ഇരുപത്തിനാലാം വയസ്സിലാണ് രാധാംബിക തിരുവനന്തപുരത്ത് അമ്പലമുക്കില്‍ സ്വന്തം ഇലക്ട്രോണിക്‌സ് സ്ഥാപനം തുടങ്ങുന്നത്. അഞ്ചുപേരായിരുന്നു അവരോടൊപ്പം തൊഴിലാളികളായി ഉണ്ടായിരുന്നത്.
സ്വന്തം കാലില്‍ നില്‍ക്കാനുള്ള ഒരു ഭിന്നശേഷിക്കാരിയുടെ ആഗ്രഹമായിരുന്നു ശിവവാസു എന്ന ആ സ്ഥാപനം. ഇന്ന് ഇന്‍ഡ്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍റെ (ISRO) യുടെ അഭിമാനമായ ഉപഗ്രഹ വിക്ഷേപണ പേടകങ്ങള്‍ മുതല്‍ ചൊവ്വാദൗത്യമായ മംഗള്‍യാനില്‍ വരെ കൈയ്യൊപ്പ് പതിപ്പിച്ച സ്ഥാപനമാണ് രാധാംബികയുടെത്. മാത്രമല്ല, തന്നെപ്പോലെ ഭിന്നശേഷിക്കാരായ 37 പേരടക്കം 140 പേര്‍ക്ക് തൊഴില്‍ നല്‍കുന്നുമുണ്ട് അവരുടെ ഇലക്ട്രോണിക്‌സ് കമ്പനി.
അഞ്ചുപേരുമായി ശിവവാസു ഇലക്ട്രോണിക്സ് എന്ന സ്ഥാപനം ആരംഭിക്കുമ്പോള്‍ രാധാംബിക (60) യുടെ നിക്ഷേപം ആത്മവിശ്വാസവും അച്ഛനമ്മമാരുടെ പിന്തുണയും മാത്രമായിരുന്നില്ല. ഭിന്നശേഷിക്കാരിയായി പോയതിന്‍റെ പേരില്‍ അന്നുവരെ സമൂഹത്തില്‍നിന്ന് ഏറ്റുവാങ്ങേണ്ടിവന്ന പരിഹാസത്തിന്‍റെ കയ്പില്‍ നിന്നുയിര്‍കൊണ്ട ദൃഢനിശ്ചയം കൂടിയായിരുന്നു–സ്വന്തം കാലില്‍ നില്‍ക്കാനായാല്‍ തന്നെക്കൊണ്ടാവുന്നത്ര പേരെക്കൂടി ഒറ്റപ്പെടലിന്‍റെയും അപകര്‍ഷതയുടെയും ഇരുട്ടില്‍ നിന്ന് ജീവിതവിജയത്തിന്‍റെ പ്രസരിപ്പിലേക്ക് കൊണ്ടുവരണമെന്ന നിശ്ചയം.
ആരോഗ്യമുളളവര്‍ക്ക് ഒരുപാട് സഹായവഴികള്‍ തുറന്നുകിട്ടും. അതുപോലെയല്ലല്ലോ നമ്മുടെ കാര്യം.
“ആരോഗ്യമുളളവര്‍ക്ക് ഒരുപാട് സഹായവഴികള്‍ തുറന്നുകിട്ടും. അതുപോലെയല്ലല്ലോ നമ്മുടെ കാര്യം. സാധാരണക്കാരുടെയത്ര അവസരങ്ങള്‍ കിട്ടില്ല. സാമ്പത്തികശേഷി കൂടി ഇല്ലാത്തവരാണെങ്കില്‍ പറയുകയും വേണ്ട. അതുകൊണ്ടാണ് ഏതെങ്കിലും വിധത്തില്‍ പരിമിതി അനുഭവിക്കുന്നവര്‍ക്ക് തൊഴില്‍ കൊടുക്കണമെന്ന് ആഗ്രഹിച്ചത്,” മുപ്പത്തഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം രാധാംബിക ഇതുപറയുമ്പോള്‍ വാക്കുകള്‍ക്ക് സംസ്ഥാന, ദേശീയ അവാര്‍ഡുകളുടെ തിളക്കം കൂടിയുണ്ട്.
ഭിന്നശേഷിക്കാര്‍ക്കുളള മികച്ച തൊഴില്‍ദാതാവിനുളള ദേശീയ പുരസ്‌ക്കാരവും, മികച്ച തൊഴില്‍ദാതാവിനുളള സംസ്ഥാന പുരസ്‌ക്കാരവും ഈ വര്‍ഷംതന്നെ നേടിയതിന്‍റെ ഇരട്ടിസന്തോഷത്തിലാണ് രാധാംബികയും കുടുംബവും.
പേരൂര്‍ക്കട, അമ്പലമുക്കിലെ ശിവവാസു ഇലക്ട്രോണിക്സ് വെറുമൊരു സ്ഥാപനമല്ല. എഎസ്എല്‍വി (Augmented Satellite Launch Vehicle), മംഗല്‍യാന്‍, പി എസ് എല്‍ വി (Polar Satellite Launch Vehicle) തുടങ്ങി ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ ബഹിരാകാശ പദ്ധതികളുടെ വിജയത്തില്‍ ശിവവാസുവില്‍ നിന്നുളള തൊഴിലാളികളുടെയും പ്രയത്നഫലമുണ്ട്.
ISROയുടെ ഉപഗ്രഹങ്ങളിലും വിക്ഷേപണവാഹനങ്ങളിലും ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ ഭാഗമായ പ്രിന്‍റഡ് സര്‍ക്യൂട്ട് ബോര്‍ഡിന്‍റെ (PCB ) വയറിങ്ങ്, ഹാര്‍നെസ്സിങ്ങ്, ടെസ്റ്റിങ്ങ് ജോലികളാണ് പ്രധാനമായും ശിവവാസുവില്‍ ചെയ്യുന്നത്. വളരെ സൂക്ഷ്മതയും കണിശതയും ആവശ്യമായ ജോലിയാണിത്. സോള്‍ഡറിങ്ങിലെ ചെറിയൊരു പിഴവ് പോലും വലിയ സുരക്ഷാവീഴ്ച്ചയ്ക്ക് കാരണമാകാം എന്നുളളതുകൊണ്ട് തന്നെ ഒരു വര്‍ഷം നീളുന്ന വിദഗ്ധപരിശീലനത്തിനു ശേഷമുളള ക്ഷമതാപരീക്ഷയില്‍ വിജയിക്കുന്നവരെയേ പ്രോജക്ടില്‍ ജോലി ചെയ്യാനുള്‍പ്പെടുത്താറുളളു.
ഇതുകൂടി വായിക്കാം: പ്രകാശം പരത്തുന്ന ഒരു മനുഷ്യന്‍
“പരിശീലനം തുടങ്ങി മൂന്നുമാസമൊക്കെ കഴിയുമ്പോള്‍ തന്നെ മികവുകാണിക്കുന്ന വിദ്യാര്‍ത്ഥികളെ തിരിച്ചറിയാനാവും. എല്ലാവര്‍ക്കും ഒരുപോലെ ചെയ്യാനാവുന്ന തൊഴിലല്ല ഇത്. അത്തരത്തില്‍ സമര്‍ത്ഥരായ കുട്ടികള്‍ക്കാണ് തുടര്‍പരിശീലനം നല്‍കുക. അല്ലാത്തവര്‍ക്ക് മറ്റു തരത്തിലുളള ജോലികള്‍ നല്‍കും,” രാധാംബിക പറഞ്ഞു. ആരംഭകാലത്ത് വിഎസ്എസ് സി (Vikram Sarabhai Space Centre)ക്കു പുറത്ത് ഈ ജോലി ചെയ്തിരുന്ന ഒരേയൊരു സ്ഥാപനമായിരുന്നു ശിവവാസു ഇലക്ട്രോണിക്സ്.
ഇപ്പോള്‍ തിരുവനന്തപുരത്തു തന്നെ വേറെയും സ്ഥാപനങ്ങള്‍ ഈ രംഗത്തുണ്ട്. അതിലേറെയും ഇവിടെനിന്ന് പരിശീലനം പൂര്‍ത്തിയാക്കി പോയവരും മുന്‍ജീവനക്കാരുമാണ്. എങ്കിലും ഗുണമേന്മയിലും ജോലി ചെയ്ത് തിരിച്ചേല്‍പ്പിക്കാനുളള സമയപരിധിയിലും വിട്ടുവീഴ്ച്ചയില്ലാത്തതിനാല്‍ ഇപ്പോഴും വിഎസ്എസ്സിയുടെ പ്രഥമപരിഗണന തങ്ങള്‍ക്കു തന്നെയാണെന്ന് പ്രൊഡക്ഷന്‍ മാനേജരായ ശ്രീകുമാറിന്‍റെ വാക്കുകള്‍.
വിഎസ്എസ് സി-ക്കു പുറമേ മറ്റു പല സ്ഥാപനങ്ങളിലും ഇവിടെനിന്ന് പരിശീലനം പൂര്‍ത്തിയാക്കി പോയവര്‍ ജോലി ചെയ്യുന്നുണ്ട്.
“വിഎസ് എസ് സി നിര്‍ദേശിച്ചിട്ടുളള സാങ്കേതിക നിലവാരവും അത്യാധുനിക സൗകര്യങ്ങളും ഉള്‍ക്കൊളളുന്ന ലാബാണ് ഇവിടെയുളളത്. പണിപൂര്‍ത്തിയായ ബോര്‍ഡുകള്‍ സൂക്ഷിക്കുന്നത് നിശ്ചിത അളവ് അന്തരീക്ഷ ഊഷ്മാവും സാന്ദ്രതയും ഒരുപോലെ നിലനിര്‍ത്തുന്ന പ്രത്യേക ചേമ്പറുകളിലാണ്. ഇവയുടെ ഗുണനിലവാരം അളക്കാനുളള മെഷീനുകളും സ്ഥാപിച്ചിട്ടുണ്ട്,” ശ്രീകുമാര്‍ വിശദീകരിക്കുന്നു.
“ഐടിഐ ഇലക്ട്രോണിക്സ് അല്ലെങ്കില്‍ മെക്കാനിക്സ് കഴിഞ്ഞുവരുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഇവിടെ തൊഴില്‍പരിശീലനം നല്‍കുന്നത്. കൂടാതെ നാലാഞ്ചിറ വൊക്കേഷണല്‍ റീഹാബിലിറ്റേഷന്‍ സെന്‍ററില്‍ നിന്നുളള ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കും ഇവിടെ പരിശീലനം നല്‍കുന്നുണ്ട്. പരിശീലനകാലത്ത് അയ്യായിരം രൂപ സ്‌റ്റൈപന്‍ഡും നല്‍കുന്നുണ്ട്. വിഎസ്എസ് സി-ക്കു പുറമേ മറ്റു പല സ്ഥാപനങ്ങളിലും ഇവിടെനിന്ന് പരിശീലനം പൂര്‍ത്തിയാക്കി പോയവര്‍ ജോലി ചെയ്യുന്നുണ്ട്. വിഎസ്എസ്സിയില്‍ തന്നെ സ്ഥിരനിയമനം ലഭിച്ചവരുമുണ്ട്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ഥിരനിയമനത്തിനായി പ്രായോഗിക പരീക്ഷയും ഇന്‍റര്‍വ്യൂവും ഉണ്ടാകും. അത് പാസാവുന്ന ഭൂരിഭാഗം പേരും ഇവിടെയുളള വിദ്യാര്‍ഥികള്‍ തന്നെയാണെന്നത് ഇവിടെ നല്‍കുന്ന പരിശീലനമികവിന് ഉദാഹരണമാണ്. മുന്നോട്ട് ജോലിസാധ്യതയുളള ഒരു കൈത്തൊഴില്‍ മാത്രമല്ല ഇവിടെനിന്നിറങ്ങുന്നവര്‍ സ്വായത്തമാക്കുന്നത്, അതുവരെ തങ്ങളെ ചൂഴ്ന്നുനിന്നിരുന്ന അപകര്‍ഷതകളെ കുടഞ്ഞെറിഞ്ഞ് ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിടാനുളള ധൈര്യം കൂടിയാണ്. അതിനവര്‍ക്ക് ജീവിക്കുന്ന ഉദാഹരണമായി മുന്നില്‍ രാധാംബികയുണ്ട്. മുപ്പതുവര്‍ഷമായി ഇവിടെ ജോലി ചെയ്യുന്ന ഹരികുമാറിന്‍റെ അനുഭവസാക്ഷ്യമാണിത്.
ഭിന്നശേഷിക്കാരനായതിന്‍റെ പേരില്‍ സമൂഹം അവഗണിക്കുമ്പോഴും നല്ല രീതിയില്‍ ജീവിതം പടുത്തുയര്‍ത്താന്‍ താങ്ങും തണലുമായത് രാധാംബിക ചേച്ചിയാണ്. ഈ തണലുപേക്ഷിച്ച് എങ്ങും പോകണമെന്ന് തോന്നിയിട്ടില്ല ഇതുവരെ
“ഭിന്നശേഷിക്കാരനായതിന്‍റെ പേരില്‍ സമൂഹം അവഗണിക്കുമ്പോഴും നല്ല രീതിയില്‍ ജീവിതം പടുത്തുയര്‍ത്താന്‍ താങ്ങും തണലുമായത് രാധാംബിക ചേച്ചിയാണ്. ഈ തണലുപേക്ഷിച്ച് എങ്ങും പോകണമെന്ന് തോന്നിയിട്ടില്ല ഇതുവരെ,” കരകുളം സ്വദേശിയായ ഹരി 89ലാണ് ഇവിടെ പരിശീലനത്തിനെത്തുന്നത്. പഠിച്ചത് റേഡിയോ- ടിവി മെക്കാനിസമാണ്.
98ല്‍ മികച്ച ഭിന്നശേഷിക്കാരനായ തൊഴിലാളിക്കുളള സംസ്ഥാന അവാര്‍ഡും 2013ല്‍ ISRO നല്‍കിയ സ്പെഷ്യല്‍ പ്രോജക്ട് മികച്ചരീതിയില്‍ പൂര്‍ത്തിയാക്കിയതിനുളള സര്‍ട്ടിഫിക്കറ്റും നേടിയിട്ടുണ്ട് ഹരി.
അന്യതാബോധമില്ലാതെ ജോലി ചെയ്യാന്‍ കഴിയുന്നു എന്നുളളതുതന്നെയാണ് പലരെയും ഇവിടെ തുടരാന്‍ പ്രേരിപ്പിക്കുന്നത്. നാലാഞ്ചിറ വിആര്‍സിയില്‍ നിന്നിവിടെയെത്തി മൂന്നുവര്‍ഷമായി തുടരുന്ന റെജിയ്ക്കു പറയാനുളളതും അതാണ്: “ഭിന്നശേഷിക്കാരും അല്ലാത്തവരും ഇവിടെ ജീവനക്കാരായുണ്ട്. എങ്കിലും അത്തരം വേര്‍തിരിവുകളൊന്നുമില്ല. എല്ലാവരും വളരെ ഫ്രെണ്ട്ലിയാണിവിടെ.”
1983ല്‍ തുടങ്ങിയ സ്ഥാപനത്തിനു കീഴില്‍ ഇപ്പോള്‍ 140 ജീവനക്കാരുണ്ട്. അതില്‍ 37 പേര്‍ ഭിന്നശേഷിക്കാരാണ്. ശിവവാസുവില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കി ISRO അടക്കമുളള സ്ഥാപനങ്ങളില്‍ സ്ഥിരം ജീവനക്കാരായവര്‍ രണ്ടായിരത്തോളം വരുമെന്ന് രാധാംബികയുടെ ഭര്‍ത്താവും ശിവവാസുവിന്‍റെ അമരക്കാരില്‍ ഒരാളുമായ മുരളീധരന്‍ നായര്‍ പറഞ്ഞു.
ഇതുകൂടി വായിക്കാം:വേണമെങ്കില്‍ കൊക്കഡാമ കേരളത്തിലും: ജപ്പാന്‍കാരുടെ ഉദ്യാനകലയ്ക്ക് നാടന്‍ പതിപ്പുമായി പ്രിന്‍സ്
ISRO യില്‍ ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് ഇങ്ങോട്ട് തിരിച്ചുവന്നവരുമുണ്ട്. അങ്ങനൊരാളാണ് ഓഫീസ് അസിസ്റ്റന്‍റായി ജോലി നോക്കുന്ന ശൈലജ. ഇവിടെ വരുമ്പോള്‍ എല്ലാ സങ്കടങ്ങളും മറക്കുമെന്നാണ് അതിന് ശൈലജയുടെ ന്യായീകരണം.
നെയ്യാറ്റിന്‍കരക്കാരിയാണ് ശൈലജ. “രാവിലെ ഇവിടെ വന്ന് ചേച്ചിയുടെ ചിരിക്കുന്ന മുഖം കണ്ടാല്‍ തന്നെ എല്ലാ വിഷമവും മറന്നുപോകും. മറ്റെവിടെയും കിട്ടാത്ത സ്നേഹവും സ്വാതന്ത്ര്യവും ചേച്ചി ഞങ്ങള്‍ക്ക് തരുന്നുണ്ട്. ഇവിടെ എല്ലാവരും ഒരു കുടുംബമാണ്. വളരെ പോസിറ്റീവായ അന്തരീക്ഷമാണിവിടെ.”
എന്നാല്‍, ഒന്നും തന്‍റെ മാത്രം കഴിവല്ലെന്ന് വിനയാന്വിതയാകുന്നു രാധാംബിക. “ISRO പോലുളെളാരു സ്ഥാപനത്തിന്‍റെ പിന്തുണ കൊണ്ടാണ് ഇത്രയൊക്കെ ചെയ്യാന്‍ പറ്റിയത്. നമുക്ക് കഴിവ് തെളിയിക്കാനൊരു അവസരം ആരെങ്കിലും തന്നാലല്ലേ പറ്റൂ. അങ്ങനെ കിട്ടിയ അവസരം പാഴാക്കിയില്ലെന്നു മാത്രമല്ല, എന്നെപോലുളളവര്‍ക്ക് വളര്‍ന്നുവരാനൊരു സാഹചര്യവും ഒരുക്കാന്‍ കഴിഞ്ഞു. അച്ഛനമ്മമാരുടെ പ്രാര്‍ത്ഥനയും ദൈവാനുഗ്രഹവുമുണ്ട്.
രാവിലെ ഇവിടെ വന്ന് ചേച്ചിയുടെ ചിരിക്കുന്ന മുഖം കണ്ടാല്‍ തന്നെ എല്ലാ വിഷമവും മറന്നുപോകും. മറ്റെവിടെയും കിട്ടാത്ത സ്നേഹവും സ്വാതന്ത്ര്യവും ചേച്ചി ഞങ്ങള്‍ക്ക് തരുന്നുണ്ട്.
“അതുപോലെ ഇവിടെ ജോലിചെയ്യുന്നവരുടെ മിടുക്കുമുണ്ട് ഈ വിജയത്തിനുപിന്നില്‍. ചിലകാര്യങ്ങള്‍ പഠിച്ചെടുക്കാന്‍ സാധാരണക്കാരേക്കാള്‍ പ്രാപ്തിയുളളവരാണ് ഭിന്നശേഷിക്കാര്‍. പ്രത്യേകിച്ച് ഇതുപോലെ ശ്രദ്ധയും സമയവുമൊക്കെ ചെലവിട്ടു ചെയ്യേണ്ട ജോലികള്‍. അതിനുളള അവസരം അവര്‍ക്ക് കിട്ടാറില്ലെന്ന പ്രശ്നമേയുളളു.”
പേരൂര്‍ക്കട അമ്പലമുക്കിലെ അമ്പലത്തുവീട്ടില്‍ വാസുപിളളയെന്നു വിളിപ്പേരുളള പരമേശ്വരന്‍ പിളളയുടെയും സരോജനി അമ്മയുടെയും ഏഴുമക്കളില്‍ ആറാമതായാണ് രാധാംബികയുടെ ജനനം. രണ്ടാം വയസ്സിലാണ് പോളിയോ വലതുകാല്‍ തളര്‍ത്തിക്കളഞ്ഞത്.
പ്രീഡിഗ്രി വരെ സാധാരണ വിദ്യഭ്യാസ സ്ഥാപനങ്ങളിലാണ് പഠിച്ചത്. കാലിന് സ്വാധീനക്കുറവുളളതുകൊണ്ട് മുട്ടിലൂന്നി വേണം നടക്കാന്‍. നടപ്പില്‍ അല്‍പ്പമൊന്നു ശ്രദ്ധമാറിയാല്‍ എവിടെയെങ്കിലും തട്ടിവീഴും. ഇതിനിടെ മൂത്ത സഹോദരന്മാരൊക്കെ കല്യാണം കഴിഞ്ഞു സ്വന്തം കുടുംബമായി, അവരവരുടെ തിരക്കുകളിലേക്ക് ഒതുങ്ങി. സാമ്പത്തികസ്ഥിതി ഭദ്രമായിരുന്നെങ്കിലും അച്ഛനമ്മമാര്‍ക്ക് ഈ മകളൊരു സങ്കടകാരണമായിരുന്നു.
ഇതുകൂടി വായിക്കാം:അഞ്ചരയേക്കര്‍ റബര്‍ വെട്ടി പ്ലാവുനട്ട തൃശ്ശൂര്‍ക്കാരനെത്തേടി ഇന്ന് ലോകമെത്തുന്നു: വൈറലായ ആയുര്‍ ജാക്കിന്‍റെ കഥ
അവരുടെ കാലശേഷം തണലായി ആരുണ്ടാകുമെന്ന പതിവ് ആകുലത. പക്ഷെ താനാര്‍ക്കുമൊരു ഭാരമാകരുതെന്നായിരുന്നു രാധാംബികയുടെ തീരുമാനം. അതിനായി തൊഴിലുറപ്പ് തരുന്ന എന്തെങ്കിലും പഠിക്കാന്‍ തീരുമാനിച്ചു. അങ്ങനെ പ്രീഡിഗ്രിക്കു ശേഷം വൊക്കേഷന്‍ റീഹാബിലിറ്റേഷന്‍ സെന്‍ററില്‍ ഇലക്ട്രോണിക്സ് കോഴ്സിനു ചേര്‍ന്നു. അവിടെ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ISROയുടെ പരിശീലനപരിപാടിയെ കുറിച്ചു കേള്‍ക്കുന്നതും അപേക്ഷ അയക്കുന്നതും. അതായിരുന്നു ജീവിതത്തിലെ വഴിത്തിരിവ്.
യു എന്‍ അന്താരാഷ്ട്ര ഭിന്നശേഷി വര്‍ഷമായി ആചരിച്ച 1981-82 ല്‍ ഭിന്നശേഷിക്കാര്‍ക്കായുളള കേന്ദ്രസര്‍ക്കാറിന്‍റെ തൊഴിലധിഷ്ഠിത പദ്ധതിയുടെ ഭാഗമായി ISRO നടത്തിയ പരിശീലന പദ്ധതിയില്‍ ഭാഗമാകാന്‍ കഴിഞ്ഞു. അതില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച അഞ്ചുപേരെ തെരെഞ്ഞെടുത്ത് പ്രത്യേകപരിശീലനം നല്‍കി. അത് പൂര്‍ത്തിയായപ്പോള്‍ അവരുടെതന്നെ പ്രോജക്ട് ചെയ്യാനേല്‍പ്പിക്കുകയായിരുന്നു. ഏല്‍പ്പിച്ച ജോലി ഭംഗിയായി പൂര്‍ത്തിയാക്കിയതോടെ തുടര്‍ന്നും പ്രോജക്ടുകള്‍ കിട്ടിത്തുടങ്ങി. അഞ്ചുപേര്‍ മതിയാകില്ലെന്നു കണ്ടപ്പോള്‍ കൂടുതല്‍ പേരെ പരിശീലിപ്പിച്ചെടുത്തു. ഇരുന്ന് ജോലി ചെയ്യാന്‍ വീടിനടുത്തുതന്നെ കെട്ടിടവും അനുബന്ധ സൗകര്യങ്ങളുമൊരുക്കി.
എന്തിനും പ്രോല്‍സാഹനവും പിന്തുണയുമായി ഒപ്പം നിന്ന അച്ഛന്‍റെ യഥാര്‍ത്ഥപേരും വിളിപ്പേരും ചേര്‍ത്ത് സ്ഥാപനത്തിന് ശിവവാസു ഇലക്ട്രോണിക്സ് എന്നു പേരുമിട്ടു. അച്ഛനമ്മമാരുടെ പ്രാര്‍ത്ഥന പോലെ തണലായി ജീവിതത്തിലേക്ക് മുരളീധരന്‍ നായരുമെത്തി. രണ്ടു മക്കളാണീ ദമ്പതികള്‍ക്ക്. ബി.ടെക്കുകാരനായ മകന്‍ ശ്രീവിനായകും എംഎഎസ്സിക്കാരിയായ മകള്‍ ശ്രീരശ്മിയും ശിവവാസുവിനെ മുന്നോട്ടു നയിക്കാന്‍ അമ്മയ്ക്കൊപ്പമുണ്ട്.