കാസര്‍ഗോഡുകാരന്‍ ഇലക്ട്രീഷ്യന്‍ ബിരിയാണി അരി കൃഷി ചെയ്തപ്പോള്‍ സംഭവിച്ചത്

തൊഴില്‍ വയറിംഗ് ആണെങ്കിലും 48-കാരന്‍ കുമാരന് ഇഷ്ടം  കൃഷി തന്നെയാണ്. പാട്ടത്തിനെടുത്ത ഭൂമിയില്‍ പച്ചക്കറി വിളവെടുപ്പിന് ശേഷമാണ് സുഗന്ധനെല്ല് വിതച്ചത്.

കാസര്‍ഗോഡ് ജില്ലയിലെ ഉദുമ പനയാല്‍ അരവത്തെ ടി വി കുമാരന്‍ ഇലക്ട്രീഷ്യനാണ്. പുലര്‍ച്ചെ നാലുമണിക്ക് ഉണര്‍ന്ന് പാടത്തേക്കിറങ്ങും. തിരിച്ച് വീട്ടിലെത്തുമ്പോള്‍ ഏഴരയെങ്കിലുമാവും. അതുകഴിഞ്ഞാണ് ഇലക്ട്രിക്കല്‍ പണികള്‍ക്കായി പോവുന്നത്.

കുമാരന്‍

പാട്ടത്തിനെടുക്കുന്ന ഭൂമിയിലാണ് കൃഷി. സാധാരണ പച്ചക്കറിയാണ് കൃഷി. എന്നാല്‍ ഇത്തവണ ബിരിയാണി (ബസുമതി) അരിയാണ് പരീക്ഷിച്ചത്.

മനസ്സില്‍ പേടിയുണ്ടായിരുന്നു. എന്നാല്‍ എല്ലാ ആശങ്കകള്‍ക്കും മുകളില്‍ സുഗന്ധനെല്ലിന്‍റെ കതിരുകള്‍ ഉയര്‍ന്നു. കൊടുംമഴയെപ്പോലും അതിജീവിച്ച് നൂറുമേനി വിളവ്. അതിന് പിന്നില്‍ കുമാരന്‍റെ അധ്വാനം മാത്രമല്ല, പുലരി എന്ന കാര്‍ഷികക്കൂട്ടായ്മയുടെ പിന്‍തുണ കൂടിയുണ്ട്.

എല്ലാ ആശങ്കകള്‍ക്കും മുകളില്‍ സുഗന്ധനെല്ലിന്‍റെ കതിരുകള്‍ ഉയര്‍ന്നു.

തൊഴില്‍ വയറിംഗ് ആണെങ്കിലും 48-കാരന്‍ കുമാരന് ഇഷ്ടം  കൃഷി തന്നെയാണ്. പരമ്പരാഗതമായി കാര്‍ഷിക കുടുംബത്തില്‍പെട്ട കുമാരന്‍ വര്‍ഷങ്ങളായി വീട്ടാവശ്യത്തിന് വേണ്ട നെല്ലും പച്ചക്കറികളുമെല്ലാം സ്വന്തമായി കൃഷി ചെയ്തുണ്ടാക്കുകയാണ്.

അരയത്ത് സ്കൂള്‍ കുട്ടികള്‍ പാടത്തിറങ്ങിയപ്പോള്‍. നാട്ടി ഉത്സവത്തിന്‍റെ ഭാഗമായാണ് ഞാറുനടല്‍ നടന്നത്.

നമ്മള്‍ കൃഷിചെയ്ത വിളവ് ഭക്ഷിക്കുമ്പോള്‍ ലഭിക്കുന്ന സന്തോഷം ഒന്നു വേറെ തന്നെയാണ്, കുമാരന്‍ പറയുന്നു.

കൃഷി നഷ്ടമെന്ന് പറഞ്ഞ് പാടങ്ങള്‍ തരിശ്ശിടുകയും ചെറുപ്പക്കാര്‍ വെള്ളക്കോളര്‍ ജോലി മാത്രം സ്വപന്ം കാണുകയും ചെയ്യുമ്പോള്‍ അരവത്തെ പുലരി ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ കൃഷിയെ സ്നേഹിക്കുന്ന സമൂഹത്തിന്‍റെ നാനാതുറയില്‍പെട്ടവര്‍ കൈകോര്‍ക്കുകയാണ്.


ഇതുകൂടി വായിക്കാം: ഏഴാംക്ലാസ്സില്‍ പഠിക്കുമ്പോ കിട്ടിയ ഇരട്ടപ്പേരാണ്… ആ പേരുകൊണ്ടാണിന്ന് റേഷനരി വാങ്ങുന്നത്’


അന്യംനില്‍ക്കുന്ന നെല്‍വിത്തിനങ്ങളെ സംരക്ഷിക്കാനും വിത്തുകള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിച്ച് കൃഷി വിപുലപ്പെടുത്താനുമാണ് ഇവരുടെ ശ്രമം. പുലരിയുടെ സജീവ പ്രവര്‍ത്തകനാണ് കുമാരന്‍.

അരയത്ത് സ്കൂള്‍ കുട്ടികള്‍ പാടത്തിറങ്ങിയപ്പോള്‍.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ‘നാട്ടി’ ഉല്‍സവം നടത്തി കുട്ടികള്‍ക്ക് കൃഷിയെ കുറിച്ച് അറിവ് നല്‍കി കൃഷി ഉത്സവമാക്കുകയായിരുന്നു പുലരി ക്ലബ്ബ്. വയനാട് സ്വാമിനാഥന്‍ ഫൗണ്ടേഷന്‍റെ സഹകരണത്തോടെ നടത്തിയ നാട്ടി ഉല്‍സവത്തില്‍ വയലിലെ ചെളിയില്‍ ഇറങ്ങി ഓടി കളിക്കാനും ഞാറ് നടാനും നിരവധി കുട്ടികളാണ് എത്തിയിരുന്നത്. വിജിലന്‍സ് മുന്‍ സി ഐ ബാലകൃഷ്ണന്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ ഈ ക്ലബ്ബിലെ സജീവ സാന്നിദ്ധ്യമാണ്.

പരമ്പരാഗതമായ ഓരോ നെല്ലിനത്തിന്‍റെയും ഗുണം കുമാരന് കൃത്യമായി അറിയാം

‘പാഠം പത്ത്, പാടത്ത് വിത്ത്, വിത്തിന് മുത്ത്” എന്ന കുഞ്ഞുണ്ണി മാഷിന്‍റെ കവിത നെഞ്ചിലേറ്റിയ കര്‍ഷകനാണ് കുമാരന്‍. വിത്തു സംരക്ഷിക്കാനും വിത്ത് കൈമാറ്റം ചെയ്യാനും ഒരു നാട്ടുകൂട്ടം പുലരി ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന ശ്രമത്തിന് സര്‍വ്വ പിന്തുണയും നല്‍കുകയാണ്.


ഇതുകൂടി വായിക്കാം: 1,000 യക്ഷഗാനപ്പാവകള്‍, ചെലവ് കോടികള്‍: പാവകളിക്കുവേണ്ടി വീടും സമ്പാദ്യവും വിട്ടുകൊടുത്ത കാസര്‍ഗോഡുകാരന്‍


അന്‍പതിലധികം പുരുഷന്‍മാരും 35ഓളം വനിതകളുള്ള ഈ ക്ലബ്ബ് വരും തലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ചെറുതല്ല.

പരമ്പരാഗതമായ ഓരോ നെല്ലിനത്തിന്‍റെയും ഗുണം കുമാരന് കൃത്യമായി അറിയാം. ഓരോ മണ്ണിനും യോജിക്കുന്ന നെല്‍വിത്തുകള്‍ മനസ്സിലാക്കിയാല്‍ കൃഷി ലാഭകരമാക്കാമെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം.

കുമാരന്‍ പാവയ്ക്കപ്പാടത്ത്

പുലരി ക്ലബ്ബ് ശേഖരിച്ച ബസുമതി അരിയുടെ വിത്താണ് കുമാരന്‍ ഇക്കുറി കൃഷി ചെയ്തത്. മുന്‍കാലങ്ങളില്‍ കയമ, വെള്ളത്തൂവല്‍, ജയ, ജ്യോതി, തൊണ്ണൂറാന്‍ എന്നിവയൊക്കെ കൃഷി ചെയ്തിരുന്നു. ബിരിയാണിക്ക് ഉപയോഗിക്കുന്ന ബസുമതി നെല്‍കൃഷി ഒരു പരീക്ഷണമായിരുന്നു.

കാലിവളം ഉപയോഗിച്ച് പച്ചക്കറി കൃഷിചെയ്തിരുന്ന മണ്ണില്‍ കടലപ്പിണ്ണാക്ക് മാത്രമെ ബസുമതി നെല്‍കൃഷിക്കായി ചേര്‍ക്കേണ്ടിവന്നുള്ളൂ

നെല്ല് മെതിച്ചുകിട്ടുന്ന വൈക്കോല്‍ പൊതിയാക്കിയാണ് വിത്ത് സൂക്ഷിക്കുന്നത്. ജീരകത്തെക്കാള്‍ നേരിയ ബസുമതിയാണ് കൃഷി ചെയ്തത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വിളവെടുപ്പ് പൂര്‍ത്തിയാക്കിയത്. 110 മുതല്‍ 130 ദിവസമാണ് ബസുമതിയുടെ ശരാശരി വിളവെടുപ്പ് കാലാവധി. 125 ദിവസം കഴിഞ്ഞാണ് കൊയ്തെടുത്തത്.

പൂര്‍ണമായും ജൈവവളമാണ് കൃഷിക്ക് ഉപയോഗിച്ചത്. കാലിവളം ഉപയോഗിച്ച് പച്ചക്കറി കൃഷിചെയ്തിരുന്ന മണ്ണില്‍ കടലപ്പിണ്ണാക്ക് മാത്രമെ ബസുമതി നെല്‍കൃഷിക്കായി ചേര്‍ക്കേണ്ടിവന്നുള്ളൂ, കുമാരന്‍ വിശദീകരിക്കുന്നു.

കുമാരന്‍

കീടബാധ ഉണ്ടാകുമെന്ന് പേടിയുണ്ടായിരുന്നുവെങ്കിലും അതുണ്ടായില്ല. ശക്തമായ മഴയില്‍ കൃഷി നശിക്കുമെന്ന ആശങ്കയും ഉണ്ടായിരുന്നു. പക്ഷേ ഭയപ്പെട്ടതുപോലെ ഒന്നും സംഭവിച്ചില്ല. മാത്രവുമല്ല, നല്ല വിളവ് കിട്ടുകയും ചെയ്തു. ഒരേക്കറില്‍ നിന്ന് 70 പറയാണ് ബസുമതി നെല്ല് ലഭിച്ചത്.

ജില്ലയില്‍ ബദിയടുക്കയിലെയും പടന്നക്കാട്ടെയും മില്ലുകളില്‍ മാത്രമേ ബസുമതി നെല്ല് അരിയാക്കാന്‍ സൗകര്യമുള്ളൂ. സുഗന്ധനെല്ലിനമായ ബസുമതിയുടെ ഉത്പാദനത്തിലും ഉപഭോഗത്തിലും ഇന്ത്യ ഒന്നാമതാണെങ്കിലും കേരളത്തില്‍ പരീക്ഷണാടിസ്ഥാനത്തിലേ ഇത് കൃഷിചെയ്യുന്നുള്ളൂ. മൊത്തം ഉത്പാദനത്തിന്‍റെ 60 ശതമാനവും ഹരിയാനയില്‍നിന്നാണ്, കുമാരന്‍ പറയുന്നു.

അരയത്ത് സ്കൂള്‍ കുട്ടികള്‍ പാടത്തിറങ്ങിയപ്പോള്‍. നാട്ടി ഉത്സവത്തിന്‍റെ ഭാഗമായാണ് ഞാറുനടല്‍ നടന്നത്.

കേരള ഇലക്ട്രിക്കല്‍ വയര്‍മാന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറിയാണ് കുമാരന്‍. തരിശ്ശായി കിടക്കുന്ന പാടം പരിസരത്ത് എവിടെയുണ്ടെങ്കിലും അത് പാട്ടത്തിനെടുത്ത് കൃഷി ചെയ്യും.

ഭാര്യ ശൈലയും മക്കളായ ഷൈമ, ശ്രീരാജ് എന്നിവരും കൃഷിക്ക് പിന്തുണയുമായി കൂടെയുണ്ടാകും. കഴിഞ്ഞ വര്‍ഷം 200 ക്വിന്‍റല്‍ പാവക്കയും 30 ക്വിന്‍റല്‍ മറ്റ് പച്ചക്കറികളും ലഭിച്ചിരുന്നു. സ്ഥിരമായി നേന്ത്രവാഴയും മത്തനും വെള്ളരിയും കൃഷിചെയ്യുന്ന സ്ഥാനത്ത് ബസുമതി നെല്‍കൃഷി പുതിയ പ്രതീക്ഷയും പാഠവുമാണെന്ന് നല്‍കിയതെന്ന് കുമാരന്‍ പറഞ്ഞു.

കുമാരന്‍റെ പുലരി ക്ലബ്ബ് നല്ലൊരു വിത്ത് ബാങ്ക് പരിപാലിക്കുന്നുണ്ട്. കൃഷിചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിത്ത് നല്‍കുകയും വിളവെടുപ്പിനുശേഷം തിരികെ വാങ്ങുകയും ചെയ്യുന്ന സംവിധാനമാണിത്.

ഹൈബ്രിഡ് വിത്തുകളുടെ വരവോടെ കര്‍ഷകര്‍ മറന്നുപോയ നിരവധി നെല്ലിനങ്ങള്‍ ഇങ്ങനെ കിട്ടും. ഇവിടെനിന്നാണ് കുറിയ ഇനം ബസുമതി നെല്ല് കുമാരന്‍ വാങ്ങി വിളവിറക്കിയത്. ബസുമതി കൃഷിചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് നെല്ല് നല്‍കാനാണ് കുമാരന്‍റെയും ആഗ്രഹം. ഏതൊരാള്‍ക്കും കൃഷി ലാഭകരമാക്കാമെന്ന ആത്മവിശ്വാസമാണ് കുമാരന്‍റെ വാക്കുകളില്‍. ഒരേയൊരു ഉപാധി മാത്രം–അധ്വാനിക്കാനുള്ള മനസ്സുവേണം.

ഈ ആര്‍ട്ടിക്കിള്‍ ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം