‘ഏഴാംക്ലാസ്സില്‍ പഠിക്കുമ്പോ കിട്ടിയ ഇരട്ടപ്പേരാണ്… ആ പേരുകൊണ്ടാണിന്ന് റേഷനരി വാങ്ങുന്നത്’

അന്ന് എല്ലാവരും എന്നെ കളിയാക്കാനിട്ട പേരാണിത്. ആ ഇരട്ടപ്പേര് എനിക്ക് നല്ലതുമാത്രമേ തന്നിട്ടുള്ളൂ: പ്ലാവ് ജയന്‍ എന്ന കെ ആര്‍ ജയന്‍ രസകരമായ ജീവിതകഥ പറയുന്നു.

താനും മാസങ്ങള്‍ക്ക് മുമ്പാണ്… മഹാത്മാഗാന്ധിയുടെ സേവാഗ്രാം ആശ്രമത്തില്‍ നിന്ന് തൃശ്ശൂര്‍ വേലൂക്കരയിലെ അവിട്ടത്തൂരിലെ കെ ആര്‍ ജയന് ഒരു ക്ഷണം ലഭിക്കുന്നത്. ആശ്രമം സന്ദര്‍ശിക്കാനും അവിടെ പ്ലാവുകള്‍ നട്ടുപിടിപ്പിക്കാനുമുള്ള ക്ഷണം.

കാടുപിടിച്ചു കിടക്കുന്ന പറമ്പുകളിലും വഴിയോരങ്ങളിലും പ്ലാവിന്‍ തൈകള്‍ നട്ടുപിടിപ്പിച്ച് നാട്ടിലെ താരമായ കെ ആര്‍ ജയന്‍ സന്തോഷത്തിന്‍റെ തുഞ്ചത്തെത്തി. രാഷ്ട്രപിതാവിന്‍റെ കണ്ണടയും വടിയും ചെരിപ്പും സൂക്ഷിക്കുന്ന മഹാരാഷ്ട്രയിലെ വാര്‍ധയിലെ സേവാഗ്രാമത്തിലേക്കാണ് 60 പ്ലാവിന്‍ തൈകളുമായി ജയന്‍ പോയത്. ആ സന്തോഷങ്ങളുടെ കൂട്ടുപ്പിടിച്ചാണ് ജയന്‍ സംസാരിച്ചു തുടങ്ങുന്നത്.

​പ്ലാവ് ജയന്‍

തിരക്കിലാണിപ്പോള്‍… മഴക്കാലം എത്തും മുന്‍പേ പ്ലാവിന്‍ തൈകള്‍ നടുന്നതിനുള്ള ഒരുക്കത്തിലാണ് ജയന്‍. വിത്തുകളൊരുക്കുന്നതിന്‍റെ തിരക്ക് മാത്രമല്ല പുതിയൊരു പുസ്തകത്തിന്‍റെ രചനയും നടക്കുന്നുണ്ട് അവിട്ടത്തൂരിലെ പ്ലാവുകള്‍ തിങ്ങി വിങ്ങി നില്‍ക്കുന്ന, കിളികള്‍ കലപില കൂട്ടുന്ന വീടിനോട് ചേര്‍ന്ന വിത്തുപുരയിലിരുന്നു ജയന്‍ കഥകള്‍ പറഞ്ഞു തുടങ്ങുകയാണ്..

“ഏതാനും മാസം മുന്‍പാണ് മഹാരാഷ്ട്രയിലെ മഹാത്മഗാന്ധിയുടെ സേവാഗ്രാമത്തിലേക്ക് പോകുന്നത്. എന്നെക്കുറിച്ചുള്ള ഒരു വാര്‍ത്ത കണ്ടിട്ടാണ് മഹാത്മഗാന്ധിയുടെ സേവാഗ്രാമത്തിലേക്ക് ക്ഷണിക്കുന്നത്. അത് കേട്ട് വളരെ സന്തോഷം തോന്നി. മഹാത്മഗാന്ധിയുടെ ആധാരത്തിലുള്ള ഭൂമിയില്‍ പ്ലാവ് നടാനുള്ള അവസരം ലഭിച്ചതിനെക്കാള്‍ വലുതായി ഇനി ഒന്നും കിട്ടാനില്ല,”  ജയന്‍ പറയുന്നു.

മഹാത്മഗാന്ധിയുടെ ആധാരത്തിലുള്ള ഭൂമിയില്‍ പ്ലാവ് നടാനുള്ള അവസരം ലഭിച്ചതിനെക്കാള്‍ വലുതായി ഇനി ഒന്നും കിട്ടാനില്ല.

“ഞാനും ഭാര്യയും കൂടിയാണ് സേവാഗ്രാമത്തിലേക്ക് പോകുന്നത്. പത്ത് തരത്തിലുള്ള അറുപത് പ്ലാവിന്‍ തൈകളുമായി പോയി. അഞ്ചു ദിവസം അവരുടെ ഗസ്റ്റായി നിന്നു കൊണ്ട്, ഈ അറുപത് പ്ലാവിന്‍ തൈകളും നട്ടു.. അതൊക്കെയും പിടിച്ചുവെന്നു അവര്‍ വിളിച്ചു പറഞ്ഞു.. ഒന്നു കൂടി സേവാഗ്രാമത്തിലേക്ക് പോകാനുള്ള ഒരുക്കത്തിലാണിപ്പോള്‍,” ജയന്‍ കൂട്ടിച്ചേര്‍ക്കുന്നു.

“കുസും തായ് എന്നൊരു തൊണ്ണൂറുകാരിയുണ്ട് അവിടെ. ഗാന്ധിജിക്കൊപ്പമുണ്ടായിരുന്നതാണിവര്‍. അവിടെ ഒരു കൊച്ചു കുടിലാണുള്ളത്. ഈ കുടില്‍ കാണാന്‍ വിവിധ ഇടങ്ങളില്‍ നിന്നാണ് ആളുകള്‍ വരുന്നത്. കുടിലിലാണ് ഗാന്ധിജിയുടെ കണ്ണടയും വടിയും ചെരുപ്പുമൊക്കെ സൂക്ഷിച്ചിരിക്കുന്നത്. ഈ കുടിലും ചുറ്റുവട്ടവുമൊക്കെ അടിച്ചുവാരുന്നതൊക്കെ ആ കുസും തായ് ആണ്. അവിടെ പോകാനും അതൊക്കെ നേരില്‍ കാണാനും സാധിച്ചത് ഭാഗ്യമെന്നു കരുതുന്നു.”

ജയന്‍ കുസും തായിയോടൊപ്പം

ദൈവത്തിന്‍റെ സ്വന്തം നാടിന്‍റെ സ്വന്തം ഫലവൃക്ഷമാണ് ഇന്ന് പ്ലാവ്.. പണ്ട് മഴക്കാലത്തെ ഭക്ഷ്യക്ഷാമത്തില്‍ നിന്ന് കേരളീയരെ രക്ഷിച്ചുനിര്‍ത്തിയിരുന്ന ഫലം. ഒരു കാലത്ത് പ്ലാവില്ലാത്ത വീട്ടുമുറ്റങ്ങളോ പറമ്പുകളോ ഇല്ലായിരുന്നു, ചക്ക വിഭവങ്ങളില്ലാത്ത അടുക്കകളും. മനുഷ്യരുടെ മാത്രമല്ല കിളികളുടെയും അണ്ണാറക്കണന്‍മാരുടെയും വിശപ്പകറ്റിയിരുന്ന ചക്ക ഇന്ന് എല്ലായിടത്തും ഇല്ല. എന്നാല്‍ പ്ലാവുകളെ കേരളത്തിന്‍റെ മണ്ണില്‍ നിന്നു ഇല്ലാതാക്കാന്‍ ഈ അവിട്ടത്തൂരുകാരന്‍ സമ്മതിക്കില്ല.. 15 വര്‍ഷത്തിലേറെക്കാലമായി ഇദ്ദേഹത്തിന്‍റെ ജീവിതം പ്ലാവുകള്‍ക്ക് പിന്നാലെയാണ്. ചക്കമധുരത്തിന് പിന്നാലെയാണ്.

പ്ലാവിനോട് സ്‌നേഹം തോന്നിത്തുടങ്ങുന്നത് എങ്ങനെയെന്നു ചോദിച്ചാല്‍ അദ്ദേഹം പറയും.. ആ കഥയ്ക്ക് കുറച്ചു പഴക്കമുണ്ട്.. തന്‍റെ സ്‌കൂള്‍ കാലത്തോളം പഴക്കമുള്ള പ്ലാവ് പ്രണയത്തെക്കുറിച്ചും പ്ലാവ് ജയന്‍ എന്നു പേര് വന്നതിനെക്കുറിച്ചും ജയന്‍ പറഞ്ഞു തുടങ്ങി…

കൃഷിയോടുള്ള സ്നേഹം അമ്മയില്‍ നിന്നാണ് കിട്ടുന്നത്. അക്ഷരങ്ങളോട് ഇഷ്ടം തോന്നാന്‍ ഒരു പക്ഷേ അച്ഛനാകും കാരണക്കാരന്‍

“കയ്പുള്ളി രാമന്‍റെയും സുഭദ്രയുടെ ഒമ്പത് മക്കളില്‍ ഏറ്റവും ഇളയവനാണ് ഞാന്‍. എട്ടു പേരും മറ്റു പല മേഖലകളിലാണ്. ഞാന്‍ മാത്രമേ കാര്‍ഷികരംഗത്തേക്കെത്തിയുള്ളൂ. കൃഷിയോടുള്ള സ്നേഹം അമ്മയില്‍ നിന്നാണ് കിട്ടുന്നത്. അക്ഷരങ്ങളോട് ഇഷ്ടം തോന്നാന്‍ ഒരു പക്ഷേ അച്ഛനാകും കാരണക്കാരന്‍..

“അമ്മയുടെ കുടുംബം പഴയ കാര്‍ഷിക കുടുംബമായിരുന്നു. ആ പാരമ്പര്യമാണ് എനിക്കും ലഭിച്ചിരിക്കുന്നത്. ഇരിങ്ങാലക്കുടയില്‍ ചിറയ്ക്കലാണ് അമ്മ വീട്. അമ്മാവന്‍ വലിയ കൃഷിക്കാരനായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെമ്പരത്തി ചെടിയുടെ കമ്പൊടിച്ച് കൂട്ടിച്ചേര്‍ത്ത് ഒരു ചെടിയില്‍ തന്നെ വ്യത്യസ്ത ചെമ്പരത്തിപ്പൂക്കള്‍ വിരിയിക്കുന്ന രീതി മാമന് അറിയാമായിരുന്നു. കുട്ടിക്കാലത്ത് മാമനൊപ്പം നടന്നാണ് ചെടിയും പൂവും മരങ്ങളുമൊക്കെ കണ്ടിരുന്നത്. മാമന്‍റെ കൃഷിപാഠങ്ങളാണ് എന്നെയൊരു കര്‍ഷകനാക്കിയത്..”

ജയനും ഭാര്യ സ്മിതയും കുസും തായിയോടൊപ്പം

കെ.ആര്‍.ജയനെ പ്ലാവ് ജയന്‍ എന്ന പേരിലൂടെയാണിപ്പോള്‍ ലോകം അറിയുന്നത്. പ്ലാവ് ജയന്‍ എന്ന പരിസ്ഥിതി സ്നേഹിയെ എല്ലാവര്‍ക്കും അറിയാം. എന്നാല്‍ കെ.ആര്‍. ജയന്‍ എങ്ങനെയാണ് പ്ലാവ് ജയനായതെങ്ങനെയാണ്? പ്ലാവിനെ ഇത്രയേറെ സ്നേഹിക്കുന്ന ജയന് യോജിക്കുന്ന പേര് തന്നെയാണ്. എന്നാല്‍ ഈ പേരിന് പിന്നില്‍ ഒരു കഥയുണ്ടെന്നു അദ്ദേഹം പറയുന്നു.

“പ്ലാവ് ജയന്‍ എന്നത് എന്‍റെ ഇരട്ടപ്പേരാണ്. പ്ലാവുകളെ സ്നേഹിക്കുന്ന, ലോകം അറിയുന്ന പ്ലാവ് ജയന്‍ ആകും മുന്‍പേ എനിക്കൊപ്പം ഈ പേരുണ്ട്. പണ്ട് സ്‌കൂളില്‍ പഠിക്കുന്ന കാലത്ത്…ഇരിങ്ങാലക്കുട നാഷണല്‍ ഹൈസ്‌കൂളിലാണ് ഞാന്‍ പഠിച്ചത്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഈ പേര് എനിക്ക് കൂട്ടുകാരിടുന്നത്.


ഇതുകൂടി വായിക്കാം: 1,000 യക്ഷഗാനപ്പാവകള്‍, ചെലവ് കോടികള്‍: പാവകളിക്കുവേണ്ടി വീടും സമ്പാദ്യവും വിട്ടുകൊടുത്ത കാസര്‍ഗോഡുകാരന്‍


“അന്നൊന്നും പരിസ്ഥിതി ദിനാചരണം എന്നൊന്നുമില്ല. ഒക്റ്റോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍ സേവനവാരം ആചരിക്കും. ഒരാഴ്ച നീളുന്ന വൃത്തിയാക്കലും മരവും ചെടിയുമൊക്ക നടലുമൊക്കെയാണ് ആ ദിവസങ്ങളില്‍ ചെയ്യുന്നത്.

“അങ്ങനെയൊരു സേവനവാരത്തില്‍ എല്ലാവരും വീട്ടില്‍ നിന്നു ചെടികള്‍ കൊണ്ടുവരണമെന്ന് മാഷ് പറഞ്ഞു. സ്‌കൂളില്‍ നടാനാണ്. പിറ്റേ ദിവസം എല്ലാവരും ചെടിയുമായി സ്‌കൂളിലെത്തി. ഞാനാണെങ്കിലോ ചെടയ്ക്ക് പകരം പ്ലാവിന്‍ തൈയുമായിട്ടാണ് ചെല്ലുന്നത്. അങ്ങനെ എല്ലാവരും കൂടി പ്ലാവ് ജയന്‍ എന്നു വിളിച്ചു തുടങ്ങി. ഇപ്പോ റേഷനരി വാങ്ങുന്നത് ഈ പേരു കൊണ്ടാണ്..

​പ്ലാവ് ജയന്‍

“അന്ന് എല്ലാവരും എന്നെ കളിയാക്കാനിട്ട പേരാണിത്. പക്ഷേ ആ പേരിലാണിപ്പോള്‍ ഞാന്‍ അറിയപ്പെടുന്നത്. അതില്‍ സന്തോഷമേയുള്ളൂ. അന്നത്തെ സ്‌കൂള്‍ കൂട്ടുകാരില്‍ പലരും എന്‍റെ കഥയൊക്കെ കേട്ടും അറിഞ്ഞും ഇന്നും വിളിക്കാറുണ്ട്. ആ ഇരട്ടപ്പേര് എനിക്ക് നല്ലത് മാത്രമേ നല്‍കിയുള്ളൂ..’ ജയന്‍ വിശദീകരിച്ചു.

“പിന്നീട് മുതിര്‍ന്നപ്പോഴും പ്ലാവും കൃഷിയുമൊക്കെ എന്‍റെ മനസില്‍ തന്നെയുണ്ടായിരുന്നു. അതുകൊണ്ടാണ് നല്ല ശമ്പളമുള്ള ദുബായിലിലെ ജോലി ഉപേക്ഷിച്ച് പ്ലാവ് കൃഷിയെന്നും പറഞ്ഞു നാട്ടിലേക്ക് പോന്നത്. 11 വര്‍ഷക്കാലം ഗള്‍ഫില്‍ ജോലി ചെയ്തു. അന്നാളിലാണ് വിവാഹം കഴിക്കുന്നതും ഈ വീടും വയ്ക്കുന്നത്. അല്ലാതെ വലിയ സമ്പാദ്യങ്ങളൊന്നുമില്ല..

പ്ലാവിനോടുള്ള കമ്പം കാരണം കല്യാണം കഴിക്കാന്‍ പെണ്ണ് പോലും കിട്ടാതെ വന്നു.

“പ്ലാവിനോടുള്ള കമ്പം കാരണം കല്യാണം കഴിക്കാന്‍ പെണ്ണ് പോലും കിട്ടാതെ വന്നിട്ടുണ്ട്. ചെറുക്കന്‍ ഗള്‍ഫിലെ ജോലി ഉപേക്ഷിച്ച് കൃഷി ചെയ്യാന്‍ നാട്ടിലേക്ക് വരുമെന്നു കേള്‍ക്കുമ്പോള്‍ പലരും പെണ്ണ് തരാന്‍ മടിച്ചു. ഒടുവില്‍ ഒരു സാധാരണ തൊഴിലാളി കുടുംബത്തിലെ സ്മിതയെ വിവാഹം ചെയ്യുന്നത്. അന്നാളില്‍ ഗള്‍ഫിലെ ജോലിയുണ്ട്. പക്ഷേ സ്മിതയോടും വീട്ടുകാരോടും ഗള്‍ഫല്ല നാടാണ്, കൃഷിയാണ് ജീവിതമെന്നു പറഞ്ഞിരുന്നു,”ജയന്‍ തന്‍റെ ജീവിത കഥ പറയുന്നു.

“പ്ലാവ് നടുന്നതില്‍ വര്‍ഷങ്ങളുടെ അനുഭവ പരിചയമുണ്ട്. നമ്മുടെ പൂര്‍വികര്‍ക്ക് ഇതൊക്കെ അറിയാമായിരുന്നു. പിന്നെ പ്ലാവ് നടലുമായുള്ള അലച്ചിലിലൂടെ പല അറിവുകളും നേടിയെടുക്കുകയായിരുന്നു. പക്ഷേ സ്വന്തം കാര്‍ഷിക ഐഡിയോളജി പരീക്ഷിക്കാന്‍ സ്വന്തം ഭൂമി ഇല്ലായിരുന്നു. ഗ്രാമങ്ങളുടെ പുറമ്പോക്ക് ഭൂമിയും വഴിയോരങ്ങളിലുമാണ് ആദ്യനാളില്‍ പ്ലാവുകള്‍ വച്ചുപിടിക്കുന്നത്.

“തൃശൂര്‍ ജില്ലയിലെ വല്ലച്ചിറ, കാട്ടൂര്‍, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലാണ് അധികം ചെയ്തിട്ടുള്ളത്. തേന്‍വരിക്ക, തേങ്ങ ചക്ക, താമരചക്ക ഇങ്ങനെ പല വെറൈറികളും വച്ചു പിടിപ്പിച്ചു. 15 കൊല്ലം മുന്‍പ് പെട്ടി ഓട്ടൊറിക്ഷയില്‍ കുടുംബശ്രീ ഉത്പന്നങ്ങളായ സോപ്പ്, മെഴുകുതിരി മറ്റു വില്‍ക്കാന്‍ പോകുമായിരുന്നു. കൂട്ടത്തില്‍ എന്‍റെ വെറൈറ്റീസ് പ്ലാവ് മരങ്ങളും നടും. ഈ മരം നടല്‍ കൊണ്ട് വരുമാനം ലഭിക്കില്ലാല്ലോ.. അങ്ങനെയാണ് കുടുംബശ്രീ സാധനങ്ങള്‍ വില്‍ക്കാന്‍ പോയത്. അങ്ങനെയാണ് തൊഴിലും കാര്‍ഷിക ജോലിയും ഒപ്പം കൊണ്ടുനടക്കാന്‍ സാധിച്ചത്.

എന്നെ ഭ്രാന്തന്‍ എന്നാണ് വിളിച്ചിരുന്നത്. തലയ്ക്ക് സുഖമില്ലാത്ത മനുഷ്യന്‍ എന്നാണ് ജനങ്ങള്‍ ധരിച്ചിരുന്നത്.

” പതിനഞ്ച് വര്‍ഷം മുന്‍പ് പ്ലാവ് കൃഷി എന്നു പറഞ്ഞുനടന്ന എനിക്ക് ഭ്രാന്തന്‍റെ ഇമേജായിരുന്നു. എന്നെ ഭ്രാന്തന്‍ എന്നാണ് വിളിച്ചിരുന്നത്. തലയ്ക്ക് സുഖമില്ലാത്ത മനുഷ്യന്‍ എന്നാണ് ജനങ്ങള്‍ ധരിച്ചിരുന്നത്. പക്ഷേ എനിക്കതില്‍ സങ്കടമുണ്ടായിരുന്നില്ല. ആ അലച്ചിലുകള്‍ക്ക് കാരണമുണ്ടായിരുന്നു. ഞാന്‍ അലഞ്ഞു നടന്നു നേടിയ എന്‍റെ അറിവുകളും പരീക്ഷണങ്ങളും വര്‍ക് ഔട്ടായി വരുന്നുണ്ടോന്ന് എനിക്കറിയണമല്ലോ.

“എനിക്ക് സ്വന്തമായി ഭൂമിയുണ്ടെങ്കില്‍ ഞാന്‍ എന്‍റെ ഭൂമിയിലേ പ്ലാവ് നടൂ.. അപ്പോ എന്നെ ആരും ഭ്രാന്തന്‍ എന്ന് വിളിക്കില്ലായിരുന്നു. സ്വന്തമായി ഭൂമി ഇല്ലാത്ത കൊണ്ടാണ് ഗ്രാമങ്ങളുടെ പുറമ്പോക്ക് ഭൂമി തെരഞ്ഞെടുത്തത്. അപ്പോ എല്ലാവരും ഇത് കാണുകയല്ലേ.. തൊട്ടാവാടിയും കുറ്റിച്ചെടിയും വെട്ടിമാറ്റിയിട്ട് അവിടെ പ്ലാവിന്‍ തൈ കുഴിച്ചിട്ട് അതിനെ ആഴ്ചയില്‍ രണ്ടു നേരം പോയി നനയ്ക്കുന്നതും സംരക്ഷിക്കുന്നതുമൊക്കെ ആളുകള്‍ കാണുകയാണ്. ആളുകള്‍ക്ക് തോന്നും ഇയാള്‍ക്ക് എന്തോ മിസ്റ്റേക്ക് ഉള്ള മനുഷ്യനാണെന്ന്. അവരെയൊന്നും തെറ്റ് പറയാന്‍ പറ്റില്ലാല്ലോ,” ജയന്‍  അക്കാലമോര്‍ത്ത് ചിരിക്കുന്നു.

പ്ലാവ് ജയന്‍

വര്‍ഷങ്ങള്‍ക്കിപ്പുറം പ്ലാവ് ജയന്‍റെ പ്രവര്‍ത്തനങ്ങള്‍ ലോകം അംഗീകരിച്ചു. ഇദ്ദേഹത്തിന്‍റെ കൂടി ശ്രമഫലമായാണ് ചക്കയെ സംസ്ഥാനഫലമായി തെരഞ്ഞെടുത്തതും. പക്ഷേ ശ്രമങ്ങള്‍ വിജയിച്ചുവെങ്കിലും ജയന് പ്ലാവിനോടുള്ള സ്‌നേഹത്തിന് കുറവമൊന്നുമില്ല. ഇന്നും നാടെങ്ങും പ്ലാവുകള്‍ നട്ടുപിടിപ്പിച്ചും പ്ലാവ് അറിവുകള്‍ പകര്‍ന്നും തന്നെയാണ് ജയന്‍റെ  ജീവിതം. എന്നാല്‍ പ്ലാവ് വേണം എന്നു തീരുമാനിച്ച് തിരിച്ചുവരുന്ന ആളുകളെ വഴിതിരിച്ചുവിടുന്ന പ്രവണതകളിലേക്ക് കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ പോയി കൊണ്ടിരിക്കുകയാണെന്നു ജയന്‍ പരാതിപ്പെടുന്നു.

നീര്‍ത്തടം സംരക്ഷിക്കുന്നതിനും പ്ലാവുകള്‍ നട്ടാല്‍ മതി. മണ്ണിന് കുളിര്‍മ തരും തണുപ്പു തരും നീര്‍ത്തടം സംരക്ഷിക്കും.

“ഇതാണ് വലിയൊരു ക്രൈം ആയി കൃഷിക്കാരാനായ ഞാന്‍ കാണുന്നത്. നാട്ടുഫല വൃക്ഷങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നില്ല. മഹാഗണി, അകേഷ്യ ഇതൊക്കെ പരിസ്ഥിതി ദിനത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കി വിടുകയാണ്. മഹാഗണി ഒരു കിണറിന് അടുത്ത് കുഴിച്ചിട്ട് കഴിഞ്ഞാല്‍ ആ കിണറ്റില്‍ ഒരു തുള്ളി വെള്ളമുണ്ടാകില്ല. എല്ലാം മഹാഗണി വലിച്ചു കുടിക്കും. ഇങ്ങനെ പരിസ്ഥിതിയെ നശിപ്പിക്കുന്ന മരങ്ങളെക്കാള്‍ പ്രോത്സാഹിപ്പിക്കേണ്ടത് പ്ലാവു പോലുള്ള നാട്ടുഫലവൃക്ഷങ്ങളെയാണ്. നീര്‍ത്തടം സംരക്ഷിക്കുന്നതിനും പ്ലാവുകള്‍ നട്ടാല്‍ മതി. മണ്ണിന് കുളിര്‍മ തരും തണുപ്പു തരും നീര്‍ത്തടം സംരക്ഷിക്കും. മണ്ണൊലിപ്പ് തടയും.,” ഇതിനൊക്കെ നാട്ടുഫല വൃക്ഷങ്ങള്‍ നട്ടാല്‍ മാത്രം മതിയെന്നു ജയന്‍.

പ്ലാവ് വെറുതേ നട്ടുപിടിപ്പിക്കുകയല്ല. അതിന് പിന്നാലെ സഞ്ചരിക്കാറുമുണ്ട്. അതിന്‍റെ ആദ്യഘട്ട വളര്‍ച്ചയില്‍ കൂടെയുണ്ടാകും. ഏതാണ്ട് വലുപ്പം വന്നു വന്നു കഴിഞ്ഞാല്‍ പിന്നെ നോക്കണ്ട വര്‍ഷങ്ങളോളം പ്ലാവ് നമുക്ക് ഫലം തന്നുകൊണ്ടിരിക്കും. നട്ടുകഴിഞ്ഞാല്‍ രണ്ടു മൂന്നും കൊല്ലം മാത്രം മതി ഫോളോ അപ്പ്. പിന്നെ പ്രകൃതി തന്നെ എല്ലാം ഏറ്റെടുത്തോളും. അദ്ദേഹം പറയുന്നു.  “ക്വാളിറ്റിയുള്ള വിത്ത് തൈകളാണ് ഞാന്‍ നല്‍കുന്നത്. എല്ലാ ചക്കക്കുരുവും എടുക്കില്ല. ഒരു ചക്കയിലെ അഞ്ചോ ആറോ കുരു എടുക്കും. ആ തെരഞ്ഞെടുക്കലാണ് എന്‍റെ വൈഭവം.”

‘തേന്‍വരിക്ക തന്നെ മൂന്നു തരമുണ്ട്. തേന്‍വരിക്കയുടെ കുരുക്കളില്‍ നിന്നാണ് അവയെ തിരിച്ചറിയുന്നത്. ചിലതിന് പുളിങ്കുരു പോലെയുള്ള കുരുവാകും. സാധാരണ ചക്കക്കുരു പോലുള്ളതുണ്ട്. നീളന്‍ കുരുവുമുണ്ട്. ഇതൊക്കെ എല്ലാ സ്ഥലങ്ങളിലുമില്ല. തേന്‍വരിക്ക കൂടുതലും തൊടുപുഴ, മങ്കട, തൃശൂര്‍ എന്നിവിടങ്ങളിലാണ്. ഇവിടങ്ങളിലൊക്കെ ഞാന്‍ നേരിട്ടു പോയാണ് ചക്കക്കുരു ശേഖരിക്കുന്നത്. പ്ലാവില്‍ കയറി ചക്കയിടാനും മറ്റും സഹായത്തിന് ഒരാളുമുണ്ടാകും. ചക്ക വീട്ടില്‍ കൊണ്ടുവന്നു പഴുപ്പിച്ചാണ് അതില്‍ മൂന്നോ നാലോ കുരുക്കളെടുക്ക് വിത്തിനായി ഉപയോഗിക്കുന്നത്. മിക്കവാറും ദൂരസ്ഥലങ്ങളില്‍ നിന്ന് ട്രെയിനിനാകും ചക്ക കൊണ്ടുവരുന്നത്. ബുദ്ധിമുട്ടുകളുണ്ടെങ്കിലും പ്ലാവിന്‍റെയും ചക്കയുടെയും കാര്യത്തില്‍ ഒന്നും എനിക്ക് പ്രശ്നമല്ല’ ജയന്‍ പറയുന്നു.

ഇരുപത് മുപ്പത് വര്‍ഷം ഉണ്ടായിരുന്ന പ്ലാവുകളുടെ പത്ത് ശതമാനം പ്ലാവ് പോലും ഇന്നു നമ്മുടെ നാട്ടില്‍ ഇല്ല. ഒക്കെ വെട്ടിപ്പോവുകയും അതിന് പകരമായിട്ട് കൊണ്ടുവരാന്‍ ശ്രമിക്കുന്നതും ശ്രമിപ്പിക്കുന്നതും ഔദ്യോഗികമായിട്ടുള്ള നമ്മുടെ കാര്‍ഷിക വിജ്ഞാന കേന്ദ്രങ്ങള്‍ ബഡ്ഡിങ്, ഗ്രാസ്പിങ്, ബോണ്‍സായ് പോലുള്ള തട്ടിപ്പ് പരിപാടികളാണ് ഇവര്‍ വ്യാപിപ്പിക്കുന്നത്. ഒട്ടുപ്ലാവ് എന്നു പറയുന്നതിനെ കൃഷി എന്നു പറയാനാകില്ല. സൃഷ്ടി എന്നും പറയാനാകില്ല. അതിനെ അപസൃഷ്ടിയെന്നു പറയാം. അത് പ്രകൃതി വിരുദ്ധമാണ്. ഒരു ജീവന്‍റെ കണികയെ എടുത്ത് ഉന്തി തള്ളി വിടുന്ന പ്രക്രിയായാണ്. അത് ജീവനെ വിഘടിപ്പിക്കുകയാണ്. പ്രകൃതിനിയമത്തില്‍ ഒന്നിനെയും വിഘടിപ്പിക്കരുത്. പ്രകൃതിവിരുദ്ധമാണത്, ജയന്‍ അഭിപ്രായപ്പെടുന്നു.


ഇതുകൂടി വായിക്കാം:മഴാന്ന് മാത്രം എഴുതിയാ മതിയോ ടീച്ചറേ, മഴ പെയ്തൂന്ന് എഴുതണ്ടേ? എറണാകുളത്ത് നടക്കുന്ന നിശ്ശബ്ദവിപ്ലവത്തിന്‍റെ കഥ


വിത്തുപ്ലാവ് അതിജീവനത്തിന്‍റെ ഫലവൃക്ഷമാണ്. ഈ പ്രളയത്തില്‍ പലതും നഷ്ടമായി എന്നാല്‍ പ്ലാവുകള്‍ തലയുയര്‍ത്തി നിന്നു. ഞാന്‍ നട്ട പ്ലാവുകളിപ്പോള്‍ പ്രളയത്തില്‍ ഒഴുകി വന്ന വളക്കൂറുള്ള മണ്ണില്‍ വേഗത്തില്‍ വളരുകയാണ്. പ്രളയത്തെയും പ്ലാവുകള്‍ അതിജീവിക്കുമെന്നതിന് ഞാന്‍ നട്ട തൈകളാണ് തെളിവ്. ആലത്തൂരിലെ ഗള്‍ഫിലുള്ള ഒരാളുടെ കുറച്ചധികം സ്ഥലമുണ്ടായിരുന്നു. അവരുടെ ആവശ്യപ്രകാരം പ്ലാവ് കാട് ഒരുക്കിയിട്ടുണ്ട്. പ്രളയത്തില്‍ ആ പറമ്പിലും വെള്ളം കെട്ടി.. ഏഴ് അടിയോളം ഉയരത്തില്‍ മൂന്നു ദിവസമാണിവിടെ വെള്ളം കെട്ടി നിന്നത്. എന്നാല്‍ 12 അടി പൊക്കമുള്ള പ്ലാവിന് ഒന്നും പറ്റിയില്ലെന്നു മാത്രമല്ല, പ്രളയത്തില്‍ അടിഞ്ഞ ചെളിമണ്ണ് ഇപ്പോള്‍ നല്ല വളമായിരിക്കുകയാണ്.

ആലുവയിലെ കോട്ടപ്പുറം, മൂത്തക്കുന്നം.. ഇവിടങ്ങളിലൊക്കെ പ്രളയം ഏറെ ബാധിച്ച സ്ഥലമാണ്. ഇവിടുത്തെ എന്‍റെ പ്ലാവുമരങ്ങളൊക്കെ പോകുമെന്നാണ് വിചാരിച്ചത്. പക്ഷേ ഒരെണ്ണം പോലും പോയില്ല എന്നു മാത്രമല്ല അവയൊക്കെ വേഗത്തില്‍ വളരുകയാണിപ്പോള്‍. പ്രളയത്തിനെ അതിജീവിക്കാന്‍ നാട്ടുഫലങ്ങള്‍ക്കാകുമെന്നു തെളിഞ്ഞു. ഇനി വച്ചു പിടിപ്പിക്കേണ്ടതും നാട്ടുഫല വൃക്ഷങ്ങളാണ്. അല്ലാതെ വെള്ളം വലിച്ചു കുടിക്കുന്ന മഹാഗണിയും ഒന്നുമല്ല. വിദ്യാര്‍ഥികളിലൂടെ ഈ മരങ്ങളല്ല വ്യാപിപ്പിക്കേണ്ടത്. ഇതേക്കുറിച്ച് ഞാന്‍ പലയിടത്തം ക്ലാസെടുത്തിട്ടുണ്ട്. പക്ഷേ ആദ്യമൊന്നും ആരും ചെവികൊണ്ടില്ല. ഇപ്പോ അതൊക്ക മാറിയെന്നു ജയന്‍ പറയുന്നു.

കഴിഞ്ഞ കൊല്ലമാണ് അവിടെ ആദ്യമായി പ്ലാവ് കായ്ച്ചത്. ഇക്കുറി മൂന്നൂറിലേറെ പ്ലാവ് കായ്ക്കും.

പലതരത്തിലുള്ള പ്ലാവുകള്‍ നിറഞ്ഞൊരു കാട് എന്നൊരു സങ്കല്‍പം മനസിലുണ്ടായിരുന്നു.. പക്ഷേ സ്വന്തമായി ഭൂമി ഇല്ലാത്തതിനാല്‍ അതൊന്നും നടക്കില്ലെന്നു കരുതിയിരിക്കുന്ന സമയത്താണ് ബഷീര്‍ മാഷിനെ പരിചയപ്പെടുന്നത്. ‘ഭാരതപ്പുഴയുടെ തീരത്ത് കുറച്ച് സ്ഥലമുണ്ടെന്നും എന്തെങ്കിലും ചെയ്യാനാഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞപ്പോള്‍ പ്ലാവ് കാട് എന്ന എന്‍റെ പഴയ ആഗ്രഹം ഞാന്‍ പറഞ്ഞു. അദ്ദേഹം സമ്മതിച്ചു. ആ പറമ്പിലെ പാഴ്മരങ്ങളൊക്കെ വെട്ടി. ബാക്കി ചില ഫലവൃക്ഷങ്ങളൊക്കെ നിറുത്തി. ബാക്കിയുള്ളിടത്ത് പ്ലാവുകള്‍ നട്ടുപിടിപ്പിച്ചു. കഴിഞ്ഞ കൊല്ലമാണ് അവിടെ ആദ്യമായി പ്ലാവ് കായ്ച്ചത്. ഇക്കുറി മൂന്നൂറിലേറെ പ്ലാവ് കായ്ക്കും. അവിടെയൊരു ചക്ക മഹോത്സവം നടത്തണമെന്ന ആഗ്രഹത്തിലാണ് ഞങ്ങള്‍. പ്ലാവ് ഗ്രാമം എന്നാണിപ്പോള്‍ ഇതറിയപ്പെടുന്നത്.’ ജയന്‍ പറയുന്നു. ഭാരതപ്പുഴയുടെ തീരത്തും എംജി യൂനിവേഴ്സിറ്റിയില്‍, ചിറ്റൂര്‍ കോളെജില്‍ പിന്നെ തൃശൂരിന്‍റെ വിവിധ ഇടങ്ങളിലെല്ലാം പ്ലാവ് ജയന്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്.

“പ്ലാവിന്‍ തൈ വച്ചുപിടിപ്പിച്ചും ചക്ക മഹത്വത്തെക്കുറിച്ച് ക്ലാസെടുത്തും ഒന്നും ഞാന്‍ വലിയ സമ്പന്നനൊന്നുമായില്ല. പക്ഷേ ഇതൊക്കെ ബിസിനസ് വത്ക്കരിച്ചിരുന്നുവെങ്കില്‍ വലിയ വരുമാനം നേടാനായേനെ. പക്ഷേ എന്‍റെ ഐഡിയോളജിയില്‍ മാറ്റം വരുത്തിയാലേ കോടീശ്വരനാകാന്‍ പറ്റൂ. എന്‍റെ നിലപാടുകളോട് അതൊന്നും യോജിക്കില്ല. മറ്റുള്ളവരെ പറ്റിച്ചൊന്നും ഒന്നും നേടണ്ട..

“ഇപ്പോള്‍ മറ്റുള്ളവരുടെ പറമ്പിലും വഴിയോരങ്ങളിലും പ്ലാവ് നട്ടും സ്‌കൂളിലും കോളെജിലുമൊക്കെ പ്ലാവ് അറിവുകള്‍ പങ്കുവച്ചുമൊക്കെ ജീവിച്ചു പോകാനുള്ള വരുമാനമൊക്കെ കിട്ടുന്നുണ്ട്. പ്ലാവ് എന്ന പുസ്തകത്തിന്‍റെ റോയല്‍റ്റിയും കിട്ടുന്നുണ്ട്.. അതൊക്കെ ധാരാളം. പിന്നെ പ്ലാവ് നട്ട ഇടങ്ങളില്‍ നിന്നു കായ്ച്ചുകഴിയുമ്പോ ചിലരൊക്കെ ചക്കയുമായി വരും.. ഇതിനെക്കാള്‍ സന്തോഷമൊന്നും കോടീശ്വരനായാല്‍ കിട്ടില്ലല്ലോ,” എന്നാണ് ജയന്‍റെ മതം.

“പ്ലാവ് മാത്രമല്ല ചക്കയുടെ മൂല്യവര്‍ധിത ഉത്പന്നങ്ങളിലൂടെയും കാശുണ്ടാക്കാവുന്നതാണ്. പക്ഷേ പ്ലാവിന്‍ തൈ നട്ടു കായ്ച്ചു കഴിഞ്ഞാല്‍ പിന്നെ അത് പ്രകൃതിയുടേതാണ്. നല്ലയിനം തൈകള്‍ നട്ടുപിടിക്കുന്നതാണ് എന്‍റെ ജോലി,” പ്ലാവ് ജയന്‍ തന്‍റെ നയം വ്യക്തമാക്കുന്നു.


ഇതുകൂടി വായിക്കാം: പത്താംക്ലാസ് തോറ്റ് കുന്നുകയറിയ ഹമീദ് പിന്നെ തിരിഞ്ഞുനോക്കിയില്ല: കാട്ടുതേനിന്‍റെ മധുരമുള്ള വിജയകഥ


12 വര്‍ഷം മുന്‍പാണ് പ്ലാവ് എന്ന പേരില്‍ ജയന്‍ പുസ്തകമെഴുതുന്നത്. “എനിക്കുള്ളത് ഒര്‍ജിനല്‍ ഭ്രാന്ത് അല്ലെന്നും പ്ലാവിനോടുള്ള ഭ്രാന്താണെന്നും മറ്റുള്ളവരെ അറിയിക്കുക എന്നൊരു ലക്ഷ്യവും പുസ്തക രചനയ്ക്ക് പിന്നിലുണ്ടായിരുന്നു. അതുമാത്രമല്ല പ്ലാവിനെക്കുറിച്ച് അധ്യാപകര്‍ക്ക് പോലും ഒന്നും അറിയില്ലെന്നു മനസിലായി.. ചക്ക ഉരുണ്ടിരിക്കും ചിലത് നീണ്ടിരിക്കും, ചിലതു പഴച്ചക്ക, ചിലത് മധുരമില്ലാത്ത ചക്ക… ഇത്രയൊക്കെ അറിവേ പലര്‍ക്കും ഉള്ളൂവെന്നു മനസിലായി.

“അപ്പോഴാണ് പ്ലാവിന്‍റെ ഉള്ളറകളിലേക്ക് പോകണമെന്നു തോന്നിച്ചത്. അങ്ങനെ പല കാലങ്ങളിലായി ഞാന്‍ കുത്തിക്കുറിച്ചതൊക്കെയും എഴുതി ഒരുമിപ്പിക്കുകയായിരുന്നു. 32 പേജുള്ള പുസ്തകമാണ് ആദ്യം ഇറക്കിയത്. ഞാന്‍ തന്നെയാണ് ഇത് പ്രസിദ്ധീകരിച്ചത്. ഈ പുസ്തകം ശ്രദ്ധിക്കപ്പെട്ടു.

“കൃഷിക്കാരന്‍റെ കൃഷി അറിവുകള്‍ എന്ന നിലയ്ക്കാണ് ആളുകള്‍ പുസ്തകത്തെ സ്വീകരിച്ചത്. പിന്നീട് ആള്‍ട്ടര്‍ മീഡിയ എന്ന ഗ്രൂപ്പ് ഈ പുസ്തകം എന്‍റെ കൈയില്‍ നിന്നു വാങ്ങി. അത് വേഗം വിറ്റു തീര്‍ന്നു. പിന്നെ കുറച്ചു കൂടി വിപുലമായി എഴുതി പുസ്തകം എഴുതി, നല്ല സ്വീകരണം ലഭിച്ചു. പീന്നിടത് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചു. അതോടെ നല്ല വരുമാനം ആ പുസ്തകത്തില്‍ നിന്നു ലഭിച്ചു.”

മണ്ണിനെക്കുറിച്ചുള്ള അറിവുകളാണ് ‘പുറ്റ്’ എന്ന് പേരിട്ടിരിക്കുന്ന ഈ പുസ്തകത്തിലുണ്ടാകുക.

പ്ലാവ് എന്ന പേരില്‍ പ്ലാവിനെക്കുറിച്ച് പുസ്തകമെഴുതിയ ജയനിപ്പോള്‍ മറ്റൊരു പുസ്തകത്തിന്‍റെ പണിപ്പുരയിലാണ്. മണ്ണിനെക്കുറിച്ചുള്ള അറിവുകളാണ് ‘പുറ്റ്’ എന്ന് പേരിട്ടിരിക്കുന്ന ഈ പുസ്തകത്തിലുണ്ടാകുക. ‘മണ്ണുകള്‍ വ്യത്യസ്തമാണ്. മണ്ണിന്‍റെ സ്വഭാവം അനുസരിച്ചാകണം കൃഷികള്‍, തീരദേശ വകുപ്പില്‍ പ്ലാവ് വച്ചുപിടിപ്പിച്ചിട്ട് കാര്യമില്ല.. അതു പോലെ കുറേയുണ്ട് മണ്ണിന്‍റെ വ്യത്യസ്ത സ്വഭാവങ്ങള്‍. ഇതൊക്കെയാണ് എഴുതുന്നത്. കുറച്ച് എഡിറ്റിങ് ജോലികള്‍ കൂടി ബാക്കിയുണ്ട്. പിന്നെ ഇപ്പോള്‍ നടാനുള്ള തൈകള്‍ ട്രീറ്റ് ചെയ്യുന്നതിന്‍റെ തിരക്കുകളിലാണ്. മഴയ്ക്ക് മുന്‍പേ ഈ ജോലികള്‍ പൂര്‍ത്തിയാക്കണം. മഴ പെയ്തു തുടങ്ങിയാല്‍ ചെറിയ കീടങ്ങള്‍ വന്ന് മുള കൊത്തി തിന്നും.’ ജയന്‍ പറയുന്നു.

സ്മിതയാണ് ഭാര്യ. രണ്ട് മക്കളുണ്ട്. ഡിഗ്രി വിദ്യാര്‍ഥിയായ ആദിത്യനും പത്താം ക്ലാസുകാരിയായ അലമേലുവും. ഇവരുടെ പിന്തുണയും തന്‍റെ പ്ലാവ് ജീവിതത്തിനുണ്ടെന്നു ജയന്‍ പറഞ്ഞു. സംസ്ഥാന ജൈവൈവിധ്യ ബോര്‍ഡിന്‍റെ 2014ലെ ജൈവവൈവിധ്യ പുരസ്‌കാരം, സാമൂഹിക വനംവകുപ്പിന്‍റെ വനമിത്ര പുരസ്‌കാരം, പ്രകൃതിമിത്ര പുരസ്‌കാരം എന്നിവയും ലഭിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം