്കകൃഷിയിലേക്ക് തിരിഞ്ഞപ്പോള്‍ റിട്ടയേഡ് ചീഫ് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരുടെ അകമഴിഞ്ഞ പ്രോത്സാഹനവും പിന്തുണയും ഉണ്ടായിരുന്നുവെന്ന് വര്‍ഗ്ഗീസ് തരകന്‍ ഓര്‍ക്കുന്നു.

ഭാര്യ സന്ധ്യ വര്‍ഗ്ഗീസ് അഭിഭാഷകയാണ്. മകള്‍ വര്‍ഷ ഏഴാം ക്ലാസ്സിലും മകന്‍ വരുണ്‍ രണ്ടാംക്ലാസ്സിലും പഠിക്കുന്നു.

ജലസംരക്ഷണപരിപാടികളില്‍ സ്വന്തമായ പരീക്ഷണം നടത്തി വിജയം കണ്ട ഈ കര്‍ഷകനെത്തേടി സംസ്ഥാന സര്‍ക്കാരിന്‍റെ ക്ഷോണീമിത്ര പുരസ്കാരവും എത്തി.

“ഇവിടെ വന്ന് കാണുന്ന വിദേശികള്‍ക്കൊക്കെ ചക്ക വേണം. കയറ്റുമതി ചെയ്യാമോ എന്ന് അന്വേഷിച്ച് ആറു രാജ്യങ്ങളില്‍ നിന്ന് ആളുകളെത്തി,” വര്‍ഗ്ഗീസ് ചെറിയാന്‍ പറയുന്നു. “ഇപ്പോള്‍ പക്ഷേ, ഇവിടെയുള്ള ആവശ്യക്കാര്‍ക്ക് കൊടുക്കാന്‍ തികയുന്നില്ല. തോട്ടത്തില്‍ മുപ്പതോളം ജോലിക്കാരുണ്ട്. അവര്‍ക്കൊക്കെ ചക്ക കൊടുക്കും,” അദ്ദേഹം പറഞ്ഞു.

വര്‍ഗ്ഗീസ് തരകനുമായി ബന്ധപ്പെടാനും അദ്ദേഹത്തിന്‍റെ ചക്കവിപ്ലവത്തെക്കുറിച്ചറിയാനും: ഫേസ്ബുക്ക്, ഫോണ്‍: 9447738074

അഭിപ്രായം അറിയിക്കൂ:malayalam@thebetterindia.com നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.
സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം