ചിന്നാര്‍ വന്യമൃഗസങ്കേതത്തിനുള്ളിലെ കുടികളില്‍ പാര്‍ക്കുന്ന ആദിവാസികള്‍ക്കായി 2016-ന്‍റെ തുടക്കത്തില്‍ ഒരു മെഡിക്കല്‍ ക്യാമ്പ് നടന്നു. പരിശോധനകളുടെ ഫലം അപ്രതീക്ഷിതമായിരുന്നില്ല. എങ്കിലും ഡോക്ടര്‍മാര്‍ പറഞ്ഞ ചില കാര്യങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു.
പ്രമേഹവും വിളര്‍ച്ചയും തൂക്കക്കുറവും സ്ത്രീകളെയും യുവാക്കളെയും കുട്ടികളെയും വരെ ബാധിച്ചിരിക്കുന്നു. ഉയര്‍ന്ന കൊളസ്ട്രോളും പ്രമേഹവും വ്യാപകം. വനമേഖലയില്‍ താമസിക്കുന്ന ഇവര്‍ക്കിടയില്‍ എങ്ങനെ നഗരവാസികളില്‍ വ്യാപകമായ ജീവിതശൈലീരോഗങ്ങള്‍ വ്യാപകമാവുന്നു?
പ്രമേഹവും വിളര്‍ച്ചയും തൂക്കക്കുറവും സ്ത്രീകളെയും യുവാക്കളെയും കുട്ടികളെയും വരെ ബാധിച്ചിരിക്കുന്നു. ഉയര്‍ന്ന കൊളസ്ട്രോളും പ്രമേഹവും വ്യാപകം.
ഭക്ഷണശീലങ്ങളായിരിക്കാം ഈ അവസ്ഥയ്ക്ക് കാരണമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. ഇതെങ്ങനെ സംഭവിച്ചു എന്ന അന്വേഷണം ചെന്നെത്തിയത് റേഷന്‍ കടയിലാണ്.
“പണ്ടു ഞങ്ങളു പ്രധാനമായും തിന്നോണ്ടിരുന്നത് റാഗിയും ചോളവുമൊക്കെയായിരുന്നു. പിന്നെ റേഷനൊക്കെ കിട്ടിത്തൊടങ്ങിയപ്പം കൃഷി ചെയ്യാന്‍ എല്ലാര്‍ക്കും മടിയായി,”തായണ്ണന്‍ കുടിയുടെ ഊരുമൂപ്പനായ ചന്ദ്രന്‍ കാണി പറഞ്ഞു.
ഇതുകൂടി വായിക്കാം: ഇതാണ് പൊലീസ്! ജനഹൃദയത്തില്‍ തൊട്ട് ഒരു സല്യൂട്ട്
കുറഞ്ഞ നിരക്കില്‍ റേഷനരി കിട്ടിത്തുടങ്ങിയതോടെ പരമ്പരാഗത ഭക്ഷശീലങ്ങള്‍ വഴിമാറി. ചോറും കട്ടന്‍ചായയും കുടിച്ച് വിശപ്പകറ്റാന്‍ തുടങ്ങി, പലരും. പൊതുവെ മാംസാഹാരം കുറച്ചുമാത്രം ഉപയോഗിക്കുന്ന ഈ പ്രദേശങ്ങളിലെ ആദിവാസികള്‍ക്കിടയില്‍ റേഷനരിയുടെ വരവും ലഭ്യതയും പോഷകാഹാരത്തെക്കുറിച്ചുള്ള ധാരണകള്‍ മാറ്റി. മറ്റ് ഭക്ഷ്യവസ്തുക്കളും കൃഷിയും ഉപേക്ഷിച്ച് എല്ലാവരും അരിയിലേക്ക് മാറി.
ഫലം ഇതായിരുന്നു. പുതിയ തലമുറ അടക്കം എല്ലാവരുടെയും ആരോഗ്യം ക്ഷയിച്ചു. മാത്രമല്ല, വൈവിധ്യം നിറഞ്ഞ കൃഷിരീതികളും പതിയെ മറവിയിലായി; ഒപ്പം, അവര്‍ കൈവിടാതെ സൂക്ഷിച്ചുവെച്ചിരുന്ന അപൂര്‍വ്വമായ വിത്തുകളും.
“പോകപ്പോകെ പരമ്പരാഗത വിത്തെല്ലാം കയ്യീന്നു പോയി. ഇപ്പഴത്തെ പുതുതലമുറേല്‍ പലര്‍ക്കും ഞങ്ങടെ പരമ്പരാഗത കൃഷിരീതിയെക്കുറിച്ചൊന്നും അറിയത്തുപോലുമില്ല,” ചന്ദ്രന്‍ കാണി പരിതപിക്കുന്നു.
പോകപ്പോകെ പരമ്പരാഗത വിത്തെല്ലാം കയ്യീന്നു പോയി. ഇപ്പഴത്തെ പുതുതലമുറേല്‍ പലര്‍ക്കും ഞങ്ങടെ പരമ്പരാഗത കൃഷി രീതിയെക്കുറിച്ചൊന്നും അറിയത്തുപോലുമില്ല.
ആരോഗ്യം തിരിച്ചുപിടിക്കാന്‍ പരമ്പരാഗതകൃഷിയും പോഷകവൈവിധ്യം നിറഞ്ഞ ഭക്ഷവും ശീലിക്കണമെന്ന് മനസ്സിലായതോടെ ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളിലെ ആദിവാസി സമൂഹം ഒരു തിരിച്ചുപോക്കിന് തയ്യാറെടുത്തു. വനംവകുപ്പ് സഹായത്തിനെത്തി. പുനര്‍ജ്ജീവനം എന്നാണ് അവര്‍ ആ പരിശ്രമത്തിന് പേരിട്ടത്.
ഇനിയൊരിക്കലും വീണ്ടെടുക്കാനാവാത്ത തരത്തില്‍ നഷ്ടപ്പെട്ടു പോയെന്നു കരുതിയിരുന്ന കാര്‍ഷിക സംസ്‌കാരം ഇന്ന് അവര്‍ തിരിച്ചുപിടിച്ചിരിക്കുന്നു. തുണിക്കെട്ടിലും മണ്‍പാത്രങ്ങളിലുമൊക്കെയായി ഇത്തിരിവിത്തുകള്‍ കുടികള്‍ തോറും തേടിച്ചെന്ന് അവര്‍ തിരിച്ചുകൊണ്ടുവന്നു. പഴക്കംമൂലം അധികം വിത്തുകളും മുളച്ചില്ല. കിളിര്‍ത്തുവന്നതിനെ അവര്‍ കുഞ്ഞുങ്ങളെ നോക്കുന്നതുപോലെ പരിചരിച്ചു. കാട്ടുമൃഗങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ രാവുംപകലും കാവല്‍ നിന്നു.
ഇതുകൂടി വായിക്കാം:“അരിമി പൊട്ടു ഞൊര്‍ണ്ണി, അനിമ്പു മെറ്റി പൊരുള് മിച്ചി”: ഈ രഹസ്യ ഭാഷക്ക് ലിപിയുണ്ടാക്കിയത് ഇടുക്കിയിലെ 17കാരന്‍
അങ്ങനെ, മൂന്ന് വര്‍ഷത്തിനിപ്പുറം, തായണ്ണന്‍കുടി ആ പരിശ്രമത്തില്‍ വിജയം കണ്ടു, ആ മാതൃകയെ രാജ്യം ആദരിക്കുകയും ചെയ്തു. പരമ്പരാഗത കാര്‍ഷിക വിഭവങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇടപെടലുകളെ മാനിച്ച് കേന്ദ്ര കാര്‍ഷിക മന്ത്രാലയം പത്തുലക്ഷം രൂപയുടെ അവാര്‍ഡ് നല്‍കി.
ചിന്നാര്‍ വന്യജീവി സങ്കേതം അസിസ്റ്റന്‍റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പിഎം പ്രഭുവിന്‍റെ നേതൃത്വത്തിലാണ് പുനര്‍ജീവനം പദ്ധതി ആവിഷ്‌കരിച്ചത്. വന്യജീവി സങ്കേതത്തിനുള്ളിലുള്ള 11 ആദിവാസി കോളനികളിലായി ഏതാണ്ട് 1800-ഓളം പേരാണുള്ളത്. തായണ്ണന്‍കുടി, മുളങ്ങാമുട്ടി, വെള്ളക്കല്‍, പുതുക്കുടി, ഇരുട്ടളക്കുടി, ഈച്ചാംപെട്ടി, ആലാംപെട്ടി, പാളപ്പെട്ടി, ചമ്പക്കാട്, മാങ്ങാപ്പാറ, ഒള്ളവയല്‍ എന്നിവയാണ് സങ്കേതത്തിനുള്ളിലെ ആദിവാസിക്കുടികള്‍.
“മുന്‍കാലങ്ങളില്‍ നിരവധി ഇനം റാഗി, തിന, ബീന്‍സ്, ചോളം, മത്തങ്ങ, ചീര, ചുരയ്ക്ക, മറ്റു പയര്‍ വര്‍ഗങ്ങള്‍ എന്നിവ ഈ പ്രദേശത്തെ ആദിവാസികളുടെ ഭക്ഷണത്തിന്‍റെ ഭാഗമായിരുന്നു. എന്നാല്‍ റേഷന്‍ വന്നതോടെ കൃഷി ക്ഷയിക്കുകയും പരമ്പരാഗത വിത്തുകള്‍ കൈമോശം വരുകയുമായിരുന്നു. ഇതിനെത്തുടര്‍ന്ന് എങ്ങനെ ആദിവാസികളുടെ പരമ്പാരാഗത ഭക്ഷണശീലങ്ങള്‍ തിരിച്ചുപിടിക്കാമെന്ന ആലോചനയില്‍ നിന്നാണ് പുനര്‍ജീവനം പദ്ധതിയുടെ തുടക്കം,” പ്രഭു പറയുന്നു.
വനംവകുപ്പും ആദിവാസികളും കൈകോര്‍ത്തപ്പോള്‍ തായണ്ണന്‍കുടിയുടെ താഴ്‌വാരങ്ങളില്‍ വീണ്ടും പച്ചപ്പുനിറഞ്ഞു. റാഗിയും തിനയുമെല്ലാം വീണ്ടും പച്ചത്തലപ്പുനീട്ടി.
ഒരു ഇക്കോ ഡവലപ്മെന്‍റ് കമ്മിറ്റി (ഇ ഡി സി) രൂപീകരിച്ചായിരുന്നു പുനര്‍ജീവനം പദ്ധതി തുടങ്ങിയത്. ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളിലെ എല്ലാ ആദിവാസി കുടികളില്‍ നിന്നുമുള്ളവരെ പദ്ധതിയുടെ ഭാഗമാക്കാന്‍ തുടക്കത്തില്‍തന്നെ തീരുമാനമെടുത്തിരുന്നു, അദ്ദേഹം തുടര്‍ന്നു.
ഇതുകൂടി വായിക്കാം: അഞ്ചരയേക്കര്‍ റബര്‍ വെട്ടി പ്ലാവുനട്ടു: വൈറലായ ആയുര്‍ ജാക്കിന്‍റെ കഥ
2016-തായണ്ണന്‍കുടി ആദിവാസി കോളനിയിലെ 15 സെന്‍റ് സ്ഥലം പാട്ടത്തിനെടുത്താണ് പദ്ധതിക്കു തുടക്കമിട്ടത്. വനംവകുപ്പും ആദിവാസികളും കൈകോര്‍ത്തപ്പോള്‍ തായണ്ണന്‍കുടിയുടെ താഴ്‌വാരങ്ങളില്‍ വീണ്ടും പച്ചപ്പുനിറഞ്ഞു. റാഗിയും തിനയുമെല്ലാം വീണ്ടും പച്ചത്തലപ്പുനീട്ടി.
നേരത്തേ 25-ഓളം റാഗി ഇനങ്ങളാണ് അഞ്ചുനാട് മലനിരകളില്‍ കൃഷി ചെയ്തിരുന്നത്. എന്നാല്‍ ഇത് പച്ചമുട്ടിയെന്ന ഒറ്റയിനത്തിലേക്ക് കാലക്രമേണ ചുരുങ്ങുകയായിരുന്നു. പുനര്‍ജീവനം തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ എട്ട് ഇനത്തില്‍പ്പെട്ട റാഗി കൃഷിയിറക്കാന്‍ കഴിഞ്ഞു. രണ്ടാം വര്‍ഷം ഇത് 15 എണ്ണത്തിലേക്കെത്തി.
പുനര്‍ജീവനം പദ്ധതി വിജയകരമായ മൂന്നാം വര്‍ഷം പിന്നിട്ടപ്പോള്‍ കൈമോശം വന്നുപോയി എന്ന് എല്ലാവരും കരുതിയിരുന്ന 23 ഇനം റാഗി കണ്ടെത്തി കൃഷി ചെയ്യാന്‍ കഴിഞ്ഞുവെന്ന് ചന്ദ്രന്‍ കാണി പറയുന്നു.
നിലവില്‍ വെളള റാഗി, മട്ടതൊങ്ങന്‍ റാഗി, പാലാക്കണ്ണി റാഗി, മുട്ടി റാഗി, റൊട്ടി റാഗി, ചോലക്കമ്പിളി, അരക്കാഞ്ചി റാഗി, കറുപ്പു റാഗി, മീന്‍കണ്ണി റാഗി, ഉണ്ടപ്പൂവന്‍ റാഗി, കാഞ്ഞിക്കാരി റാഗി, കാടമ്പാറ റാഗി, ഉപ്പുലുസി റാഗി, ചങ്ങിലി റാഗി, പൂവന്‍ റാഗി, സിരുതൊങ്ങന്‍ റാഗി, മട്ട റാഗി, കരിമുട്ടി റാഗി, പച്ചമുട്ടി റാഗി, നീലക്കണ്ണി റാഗി എന്നിവ പുനര്‍ജീവനത്തിലൂടെ തിരിച്ചുപിടിച്ച റാഗി ഇനങ്ങളില്‍ ചിലതാണ്.
മുതുവാക്കുടികളുടെ ഇറയത്തും ചട്ടികളിലും ചെറിയ തുണിക്കെട്ടുകളിലും കെട്ടി സൂക്ഷിച്ചിരുന്ന റാഗികളുടെയും തിനയുടെയും ബീന്‍സിന്‍റെയും വിത്തുകള്‍ ഓരോന്നായി കണ്ടെത്തി
ഇതോടൊപ്പം വിവിധതരം തിന, ചീര, കടുക്, ചോളം, മത്തന്‍, മഞ്ഞള്‍, ബീന്‍സ് എന്നിവയും ഈ പദ്ധതിയിലൂടെ തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞുവെന്ന് പ്രദേശവാസികള്‍ പറയുന്നു.
നഷ്ടപ്പെട്ടു പോയ വിത്തുകള്‍ കണ്ടെത്തുകയെന്നതായിരുന്നു ഏറ്റവും ശ്രമകരമായ ദൗത്യം. ഇതിനായി അഞ്ചുനാടെന്ന് അറിയപ്പെടുന്ന മറയൂര്‍, കാന്തല്ലൂര്‍, കീഴാന്തൂര്‍, കാരയൂര്‍, കൊട്ടക്കുടി എന്നിവിടങ്ങളിലെയും ആനമല ചെരുവുകളിലുള്ള പൂസക്കൊട്ടാംപാറ, മാവിടാപ്പ്, കരിമുട്ടി, കുടികളില്‍ നിന്നാണ് വിത്തുകള്‍ കണ്ടെടുത്ത്. മുതുവാക്കുടികളുടെ ഇറയത്തും ചട്ടികളിലും ചെറിയ തുണിക്കെട്ടുകളിലും കെട്ടി സൂക്ഷിച്ചിരുന്ന റാഗികളുടെയും തിനയുടെയും ബീന്‍സിന്‍റെയും വിത്തുകള്‍ ഓരോന്നായി കണ്ടെത്തി. മാസങ്ങള്‍ നീണ്ട പരിശ്രമത്തിലൂടെയാണ് ഇത്തരത്തില്‍ വിത്തുകള്‍ കണ്ടെത്താനായത്.
തുടക്കത്തില്‍ തായണ്ണന്‍കുടിയില്‍ ആറിനു സമീപം തടങ്ങളുണ്ടാക്കി തൈകള്‍ പാകുകയായിരുന്നു. വിത്തുകള്‍ പഴകിയതായിരുന്നതിനാല്‍ ഭൂരിഭാഗം വിത്തുകളും കിളിര്‍ത്തില്ല. കിളിര്‍ത്ത തൈകള്‍ പിന്നീടു തടങ്ങളിലേക്കു പറിച്ചു നടുകയായിരുന്നു. തുടര്‍ന്നാണ് ഈ വിത്തുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്തു വിത്തുശേഖരത്തിന്‍റെ വലിപ്പം വര്‍ധിപ്പിച്ചത്, പ്രഭു വിശദീകരിക്കുന്നു.
“പ്രഭു സാറും മറ്റു വനംവകുപ്പ് ഉദ്യോഗസ്ഥരും പുനര്‍ജീവനം പദ്ധതി ആവിഷ്‌കരിച്ചപ്പോള്‍ വിത്തുകള്‍ കണ്ടെത്താനാവില്ലെന്നാണ് ഞങ്ങള്‍ ആദ്യം കരുതിയത്. എന്നാല്‍ ഒരുമിച്ചു പരിശ്രമിച്ചപ്പോള്‍ വിത്തുകളെല്ലാം വീണ്ടെടുക്കാനും പുനര്‍ജീവനം പദ്ധതി കൂടുതല്‍ വ്യാപമാക്കാനും കഴിഞ്ഞു,” ചന്ദ്രന്‍കാണി ഓര്‍മിക്കുന്നു.
വന്യമൃഗങ്ങളുടെ ശല്യമുണ്ടായിരുന്നതിനാലും രാവും പകലും കാവല്‍കിടന്നാണ് വിത്തുകള്‍ കിളിര്‍പ്പിച്ചെടുത്തത്
“വിത്തുകളുടെ എണ്ണംകുറവായിരുന്നതിനാലും വന്യമൃഗങ്ങളുടെ ശല്യമുണ്ടായിരുന്നതിനാലും രാവും പകലും കാവല്‍കിടന്നാണ് വിത്തുകള്‍ കിളിര്‍പ്പിച്ചെടുത്തത്. ഈ ദൗത്യം ഞാന്‍ തന്നെ ഏറ്റെടുത്തു,” ചന്ദ്രന്‍കാണി ഓര്‍മിക്കുന്നു.
2017-ല്‍ തന്നെ പരമ്പരാഗത കൃഷി രീതികള്‍ സംരക്ഷിക്കുന്ന മികച്ച ആദിവാസി കുടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ മൂന്നുലക്ഷം രൂപയുടെ പുരസ്‌കാരം തായണ്ണന്‍കുടിയെ തേടിയെത്തി.
പദ്ധതി മൂന്നുവര്‍ഷം പിന്നിടുമ്പോള്‍ കേന്ദ്ര കൃഷി മന്ത്രാലയത്തിനു കീഴിലുള്ള പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്‍റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്സ് റൈറ്റ് അതോറിറ്റി നല്‍കുന്ന പ്ലാന്‍റ് ജീനോം സേവിയര്‍ കമ്യൂണിറ്റി അവാര്‍ഡും തായണ്ണന്‍കുടിക്ക് ലഭിച്ചു. ഇന്ത്യയിലെ തെരഞ്ഞെടുക്കപ്പെട്ട നാലു കാര്‍ഷിക സംഘങ്ങള്‍ക്കു നല്‍കുന്ന ഈ അവാര്‍ഡ് പത്തുലക്ഷം രൂപയുടേതാണ്. ഈ തുക ഉപയോഗിച്ച് കുടിയിലെ കാര്‍ഷിക സംസ്‌കാരം വളര്‍ത്തുന്നത് ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ആദിവാസി സമൂഹം ലക്ഷ്യമിടുന്നത്.
“ഞങ്ങളുടെ കുട്ടികളില്‍ പലര്‍ക്കും പരമ്പരാഗത ഭക്ഷണമായിരുന്ന റാഗിയും തിനയും എന്താണെന്നും ഒരിക്കല്‍പ്പോലും ഇതിന്‍റെ രുചി അറിയാത്തവരുമുണ്ട്. മുന്‍കാലങ്ങളില്‍ ഞങ്ങളുടെ പ്രധാന ഭക്ഷണം റാഗിയും, കപ്പയും, തിനയും പൂസനിയും ഒക്കെയായിരുന്നു, പിന്നീട് റേഷനരി വന്നതോടെ എല്ലാം പോയി. പരമ്പരാഗത വിഭവങ്ങളിലേക്ക് മടങ്ങാനാണ് ഞങ്ങളിപ്പോള്‍ ശ്രമിക്കുന്നത്,” തായണ്ണന്‍കുടിയിലെ സുമിത്തിരി പറയുന്നു.
ഞങ്ങളുടെ കുട്ടികളില്‍ പലര്‍ക്കും പരമ്പരാഗത ഭക്ഷണമായിരുന്ന റാഗിയും തിനയും എന്താണെന്നും ഒരിക്കല്‍പ്പോലും ഇതിന്‍റെ രുചി അറിയാത്തവരുമുണ്ട്
കേരള കാര്‍ഷിക സര്‍വകലാശാലയിലെ ബൗദ്ധിക സ്വത്തവകാശ സെല്ലിലെ ഡോക്ടര്‍ സി ആര്‍ എല്‍സിയുടെ നേതൃത്വത്തിലാണ് പ്ലാന്‍റ് ജീനോം അവാര്‍ഡിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇതിനായി കേന്ദ്ര കൃഷി മന്ത്രാലയത്തിനു കീഴിലുള്ള കാര്‍ഷിക വൈവിധ്യങ്ങളുടെയും കര്‍ഷക അവകാശങ്ങളുടെയും സംരക്ഷണ അതോറിറ്റി തായണ്ണന്‍കുടി സന്ദര്‍ശിച്ചു കേന്ദ്ര സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ പുരസ്‌കാരം പ്രഖ്യാപിക്കപ്പെട്ടത്.
“നന്നായി കൃഷി ചെയ്താല്‍ ഞങ്ങളുടെ ആവശ്യം കഴിഞ്ഞാലും കൂടുതല്‍ വിഭവങ്ങള്‍ മിച്ചമുണ്ടാകും. കൃത്യമായ വിപണിയും വിലയും ലഭിച്ചാല്‍ ധാരാളം കര്‍ഷകര്‍ വീണ്ടും കൃഷിയില്‍ സജീവമാകാന്‍ തയാറാണെന്നറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ പുനര്‍ജീവനം പദ്ധതിയിലൂടെ ലഭിച്ച വിത്തുകള്‍ മറ്റു കുടികളിലുള്ളവര്‍ക്കു കൂടി നല്‍കി അവിടെയും കാര്‍ഷിക സംസ്‌കാരം പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍,”ചന്ദ്രന്‍കാണി പറയുന്നു.
“പുനര്‍ജീവനം എന്നത് വിത്തുകളുടെ കണ്ടെത്തല്‍ മാത്രമല്ല മറിച്ച് അതൊരു തുടര്‍ച്ചയാകാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. പുനര്‍ജീവനം എന്നപേരില്‍ ഒരു ഇക്കോഡെവലപ്മെന്‍റ് കമ്മിറ്റി രൂപീകരിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ഞങ്ങളിപ്പോള്‍. ഓരോ ആദിവാസി കോളനിയില്‍ നിന്നുമുള്ള ആക്ടീവായ പത്തുവീതം കര്‍ഷകരെ ഉള്‍പ്പെടുത്തിയായിരിക്കും ഇഡിസി രൂപീകരിക്കുക. ഇഡിസിയിലൂടെ പുനര്‍ജീവനം പദ്ധതി പ്രകാരം ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയും മികച്ച വിലയും ഉറപ്പുവരുത്താനാവും,” എന്ന് പി എം പ്രഭു.
ഫോട്ടോ: ഷിനോജ് കുമാര്‍, പി എം പ്രഭു.
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.