‘കൊക്കുകളെ എന്നും കാണണം, ഭക്ഷണം കൊടുക്കണം’: പത്രം വിറ്റുകിട്ടുന്ന പണം കൊണ്ട് കൊറ്റില്ലം കാക്കുന്ന 16-കാരന്‍

ദേശാടനക്കൊക്കുകള്‍ കുഞ്ഞുങ്ങളുമായി പറന്നുപോകുന്നതുവരെ കൊറ്റില്ലത്തെ നോക്കണം. കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കൊടുക്കണം. അത്രയേ ഉള്ളൂ സിയാസിന്

നാടുണരുന്നതിന് മുമ്പേ മുഹമ്മദ് സിയാസ് പത്രവിതരണത്തിന് പോവും. അതുകഴിഞ്ഞ് ആറരയാവുമ്പോഴേക്കും തിരിച്ചെത്തും.
 
പിന്നെ, ഒട്ടും സമയം കളയാതെ തന്‍റെ കുട്ടത്തോണി തുഴഞ്ഞ് പനമരത്തെ കൊറ്റില്ലത്തിലേക്കെത്തും, എല്ലാ ദിവസവും.

കബനിയുടെ തീരത്തെ കൊറ്റില്ലത്തില്‍  ആ പതിനാറുകാരനെക്കാത്ത് നിരവധി പേരുണ്ടാവും.

​സിയാസ് കുട്ടവഞ്ചിയുമായി കൊറ്റില്ലത്തിലേക്ക്​

പലതരം കൊക്കുകൾ, നിരവധി പക്ഷികൾ… വയനാടും കബനീനദിയും ഇപ്പോഴും കാത്തുവെച്ചിരിക്കുന്ന പച്ചത്തുരുത്തുകൾ തേടി ആയിരക്കണക്കിന് മൈലുകൾ താണ്ടി പറന്നെത്തിയ പല പേരുകളുള്ള അതിഥികൾ.

വളരെ ചെറുപ്പത്തിലേ സിയാസ് ഈ പക്ഷിക്കൂട്ടങ്ങളുമായി ചങ്ങാത്തത്തിലായി. ഓരോ ദിവസം ചെല്ലുംതോറും ആ കൊറ്റില്ലങ്ങളോടും പക്ഷികളോടുമുള്ള അവന്‍റെ അടുപ്പം വളർന്നതേയുള്ളൂ.

വീട്ടില്‍ നിന്നാല്‍ കാണാം പുഴക്കു നടുവില്‍ കൊറ്റില്ലം. അവന്‍റെ കയ്യിൽ പക്ഷികൾക്കുള്ള ധാന്യമണികൾ ഉണ്ടാവും. മുളങ്കൂട്ടങ്ങളിലും പ്ലാസ്റ്റിക് മാലിന്യങ്ങളിലും ചിറകുകുടുങ്ങിക്കിടക്കുന്ന ചെറുപക്ഷികളെ രക്ഷിക്കും. എല്ലാവർക്കുമുള്ള ഭക്ഷണം വിതറും.

“ഗോതമ്പ് കൊടുക്കും. പിന്നെ പഴക്കടയില്‍ നിന്നുള്ള വേസ്റ്റ് കൊത്തിമുറിച്ച് കൊണ്ടുപോവും. കുഞ്ഞുങ്ങള്‍ വന്ന് തിന്നോളും,” എന്ന് സിയാസ്. സമയം കിട്ടിയാല്‍ സിയാസ് ഉച്ചയ്ക്കും വൈകീട്ടും കൊറ്റില്ലത്തിലെത്തും, പ്രത്യേകിച്ചും ദേശാടനപ്പക്ഷികള്‍ വരുന്ന മാസങ്ങളില്‍.

“വീട്ടില്‍ നിന്നാല് കാണാം… ചെറുപ്പത്തിലേ കാണുന്നതാ (ഈ പക്ഷികളെ).. സ്ഥിരം കാണുമ്പോ പാവങ്ങളാന്ന് തോന്നും. വര്‍ഷത്തില്‍ ഒരിക്കല്‍ വരുന്നവരല്ലേ… നമ്മടെ വിരുന്നുകാരല്ലേ,” സിയാസ് തന്‍റെ പക്ഷിപ്രേമത്തിന് പിന്നിലെന്താണെന്ന് പറയുന്നു.

“കൊറേ കൊക്ക് വരും, കൊക്ക് നീണ്ടത്, ചോന്ന കൊക്ക്, വലിയ വെള്ളക്കൊക്ക്…12 തരം കൊക്കുകള്‍ വരും സീസണില്‍…”

മുഹമ്മദ് സിയാസ്

പക്ഷിനിരീക്ഷകരെപ്പോലെ പേരും ശാസ്ത്രീയനാമവുമൊന്നും പറയാന്‍ സിയാസിനറിഞ്ഞുകൂട. ഏതെങ്കിലും പരിസ്ഥിതിക്ലബിലോ കൂട്ടായ്മയിലോ അംഗവുമല്ല. മുട്ടിയിട്ട് വിരിഞ്ഞ് കുഞ്ഞുങ്ങളുമായി പറന്നുപോകുന്നതുവരെ കൊറ്റികളെയും കൊറ്റില്ലത്തെയും നോക്കണം. കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കൊടുക്കണം. അത്രയേ ഉള്ളൂ.

“ഞാനങ്ങനെ കാര്യായിട്ടൊന്നും ചെയ്യുന്നില്ല… എല്ലാ ദിവസോം ചെല്ലും, രണ്ടുനേരം. ഭക്ഷണം കൊടുക്കും…അത്രയേ ഉള്ളൂ,” എന്ന് ആ പതിനാറുകാരന്‍ പറയുന്നു.

ആരുടെയെങ്കിലും പ്രേരണ കൊണ്ടു ചെയ്യുന്നതുമല്ല. ഒരു സന്തോഷത്തിന് ചെയ്യുന്നു. ചിലപ്പോള്‍ വൈകുന്നേരങ്ങളില്‍ കൊറ്റില്ലത്തിലേക്ക് തുഴയുമ്പോള്‍ കൂട്ടുകാരാരെയെങ്കിലും കൂട്ടും.

സിയാസിന്‍റെ കുട്ടവഞ്ചിക്കും പറയാനുണ്ട്, പക്ഷികളോടുള്ള ചങ്ങാത്തത്തിന്‍റെ കഥ. തുരുത്തിലേക്ക് തനിക്ക് തോന്നുമ്പോഴെല്ലാം ചെന്നെത്താന്‍ സിയാസ് സ്വയം തൊഴിലെടുത്തുണ്ടാക്കിയ പണം കൊണ്ട് വാങ്ങിയതാണാ വഞ്ചി. “ഉപ്പാടെ കൂടെ മൈസൂര് പോവുന്ന വഴിക്ക് ഉപ്പാടെ ഒരു കൂട്ടുകാരന്‍റെ കയ്യീന്ന് മേടിച്ചതാ. പതിനയ്യായിരം രൂപ കൊടുത്തു,” സിയാസ്  കുട്ടവഞ്ചിയെക്കുറിച്ച് പറയുന്നു.

Watch: മുഹമ്മദ് സിയാസ് കൊറ്റില്ലത്തില്‍ നിന്ന് മടങ്ങുന്നു. (ഇയര്‍ഫോണ്‍ ഉപയോഗിച്ചാല്‍ പക്ഷികളുടെ സംഘഗാനം കേള്‍ക്കാം)

പത്രവിതരണത്തിനുപോയും മറ്റു ചെറിയ ജോലികള്‍ എടുത്തും സ്വരൂപിച്ച പണമെടുത്താണ് പാണ്ടി (കുട്ടവഞ്ചി) വാങ്ങിയതെന്ന് സിയാസ് കൂട്ടിച്ചേര്‍ക്കുന്നു. “ഇതിനുംവേണ്ടിയാ (കൊറ്റില്ലത്തിലേക്ക് പോവാന്‍) വാങ്ങിച്ചേ… പിന്നെ ‍ഞാന്‍ വലയിടും.. അതിനായിട്ടും കൂടി വാങ്ങീതാ,” സിയാസ് പറഞ്ഞു.

കുട്ടവഞ്ചി കേടുവന്നതിന്‍റെ വിഷമവും പരാതിയും ഫോണ്‍ സംഭാഷണത്തിനിടയില്‍ മൂന്ന് വട്ടം പറ‍ഞ്ഞു, സിയാസ്.


ഇതുകൂടി വായിക്കാം: കടിച്ചത് ശംഖുവരയനാ… അമ്മ എന്നോട് നോക്കാന്‍ പറഞ്ഞു: വനമുത്തശ്ശി ആ കഥ പറയുന്നു


“പ്രളയകാലത്ത് എന്‍റെ വള്ളവും കൊടുത്തു, രക്ഷാപ്രവര്‍ത്തനത്തിന്. അത് പൊട്ടിപ്പോയി..”

“പഞ്ചായത്തില്‍ അപേക്ഷ കൊടുത്തിട്ടുണ്ട്. വള്ളം നന്നാക്കിയെടുക്കാന്‍ സഹായം ചോദിച്ച്. ഇതുവരെ ഒരു മറുപടിയുമില്ല,” സിയാസ് പരിഭിവിക്കുന്നു.

പുഴയില്‍ സ്വാഭാവികമായി രൂപപ്പെട്ട ഒന്നരഏക്കര്‍  തുരുത്താണ് പക്ഷികൾ കയ്യേറി സ്വന്തമാക്കിയത്.

കൊറ്റില്ലം. (Photo for representation) ഫോട്ടോ: Pixabay

മലയാള മനോരമയിലെ ഒരു വാര്‍ത്ത കണ്ടാണ് സിയാസിനെ ബന്ധപ്പെടാന്‍ ടി ബി ഐ ശ്രമിച്ചത്. വാര്‍ത്തയിലെ സൂചന അനുസരിച്ച് നീര്‍വ്വാരം ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്കൂളുമായി ബന്ധപ്പെട്ടു.

സിയാസിന്‍റെ പേരുപറഞ്ഞപ്പോഴേക്കും പ്രിന്‍സിപ്പല്‍ സ്വര്‍ഗിണി ടീച്ചര്‍ക്ക് അവനെ മനസ്സിലായി. “ഞാന്‍ രണ്ടുതവണ സിയാസിന്‍റെ വീട്ടില്‍ പോയിരുന്നു. എനിക്കറിയാം. അവിടെ ചെന്നപ്പോള്‍ പക്ഷികളുടെ കാര്യമൊക്കെ അവന്‍ എന്നോട് പറഞ്ഞു. അപ്പോഴാണ് ആ കുട്ടിക്ക് അങ്ങനെ ചില ആക്ടിവിറ്റീസ് ഒക്കെ ഉണ്ടെന്ന് മനസ്സിലായത്,” ടീച്ചര്‍ വിശദീകരിച്ചു.

കുറേക്കാലമായി സ്കൂളില്‍ ചെല്ലാതിരുന്ന സിയാസിനെ സ്കൂളിലേക്ക് കൂട്ടിക്കൊണ്ടുപോകാനാണ് സ്വര്‍ഗിണി ടീച്ചര്‍ തേടിയെത്തിയത്. പ്ലസ് വണ്‍ ക്ലാസില്‍ കുറച്ചുകാലം മാത്രമേ സിയാസ് ചെന്നുള്ളു. പിന്നെ സ്കൂളില്‍ പോവാതായി. ‌‌
കാരണമന്വേഷിച്ചപ്പോള്‍ സിയാസിന്‍റെ മറുപടി ഇങ്ങനെ:

“ഇവിടെന്ന് കൊറച്ച് ദൂരമാണ് സ്കൂള്.., ഒരു ബസേ ഉളളൂ.”

മുഹമ്മദ് സിയാസ്

അതൊക്കെ ഒരു കാരണമാണോ സിയാസേ, സ്കൂളീപ്പോണ്ടേ?

“പിന്നെ…,” അവന്‍ ഒന്ന് മടിച്ചു. “ഞങ്ങളിത്തിരി പാവങ്ങളാ..”

ഒരു എല്ലുപീടികയില്‍ നില്‍ക്കുകയാണ് സിയാസിപ്പോള്‍. “പോത്തിന്‍റെ എല്ലും തോലുമൊക്കെ എടുക്കുന്ന കടയാണ്… അവിടെയാണിപ്പോ…” അവന്‍ പറഞ്ഞു. “കൊറ്റില്ലത്തുന്ന് കുറച്ചു ദൂരമേ ഉള്ളൂ,” എന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. അപ്പോഴും ആ കൗമാരക്കാരന്‍റെ മനസ്സില്‍ കൊറ്റില്ലവും പക്ഷികളും മാത്രം.

ഉപ്പ ഷംസുദ്ദീന് മീന്‍ കടയിലാണ് ജോലി. ഷംസുദ്ദീന്‍റെയും ആമിനയുടെയും മൂന്ന് മക്കളില്‍ ഇളയവനാണ് സിയാസ്.

നിര്‍ബന്ധിച്ചു പറഞ്ഞപ്പോള്‍ സിയാസ് ഉറപ്പുതന്നു, “അടുത്ത കൊല്ലം സ്കൂളില്‍ പോവും.”

****

പക്ഷികളുടെ തുരുത്ത് 

പനമരം കൊറ്റില്ലം. ഫോട്ടോ: ഫേസ്ബുക്ക്/ പ്രിന്‍സ് പാങ്ങാടന്‍

ദേശാടനക്കിളികൾ അടക്കം നിരവധി പക്ഷികളുടെ അഭയകേന്ദ്രമാണ് പനമരത്തെ ഈ തുരുത്ത്. നാലുപുറവും വെള്ളം. തുരുത്തിൽ നിറയെ മുളങ്കാടുകളും മരങ്ങളും. ശല്യങ്ങളിൽ നിന്നെല്ലാം അകന്ന് സ്വസ്ഥമായ ഒരിടം. നിരവധി ദേശാടനപ്പക്ഷികൾ പ്രജനനത്തിനായി തെരഞ്ഞടുക്കുന്നത് ഈ തുരുത്തുകളെയാണ്. മഴക്കാലമാവുമ്പോൾ കൊറ്റില്ലങ്ങൾ പക്ഷികളെക്കൊണ്ട് നിറയും.    

കേരളത്തെ മുക്കിയ പ്രളയം ഈ തുരുത്തുകളെയും ബാധിച്ചു. മണ്ണിടിഞ്ഞും വെള്ളം കയറിയും തുരുത്തുകൾ നാശോന്മുഖമായി. ഈ കൊറ്റില്ലങ്ങൾ ഇനിയെത്രകാലം കൂടി ഉണ്ടാകും എന്നതാണ് പക്ഷിപ്രേമികളെയും പ്രദേശവാസികളെയും വിഷമിപ്പിക്കുന്ന ചോദ്യം.
പക്ഷേ, സിയാസിനെപ്പോലുള്ള കുട്ടികളാണ് പ്രതീക്ഷ–നാടിന്‍റെയും, പക്ഷികളുടെയും. 

ഇതുകൂടി വായിക്കാം:ആക്രി പെറുക്കി നേടിയത് 9,500 രൂപ! നവകേരള നിര്‍മ്മിതിക്ക് ഈ സ്കൂള്‍ കുട്ടികള്‍ പണം കണ്ടെത്തിയത് ഇങ്ങനെ


പുഴയില്‍ സ്വാഭാവികമായി രൂപപ്പെട്ട ഒന്നരഏക്കര്‍  തുരുത്താണ് പക്ഷികൾ കയ്യേറി സ്വന്തമാക്കിയത്.  വയനാട്ടിലുണ്ടായിരുന്ന കൊറ്റില്ലങ്ങളെല്ലാം ഒന്നൊന്നായി ഇല്ലാതായപ്പോഴും പനമരത്തേയും കോട്ടത്തറയിലേയും തുരുത്തുകൾ ശേഷിച്ചു. അരിവാള്‍ കൊക്കിന്‍റെ കേരളത്തിലെ ഏക പ്രജനന കേന്ദ്രമായാണ് പനമരം കൊറ്റില്ലം അറിയപ്പെടുന്നത്. പാതിരാക്കൊക്ക് മുതൽ വലിയ വെള്ളരിക്കൊക്കുകൾ വരെ പനമരത്ത് ചേക്കേയണയുന്നു.

മൺസൂൺ തുടങ്ങുന്നതിന് തൊട്ടുമുമ്പ് പക്ഷികൾ വന്നുതുടങ്ങുന്നു. ജൂൺ മാസത്തോടെ കൊറ്റില്ലം പക്ഷികളുടെ പറുദീസയാകുന്നു. കൂടുണ്ടാക്കി, മുട്ടയിട്ട് വിരിയിച്ച് കുഞ്ഞുങ്ങളുമായി തണുപ്പുകാലമാവുമ്പോഴേക്കും (ഒക്ടോബർ) ദേശാടനക്കിളികൾ തിരികെപ്പറക്കുന്നു.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം